മതസൗഹാര്‍ദ്ദം: പ്രസക്തിയും പ്രയോഗവും

മതസൗഹാര്‍ദ്ദം: പ്രസക്തിയും പ്രയോഗവും
എല്ലാ മതഗ്രന്ഥങ്ങളിലും ഉപരിപ്ലവമായി ചിന്തിക്കുന്നവര്‍ക്ക് വിമര്‍ശിക്കാനുള്ള പരാമര്‍ശങ്ങള്‍ ധാരാളമായി ഉണ്ടെന്നുള്ള വസ്തുത ഓരോരുത്തരും മനസ്സിലാക്കുക. അതുകൊണ്ട് പരസ്പരം ചെളി വാരിയെറിയാന്‍ തുനിയാതിരിക്കുക. എന്നാല്‍ ഉല്പതിഷ്ണുക്കള്‍ സ്വന്തം മതത്തെ ഉള്ളില്‍നിന്നും വിമര്‍ശിക്കുന്നത് മതങ്ങളുടെ ജീര്‍ണ്ണതകളെ ഒരു പരിധി വരെ തടയും.

ഭാരതം ലോകത്തിനു മുന്നില്‍ എന്നും മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായിരുന്നു. കേരളമാകട്ടെ അക്കാര്യത്തില്‍ ഒരുപടി മുന്നിലുമായിരുന്നു. ഇവിടെ എല്ലാ മതവിശ്വാസികളും ഒത്തൊരുമിച്ച് സാഹോദര്യത്തോടും സര്‍വര്‍ത്തിത്വത്തോടും കൂടി കഴിഞ്ഞിരുന്നു. എന്നാല്‍ അടുത്ത കാലത്തായി നമ്മുടെ സാമൂഹികാന്തരീക്ഷം വളരെ കലുഷിതമായി.രിക്കുന്നു. വെറും സാധാരണക്കാരായ ജനങ്ങള്‍ക്കും സാമൂഹിക ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. അവരാരും തന്നെ ഈ കുതന്ത്രങ്ങളില്‍ ഭാഗഭാഗിത്വം ഉള്ളവരുമല്ല. മതസൗഹാര്‍ദ്ദത്തിനു പകരം മതവിദ്വേഷത്തിന്റെ അലയൊലികള്‍ നമ്മുടെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ കാര്യകാരണങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ദൈവം, മതങ്ങള്‍, മതസൗഹാര്‍ദ്ദം, മതവിദ്വേഷം, മതസൗഹാര്‍ദ്ദത്തിന്റെ പ്രായോഗികത എന്നിവയൊക്കെ ചര്‍ച്ച ചെയ്യണ്ടി വരും. വളരെ സങ്കീര്‍ണ്ണവും ദൈര്‍ഘ്യമേറിയ ചിന്തകള്‍ ആവശ്യമായി വരുന്നതുമായ ഒരു സംഗതിയാണത്. എങ്കിലും അന്നന്നുവേണ്ടുന്ന അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്റെ മാനസികനിലയില്‍ നിന്നുകൊണ്ട് ഇക്കാര്യങ്ങള്‍ ചുരുക്കി ഒന്നു വിലയിരുത്തുകയാണ്.

മതവും ദൈവവും

ചരിത്രാതീത കാലം മുതല്‍ ലോകത്തില്‍ അനേകം മതങ്ങള്‍ ഉണ്ട്. ഈ മതങ്ങളില്‍ ചുരുക്കം ചിലത് ഒഴിച്ച് ബാക്കിയെല്ലാം മനുഷ്യനെ, മനുഷ്യന്‍ എന്ന തലത്തില്‍നിന്നും ഉയര്‍ത്തി ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി മനുഷ്യനും ഒരു മൃഗമാണ്. പക്ഷേ, മൃഗങ്ങള്‍ക്കില്ലാത്ത മാനസികവും ആധ്യാത്മികവുമായ ഒരു തലം മനുഷ്യന് ഉള്ളതുകൊണ്ടാണല്ലൊ മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാകുന്നത്. മതങ്ങള്‍ മനുഷ്യനെ ദൈവാഭിമുഖ്യമുള്ളവന്‍ ആക്കുന്നുവെന്ന് പറഞ്ഞുവല്ലൊ. അങ്ങനെയാണെങ്കില്‍ ഈ ദൈവം ആരാണ് എന്നുള്ള ചോദ്യം പ്രസക്തമാകുന്നു.

