ഭൂമിയുടെ അവകാശികള്‍

ഭൂമിയുടെ അവകാശികള്‍

ഫാ. ജോസ് വള്ളികാട്ട് എം.എസ്.ടി.

"ശാന്തശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമി അവകാശമാക്കും" (മത്താ. 5:5).

ഫാ. ജോസ് വള്ളികാട്ട് എം.എസ്.ടി.
ഫാ. ജോസ് വള്ളികാട്ട് എം.എസ്.ടി.

ഗുര്‍ശരണ്‍ സിംഗ് എന്ന കര്‍ഷകന്‍ ഡല്‍ഹിയിലെ സമര ഭൂമിയില്‍ നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം കണ്ടു. മുമ്പ് ആയുധ പരിശീലകന്‍ ആയിരുന്ന അദ്ദേഹം സൈന്യത്തില്‍ കൊടുത്തിരുന്ന പരിശീലന സിദ്ധാന്തങ്ങളില്‍ ഒന്ന് വിവരിക്കുന്നു. 'ഓരോ സൈനികനും അവരവര്‍ക്ക് ഏല്പിച്ചു കൊടുത്തിരിക്കുന്ന പോസ്റ്റിനെ സംരക്ഷിക്കണം. നിങ്ങള്‍ മരിച്ചു വീണേക്കാം, എന്നാലും പോസ്റ്റിനെ കൈവിടാന്‍ പാടില്ല. സൈനികരുടെ അതേ ആവേശത്തിലും അര്‍പ്പണബോധത്തിലുമാണ് ഓരോ കര്‍ഷകനും മണ്ണിലേക്ക് ഇറങ്ങുന്നത്. അതുപോലെ അവകാശങ്ങള്‍ക്കായുള്ള ഈ സമരത്തില്‍ ലക്ഷ്യം നേടാതെ ഞങ്ങള്‍ പിന്നോട്ടില്ല.'
സമരത്തിന് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികായത്ത് പറഞ്ഞതും അത് തന്നെയാണ്: 'ബില്ലുകള്‍ തിരിച്ചെടുത്തില്ലെങ്കില്‍ വീട്ടിലേക്ക് ഒരു തിരിച്ചുപോക്കില്ല' (ബില്‍ വാപ്‌സി നഹി തോ, ഘര്‍ വാപ്‌സി നഹി). ദൃഢനിശ്ചയത്തിന്റെ ഉറപ്പ് ആ വാക്കുകളില്‍ കേള്‍ക്കാം. തങ്ങള്‍ എല്ലുമുറിയെ പണിയെടുത്തു മണ്ണില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് അര്‍ഹമായ വിപണിയും വിലയും ലഭ്യമാക്കുന്നതിന് വേണ്ടി രാജ്യത്തെ കര്‍ഷകര്‍ കൂട്ടായി നടത്തുന്ന ഐതിഹാസികമായ സമരമാണ് ഡല്‍ഹിയിലെ രാജപാതകളില്‍ ഇപ്പോള്‍ നടക്കുന്നത്.
തങ്ങളുടെ വീടുകളില്‍ നിന്നും ഏറെ കിലോമീറ്ററുകള്‍ അകലെ ഡല്‍ഹിയില്‍ കര്‍ഷകര്‍ തമ്പടിച്ചു സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 60 ദിവസങ്ങള്‍ ആയിരിക്കുന്നു. ക്യാമ്പില്‍ ഭക്ഷണ കാര്യങ്ങളില്‍ സഹായിക്കുന്ന ഗുര്‍ശരണ്‍ ഇടയ്ക്കിടയ്ക്ക് കീശയിലെ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കും. കുറെയേറെ ഹൃദയ ഇമോജികള്‍ വന്നു കിടപ്പുണ്ടാകും. തന്റെ മൂന്നു വയസുകാരി കുഞ്ഞ് വീട്ടിലെ മൊ ബൈലില്‍ നിന്നും പപ്പയ്ക്ക് അയക്കുന്നതാണ്. ദിനേന അമ്പതോളം. അത് കാണുമ്പോള്‍ ചങ്കില്‍ ഒരു പിടപ്പാണ്. എന്നാലും ലക്ഷ്യം പ്രാപിക്കാതെ സമരവേദി വിട്ടുപോകാന്‍ കഴിയുന്നില്ല. മറ്റു ചിലരാകട്ടെ ഭാര്യയും കുഞ്ഞു കുട്ടികളും അടക്കം ആണ് സമര വേദിയില്‍ ട്രോളികളിലും താത്കാലിക കൂടാരങ്ങളിലുമായി കഴിയുന്നത്. അസ്ഥിയിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പുള്ള പ്രതികൂല കാലാവസ്ഥയില്‍ നടത്തപ്പെടുന്ന ഈ സമരത്തിന്റെ നേര്‍ചിത്രങ്ങളും അനുഭവസാക്ഷ്യങ്ങളും കരളുരുക്കുന്നതാണ്.

