സഭാ നേതൃനിരയിലെ നടുമിസ്സം (Part – II)

സഭാ നേതൃനിരയിലെ നടുമിസ്സം (Part – II)

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

1999 ഡിസംബര്‍ 23-ന് എറണാകുളം-അങ്കമാ ലി അതിരൂപതയുടെ മെത്രാപ്പോലീത്തായും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ ച്ചുബിഷപ്പുമായി നിയമിക്കപ്പെട്ട മാര്‍ വര്‍ക്കി മെത്രാപ്പോലീത്ത 2001 ജനുവരിയില്‍ കര്‍ദിനാള്‍ സ്ഥാ നത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. മാര്‍ വര്‍ ക്കി മെത്രാപ്പോലീത്തായുടെ സഹാ യ മെത്രാന്മാരായി 1998-ല്‍ മാര്‍ തോമ സ് ചക്യത്തും, 2002-ല്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും നിയമിതരായി. മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്തായുടെ കാലഘട്ടത്തില്‍ അതിരൂപത വകയായി കൊരട്ടി പൊങ്ങത്തും ചേര്‍ത്തലയിലും സ്ഥാപിതമാ യ നൈപുണ്യ കോളേജുകളും എടക്കുന്നിലും തൃക്കാക്കരയിലും സ്ഥാ പിതമായ നൈപുണ്യ സ്‌ക്കൂളുകളും വിദ്യാഭ്യാസ രംഗത്തെ അതിരൂപതയുടെ വലിയ സംഭാവനകളാണ്. എടക്കുന്നിലെ സെന്റ് പോള്‍സ് വൈദിക മന്ദിരവും കാക്കനാടുള്ള മദര്‍ തെരേസഹോസ്റ്റലും മാര്‍ വര്‍ക്കി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളാണ്. അഭിവന്ദ്യ വര്‍ക്കി പിതാവിന്റെ കാലഘട്ടം മുതല്‍ നീണ്ട പതിനാലു വര്‍ഷക്കാലം സഹായമെത്രാന്‍ എന്ന നിലയില്‍ മാര്‍ ചക്യത്ത് പിതാവ് അതിരൂപതയ്ക്ക് നല്കിയ വിലപ്പെട്ട സംഭാവനകളും സ്മര്‍ത്തവ്യമാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ തന്റെ പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധമായ ജീവിതത്തിലൂടെയും സഭയെയും അതിരൂപതയെയും നയിച്ച വര്‍ക്കിപ്പിതാവ് ഔദ്യോഗിക ജീവിതത്തിനിടയില്‍ 2011 ഏപ്രില്‍ 1-ന് തന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

തുടര്‍ന്ന്, കൂരിയ മെത്രാനായിരുന്ന മാര്‍ ബോസ്ക്കോ പുത്തൂര്‍ സഭയുടെയും അതിരൂപതയുടെയും അഡ്മിനിസ്‌ട്രേറ്ററായി. തക്കല രൂപതാ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ 2011 മെയ് മാസത്തില്‍ സീറോ മലബാര്‍ സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തായും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് എറണാകുളം-അങ്കമാലി സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായി തെരഞ്ഞെടുത്തു. 2011 മെയ് 29-ന് അദ്ദേഹം ചുമതലകള്‍ ഏറ്റെടുത്തു. 2012-ല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 2013-ല്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അതിരൂപതയുടെ സഹായമെത്രാനായി. മാര്‍ ആലഞ്ചേരി മെത്രാപ്പോലീത്തായുടെ പ്രത്യേക താത്പര്യത്തില്‍ സ്ഥാപിതമായ ചൂണ്ടിയിലെ ഭാരതമാതാ സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കോളേജും ഭാരതമാതാ കോമേഴ്‌സ് ആന്‍ ഡ് ആര്‍ട്‌സ് കോളേജും വിദ്യാഭ്യാസരംഗത്തെ അതിരൂപതയുടെ മറ്റു രണ്ടു സംഭാവനകളാണ്.
അതിരൂപതയില്‍ നിന്നുള്ള മിഷനറിമാരേയും അവര്‍ ചെയ്ത മിഷന്‍ പ്രവര്‍ത്തനങ്ങളേയും ഈ അവസരത്തില്‍ സ്മരിക്കേണ്ടതാണ്. അതിരൂപതാംഗങ്ങളായ എത്രയോ വൈദികരും സന്ന്യസ്തരുമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലൂം സ്തുത്യര്‍ഹമായ സുവിശേഷവേല ചെയ്യുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ ഡല്‍ഹിയില്‍ ആരംഭിച്ചതും വളര്‍ത്തിയെടുത്തതുമായ ഡല്‍ഹി സീറോമലബാര്‍ മിഷനാണ് പിന്നീട് ഫരീദാബാദ് രൂപതയായി ഉയര്‍ത്തപ്പെട്ടത്.
2017-2018 കാലഘട്ടത്തില്‍ അതിരൂപതയില്‍ ഉടലെടുത്ത പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ 2018 ജൂണ്‍ 23 മുതല്‍ 2019 ജൂണ്‍ 24 വരെ പാലക്കാട് മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം-അങ്കമാ ലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു. 2019 ആഗസ്റ്റ് മാസത്തില്‍ കൂടിയ സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് അതിരൂപതയുടെ ഭരണം നടത്തുന്നതിന് മാര്‍ ആന്റണി കരിയില്‍ പിതാവിനെ മെത്രാപ്പോലീത്തന്‍ വികാരിയായി തെരഞ്ഞെടുക്കുകയും വത്തിക്കാന്‍ അത് അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2019 സെപ്റ്റംബര്‍ 1-ന് അദ്ദേഹം ഔദ്യോഗികമായി ചുമതലകള്‍ ഏറ്റെടുത്ത് ശുശ്രൂഷകള്‍ ആരംഭിച്ചു. ഇക്കാല ത്ത് 'പാവങ്ങളുടെ പിതാവ്' എന്ന പേരില്‍ പ്രസി ദ്ധി നേടിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പി താവിന്റെ സഹായമെത്രാനെന്ന നിലയിലുള്ള പതിനേഴു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനവും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിന്റെ ആറു വര്‍ഷത്തെ സേവനവും അതിരൂപതയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
എണ്ണത്തില്‍ മാത്രമല്ല, സുവിശേഷഗുണത്തിലും വലിയ വളര്‍ച്ചയാണ് അതിരൂപതയ്ക്കുണ്ടായത്. ആഗോളസഭയില്‍ വിശുദ്ധരായി വണങ്ങപ്പെടുന്നതിനുമുമ്പുള്ള വിവിധ പദവികളിലേക്കുയരാന്‍ കൃപ ലഭിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ, ധന്യന്‍ ജോസഫ് വിതയത്തില്‍, ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളി, ദൈവദാസന്മാരായ മോണ്‍. ജോസഫ് കണ്ടത്തില്‍, മോണ്‍. ജോസഫ് സി. പഞ്ഞിക്കാരന്‍, ഫാ. വര്‍ക്കി കാട്ടറാത്ത്, ദൈവദാസി മദര്‍ മേരി സെലിന്‍ എന്നിവര്‍ അതിരൂപതയുടെ വിശുദ്ധിയുടെ സാക്ഷ്യമലരുകളാണ്. 1783-ല്‍ ലിസ്ബണില്‍ വച്ച് കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാര്‍ ജോസഫ് കരിയാറ്റി മുതല്‍ ഈ മാസം ആദ്യവാരം മേഘാലയയിലെ തുരാ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ബിഷപ്പ് ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ ഉള്‍പ്പെടെ ഇരുപത്തിനാല് മെത്രാന്മാരെ എറണാകുളത്തുനിന്ന് ദൈവം തെരഞ്ഞെടുത്തു. വീരോചിതമായ വിശുദ്ധിയിലേക്കും അപ്പസ്‌തോല ശുശ്രൂഷയിലേക്കും അതിരൂപതയില്‍ നിന്ന് അനേകരെ വിളിച്ച ദൈവത്തിന് നന്ദി പറയാം.


