അന്വേഷണം

അന്വേഷണം

എന്റെ ബാല്യത്തിലെ മറക്കാനാവാത്ത മറ്റൊരു സ്മരണ. ഞങ്ങളുടെ താമസം തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് തന്നെ. ഒരാടിനെയും പശുവിനെയും ഞങ്ങള്‍ വളര്‍ത്തിയിരുന്നു. പ്രസവിച്ച ആടും പ്രസവിക്കാത്ത പശുവും. അമ്മ വീട്ടുകാര്‍ സമ്മാനിച്ചതാണ് അവ രണ്ടും. സമ്മാനിച്ചു എന്നതിനേക്കാള്‍ സഹായിച്ചു എന്നു പറയുന്നതാവും ശരി. അമ്മയുടെ വീട് അങ്കമാലിയിലാണ്. മഞ്ഞളി ലോനാക്കുഞ്ഞിയുടെ മകള്‍. പൂര്‍വിക തറവാട്. ഒരു കാര്‍ഷിക കുടുംബം. കെട്ടിച്ചയച്ച മകളുടെ സാമ്പത്തിക ഞെരുക്കത്തിന് അല്പമെങ്കിലും ആശ്വാസമാവട്ടെ എന്നു കരുതിയാണ് മേല്‍പ്പറഞ്ഞ സഹായം.

ആടിനും പശുവിനും കാര്യമായ തീറ്റയൊന്നും വാങ്ങിക്കൊടുക്കാറില്ല. കാലത്തു തൊഴുത്തില്‍ നിന്നു അഴിച്ചു വിട്ടാല്‍ കിഴക്കുവശത്തുള്ള റബ്ബര്‍ തോട്ടത്തിലോ (ഇന്ന് അതു പ്രശസ്തമായ പ്രജ്യോതിനികേതന്‍ കോളജ്) വടക്കു വശത്തുള്ള പാടത്തോ വേലിയില്ലാത്ത പറമ്പുകളിലോ മേഞ്ഞു സായാഹ്നത്തില്‍, നിറഞ്ഞ വയറുമായി അവ താനേ തിരിച്ചെത്തും. ചിലപ്പോള്‍ അല്പം വൈകിയെന്നും വരും.

പതിവു വിട്ടു വൈകിയാല്‍, വേഗം അന്വേഷിക്കാന്‍ പറഞ്ഞ് അമ്മ എന്നെ ഓടിക്കും. അങ്ങനെ പലപ്പോഴും ആടിനേയും പശുവിനെയും മാറി മാറി അന്വേഷിച്ചു ഞാന്‍ കൊണ്ടുവരാറുണ്ട്.

എന്നാല്‍ ഒരു ദിവസം ആടും കുട്ടികളും പതിവുള്ള സമയത്തു തന്നെ വന്നു. പക്ഷേ, പശു എത്തിയില്ല. കുറച്ചുനേരം കാത്തിട്ടു കാണാതായപ്പോള്‍ പരിസരങ്ങളില്‍ നടന്നു ഞാന്വേഷിച്ചു. പശു പതിവായി പോകാറുള്ള സ്ഥലങ്ങളിലും ചെന്നു നോക്കി. കണ്ടില്ല. ഞാനന്നു മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

അമ്മയുടെ നിര്‍ദേശപ്രകാരം അന്വേഷണ പരിധി കുറച്ചുകൂടി വ്യാപിപ്പിച്ചു. മടികൂടാതെ ഞാന്‍ അനുസരിച്ചു. കാരണം ഞങ്ങളുടെ വലിയൊരു മുതലാണ്. പശു പ്രസവിച്ചാലേ മെച്ചമുള്ളൂ അപ്പോള്‍ കൂടുതല്‍ പാലും കൂടുതല്‍ വരുമാനവുമാകും.

പാടത്തും ചില പറമ്പുകളിലും റബര്‍തോട്ടത്തിന്റെ ഭാഗത്തും പോയി അന്വേഷിച്ചു. ഞങ്ങളുടെ വെളുത്ത പശുവിനെ കണ്ടവരാരുമില്ല. ചിലര്‍ ഉച്ചയ്ക്ക് കണ്ടതായി പറഞ്ഞു. പടിഞ്ഞാറു വശത്തുള്ള പള്ളിയുടെ പരിസരങ്ങളില്‍ അന്വേഷിച്ചു. കണ്ടില്ല.

നിരാശനായി ഞാന്‍ തിരിച്ചു പോന്നു. സമയം സന്ധ്യയായിത്തുടങ്ങി. പശു എവിടെപ്പോയി? അമ്മയ്ക്ക് വ്യസനം. അതിലേറെ വ്യസനം എനിക്ക്. ഇനി എവിടെ അന്വേഷിക്കും. ഓടി നടന്ന് എന്റെ കാല് കുറുതായി. അയല്‍പക്കത്തെ ആമീന ഉമ്മയും ഞങ്ങളുടെ പുരയുടമസ്ഥന്റെ ഭാര്യ മറിയം ചേടത്തിയും സഹതപിച്ചു. അമ്മയുടെ പൊരിച്ചലും പ്രയാസവും കണ്ടപ്പോള്‍ എനിക്കു സങ്കടമായി. എവിടെപ്പോകാനും ഞാന്‍ തയ്യാര്‍. ഞാന്‍ അമ്മയോട് പറഞ്ഞു:

''അന്വേഷിക്കാത്ത തെക്കുഭാഗത്തു ഒന്നുപോയി നോക്കിയലോ?''

