ചില നവീകരണ ചിന്തകള്‍

പൊരുളുകളും പുറംതോടുകളും ഒരവലോകനം
ചില നവീകരണ ചിന്തകള്‍
ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ സാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം മുന്‍കാലങ്ങളില്‍ സഭ ചെയ്തിരുന്നതുപോലെ എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്പെടുന്ന വിധം സത്യസന്ധതയോടും സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെയും ജീവകാരുണ്യ, പരോപകാര, പ്രവര്‍ത്തനങ്ങള്‍ക്കു വേദികളൊരുക്കുക.

ആമുഖം

2023 ഒക്‌ടോബര്‍ മുതല്‍ കത്തോലിക്കാസഭയില്‍ അന്തര്‍ദേശിയ സൂനഹദോസ് നടക്കുന്നു (Synod on Synodality). പങ്കാളിത്തം (Participation), കൂട്ടായ്മ (Communion), പ്രേഷിതദൗത്യം (Mission) എന്നീ മൂന്നു തലങ്ങളിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആരും അവഗണിക്കപ്പെടരുത്, എല്ലാവരും പരസ്പരം കേള്‍ക്കണം, എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കപ്പെടണം, സഭയില്‍ ഉത്തരവാദിത്വമെന്നത് കൂട്ടുത്തരവാദിത്വമാണ് തുടങ്ങിയ കാര്യങ്ങളാണ് മേല്‍പറഞ്ഞ രീതിയിലുള്ള ചര്‍ച്ചകളുടെ രൂപരേഖ വ്യക്തമാക്കുന്നത്. സഭയുടെ അജപാലന പ്രത്യേകതകളനുസരിച്ച് ഭവനം, കുടുംബയൂണിറ്റുകള്‍, ഇടവക, വിവിധ സംഘടനകള്‍, വിവിധ സമിതികള്‍, രൂപതാതലം, സംസ്ഥാന- ദേശീയതല മെത്രാന്‍ സമിതികള്‍ എന്നിങ്ങനെയും തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ തലങ്ങളിലും നടക്കുന്ന ചര്‍ച്ചകളുടെയും പരിചിന്തനങ്ങളുടെയും വെളിച്ചത്തില്‍ ലഭിക്കുന്ന കാര്യങ്ങളുടെ സമാഹാരമാണ് വത്തിക്കാനില്‍ മെത്രാന്‍ സമിതിയുടെ ചര്‍ച്ചാവിഷയമായി നല്കുന്നത്. കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും മാതൃകയാണിത്.

കേരള കത്തോലിക്കാസഭ സമൂഹത്തില്‍ നവീകരണത്തിന്റെ വഴികള്‍ തുറക്കപ്പെടണമെന്നുള്ള ചിന്തയോടെ 2022 പെന്തക്കുസ്താ തിരുനാള്‍ മുതല്‍ 2025 പെന്തക്കുസ്താവരെയുള്ള കാലഘട്ടം സഭാ നവീകരണത്തിന്റെ പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പരിചിന്തനത്തിനുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി നീക്കിവച്ചിരിക്കുന്നു. ഒരവസരത്തില്‍ കേരള സമൂഹത്തില്‍ ധാര്‍മ്മികതയുടെയും സാഹോദര്യത്തിന്റെയും പരസ്‌നേഹത്തിന്റെയും അവസാനവാക്കായി കണ്ടിരുന്നതാണ് ക്രൈസ്തവ സാന്നിധ്യം. എന്നാല്‍ ഇന്ന് കേരള കത്തോലിക്കാ സമൂഹം സമുദായ, സാമൂഹ്യ വിഭജനങ്ങളുടെയും ഭയത്തിന്റെയും ഭാഗമായോ എന്ന സംശയം പൊതുവേയുണ്ട്. സാര്‍വത്രികത, മാനുഷികത, വിശ്വസാഹോദര്യം, വിശ്വമാനവികത തുടങ്ങിയ ചിന്തകള്‍ക്കും തദനുസാര ശൈലികള്‍ക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരമൊരു ദശാസന്ധിയില്‍ സഭാനവീകരണ ചിന്തകള്‍ക്കു പ്രാധാന്യമുണ്ട്. അതിനാല്‍ കേരള കത്തോലിക്കാ സമൂഹം തുടക്കമിട്ടിരിക്കുന്ന ഈ നവീകരണ പ്രക്രിയയ്ക്ക് അതിന്റെ സ്വഭാവത്തിലും നവീകരണ തലങ്ങളിലും നവീകരണ പങ്കാളിത്തത്തിലും സിനഡാലിറ്റിയുടെ പ്രത്യേകതകളെ മാനിച്ചും ഇന്ന് കേരള കത്തോലിക്കാസഭ സമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ആക്രമണ ഭീതിയും സഭയുടെ ഉള്ളില്‍നിന്നുതന്നെ ഉടലെടുക്കുന്ന അസ്വസ്ഥജനകമായ സാഹചര്യങ്ങള്‍ വിലയിരുത്തിയും വ്യക്തമായ ധാരണകളും കാഴ്ചപ്പാടുകളും ഉണ്ടാകേണ്ടതുണ്ട്.

