യുദ്ധക്കെടുതിയില്‍

യുദ്ധക്കെടുതിയില്‍
''ആധുനിക വൈദികര്‍ പുതിയ ലോകത്തിന്റെ പരിഷ്‌കാരങ്ങളിലും ആര്‍ഭാടങ്ങളിലും ഭ്രമിക്കാതെ ആബെ പിയറിനെ മനസ്സിരുത്തി പഠിക്കണം.''

1939 മുതല്‍ 45 വരെ ആറു വര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തില്‍, സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറുടെ ജര്‍മ്മന്‍ സൈന്യത്തിന്റെ ഘോരാക്രമണത്തില്‍ ഫ്രാന്‍സ് അമ്പെ തകര്‍ന്നു. ഫ്രഞ്ച് ജനത പരിഭ്രാന്തിയിലും ദുഃഖത്തിലും നൈരാശ്യത്തിലും ആണ്ടുപോയി. ദിവസങ്ങള്‍ കഴിഞ്ഞില്ല അപ്പോഴേക്കും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും 6 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ പാരീസിലേക്ക് പ്രവഹിച്ചു. ഭക്ഷണമില്ല, വസ്ത്രമില്ല, പാര്‍പ്പിടമില്ല, തെരു വീഥികളിലും മൈതാനങ്ങളിലും അവര്‍ അലഞ്ഞുതിരിഞ്ഞു. സഹായഹസ്തങ്ങള്‍ നീട്ടാനോ ജീവകാരുണ്യപ്രവര്‍ത്തനം നടത്താനോ ആരുമില്ലാത്ത ദയനീയ സ്ഥിതി.

സുഖലോലുപരുടെയും ഫാഷന്‍ ഭ്രമക്കാരുടെയും വിഹാര ഭൂമിയായ പാരീസിലെ ജനങ്ങള്‍മിക്കവരും വൈദിക വിരുദ്ധ മനോഭാവമുള്ളവരാണെന്ന് അറിഞ്ഞിട്ടും അടിയന്തരഘട്ടത്തില്‍ നിരാലംബരായ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ക്രിസ്തുവിന്റെ സ്‌നേഹം ഹൃദയത്തില്‍ തുടിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതന്‍ - യുവ കപ്പൂച്ചിന്‍ വൈദികന്‍ - സന്നദ്ധനായി. അദ്ദേഹത്തിന്റെ പേര് ഫാദര്‍ ഗ്രൂസ്. പിന്നീട് ഫ്രഞ്ചു ജനത അദ്ദേഹത്തെ ആബെപിയര്‍ എന്ന് വിളിച്ചു. ആബെ പിയര്‍ എന്നാല്‍ അപ്പച്ചനച്ചന്‍ എന്നാണ് അക്ഷരാര്‍ത്ഥം.

ആ കപ്പുച്ചിന്‍ വൈദികന്‍ സാമൂഹ്യസേവനത്തിന് കുതിച്ചിറങ്ങാന്‍ സന്നദ്ധനായെങ്കിലും ആ ശ്രമംവിട്ടു പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ കപ്പൂച്ചില്‍ സഭയില്‍ അന്ന് നിയമമില്ല, അനുവാദമില്ല. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും സുപ്പീരിയര്‍മാര്‍ സമ്മതിച്ചില്ല. സേവനതൃഷ്ണയും സഹജീവി സ്‌നേഹവും മുറ്റി നില്‍ക്കുന്ന ഫാദര്‍ ഉടനെ അവിടുത്തെ ബിഷപ്പിനെ ചെന്നുകണ്ടു സങ്കടമുണര്‍ത്തിച്ച് ആവശ്യമുന്നയിച്ചു. അനുഭാവപൂര്‍വം എല്ലാം ശ്രവിച്ച ബിഷപ്പ് ഒരു പ്രതിവിധി കണ്ടെത്തി. തന്റെ രൂപതയിലെ ഒരു വൈദികനായി പ്രവര്‍ത്തിക്കാന്‍ വിരോധമില്ല എന്ന അനുമതി കൊടുത്തു. അതോടെ കപ്പൂച്ചിന്‍ ഫാദര്‍ ഇടവക വൈദികനായി. രംഗത്തിറങ്ങി പ്രവര്‍ത്തിക്കാനുള്ള സേവന സ്വാതന്ത്ര്യവും ലഭിച്ചു. ഇതോടെ പിയര്‍ ആവേശപൂര്‍വം സേവനം തുടങ്ങി. ഇതിനകം അദ്ദേഹം ജനങ്ങള്‍ക്ക് സ്വീകാര്യനും സുസമ്മതനുമായി കഴിഞ്ഞിരുന്നു.