ഭൂമിയുടെ അവകാശികള്‍

വിളകളുടെയും ഭൂമിയുടെയും മേല്‍ തങ്ങള്‍ക്കുള്ള അവകാശം പോലും അപകടത്തിലാകുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് കര്‍ഷകര്‍ സമരത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. തങ്ങള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും, ഇതിന്റെ ഭാവി എന്താണ് എന്നും അവര്‍ക്ക് എല്ലാവര്‍ക്കും കൃത്യമായി അറിയാം. ബീഹാര്‍ പോലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കെനിയ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലും സമാനമായ നിയമങ്ങള്‍ വഴി കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തെ പഠിക്കുകയും, അത്തരം വിനകളില്‍ വീഴാതിരിക്കുന്നതിനുമാണ് സമരം.
ഇത് കര്‍ഷകരെ മാത്രം സംബന്ധിക്കുന്ന സമരമാണ് എന്നു കരുതുന്ന കുറച്ചു പേര്‍ക്കെങ്കിലും സമരം അനാവശ്യമാണ് എന്ന നിലപാടാണ് ഉള്ളത്. അതുപോലെ തന്നെ, പഞ്ചാബ് പോലെ ചില സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്ന പ്രാദേശിക വിഷയമാണ് ഇതെന്നും അവര്‍ ധരിക്കുന്നു. എന്റെ അയല്‍ക്കാരനും നാലഞ്ച് ഏക്കര്‍ കൃഷി ചെയ്യുന്നയാളുമായ ജഗ്മീത് സിങ്ങുമായി ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. അയാള്‍ പറഞ്ഞത് ശ്രദ്ധേയമാണ്. 'കര്‍ഷകരുടെ ക്ഷേമത്തിനായുള്ള നിയമം ആണ് എന്നാണു എല്ലാവരും പറയുന്നത്. വാസ്തവത്തില്‍ ഇത് ട്രേഡ് ബില്ലുകളാണ്, കച്ചവടക്കാരെ സഹായിക്കുന്ന നിയമം.'

കര്‍ഷകര്‍ക്കുള്ള കത്രികപ്പൂട്ട്

മൂന്ന് നിയമങ്ങളും വായിച്ചാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യമാവും. രാജ്യമാകെ ഒരു റീറ്റെയ്ല്‍ ശൃംഖല സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ഏതു കുത്തകയെയും സഹായിക്കാന്‍ ഉതകുന്ന വിധത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിയമം കൊണ്ടുവരാന്‍ ഉള്ള ശ്രമമായിട്ടു വേണം ഈ ബില്ലുകളെ കാണാന്‍. ശേഖരണം, നികുതി, വി പണി എന്നിവ സംബന്ധിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും ഉണ്ടായിരുന്ന അധികാരത്തെ പൂര്‍ണ്ണമായും കവര്‍ന്നെടുത്തു കേന്ദ്രത്തിന്റെ കീഴില്‍ കൊണ്ടുവരികയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. രണ്ടാമതായി, വിളകളെ അവശ്യവസ്തുക്കളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കുമ്പോള്‍ ശേഖരണം, പൂഴ്ത്തിവെപ്പ് എന്നിവയില്‍ കുത്തകകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും അത് സാമ്പത്തിക ചൂഷണത്തിന് കാരണമാകുകയും ചെയ്യും. മൂന്നാമതായി കരാര്‍ കൃഷി നിലവില്‍ വരിക വഴി കര്‍ഷകന് ഏതു കൃഷി ചെയ്യണം എന്ന തീരുമാനത്തിന്‍മേലുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടും. അവസാനമായി, ഈ വിഷയങ്ങളില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ നിയമത്തിന്റെ പിന്‍ബലം തേടാന്‍ അവകാശം പോലും നഷ്ടപ്പെടുത്തുന്ന കരിനിയമമാണ് ഇപ്പോള്‍ പാസ്സാക്കിയിരിക്കുന്നത്.

വിളകളുടെയും ഭൂമിയുടെയും മേല്‍ തങ്ങള്‍ക്കുള്ള
അവകാശം പോലും അപകടത്തിലാകുന്നു എന്ന
ബോധ്യത്തില്‍ നിന്നാണ് കര്‍ഷകര്‍ സമരത്തിന് ഇറങ്ങി
പുറപ്പെട്ടിരിക്കുന്നത്. തങ്ങള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും,
ഇതിന്റെ ഭാവി എന്താണ് എന്നും അവര്‍ക്ക് എല്ലാവര്‍ക്കും
കൃത്യമായി അറിയാം. ബീഹാര്‍ പോലുള്ള ഇന്ത്യന്‍
സംസ്ഥാനങ്ങളിലും കെനിയ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലും
സമാന
മായ നിയമങ്ങള്‍ വഴി കര്‍ഷകര്‍ അനുഭവിക്കുന്ന
ദുരിതത്തെ പഠിക്കുകയും, അത്തരം വിനകളില്‍
വീഴാതിരിക്കുന്നതിനുമാണ് സമരം.