സഭയും അത്മായ നവീകരണവും

ആധുനിക കാലത്ത് കത്തോലിക്കാസഭയില്‍ നവീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനു പ്രാരംഭം കുറിച്ചതു രണ്ടാം വത്തിക്കാന്‍ സൂനഹദോസായിരുന്നു. സഭയാകുന്ന വലിയ ഭവനം ആവശ്യമായ ശുദ്ധവായുവും വെളിച്ചവും കയറാതെ അടഞ്ഞു കിടക്കുകയാണെന്നും അതിനാല്‍ അനാചാരങ്ങളുടെയും അറിവുകേടുകളുടെയും ദുഷിപ്പുകള്‍ ഇല്ലാതാവുന്നതിനും സഭ ലോകത്തില്‍ പ്രകാശത്തിന്റെ സാക്ഷ്യമാകുന്നതിനും അടഞ്ഞുകിടക്കുന്ന വാതിലുകളും ജനലുകളും തുറന്നിടണമെന്നും ഉപമാരൂപത്തില്‍ പറഞ്ഞുകൊണ്ടാണ് സാത്വികനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ആഹ്വാനം ചെയ്തത്. ഈ ലക്ഷ്യം മുന്‍നിറുത്തി സഭാസമൂഹത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടപ്പാക്കാന്‍ ആഗ്രഹിച്ച നവീകരണ പ്രക്രിയകളെ കഴിയുന്നത്ര വേഗത്തില്‍ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായവിധം നടപ്പാക്കാന്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഇപ്പോഴത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോള കത്തോലിക്കാ സഭയും ലോകം മുഴുവനും താത്പര്യത്തോടെ കാണുന്നു. തന്റെ ശുശ്രൂഷ ആരംഭിച്ചതിനുശേഷം മാര്‍പാപ്പ നല്കിയിട്ടുള്ള എല്ലാ പ്രബോധനങ്ങളും ക്രൈസ്തവികതയ്ക്കും വിശ്വമാനവികതയ്ക്കും ഊന്നല്‍ നല്കുന്നവയാണ്. എവന്‍ഗേലീ ഗാവുദിയും (Evangelii Gaudium), ഗൗദേത്തെ എത് എക്‌സുള്‍ത്താത്തെ (Gaudete et Exsultate), ലൗദേത്തോസി (Laudato Si) ക്വേരിദ ആമസോണിയ (Querida Amzo-nia), ഫ്രത്തെല്ലി തൂത്തി (Frattelli tutti) തുടങ്ങിയ പ്രബോധനങ്ങള്‍ ഇതിന്റെ മകുടോദാഹരണങ്ങളുമാണ്. സത്യത്തില്‍ സഭയ്ക്കുള്ളില്‍നിന്നുതന്നെയുള്ള ചില യാഥാസ്ഥിതിക-തീവ്രവാദ നിലപാടുകളുടെ മധ്യേയും ക്രിസ്തുവിന്റെ വചനങ്ങളുടെയും അവിടുത്തെ നിലപാടുകളുടെയും കാര്യത്തില്‍ വിട്ടുവീഴ്ചകളില്ലാതെ ക്രിസ്തുവിന്റെ സഭയെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവീകരിക്കാന്‍ മാര്‍പാപ്പ തീവ്രയത്‌നം നടത്തുന്നു.

നവീകരണം കേരളത്തില്‍

രണ്ടാം വത്തിക്കാന്‍ സൂനഹദോസോടെ കേരള കത്തോലിക്കാസഭയില്‍ ആരാധനക്രമം, സഭാശുശ്രൂഷകള്‍ തുടങ്ങിയ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. സൂനഹദോസിന്റെ ആരാധനക്രമ പ്രമാണരേഖയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം വിശുദ്ധ കുര്‍ബാന, കൂദാശാനുഷ്ഠാനക്രമങ്ങള്‍ തുടങ്ങിയവയില്‍ നവീകരണങ്ങള്‍ വരുത്താന്‍ ആരംഭിച്ചു. കേരള-ഭാരത കത്തോലിക്കാമെത്രാന്‍ സമിതികള്‍ അതിനു ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്കി. അപ്രകാരം കൂദാശകള്‍, വിശുദ്ധ കുര്‍ബാനപുസ്തകം തുടങ്ങിയവ അതതു മാതൃഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു. അനുഷ്ഠാനക്രമങ്ങളില്‍ വരുത്തേണ്ട അനുരൂപണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആശയ സംവേദനം വേണ്ടവിധം നടക്കാതിരുന്നതിനാല്‍ മുന്നോട്ടുപോയില്ല. വിശുദ്ധഗ്രന്ഥം മാതൃഭാഷകളിലേക്കു വിവര്‍ത്തനംചെയ്ത് വിതരണം നടത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തി. മതബോധനത്തിനു പൊതുമാനദണ്ഡങ്ങള്‍ സ്വീകരിച്ചു പുസ്തകങ്ങള്‍ തയ്യാറാക്കി നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇടവകകളില്‍ കുടുംബയൂണിറ്റുകള്‍, കുടുംബക്കൂട്ടായ്മകള്‍, ഇടവക സമിതികള്‍, അജപാലന സമിതികള്‍, അജപാലന അസംബ്ലികള്‍ തുടങ്ങിയവ നിലവില്‍ വന്നു.

