മരിച്ച ആത്മാക്കളുടെ വിശുദ്ധീകരണം അനിവാര്യമോ?

വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര
മരിച്ച ആത്മാക്കളുടെ വിശുദ്ധീകരണം അനിവാര്യമോ?

നവംബര്‍ മാസം: മരിച്ച ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി സഭ നീക്കിവെച്ചിരിക്കുന്ന മാസമാണല്ലോ? മരണാനന്തര ജീവിതത്തെക്കുറിച്ചും, മരിച്ച ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെയും കുറിച്ചാണ് വിശ്വാസത്തിന്റെ കണ്ണുകളിലൂടെയുള്ള ഈ വിചിന്തനം.

മരണം അതില്‍ തന്നെ ഒരു അവസാനമല്ലെന്നും, മറിച്ച്, സുന്ദരവും പ്രത്യാശാപൂര്‍ണ്ണവുമായ ക്രിസ്തുവിലുള്ള ഒരു പുനര്‍ജനനവും ആണെന്നുള്ളത് എത്ര പ്രതീക്ഷാനിര്‍ഭരമായ വിശ്വാസവീക്ഷണമാണ് (യോഹ. 11:25 ''ഞാനാണ് പുനഃരുത്ഥാനവും ജീവനും എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും'').

നമ്മുടെ ഗുരുവും നാഥനുമായ ക്രിസ്തു മരണത്തെ നിഷ്പ്രഭമാക്കി ഉയര്‍ത്തെഴുന്നേറ്റു എന്നുള്ളത് ആ വിശ്വാസം അചഞ്ചലമാക്കുന്നു. അതാണ് മരണത്തിനപ്പുറം എന്നേയ്ക്കുമുള്ള ആത്മാക്കളുടെ പുനര്‍ജീവന്റെ പ്രത്യാശ.

ചില മരണത്തോടെ എല്ലാമവസാനിക്കുമെന്നും, ഇഹലോക ജീവിതം മാത്രമേ കരണീയമായിട്ടുള്ളൂ എന്ന പൊതുധാരണയ്ക്കപ്പുറം, മരണശേഷം ന്യായവിധി ഉണ്ടാകുമെന്നും ചെയ്തികളുടെ തെറ്റും ശരിയും നെല്ലും പതിരും പോലെ മാറ്റപ്പെടുമെന്ന വിശ്വാസം ഇഹലോക ജീവിതത്തെ ധാര്‍മ്മികമായി, ദൈവേഷ്ട പ്രകാരം ജീവിക്കാന്‍ വിശ്വാസികള്‍ക്ക് കരുത്തേകുന്നു.

മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന ചില തിരുവചനങ്ങള്‍ ശ്രദ്ധിക്കാം.

1. യേശു അവളോട് പറഞ്ഞു: 'ഞാനാണ് പുനഃരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും' (യോഹ. 11:25-26).

2. 'എന്തുകൊണ്ടെന്നാല്‍ ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്ക് പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തില്‍ വരണം.' (2 കോറി. 5:10)

3. 'ആ ദരിദ്രന്‍ മരിച്ചു. ദൈവ ദൂതന്മാര്‍ അവനെ അബ്രഹാമിന്റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ചു, അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി' (ലൂക്കാ 16:22-23)

4. 'എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുമെന്ന് ഞാന്‍ പറയുമായിരുന്നോ?'' (യോഹ. 14:2).

സഭാഗാത്രത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. വിജയസഭ (സ്വര്‍ഗ്ഗവാസികള്‍), സഹനസഭ (ശുദ്ധീകരണ സ്ഥലവാസികള്‍), പിന്നെ സമരസഭ (ഭൂമിയില്‍ ജീവിക്കുന്നവര്‍). സഹന സഭയില്‍ ഉള്ളവര്‍ സ്വതവേ പ്രാര്‍ത്ഥിക്കുവാന്‍ പ്രാപ്തരല്ല. ദൈവകൃപയിലൂടെ പാപ മോചിതരായവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗീയവാസം അനുഭവിക്കുവാന്‍ കഴിയൂ. കാരണം, അശുദ്ധമായ തൊന്നിനും പരമ പരിശുദ്ധനായ ദൈവസന്നിധിയില്‍ പ്രവേശനമില്ല (വെളി. 27:28). ലൗകീക ജീവിതത്തില്‍ വന്നു ഭവിച്ച തെറ്റുകള്‍ക്ക് പാപമോചനം യാചിക്കുന്നവര്‍ക്ക് ദയാപരനായ ദൈവം കൃപ നല്‍കുന്നു. കൃപ കിട്ടിയ ആത്മാക്കള്‍ക്ക് സഹനജീവിതം കാഠിന്യം കുറഞ്ഞതാകുന്നു.

സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ ആത്മാക്കളുടെ വിമലീകരണം നടക്കുന്നയിടമാണ് ശുദ്ധീകരണസ്ഥലം. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാവ് ദൈവത്തില്‍ ഒന്നാകുവാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. ശുദ്ധമാക്കപ്പെടുന്നതുവരെ ഈ ആഗ്രഹം അസാധ്യമായതിനാല്‍ അത്തരം ആത്മാക്കള്‍ കഠിനവേദന അനുഭവിക്കുന്നു.

'ദയ തോന്നണമേ, നിങ്ങളെങ്കിലും എന്നോട് ദയ കാട്ടണമേ എന്റെ പ്രിയ സ്‌നേഹിതരെ. എന്തെന്നാല്‍ ദൈവത്തിന്റെ അത്ഭുതകരമായ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു.' ഇതാണ് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പ്രാര്‍ത്ഥന. (കടപ്പാട്: Souls In Purgatory - Fr. Paul O. Sallivan O P).

കത്തോലിക്ക വേദോപദേശം (CCC - Catechism of Catholic Church) Part 1, Section 2, [Chapter 3 - Article 12) മരണാനന്തര ജീവിതത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഖണ്ഡശ പരാമര്‍ശിക്കുന്നു.

Para:1020 ക്രിസ്തുവില്‍ മരിക്കുന്നവന്‍ അനശ്വരമായ ജീവനിലേക്ക് പ്രവേശിക്കുന്നു.

Para:1021 ക്രിസ്തുവിന്റെ രണ്ടാം വരവില്‍ ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തിക്കനുസൃതമായി വിധിക്കപ്പെടും.

Para:1023/24 ദൈവത്തിന്റെ കൃപയിലും സ്‌നേഹത്തിലും മരിക്കുന്നവര്‍ ശുദ്ധീകരണശേഷം ക്രിസ്തുവില്‍ എന്നന്നേക്കുമായി ജീവിക്കുന്നു. അവര്‍ പരിശുദ്ധാത്മാവിലും അമ്മ മറിയത്തോടും മാലാഖമാരോടും കൂടെ സ്വര്‍ഗ്ഗത്തില്‍ വാഴുന്നു.

Para:1038 മരിച്ചവര്‍ ഇപ്രകാരം ക്രിസ്തുവിന്റെ രണ്ടാം വരവില്‍ ഉയര്‍പ്പിക്കപ്പെടും. നന്മ ചെയ്തവര്‍ ജീവനിലേക്കും തിന്മ ചെയ്തവര്‍ വിധിയുടെ ഉയര്‍പ്പിനുമായി.

Para:1053 പരിശുദ്ധ അമ്മയോടും യേശുവിനോടും കൂടെ സ്വര്‍ഗ്ഗത്തില്‍ ഒന്നായിരിക്കുന്ന വര്‍ ദൈവദര്‍ശനത്തിന് യോഗ്യതയുള്ളവരായി മാറുന്നു.

നമ്മുടെ വിശ്വാസപ്രകാരം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള പ്രബോധനം സഭയുടെ ആദ്ധ്യാത്മിക പഠനത്തില്‍പ്പെട്ട (Dogma) സത്യമാണ്. ഈ പ്രബോധനം പാരമ്പര്യവും, സഭ തെറ്റാവരത്തോടും കൂടി പഠിപ്പിക്കുന്നതുമാണ്. അതുകൊണ്ട് ശുദ്ധീകരണ സ്ഥലം ഉണ്ടോ ഇല്ലയോ എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം സംശയത്തിന് ഇടം നല്‍കുന്നില്ല.

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു, തങ്ങള്‍ക്കായി ഒന്നും നേടാന്‍ ശുദ്ധീകരണാത്മാക്കള്‍ക്ക് കഴിവില്ലെങ്കിലും, നമ്മള്‍ക്കായി ദൈവസന്നിധിയില്‍നിന്ന് വലിയ വരപ്രസാദങ്ങള്‍ നേടിത്തരാന്‍ അവര്‍ക്ക് കഴിവുണ്ട്. നമ്മെ എല്ലാവിധ അപകടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷിക്കുവാനും അവര്‍ക്ക് കഴിയും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org