മാനുഷികമായ കാരണങ്ങളാല്‍ സമരത്തെ പിന്തുണയ്‌ക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. അന്നം തരുന്നത് കര്‍ഷകനാണ്. അവര്‍ക്ക് ലാഭകരമായി കൃഷി ചെയ്യാനും, അന്തസ്സായി ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കിയാലേ നമ്മുടെ മേശകളില്‍ ഭക്ഷണം എത്തുകയുള്ളൂ. എന്നാല്‍ സമീപകാലങ്ങളില്‍ കൃഷി മൂലം കടക്കെണിയില്‍ ആകുന്നവരുടെയും, ജീവിതം അവസാനിപ്പിക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. കാലാ വസ്ഥയിലുള്ള വ്യതിയാനങ്ങളും, കെമിക്കല്‍ വളങ്ങളുടെയും, കീട നാശിനികളുടെയും ഉപയോഗവും ഒക്കെ പ്രതികൂലമായി, വെല്ലുവിളികളായി കര്‍ഷകന്റെ മുന്നില്‍ ഉയരുന്നു. അത് കൂടാതെയാണ് സര്‍ക്കാരുകള്‍ സൃഷ്ടിക്കുന്ന നിയമങ്ങള്‍ അവര്‍ക്ക് വിനയാകുന്നത്. വിപണിയും വിലയും കിട്ടാതെ വന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷക വര്‍ഗ്ഗം തന്നെ ഇല്ലാതാവും. അതിനാല്‍ കര്‍ഷക പ്രക്ഷോഭം ഓരോ പൗരന്റെയും സമരം കൂടിയാണ്.
സാമ്പത്തികവും സാമൂഹ്യവും ആയ കാരണങ്ങളാല്‍ എല്ലാവരും ഈ പ്രതിഷേധത്തില്‍ അണിചേരേണ്ടതുണ്ട്. സംസ്ഥാന ഭേദമെന്യേ കുറഞ്ഞ വിലയില്‍ സംഭരണം നടത്താന്‍ കുത്തകകള്‍ക്ക് അവസരമൊരുക്കുന്നതാണ് പുതിയ നിയമങ്ങള്‍. അത് കര്‍ഷകര്‍ക്ക് വലിയ ബാധ്യത ആവും. അതേസമയം പൂഴ്ത്തിവയ്പ്പിന്റെ നിയമ നൂലാമാലകളില്‍ നിന്ന് മുക്തരായി, വിഭവങ്ങള്‍ സമര്‍ത്ഥമായി ശേഖരിച്ചു വിഭവലോപം വ്യാജമായി സൃഷ്ടിച്ചു കൂടുതല്‍ വിലക്ക് കുത്തകകള്‍ ചില്ലറ വിതരണത്തിന് എത്തിക്കും. അപ്പോള്‍ കര്‍ഷകരല്ലാത്തവരും വിലക്കയറ്റത്തിന്റെ ചൂട് അറിയും. അരക്കിലോ, കാല്‍കിലോ ഉള്ളി വാങ്ങുന്ന ലക്ഷക്കണക്കിന് ദരിദ്രര്‍ ഉള്ള ഇടമാണ് നമ്മുടെ ഇന്ത്യ എന്ന് ഓര്‍ക്കണം. അപ്പോള്‍ 10 രൂപയ്ക്കു കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ഉള്ളിക്ക് ചന്തയില്‍ 100 രൂപ വില ഉണ്ടാവുമ്പോഴോ? സ്വകാര്യ കുത്തകകള്‍ വിഭവശേഖരണം നടത്തുമ്പോള്‍ പൊതുവിതരണം അവതാളത്തിലാകും എന്നത് മുന്നനുഭവങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ നോക്കിയിരിക്കുന്ന കോടിക്കണക്കിനു മനുഷ്യരെയാണ് അത് ബാധിക്കാന്‍ പോകുന്നത്. ദരിദ്ര വിഭാഗങ്ങള്‍ കൂടുതല്‍ വിശക്കുന്നവരായി മാറും എന്നതാണ് അതിന്റെ പരിണതി.

