
2008 മുതല്‍ പത്തോളം തവണ ബ്രഹ്മപുരം വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ (മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന് രേഖകളില്‍) തീപിടുത്തം ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2019ലും 2020 ലും ഉണ്ടായ തീപിടുത്തത്തില്‍ മാത്രമേ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തിയിട്ടുള്ളൂ. കേന്ദ്ര ഗവേഷണ കേന്ദ്രം (NIIST) ഈ പ്രദേശങ്ങളിലെ വായുവിലും, മണ്ണില്‍ വീണ ചാരത്തിലും, കണ്ടെത്തിയത് ദീര്‍ഘകാലം ജീവന് ഭീക്ഷണിയാകുന്ന മാരകമായ വിഷവസ്തുക്കളായ ഡയോക്‌സിനുകളുടെയും ഫുറാന്‍സയും (dirty dozen pollutants) വലിയ അളവിലുള്ള സാന്നിധ്യമാണ്.
കൊച്ചിയിലെ ബ്രഹ്മപുരത്തെ 60 ഏക്കര്‍ വരുന്ന പ്ലാസ്റ്റിക് മലകള്‍ക്ക് നീണ്ട 12 ദിവസം തീ പിടിച്ചപ്പോള്‍ എറണാകുളം ജില്ല അക്ഷരാര്‍ത്ഥത്തില്‍ പുകദുരന്തത്തിന് ഇരയാക്കപ്പെടുകയായിരുന്നു. എറണാകുളം ജില്ലയുടെ കിഴക്ക് കിഴക്കമ്പലം, പള്ളിക്കര മുതല്‍ പടിഞ്ഞാറ് ഫോര്‍ട്ട്‌കൊച്ചി വരെയുള്ള പ്രദേശങ്ങളില്‍ പുക പടലങ്ങള്‍ നിറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള കൊച്ചിയിലെ നിരവധി മനുഷ്യര്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി. വൈറ്റിലയിലുള്ള മലിനീകരണ നിയന്ത്രണ ബോഡിന്റെ മലിനീകരണ സൂചിക ഡിസ്‌പ്ലേ ബോര്‍ഡ് ഈ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. കൊച്ചിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് എല്ലാ സീമകളും ലംഘിച്ചു. സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ് ലഭിക്കാത്ത നഗരത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സാധാരണ ജീവിതം തുടര്‍ന്നു. 5 ലക്ഷം ടണ്ണോളം വരുന്ന പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്ന മലകള്‍ക്ക് തീപിടിച്ചാലുണ്ടാകുന്ന രാസ അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ തീര്‍ത്തും ബോധവാന്മാര്‍ ആയിരുന്നില്ല.
2008 മുതല്‍ പത്തോളം തവണ ബ്രഹ്മപുരം വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ (മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന് രേഖകളില്‍) തീപിടുത്തം ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2019ലും 2020 ലും ഉണ്ടായ തീപിടുത്തത്തില്‍ മാത്രമേ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തിയിട്ടുള്ളൂ. കേന്ദ്ര ഗവേഷണ കേന്ദ്രം (NIIST) ഈ പ്രദേശങ്ങളിലെ വായുവിലും, മണ്ണില്‍ വീണ ചാരത്തിലും, കണ്ടെത്തിയത് ദീര്‍ഘകാലം ജീവന് ഭീക്ഷണിയാകുന്ന മാരകമായ വിഷവസ്തുക്കളായ ഡയോക്‌സിനുകളുടെയും ഫുറാന്‍സയും (dirty dozen pollutants) വലിയ അളവിലുള്ള സാന്നിധ്യമാണ്. 2019-ല്‍ കേവലം 2 ദിവസം ഒരു ചെറിയ പ്രദേശത്തുണ്ടായ തീ പിടുത്തം മൂലമുണ്ടായ വിഷവസ്തുക്കള്‍ 13 ലക്ഷം ആളുകളെ നേരിട്ട് ബാധിക്കും എന്ന് ആ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വിഷപ്പുക ശ്വസിച്ചതിലൂടെ നമ്മുടെ ശരീരത്തില്‍ കടന്നുകൂടിയത് ക്യാന്‍സര്‍, ജനിതക വൈകല്യങ്ങള്‍, കിഡ്‌നി രോഗങ്ങള്‍, ശ്വാസ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കാനിടയുള്ള മാരകമായ ഡയോക്‌സിന്‍, ഫുറാന്‍സ് തുടങ്ങിയ വിഷവസ്തുക്കളാണ്. ദുരന്തങ്ങള്‍ തടയാന്‍ അന്ന് ആ ഗവേഷകര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല മറ്റൊരു മഹാദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തു. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്ന് തുടങ്ങി വിഷപ്പുക ശ്വസിച്ചവര്‍ക്ക് മാരകമായ രോഗങ്ങളാണ് വരുംദിനങ്ങളില്‍ കാത്തിരിക്കുന്നതെന്ന് തീര്‍ച്ച.
രാസവിഷപ്പുക മാറിയതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമോ?