കരിസ്മാറ്റിക് നവീകരണം

മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാകുന്നതിനുമുമ്പേ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ആത്മീയനവീകരണ മേഖലയില്‍ കടന്നുവന്നതാണ് കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനം. ക്രൈസ്തവര്‍ അധികമുള്ള ബോംബെ, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് വളരെവേഗം വേരൂന്നി വളര്‍ന്നു. കേരളത്തില്‍ 1970 കളോടെ ഈ പ്രസ്ഥാനം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നവീകരണധ്യാനങ്ങള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, നവീകരണ ധ്യാനടീമുകള്‍, ധ്യാന കേന്ദ്രങ്ങള്‍, ആനിമേറ്റര്‍മാര്‍, ഗ്രൂപ്പു ലീഡര്‍മാര്‍, പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ ലഭിച്ചവര്‍, മധ്യസ്ഥപ്രാര്‍ത്ഥനക്കാര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇടവക, ഫൊറോന, രൂപത തലങ്ങളില്‍ അതിനു കമ്മിറ്റികളും ഭരണക്രമങ്ങളും ഉണ്ടായി. ഇടവകകളില്‍ ശരിയായ അജപാലന ശുശ്രൂഷകളുടെ ലഭ്യതക്കുറവും ഇടവക വികാരിമാരുടെ അജഗണ ശ്രദ്ധയിലുള്ള അനാസ്ഥയും ശരിയായ ബൈബിള്‍ പഠനം, വേദപാഠ പഠനം എന്നിവയുടെ കുറവുകളും ഒരുതരത്തില്‍ നവീകരണപ്രസ്ഥാനങ്ങളുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് സഹായകമായിയെന്നു കരുതുന്നവരും കുറവല്ല. എങ്കിലും നവീകരണ പ്രസ്ഥാനത്തിന്റെ പ്രഥമഘട്ടം ആവേശജനകവും വിശ്വാസജീവിതത്തിന്റെ പരിപോഷണവുമായി കണക്കാക്കപ്പെട്ടു.

കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് വളര്‍ച്ച പ്രാപിച്ചതെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ ശക്തി പ്രാപിച്ച പെന്തക്കോസ്റ്റല്‍ സഭകളുടെ പ്രവര്‍ത്തന സ്വാധീനം കരിസ്മാറ്റിക്ക് നവീകരണ ഗ്രൂപ്പുകളില്‍ കടന്നുവരാന്‍ ഇടയായില്ലേയെന്നു സന്ദേഹിക്കുന്നവരുമുണ്ട്. കാരണം വിശുദ്ധഗ്രന്ഥം, അതിന്റെ വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ നല്കുന്ന ചില പ്രത്യേക ഊന്നലുകള്‍, ലോകത്തെയും മറ്റു മനുഷ്യരെയും സു വിശേഷങ്ങളിലെ ആധികാരിക പഠനങ്ങളെയും പലപ്പോഴും വൈകാരികമായി കൈകാര്യം ചെയ്യുന്ന ശൈലികള്‍ (മറ്റു മതങ്ങള്‍ ശത്രുമതങ്ങളാണ് അവരുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം, അവരുമായി ഭക്ഷണ സാധനങ്ങള്‍, കാര്‍ഷികോല്പ്പന്നങ്ങള്‍ ഒന്നും പങ്കുവയ്ക്കരുത്, കുട്ടികളുമായി കൂട്ടുകൂടരുത്, അവരുടെ കടകളില്‍ നിന്നും ഒന്നും വാങ്ങരുത്...), ഓരോ വ്യക്തിയും വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോഴോ തുറക്കുമ്പോഴോ കിട്ടുന്ന വചനത്തി ന്റെ അടിസ്ഥാനത്തില്‍ ആധികാരികതയോടെ ആത്മപ്രേരിതവും ദൈവഹിതവുമെന്ന തരത്തില്‍ വചനം വ്യാഖ്യാനിച്ച് മനഃപൂര്‍വമല്ലെങ്കിലും ദുര്‍ബല മനസ്സുകളെ അടിമപ്പെടുത്തുകയും അസന്ദിഗ്ധാവസ്ഥയിലാക്കുകയും ചെയ്യുന്ന പ്രവണതകള്‍, കൗണ്‍സിലിംഗ് എന്ന ഓമനപ്പേരോടെ ആത്മപ്രേരിതമെന്ന പേരില്‍ ഭാവിയും ലക്ഷണങ്ങളും പറയുക, വിശുദ്ധഗ്രന്ഥ വചനങ്ങളുടെ അവസാന വ്യാഖ്യാനം തങ്ങളുടേതാണെന്നു വിശ്വസിപ്പിക്കുക, ദുര്‍ബല മനസ്സുകളില്‍ കഠിനകുറ്റബോധം ഉണ്ടാക്കാന്‍ കഴിയുന്നവിധം അതിനു ചേരുന്ന വചനഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുക, പുതിയനിയമ പുസ്തകങ്ങളില്‍ യേശു പറയുന്ന കരുണ, ദൈവത്തിന്റെ അനന്തക്ഷമ, സാര്‍വത്രിക സ്‌നേഹം, സാര്‍വലൗകികത തുടങ്ങിയ കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം തമസ്‌കരിക്കുക, വിശുദ്ധഗ്രന്ഥത്തിന്റെ സഭാപഠനപരമായ ശാസ്ത്രീയ വശങ്ങളും വ്യാഖ്യാന രീതികളും തമസ്‌കരിച്ചുകൊണ്ട് സാഹചര്യത്തിനിണങ്ങുന്ന തരത്തില്‍ ഏതെങ്കിലും കയ്യെഴുത്തുപ്രതിയില്‍ ഇപ്രകാരമാണ് എന്നു പറഞ്ഞ് യാഥാര്‍ത്ഥ്യമിതാണ് എന്നു വ്യാഖ്യാനിച്ചു വിശ്വസിപ്പിക്കുക, കഠിന പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുക, സ്വാര്‍ത്ഥ ലക്ഷ്യങ്ങളോടെയും സാമ്പത്തിക കണക്കുകൂട്ടലുകളോടെയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, ദൈവമക്കളുടെ സ്വാതന്ത്ര്യമെന്തെന്നു പറഞ്ഞുകൊടുക്കാതെ ഒരുതരം ആത്മിയാന്ധതയിലേക്കും അടിമത്തത്തിലേക്കും ആചാരാനുഷ്ഠാനങ്ങളുടെ മാസ്മരിക സംതൃപ്തിയിലേക്കും നയിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിരളമായെങ്കിലും കാണുന്നതുമാണ് ഈ സന്ദേഹത്തിനു കാരണം.

ആചാരാനുഷ്ഠാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും മറ്റുള്ളവരില്‍നിന്നും മറ്റു സമൂഹങ്ങളില്‍ നിന്നും അകന്നുനില്ക്കുന്നതുമാണ് വിശുദ്ധിയിലേക്കുള്ള വഴി (holiness through ritual life and seperation from others) എന്ന ആശയം കേരള കത്തോലിക്കാ സമൂഹത്തിന്റെ മനസ്സുകളില്‍ അങ്കുരിച്ചു തുടങ്ങിയിട്ട് കുറെ നാളുകളായി. റിന്യൂവല്‍ പ്രസ്ഥാനങ്ങള്‍ വര്‍ധിച്ചതിന് അനുസൃതമായാണോ വിവിധ ഗ്രൂപ്പുകളും സെക്ടുകളും കേരള കത്തോലിക്കാ സമൂഹത്തില്‍ വളര്‍ന്നത് എന്നു പഠനം നടത്തേണ്ടിയിരിക്കുന്നു. കാരണം 1970 കള്‍ മുതലാണ് വിവിധ സെക്ടുകള്‍ വളര്‍ന്നതെന്ന് പൊതുവെ പറയുന്നു. കേരളത്തിലെ കത്തോലിക്കാ നവീകരണ പ്രസ്ഥാനങ്ങളും പരോക്ഷമായെങ്കിലും മേല്‍പറഞ്ഞ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ നമ്മുടെ കണ്‍വന്‍ഷന്‍ ധ്യാനശൈലികള്‍, പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍, ബൈബിള്‍ ക്ലാസുകള്‍, ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ തുടങ്ങിയവ മേല്‍പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി യഥാര്‍ത്ഥ കത്തോലിക്കാ ആത്മീയനവീകരണത്തിനു വഴിയൊരുക്കേണ്ടതാണ്.

