

അയർലൻഡിൽ വൈദീകപഠനം പൂർത്തിയാക്കി അയർലണ്ടിനു വേണ്ടി സന്യാസജീവിതം തെരഞ്ഞെടുത്ത ആദ്യ മലയാളിയായ ഫാ. ആന്റണി കുര്യനു ഡബ്ലിനിൽ സ്വീകരണം നൽകി. ഫാ. ആന്റണിയെ അനുമോദിക്കാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികളായ വിശ്വാസികളും വൈദികരും ഒക്ടോബർ മൂന്ന് ശനിയാഴ്ച ഡബ്ലിൻ സെ. മേരി ഓഫ് ഏഞ്ചൽസ് പള്ളിയിലാണ് ഒത്തുചേർന്നത്.
കേരളത്തിൽ നിന്നും എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം ബിസിനസ്സ് സ്റ്റഡീസിൽ ഉന്നത പഠനത്തിനും ജോലിക്കുമായി അയർലണ്ടിൽ എത്തിയ ബിപിൻ കുര്യനാണ് പിന്നീടു സന്യാസത്തിന്റെ പാത സ്വീകരിച്ചു ഫാ. ആന്റണി കുര്യൻ ആയി മാറിയത്. പഠനത്തിനിടയിൽ അയർലണ്ടിലെ കപ്പുച്ചിൻ വൈദികരുമായി ഇടപെട്ട ഫാ. ആന്റണി ക്രമേണ തന്റെ ദൈവവിളി തിരിച്ചറിയുകയായിരുന്നു. കപ്പുച്ചിൻ സന്യാസസമൂഹത്തിൽ അദ്ദേഹം സാന്യാസാർഥിയായി ചേർന്നു. പരിശീലനത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം അയർലണ്ടിൽ തന്നെ പൂർത്തിയാക്കുകയും കഴിഞ്ഞ വർഷം അയർലണ്ടിൽ വച്ച് പൌരോഹിത്യം സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ പാലാ സ്വദേശിയായ ഫാ. ആന്റണിയുടെ കുടുംബാംഗങ്ങളും തിരുപ്പട്ടത്തിലും പുത്തൻകുർബാനയിലും പങ്കെടുക്കാനെത്തിയിരുന്നു. കപ്പൂച്ചിൻ സഭയുടെ ഐറിഷ് പ്രൊവിൻസിന്റെ ഭാഗമായാണ് ഫാ. ആന്റണി കുര്യൻ പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ നിന്നും നിരവധി വൈദികർ അയർലൻഡിൽ സേവനം ചെയ്യുന്നുണ്ടെങ്കിലും, അയർലൻഡിൽ വൈദീകപഠനം പൂർത്തിയാക്കിയ ആദ്യവ്യക്തിയാണ് ഫാ. ആന്റണി കുര്യൻ OFM Cap.
ഫാ. ആന്റണി കുര്യനെ അനുമോദനയോഗത്തിലേക്ക് ഹിൽറ്റി ലൈജു പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ജോർജ് പാലിശ്ശേരിയുടെ പ്രാർത്ഥനഗീതമാലപിച്ചു വർഷങ്ങളായി ഐറിഷ് സഭയ്ക്ക് വേണ്ടി സേവനം ചെയ്തുവരുന്ന മലയാളിയായ ഫാ. മാർട്ടിൻ പറോക്കാരൻ അനുമോദനപ്രസംഗം നടത്തി. ബിപിൻ എന്ന വിദ്യാർത്ഥി ഉപരിപഠനത്തിനായി വന്നപ്പോൾ പരിചയപ്പെട്ടതിന്റെ ഓർമ്മകൾ ഫാ. മാർട്ടിൻ പങ്കുവച്ചു. ശാന്തനും മൃദുഭാഷിയും തികഞ്ഞ ആത്മീയനുമായ ഫാ. ആന്റണി കപ്പൂച്ചിൻ സഭയ്ക്കും ഐറിഷ് കത്തോലിക്കാ സഭയ്ക്കും ഒരു മുതൽക്കൂട്ട് ആണെന്നും, അദ്ദേഹം സന്യാസവൈദികനായി തീർന്നതിന്റെ സന്തോഷം പങ്കുവയ്ക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഫാ. പറോക്കാരൻ കൂട്ടിച്ചേർത്തു.
അയർലൻഡിൽ വന്നു, അയർലൻഡിന്റെ ജീവിതശൈലിയുമായി ഇഴുകിച്ചേർന്ന്, ഐറിഷ് സംസ്കാരം ഉൾക്കൊണ്ടു ഐറിഷ് ജനതയ്ക്കും സഭയ്ക്കും വേണ്ടിപ്രവർത്തിക്കാൻ തയ്യാറായി പ്രവാസിയായ ഒരാൾ മുന്നോട്ട് വന്നത് കാലഘട്ടത്തിന്റെ ആവശ്യംകൂടിയാണെന്നും, അച്ചൻ അയർലണ്ടിലെ പ്രവാസികത്തോലിക്കർക്ക് വിശേഷിച്ചു മലയാളികൾക്കു അഭിമാനവും അതിലുപരി മാതൃകയുമാണെന്ന് പ്രവാസികത്തോലിക്കർക്കുള്ള സന്തോഷം പങ്കുവച്ചുകൊണ്ടു ബിനു തോമസ് പറഞ്ഞു.
ഇന്ത്യയിൽ നിന്നും ഐറിഷ് കപ്പൂച്ചിൻ സഭയ്ക്ക് ലഭിച്ച ദാനമാണ് ഫാ. ആന്റണി എന്നു തുടർന്നു സംസാരിച്ച കപുച്ചിൻ സെന്റർ ഗാർഡിയൻ കൂടിയായ ബ്രദർ കെവിൻ കീരൻ അഭിപ്രായപ്പെട്ടു. അശരണരായവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന കപ്പൂച്ചിൻ ഡേ സെന്ററിന്റെ ചുമതലയുള്ള ഫാ. ആന്റണി നൂതനമായ ആശയങ്ങളും പുതിയ രീതികളും അവതരിപ്പിക്കുകയും പ്രശ്നങ്ങൾ ശാന്തമായി പരിഹരിക്കുകയും ചെയ്യാൻ കഴിവുള്ളയാളുമാണെന്ന് ബ്ര. കീരൻ സാക്ഷ്യപ്പെടുത്തി.
അയർലൻഡിലെ പ്രവാസികൾ തനിക്കുവേണ്ടി ഒത്തുകൂടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ഫാ. ആന്റണി കുര്യൻ പറഞ്ഞു. കപ്പൂച്ചിൻ മിഷനറി വിളിക്കപ്പെട്ടിരിക്കുന്നത് ആവശ്യമുള്ളിടത്തേയ്ക്ക് പോകാനാണ്. അയർലൻഡിനു ഇന്ന് ആവശ്യം വൈദികരെയാണ്. അതുകൊണ്ടാണ് താൻ അയർലൻഡ് പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തതെന്ന് ഫാ. ആന്റണി പറഞ്ഞു. വിശ്വാസികളും വൈദികരും ഒരുപോലെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാണു. ദൈവത്തിന്റെ കാരുണ്യംകൊണ്ടാണ് താൻ വൈദികനായി തുടരുന്നത്. എല്ലാവരുടെയും പ്രാർത്ഥനകളും അദ്ദേഹം അഭ്യർത്ഥിച്ചു.