ഇരുമ്പുമറക്കുള്ളിലെ സഭയെ അടുത്തു നിന്നു കാണുമ്പോള്‍

ഇരുമ്പുമറക്കുള്ളിലെ സഭയെ അടുത്തു നിന്നു കാണുമ്പോള്‍
Published on
  • ഫാ. ജിജോ കണ്ടംകുളത്തി സി എം എഫ്

വടക്കുകിഴക്കനിന്ത്യയില്‍ ഒരു കോളേജ് അധ്യാപകനായി ആത്മസംതൃപ്തിയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, ചൈനയില്‍ ഒരു മിഷനറിയായി പോകാനൊരുങ്ങിയപ്പോള്‍, പലരും അതിനെ ആത്മഹത്യാപരമാണെന്ന് വിളിച്ചു. എന്നിരുന്നാലും, ഇന്നുവരെയും ആ തീരുമാനത്തില്‍ ഒരു നിമിഷം പോലും ഞാന്‍ ഒരിക്കലും ഖേദിച്ചിട്ടില്ല. ആദ്യകാലങ്ങള്‍ കഠിനമായിരുന്നു: അവരുടെ ഭാഷയില്‍ പ്രാവീണ്യം നേടുക എന്നത് അതീവദുഷ്‌കരമായിരുന്നു. മിഷന്‍ പ്രവര്‍ത്തനത്തില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്തുക അസാധ്യമാണെന്നു തന്നെ ഭയപ്പെട്ടു. എന്നാല്‍ ക്രമേണ, ചൈനയിലെ എന്റെ ദൗത്യം കൂടുതല്‍ വ്യക്തമായി.

ഇന്ന്, മക്കാവുവിലെ ക്ലരീഷ്യന്‍ പബ്ലിക്കേഷന്‍സിന്റെ ഡയറക്ടറായി ഞാന്‍ സേവനമനുഷ്ഠിക്കുന്നു, അവിടെ ഞങ്ങള്‍ മെയ് റി ഷെങ് യാന്‍ ('ഡെയ്‌ലി ഹോളി വേഡ്') പ്രസിദ്ധീകരിക്കുന്നു, ഒരുകാലത്ത് 1,60,000 കോപ്പികളുടെ പ്രചാരത്തില്‍ എത്തിയിരുന്ന ഒരു പോക്കറ്റ് വലിപ്പമുള്ള ബൈബിള്‍ ഡയറി. ഡിജിറ്റല്‍ വിപ്ലവം ചൈനയിലും അച്ചടി വായനക്കാരുടെ എണ്ണം കുറച്ചുവെങ്കിലും (നിലവിലെ സര്‍ക്കുലേഷന്‍ 60,000 ആണ്), ഞങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ഇപ്പോള്‍ കുറഞ്ഞത് 20,000 ചൈനാക്കാര്‍ അനുദിനം വായിക്കുന്നു.

നാട്ടിലെ സഭയും ചൈനീസ് കത്തോലിക്ക സഭയില്‍ കണ്ടിട്ടുള്ള വിശ്വാസജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. നാട്ടില്‍ ഇപ്പോഴും ഭക്തി പുസ്തകങ്ങള്‍ക്കപ്പുറം കത്തോലിക്ക ഗ്രന്ഥങ്ങള്‍ വായിക്കുന്നത് അപൂര്‍വമായി തുടരുന്നു. ആഴത്തിലുള്ള ആത്മപരിശോധനയ്ക്കു പ്രചോദനം നല്‍കുന്ന വായനയേക്കാള്‍, പ്രസംഗകരുടെ വാഗ്‌ധോരണിയിലേക്കാണു നാം ആകര്‍ഷിക്കപ്പെടുന്നത്.

