
തോമസ് മൂലന്‍
എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് എവിടെ നിന്നോ വന്ന ഏതാനും പേര്‍ നാട്ടുകാരെ സമീപിച്ചു ഭൂമി വില്‍ക്കുന്നുണ്ടോ എന്നു ചോദിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി പേരുടെ അടുത്ത് ഇത്തരമാളുകള്‍ എത്തി സ്ഥലത്തിനു വില പറയാന്‍ തുടങ്ങി. അപരിചിതമായ രജിസ്‌ട്രേഷന്‍ നമ്പറുകളിലുള്ള വാഹനങ്ങള്‍ ഈ ഗ്രാമത്തില്‍ തുടരെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഭൂമിക്കച്ചവടമൊന്നും പതിവില്ലാതിരുന്ന ഇവിടെ ഈ ദല്ലാളന്മാര്‍ തന്നെയാണു വിലയും പ്രഖ്യാപിച്ചത്. ചിലരെങ്കിലും ഇവര്‍ക്കു ഭൂമി കൊടുക്കാന്‍ വാക്കുറപ്പിക്കുകയും ചെയ്തു.
ഏതായാലും, സ്ഥല ബ്രോക്കര്‍മാര്‍ പെട്ടെന്നൊരുനാള്‍ നാട്ടിന്‍പുറത്തു പൊട്ടിവീണപ്പോള്‍ സ്വാഭാവികമായും അന്വേഷണങ്ങളുണ്ടായി. വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ക്കൊന്നും യാതൊന്നുമറിയില്ല. വാര്‍ഡ് മെമ്പര്‍മാരോ എംഎല്‍എയോ എംപിയോ അറിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെയാണ് സെപ്തം. 3 ലെ ജിഒ (ആര്‍ടി) നമ്പര്‍ 2776/2020 എന്ന ഗവണ്‍മെന്റ് ഉത്തരവിനെ കുറിച്ചു മാദ്ധ്യമങ്ങളിലൂടെ ജനങ്ങളറിയുന്നത്. ഈ പ്രദേശത്തെ 540 ഏക്കര്‍ ഭൂമി (220 ഹെക്ടര്‍) സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നതാണ് ഈ ഉത്തരവ്. 300 കുടുംബങ്ങളും രണ്ടു പള്ളികളും ഒരമ്പലവും ഈ സ്ഥലപരിധിയിലുണ്ട്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണു ഭൂരിപക്ഷവും. ഈ ജനങ്ങള്‍ക്കു തൊഴിലും വരുമാനവും ജീവിതവും നല്‍കുന്ന കൃഷിയിടങ്ങളാണ് ഈ 540 ഏക്കര്‍ ഭൂമി. ഇതെല്ലാം വിട്ടുപേക്ഷിച്ചു ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഭീതി മൂലം ഉറക്കം നഷ്ടപ്പെട്ട രാവുകളാണ് പിന്നീടു ഗ്രാമവാസികളെ സംബന്ധിച്ചുണ്ടായിരിക്കുന്നത്.
1960 കള്‍ മുതല്‍ കുടിയേറിയും വില കൊടുത്തു വാങ്ങിയും ജനങ്ങള്‍ ജീവിതം നട്ടു നനച്ചു വളര്‍ത്തിയ ഭൂപ്രദേശങ്ങളാണിത്. പതിറ്റാണ്ടുകള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയതാണ് ഈ ജനവാസകേന്ദ്രം. രാവു പകലാക്കിയും ചോര നീരാക്കിയും കൃഷിക്കാര്‍ പൊന്നാക്കിയ മണ്ണ്. ഈ മണ്ണാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കു മുന്‍കൂര്‍ രഹസ്യവിവരം കൊടുത്ത് ഒരു ജനാധിപത്യസര്‍ക്കാര്‍, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായ ഉടമകളില്‍ നിന്നു കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് സ്ഥിരതാമസമുള്ള മുന്നൂറിലേറെ കുടുംബങ്ങളെ ബാധിക്കുന്ന ഇത്തരമൊരു പദ്ധതിയുടെ കാര്യത്തില്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇരുട്ടത്തു നിറുത്തിയത്? എങ്ങനെ സര്‍ക്കാര്‍ ഉത്തരവു വരുന്നതിന് ആറു മാസം മുമ്പു തന്നെ വിദൂരങ്ങളിലുള്ള ഭൂമിക്കച്ചവടക്കാരും മാഫിയാകളും ഇക്കാര്യമറിഞ്ഞു?