ഉറവിടത്തിലേക്കുള്ള തിരിച്ചുപോക്ക്

ആത്മീയ നവീകരണത്തിന്റെ കാതല്‍ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി ഉറവിടത്തിലേക്കുള്ള തിരിച്ചുപോക്കാണ്. എന്നാല്‍ അത് എപ്രകാരമായിരിക്കണം? കുറച്ചുനാളുകള്‍ക്കുമുമ്പ് മാത്യു ഇല്ലത്തുപറമ്പില്‍ അച്ചന്‍ സത്യദീപത്തിലെ തന്റെ പംക്തിയില്‍ പറഞ്ഞു, നാം നല്ലവരാകാന്‍ ശ്രമിക്കുന്നു എന്നാല്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ കൂടിയാകണമെന്ന്. കാരണം നല്ലവരെന്നു വിശേഷിപ്പിക്കപ്പെടാന്‍ മറ്റുള്ളവരുടെ മുന്നില്‍ നല്ലവരായി കാണപ്പെട്ടാല്‍ മതി. ദൈവത്തെ പ്രസാദിപ്പിക്കുന്നവരാകണമെങ്കില്‍ വ്യക്തിപരമായ മാറ്റം സംഭവിക്കണം. വ്യക്തിപരമായ മാറ്റം സംഭവിക്കണമെങ്കില്‍ നാം ആരെന്നു നാം തന്നെ വ്യക്തമായി അറിയണം. അതിനാലാണ് കേരള കത്തോലിക്കാ സമൂഹത്തില്‍ നവീകരണം അതിന്റെ യഥാര്‍ത്ഥ ധ്വനിയില്‍ സാധിതമാകണമെങ്കില്‍ ക്രൈസ്തവികതയുടെ വേരുകളിലേക്ക് ഒരു തിരിച്ചുപോക്ക് (return to the origins) ആവശ്യമെന്നു സൂചിപ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ മത്തായിയുടെ സുവിശേത്തിലെ ഉത്ഥാന വിവരണത്തിലെ ഒരു വാചകം പ്രത്യേകമെടുത്ത് വിചിന്തനം ചെയ്യുന്നുണ്ട്. ജറുസലേമില്‍ അരങ്ങേറിയ യേശുവിന്റെ പീഡാനുഭവവും തുടര്‍ന്നുള്ള കുരിശുമരണവും സാധാരണ ജനങ്ങളെയും പ്രത്യേകമായി തന്നോടുകൂടി ആയിരിക്കാനും സുവിശേഷം പ്രസംഗിക്കാനുമായി തിരഞ്ഞെടുത്ത യേശുവിന്റെ ശിഷ്യന്മാരെയും വലിയ ധാരണ പിശകുകളിലേക്കും അതോടൊപ്പം നിരാശയിലേക്കും നയിച്ചു. അതിനു മധ്യേയാണ് യേശു ഉയിര്‍ത്തെന്നും അവന്റെ ശരീരം കല്ലറയില്‍ കാണുന്നില്ലെന്നും വാര്‍ത്ത പ്രചരിക്കുന്നത്. ഇപ്രകാരമൊരവസ്ഥ നിലനില്ക്കുമ്പോഴാണ് മഗ്ദലമറിയത്തോടും പിന്നീട് ശിഷ്യന്മാരോടും പറയുന്നത്, നിങ്ങള്‍ക്കുമുമ്പേ ഞാന്‍ ഗലീലിയിലേക്കു പോകുന്നു... നമുക്കവിടെ കാണാം. ഫ്രാന്‍സിസ് പാപ്പ ചോദിക്കുന്ന ചോദ്യമിതാണ്. മത്തായിയുടെ പരമ്പര്യമനുസരിച്ച് യേശു എന്തിനാണ് ഇപ്രകാരമൊരു തിരിച്ചുപോക്കിന്റെ രംഗം ഒരുക്കുന്നത്? പാപ്പാതന്നെ പറയുന്നു: ജറുസലെമില്‍ നടന്ന അനിഷ്ടസംഭവങ്ങളും അധികാരത്തിന്റെയും ചതിയുടെയും കപട ആരാധനയുടെയും രാഷ്ട്രീയ ചേരിപ്പോരുകളുടെയും പൊടിപടലത്തില്‍ ലക്ഷ്യം തെറ്റിപ്പോയ, വിഭ്രമത്തിലകപ്പെട്ട മനസ്സുകളെ യഥാര്‍ത്ഥ അവസ്ഥയിലേക്കു തിരികെ കൊണ്ടുവരാന്‍ ഒരു തിരിച്ചുപോക്ക്... ഗലീലിയിലേക്കു ഒരു തിരിഞ്ഞുനോട്ടം ആവശ്യമായിരുന്നു... അവിടെയായിരുന്നു യഥാര്‍ത്ഥ ശിഷ്യത്വത്തിന്റെ ഉറവിടം... അവിടെയായിരുന്നു യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഊഷ്മളതയും ആത്മാര്‍ത്ഥതയുടെ ചാരുതയും....അതിനാല്‍ മനസ്സുകളുടെ നവീകരണം നടക്കേണ്ടത് അവിടെയാണ്....