വിദേശ മിഷണറിമാരുടെ ധ്യാനങ്ങളും ക്ലാസുകളും സര്‍ക്കാര്‍ ഇപ്പോഴും അനുവദിക്കുന്നു. പക്ഷേ ദിവ്യബലിയര്‍പ്പിക്കാന്‍ പാടില്ല. മനുഷ്യരിലേക്ക് എത്തിച്ചേരുന്നതിനു പാരമ്പര്യേതര രീതികള്‍ സ്വീകരിച്ചുകൊണ്ട്, വിവേകത്തോടും സര്‍ഗാത്മകതയോടും കൂടി പ്രവര്‍ത്തിക്കാന്‍ മിഷണറിമാര്‍ വിളിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍, വായന ഒരു ആത്മീയ കവാടമാണ്, നമ്മുടെ പരിചിതമായ ചുറ്റുപാടുകള്‍ക്കപ്പുറമുള്ള ലോകങ്ങളിലേക്ക് ഒരു നേര്‍ക്കാഴ്ച അതു സമ്മാനിക്കുന്നു. ശാന്തവും കൂടുതല്‍ ആലോചനാനിമഗ്‌നവുമായ മാനസികപരിവര്‍ത്തനത്തിലേക്ക് അതു നയിക്കുന്നു, വിശ്വാസത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. വിശ്വാസത്തിന്റെ ആഴമെന്നതു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരു ആത്മീയ സാക്ഷരത ആവശ്യവുമാണ്. ദുഃഖകരമെന്നു പറയട്ടെ, സീറോ മലബാര്‍ ഇടവകകളില്‍ ഈ രീതി വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. വിവരങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമായ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പോലും, പ്രചരിക്കുന്നവയില്‍ ഭൂരിഭാഗവും ആത്മാവിനു ധ്യാനാത്മകവും ആഴമുള്ളതുമായ പോഷണം നല്‍കുന്നതിനേക്കാള്‍, വളരെ ക്ഷണികമായ പ്രചോദനം മാത്രം നല്‍കുന്നവയാണ്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ മേല്‍നോട്ടവും നിയന്ത്രണങ്ങളും കാരണം ചൈനയില്‍ സുവിശേഷവല്‍ക്കരണത്തിന് പലതരം തടസ്സങ്ങള്‍ നേരിടുന്നു. ദിവ്യബലിയര്‍പ്പിക്കുകയോ മതസമ്മേളനങ്ങള്‍ നടത്തുകയോ ചെയ്യുന്നതില്‍ നിന്നു വിദേശമിഷണറിമാരെ വിലക്കിയിരിക്കുന്നു. ഇത് സുവിശേഷവല്‍ക്കരണത്തിനായുള്ള പരമ്പരാഗത സമീപനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

പക്ഷേ, അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കുള്ളില്‍, സുവിശേഷവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ഈ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, വിദേശ മിഷണറിമാരുടെ ധ്യാനങ്ങളും ക്ലാസുകളും സര്‍ക്കാര്‍ ഇപ്പോഴും അനുവദിക്കുന്നു. പക്ഷേ ദിവ്യബലിയര്‍പ്പിക്കാന്‍ പാടില്ല. മനുഷ്യരിലേക്ക് എത്തിച്ചേരുന്നതിനു പാരമ്പര്യേതര രീതികള്‍ സ്വീകരിച്ചുകൊണ്ട്, വിവേകത്തോടും സര്‍ഗാത്മകതയോടും കൂടി പ്രവര്‍ത്തിക്കാന്‍ മിഷണറിമാര്‍ വിളിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സദാ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് അവര്‍ ശ്രദ്ധാപൂര്‍വം മുന്നോട്ടുപോകണം. എന്നാല്‍ ശരിയായ സമീപനം സ്വീകരിച്ചാല്‍, ഈ ഇടപെടലുകള്‍ക്ക് അര്‍ഥവത്തായ സംഭാഷണത്തിനും വിശ്വാസത്തിനും വഴിയൊരുക്കാനാവും.

ഇന്ത്യയില്‍, സുവിശേഷവല്‍ക്കരണത്തിന്റെ വെല്ലുവിളികള്‍ ചൈനയിലേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇന്ത്യയില്‍ മിഷനറിമാര്‍ പലപ്പോഴും രാഷ്ട്രീയ, ഭരണകൂട സംവിധാനങ്ങളില്‍ നിന്ന് പ്രവചനാതീതമായ എതിര്‍പ്പുകള്‍ നേരിടുന്നു. അതിനാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മിഷണറിമാര്‍ക്കെതിരെ ഏതു സമയവും ഉന്നയിക്കപ്പെട്ടേക്കാം. ഇതിനു വിപരീതമായി, ചൈനയില്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാരില്‍ നിന്ന് മാത്രമാണ് വരുന്നത്, അവ എന്തൊക്കെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

ചൈനയിലെ പ്രധാന ഭൂപ്രദേശത്തുള്ള ഒരു കൂട്ടം യുവ കത്തോലിക്കര്‍, 2025 ലെ ജൂബിലി വര്‍ഷത്തിലെ പ്രത്യാശയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രേഖയായ 'പ്രത്യാശ നിരാശപ്പെടുത്തുന്നില്ല' എന്നതു ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയിരിക്കുന്നു. അത് എന്നെ അദ്ഭുതപ്പെടുത്തി. നമ്മുടെ എത്ര സീറോ മലബാര്‍ യുവാക്കള്‍ ഈ രേഖയെക്കുറിച്ച് കേട്ടിട്ടുണ്ട്?