മധ്യകേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ നാല് റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതും മൂന്ന് റീത്തുകളിലുമായി ഏഴ് രൂപതകളുമായി ഇടകലര്‍ന്നു കിടക്കുന്നതും 1500 ച.കി.മീ. വിസ്തീര്‍ണ്ണമുള്ളതുമായ നമ്മുടെ അതിരൂപത ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ 16 ഫൊറോനകളിലായി 221 ഇടവക പള്ളികളും 122 കുരിശുപള്ളികളും ഉള്‍പ്പെടെ 343 പള്ളികളും അഞ്ച് ലക്ഷത്തോളം അംഗങ്ങളും 452 അതിരൂപതാ വൈദികരും 312 സന്യാസ വൈദികരും 4,570 സന്യാസിനികളും 90 സന്യാസ സഹോദരന്മാരും ഉള്ള മേജര്‍ അതിരൂപതയായി വളര്‍ന്നിരിക്കുന്നു. സുറിയാനി റീത്തില്‍പ്പെട്ട 30 സന്യാസ സഭകളുടെയും 80 സന്യാസിനീ സഭകളുടെയും ഭവനങ്ങള്‍ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീറോ മലബാര്‍ സഭയിലെ പല പ്രധാനപ്പെട്ട സന്യാസിനീസന്യാസ സഭകള്‍ക്കും ജന്മം നല്‍കിയ ഈ അതിരൂപതയില്‍ ഭൂരിഭാഗം സന്യാസസഭകളുടെയും ജനറലേറ്റുകളും സുറിയാനി നസ്രാണി ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ബഹുഭൂരിപക്ഷം ദേവാലയങ്ങളും മാര്‍ തോമാശ്‌ളീഹായാല്‍ സ്ഥാപിതമായ രണ്ട് പള്ളികള്‍ ഉള്‍പ്പെടെ ധാരളം അതിപ്രാചീന ദേവാലയങ്ങളും ഈ അതിരൂപതയുടെ യശസ്സ് ഉയര്‍ത്തുന്ന ഘടകങ്ങളാണ്.


ഇത്തരുണത്തില്‍ കടന്നുപോയ ഒന്നേകാല്‍ നൂറ്റാണ്ടുകാലം നമ്മുടെ അതിരൂപതയെ വളര്‍ത്താനും നയിക്കാനും കഠിനാദ്ധ്വാനം ചെയ്ത അഭിവന്ദ്യരായ പിതാക്കന്മാരെയും വൈദികരെയും സന്യാസിനീസന്യാസികളെയും ദൈവജനത്തെയും അവരുടെ മഹത്തായ ത്യാഗങ്ങളെയും സേവനങ്ങളെയും നമുക്കു നന്ദിപൂര്‍വ്വം സ്മരിക്കാം, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം, ദൈവത്തെ സ്തുതിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org