''എന്നാല്‍ എന്റെ മോന്‍ വേഗം പോയി ഒന്നന്വേഷിക്ക്.''സായാഹ്നം അതിന്റെ മുഴുവന്‍ പ്രകാശവുമായി പിന്‍വലിഞ്ഞു. നേരം സന്ധ്യയായി. ഒരു രൂപവുമില്ലാതെ ഞാനിറങ്ങി. പോകുന്ന വഴി റോഡരികിലെ കപ്പേളയില്‍ കയറി പ്രാര്‍ത്ഥിച്ചു. ആരും പറഞ്ഞിട്ടില്ല. സ്വയം തോന്നി.

നേരെ തെക്കോട്ടു മെയിന്‍ റോഡിലൂടെ ചുറ്റുംനോക്കി നടന്നു. നേരം നന്നേ ഇരുട്ടി. ഏതു ഇരുട്ടിലും പശു എന്നെ കണ്ടാലും ഞാന്‍ പശുവിനെ കണ്ടാലും തിരിച്ചറിയും. വഴിയിലൂടെ എതിരെ വരുന്ന പലരോടും ചോദിച്ചു. ആര്‍ക്കും പിടിയില്ല. അങ്ങനെ കുറെ ദൂരം നടന്നു. ഏതായാലും വീട്ടില്‍ നിന്നു ഏതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരമുള്ള കുറുമാലിപ്പാലം വരെ നടക്കാം. എന്നിട്ടു തിരിച്ചു പോരാം.

ഏറെ പ്രതീക്ഷയോടെ മോഹിച്ചു വളര്‍ത്തിയ പശുവാണ്. ഞങ്ങള്‍ക്കതു നഷ്ടപ്പെടുമോ? ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയിരിക്കുമോ? കാലിച്ചന്തയിലേക്കു ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന കന്നുകാലിക്കൂട്ടത്തിലൂടെ ഞങ്ങളുടെ പശുവിനെയും കൊണ്ടുപോയിരിക്കുമോ? ഇങ്ങനെ പലവിധ ചിന്തകളോടെ നടന്നു നടന്നു പാലം വരെ എത്തി. ഞാനവിടെ നിന്നു നിസ്സഹായതയോടെ കരയാറായി മട്ടില്‍ ചുറ്റും നോക്കി. ഇരുട്ടു നിറഞ്ഞ അന്തരീക്ഷം. ആകാശം നിറയെ കറുത്തമേഘങ്ങള്‍ സന്ധ്യരാത്രിക്ക് വഴിമാറിക്കൊടുക്കുകയാണ്. പരിസരത്തൊന്നും ആണുങ്ങളുടെ അനക്കമില്ല പേടിപ്പെടുത്തുന്ന ഏകാന്തത. അകലെ ചില കൂരകളില്‍ ചിമ്മിനി വിളക്കു കത്തുന്നുണ്ട്. പാലത്തിനടിയിലൂടെ ഇതൊന്നുമറിയാതെ കുറമാലിപ്പുഴ കുതിച്ചൊഴുകുന്നു. ഇനിയെന്തു ചെയ്യും എന്നറിയാതെ ഞാന്‍ വിഷമിച്ചു നില്‍ക്കുകയാണ്.

ആ സമയത്തു പാലത്തിലൂടെ നടന്നുവന്ന ഒരു മനുഷ്യന്‍ അസമയത്തു അസാധാരണമായി നല്‍ക്കുന്ന കൊച്ചുകുട്ടിയായ എന്നോടു ചോദിച്ചു, ''എന്താ കുട്ടീ ഇങ്ങനെ നില്‍ക്കണെ?''

''ഞങ്ങളുടെ പശുവിനെ കാണാനില്ല. എല്ലാടത്തും നോക്കി'' സങ്കടത്തോടെ ഞാന്‍ പറഞ്ഞു.

''എന്താ നിറം?''

''വെള്ള.''

''ഒരു വെള്ളപ്പശുവിനെ നന്തിക്കരയ്ക്കപ്പുറം ഒരു ചായക്കടയില്‍ പിടച്ചു കെട്ടിയിട്ടുണ്ട്. വഴിതെറ്റി വന്നതാണത്രെ.''

എനിക്ക് വിശ്വാസിക്കാന്‍ കഴിയാത്ത പോലെ, അടക്കാനാവാത്ത ആനന്ദം! ആ നല്ല മനുഷ്യന്‍ നന്തിക്കരയ്ക്കുള്ള വഴിയും വിവരങ്ങളും പറഞ്ഞു തന്നു.

''കട പൂട്ടുമ്പോഴേക്കും കുട്ടി വേഗം ചെന്നോളൂ!''

ഇതു പറഞ്ഞു അയാള്‍ പോയി. തെല്ലുനേരം ഞാന്‍ ശങ്കിച്ചു നിന്നു.