ചൈന അംഗീകരിക്കുന്ന സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഒരു പുതിയ വഴി വിരമിച്ചവര്‍ക്കായുള്ള പ്രവര്‍ത്തനമാണ്. കുടുംബങ്ങളുടെ വലുപ്പം കുറയുകയും ചൈനയുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തപ്പോള്‍, ജോലിയില്ലാത്ത സമയങ്ങളില്‍ ആളുകള്‍ കടുത്ത ഏകാന്തതയെ അഭിമുഖീകരിക്കുകയാണ്. മതപരമായ പശ്ചാത്തലം എന്തായിരുന്നാലും, പലരും ഒറ്റപ്പെടലിനെ ചെറുക്കുന്നതിനുള്ള അര്‍ഥവത്തായ മാര്‍ഗമായി പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക സഭാപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു. ആത്മീയവളര്‍ച്ചയ്ക്കു മാത്രമല്ല, ആത്മാര്‍ഥമായ വ്യക്തിബന്ധങ്ങളും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിനും സഭ ഒരു ഇടംനല്‍കുന്നു. ഈ സമീപനത്തില്‍ പ്രൊട്ടസ്റ്റന്റ് സഭകള്‍ വളരെയധികം പ്രാവര്‍ത്തികമാക്കി, അവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു.

കേരളത്തില്‍ വിരമിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് അജപാലന പരിചരണത്തിനുള്ള പുതിയൊരു മാര്‍ഗം തുറക്കുന്നുണ്ട്. വയോധികര്‍ക്കു പിന്തുണ നല്‍കാന്‍ കുട്ടികളില്ലാത്തതിനാല്‍, പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്കായി സഭയ്ക്കുള്ളില്‍ അവര്‍ ഇടംതേടുകയാണ്. ഒരു കൂട്ടായ്മാബോധവും ജീവിതത്തിനൊരര്‍ഥവും കണ്ടെത്താന്‍ പള്ളിയില്‍ അവര്‍ സാധ്യത തേടുന്നു. മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സുവിശേഷവല്‍ക്കരണം എങ്ങനെ പരിണാമം പ്രാപിക്കുമെന്ന് ചൈനയിലെ കത്തോലിക്ക സഭ കാണിച്ചു തരികയാണ്.

വിശ്വാസികളെ ഒന്നിപ്പിക്കുകയും ആശ്വാസം തേടുന്ന എല്ലാവര്‍ക്കും സ്വാഗതമരുളുകയും ചെയ്തുകൊണ്ടാണിത്. കപിള്‍സ് ഫോര്‍ ക്രൈസ്റ്റ്, ഗ്രേസ് റിപ്പിള്‍സ് എന്നിങ്ങനെ കേരളത്തില്‍ രൂപപ്പെട്ടുവരുന്ന പുതിയ കത്തോലിക്ക സംഘടനകള്‍ വിശ്വാസികളിലെ ഈയൊരു വിഭാഗത്തെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതേസമയം, മതം പരിഗണിക്കാതെ നാം നല്‍കേണ്ട ഒരു സേവനമായിരിക്കണം ഇതെന്ന് ഞാന്‍ കരുതുന്നു.

വിരമിച്ച തലമുറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്രര്‍ക്കുവേണ്ടിയുള്ള പരിചരണത്തിനും ഒരു വലിയ ശക്തികേന്ദ്രമാണ്. നിര്‍ഭാഗ്യവശാല്‍, ആന്തരിക വിഭജനങ്ങള്‍ നിസ്സാരമായ ആരാധനക്രമ തര്‍ക്കങ്ങള്‍ പോലുള്ളവ ഈ സാധ്യതയെ പാഴാക്കുന്നു. ലിറ്റര്‍ജി ആരാധിക്കുന്നവര്‍ക്ക് ഇണങ്ങുന്നതായിരിക്കണം. അപരിചിതമായ രൂപങ്ങളും ഭാവങ്ങളും കര്‍മ്മങ്ങളുമെല്ലാം അടിച്ചേല്‍പ്പിക്കുന്നത് ഇതില്‍ നിന്നു വിച്ഛേദിക്കപ്പെട്ട ഒരു സമൂഹത്തെ മാത്രമേ സൃഷ്ടിക്കൂ. 200 വര്‍ഷത്തോളം സുവിശേഷവല്‍ക്കരണ ശ്രമങ്ങള്‍ക്ക് തടസ്സമായി നിന്ന ഒരു ആരാധനക്രമ വിവാദം ചൈനയിലും ഉണ്ടായിരുന്നു. പൂര്‍വിക ആരാധന, കണ്‍ഫ്യൂഷ്യന്‍ ആചാരങ്ങള്‍ തുടങ്ങിയ പരമ്പരാഗത ചൈനീസ് ആചാരങ്ങള്‍ കത്തോലിക്ക വിശ്വാസവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു 'ചൈനീസ് ആരാധനക്രമ തര്‍ക്കം'.

