”കുതിരശക്തിക്ക് അപഭ്രംശമോ?!”

”കുതിരശക്തിക്ക് അപഭ്രംശമോ?!”

റ്റോം ജോസ് തഴുവംകുന്ന്

റ്റോം ജോസ് തഴുവംകുന്ന്
റ്റോം ജോസ് തഴുവംകുന്ന്

ആശകളും വിശ്വാസങ്ങളും നല്ല തഴക്കങ്ങളും സൃഷ്ടിക്കേണ്ട കാലഘട്ടമാണ് യൗവനം. എന്നാലല്ലേ ലോകത്തിന്റെ ഭാവി ശോഭനമാകുകയുള്ളൂ. ശക്തിയുടേയും തേജസ്സിന്റേയും ഓജസ്സിന്റെയും ഒരു 'കുതിരശക്തി'യെന്ന് വിശേഷിപ്പിക്കാവുന്ന യുവത്വത്തിന് ഇന്ന് വഴിതെറ്റുകയാണോ? അഥവാ തന്റെ കഴിവ് തിരിച്ചറിയപ്പെടാനാകാതെ എന്തിന്റെയൊക്കെയോ പിന്നാലെ ഓടുകയാണോ? മോഹങ്ങള്‍ ഏറെയാണ് സ്വപ്നങ്ങള്‍ അതിലേറെയാണ് മത്സരബുദ്ധിയും ഒന്നാമതെത്തുവാനുള്ള അഭിവാഞ്ചയും അനിര്‍വ്വചനീയമാണുതാനും! രാജ്യത്തിന്റെ ഭാവി നിലകൊള്ളുന്നത് ഇന്നത്തെ യുവാക്കളിലാണെന്നത് ഏവര്‍ക്കുമറിയാം. ഒന്നിച്ചാകാനും ഒന്നിച്ചു മുന്നേറാനും കഴിയുന്ന ഒരുമയുടെ ശക്തി യുവാക്കള്‍ക്ക് കൈമോശം വന്നുവോ? രാഷ്ട്രീയത്തിന്റ അതിപ്രസരവും പണമുണ്ടാക്കാനുള്ള വഴിവിട്ട സഞ്ചാരവും ലഹരി ഉപയോഗത്തിന്റെ മാസ്മരികതയും യുവത്വത്തിന്റെ താളം തെറ്റിക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാത്തവിധം തെറ്റുകളില്‍ ചെന്നുപെടുന്ന യുവജനങ്ങളുടെ എണ്ണം പെരുകുന്നതായി ആധുനിക വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നന്മയില്‍ വളര്‍ത്താനും വളരാനും നല്ലവരായി ജീവിക്കുവാനും കഴിയുന്നതിന്റെ മേന്മ ഇന്ന് ചര്‍ച്ച ചെയ്യുന്നില്ല. യുവജനതയെക്കുറിച്ച് ആശങ്കയോടെ ചിന്തിക്കേണ്ടതും പരിഹാരം തേടേണ്ടതുമായ കാലമാണിന്ന്.

