പാതികളായി ഒന്നിച്ചൊഴുകിത്തുടങ്ങിയിട്ട് വര്‍ഷം 70 പിന്നിട്ടു. ഒരുറവയായി ആരംഭിച്ച് അരുവിയായി പുഴയായി അങ്ങനെ... പിരിഞ്ഞൊഴുകിയിട്ടുണ്ട് പരിഭവങ്ങളില്‍ എങ്കിലും, പതഞ്ഞൊഴുകിയ ലഹരിയുണ്ടായിരുന്നു അവരുടെ ജീവിതത്തില്‍. ഓളങ്ങളെയും മരണച്ചുഴികളെയും മറികടന്ന് വറ്റിയും വരണ്ടും പുനര്‍ജനിച്ചും നിറഞ്ഞൊഴുകിയും പിറവി കൊടുത്തും 96 ഉം 89 ഉം വര്‍ഷങ്ങള്‍ പിന്നിട്ട മാതാപിതാക്കളെ അറിയാം. കാലം അവരിരുവരുടെയും ഓര്‍മ്മ കവര്‍ന്നെടുത്തു. പ്രായമേറിത്തുടങ്ങിയപ്പോള്‍ പരസ്പരം അടുത്തു വേണമെന്ന നിര്‍ബന്ധമാണ് എപ്പോഴും. ഒറ്റയ്ക്കു നേരിടേണ്ട മരണമെന്ന അനിവാര്യതയെ നമ്മുടെ അപബോധമനസ്സുപോലും എത്ര ഭയക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ.
അടുത്ത നിമിഷവും നാം ഉണ്ടെന്നുള്ള മിഥ്യാധാരണയില്‍ നിന്നുമാണ് മരണത്തെക്കുറിച്ച് നാം വാചാലമായിട്ടുള്ളത്. മരണത്തെ അതിജീവിച്ച ലാസര്‍ പിന്നീടൊരിക്കലും പൊട്ടിച്ചിരിച്ചിട്ടില്ല എന്ന കഥ കേട്ടിട്ടുണ്ട്. മരണത്തെ ഗൗരവമായി കാണുമ്പോഴാണല്ലോ ജീവിതത്തെ കുറെകൂടി മിതത്വത്തോടും സുതാര്യതയോടും കൂടെ സമീപിക്കാനാവുക. അലൗകികമായ പ്രകാശഗര്‍ത്തത്തിലൂടെ കടന്ന് ദൈവത്തിനു മുന്‍പില്‍ നില്‍ക്കുന്ന നിമിഷങ്ങളെക്കുറിച്ച് മരണത്തെ അതിജീവിച്ചവരുടെ അനുഭവക്കുറിപ്പുകളില്‍ വായിച്ചിട്ടുണ്ട്. മരണമുഖത്ത് തനിയെ നില്‍ക്കുക അത്ര നിസ്സാര കാര്യമൊന്നുമല്ല. വേരുറപ്പിക്കപ്പെട്ട ഇടങ്ങളില്‍നിന്ന് വ്യക്തികളില്‍നിന്ന് പ്രസ്ഥാനങ്ങളില്‍നിന്ന് എന്നേക്കുമായൊരു പിഴുതു മാറ്റപ്പെടല്‍ അതില്‍ ഏറെ വേദനയുണ്ട്. അല്ലെങ്കില്‍ ക്രിസ്തുവിനെ പോലെ ജീവിക്കാനാകണം പിതാവിന്റെ ഹൃദയത്തില്‍ വേരൂന്നി... സുവിശേഷങ്ങളില്‍ പറയുന്നതുപോലെ 'നിന്റെ നിക്ഷേപം എവിടെയിരിക്കുന്നുവോ അവിടെയായിരിക്കും നിന്റെ ഹൃദയവും' അങ്ങനെയെങ്കില്‍ മരണം ഒരു നിര്‍വൃതിയായിരിക്കും. ഈ പൊരുളറിഞ്ഞു ജീവിക്കാന്‍ ആരംഭിച്ചതു കൊണ്ടാകാം മരണം നേട്ടമാണെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ അസന്നിഗ്ധമായി പറഞ്ഞുവയ്ക്കുന്നത്.