കുടുംബങ്ങളുടെ വലുപ്പം കുറയുകയും ചൈനയുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തപ്പോള്‍, ജോലിയില്ലാത്ത സമയങ്ങളില്‍ ആളുകള്‍ കടുത്ത ഏകാന്തതയെ അഭിമുഖീകരിക്കുകയാണ്. മതപരമായ പശ്ചാത്തലം എന്തായിരുന്നാലും, പലരും ഒറ്റപ്പെടലിനെ ചെറുക്കുന്നതിനുള്ള അര്‍ഥവത്തായ മാര്‍ഗമായി പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക സഭാപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു.

മാത്തെയോ റിച്ചി പോലുള്ള പ്രമുഖരുടെ നേതൃത്വത്തിലുള്ള ജെസ്യൂട്ടുകള്‍, ഈ ആചാരങ്ങള്‍ മതപരമല്ല, സാംസ്‌കാരികമാണെന്നും ക്രിസ്തുമതത്തിനുള്ളിലേക്കു സ്വീകരിക്കാമെന്നും വാദിച്ചു. നേരെമറിച്ച്, ഡൊമിനിക്കന്‍, ഫ്രാന്‍സിസ്‌കന്‍ മിഷണറിമാര്‍ ഈ ആചാരങ്ങളെ വിഗ്രഹാരാധനയായും കത്തോലിക്ക വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്തതായും കണ്ടു. 1704 ല്‍, പോപ്പ് ക്ലെമെന്റ് പതിനൊന്നാമന്‍ ഈ ആരാധനക്രമകര്‍മ്മങ്ങളെ നിരോധിച്ചു, 1742 ല്‍ പോപ്പ് ബെനഡിക്റ്റ് പതിനാലാമന്‍ ഈ തീരുമാനത്തെ ശരിവച്ചു. ഈ വിലക്ക് ചൈനീസ് അധികാരികളുമായുള്ള സഭയുടെ ബന്ധത്തെ വഷളാക്കി. ആ സമയത്ത് മാമ്മോദീസ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്ന കാങ്‌സി ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍, ഈ നിരോധനം കാരണം തങ്ങളുടെ തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങി.

1939 ആയപ്പോഴേക്കും, നൂറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം, പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ, ഈ പരമ്പരാഗത ആചാരങ്ങളുടെ സാംസ്‌കാരിക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, അവയില്‍ പങ്കെടുക്കാന്‍ ചൈനീസ് കത്തോലിക്കരെ അനുവദിച്ചു. പക്ഷേ, ചൈനയുടെ സുവിശേഷവല്‍ക്കരണത്തിനുള്ള ഒരു സുവര്‍ണ്ണാവസരം അതിനകം നഷ്ടമായിക്കഴിഞ്ഞിരുന്നു. പൂര്‍ണ്ണമായും സഭയെ തന്നെ അവലംബമാക്കിക്കൊണ്ടു സഭ നടത്തുന്ന സംവാദങ്ങളിലൂടെ സഭയ്ക്ക് നഷ്ടമാകുന്നതെന്ത് എന്നു ചരിത്രത്തില്‍ നിന്ന് നമുക്ക് നന്നായി മനസ്സിലാക്കാം. ഈ രീതി അവസാനിപ്പിച്ച് ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുക.

കോവിഡ് പ്രതിസന്ധിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ചൈനീസ് സഭ ഒരുമിച്ച് നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹങ്ങളായിരുന്നു. ചൈനയിലെ വുഹാനില്‍ പകര്‍ച്ചവ്യാധി ബാധിച്ചപ്പോള്‍, അത് ലോകമെമ്പാടുമുള്ള ഒരു ദുരന്തമായി മാറുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാസ്‌ക്കുകള്‍ വാങ്ങി വുഹാനിലേക്ക് അയക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴായിരുന്നു എന്റെ അമ്മയുടെ മരണം. ചൈനയിലാണ് അപ്പോള്‍ എന്റെ ആവശ്യം കൂടുതലെന്നു കരുതി, ഞാന്‍ ആ സമയത്തു വീട്ടിലേക്കു പോകേണ്ടെന്നു നിശ്ചയിച്ചു.

ചൈനയുടെ വന്‍തോതിലുള്ള ഗ്രാമനഗര കുടിയേറ്റം സമൂഹത്തെയും സഭയെയും പുനര്‍നിര്‍മ്മിച്ചു. പലപ്പോഴും ഏകാന്തതയും വിച്ഛേദവും നിറഞ്ഞ നഗരങ്ങളിലേക്ക് യുവ തൊഴിലാളികളും വിദ്യാര്‍ഥികളും ഒഴുകിയെത്തുന്നു. അവര്‍ പള്ളികള്‍ അന്വേഷിക്കുന്നു. 'ഔദ്യോഗിക'മാണോ 'രഹസ്യസഭയുടെ' ഭാഗമാണോ എന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് ക്രിസ്തുവിനെ മാത്രമേ ആവശ്യമുള്ളൂ.