കുടുംബം: സ്വഭാവത്തിന്റെ ഉരകല്ലാണ് നമ്മുടെ കുടുംബം. അതായത് രാഷ്ട്രത്തിന്റെ ഭാവിപോലും നിര്‍ണ്ണയിക്കാന്‍ പര്യാപ്തമായതാണ് കുടുംബമെന്ന 'സര്‍വ്വകലാശാല!!' ദൈവം യോജിപ്പിക്കുന്നതും ദൈവത്തോട് യോജിച്ചു പോകേണ്ടതുമാണ് കുടുംബമെന്ന യാഥാര്‍ത്ഥ്യം; കുടുംബത്തു വിളങ്ങാത്തതും വിളയാത്തതുമായതൊന്നും സമൂഹത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. കാലമെത്ര പുരോഗമിച്ചാലും ശാസ്ത്രമെത്ര വളര്‍ന്നാലും ബന്ധങ്ങളുടെ ഈറ്റില്ലമായ കുടുംബപശ്ചാത്തലം ഭാവിയുടെ പണിപ്പുരതെന്നയെന്ന് തിരിച്ചറിയണം. അച്ചടക്കം, അനുസരണം, ആത്മാര്‍ത്ഥത, കൂട്ടുത്തരവാദിത്തം, സത്യസന്ധത, ദയ, കരുണ, പങ്കുവയ്ക്കല്‍ സര്‍വ്വോപരി മനുഷ്യത്വമെന്ന അനിവാര്യത എല്ലാം കുടുംബത്തിന്റെ 'സിലബസ്സില്‍'െപ്പടുന്നതാണ്. 'പാഠ്യപദ്ധതി'യുടെ മുഖ്യഭാഗവും നന്മയില്‍ വളരുന്നതിനെക്കുറിച്ചു മാത്രമാകുന്നത് കുടുംബത്തിനു മാത്രം സ്വന്തമാണ്. വ്യക്തിത്വ വികാസം അര്‍ത്ഥസമ്പൂര്‍ണത നേടുന്നത് കുടുംബത്തില്‍ നിന്നാണ്. മാതൃക തേടുന്ന ആധുനിക മനുഷ്യര്‍ക്ക് വിശിഷ്യ യുവാക്കള്‍ക്ക് കുടുംബ പശ്ചാത്തലം എല്ലാത്തിനും യോജിക്കുന്ന പാഠപുസ്തകമാണ്. കുടുംബം എല്ലാത്തിനുമുള്ള ആത്മവിശ്വാസവും മനോ ധൈര്യവും പകരുന്നതാകണം. ചുറ്റുവട്ടം നോക്കി നമ്മിലേക്കു നോക്കാതെ നമ്മെ നോക്കി മറ്റുള്ളവര്‍ വളരുന്നതിലേക്ക് നമ്മുടെ കുടുംബത്തെ ചിട്ടപ്പെടുത്തേണ്ടതിന്റെ അനിവാര്യത ആധുനിക നാളുകളില്‍ ഏറി വരുകയാണ്. സ്വഭാവരൂപീകരണമാണ് ആധുനിക അപചയത്തിനു പരിഹാരമെന്നറിഞ്ഞ് കുടുംബം വേരുറയ്ക്കണം. ഉറപ്പില്ലാത്ത കുടുംബ പശ്ചാത്തലം ഭാവിയുടെ ബലക്ഷയത്തിന് കാരണമാണ്; ഒപ്പം വിവാഹമെന്നതിന്റെ വിശുദ്ധിയിലെ മൊഴിമാറ്റവും വഴിമാറ്റവും നിയമതര്‍ക്കങ്ങളുമൊക്കെ കുടുംബത്തിന്റെ ഇമ്പത്തെയും ഭാവിയുടെ നന്മയെയും തകര്‍ക്കുന്നില്ലേയെന്നും സംശയിക്കണം. 'അടിച്ചുപൊളി' അരങ്ങു വാഴുന്നിടത്തു നിന്നും ജീവിതത്തെ അറിഞ്ഞും കേട്ടും അനുഭവിച്ചും വളരുന്നതിലേക്ക് കുടുംബത്തില്‍ ബോധനമാകണം. സഹനമെന്നതിന് സായൂജ്യം എന്നൊരു 'ഓപ്ഷനും' കണ്ടെത്താന്‍ മക്കളെ പഠിപ്പിക്കണം. ജീവിതമറിഞ്ഞ് വളരാനുള്ള പാഠങ്ങള്‍ കുടുംബത്തില്‍ നിന്നുമുണ്ടാകണം. കാര്‍ക്കശ്യത്തോടെ ദൈവീകവഴിയില്‍ നടക്കാന്‍ ധൈര്യം നല്കണം. വിജയപരാജയങ്ങള്‍ സാമ്പത്തിക ബന്ധിയല്ലെന്നു പഠിപ്പിക്കണം. പ്രതിഭകളെ നാടിനാവശ്യമുണ്ട്, ഏതു മേഖലയിലാണ് പ്രതിഭയാകാന്‍ കഴിയുന്നതെന്നും പഠിക്കണം. പഠിപ്പിക്കണം.