ആരാണീ ദൈവം

സര്‍വ്വശക്തനും, സര്‍വ്വജ്ഞാനിയും, പ്രപഞ്ചവും അതിലുള്ള സര്‍വ്വചരാചരങ്ങേളയും സൃഷ്ടിച്ചവനും, എന്നാല്‍ ആരാലും സൃഷ്ടിക്കപ്പെടാത്തവനും, ആദിയും അന്തവുമില്ലാത്തവനും, സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം ഉടയവനായവനും, എല്ലാറ്റിനേയും പരിപാലിക്കുന്നവനും, സര്‍വ്വവ്യാപിയായവനും.... ഇങ്ങനെയൊക്കെയാണല്ലോ ദൈവം എന്ന വാക്കുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. (നിരീശ്വരവാദികളെ ഒഴിവാക്കുന്നു.)

എത്ര ദൈവങ്ങള്‍?

മേല്‍പറഞ്ഞ ഗുണവിശേഷങ്ങള്‍ വെച്ചുനോക്കുമ്പോള്‍ എത്ര ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കേണ്ടി വരും? ഒന്നു ചിന്തിച്ചു നോക്കുക. ഒരേ ഒരു ദൈവത്തിനു മാത്രമേ പ്രസക്തിയുള്ളൂ. അതിനര്‍ത്ഥം, മതങ്ങള്‍ എല്ലാം ചൂണ്ടിക്കാണിക്കുന്ന ദൈവം ഒന്നു മാത്രമേയുള്ളൂ. വേറൊരു വാക്കില്‍ പറഞ്ഞാല്‍, വിവിധങ്ങളായ പേരുകളില്‍ വിവിധ മതങ്ങളില്‍ വെളിപ്പെടുത്തപ്പെടുന്ന ദൈവം ഒന്നു തന്നെയാണ്. ഒരു ഉദാഹരണം നോക്കാം. ശ്രീ. മോഹന്‍ലാല്‍ എന്ന സിനിമാ നടന്‍ ഹിന്ദുവായും മുസല്‍മാനായും ക്രിസ്ത്യാനിയായും കച്ചവടക്കാരനായും വണ്ടിക്കാരനായും വക്കീലായും ഒക്കെ അനേകം വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. എന്നു വച്ച് അദ്ദേഹം ഒരു കച്ചവടക്കാരനാണ്, അയാള്‍ ഒരു മുസ്ലീമാണ്, അതല്ലാ ക്രിസ്ത്യാനിയാണ് എന്നൊക്കെ പറഞ്ഞാല്‍ യാഥാര്‍ത്ഥ്യമല്ലല്ലൊ. എന്നാലും ആ വേഷങ്ങളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ, ദൈവത്തിന്റെ ചില ഗുണങ്ങള്‍ മാത്രം എടുത്തുപറഞ്ഞിട്ട്, ദൈവം അങ്ങനെയാണ്, അങ്ങനെ മാത്രമേ ആകാവൂ എന്നു വാശിപ്പിടിക്കുന്നത് ഉചിതമാണോ? സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലും കൂടി ദൈവത്തെ അന്വേഷിക്കുകയും മനസ്സിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതല്ലെ കരണീയം.

കത്തോലിക്കാ സഭയുടെ പരമാചാര്യനും, ലോകം മുഴുവന്‍ ആദരിക്കപ്പെടുന്നവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു, ''എന്റെ ദൈവം കത്തോലിക്കനല്ല.'' (സത്യദീപം 2018 ജനുവരി 11-17).

പത്തു സംസ്ഥാനങ്ങളിലായി 16 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നല്കുന്ന 'അക്ഷയപാത്ര' എന്ന പദ്ധതിയുണ്ട്. അതിന്റെ ചെയര്‍മാന്‍ മധു പണ്ഡിറ്റ് ദാസ, അദ്ദേഹത്തിന്റെ ഗുരുവിന്റെ ദര്‍ശനങ്ങളെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്. ''ദൈവം ഒരിക്കലും ഹിന്ദുവോ, ക്രിസ്ത്യാനിയോ മുസ്ലീമോ അല്ല. ദൈവം ദൈവമാണ്. ഹിന്ദു വേദന, മുസ്ലീം വേദന, ക്രിസ്ത്യന്‍ വേദന എന്നില്ലല്ലോ. വേദന വേദന തന്നെ. ലോകം ഒന്നാണെന്നും അതിരുകള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണെന്നും മനസ്സിലാക്കിയാല്‍ നിങ്ങള്‍ എവിടെ പ്രവര്‍ത്തനകേന്ദ്രമാക്കിയാലും ലോകം മുഴുവന്‍ സേവനം നടത്താനാകും. (മലയാള മനോരമ, സണ്‍ഡേ സപ്ലിമെന്റ് 2016 ഡിസംബര്‍ 18.)

