കേരളം ഒരു തീറ്റാലയമോ?

കേരളം ഒരു തീറ്റാലയമോ?
ഇന്നു ഭൂമിയില്‍ എട്ടിലൊരാള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല എന്നത് വൈറലൊന്നുമല്ല; റിയല്‍ തന്നെയാണ്. 20 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ കൊല്ലംതോറും വേണ്ടത്ര ആഹാരമില്ലാതെ മരിച്ചുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം - അതിന്റെ ഏറ്റവും ഭീകരതയും, ദയനീയതയും തൊടുത്തുകൊണ്ടിരിക്കുന്നത് ആഫ്രിക്കന്‍ മേഖലകളിലാണ്.

എന്നു മുതല്‍ക്കാണാവോ കേരളീയര്‍ വല്ലാത്തൊരു തീറ്റ തുടങ്ങിയത്? കോവിഡിനു മുമ്പോ പിന്‍പോ? കോവിഡിനു മുമ്പേ തുടങ്ങിയ തീറ്റഭ്രമം കോവിഡിനിടയില്‍ എന്തെന്നില്ലാത്ത പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും മെല്ലെ മല്ലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിലൂടെ തീറ്റ കെങ്കേമമാക്കി. രോഗപ്രതിരോധ ശക്തിയുടെ ലേബലില്‍ കാശില്ലാത്തവന്റെ കാര്യം ഇത്തിരി കഷ്ടമായിരുന്നെങ്കിലും. പക്ഷേ, കോവിഡാനന്തര കേരളമോ... തീറ്റയെ അത്യന്താപേക്ഷിതമാക്കി. ഗ്രാമ്യതകളിലും പട്ടണങ്ങളിലുമൊക്കെ അവിടെയും ഇവിടെയുമൊക്കെയായി ചെറുതും വലുതുമായ ഭക്ഷണശാലകള്‍ ഉയരുകയായി. മാംസഭക്ഷണങ്ങളുടെ മണവും രുചിയും ആവേശഭരിതമായി. സമയത്തിനും സമയം തെറ്റിച്ചുമൊക്കെ കൈനിറച്ചും, വായ് നിറച്ചും, വയറു നിറച്ചുമൊക്കെ ആഹരിക്കലായി. സമീകൃതാഹാരം എന്ന ആരോഗ്യമുദ്രാവാക്യം കാറ്റില്‍ പറത്തിക്കൊണ്ട്.

ആഗോളവല്‍ക്കരണത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ ലോകംതന്നെ ആകെ തകിടം മറിഞ്ഞല്ലോ. ഒരു മൊബൈല്‍ ഫോണിന്റെ നി ഗൂഢസംത്രാസത്തില്‍പ്പെട്ട് മലയാളിയുടെ ഇന്നലെകളിലെ തനതു ഭക്ഷണരീതി എവിടേക്കാണാവോ പോയി മറഞ്ഞത്? അന്നത്തെ നിസ്സാരഭക്ഷണമായ കഞ്ഞിയും ചോറും പരിപ്പും പയറും കപ്പയും ചേനയും ചേമ്പും - എന്തിനധികം കഞ്ഞിവെള്ളവും വിശപ്പിനും ദഹനത്തിനുമൊക്കെ ഉതകുന്നതായിരുന്നു. ഇത്തിരി മീന്‍ചാറു കൂടി ഉണ്ടെങ്കില്‍ കുശാല്‍. ആഹാരത്തോട് ഒട്ടും തന്നെ വെറി ഉണ്ടാകാതിരുന്ന കാലം. ഇന്ന് ആ നാളുകളിലേക്ക് ഒന്നു ഓടിയിറങ്ങിയാലോ? എന്തൊരു ഗൃഹാതുരത്വത്തിന്റെ സ്വപ്നഡാലിയകള്‍ പൂത്തുല്ലസിക്കുന്നു? പള്ളിക്കൂടത്തില്‍ പോകും വഴി പറിച്ചുതിന്ന ചാമ്പക്കയും മാങ്ങയും കാട്ടുപഴത്തിന്റെ മധുരച്ചവര്‍പ്പും തീര്‍ന്നില്ലല്ലോ. കാവ്യവരികളില്‍ നിന്നും ഇറ്റിറ്റുവീണ ''പുസ്തകസഞ്ചിയില്‍ കൊച്ചുനെല്ലിക്കയും പച്ചപ്പുളിയും ഒളിച്ചുവച്ചും, ആരോടുമില്ല വഴക്കൊന്നും, പുഞ്ചിരിച്ചാരോടും കൂടി നടന്നകാലം.''