വിദ്യാഭ്യാസം: വിദ്യാഭ്യാസത്തിന് മുഖ്യധാരയും മുഖ്യലക്ഷ്യവും ഉണ്ടാകണം. മനുഷ്യരെ മനുഷ്യരാക്കുന്നതു മറയ്ക്കാത്തവിജ്ഞാനദാഹവും തൊഴില്‍ തേടലും മതി. പഠനവും പണവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന് നാളെയുടെ മക്കളെ പഠിപ്പിക്കരുത്. പഠനത്തിന്റെ മുഖ്യചര്‍ച്ചാവിഷയം പണമായാല്‍ ലക്ഷ്യമെന്നതും 'പണം' എന്ന വികാരത്തില്‍ ഒതുങ്ങും. "മുടക്കു മുതല്‍ കൂടുമ്പോള്‍ തിരിച്ചടവിലായിരിക്കും കണ്ണ്" എന്നു മറക്കരുത്. പഠനമെത്ര ഗ്രേഡുള്ളതായാലും യുവജനതയുടെ പ്രവര്‍ത്തനം നാടിന്റെ വഴി തെറ്റിക്കലിന് ഇടയാക്കരുത്. യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ കേട്ട് സമൂഹം 'ഞെട്ടുന്ന'തിലേയ്ക്ക് യുവജനതയെ വഴിവിട്ട സഞ്ചാരത്തിലേയ്ക്ക് കൈവിടരുത്. പക്ഷിക്കൂടുകളുടെ സംതൃപ്തിയും സമാധാനവും വിദ്യാലയത്തിന്റെ അകത്തളങ്ങളില്‍ സംസാരമാകണം. എങ്ങനെയും പണക്കാരനോ കോടീശ്വരനോ ആയാലേ ഇന്നത്തെക്കാലത്ത് നിലനില്പുള്ളൂവെന്ന് ആരെയും തോന്നിപ്പിക്കുവാന്‍ പഠനമുറികള്‍ കാരണമാകരുത്. വ്യക്തിത്വ വികാസത്തിന് കാഴ്ചയുടെ സൗന്ദര്യത്തിനുമപ്പുറം ഒരു ആത്മാവിഷ്‌ക്കാരനിറം അഥവാ മനസ്സിന്റെ സത്യേത്താടും നീതിയോടും ധര്‍മ്മത്തോടും ചേര്‍ന്നുള്ള സന്മാര്‍ഗ്ഗത്തിലുള്ള തന്മയീഭാവ സഞ്ചാരം സ്വന്തമാക്കണം. ആരെയും ആകര്‍ഷിക്കുന്ന പോസിറ്റീവ് എനര്‍ജിയുടെ ഉടകളാകാന്‍ വിദ്യാലയാന്തരീക്ഷം പ്രചോദനമാകണം.

വിദ്യാര്‍ത്ഥി രാഷ്ട്രീയം: മക്കളുടെ വിദ്യാഭ്യാസവേളയില്‍ രാഷ്ട്രീയത്തിന്റെ 'തീയറിയും ചരിത്രവും' മാത്രം മതി. കടന്നുപോയ മഹത്‌വ്യക്തികളുടെ പാതയിലൊരു 'പഠനവായന സഞ്ചാരം' നാളെയുടെ രാഷ്ട്രീയത്തിന് ബലമേകും. പക്ഷം പിടിക്കാതെയും പക്ഷം ചേര്‍ന്ന് കലാപത്തിനു കാരണമാക്കാതെയും വിവേകത്തോടെ രാഷ്ട്രീയത്തിന്റെ വഴിയെക്കുറിച്ചു മക്കള്‍ പഠിക്കട്ടെ. വടിയും കൊടിയും പിടിച്ച് രാഷ്ട്രീയക്കാരുടെ പിണിയാളുകളായി മാത്രം മാറുവാന്‍ മക്കളെ അനുവദിച്ചു കൂടാ. ഒരേ ആശയം പലതട്ടില്‍നിന്ന് പ്രഘോഷിച്ച് തെരുവു യുദ്ധത്തിലേക്ക് യുവതയെ നയിക്കുവാന്‍ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ കാരണമാകരുത്. പഠനം രാഷ്ട്രീയത്തിന് അടിത്തറയാകണം. കലാപവും കലുഷിതമായ അന്തരീക്ഷവും നാടിന്റെ ഭാവിയെ അപകടത്തിലാക്കും. എന്തിനാണ് നമ്മുടെ മക്കള്‍ തെരുവില്‍ പരസ്പരം ആക്രോശിക്കുന്നതും അടിപിടി കൂടുന്നതും? രാജ്യസ്‌നേഹ മാണ് കാരണമെങ്കില്‍ ഒന്നിച്ചു നിന്ന് അടരാടുകയല്ലേ വേണ്ടത്; ഐകമത്യമല്ലേ എല്ലാത്തിനും മഹാബലമായി മാറേണ്ടത്?