''ഈശ്വരന്മാരും ഈശ്വരിമാരും നിരവധിയുണ്ടെങ്കിലും, ദൈവം ഒന്നേയുള്ളൂ'' എന്ന വിശ്വാസമാണ് ഹിന്ദു മതത്തിലും ഉള്ളതെന്ന് ശ്രീ രാമകൃഷ്ണാശ്രമത്തിലെ മൃഢാനന്ദസ്വാമികള്‍ പറയുന്നു. (മതപ്രഭാഷണങ്ങളിലൂടെ മാതൃഭൂമി ദിനപത്രം 2001 മാര്‍ച്ച് 5).

''ഏകം സദ് വിപ്രാ ബഹുദാവദന്തി'' (ഋഗ്വേദം 1.164-46) സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസി എന്ന പുസ്തകം പേജ് 96-97) ഏകവും സത്തുമായതിനെ വിദ്വാന്മാര്‍ പലവിധം പറയുന്നു എന്ന് അര്‍ത്ഥം.

മേല്‍ പ്രസ്താവിച്ച കാര്യങ്ങളില്‍ നിന്നും ദൈവം ഒരുവന്‍ മാത്രമാണെന്നും ഓരോരോ കാലഘട്ടങ്ങളില്‍ ഓരോ ഗുരുക്കന്മാരും ദൈവത്തിലേക്ക് ഉള്ള മാര്‍ഗ്ഗങ്ങള്‍ കാണിച്ചു തന്നപ്പോള്‍, കാലഘട്ടങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്ത രൂപഭാവങ്ങളില്‍ ദൈവചിന്ത മനുഷ്യമനസ്സുകളില്‍ രൂപപ്പെടുത്തിയെന്നും നമുക്ക് മനസ്സിലാക്കാം. (വിശദമായ വായനയ്ക്ക് ഈ ലേഖകന്റെ 'പുനഃജന്മങ്ങളുടെ അന്ത്യവും യേശുക്രിസ്തുവും ലോകാവസാനവും എന്ന പുസ്തകം കാണുക. മാര്‍ ളൂയീസ് പ്രസിദ്ധീകരണം).

മനുഷ്യമനസ്സിന്റെ പ്രത്യേകത

'ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു' എന്നു ബൈബിള്‍ പഠിപ്പിക്കുന്നു (ഉല്പത്തി. 1:26-27). അതേ ആശയം തന്നെ ഋഗ്വേദവും അവതരിപ്പിക്കുന്നു. 'വിരാട് പുരുഷന്‍ (ബ്രഹ്മം) സഖാവായ ശരീര പുരുഷന്റെ (=ജീവ) ഉടലുണ്ടാക്കിയത് വിരാട് ശരീരത്തിന്റെ (ബ്രഹ്മാണ്ഡം) രചനാവിധി അനുസരിച്ചാകുന്നു. മാനുഷദേഹം ബ്രഹ്മാണ്ഡത്തിന്റെ ചെറിയ പ്രകൃതിയാണ്. (മഹാപണ്ഡിതനായ വേദബന്ധു എഴുതിയ ഋഗ്വേദപ്രവേശിക എന്ന ഗ്രന്ഥം. പേജ് 153)

ചാന്ദോഗ്യോപനിഷത്തിലെ സന്ദേശത്തെ പ്രതിപാദിച്ചുകൊണ്ട് ശ്രീ. സുകുമാര്‍ അഴീക്കോട് ഇങ്ങനെ രേഖപ്പെടുത്തുന്നു. ''മനോമയനും പ്രാണശരീരനും പ്രകാശരൂപനും സത്യസങ്കല്പനും ആകാശാത്മാവും സര്‍വ്വകര്‍മ്മനും സര്‍വ്വകാമനും സര്‍വ്വരസനും സര്‍വ്വഗന്ധനും സര്‍വ്വവ്യാപിയും അവാക്കും നിസംഗനും ആയ അത് എന്റെ ഹൃദയത്തിലുള്ള ആത്മാവാണ്. ഒരു ധാന്യമണിയേക്കാള്‍ അത് ഭൂമിയേക്കാളും ആകാശത്തേക്കാളും വലുതാണ്. അത് എന്റെ ആത്മാവും ബ്രഹ്മവുമാണ്. ഇവിടം വിട്ടുപിരിയുമ്പോള്‍ ഞാന്‍ അതില്‍ പ്രവേശിക്കും'' (തത്ത്വമസി പേജ് 123).