അന്ന വിചാരം മുന്ന വിചാരം എന്ന ആപ്തവാക്യം സ്വന്തം ജീവന്റേയും, ജീവിതത്തിന്റേയും നി ലനില്പിനു പ്രഥമവും പ്രധാനവുമായ ഭക്ഷണത്തെക്കുറിച്ചായിരുന്നല്ലോ. ഭക്ഷണം കഴിഞ്ഞിട്ടു ബാക്കിക്കാര്യം. ആവശ്യത്തിനു മാത്രം എന്നാക്കിയാലും പോരായ്കയില്ല. ശരീരം എന്ന ആസക്തിക്ക് അനാവശ്യത്തിനു ഭക്ഷിക്കാതിരിക്കുക എന്ന ലളിത സമദര്‍ശനം ഓര്‍ക്കേണ്ടിയിരിക്കുന്നു. ആരോഗ്യം എന്നത്രയാക്ഷരിയുടെ സുസ്ഥിതി എന്തെന്നറിയാതെ വാരിവലിച്ചുള്ള തീറ്റപ്രിയതയ്ക്കു പിന്നാലെ ഡോക്ടര്‍മാര്‍ പറയേണ്ടിവരും എന്തൊക്കെ തിന്നണമെന്ന്. രോഗത്തിനും രോഗം വരാതിരിക്കാനും ഭക്ഷണം തന്നെ എന്നത് അനുഭവങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്.

ആഘോഷങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും പിറകോട്ടു പോകാത്ത മലയാളികള്‍ ആഹാരത്തെ അവയില്‍പ്പെടുത്തിയാലോ? ഭക്ഷണത്തെ വച്ച് ആഘോഷിച്ചു ഭ്രമിക്കണ്ട എന്നത് ഒരു മുന്നറിയിപ്പു തന്നെയാണ്.

ആഹാരനീഹാരാദികള്‍ക്കുവേണ്ടിയുള്ള വെറിയും കൊതിയുമൊക്കെ, അതിന്റേതായ സാംസ്‌കാരികതലം തകര്‍ക്കുകയാണല്ലോ എന്ന് ആരെങ്കിലുമായി ഒന്നു ചിന്തിച്ചു പോയാലോ, അവര്‍ ഒറ്റയ്ക്കിരുന്നു വ്രണപ്പെടേണ്ടി വരും. പഴഞ്ചന്മാരാകും. നാടോടുമ്പോള്‍ നടുവെ ഓടാനറിയാത്ത പാവങ്ങള്‍. ഒന്നോര്‍ക്കുക, നാടോടിയപ്പോള്‍ നടുവെ ഓടാതിരുന്നവരാണ്, ആ ഒറ്റയാന്മാരാണ് ലോകത്തെ ഇങ്ങനെയെങ്കിലും വെളിച്ചമുള്ളവരാക്കിയത്.

അസന്തുലിതമായിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍, നാല്പതിനായിരം ചതുരശ്ര കിലോമീറ്ററില്‍ സ്പന്ദിക്കുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ ഇന്നത്തെ പരക്കം പാച്ചിലുകളില്‍ തീറ്റ സാധ്യതകളെ എങ്ങനെയൊക്കെ ഉപയോഗിക്കാമോ അങ്ങനെയൊക്കെ ഉപയോഗിക്കുകയാണ്. തൃപ്തി എന്ന സാമാന്യത അതിരുചിയിലും, വയറുനിറയലിലും ഏമ്പക്കങ്ങൡുമൊക്കെയായി തത്രപ്പെടുമ്പോള്‍ കാലൊച്ച കേള്‍പ്പിക്കാതെ പിന്നാലെ പതുങ്ങിപ്പതുങ്ങിയെത്തുന്നുണ്ട് രോഗനിരകള്‍. എന്തൊക്കെ രോഗങ്ങളാണെന്ന് അക്കമിട്ടു പറയുകയേ വേണ്ട. പ്രമേഹാര്‍ബുദ പ്രഷര്‍ കൊളസ്ട്രാള്‍ വൃക്ക ഹൃദ്രോഗാദികള്‍.. സ്റ്റ്രോക്കുകള്‍...

വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ശുചിത്വത്തിലും സ്വയസൗന്ദര്യധാരണയിലുമൊക്കെ അഭിമാനപ്പൊക്കങ്ങളില്‍ ആകാശം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു കേരളം രോഗാലയമായതല്ല, ആക്കിയതാണ്. ആശുപത്രി വരാന്തകളിലും കോടതി വളപ്പുകളിലും ജനം തിങ്ങിക്കൂടുന്നത് കേരളത്തിന്റെ വികസനമെന്നു പറഞ്ഞ ഏതോ ഒരു രാഷ്ട്രീയ ബുദ്ധി കെങ്കേമനെ ഒന്നു പൂവിട്ടു പൂജിച്ചാലോ? എല്ലാ വികസന വിരുദ്ധതകളും പാവം ഭൂമിയുടെ നെഞ്ചിലാണല്ലോ ആഞ്ഞുവീണിട്ടുള്ളത്.

കേരളത്തിന്റെ ജാതിമതഭേദങ്ങളുടെ അധികപ്പറ്റുകളും, അക്രമങ്ങളും, മനുഷ്യത്വഹീനതകളും കണ്ടുമടുത്തിട്ടാണല്ലോ, വംഗദേശത്തുനിന്നുവന്ന ആ കാവിവേഷധാരി പറഞ്ഞുവച്ചതും ഒച്ചവച്ചതും-കേരളം ഒരു ഭ്രാന്താലയമെന്ന്. പ്രവചനാത്മകമായ ആ അക്ഷരസഞ്ചാരങ്ങള്‍ ഇന്നും എത്രയോ വാസ്തവം. അതാ ആരുമാരും പ്രത്യേകം പറയാതെ പറഞ്ഞുപോകുന്നുവോ കേരളം ഒരു തീറ്റാലയ മെന്ന്. അങ്ങുമിങ്ങുമൊക്കെ നോക്കിയാല്‍ അതൊരു സത്യമല്ലേ?

അന്ന്, ടെക്‌നോളജി അതിന്റെ വകതിരിവുകേട് കാണിക്കാതിരുന്ന ഒരു നാളില്‍ രാഷ്ട്രീയാചാര്യനായ ഇ.എം.എസും, ആദ്ധ്യാത്മിക ചേതസ്സായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും കണ്ടുമുട്ടിയ ആ സന്ദര്‍ഭത്തില്‍ നിന്നും...

''പട്ടിണികിടന്നു ഒട്ടേറെ പേര്‍ മരിക്കുന്നുണ്ടല്ലോ തിരുമേനി.''

''പട്ടിണികിടന്നു മരിക്കുന്നതിനേക്കാള്‍ ഏറെപേര്‍ ഒട്ടേറെ തിന്നു മരിക്കുന്നുണ്ട് സഖാവേ...''

മാനവികതയെക്കുറിച്ചുള്ള വിഷമത്തില്‍നിന്നും സഖാവ് മറ്റൊരു ചോദ്യത്തിനു മുനകൂര്‍പ്പിച്ചു.

''പട്ടിണി മാറിക്കിട്ടാന്‍ എന്താണു മാര്‍ഗം അങ്ങുന്നേ?''

''നിസ്സാരം... ഒരു ധാന്യം ആഹരിക്കുന്നവന്‍ മറ്റൊരു ധാന്യം ഉത്പാദിപ്പിക്കണം.''

ഉത്പാദനം തൊട്ടുതീണ്ടാതെ ഉപഭോഗത്തിനു മാത്രമായി കൈ മെയ് മറന്നു അടരാടുന്ന കേരളീയര്‍ക്ക് വരവു സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പണവും തിന്നുകൂട്ടാന്‍ വയറുമുണ്ടല്ലോ... ഈ തീറ്റയ്ക്കപ്പുറം വലിയൊരു പട്ടിണി ലോകം മറന്നുവോ?