നമ്മെ അറിയുന്ന ദൈവത്തിനു മുന്‍പില്‍ നില്‍ക്കുന്ന നിമിഷത്തെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ബോധപൂര്‍വ്വം നഷ്ടമാക്കിയ കൃപകളും ചെയ്തുകൂട്ടിയ പാപങ്ങളുമായി ദൈവതിരുമുന്‍പില്‍ സ്വയം വിധി പറഞ്ഞു നില്‍ക്കുന്ന നിമിഷം! അന്ധകാരം ആ വിധിയില്‍ വിജയിക്കുന്നെങ്കില്‍ തീര്‍ച്ചയായും നോവുന്ന ഹൃദയവുമായി നമ്മുടെ ദൈവം നമുക്കരികില്‍ ഉണ്ടായിരിക്കും. കര്‍ത്താവിന്റെ ദൂതന് മുന്‍പില്‍ നില്‍ക്കുന്ന പ്രധാന പുരോഹിതനായ ജോഷ്വായെക്കുറിച്ച് പഴയ നിയമഗ്രന്ഥം പ്രതിപാദിക്കുന്നുണ്ട്. സാത്താന്‍ ജോഷ്വായില്‍ കുറ്റം ആരോപിക്കുന്ന വേളയില്‍ കര്‍ത്താവ് ജോഷ്വായ്ക്ക് വേണ്ടി വാദിക്കുകയും ഒടുവില്‍ അദ്ദേഹത്തെ വിശിഷ്ട വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നുണ്ട് (സഖറിയ 3:12). മോശയുടെ ശരീരത്തെചൊല്ലി മിഖായേല്‍ ദൂതനോട് തര്‍ക്കിക്കുന്ന പിശാചിനെക്കുറിച്ചും പുതിയ നിയമം (യൂദാസ് 1:9) പ്രതിപാദിക്കുന്നു. പ്രകാശം വിജയിക്കേണ്ട ആ നന്മയുടെ ദിനത്തെ പുഞ്ചിരിയോടെ നേരിടാന്‍ നമുക്ക് ക്രിസ്തുവില്‍ ജീവിക്കാം. എല്ലാം അവനിലൂടെ... അവനില്‍... അവനോടൊപ്പം. ഇവിടെയാണ് മുന്നാസ് എന്ന ചെറുപ്പക്കാരന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ വിരുന്നിനെത്തിയ ബ്രെയിന്‍ ട്യൂമറിനെ പുഞ്ചിരിയോടെയാണ് ആ ചെറുപ്പക്കാരന്‍ സ്വീകരിച്ചത്. മരണത്തിന്റെ തണുപ്പില്‍ തന്റെ കൈവിരലുകള്‍ മരവിക്കും വരെയും തനിക്ക് കിട്ടിയ ടിഷ്യൂ പേപ്പറില്‍ പോലും പ്രകാശമുള്ള വാക്കുകള്‍ എന്നേക്കുമായി കുറിച്ചുകൊണ്ട് അവന്‍ യാത്രയായി. മുന്നാസ് ഓര്‍മപ്പെടുത്തിയതുപോലെ 'സ്വര്‍ഗത്തില്‍ ചില്‍ ആകുന്നതിലുള്ള ആനന്ദ'ത്തില്‍ മരിക്കാനാകുക എത്ര സുന്ദരമായിരിക്കും! മനസ്സില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങാതെ... മിഴികള്‍ സജലമാകാതെ... അധരങ്ങളില്‍ പുഞ്ചിരി മായാതെ... ആ മരണമുഖത്ത് നാം ഒറ്റയ്ക്കായിരിക്കുകയില്ല ക്രിസ്തുവും നമ്മോടൊപ്പം ഉണ്ടായിരിക്കും. അവനോടൊപ്പം നാം ചെയ്തുതീര്‍ത്ത സത്പ്രവൃത്തികളുടെ കണക്കുമായി നമുക്കു വേണ്ടി വാദിച്ചുകൊണ്ട്... തീര്‍ച്ചയായും ആ മരണം പ്രകാശത്തിന്റ വിജയമായിരിക്കും. ക്ഷണിക്കാത്ത അഥിതിയായെത്തുന്ന മരണത്തിനായി സത്പ്രവൃത്തികളുടെ ശേഖരവുമായി നമുക്കൊരുങ്ങിയിരിക്കാം.