അവസാനമായി അമ്മയെ ഒരു നോക്കു കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ, ഞാന്‍ മാത്രമല്ല, ചൈനയിലെ അനേകര്‍ പരസ്പരം പരിപാലിക്കുന്നതിനായി പറഞ്ഞറിയിക്കാവുന്നതിനപ്പുറമുള്ള ത്യാഗങ്ങള്‍ ചെയ്തു. പിന്നീട്, അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞപ്പോഴേക്കും ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന ഘട്ടമായി. ചൈനീസ് വിശ്വാസികളില്‍ നിന്ന് കുറഞ്ഞത് അമ്പതു ലക്ഷം രൂപയുടെ സംഭാവനകള്‍ മറ്റു പ്രദേശങ്ങളിലെ സേവനങ്ങള്‍ക്കായി ലഭിച്ചതായി എനിക്കറിയാം.

തുടക്കത്തില്‍ എന്തുചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പ്രക്ഷുബ്ധമായ സമയങ്ങളില്‍ ആന്തരിക സമാധാനത്തിന്റെ ഉറവിടമായി ഹെബെയിലെ ചില സഹോദരിമാര്‍ ദിവ്യകാരുണ്യഭക്തിയെ പ്രോത്സാഹിപ്പിച്ചു. ഷാന്‍സിയുടെ ഗ്രാമപ്രദേശത്ത്, ഒരു പുരോഹിതന്‍ വ്യത്യസ്തമായ ഒരു പരിശ്രമം നടത്തി. കുട്ടികള്‍ക്കു കളിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം ചെയ്തത്. അതോടൊപ്പം മതബോധന പരിപാടികളും ഉള്‍പ്പെടുത്തി. യുവഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ നൂതനമാര്‍ഗങ്ങള്‍ തേടിയ സൃഷ്ടിപരമായ ഒരു സുവിശേഷവല്‍ക്കരണ സംരംഭമായിരുന്നു അത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയില്‍ പോകുന്നതു വിലക്കുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഷാങ്ഹായിലെ ഒരു സംഘം ക്യാമ്പിംഗ് എക്‌സ്‌കര്‍ഷനുകള്‍ പോലുള്ള ഊര്‍ജസ്വലമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. കൗമാരക്കാര്‍ക്ക് അതു പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുകയും 'ലൗദാത്തോ സി'യുടെയും ഫ്രാന്‍സിസ് അസ്സീസിയുടെയും ജ്ഞാനം അതു കുട്ടികള്‍ക്കു പകരുകയും ചെയ്തു.

മാതാപിതാക്കളും കുട്ടികളും ഒരുപോലെ സമാശ്വാസം തേടിയപ്പോള്‍, ഓണ്‍ലൈന്‍ വേദികളിലെ സായാഹ്ന പ്രാര്‍ഥനാ യോഗങ്ങള്‍ പോലുള്ള സംരംഭങ്ങള്‍ കുടുംബങ്ങളെ ഒന്നിപ്പിച്ചു, ഒറ്റപ്പെടലിന്റെ സമയത്ത് അതവര്‍ക്ക് ആത്മീയവളര്‍ച്ച നല്‍കി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സഭ പുലര്‍ത്തുന്ന സ്ഥൈര്യവും സ്വന്തം ദൗത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രകടമാക്കുന്നവയാണ് ഈ സംരംഭങ്ങള്‍. ഒരു വിദൂര സ്ഥലത്ത് ചെറിയ താല്‍ക്കാലിക ചുവടുവയ്പ്പുകളായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്, എല്ലാവരും അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍, പ്രതിസന്ധിഘട്ടത്തില്‍ പരസ്പരം കരുതുന്നതിന്റെ മികച്ച മാതൃക ചൈനയിലെ സഭ നല്‍കി.

2018 ല്‍, ചൈനയില്‍ 44 ദശലക്ഷം ക്രിസ്ത്യാനികള്‍ (38 ദശലക്ഷം പ്രൊട്ടസ്റ്റന്റുകള്‍, 6 ദശലക്ഷം കത്തോലിക്കര്‍) ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രൊട്ടസ്റ്റന്റ് സഭകളുടെയും കത്തോലിക്ക സഭയുടെയും എണ്ണത്തിലെ പൊരുത്തക്കേടിന്റെ മൂലകാരണം സഭയുടെ പൗരോഹിത്യമാണെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. സുവിശേഷപ്രസംഗകരായി അല്‍മായരെ നാം ശാക്തീകരിക്കുന്നില്ല.