രാജ്യത്തിന്റെ ഭാവി നിലകൊള്ളുന്നത് ഇന്നത്തെ യുവാക്കളിലാണെന്നത് ഏവര്‍ക്കുമറിയാം. ഒന്നിച്ചാകാനും ഒന്നിച്ചു മുന്നേറാനും കഴിയുന്ന ഒരുമയുടെ ശക്തി യുവാക്കള്‍ക്ക് കൈമോശം വന്നുവോ? രാഷ്ട്രീയത്തിന്റ അതിപ്രസരവും പണമുണ്ടാക്കാ നുള്ള വഴിവിട്ട സഞ്ചാരവും ലഹരി ഉപയോഗ ത്തിന്റെ മാസ്മരികതയും യുവത്വത്തിന്റെ താളം തെറ്റിക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരി ക്കുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാത്തവിധം തെറ്റുകളില്‍ ചെന്നുപെടുന്ന യുവജനങ്ങളുടെ എണ്ണം പെരുകുന്നതായി ആധുനിക വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നന്മയില്‍ വളര്‍ത്താനും വളരാനും നല്ലവരായി ജീവിക്കുവാനും കഴിയുന്നതിന്റെ മേന്മ ഇന്ന് ചര്‍ച്ച ചെയ്യുന്നില്ല. യുവജനതയെക്കുറിച്ച് ആശങ്കയോടെ ചിന്തിക്കേണ്ടതും പരിഹാരം തേടേണ്ടതുമായ കാലമാണിന്ന്.

പ്രശ്‌നങ്ങള്‍: പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്തു നേടാനാകാത്തതു കൊണ്ടാകാം സ്വപ്നലോകത്തിന്റെ ലഹരിയിലേക്ക് 'സൗഹൃദം' വഴിമാറുന്നത്? സ്വയം സ്വത്വം നഷ്ടപ്പെടുത്തുന്ന ലഹരി ഉപയോഗം ഒരു സ്റ്റാറ്റസ് ആയിട്ടുപോലും ഇന്നു വളര്‍ന്നു വരുന്നുണ്ടോയെന്നു സംശയിക്കണം. കുറുക്കുവഴിയില്‍ സമ്പന്നരാകാമെന്ന ഒരു കുബുദ്ധിയും ലഹരിയുടെ അടിമത്തത്തില്‍ നിന്നും ഉരുത്തിരിയാം. വഴിവിട്ട സഞ്ചാരത്തിന് ഇടയാക്കുന്ന ലഹരി ഉപയോഗം സ്വയം ഒരുക്കുന്ന ഒരു കെണിയാണ്. പ്രശ്‌നങ്ങളുടെ പരിഹാരം ലഹരി തരില്ല; മറിച്ച് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് തരണം ചെയ്ത് വിജയം വരിക്കാനുള്ള; ജീവിക്കാനുള്ള വാഞ്ഛയുടെ വെല്ലുവളി സ്വയം മനസ്സില്‍ ഉയര്‍ത്തണം. മാന്യതയും സംസ്‌ക്കാരവും മനുഷ്യത്വവും കൈവിടാത്ത ഊര്‍ജ്ജസ്വലമായ വ്യക്തിത്വം യുവതസ്വന്തമാക്കണം. പ്രശ്‌നങ്ങളില്‍ പതറാതെ ജീവിതവിജയം സ്വന്തമാക്കാന്‍ പഠിക്കണം. നല്ല കാര്യങ്ങളില്‍ ഇടവിടാതെ ഇടപെട്ട് ജീവിക്കാനുള്ള ഒരു ജീവിതത്തിരക്ക് യുവത്വത്തിന് പോസിറ്റീവ് എനര്‍ജിയാകണം. അടയുന്ന വാതിലില്‍ തുടര്‍ച്ചയായി മുട്ടിത്തളരാതെ തൊട്ടടുത്ത് തനിക്കായി തുറന്നുകിടക്കുന്ന വാതിലിലേക്ക് മാറുവാന്‍ യുവത്വം തയ്യാറാകണം. ഒരേ എന്‍ട്രന്‍സിലൂടെ എല്ലാവരും പ്രവേശിക്കണമെന്ന നിര്‍ബന്ധം ഉപേക്ഷിച്ച് 'എവിടെയാണോ എനിക്കായുള്ള എന്‍ട്രന്‍സ്' എന്ന് അന്വേഷിക്കുവാനും തയ്യാറാകണം. പ്രശ്‌നങ്ങളില്‍ പ്രത്യാശയാകാനും പ്രതീക്ഷയേകാനും പ്രചോദനമാകാനും ചുറ്റുമുള്ളവര്‍ക്ക് കഴിയുകയും വേണം.