ലോകം ഇത്രയേറെ വളര്‍ന്നിട്ടും സാങ്കേതികതയിലൂടെ വിശാലമായിട്ടും ബഹിരാകാശ വാസത്തിലേക്ക് ഗവേഷണം ചാര്‍ട്ടു ചെയ്തിട്ടും പട്ടിണിയില്‍ നിന്നും ചില രാജ്യങ്ങള്‍ വിമോചിതപ്പെടുന്നില്ലല്ലോ എന്ന വിഷമം വല്ലാത്ത കണ്ണീരും ഗദ്ഗദവും നെടുവീര്‍പ്പുമായി ഉരുണ്ടുകൂടുകയാണല്ലോ എന്ന് എവിടെയിരുന്നെങ്കിലും വല്ല മനുഷ്യസ്‌നേഹികളും ചിന്തിച്ചു വിവശതയായാലോ? ഭരണകൂടങ്ങളുടെ തലതൊട്ടപ്പന്മാരും കോര്‍പ്പറേറ്റ് നിഗളിപ്പുകളും ഒന്നു മനസ്സുവച്ചാല്‍ തീരാവുന്നതേയുള്ളൂ പട്ടിണിയുടെ പരക്കംപാച്ചിലുകള്‍. അവര്‍ കൂട്ടിവച്ചിരിക്കുന്ന ധനക്കൂടുകളില്‍ ഒരു നേര്‍ത്ത വിള്ളലുണ്ടാക്കിയാല്‍ മതി. കഷ്ടം! അത്തരം ഒരു വ്യാമോഹം ഏതു ഹ്യൂമനിസ്റ്റിന്റേതാണാവോ? ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഏറുകയാണ്. ധനതത്വശാസ്ത്രത്തിന്റെ കണക്കുകള്‍ ഒച്ചവയ്ക്കുന്നു 2,45,000 ശതകോടീശ്വരന്മാര്‍ ഉണ്ടെന്നും ഇവരുടെ കുടുംബവരുമാനം ഏതാണ്ട് 327 ലക്ഷം കോടിയാണെന്നും. എന്നിട്ടും ടൈഗര്‍ എക്കോണമി എന്നു ഭരണാധിപന്മാര്‍ വാഴ്ത്തിയാഘോഷിക്കുന്ന ഭാരതത്തില്‍ പട്ടിണിപ്പാവങ്ങള്‍ നിസ്സാരമൊന്നുമല്ല. സമ്പത്തു മുഴുവന്‍ എട്ടു ശതമാനത്തോളും വരുന്ന കോടീശ്വരന്മാരുടെ കൈകളിലല്ലേ?

ഇന്നു ഭൂമിയില്‍ എട്ടിലൊരാള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല എന്നത് വൈറലൊന്നുമല്ല. റിയല്‍ തന്നെയാണ്. ഇരുപതു ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ കൊല്ലംതോറും വേണ്ടത്ര ആഹാരമില്ലാതെ മരിച്ചുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം - അതിന്റെ ഏറ്റവും ഭീകരതയും, ദയനീയതയും തൊടുത്തുകൊണ്ടിരിക്കുന്നത് ആഫ്രിക്കന്‍ മേഖലകളിലാണ്. കൊടുംപട്ടിണിയും, വരള്‍ച്ചയും, മരണങ്ങളും പിന്നാലെ ആക്രമണങ്ങളും, രാഷ്ട്രീയാരക്ഷിതത്വങ്ങളുംകൊണ്ട് ഇരുണ്ട ഭൂഖണ്ഢം പിന്നെയും ഇരുണ്ടുകൊണ്ടേയിരിക്കുന്നു.

കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ 1993 മാര്‍ച്ച് 23-ന് തെക്കന്‍ സുഡാനിലെ അയോദ് എന്ന ഗ്രാമ്യതയില്‍വച്ച് കണ്ട ആ പട്ടിണിക്കാഴ്ച ലോകമനഃസാക്ഷിയെ ഞെട്ടിച്ചതല്ലേ? തറയില്‍ കമിഴ്ന്നു കിടന്ന് ഒരു പെണ്‍കുട്ടി വിശപ്പ് സഹിക്കാന്‍ വയ്യാതെ ഭക്ഷണത്തിനായി ഇഴയുകയായിരുന്നു. തൊട്ടപ്പുറം ഒരു കഴുകന്‍ കുഞ്ഞിനെ നോട്ടമിട്ട് പറന്നിറങ്ങി. കെവിന്‍ അത് ഒരു ഫ്രെയിമിലാക്കി. ആ ചിത്രം പുലിറ്റ്‌സര്‍ സമ്മാനം നേടിയെങ്കിലും, വിശന്നുപൊരിഞ്ഞ കുഞ്ഞിനെ രക്ഷിച്ചില്ല എന്ന ക്രൂരകാരണത്താല്‍ ആ മനുഷ്യന്‍ ആത്മഹത്യ ചെയ്തത് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഒരു വികാരമായിരുന്നു.

