
ഏഴര പതിറ്റാണ്ടു ജീവിച്ച്, എഴുനൂറോളം സിനിമകളില്‍ അഭിനയിച്ചു കടന്നുപോകുമ്പോള്‍, ഇന്നസെന്റ് അവശേഷിപ്പിക്കുന്നത് ഒരു ഹാസ്യതാരത്തിന്റെ മാത്രം ചരിത്രമല്ല. അറുപത്തഞ്ചാം വയസ്സില്‍ കാന്‍സര്‍ രോഗം ബാധിച്ച ഇന്നസെന്റ് രോഗാവസ്ഥകളെ എ പ്രകാരം അഭിമുഖീകരിക്കണമെന്ന കാര്യത്തില്‍ മലയാളിക്കു മാതൃകയായി. കാന്‍സര്‍ ചികിത്സയ്ക്കു ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് ഇന്ത്യന്‍ പാര്‍ലമെന്റംഗമായി. നടീനടന്മാരുടെ സംഘടനയെ ദീര്‍ഘകാലം നയിച്ചു. ഇരിങ്ങാലക്കുടയില്‍ ജനിച്ച്, എട്ടാം ക്ലാസു വരെ മാത്രം പഠിച്ച ഒരു മനുഷ്യനു ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്ത ശേ ഷമാണ് ജീവിതത്തോട് അദ്ദേഹം വിട പറഞ്ഞത്. ലക്ഷ്യബോധവും കഠിനാദ്ധ്വാനസന്നദ്ധതയും ആ ത്മവിശ്വാസവുമുണ്ടെങ്കില്‍ വിജയം ആര്‍ക്കും സാദ്ധ്യമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യം പറയുന്നു.
''മൂന്നു വര്‍ഷം പഠിച്ചെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല'' എന്നാണ് പണ്ടൊരു ടെലിവിഷന്‍ പരിപാടിയില്‍ അദ്ദേഹം തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് അന്നത്തെ ഇരിങ്ങാലക്കുട എം എല്‍ എ ലോനപ്പന്‍ നമ്പാടനോടു പറഞ്ഞത്. ഏതു കോഴ്‌സ് എന്നു നമ്പാടന്‍മാഷ് ചോദിക്കുമ്പോള്‍ ഇന്നസെന്റ് നിസ്സംഗനായി പറയുന്നു, ''എട്ടാം ക്ലാസ്!'' എട്ടാം ക്ലാസില്‍ പഠിപ്പു നിറുത്തിയതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്, ''എട്ടു വരെ പഠിച്ചപ്പോഴേക്കും അത്യാവശ്യം വേണ്ട മാത്‌സും മലയാളവും സോഷ്യല്‍ സ്റ്റഡീസുമെല്ലാം ഞാന്‍ മനസ്സിലാക്കി. അതു മനസ്സിലാകാത്തവരാണ് പിന്നെ ഒമ്പതില്‍ പഠിക്കാന്‍ പോകുന്നത്. എന്നിട്ടും മനസ്സിലാകാത്തവര്‍ പത്തില്‍ പഠിക്കും. ചിലര്‍ക്കു പിന്നെയും പഠിക്കേണ്ടി വരും!''
സ്‌കൂളിലെ പഠിപ്പ് അവസാനിപ്പിച്ചുവെങ്കിലും ജീവിതത്തില്‍ അദ്ദേഹം നിരന്തരം പഠിച്ചുകൊണ്ടിരുന്നു. പരീക്ഷകളെ നേരിട്ടുകൊ ണ്ടിരുന്നു, ചിലപ്പോഴെല്ലാം പരാജയപ്പെട്ടു, അന്തിമമായി വിജയിക്കുക തന്നെ ചെയ്തു. അതിനിടയില്‍ അനേകായിരങ്ങളെ അദ്ദേഹം ജീവിതത്തെക്കുറിച്ചു പഠിപ്പിച്ചു. അനേകലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ അനേകം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. കാന്‍സര്‍വാര്‍ ഡിലെ ചിരി എന്ന പുസ്തകം വന്‍പ്രചാരം നേടി. കാന്‍സര്‍ രോഗവുമായി മല്ലിടുന്ന അനേകായിരങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം ആ പുസ്തകം വലിയ സമാശ്വാസം പകരുകയും ശരിയായ വഴി കാണിക്കുകയും ചെയ്തു. എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു.