അപ്പോഴത്തെ അവസ്ഥയെന്താണ്? അമ്പരപ്പിക്കുന്ന അഭയാര്‍ത്ഥി പ്രവാഹം, മരം കോച്ചുന്ന മഞ്ഞ്, എന്ത് ചെയ്യണമെന്ന് അറിയാത്ത ഭരണാധികാരികള്‍, നിസ്സഹായാവസ്ഥയില്‍. ഇതിനകം ഏതാനും ആളുകള്‍ കൊടും തണുപ്പില്‍ മരിച്ചുവീണു. ദുസ്സഹമായ ഈ തണുപ്പില്‍ വീണ്ടും അസംഖ്യം ജനങ്ങള്‍ മരണത്തിലേക്ക് കൊഴിഞ്ഞുവീഴും. ഇതിനിടയില്‍ ഒരു പാതിരാത്രിയില്‍ നടു റോഡില്‍ കിടന്ന്, യാതൊരു മറയുമില്ലാതെ ഒരു സാധു സ്ത്രീ പ്രസവിച്ചു. കന്യകാമേരിക്കു പ്രസവ സമയം അടുത്തപ്പോള്‍ ഒരു കാലിത്തൊഴുത്തെങ്കിലും കിട്ടി. ബസ്സിലും തീവണ്ടിയിലും വിമാനത്തില്‍ പോലും പ്രസവം നടന്നിട്ടുണ്ട്. അപ്പോള്‍ സഹയാത്രക്കാര്‍ പുതപ്പോ തുണികളോ കൊണ്ട് ഒരു മറയുണ്ടാക്കും. ഈ സ്ത്രീക്ക് അങ്ങനെയൊരു മറയുണ്ടാക്കാന്‍ ആരുമുണ്ടായില്ല. ആരുടെ പക്കലും തുണിയും പുതപ്പും ഇല്ല.

പാരീസിലെ മര്‍മ്മഭേദകമായ ഈ ഭീകരാവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ മനംനൊന്തു കഴിയുന്ന ആബെ പിയറിന്റെ വാതില്‍ക്കല്‍ ആ രാത്രിയില്‍ രണ്ട് യുവാക്കള്‍ ഓടിയെത്തി. വിവരങ്ങള്‍ ധരിപ്പിച്ചു. എന്ത് ചെയ്യും? എന്തിനും പണം വേണം. നീറുന്ന നിസ്സഹായത. ഒടുവില്‍ ആബെ പിയര്‍ ആ പാതിരാത്രിയില്‍ പാരീസിലെ റേഡിയോ നിലയത്തിലേക്ക് പാഞ്ഞു. അധികാരികളോട് സ്ഥിതിഗതികള്‍ വിവരിച്ചു. ഒപ്പം പറഞ്ഞു: ''ജനങ്ങള്‍ക്ക് ഒരു അടിയന്തര സന്ദേശം കൊടുക്കാനുണ്ട്.''

ആബെ പിയറിന്റെ മനസ്സും മഹത്വവും ആത്മാര്‍ത്ഥതയും അറിയാവുന്ന അധികാരികള്‍ ആവശ്യം അംഗീകരിച്ചു. തല്‍ക്ഷണം ആ വൈദികന്‍ ഹൃദയം നൊന്തുള്ള ഒരു അഭ്യര്‍ത്ഥന തയ്യാറാക്കി.

ആ പാതിരാവിന്റെ നിശ്ശബ്ദതയില്‍ പാരീസിലെ സൈറണുകള്‍ മുഴങ്ങി. യുദ്ധത്തിന്റെ അടിയന്തരാവസ്ഥക്കാലമായതിനാല്‍ സൈറണ്‍ കേട്ടാല്‍ ഉടനെ എന്തെങ്കിലും അടിയന്തര സന്ദേശം റേഡിയോയിലൂടെ ഉണ്ടാവുമെന്നറിയാം. എല്ലാവരും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. റേഡിയോയില്‍ നിന്നും സന്ദേശം പുറപ്പെട്ടു. ഇത് ആബെ പിയറാണ് സംസാരിക്കുന്നത്. ഫ്രാന്‍സിലെ നല്ലവരായ ജനങ്ങളേ, പ്രത്യേകിച്ചു പാരീസിലെ പൗരാവലിയെ! സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കുന്ന നിങ്ങളെ ശല്യപ്പെടുത്തിയതില്‍ ക്ഷമിക്കണം.''

തുടര്‍ന്ന് പാരീസിലെ അപ്പോഴത്തെ ദൈന്യാവസ്ഥ - അഭയാര്‍ത്ഥികളുടെ പ്രശ്‌നം - ഹൃദയസ്പര്‍ശിയായി അദ്ദേഹം വികാരഭരിതനായി വിവരിച്ചു.

''പൗരമുഖ്യരേ, വ്യവസായ പ്ര മുഖരേ, വര്‍ത്തക പ്രമാണികളേ, ധനാഢ്യരേ, ഉദ്യോഗസ്ഥന്മാരേ, പത്രപ്രവര്‍ത്തകരേ, ബുദ്ധിജീവികളേ! നല്ലവരായ നിങ്ങള്‍ എന്നെ സഹായിച്ചാല്‍ മാത്രം മതി - അഭയാര്‍ത്ഥികളെ സഹായിക്കേണ്ട കാര്യം ഞാനേറ്റു.''