ഈ കാര്യത്തില്‍, സീറോ മലബാര്‍ സഭയുടെ പ്രതികരണം ആദര്‍ശാത്മകമായിരുന്നില്ല എന്നു പറയാതെ വയ്യ. ആ സമയത്താണ് നമ്മള്‍ ആരാധനക്രമ വിവാദം കുത്തിപ്പൊക്കിയത്. സത്യത്തില്‍ അതുകണ്ടു ഞാന്‍ ഞെട്ടിപ്പോയി. സഭാനേതൃത്വം വിശ്വാസികളുടെ മനോഭാവത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്നു തോന്നി. അനവസരത്തില്‍ അനാവശ്യമായ ഒരു വിവാദം, അതു സംബന്ധിച്ച് നിരന്തരം തര്‍ക്കിക്കുന്ന മെത്രാന്മാരും പുരോഹിതരും. സ്വയം ലജ്ജ തോന്നിയ കാലം. യേശു പറഞ്ഞ കഥയിലെ പുരോഹിതന്മാരെപ്പോലെ വഴിയില്‍ മുറിവേറ്റ മനുഷ്യത്വത്തെ കാണാന്‍ കഴിയാതെപോയ സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പൂര്‍ണ്ണമായ പരാജയം സംഭവിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കാലഘട്ടത്തെ സംബന്ധിച്ച് തികച്ചും അര്‍ഥശൂന്യമായ ഒരു വിവാദം നാം വൃഥാ സൃഷ്ടിച്ചു.

ചൈനയില്‍ നടക്കുന്ന സുവിശേഷവല്‍ക്കരണത്തിന്റെ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു കാഴ്ച, കത്തോലിക്ക യുവാക്കള്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം ഏറ്റെടുക്കുന്നു എന്നതാണ്. ആഴത്തില്‍ സ്പര്‍ശിച്ച ഒരു വീഡിയോ അടുത്തിടെ കണ്ടു ചൈനയിലെ പ്രധാന ഭൂപ്രദേശത്തുള്ള ഒരു കൂട്ടം യുവ കത്തോലിക്കര്‍, 2025 ലെ ജൂബിലി വര്‍ഷത്തിലെ പ്രത്യാശയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രേഖയായ 'പ്രത്യാശ നിരാശപ്പെടുത്തുന്നില്ല' എന്നതു ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയിരിക്കുന്നു. അത് എന്നെ അദ്ഭുതപ്പെടുത്തി. നമ്മുടെ എത്ര സീറോ മലബാര്‍ യുവാക്കള്‍ ഈ രേഖയെക്കുറിച്ച് കേട്ടിട്ടുണ്ട്? ഇന്ത്യയില്‍ നമ്മള്‍ ആരാധനക്രമത്തെയും അധികാരത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ചൈനയിലെ യുവവിശ്വാസികള്‍ വിപ്ലവാത്മകമായ കാര്യങ്ങള്‍ ചെയ്യുന്നു, അവര്‍ വിശ്വാസം ജീവിക്കുന്നു, അത് സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്.

മറ്റൊരു ഉദാഹരണം അവരുടെ 'സ്റ്റഡി ബഡ്ഡി' സംരംഭമാണ്. ഗാവോകാവോ (യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ) ഒരു വിദ്യാര്‍ഥിയുടെ മുഴുവന്‍ ഭാവിയും നിര്‍ണ്ണയിക്കുന്ന ഒരു രാജ്യത്ത്, അതുണ്ടാക്കുന്ന സമ്മര്‍ദം വളരെയധികമാണ്. അതിനാല്‍, യംഗ് കാത്തലിക് സ്റ്റുഡന്റ്‌സ് (YCS) യൂണിവേഴ്‌സിറ്റി മെന്റര്‍മാരെയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെയും ജോഡികളാക്കുന്നു. അക്കാദമിക് മാര്‍ഗനിര്‍ദേശം, വൈകാരിക പിന്തുണ, ഏറ്റവും പ്രധാനമായി, പ്രാര്‍ഥന എന്നിവ വാഗ്ദാനം ചെയ്യുന്നു. യുവജനങ്ങള്‍ക്ക് പരസ്പരം സഹായിക്കാന്‍ അവസരം നല്‍കുന്ന ഈ പരിപാടി, വളരെ മികവുറ്റതും അതേസമയം ലളിതവും തികച്ചും ക്രിസ്തീയവുമായ ഒന്നാണ്.