കേരള കത്തോലിക്കാ സമൂഹത്തിന്റെ നവീകരണത്തെക്കുറിച്ചു വിചിന്തനം നടത്തുമ്പോള്‍ ഇപ്രകാരമൊരു തിരിച്ചുപോക്ക്, ഒരു ഹ്രസ്വകാല ചരിത്രാവലോകനം അനിവാര്യമെന്നു തോന്നുന്നു. ഏതാനും വര്‍ഷങ്ങളായി സഭാസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികൂലവും നിഷേധാത്മകവുമായ അനുഭവങ്ങളെയും സാമൂഹ്യ, രാഷ്ട്രിയ, സാംസ്‌കാരിക, സാമുദായിക നിലപാടുകളെയും വിലയിരുത്തിക്കൊണ്ട് ക്രിസ്തു പഠിപ്പിച്ച സാര്‍വലൗകികതയുടെയും വിശ്വസ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും വഴിയിലേക്കു തിരിച്ചുയാത്രചെയ്യേണ്ടിയിരിക്കുന്നു. സ്വയംഭരണാധികാരമുള്ള (church sui iuris) പൗരസ്ത്യ കത്തോലിക്കാസഭകളില്‍ ആള്‍ബലംകൊണ്ട് രണ്ടാം സ്ഥാനത്തു നില്ക്കുന്ന സീറോ മലബാര്‍ സഭ (Major Archiepiscopal Church of Ernakulam-Angamaly) കേരളത്തിലും ഭാരതത്തിലും ലോകം മുഴുവനിലും ഇതര കത്തോലിക്ക, അകത്തോലിക്ക അക്രൈസ്തവ സമൂഹങ്ങള്‍ക്ക് മാതൃകയാകാന്‍ ദൈവം അവസരങ്ങള്‍ ആവോളം നല്കുന്നുണ്ട്. സിനഡല്‍ സഭയായി ഉയര്‍ന്ന സീറോ മലബാര്‍ സഭ അതിന്റെ സുവിശേഷാധിഷ്ഠിതവും സഭാത്മകവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ അതു പ്രതിഫലിപ്പിക്കുന്നതിനും കാര്യക്ഷമായി പ്രവര്‍ത്തനനിരതയാകാന്‍ സമയമായി എന്നു സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ എല്ലാറ്റിനെയും കൂട്ടിയിണക്കേണ്ട കണ്ണികള്‍ വിഭജനത്തിന്റെയും വിഭാഗിയതയുടെയും ശിഥിലീകരണത്തിന്റെയും ഉപകരണങ്ങളാകുന്നതുപോലെ... അവസരവാദിത്തം (oppertunism), ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന ചിന്തയിലേക്കുള്ള ചായ്‌വുകള്‍ (end justifies the means), തത്വാധിഷ്ഠിതം, സുവിശേഷാധിഷ്ഠിതം എന്നതിനേക്കാള്‍ യാഥാര്‍ത്ഥ്യമെന്നു തോന്നിപ്പിക്കുന്ന പ്രായോഗിക വഴികള്‍ തേടുന്നത് (pragmatism), എല്ലാറ്റിലും ലാഭ നഷ്ടങ്ങള്‍ മുന്നില്‍ കണ്ടുള്ള വിലയിരുത്തലുകള്‍ (vested interests and profit motivated evaluations), വിശ്വാസികളെ സാമുദായികമായും അനുഷ്ഠാനങ്ങളുടെ പേരിലും ധ്രുവീകരിച്ചു ലക്ഷ്യം നേടുന്ന ശൈലികള്‍, തുടങ്ങിയവ ഇന്ന് സഭയുടെയും സമൂഹത്തിന്റെയും വാതില്‍പടിയില്‍ കുത്തിയിരിക്കുന്നു (ഉത്പ. 4:6-7). മാത്രമല്ല, സഭയാകുന്ന ഭവനത്തില്‍ പ്രവേശിച്ച് സ്വസ്ഥമായി വിഹരിക്കാന്‍ തത്രപ്പെടുകയും ചെയ്യുന്നു.

ഇപ്രകാരമുള്ള ശൈലികളില്‍ നിന്നുള്ള ഒരു പിന്തിരിയല്‍, യഥാര്‍ത്ഥ ക്രൈസ്തവ ആത്മീയ ജീവിതത്തിലേക്ക്, ഉത്ഥിതന്റെ പ്രത്യാശയുടെ വഴിയിലേക്ക്, മനുഷ്യവര്‍ഗത്തിന്റെ സാര്‍വത്രിക മാനങ്ങളിലേക്ക്, വിശ്വസാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും വഴിയിലേക്ക് കൈപിടിച്ചു നടക്കാനുള്ള തിരിച്ചുപോക്ക്... അതായിരിക്കണം നവീകരണംകൊണ്ട് ലക്ഷ്യം വയ്‌ക്കേണ്ടത്. അതിനായി:

- പുതിയ പ്രസ്ഥാനങ്ങള്‍ക്കു രൂപംകൊടുക്കുന്നതിനു പകരം സാധാരണമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നവിധം അജപാലന ശൈലികള്‍ രൂപപ്പെടണം.

