രോഗികളെ ഒറ്റപ്പെടുത്തരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വിശ്വരോഗീദിനം
രോഗികളെ ഒറ്റപ്പെടുത്തരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

ഒരു ഡോക്ടറായതുകൊണ്ട് ലൂര്‍ദിലെ അത്ഭുതരോഗശാന്തി വളരെ താല്പര്യത്തോടെ വീക്ഷിച്ചിരുന്നതിനാല്‍ ഫെബ്രുവരി പതിനൊന്ന് മനസ്സില്‍ നിന്ന് വിട്ടുപോകാറില്ല. അര്‍ധവിശ്വാസത്തിന്റെ ഈ ലോകത്തില്‍ വിശ്വാസമുറപ്പിച്ചു നില്‍ക്കാന്‍ സഹായകരമാണ് സാക്ഷ്യപ്പെടുത്തപ്പെട്ട രോഗശാന്തികള്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 32 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അശരണരും അസംഘടിതരുമായ രോഗീസമൂഹത്തിന്റെ ശ്രദ്ധ ഐക്യരാഷ്ട്ര സംഘടനയടക്കം ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ വിശ്വരോഗീദിനം പ്രഖ്യാപിച്ചത്. ഇത് രോഗികള്‍ക്കു മാത്രമല്ല സര്‍വ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുനരര്‍പ്പണത്തിന്റെ ഊര്‍ജം പകര്‍ന്നു.

ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും, ആത്മീയവുമായ സുസ്ഥിതിയാണ്. ഒരു വീട്ടില്‍ ഒരു രോഗിയോ, നിത്യരോഗിയോ ഉണ്ടെന്നിരിക്കെ ആ കുടുംബത്തിന്റെ സഹായം മാത്രമല്ല, സമൂഹത്തിന്റെ കൈത്താങ്ങും ആവശ്യമായി വരും. ഇതിന് ആത്മീയനേതാക്കള്‍ അവരെ ഒരുക്കേണ്ടത് അജപാലന അനിവാര്യതയാണ്. നല്ല നിലവാരമുള്ള ആതുരാലയങ്ങള്‍ കൊണ്ടു മാത്രം നമുക്ക് സംതൃപ്തരാകാന്‍ മതിയാകില്ല. നല്ല സമരിയാക്കാരനെപ്പോലെ ഇറങ്ങിച്ചെന്ന് സഹായം നല്കുന്നതും രോഗിയെ സ്വന്തം പോലെ കരുതുന്നതും (own) രോഗീദിന അനുബന്ധ ചിന്തകളാണ്.

ഇന്ന് എല്ലാം വ്യാവസായികമായി നോക്കിക്കാണുമ്പോള്‍ ഈ ശുശ്രൂഷയും (ministry) ഒരു വ്യവസായമായി (industry) മാറിപ്പോകാതെ നോക്കണം. മരുന്നു വിപണനത്തില്‍ മാത്രമല്ല, രോഗീബന്ധങ്ങളിലും ഈ പ്രവണത കടന്നുവരുന്നുണ്ടോ എന്ന് സംശയമുണ്ട്. നിസ്സഹായരുടെ മുമ്പിലാണല്ലൊ വ്യവസായം പച്ചപിടിക്കുക. പിന്നെ രോഗീപക്ഷം ചേരാന്‍ രാഷ്ട്രീയ സമൂഹം പോലെ ഒന്നും ഇല്ലതന്നെ. അതുകൊണ്ടാണ് രോഗികളെ ഒറ്റപ്പെടുത്തരുതെന്ന് ഫ്രാന്‍സിസ് പാപ്പ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത്. പാപ്പയും ഇപ്പോള്‍ രോഗീസമൂഹത്തിലെ അംഗമാണല്ലൊ.

രോഗികളുടെ മാനസീകാവസ്ഥ പരിഗണിക്കാതെയുള്ള ചികിത്സ വിപരീതഫലം ചെയ്യും. അവരുടെ മാനസീകാവസ്ഥ പഠിക്കാനുള്ള ക്ഷമയും വിനയവും രോഗീശുശ്രൂഷകര്‍ക്കുണ്ടാകണം. തിടുക്കം ഒട്ടും സഹായകരമല്ല. ചില ഡോക്ടര്‍മാര്‍ പല ആസ്പത്രികളിലെ രോഗികളെ ചികിത്സിക്കുമ്പോള്‍ ഈ പാകപിഴ സംഭവിക്കാറുണ്ട്. പ്രാര്‍ത്ഥനാപൂര്‍വമായ ചികിത്സ രോഗിക്ക് ശാരീരികവും മാനസികവുമായ ആശ്വാസവും പ്രതീക്ഷയും ലഭിക്കുന്നു.