രാസവിഷപ്പുകമാറി മഴ പെയ്തതോടു കൂടി എല്ലാ അപകടങ്ങളും അവസാനിച്ചുവെന്ന ആശ്വാസത്തിലാണ് നഗരത്തിലെ മനുഷ്യര്‍. എന്നാല്‍ മഴ പെയ്തതിലൂടെ ഈ വിഷവസ്തുക്കള്‍ കൂടുതല്‍ അപകടകരമായ രീതിയില്‍ വ്യാപിക്കാനാണ് സാധ്യതകളുള്ളത്. അന്തരീക്ഷത്തിലുള്ള വിഷ വസ്തുക്കള്‍ (ഡയോക്‌സിന്‍സ് ഫുറാന്‍സ് തുടങ്ങിയ വിഷവസ്തുക്കള്‍) മഴയിലൂടെ നിങ്ങളുടെ മുറ്റത്ത് എത്തിയിട്ടുണ്ടാകും. ആയിരകണക്കിനു വര്‍ഷം ഇത് അപകടകാരിയായി, നമ്മുടെ ജീവന് ഭീഷണിയായി പ്രകൃതിയില്‍ നിലനില്‍ക്കും. അതുകൊണ്ടാണ് ഇതിനെ ശാസ്ത്രം POPs (പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ട്‌സ്) ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. ഇത് കുടിവെള്ളത്തില്‍ കൂടിയും നമ്മുടെ ചുറ്റുമുള്ള ഭക്ഷ്യവസ്തുക്കളില്‍ (പാല്‍, മുട്ട, മത്സ്യം, പച്ചക്കറികള്‍) കൂടിയും നമ്മുടെ ശരീരത്തില്‍ എത്തിച്ചേരും. അത് അപകടകരമായ നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കും. ഇറ്റലിയിലെ സെവെസോ (Seveso) നഗരത്തില്‍ നടന്ന വിഷപ്പുക ദുരന്തം ഉണ്ടാക്കിയ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. 1970-കളില്‍ ഡയോക്‌സിന്‍സ്, ഫുറാന്‍സ് തുടങ്ങിയ വിഷവസ്തുക്കള്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും അവിടെ തുടരുന്നു.
ബ്രഹ്മപുരത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന 100 ഏക്കര്‍ പ്രദേശത്തോട് ചേര്‍ന്നാണ് കടമ്പ്രയാര്‍ ഉള്ളത്. 2022 ലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനത്തില്‍ കേരളത്തിലെ ഗുരുതരമായി മലിനീകരിക്കപ്പെട്ട ഒരു പുഴയാണിത്. ഇതിനെല്ലാം പുറമെ ബ്രഹ്മപുരത്ത് തീകെടുത്താന്‍ ഉപയോഗിച്ച കോടികണക്കിന് ലിറ്റര്‍ വെള്ളം വിഷമാലിന്യത്തോടൊപ്പം കടമ്പ്രയാറിലും അതുവഴി ചിത്രപുഴയിലും കൊച്ചിക്കായലിലും എത്തിയിട്ടുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കൊച്ചി. വിഷപ്പുക എത്തിച്ചേര്‍ന്നതും അല്ലാത്തതുമായ കൊച്ചിയിലെ എല്ലാ ദ്വീപുകളിലും ഈ വിഷം വെള്ളത്തിലൂടെയും എത്തിച്ചേരും. കടമ്പ്രയാര്‍ എത്തിച്ചേരുന്നത് കൊച്ചിയിലെ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൊച്ചിക്കായലിലും. കായലിലെ വേലിയേറ്റ വേലിയിറക്കങ്ങളില്‍ തെക്കു വടക്കു കായലിലും താഴോട്ട് ഒഴുകുന്ന പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഈ വിഷവസ്തുക്കള്‍ അനായാസേന എത്തിച്ചേരും. കായല്‍ ഭക്ഷ്യവിഭവങ്ങളില്‍ (മല്‍സ്യം, കക്ക) കൂടിയും കായലോരത്തെ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വിഭവങ്ങളില്‍ (നെല്ല്, തേങ്ങ, പച്ചക്കറി) കൂടിയും ഇത് മനുഷ്യരില്‍ എത്തിച്ചേരും (bio- accumulation and biomagnification).
ഡയോക്‌സിന്‍ എന്ന അദൃശ്യ കൊലയാളി
പ്ലാസ്റ്റിക് തീ പിടുത്തത്തിലെ ഏറ്റവും അപകടകരമായ രാസവസ്തു അദൃശ്യനായ ഡയോക്‌സിനാണ്. ഒരു പറ്റം തന്മാത്രകള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഡയോക്‌സിന്‍സ്. യൂറോപ്യന്‍ യൂണിയന്റെ പഠന വിഭാഗമായ EFSA-യുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഡയോക്‌സിനുകള്‍ മനുഷ്യരില്‍ പ്രത്യുല്‍പാദന സംബന്ധമായ പ്രശ്‌നങ്ങള്‍, രോഗപ്രതി രോധശേഷിയില്‍ ഉണ്ടാകുന്ന വ്യതിയാനം, ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ക്യാന്‍സര്‍, തുടങ്ങിയവയ്ക്ക് കാരണമാകാം. ഡയോക്‌സിനുകള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അവയുടെ രാസസ്ഥിരതയും, ശരീരത്തിലെ കൊഴുപ്പ് ടിഷ്യു ആഗിരണം ചെയ്യാനുള്ള കഴിവും കാരണം അവ വളരെക്കാലം നിലനില്‍ക്കും. ശരീരത്തില്‍ സംഭരിക്കപ്പെടുന്ന വിഷവസ്തുക്കളുടെ അര്‍ധായുസ്സ് 7 മുതല്‍ 11 വര്‍ഷം വരെ ആയി കണക്കാക്കപ്പെടുന്നു. ഇത് ദീര്‍ഘകാലത്തിലുള്ള പ്രത്യാഘാ തങ്ങള്‍ക്ക് ഇടയാക്കും.