- ദൈവവചനത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ സാര്‍വലൗകിക കാഴ്ചപ്പാടുകള്‍, യേശുവിന്റെ സ്‌നേഹത്തിലൂടെ പ്രകടമാകുന്ന വിശ്വസാഹോദര്യം എന്നിവയ്ക്കു പ്രാധാന്യംകൊടുത്തുകൊണ്ട് മതബോധന പ്രക്രിയ വിപുലപ്പെടുത്തണം.

- കുടുംബങ്ങളെയും ക്രൈസ്തവ വിശ്വാസത്തെയും ഭയത്തിന്റെയും വെറുപ്പിന്റെയും മുള്‍മുനയില്‍ നിറുത്തി മറ്റുമതങ്ങളില്‍നിന്നും സമുദായങ്ങളില്‍നിന്നും മനുഷ്യസമൂഹത്തില്‍നിന്നും സാമുദായികതയുടെ പേരില്‍ വിഘടന ചിന്തകള്‍ അങ്കുരിപ്പിക്കാതെ സകലജനത്തിനുംവേണ്ടിയുള്ള രക്ഷയുടെ സദ്വാര്‍ത്തയായ (ലൂക്കാ 2:10-110) സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ സ്വയം ശൂന്യവത്ക്കരണത്തിന്റെ പ്രതീകവും മകുടവുമായ ക്രിസ്തുസാന്നിദ്ധ്യം യുവജനങ്ങളെയും സമൂഹത്തെയും പഠിപ്പിക്കാന്‍ വഴികളൊരുക്കുക.

- ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ സാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം മുന്‍കാലങ്ങളില്‍ സഭ ചെയ്തിരുന്നതുപോലെ എല്ലാമനുഷ്യര്‍ക്കും ഉപകാരപ്പെടുന്ന വിധം സത്യസന്ധതയോടും സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെയും ജീവകാരുണ്യ, പരോപകാര, പ്രവര്‍ത്തനങ്ങള്‍ക്കു വേദികളൊരുക്കുക.

- വൈദികരും മെത്രാന്മാരും മെത്രാന്‍ സംഘവും തങ്ങളുടെ ആത്മീയാധികാരത്തിനു ഊന്നല്‍ കൊടുത്ത് ദൈവം നല്കുന്ന രക്ഷയുടെയും, പാപമോചനത്തിന്റെയും സാന്ത്വനത്തിന്റെയും കൈവഴികള്‍ മാത്രമാണെന്നു ആത്മാര്‍ത്ഥതയോടും എളിമയോടും ചിന്തിക്കാന്‍, ആദിമ സഭാപിതാക്കന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശൈലികള്‍ക്കു രൂപംകൊടുക്കുക (യോഹ. 13:14-17).

- ഓരോ സമൂഹത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി ശുശ്രൂഷകളില്‍ ഏര്‍പ്പെടേണ്ടവരാണ് സഭാമക്കളെന്നും ഭരിക്കുകയും അധീശത്തം പുലര്‍ത്തുകയും ചെയ്യുന്നവരുടെ സംഘമല്ല സഭയെന്നും ബോദ്ധ്യപ്പെടുത്തുക. (ഇവിടെ സമൂഹം, സാഹോദര്യം, പങ്കാളിത്തം എന്നിങ്ങനെ സിനഡാലിറ്റിയുടെ താത്വികവും പ്രായോഗികവുമായ കാര്യങ്ങള്‍ വിശുദ്ധഗ്രന്ഥാധിഷ്ഠിതമായി ഗ്രഹിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താവുന്നതാണ്).

- സാമൂഹ്യമാധ്യമങ്ങളെ പക്വതയോടും ലക്ഷ്യബോധത്തോടും ഉപകാരപ്പെടുത്താന്‍ ആവശ്യമായ വൈകാരിക പക്വത സഭാസമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാകാനുള്ള വഴികള്‍ ഈ നവീകരണ കാലഘട്ടത്തില്‍ കണ്ടെത്തുകയും ശത്രുസംഹാരത്തിനുള്ള വഴിയായി അതിനെ ഉപയോഗിക്കാന്‍ ഇടയാക്കാതിരിക്കുകയും ചെയ്യുക.