അമലാപുരം, കൊല്ലക്കോട് എന്നീ രണ്ട് ഇടവകകളുടെ പരിധിയിലാണ് ഈ പ്രദേശം. മഞ്ഞപ്ര-അയ്യമ്പുഴ റോഡിനു പടിഞ്ഞാറു വശത്ത്, അമലാപുരം ജംഗ്ഷന്‍ മുതല്‍ ഉപ്പുകല്ലു ജംഗ്ഷന്‍ വരെയുള്ള സ്ഥലമാണ് സര്‍ക്കാര്‍ ഉത്തരവില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഗിഫ്റ്റ് സിറ്റി എന്ന പദ്ധതിക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നു എന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗ്ലോബല്‍ സിറ്റിയെന്നും പറയുന്നുണ്ട്. ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ട്രേഡ് സിറ്റി എന്നാണത്രെ മുഴുവന്‍ പേര്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാംഗ്ലൂര്‍ -കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമാണിതെന്നു പറയുന്നു. ഏതു തരം വ്യവസായങ്ങളാണ് ഇവിടെ സ്ഥാപിക്കപ്പെടാന്‍ പോകുന്നത് എന്നതിനെ കുറിച്ചു ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു വ്യക്തതയുമില്ല. ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍ സിറ്റി എന്നിവിടങ്ങളിലെ ബഹുനില മന്ദിരങ്ങളുടെ ചിത്രങ്ങള്‍ വച്ചു തയ്യാറാക്കിയിരിക്കുന്ന മൂന്നോ നാലോ സ്ലൈഡുകളിലേക്കു ചുരുങ്ങുന്നു ഇക്കാര്യത്തില്‍ അധികാരികള്‍ക്കുള്ള അറിവ്.
അതു സ്വാഭാവികവുമാണ്. കാരണം, പാവപ്പെട്ട കുടുംബങ്ങളുടെ വീടും പറമ്പും പിടിച്ചു വാങ്ങി കോര്‍പറേറ്റുകള്‍ക്കു കൈമാറുന്നതിനപ്പുറം ഇതില്‍ സര്‍ക്കാരിനെന്തെങ്കിലും പങ്കുണ്ടെന്നു കരുതാനാവില്ല. മാത്രവുമല്ല കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ളതാണു പദ്ധതി. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണവും നാമമാത്രമായിരിക്കാനിടയുണ്ട്.
ഭൂമിക്കു നല്ല വില നല്‍കുമെന്നാണു സ്ഥലമുടമകള്‍ക്കുള്ള വാഗ്ദാനം. ഒരു ലക്ഷം പേര്‍ക്കു ജോലി മുതലായ ആകര്‍ഷകമായ പരസ്യവാക്യങ്ങള്‍ പദ്ധതിക്കു വേണ്ടി പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വ്യവസായ കേന്ദ്രങ്ങള്‍ക്കെന്ന പേരില്‍ സംസ്ഥാനത്തു മുമ്പും സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടല്ലോ. നൂറു കണക്കിനേക്കറുള്ള അത്തരം ഭൂമികള്‍ ഇന്നും കാടുപിടിച്ചു കിടക്കുന്നുണ്ട്. അവിടെയെല്ലാം വ്യവസായങ്ങള്‍ സ്ഥാപിക്കുകയും ജോലി കൊടുക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തു കഴിഞ്ഞിട്ടു പോരേ ഇനിയും പാവപ്പെട്ട കുടുംബങ്ങളെ പെരുവഴിയിലിറക്കുന്നത്?