നിഷ്‌ക്കളങ്കത വിട്ടുതീരാത്ത കുഞ്ഞുങ്ങളെ, അവരുടെ മാതാപിതാക്കള്‍ അമിത വാത്സല്യവും ആനന്ദവും കൊടുക്കുന്നത് ബേക്കറികളിലും, റസ്റ്റോറന്റുകളിലും ഇരുത്തിയിട്ടാണ്. അവര്‍ക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിക്കൊടുത്ത് വയറുനിറക്കുകയാണ്. കൃത്രിമ പാനീയങ്ങളും, ഐസ്‌ക്രീമുകളും ഒക്കെ തീറ്റക്കോളുകളാണ്. ന്റെ മോന്‍... ന്റ മോള്‍... ശരി തന്നെ. കാശില്ലാതിരുന്ന ഇന്നലെകളില്‍ തങ്ങള്‍ക്കു കിട്ടാതിരുന്നതിന്റെ വാശിയും പോരായ്മയും തീര്‍ക്കുന്നത് മക്കള്‍ക്ക് വാങ്ങിക്കൊടുത്ത് തടിമാടന്‍മാരാക്കിയിട്ടാണ്. തിന്നു ശീലിച്ച കുട്ടികള്‍ മെല്ലെ തീറ്റയാശാന്മാര്‍ ആകുന്നതില്‍ അത്ഭുതമൊന്നുമില്ല.

വിശപ്പിന്റെ വിളി അകത്തുനിന്നുമുയരുമ്പോള്‍ സാധാരണയായി മനുഷ്യനു ഭക്ഷണം കഴിക്കണമെന്നു തോന്നും. വയറുനിറയുമ്പോള്‍ മതി എന്നും. ഈ സാധാരണതയ്ക്ക് പുതിയ സയന്‍സൊന്നും പഠിച്ചെടുക്കേണ്ട. അങ്ങനെ വരുമ്പോള്‍ കഴിക്കൂ എന്നു പറയുകയും, കഴിച്ചതു മതി എന്നു പറയാതിരിക്കുകയും ചെയ്താലോ?

ഭക്ഷണം കഴിക്കലും അതിന്റെ നിയന്ത്രണവും തലച്ചോറിലുള്ള ഹൈപോതാലമസിനുള്ളതാണെങ്കിലും, തലച്ചോറിനു പിന്നിലെ നാഡീ വ്യൂഹങ്ങളും, പചന വ്യൂഹങ്ങളും, കഴിക്കുന്ന ആഹാരത്തിന്റെ പ്രത്യേകതയുമൊക്കെ ഉണ്ടുതാനും. പറിച്ചും കടിച്ചും രുചിച്ചും മണത്തുമൊക്കെ പഞ്ചേന്ദ്രിയങ്ങളെ സുഖിപ്പിച്ചുകൊണ്ടുള്ള തീറ്റവാസന വല്ലാത്ത ശരികേടാണെന്നല്ല, തെറ്റുതന്നെ. എട്ടുനിലയിലുള്ള തെറ്റ് എന്നു വിശേഷിപ്പിക്കുന്നതിലും ഒരു തെറ്റുമില്ല.

ജീവിതം ഒരു വല്ലാത്ത സാധ്യതയാണ്. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കുക എന്നതാണ് അത്. ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം. ഭക്ഷണത്തിനുവേണ്ടി മാത്രം ജീവിക്കുക എന്നതല്ല. ഖലുധര്‍മ്മ സാധനം എന്ന ആപ്തതയിലാണല്ലോ ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗി, രണ്ടു നേരം ഭക്ഷിക്കുന്നവന്‍ ഭോഗി, മൂന്നു നേരം ഭക്ഷിക്കുന്നവന്‍ രോഗി എന്നൊക്കെ സ്ഥിരത വന്നിരിക്കുന്നത്. ഒരു നേരം ഭക്ഷിച്ചാല്‍ ജീവിക്കാമോ എന്ന ചോദ്യത്തിന്റെ ലളിതോത്തരം ഭക്ഷണീകരണത്തിന്റെ ക്രമീകരണത്തെ ബോധ്യപ്പെടുത്തുന്നു. അമിതഭക്ഷണം ആപത്തുതന്നെ.