- അനുദിനാവശ്യങ്ങള്‍ നടത്തികൊണ്ടുപോകാനാവശ്യമായ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ഉണ്ടാകണമെന്ന ചിന്തയോടെ ലാഭംമാത്രം മുന്നില്‍കണ്ടുകൊണ്ട് ഇടവകകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ശൈലികള്‍ ഇല്ലാതാക്കാന്‍ നവീകരണവര്‍ഷങ്ങളില്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

- ക്രിസ്തീയതയുടെ കാതല്‍ പങ്കുവയ്ക്കലാണ് എന്ന യാഥാര്‍ത്ഥ്യം എല്ലാവരെയും പഠിപ്പിക്കണം. സാധാരണക്കാരായ വ്യക്തികളെ, ആവശ്യക്കാരെ കണ്ടില്ലെന്നു നടിക്കാതെ ആവശ്യക്കാരും നീതിലഭിക്കാത്തവരും ക്രൈസ്തവ വിശ്വാസിയുടെ മുന്നില്‍ എനിക്കു ദാഹിക്കുന്നു എന്നു പറയുന്ന (യോഹ. 19:28) ക്രിസ്തുതന്നെയാണ്. അതിനാല്‍ കേരളത്തിന്റെ സാഹചര്യത്തില്‍ ഇടവക സമൂഹത്തിന്റെ പൊതു ആവശ്യമനുസരിച്ചുള്ള സാമ്പത്തിക പുരോഗമനംമതി എന്നു എല്ലാവരും ബോധവാന്‍മാരാകുക.

- എല്ലാവരുടെയും സമ്പൂര്‍ണ സഹകരണത്തോടെ നടത്താവുന്ന കാര്യങ്ങള്‍ ഇടവകകളിലും സ്ഥാപനങ്ങളിലും നടത്തിയാല്‍ മതി എന്ന ബോധ്യം എല്ലാവരിലും ഉളവാക്കണം. ലഭിക്കുന്ന പണം സാമൂഹ്യ സേവനത്തിന് ചെലവഴിക്കാനുള്ള ക്രിസ്തീയ മനോഭാവം അതിന്റെ പൂര്‍ണതയില്‍ വളര്‍ത്താന്‍ ശ്രമിക്കണം.

- രാഷ്ടീയ നിലപാടുകളും മതജീവിതവും തമ്മില്‍ കൂട്ടികുഴയ്ക്കാതെ രണ്ടു യാഥാര്‍ത്ഥ്യങ്ങളും എപ്രകാരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് സമൂഹം പഠിക്കണം. അതിനായി ഉള്‍ക്കാഴ്ചകളോടെ പ്രവര്‍ത്തിക്കാനുള്ള വഴികള്‍ സഭാ നേതൃത്വം കണ്ടെത്തണം.

- വികാരിയച്ചനും മെത്രാനും, മെത്രാപ്പോലീത്തയും കര്‍ദിനാളും മാര്‍പാപ്പയും ഇതര ശുശ്രൂഷാധികാരികളും ദൈവജനംതന്നെയാണെന്ന സത്യം ജീവിത ശൈലികൊണ്ടും പെരുമാറ്റങ്ങളുടെയും വൈകാരിക ഭാവവ്യത്യാസങ്ങളുടെയും കാരണങ്ങള്‍കൊണ്ടും മാറിപ്പോയിട്ടുണ്ട്. സഭ ദൈവജനമാണ്. അത് എല്ലാവരുമൊന്നിച്ചുള്ള തീര്‍ത്ഥയാത്രയാണ്. ഇത് ഈ നവീകരണ കാലഘട്ടത്തില്‍ ബോദ്ധ്യപ്പെടാനുതകുന്ന തുറവിയുടെ ശ്രമങ്ങള്‍ ഉണ്ടാകണം.

ഇപ്രകാരം ഈ നവീകരണ കാലഘട്ടം ക്രൈസ്തവികതയുടെ ഉറവിടത്തിലേക്കുള്ള ഒരു തിരിച്ചുപോകലാകണം. ക്രൈസ്തവവിശ്വാസത്തിന്റെയും കത്തോലിക്കാ ജീവിതത്തിന്റെയും മാഹാത്മ്യവും സമൂഹത്തിലും വ്യക്തിജീവിതത്തിലും അതിനുള്ള പ്രസക്തിയും വീണ്ടെടുക്കണം. ആചാരങ്ങള്‍ക്കുപകരം മൂല്യങ്ങള്‍ വളര്‍ത്തണം... അനുഷ്ഠാനങ്ങള്‍ക്കുപകരം വചനാധിഷ്ഠിത, സുവിശേഷാധിഷ്ഠിത മനസാക്ഷിരൂപീകരണം നടക്കണം... സമുദായചിന്തയേക്കാള്‍ വിശ്വസാഹോദര്യ ചിന്തവളര്‍ത്തണം... അവിടെ ക്രിസ്തു എല്ലാവരുടെയും വഴിയും സത്യവും ജീവനുമാകും.

എല്ലാവരുടെയും സമ്പൂര്‍ണ സഹകരണത്തോടെ നടത്താവുന്ന കാര്യങ്ങള്‍ ഇടവകകളിലും സ്ഥാപനങ്ങളിലും നടത്തിയാല്‍ മതി എന്ന ബോധ്യം എല്ലാവരിലും ഉളവാക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org