നിമിഷങ്ങള്‍ കഴിഞ്ഞു ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പറഞ്ഞ ആളെ കാണുന്നില്ല. കൂരിരുട്ടുകൊണ്ട് കാണാഞ്ഞതാണോ? ആരാണയാള്‍? എവിടെപ്പോയി? ആ മനുഷ്യന്‍ എന്നോടു ഇതു പറയാനായിട്ടു മാത്രം പറന്നുവന്ന ദൈവദൂതനോ? പ്രത്യക്ഷപ്പെട്ട പുണ്യവാളനോ? അതോ എന്റെ പേരുള്ള ഔസേപ്പ് പിതാവോ? എല്ലാം ഒരു സ്വപ്നം പോലെ.

തീവണ്ടി പോകുന്ന പാലമാണ്. അതു കടക്കണം. പിന്നെയും ഒരു കിലോ മീറ്ററിലധികം ദൂരമുണ്ട്. അമ്മയോട് പറയേണ്ടേ? പറയാന്‍ വേണ്ടി തിരിച്ചുപോയാല്‍ ചായക്കട പൂട്ടും.

കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. ദൈവത്തോടു പ്രാര്‍ത്ഥിച്ച് കുരിശുവരച്ചശേഷം റെയില്‍പാളങ്ങള്‍ക്കു മധ്യേ ഉടനീളം ഉറപ്പിച്ചിട്ടുള്ള പലകകളിലൂടെ നടന്നു പാലം കടന്നു. കുഞ്ഞിക്കാലുകള്‍ നീട്ടിവച്ച് പിന്നേയും നടന്നു. ക്ഷീണം അറിഞ്ഞതേയില്ല. കുറെ ദൂരം നടന്നപ്പോള്‍ വഴിയരികിലെ റാന്തല്‍ വിളക്കു കത്തുന്ന ചായക്കട കണ്ടു. അതിന്റെ മുമ്പില്‍ അതാ നില്‍ക്കുന്നു ഞങ്ങളുടെ വെള്ളപ്പശു!

ഞാന്‍ ഓടിയടുത്തു. പശു എന്നെ കണ്ടപ്പോള്‍ സന്തോഷം കൊണ്ടാവണം മുരണ്ടു, കരഞ്ഞു, തലകുലുക്കി. ഞാന്‍ ചെന്നു തലോടി. നെറ്റിയില്‍ വാത്സല്യത്തോടെ ചൊറിഞ്ഞു കൊടുത്തു.

''ഇതു ഞങ്ങടെ പശുവാ.'' ചായക്കടക്കാരനെ അറിയിച്ചു. വിവരങ്ങളെല്ലാം അന്യോന്യം ചോദിച്ചു. പറഞ്ഞു. എല്ലാം ബോധ്യപ്പെട്ടു. അവരുടെ കയറുകൊണ്ടാണ് പശുവിനെ കെട്ടിയിരിക്കുന്നത്. എന്നോട് അനുകമ്പ തോന്നി കയറോടുകൂടി പശുവിനെ തന്നു. മനസ്സില്‍ നന്മയുള്ള എന്തു നല്ല മനുഷ്യന്‍!

''ഇനിയും വൈകേണ്ട മോന്‍ വേഗം പൊയ്‌ക്കോ!''

എന്റെ പക്കല്‍ പണമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്കു കൊടുത്തേനെ. നന്ദിയോടെ കൈകൂപ്പി സ്തുതി മാത്രം കൊടുത്തു. ഏറ്റവും വേഗത്തില്‍ പശുവിനെയും കൊണ്ടു തിരിച്ചു പോന്നു.

സമയം രാത്രിയായി. അമ്മയ്ക്ക് പരിഭ്രാന്തി. പശുവിനെ തേടിപ്പോയിട്ടു മോനുമില്ല. പശുവുമില്ല. വ്യസനം വര്‍ധിച്ചു. അമ്മ കരഞ്ഞു തുടങ്ങി. ചുറ്റുവട്ടത്തുള്ളവര്‍ മുറ്റത്തുകൂടി. എല്ലാവര്‍ക്കും ഉല്‍ക്കണ്ഠ. എന്നെ അന്വേഷിച്ചിറങ്ങാനുള്ള ഒരുക്കത്തിലാണവര്‍.

അപ്പോഴേക്കും അകലെ നിന്ന് എന്റെ വിളി.

''അമ്മേ! പശുവിനെ കിട്ടി.''

എല്ലാവര്‍ക്കും അതിശയം. ആനന്ദം പക്ഷേ, അമ്മ കരഞ്ഞുകൊണ്ടു ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി.

ഇതെല്ലാം സംഭവിച്ചതു ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നോര്‍ക്കണം. എട്ടുവയസ്സു തികയാത്ത ഞാന്‍ അന്നു നടന്നു കൂട്ടിയത് എത്ര കിലോമീറ്റര്‍? (കിലോ മീറ്റര്‍ എന്നു പറഞ്ഞെന്നേയുള്ളൂ. അന്നു നാഴിക കണക്കാണ്.)

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org