തീറ്റയുടെയും കുടിയുടെയും ഭ്രമണകാലം ചെറുപ്പങ്ങള്‍ക്ക് ലഹരിയുടെയും കാലമാണല്ലോ, ബര്‍ത്ത് ഡേയും, കല്ല്യാണവും, മരണാനന്തര ചടങ്ങുകളുമൊക്കെ ഇന്ന് ആഘോഷമായിരിക്കുന്നത് അമിത രുചികളുടെയും അമിത തീറ്റകളുടെയും കേന്ദ്രീകൃതമായിട്ടാണ്. നീ എന്തു ചിന്തിക്കുന്നുവോ അതാണ് നീ... നീ എന്തു ഭക്ഷിക്കുന്നുവോ അതാണ് നീ... ഉളിപ്പല്ലുകളും, അധികം കനത്തതും നീണ്ടതുമായ കുടല്‍മാലയും ഇല്ലാത്ത നരന്‍ ഇങ്ങനെ തിന്നു കൂട്ടിയാലോ? മൃഗസമാനമായ തീറ്റ എന്നൊന്നും പറയാനാവില്ല. മൃഗങ്ങള്‍ക്ക് ഒരു തീറ്റി ശാസ്ത്രമുണ്ട്. അത് അവര്‍ തെറ്റിക്കാറില്ല. അവയെ കണ്ട് മനുഷ്യാ നീ പഠിക്കുക എന്നു മറ്റൊരു പാഠം ഉരുത്തിരിയേണ്ടിയിരിക്കുന്നു. ഈ അമിത ഭക്ഷണം ദേഷ്യവും പുച്ഛവും, അക്രമണവാസനയും ഉണ്ടാക്കുന്നു. മാനസിക ചൈതന്യവും തകര്‍ക്കുന്നു. മനുഷ്യന്റെ ബോധാബോധങ്ങള്‍ക്കിടയിലെ ബാലന്‍സും തകര്‍ക്കുന്നു. ഭക്ഷണത്തിന്റെ പുതുലഹരിയും, കുടിയുടെ സംസ്‌കാരവും പുതിയ പുതിയ ഉടല്‍ മാതൃകകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. കൗമാരം തീരുന്നതിനു മുമ്പേ പാകമെത്താതെ തന്നെ രതിസുഖസാരെ ആടിത്തിമിര്‍ക്കുന്നു. ജീവിതത്തിന്റെ താത്ക്കാലിക കാമനകള്‍ മെല്ലെ അസ്വാസ്ഥ്യങ്ങളും അങ്കലാപ്പുകളിലുമാകുന്നു.

കഴിക്കുന്നതെന്തും വിഷമയമാകുക കൂടി ചെയ്യുമ്പോഴോ? തീറ്റാലയം വിഷാലയം കൂടിയായി. വെളിച്ചെണ്ണയില്‍ പാരഫിന്‍ മെഴുകു ചേര്‍ത്തു വിടുന്നു. ചില പാചകയെണ്ണകളില്‍ ട്രൈംസൈലും ഫോസ്‌ഫേറ്റും, റാന്‍സീസ് ഓയിലുമൊക്കെ ചേര്‍ത്ത് ലാഭമുണ്ടാക്കുമ്പോള്‍, അവയുടെ ഉപയോഗക്കൂടുതല്‍ നാഡീ സംബന്ധമായ എന്തെന്തു രോഗങ്ങളാണു പടച്ചുവിടുന്നത്. പച്ചക്കറികളിലും പഴ വര്‍ഗങ്ങളിലുമൊക്കെ കീടനാശിനുകളും മറ്റും അമിതങ്ങളാണ് 'പഴുത്തും, പിന്നെ പഴുത്തും എത്രതരം പഴങ്ങളാണ് സുന്ദരക്കുട്ടപ്പന്‍മാരായി ഇരിക്കുന്നത്.'