അതായത് ദൈവത്തിന്റെ ഛായയും സാദൃശ്യവും എന്നു പറഞ്ഞാല്‍, മനുഷ്യമനസ്സിന്റെ വിശാലതയും സ്‌നേഹവുമാണ്. ദൈവസ്‌നേഹമാണ്. ദൈവം വിവേചന കൂടാതെ എല്ലാവരേയും സ്‌നേഹിക്കുന്നു. ദൈവം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ, മനുഷ്യമനസ്സും വിശാലമാക്കാന്‍ സാധിക്കും. 'വസുധൈവ കുടുംബകം' - ലോകം മുഴുവന്‍ ഒരു കുടുംബമാണ് എന്ന മനോഹര സങ്കല്പം ഓര്‍ക്കുക. അതേ സമയം തന്നെ നമുക്കു മനസ്സിനെ എത്ര വേണമെങ്കിലും സങ്കുചിതമാക്കി 'ഞാന്‍ എന്റേത്' എന്ന ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കാനും സാധിക്കും.

ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുകയും അവര്‍ ക്ക് കടന്നുകയറി പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതിനുള്ള അവസരങ്ങള്‍ ആരംഭത്തില്‍ത്തന്നെ ഇല്ലാതാക്കുകയും ചെയ്യുക. അതായത് എന്തെങ്കിലും ഒരു പ്രശ്‌നം എവിടെയെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ട സമൂഹങ്ങളിലെ നേതാക്കന്മാരും പ്രശ്‌നമുണ്ടാക്കിയ കക്ഷികളും ഒന്നിച്ചിരുന്നു സംഭാഷണം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുക. മൂന്നാം കക്ഷികള്‍ പടച്ചുവിടുന്ന നുണകള്‍ വളരാനും പടരാനും സാധ്യത നല്കാതിരിക്കുക.

മതവിശ്വാസം മതപ്രചാരണം

എല്ലാ മതവിശ്വാസികളും താന്‍ വിശ്വസിക്കുന്ന മതമാണ് ഏറ്റവും ശരിയെന്ന് വിശ്വസിക്കുകയും അക്കാര്യം മറ്റു മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ പരിശ്രമിക്കുകയും (മതപ്രചാരണം) ചെയ്യുക എന്നുള്ളത് പുരാതന കാലം മുതലേ ഉണ്ടായിട്ടുണ്ട്. അശോക ചക്രവര്‍ത്തി ബുദ്ധമത പ്രചാരണത്തിനായി ലോകം മുഴുവന്‍ പ്രചാരകരെ അയച്ചു. സ്വന്തം പുത്രി സംഘമിത്രയെ സിലോണിലേക്ക് അയച്ചതായി ചരിത്രത്തില്‍ വായിക്കുന്നുണ്ട്. യഹൂദന്മാരും തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ അത്യധ്വാനം ചെയ്തിരുന്നു (മത്തായി 23:15). ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, പില്‍ക്കാലത്ത് ഹിന്ദുക്കളും മതപ്രചാരണം നടത്തുന്നത് വര്‍ത്തമാന സംഭവങ്ങളില്‍പ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ അംഗുലീപരിമിതരായിരുന്നു. എന്നാല്‍ ഇന്ന് മേല്പറഞ്ഞ രാജ്യങ്ങളില്‍ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികള്‍ ഉണ്ട്. സ്വാമി വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിനു ശേഷം സംഭവിച്ച മാറ്റമാണത്.

ഒരു മതത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തി പ്രായപൂര്‍ത്തി ആയശേഷം മറ്റു മതങ്ങളെക്കുറിച്ച് പഠിച്ച് മനസ്സിലാക്കുകയും മനഃപരിവര്‍ത്തനം വന്ന് മറ്റൊരു മതം സ്വീകരിക്കുകയും ചെയ്യുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. വിവാഹശേഷം ചിലര്‍ മതം മാറുന്നതും നമുക്ക് സുപരിചിതമാണ്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മനസ്സില്‍ വച്ച് ചിന്തിച്ചാല്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രസക്തി വളരെ വ്യക്തമാണല്ലൊ.