പുസ്തകങ്ങളേക്കാള്‍ അഭിമുഖങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങള്‍ മലയാളികള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. ഫോട്ടോഗ്രാഫിക് മെമ്മറിയെന്നു ശ്ലാഘിക്കപ്പെട്ട ഓര്‍മ്മശക്തിയുടെ ഉടമയായിരുന്ന അദ്ദേഹം ജീവിതാനുഭവങ്ങളെ നര്‍മ്മഭാസുരമായും പ്രത്യാശാഭരിതമായും അവതരിപ്പിക്കുമ്പോള്‍, അവയെല്ലാം മലയാളിയെ കുറെക്കൂടി മെച്ചപ്പെട്ട മനുഷ്യരാകാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. സിനിമ മാത്രമല്ല, സാഹിത്യവും രാഷ്ട്രീയവും മത വും വിശ്വാസവുമെല്ലാം അദ്ദേഹത്തിന്റെ പരിശോധനകള്‍ക്കും പ രിഹാസങ്ങള്‍ക്കും വിധേയമായി.
24-ാം വയസ്സില്‍ തന്നെ അദ്ദേ ഹം സിനിമയില്‍ മുഖം കാണിക്കുന്നുണ്ട്. സിനിമാനടനാകുക എന്ന മോഹം അതിനു മുമ്പേ ഇന്നസെ ന്റിന്റെ മനസ്സിലുണ്ട് എന്നര്‍ത്ഥം. എന്നാല്‍, നാല്‍പതു വയസ്സിനു ശേഷമാണ് ശ്രദ്ധേയനായ ഒരു നടനായി മാറാന്‍ അദ്ദേഹത്തിനു കഴിയുന്നത്. അതിനിടയില്‍, കച്ചവടത്തിലും വ്യവസായത്തിലും രാ ഷ്ട്രീയത്തിലും സിനിമാനിര്‍മ്മാണത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അപ്പോഴൊക്കെ യും നടനാകുക എന്ന ലക്ഷ്യം അദ്ദേഹം മനസ്സിലുറപ്പിച്ചു വയ്ക്കുകയും ഒടുവില്‍ ആഗ്രഹിച്ചിരുന്നിടത്ത് എത്തിച്ചേരുകയും ചെയ്തു.
സിനിമയില്‍ വലിയ താരമായെങ്കിലും ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മരുമകള്‍ രശ്മി എന്നിവര്‍ക്കൊപ്പം, ജന്മനാട്ടില്‍ തന്നെ താമസിക്കാനിഷ്ടപ്പെട്ട ഒരു ഇരിങ്ങാലക്കുടക്കാരനായിരുന്നു എന്നും ഇന്നസെന്റ്. തന്റെ ഇടവകപ്പള്ളിയായ ഇരിങ്ങാലക്കുട സെ.മേരീസ് കത്തീഡ്രല്‍ ഇടവകയുടെ സെമിത്തേരിയില്‍ ആ മൃതദേഹം അടക്കം ചെയ്യപ്പെട്ടുവെങ്കിലും സി നിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളുമൊന്നും മണ്ണിലോ മറവിയിലോ മറയുകയില്ല. അവയെല്ലാം മലയാളസംസ്‌കാരത്തി ന്റെ ഭാഗമായി അനശ്വരങ്ങളായിക്കഴിഞ്ഞു. പഴഞ്ചൊല്ലുകളും പ്രയോഗങ്ങളുമായി അവ മലയാളികള്‍ ഉള്ള കാലത്തോളം നിലനില്‍ക്കും. ഒപ്പം ഇന്നസെന്റ് പകര്‍ന്നു തന്നെ ജീവിതപാഠങ്ങളും.