എല്ലാ ആതുരാലയങ്ങളിലും ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വ്യാപകമാക്കണം. പക്ഷെ, ഇക്കാര്യത്തില്‍ സാധാരണക്കാര്‍ക്ക് പരിജ്ഞാനം കുറവാകയാല്‍ ഇടവകതലത്തിലെ അജപാലന പരിപാടിയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉള്‍പ്പെടുത്തണം. കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആവശ്യമുണ്ടെങ്കില്‍ ഇടവകാംഗങ്ങളില്‍ നിന്ന് ചെറുസംഘങ്ങളെ തയ്യാറാക്കണം. ഇടവകതോറും പേഷ്യന്റ് ഫണ്ട്, തിരുനാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ നിന്ന് കണ്ടെത്തണം. വിവാഹം, ആദ്യകുര്‍ബാന സ്വീകരണം എന്നിവയില്‍ അവരുടെ സഹകരണത്തോടെ ഫണ്ട് ശേഖരണം നടത്താം.

നോമ്പും വലിയ ആഴ്ചയുമൊക്കെ കുരിശിലെ രോഗിയായ ന.കര്‍ത്താവിനെ അനുസ്മരിക്കുന്ന ദിവസങ്ങളില്‍ ഇത്തരം ഫണ്ടു ശേഖരണത്തിനുള്ള അനുയോജ്യമായ സമയമാണ്. ആശുപത്രികള്‍ ചില സവിശേഷ ദിവസങ്ങളില്‍ ഡയാലിസിസ് തുടങ്ങിയ ചെലവേറിയ ചികിത്സകള്‍ ഇപ്പോള്‍ത്തന്നെ സൗജന്യമാക്കുന്നുണ്ട്. ചില അക്രൈസ്തവര്‍ നടത്തുന്ന പാലിയേറ്റീവ് ചികിത്സയില്‍ ഡയാലിസിസ്, കരള്‍ മാറ്റിവയ്ക്കല്‍ എന്നിവ തീര്‍ത്തും സൗജന്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഏത് നിര്‍ധനനും പ്രതീക്ഷയോടെ കയറിചെല്ലാവുന്ന സത്രങ്ങളായി നമ്മുടെ ആശുപത്രികള്‍ മാറിയിരുന്നെങ്കില്‍!

മുന്‍വര്‍ഷങ്ങളില്‍ എഴുതിയിരുന്നതുപോലുള്ള ഒരു കുറിപ്പല്ല ഈ ലേഖനം. രോഗിയായി ആശുപത്രി കിടക്കയ്ക്കരികിലുള്ള ഒരു കസേരയിലിരുന്ന് ഇതേക്കുറിച്ച് എഴുതുമ്പോള്‍ ഒരു ലേഖനത്തേക്കാള്‍ ഇതൊരു പ്രാര്‍ത്ഥനയാകുന്നു. രോഗികള്‍ക്കും രോഗീശുശ്രൂഷകര്‍ക്കുമുള്ള ഉള്ളില്‍ത്തട്ടിയ പ്രാര്‍ത്ഥന. 'ഇന്ന് ഞാന്‍ നാളെ നീ' എന്നത് മരണത്തെക്കുറിച്ച് എന്നതിനേക്കാള്‍ രോഗത്തിനും ബാധകമാണ്; പ്രത്യേകിച്ച് കോവിഡാനന്തര ഈ കാലഘട്ടത്തില്‍. കോവിഡിനേക്കാള്‍ മരണം (mortality) അധികമില്ലെങ്കിലും രോഗബാധിതരുടെ (morbidity) എണ്ണത്തില്‍ വന്‍വര്‍ധനവുണ്ട്. പഞ്ചക്ഷത ധാരിയായ യേശു എല്ലാ രോഗികള്‍ക്കും സമീപസ്ഥനാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org