എന്നാല്‍ ദുഷ്ടലാക്കോടുകൂടിയും ഗുഢപദ്ധതി പ്രകാരവും വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും മതം മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്താണ് ഇതിന് ഒരു പരിഹാരമെന്ന് സാമൂഹ്യനേതാക്കന്മാരും, മത, രാഷ്ട്രീയ നേതാക്കന്മാരും കൂട്ടായി ആലോചിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ എന്റെ ചില നിഗമനങ്ങള്‍ കുറിക്കുകയാണ്.

മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന പ്രായോഗിക മാര്‍ഗ്ഗങ്ങള്‍

  • ഓരോരുത്തരും അവനവന്റെ മതത്തെക്കുറിച്ച് നന്നായി പഠിക്കുക. ധാരാളമായി വായിച്ചു മനസ്സിലാക്കുക. സമൂഹമാധ്യമങ്ങളില്‍ തലപൂഴ്ത്തി വച്ച് മനസ്സുകള്‍ വിഷലിപ്തമാക്കുന്ന സ്ഥിതിവി ശേഷമാണ് ഇന്ന് ജനങ്ങളില്‍ അധികവും കണ്ടുവരുന്നത്. അതിനു പകരം എല്ലാവരും സ്വന്തം മതഗ്രന്ഥങ്ങള്‍ നന്നായി പഠിക്കണം. ഒരു ലക്ഷത്തില്‍ ഒരാള്‍പോലും തന്റെ മതത്തിന്റെ പ്രധാനെപ്പട്ട ഗ്രന്ഥങ്ങള്‍ എങ്കിലും ജീവിതത്തില്‍ ഒരു തവണയെങ്കിലും മുഴുവന്‍ വായിച്ചിട്ടുണ്ട് എന്ന് ഞാന്‍ എന്റെ അനുഭവങ്ങള്‍ വച്ച് കരുതുന്നില്ല. പകരം ഏതെങ്കിലും ഒരു നേതാവോ പുരോഹിതനോ സ്വാമിയോ ഉസ്താദോ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നു. അങ്ങനെ വരുമ്പോള്‍ ആചാര്യന്മാര്‍ ഓരോരുത്തരും സ്വന്തം അഭിപ്രായവും പ്രഭാവവും (കരിസ്മ) വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ് സംഭവിക്കുന്നത്. തത്ഫലമായി മതഗ്രന്ഥങ്ങളിലെ യഥാര്‍ത്ഥ ആശയങ്ങള്‍ വികലമാക്കപ്പെടുകയും ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

  • മറ്റ് മതങ്ങളെപ്പറ്റിയും വായിച്ചു പഠിക്കുക. അങ്ങനെ പഠിക്കുമ്പോള്‍ മതതത്വങ്ങളെ പരസ്പരം ബന്ധപ്പെടുത്തി സ്വന്തം മതത്തെ കൂടുതലായി മനസ്സിലാക്കാന്‍ സാധിക്കും.

  • എല്ലാ മതഗ്രന്ഥങ്ങളിലും ഉപരിപ്ലവമായി ചിന്തിക്കുന്നവര്‍ക്ക് വിമര്‍ശിക്കാനുള്ള പരാമര്‍ശങ്ങള്‍ ധാരാളമായി ഉണ്ടെന്നുള്ള വസ്തുത ഓരോരുത്തരും മനസ്സിലാക്കുക. അതുകൊണ്ട് പരസ്പരം ചെളി വാരിയെറിയാന്‍ തുനിയാതിരിക്കുക. എന്നാല്‍ ഉല്പതിഷ്ണുക്കള്‍ സ്വന്തം മതത്തെ ഉള്ളില്‍നിന്നും വിമര്‍ശിക്കുന്നത് മതങ്ങളുടെ ജീര്‍ണ്ണതകളെ ഒരു പരിധി വരെ തടയും.