കര്‍മ്മമണ്ഡലം: സ്വന്തം കഴിവിനും മനസ്സിനും ഇണങ്ങുന്നതും ചെയ്യുന്ന തൊഴിലിനോടു നീതിപുലര്‍ത്താനാകുന്നതുമാകണം കര്‍മ്മമണ്ഡലം. അവകാശങ്ങളെക്കുറിച്ചെന്നതിനേക്കാള്‍ സ്വന്തം കടമയെക്കുറിച്ച്‌ബോധമുണ്ടാകണം. രാജ്യസ്‌നേഹവും സഹജീവികളോടുള്ള പ്രതിബദ്ധതയും മറക്കരുത്. അഴിമതിയും അന്യായവും സ്വജനപക്ഷ പാതവും പാടില്ലെന്ന് പറയുകയല്ല സ്വന്തം കര്‍മ്മമേഖലയില്‍ തെളിയിക്കണം. ആരെയും അത്ഭുതപ്പെടുത്തുന്ന വ്യക്തി പ്രാഭവത്തില്‍ പ്രവര്‍ത്തന മേഖല സജീവമാക്കണം. യൗവനകാലം ഒരു പ്രതാപകാലമാണെന്ന് കാലം സാക്ഷിക്കണം. യുവത്വത്തെ പൊതുസമൂഹം പുകഴ്ത്തുകയും സാമൂഹ്യവളര്‍ച്ചയ്ക്കായി ഒത്തൊരുമിച്ച് നില്‍ക്കുകയും വേണം. ചുരുക്കത്തില്‍ നല്ലതിലേക്കുള്ള തിരുത്തലുകള്‍ക്കും വേറിട്ട കാഴ്ചകളിലേയ്ക്കുള്ള വെളിച്ചത്തിലേയ്ക്കും യുവജനത കടന്നുവരണം. തിന്മയെ ചെറുക്കണം, വെറുക്കണം.