ബീജിംഗിലെ ഒരു കൂട്ടം യുവസന്നദ്ധപ്രവര്‍ത്തകര്‍ 'കാത്തലിക് അസിസ്റ്റന്റ്' എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2013 മുതല്‍, ചൈനയിലെയും റോമിലെയും സഭയെക്കുറിച്ചുള്ള വിശ്വാസ രൂപീകരണവും വാര്‍ത്തകളും പരിശുദ്ധ പിതാവിനെക്കുറിച്ചുള്ള തത്സമയ സംപ്രേക്ഷണവും നല്‍കുന്നതിനായി പൊതു ഇന്റര്‍നെറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളായ താവോബാവോ അവര്‍ ഉപയോഗിക്കുന്നു. ഇത് സഭയ്ക്ക് ഒരു നല്ല സേവനമാണു നല്‍കിയത്, വളരെ വിജയകരവുമായിരുന്നു. എന്നിരുന്നാലും, 2022 ല്‍ പ്രാബല്യത്തില്‍ വന്ന കര്‍ശനമായ ഇന്റര്‍നെറ്റ് മതവിവര സേവന നിയന്ത്രണങ്ങള്‍ കാരണം ഓഗസ്റ്റില്‍ പ്ലാറ്റ്‌ഫോം താല്‍ക്കാലികമായി തടസ്സപ്പെട്ടു.

രണ്ടാഴ്ചയ്ക്കുശേഷം, പ്ലാറ്റ്‌ഫോം വാന്‍യൂഷെന്‍യുവാന്‍ എന്ന പുതിയ പേരില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടത് സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു. ഇത് ബീജിംഗ് കാത്തലിക് നോര്‍ത്ത് കത്തീഡ്രലുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ ഇത് ബീജിംഗ് ഭരണകൂടത്തിന്റെ അംഗീകൃത കത്തോലിക്ക സഭയുടെ കീഴില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നു. വടക്കന്‍ കത്തീഡ്രല്‍ നിര്‍മ്മിച്ചപ്പോള്‍, കാങ്‌സി ചക്രവര്‍ത്തി (1703) 'എല്ലാറ്റിന്റെയും ഉദ്ഭവം' എന്നര്‍ഥമുള്ള വാന്‍യൂഷെന്‍യുവാന്‍ എന്ന ലിഖിതം പള്ളിയുടെ ഒരു ഫലകത്തില്‍ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയിരുന്നു. ദൈവം എന്ന് അര്‍ഥമാക്കുന്ന ആ പേരാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനു നല്‍കിയിരിക്കുന്നത്. ഭരണകൂടത്തിന്റെ മേല്‍നോട്ടവും വിശ്വാസ ആചാരങ്ങളുമെല്ലാം നേരിട്ട്, ചൈനയുടെ സങ്കീര്‍ണ്ണമായ മത ചട്ടക്കൂടിനുള്ളിലൂടെ മുന്നോട്ടു നീങ്ങുക എളുപ്പമല്ല. എന്നിട്ടും, ചൈനയിലെ യുവകത്തോലിക്കര്‍ക്ക് ഈ നേട്ടം കൈവരിക്കാനായി. അവരുടെ ധാര്‍മ്മിക ധീരതയുടെ ഫലമാണ് ചൈനയിലുടനീളം ഇന്നും അദ്ഭുതകരമായ സേവനങ്ങള്‍ നല്‍കുന്ന ഈ സംരഭം.

ദൈനംദിന സുവിശേഷം വായിക്കുന്നതിനായി മറ്റൊരു നൂതന ആപ്ലിക്കേഷനും കത്തോലിക്ക യുവാക്കള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനുള്ളില്‍ ഒരു ചിപ്പ് ഉണ്ടെന്നതൊഴിച്ചാല്‍ യുവാക്കള്‍ ധരിക്കുന്ന ഒരു സാധാരണ റിസ്റ്റ് ബാന്‍ഡ് പോലെയാണ് ഇത് കാണപ്പെടുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ടെക്സ്റ്റ് സ്‌കാന്‍ ചെയ്യുമ്പോള്‍, അതത് ദിവസങ്ങളുടെ വായനകളും അന്നത്തേക്കുള്ള വ്യാഖ്യാനമോ വിചിന്തനമോ തുറന്നു വരും. നമ്മുടെ കാലത്തെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളുടെ അഭിരുചിക്കനുസരിച്ച് കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ ആവശ്യങ്ങളോട് അവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നു.

200 വര്‍ഷത്തോളം സുവിശേഷവല്‍ക്കരണ ശ്രമങ്ങള്‍ക്ക് തടസ്സമായി നിന്ന ഒരു ആരാധനക്രമ വിവാദം ചൈനയിലും ഉണ്ടായിരുന്നു. പൂര്‍വിക ആരാധന, കണ്‍ഫ്യൂഷ്യന്‍ ആചാരങ്ങള്‍ തുടങ്ങിയ പരമ്പരാഗത ചൈനീസ് ആചാരങ്ങള്‍ കത്തോലിക്ക വിശ്വാസവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു 'ചൈനീസ് ആരാധനക്രമ തര്‍ക്കം'.