ജനിച്ചു വളര്‍ന്ന വീടും അന്നം തരുന്ന കൃഷിയിടങ്ങളും ഉപേക്ഷിച്ചു പോകേണ്ടി വരുന്ന മനുഷ്യരുടെ ഭാവിയെക്കുറിച്ച് ആര്‍ക്കും ഉത്കണ്ഠയില്ല. കൃഷിയും അനുബന്ധ തൊഴിലുകളും മാത്രമാണ് ഈ നാട്ടിലെ ബഹുഭൂരിപക്ഷത്തിനും അറിയാവുന്നത്. നാലു സെന്റും അഞ്ചു സെന്റും മാത്രം ഭൂമിയുള്ള ഡസന്‍ കണക്കിനു കുടുംബങ്ങള്‍ ഈ പദ്ധതി പ്രദേശത്തുണ്ട്. അവരൊക്കെ എങ്ങോട്ടു പോകും, എങ്ങനെ മറ്റൊരു കൂരയുണ്ടാക്കും, എന്തു പണിയെടുത്തു ജീവിക്കും തുടങ്ങി അനേകം ചോദ്യങ്ങളുണ്ട്. ഭൂമിയുടെയും വീടിന്റെയും പേരില്‍ വായ്പകളും മറ്റു ബാദ്ധ്യതകളും ഉള്ളവരുണ്ട്. ഇതിനൊക്കെ എന്താണു പരിഹാരം?
സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളെ കുറിച്ചു വ്യക്തമായ ചിത്രങ്ങളൊന്നും ഇതുവരെയില്ല. ഇനി ഉണ്ടായാലും അതൊന്നും വിശ്വസിക്കാന്‍ മാത്രം ബുദ്ധിമോശം വന്നവരുമല്ല നാട്ടുകാര്‍. കാരണം, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുത്ത മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്കുണ്ടായ കെടുതികള്‍ കണ്ടും കേട്ടുമറിഞ്ഞവരാണു കേരളീയര്‍. അധികാരികളുടെ പ്രസ്താവനകളിലോ ഉദ്യോഗസ്ഥരുടെ ലഘുലേഖകളിലോ മാധ്യമങ്ങളുടെ രേഖാചിത്രങ്ങളിലോ കാണുന്ന യാതൊരു സൗകര്യവും വീടു കൊടുത്തിറങ്ങുന്ന മനുഷ്യര്‍ക്കു യഥാര്‍ത്ഥത്തില്‍ ലഭിക്കാറില്ലെന്നു നമുക്കറിയാം. ചെറുകിടക്കാരായ വീട്ടുകാരെല്ലാം തന്നെ ജീവിതം ഒന്നില്‍ നിന്നു പിന്നെയും തുടങ്ങേണ്ട അവസ്ഥയിലായി എന്നതാണ് ഇതിനു മുമ്പുള്ള പദ്ധതി പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രം.
ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ശൈലിയിലാണ് ഇവിടെ ജനങ്ങളുടെ ഭൂമി കൈയടക്കാനും കുടിയൊഴിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ജനങ്ങളെ വഴിയാധാരമാക്കിയിട്ടല്ല വികസനത്തിനു വഴി വെട്ടേണ്ടത്. ജനങ്ങളില്ലെങ്കില്‍ പിന്നെന്തിനാണു വികസനം? വീടും നാടും വിട്ടെറിഞ്ഞു പോകാന്‍ കഴിയില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തങ്ങള്‍ക്കവകാശപ്പെട്ട വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ആരേയും അനുവദിക്കില്ല എന്നവര്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന നൂറു കണക്കിനു സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ നിരാശയും ദുഃഖവും ആശങ്കയും നിറച്ചു കൊണ്ടല്ല ഒരു ഭരണകൂടം ഇത്തരം ഭൂമിക്കച്ചവടങ്ങള്‍ ചെയ്യേണ്ടത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി ദല്ലാള്‍വൃത്തിയും ഗുണ്ടാപ്പണിയും ചെയ്യാനല്ല ഒരു ജനകീയ സര്‍ക്കാരിനെ ജനങ്ങള്‍ നിയോഗിക്കുന്നത്. ഏതു പദ്ധതിക്കു വേണ്ടിയായാലും ഇത്തരത്തിലുള്ള ജനവാസകേന്ദ്രങ്ങളെ തിരഞ്ഞെടുക്കരുത്. അയ്യമ്പുഴ പഞ്ചായത്തിലെ വ്യവസായ പദ്ധതിയുടെ പേരിലുള്ള സ്ഥലമേറ്റെടുക്കലിനെതിരെ ജനകീയ മുന്നേറ്റ സമിതിയുടെ പേരില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഈ പദ്ധതി ജനവാസ കേന്ദ്രങ്ങളില്‍ നിന്നു മാറ്റി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റേതെങ്കിലും പ്രദേശത്തേയ്ക്ക് ഈ പദ്ധതി മാറ്റണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
(ജനകീയ മുന്നേറ്റ സമിതി ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)