ഇതിന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു. പിറ്റേന്ന് മുതല്‍ ഭക്ഷണം, വസ്ത്രം, കമ്പിളി പുതപ്പുകള്‍, ഔഷധങ്ങള്‍, പണം ഇവയെല്ലാം ആബെ പിയറിന്റെ മുമ്പില്‍ കുമിഞ്ഞുകൂടി. ഏതാണ്ട് ജലപ്രവാഹം പോലെയായിരുന്നു സഹായത്തിന്റെ കുതിച്ചു വരവ്. ഇതിനകം സംഘടിപ്പിക്കപ്പെട്ട വളണ്ടിയര്‍ സേനയും യുവജനങ്ങളുടെ ഗ്രൂപ്പും ചേര്‍ന്ന് ആബെ പിയര്‍ എന്ന വൈദികന്‍ അശരണരായ അഭയാര്‍ത്ഥികളെ മരണത്തില്‍ നിന്ന് രക്ഷിച്ചു. തന്റെ നിസ്വാര്‍ത്ഥവും സന്ദര്‍ഭോചിതവുമായ രക്ഷാ പ്രവര്‍ത്തനം വഴി ക്രിസ്തു ആരാണെന്നും ക്രിസ്തുവിന്റെ സ്‌നേഹം എന്താണെന്നും ആബെ പിയര്‍ ലോകത്തിനു കാട്ടിക്കൊടുത്തു.

വൈദികരോട് പുച്ഛവും വെറുപ്പും വച്ചുപുലര്‍ത്തിയിരുന്ന ഫ്രഞ്ച് സമൂഹത്തിന് അദ്ദേഹം കണ്ണിലുണ്ണിയായി തീര്‍ന്നു. 1946-ല്‍ ഫ്രഞ്ച് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ സാധുജന സേവനം രാഷ്ട്രം അംഗീകരിച്ചു. വീടില്ലാത്തവരുടെ ദുഃഖമായിരുന്നു അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയത്, അതിനുള്ള പരിഹാരമാര്‍ഗം ചിന്തിച്ചതോടൊപ്പം തന്റെ ശമ്പളത്തിന്റെ സിംഹഭാഗവും ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആ ജനപ്രതിനിധി നീക്കിവെച്ചു. യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.

1951-ല്‍ അദ്ദേഹം 'എമ്മാവൂസ്' എന്ന പേരില്‍ ഒരു ഭവന നിര്‍മ്മാണ പദ്ധതി ആരംഭിച്ചു. കുറഞ്ഞ ചെലവിലുള്ള ഭവന നിര്‍മ്മാണ രീതി പ്രചരിപ്പിച്ചും നടപ്പിലാക്കിയും അദ്ദേഹം മുന്നേറി. അങ്ങനെ അതിരൂക്ഷമായ പാര്‍പ്പിട പ്രശ്‌നത്തിന് ഗണ്യമായ പരിഹാരം കണ്ടെത്തി. ഫ്രഞ്ച് സര്‍ക്കാരിന്റെ സകലവിധ സഹായവും പിന്തുണയും സഹകരണവും കൂടെയുണ്ടായിരുന്നു.

പൊതുവെ വൈദികരോട് മതിപ്പില്ലാതിരുന്ന ഫ്രാന്‍സിലെ ജനങ്ങള്‍ ഈ വൈദികനെ ആബെ പിയറിനെ - 'അപ്പച്ചനച്ചന്‍' എന്ന് ആദരപൂര്‍വം വിളിച്ചതില്‍ അത്ഭുതമുണ്ടോ? തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ആധുനിക വൈദികര്‍ പുതിയ ലോകത്തിന്റെ പരിഷ്‌കാരങ്ങളിലും ആര്‍ഭാടങ്ങളിലും ഭ്രമിക്കാതെ ആബെ പിയറിനെ മനസ്സിരുത്തി പഠിക്കുകയും അനുസരിക്കുകയും പാവങ്ങളുടെ പക്ഷം ചേര്‍ന്ന് ജീവിക്കുകയും ചെയ്താല്‍ അത് സഭയ്ക്കും സമൂഹത്തിനും അതുവഴി ക്രിസ്തുവിനും പ്രിയപ്പെട്ടവരാകും.

പഴയ ളോഹയും പഴഞ്ചന്‍ തൊപ്പിയും ധരിച്ച് സന്ധിവാതം മൂലം നടന്നിരുന്ന ആ വൃദ്ധ വൈദികന്‍ ആബെ പിയര്‍ - ഫ്രാന്‍സിലെ ഏറ്റവും പ്രശസ്ത വ്യക്തിത്വങ്ങളില്‍ ഒരാളായി ഉയര്‍ന്ന ആ പുണ്യപുരോഹിതന്‍ - 2007-ല്‍ 95-ാമത്തെ വയസ്സില്‍ ദിവംഗതനായി. ലോകത്തിലെ വൈദിക ഗണത്തിന് ഒരു മഹനീയ മാതൃക!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org