മുളക്, മല്ലി, സാമ്പാര്‍പൊടികളിലും, ചായപ്പൊടികളിലുമൊക്കെ എന്തൊക്കെയാണു ചേര്‍ക്കുന്നത്. ഭക്ഷ്യവിഷബാധ സംഭവിച്ച് അത് വാര്‍ത്താപ്രാധാന്യമായാല്‍ അന്വേഷണങ്ങളായി. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇത്തരം അധാര്‍മ്മികതകളുടെ അരങ്ങേറ്റങ്ങള്‍.

മലിനീകൃതമായ ഒരു ചുറ്റുപാടില്‍ അതിലും മലിനീകൃതമായ ഒരന്തരീക്ഷത്തില്‍ നിര്‍ബന്ധമായും ജീവിക്കേണ്ടി വരുമ്പോള്‍ ആഹാരകാര്യത്തിലെങ്കിലും ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍... വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നു പറയുന്നതിനേക്കാള്‍ ഇക്കാലത്ത് പറയേണ്ടി വരും, ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്ന്. നരന്‍ തൊടുന്നതൊക്കെ അശുദ്ധമാക്കുന്ന വര്‍ത്തമാനകാല സന്ദര്‍ഭങ്ങളില്‍ ആഹാരനീഹാരാദികളെയെങ്കിലും കുറച്ചൊക്കെ ശുദ്ധതപ്പെടുത്തണ്ടേ?

കേരളത്തിന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം 76 ആണെങ്കിലും ദേശീയ ശരാശരി 60 നു തൊട്ടുമേലെയാണ്. പലതരം രോഗങ്ങള്‍ കേരളീയര്‍ക്കുണ്ടെങ്കിലും വിലയേറിയ മരുന്നുകളിലും, പോഷകങ്ങളിലും മയങ്ങി മയങ്ങി ജീവിതം നീക്കിനീക്കി കൊണ്ടുപോവുകയാണ് ഒട്ടേറെപേര്‍. രോഗപീഡിതരായി വിഷമിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരെ കാണാനും അവര്‍ എഴുതുന്നതൊക്കെ വാങ്ങാനും നിവൃത്തിയില്ലാതെ വരുമ്പോഴോ... ജീവിതം ആരോഗ്യത്തിന്റെ ആവര്‍ത്തനമാകേണ്ടതിനു പകരം, ആ രോഗ്യമില്ലായ്മയുടെ ആവര്‍ത്തനമായി തീരുകയാണ്.

തിന്നു തിന്നു തടിമാടന്മാരായ പലരും വേച്ചുവേച്ചു നടക്കുമ്പോള്‍, വയര്‍ കുംഭന്മാരായി ശ്വാസമെടുക്കാന്‍ വിമ്മിട്ടപ്പെടുമ്പോള്‍ ഒന്നോര്‍ക്കേണ്ടിയിരിക്കുന്നു, അത്തരം ദുരവസ്ഥ നമ്മെയും പിടികൂടുമെന്ന്. ഇന്‍സ്റ്റന്റ് കൗതുകങ്ങളില്‍ ആര്‍ത്തലച്ചുവീഴുന്നവര്‍ ഭക്ഷണ കൗതുകങ്ങളില്‍ നിന്നും റിവേഴ്‌സ് ഗിയറിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 'അവേര്‍നസ്' ക്ലാസുകളും 'മോട്ടിവേഷന്‍' ക്ലാസുകളും 'കരിയര്‍ ഗൈഡന്‍സു'കളുമൊക്കെ പുതുതലമുറയെ മത്സരിപ്പിക്കാനും പണമുണ്ടാക്കാനുള്ള കരിയറിലുമൊക്കെ ആവേശം കൊള്ളിച്ച്, പെര്‍ഫക്ഷനിസത്തിന്റെ പ്രതിബദ്ധതയിലേക്ക് ചാടിക്കുമ്പോള്‍, ആഹാരകാര്യത്തില്‍ മിതത്വം പാലിക്കാന്‍ വേണ്ടി വരുന്ന ക്ലാസ്സുകളും കൊടുത്ത്, അതിനുവേണ്ടിയുള്ള ഇന്‍ സ്പിരേഷനും നിലനിറുത്തേണ്ടിയിരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org