ഡയോക്‌സിന്‍ എന്ന അദൃശ്യ രാസവസ്തുമൂലം 70-കളില്‍ത്തന്നെ ലോകത്തു വലിയ ദുരന്തങ്ങള്‍ നേരിട്ടിട്ടുണ്ട്. അപകടങ്ങളുടെ പ്രത്യാഘാതങ്ങള്‍ നീണ്ട 50 വര്‍ഷമായി ഇന്നും അവിടെ തുടരുന്നു. വിയറ്റ്‌നാം, ഇറ്റലിയിലെ സെവെസോ, സ്വീഡന്‍ എന്ന് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. 3 ദശലക്ഷം ഇരകളാണ് വിയറ്റ്‌നാമില്‍ മാത്രം ഉള്ളത്. നിരവധി സ്ത്രീകള്‍ക്ക് പ്രത്യുല്‍പാദനശേഷി നഷ്ടപ്പെട്ടു. ജനിതക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചത് ആയിരകണക്കിന് ആളുകളെയാണ്. ഇത്തരത്തിലുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകത്ത് ഡയോക്‌സിന്‍ പുറത്ത് വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിലപാടുകള്‍ ലോകത്തെമ്പാടും എടുക്കുന്നത്. നമ്മുടെ നാട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടുന്ന മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്തു കത്തിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് 50,000 രൂപ വരെ പിഴയീടാക്കാവുന്നതാണ്. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഇതേക്കുറിച്ചുള്ള വിശദമായ ഉത്തരവ് 28-04-2015 ല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തിയത് ഈ അദൃശ്യ വിഷവസ്തുവിന്റെ സാന്നിധ്യം ഒഴിവാക്കാന്‍ വേണ്ടിയാണ്. ഇത്രയേറെ ബോധ വല്‍കരണം സര്‍ക്കാര്‍ നടത്തുമ്പോള്‍ത്തന്നെ അപകടം നടന്നത് നിര്‍ഭാഗ്യവശാല്‍ കൊച്ചി കോര്‍പ്പറേഷന്റെ ഡമ്പിങ് യാര്‍ഡിലുമാണ്.
ഈ മഹാദുരന്തത്തില്‍ അധികാരികള്‍ തുടരുന്ന കുറ്റകരമായ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കണം. പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം 12 ദിവസം നിന്ന് കത്തി, കൊച്ചിയാകെ വിഷപ്പുക നിറഞ്ഞപ്പോള്‍ യാതൊരുവിധ സുരക്ഷാനടപടികളും എടുക്കാതെ പ്രശ്‌നങ്ങള്‍ മറച്ചുപിടിച്ച് കുഞ്ഞുങ്ങളെയും, ഗര്‍ഭിണികളെയും, ശ്വാസകോശ രോഗികളെയും നഗരത്തിലെ വിഷപ്പുകയില്‍ തുടരാന്‍ അനുവദിച്ചത് ക്രിമിനല്‍ കുറ്റമാണ്.
'വായുവിലും വെള്ളത്തിലും ഉള്ള ഡയോക്‌സിന്‍സ്, ഫുറാന്‍സ് ഘനലോഹങ്ങള്‍ തുടങ്ങിയ വിഷവസ്തുക്കളുടെ അളവ് എത്രയെന്നുള്ള വിശദമായ പഠനങ്ങള്‍ നടത്തപ്പെടേണ്ടതുണ്ട്. കൊച്ചിയിലെ ഏതെല്ലാം പ്രദേശങ്ങളില്‍ ഈ വിഷവസ്തുക്കളുടെ സാന്നിധ്യമുണ്ട് എന്ന് ശാസ്ത്രീയമായി മനസ്സിലാക്കി ദീര്‍ഘകാലത്തില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടേണ്ടതുണ്ട്. ബ്രഹ്മപുരത്ത് ദുരിതനിവാരണത്തില്‍ പങ്കാളികളായവരെയും ഇരകളാക്കപ്പെട്ടവരെയും 5 വര്‍ഷത്തേക്ക് പ്രത്യേക രോഗനിരീക്ഷണം നടത്തി അര്‍ഹമായ നഷ്ടപരിഹാരങ്ങള്‍ നല്‍കേണ്ടതാണ്.