ലക്ഷ്യബോധം: യുവത്വം സ്വപ്നവും മിഥ്യയും മോഹങ്ങളും ഒക്കെക്കൂടി ചാഞ്ചാട്ടത്തിന്റെ നാളുകളാണ്. ആരുടെയും മുമ്പില്‍ കേമരാകണമെന്ന ഒരു അഭിവാഞ്ഛയും യുവതയ്ക്കു സ്വന്തം. എവിടെയും വേറിട്ട കാഴ്ചകളും വീക്ഷണങ്ങളും ഉണ്ടാകുന്ന കാലം. പക്ഷെ, മനസ്സിന്റെ ദൃഢതയും ലക്ഷ്യബോധവും നഷ്ടമാക്കാത്തവിധം ഒരു പിന്‍നോട്ടവും വന്ന വഴിയെക്കുറിച്ചുള്ള വിചിന്തനങ്ങളും ഉണ്ടാകണം. സംതൃപ്തിയുടെ ജീവിതം ശോഭനമായി നയിക്കാന്‍ പരിശ്രമിക്കുന്നതോടൊപ്പം ലഹരിയോടുള്ള ജീവിതഭ്രമവും അലസതയും യുവത വെടിയണം. ജീവിതം തന്നെയാണ് ലഹരിയെന്നത് യുവതമറക്കരുത്. ഈയിടെ കാണാനിടയായ ഒരു മഹാനായ വ്യക്തിയുടെ ഇന്റര്‍വ്യൂവില്‍ പറയുന്നത് ശ്രദ്ധേയമായിത്തോന്നി. യുവാക്കള്‍ക്ക് അനുകരണീയമാണെന്നും തോന്നി. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ അദ്ദേഹം പറയുന്നിതങ്ങനെ: "…എന്റെ ജീവിതം പൂര്‍ണ്ണ സംതൃപ്തമാണ്; ഈ സംതൃപ്തിയുടെ അടിസ്ഥാനം എന്റെ അമ്മയുടെ നിഷ്‌ക്കര്‍ഷയാര്‍ന്ന ശിക്ഷണമാണെന്നത് ഏറെ അഭിമാനിക്കാവുന്നതാണ്." ശിക്ഷണബന്ധിയായ അച്ചടക്ക ജീവിതം സ്വന്തമാക്കുന്നതിലാണ് യുവതയുടെ സംതൃപ്തവും വിജയപ്രദവുമായ ജീവിതത്തിന്റെ അടിസ്ഥാനം! ശിക്ഷണം ഭാവിയുടെ വിജയ ഗാഥയാണെന്ന് മറക്കരുത്. സുശിക്ഷിതമായ ജീവിതത്തിന്റെ ഉടമകള്‍ക്ക് അപഭ്രംശമോ ലഹരിയോടോ അക്രമത്തോടോ അവിശുദ്ധ കൂട്ടുകെട്ടിനോടോ താല്പര്യമോ ഉണ്ടാകില്ല. യുവത കരുതലോടിരിക്കുക. ലോകത്തിന്റെ സുശോഭിതഭാവി നിങ്ങളുടെ കൈയിലാണെന്ന് മറക്കരുത്. ലക്ഷ്യബോധമില്ലാതെ ജീവിതം വ്യഥാവിലാക്കരുത്. ആദര്‍ശബന്ധിയായി ജീവിക്കാന്‍ പരിശ്രമിക്കുമ്പോള്‍ യുവാക്കള്‍ നാടിനും വീടിനും ലോകത്തിനാകമാനവും അഭിമാനഭാജനങ്ങളായിത്തീരും! ആസക്തികളുടെ അടിമത്തത്തില്‍ നിന്നും ആത്മാവിന്റെ ചോദനയ്ക്കു ഉത്തരമേകും വിധം ജീവിക്കണം. സകലത്തിലും ദേവാഭിമുഖ്യ സഞ്ചാരവും മനഃസാക്ഷിയുടെ 'സ്വരശ്രവണയാത്ര' സ്വന്തമാക്കുകയും വേണം. നമ്മുടെ യുവതയെക്കുറിച്ച് അഭിമാനിക്കാന്‍ സമൂഹത്തിനു വകയുണ്ടാകണം; അതിനു സമാനമായി നന്മയില്‍ ജീവിക്കണം, യുവാക്കള്‍ നല്ലവരായി നാടിന് അഭിമാനവും ഉയര്‍ച്ചയ്ക്കു നിദാനവുമാകണം. യുവതയുടെ 'കുതിരശക്തി' സമഗ്രവളര്‍ച്ചയുടെ ഊര്‍ജ്ജ മാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org