  • ഓരോ മതത്തിലേയും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുക. ഓരോ മതത്തിലും അനേകം അവാന്തര വിഭാഗങ്ങള്‍ ഉണ്ട്. അവര്‍ തമ്മില്‍ ആധിപത്യത്തിനും നേതൃത്വത്തിനും വേണ്ടി വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇന്നും നടക്കുന്നുമുണ്ട് - അത്തരം സംഘര്‍ഷങ്ങള്‍. ക്രൈസ്തവരില്‍ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ്, പെന്തക്കൊസ്ത്, യഹോവസാക്ഷി തുടങ്ങി അനേകം വിഭാഗങ്ങള്‍ ഉണ്ട്. ഹിന്ദുമതത്തില്‍ വലിയ വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്നു. അതു കൂടാതെ ശൈവപക്ഷക്കാരും വൈഷ്ണവ പക്ഷക്കാരും. പോരാഞ്ഞ് ആയിരക്കണക്കിന് ജാതികളും ഉപജാതികളും (തൊഴില്‍ അധിഷ്ഠിതമായി). മുസ്ലീംങ്ങളില്‍ഷിയാപക്ഷം, സുന്നിപക്ഷം, വഹാബികള്‍, സലഫികള്‍, റോഹിന്‍ഗ്യകള്‍ ഇങ്ങനെ നിരവധി വിഭാഗങ്ങള്‍. ബുദ്ധമതത്തില്‍ മഹായാനക്കാര്‍, ഹീനയാനക്കാര്‍ (വജ്രായനക്കാര്‍) എന്നിങ്ങനെയാണെങ്കില്‍ ജൈനമതത്തില്‍ ശ്വേതാംബരന്മാര്‍, ദിംഗബരന്മാര്‍ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.

ഏതെങ്കിലും ഒരു രാജ്യത്ത് ഒരു മതം മാത്രമേ ഉള്ളൂവെങ്കില്‍ മേല്പറഞ്ഞ വിഭാഗങ്ങള്‍ തമ്മില്‍ ആധിപത്യത്തിനും നേതൃത്വത്തിനും വേണ്ടി എത്രയോ ഖേദകരമായ സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

  • ബലപ്രയോഗത്തിലൂടെയും അനുചിതമാര്‍ഗ്ഗങ്ങളിലൂടെയും മതംമാറ്റങ്ങള്‍ നടത്താതിരിക്കുക. മതമല്ല മനസ്സിനാണ് മാറ്റമുണ്ടാകേണ്ടതെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.

  • മതേതര രാജ്യത്ത് ഒരു മതത്തിനും പ്രത്യേക പരിഗണന നല്കാതിരിക്കുക. എല്ലാ മതവിശ്വാസങ്ങളേയും ആദരിക്കുകയും തുല്യമായി കണക്കാക്കുകയും ചെയ്യുക.

  • രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള മതപ്രീണന നയങ്ങള്‍ നടത്താതിരിക്കുക. ആത്യന്തികമായി അത്തരം പ്രീണന നയങ്ങള്‍ രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്ന് മനസ്സിലാക്കി രാഷ്ട്രീയ നേതാക്കള്‍ ധാരണയിലെത്തുകയും പ്രീണന നയങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക.

  • മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്കുക.

  • ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുകയും അവര്‍ക്ക് കടന്നുകയറി പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതിനുള്ള അവസരങ്ങള്‍ ആരംഭത്തില്‍ത്തന്നെ ഇല്ലാതാക്കുകയും ചെയ്യുക. അതായത് എന്തെങ്കിലും ഒരു പ്രശ്‌നം എവിടെയെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ട സമൂഹങ്ങളിലെ നേതാക്കന്മാരും പ്രശ്‌നമുണ്ടാക്കിയ കക്ഷികളും ഒന്നിച്ചിരുന്നു സംഭാഷണം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുക. മൂന്നാം കക്ഷികള്‍ പടച്ചുവിടുന്ന നുണകള്‍ വളരാനും പടരാനും സാധ്യത നല്കാതിരിക്കുക.

  • ഭരണാധികാരികള്‍ തുല്യനീതി എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ ശ്രദ്ധയുള്ളവരായിരിക്കുക.

രാഷ്ട്രപിതാവായ മഹാത്മജിയുടെ അഹിംസാമന്ത്രം വിവിധ മതങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ ജീവശ്വാസമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം. എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണെന്നും ജീവന്‍ എടുക്കാന്‍ കഴിവുള്ള മനുഷ്യന് മരിച്ചവനെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുകയില്ലെന്നും നമ്മള്‍ ഓര്‍മ്മിക്കണം. മതസൗഹാര്‍ദ്ദം മനുഷ്യനിലെ ഈശ്വരഭാവമാണെന്ന് നമ്മള്‍ മറക്കരുത്.

njaugusthy@gmail.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org