ചൈനയുടെ വന്‍തോതിലുള്ള ഗ്രാമനഗര കുടിയേറ്റം സമൂഹത്തെയും സഭയെയും പുനര്‍നിര്‍മ്മിച്ചു. പലപ്പോഴും ഏകാന്തതയും വിച്ഛേദവും നിറഞ്ഞ നഗരങ്ങളിലേക്ക് യുവ തൊഴിലാളികളും വിദ്യാര്‍ഥികളും ഒഴുകിയെത്തുന്നു. അവര്‍ പള്ളികള്‍ അന്വേഷിക്കുന്നു. 'ഔദ്യോഗിക'മാണോ 'രഹസ്യസഭയുടെ' ഭാഗമാണോ എന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് ക്രിസ്തുവിനെ മാത്രമേ ആവശ്യമുള്ളൂ.

ഹോസ്റ്റലുകളിലും യൂണിവേഴ്‌സിറ്റി പട്ടണങ്ങളിലും, കത്തോലിക്ക വിദ്യാര്‍ഥികള്‍ പഴയ വിഭാഗീയതകളുടെ ഭാരമില്ലാത്ത വിശ്വാസസൗഹൃദ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. അവരുടെ സ്വതസിദ്ധമായ കൂട്ടായ്മ ഒരിക്കല്‍ വിഭജിതമായിരുന്ന സഭയെ നിശബ്ദമായി സുഖപ്പെടുത്തുന്നു. ഇതാണ് യുവത്വത്തിന്റെ ശക്തി: അവര്‍ അതിര്‍ത്തികള്‍ സ്വന്തമാക്കുന്നില്ല; അവയെ മറികടക്കുന്നു.

പ്രാദേശിക രൂപതകളില്‍, വൃദ്ധര്‍ക്കും, അനാഥര്‍ക്കും, സമൂഹത്താല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ക്കും വേണ്ടി ഭവനങ്ങള്‍ നടത്തി, വിവേകപൂര്‍വം, എളിയ സേവനങ്ങള്‍ നല്‍കുന്ന ചില സന്യാസസമൂഹങ്ങളുടെ അനുഭവങ്ങള്‍ എടുത്തുപറയേണ്ടതാണ്. ചില സഭാസംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സന്നദ്ധസേവനങ്ങളിലും, ഭൂകമ്പസമയങ്ങളിലും പകര്‍ച്ചവ്യാധികളുണ്ടാകുമ്പോഴും സജീവമായി രംഗത്തു വരുന്നു.

2018 ല്‍, ചൈനയില്‍ 44 ദശലക്ഷം ക്രിസ്ത്യാനികള്‍ (38 ദശലക്ഷം പ്രൊട്ടസ്റ്റന്റുകള്‍, 6 ദശലക്ഷം കത്തോലിക്കര്‍) ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഔദ്യോഗിക നിരീശ്വരവാദ രാജ്യത്ത് ഇത് അദ്ഭുതകരമാണ്. ഇന്ത്യയില്‍ 23 ദശലക്ഷം കത്തോലിക്കരുണ്ടെങ്കിലും, ചൈനയിലെ മൊത്തം ക്രിസ്ത്യന്‍ ജനസംഖ്യ നമ്മുടേതിനെ മറികടക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭകളുടെയും കത്തോലിക്ക സഭയുടെയും എണ്ണത്തിലെ പൊരുത്തക്കേടിന്റെ മൂലകാരണം സഭയുടെ പൗരോഹിത്യമാണെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. സുവിശേഷപ്രസംഗകരായി അല്‍മായരെ നാം ശാക്തീകരിക്കുന്നില്ല.

പ്രൊട്ടസ്റ്റന്റുകാരില്‍, എല്ലാവരും പ്രസംഗിക്കുകയും സഭകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു, അവരുടെ എണ്ണം ക്രമാതീതമായി വളര്‍ന്നു. ഇന്ത്യയിലും, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയിലും, പുരോഹിതാധിപത്യം അല്‍മായര്‍ക്കിടയിലെ സുവിശേഷവല്‍ക്കരണ സംരംഭങ്ങളെ തളര്‍ത്തി. അല്‍മായരെ ശാക്തീകരിക്കുന്നതില്‍ ചൈനീസ് സഭ ഇപ്പോള്‍ വലിയ പുരോഗതി കൈവരിക്കുന്നു. സുവിശേഷവല്‍ക്കരണ ലക്ഷ്യങ്ങളില്‍ നമ്മുടെ സഭ കൂടുതലായി ഇടപെടുകയും അല്‍മായരെ ശാക്തീകരിക്കുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • (ജപ്പാന്‍, തായ്‌വാന്‍, ഹോങ്കോംഗ്, മക്കാവു, മെയിന്‍ലാന്‍ഡ് ചൈന എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലരീഷ്യന്‍ മിഷനറിമാരുടെ [CMF] ഈസ്റ്റ് ഏഷ്യ ഡെലിഗേഷന്‍ സുപ്പീരിയറാണു ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org