രാഷ്ട്രീയ നാടകങ്ങള്‍

കര്‍ഷകര്‍ക്കുണ്ടാകുന്ന ഹാനിയേക്കാള്‍ ഉപരി ഈ ബില്ലുകള്‍ രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ്. മുമ്പു പാസ്സാക്കിയിട്ടുള്ള മറ്റു ചില നിയമങ്ങള്‍ പോലെ തന്നെ ഇവയും സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവര്‍ന്നെടുക്കുന്നതാണ്. വികേന്ദ്രീകരണത്തിനു വിരുദ്ധമായി ഒരു ഏകാധികാര സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വപ്നം കാണുന്നത് എന്ന് വ്യക്തമാണ്. ഈ സര്‍ക്കാര്‍ ഭരണത്തില്‍ തുടര്‍ന്നാല്‍ ഉണ്ടായേ ക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചുള്ള സൂചന കൂടിയാണ് ബില്ലുകള്‍.
ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും, പരിഹാരപ്രാപ്തിക്കും വേണ്ടി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായി കര്‍ഷകര്‍ക്കും പൊതുജനത്തിനും തോന്നുന്നില്ല. ഏഴോ എട്ടോ ചര്‍ച്ചകള്‍ക്ക് ശേഷവും കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ നാടകീയ ഇടപെടലിലൂടെ പരമോന്നത കോടതി ഒരു കമ്മറ്റിയെ പഠിക്കാന്‍ നിയമിച്ചിരിക്കുന്നു! കോടതിയുടെ ചില പരാമര്‍ശങ്ങള്‍ കര്‍ഷകര്‍ സ്വാഗതം ചെയ്‌തെങ്കിലും കമ്മറ്റിയെ അംഗീകരിക്കില്ല എന്ന് കര്‍ഷകര്‍ വ്യക്തമാക്കി കഴിഞ്ഞു. നിയമനിര്‍മ്മാണ സംബന്ധമായ പ്രശ്‌നങ്ങളില്‍ കോടതിയെ ആശ്രയിക്കുന്നത് വര്‍ദ്ധിക്കുന്തോറും, സര്‍ക്കാരിന്റെ ക്ഷമത കുറയുന്നു എന്നും, ലക്ഷ്യങ്ങള്‍ മറ്റു പലതുമാണെന്നും വേണം മനസ്സിലാക്കേണ്ടത്.

ശാന്തി മാര്‍ഗം

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളോ യൂണിയനുകളോ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് തികച്ചും വത്യസ്തമാണ് ഈ സമരം എന്നത് കര്‍ഷക സമരത്തെ വേറിട്ടതാക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കിരാതമായ 3 കരിനിയമങ്ങള്‍ പിന്‍വലിപ്പിക്കുക എന്നതില്‍ കവിഞ്ഞു വേറൊരു ലക്ഷ്യവും സമരത്തിനില്ല. പൊതു മുതല്‍ നശിപ്പിക്കാനോ, സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനോ, കൊല്ലിനോ കൊലയ്‌ക്കൊ പോകാനോ ലക്ഷ്യം വച്ചുള്ളതല്ല സമരം. ഗാന്ധിജിയുടെ മാതൃക പിന്തുടരുന്ന ഈ സമരത്തില്‍ ഉപരോധങ്ങള്‍, കുത്തകകളുടെ ഉത്പന്ന വര്‍ജ്ജനം എന്നിങ്ങനെയുള്ള സമാധാന ആയുധങ്ങളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. തങ്ങളെ തല്ലിയ അര്‍ദ്ധ സൈനികര്‍ക്കും പോലീസിനും ഭക്ഷണം വെച്ച് വിളമ്പി കൊടുത്ത് സര്‍ക്കാരിന്റെ ആയുധങ്ങളെയും കുതന്ത്രങ്ങളെയും കര്‍ഷകര്‍ നിഷ്പ്രഭമാക്കി.

ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും, പരിഹാര പ്രാപ്തിക്കും വേണ്ടി
സര്‍ക്കാര്‍ ആത്മാര്‍ത്ഥ മായി ശ്രമിക്കുന്നതായി കര്‍ഷകര്‍ക്കും
പൊതുജനത്തിനും തോന്നുന്നില്ല. ഏഴോ എട്ടോ ചര്‍ച്ചകള്‍ക്ക്
ശേഷവും കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സാധിച്ചിട്ടില്ല.


അതേസമയം, തന്റെ തുറുപ്പ് തന്ത്രമായ വര്‍ഗ്ഗീയ കാര്‍ഡിറക്കി അത്യന്തം ഹീനമായ രീതിയിലാണ് രാജ്യത്തിന്റെ പ്രധാന മന്ത്രി സമരത്തെ നേരിട്ടത്. സമരമുഖത്ത് ഖാലിസ്ഥാനികളാണ് ഉള്ളത് എന്ന് പ്രചരിപ്പിച്ച വ്യാജം വിലപ്പോകാതെ വന്നപ്പോള്‍, ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിച്ച സിഖ് സുഹൃത്താണ് താന്‍ എന്ന് സ്ഥാപിക്കാന്‍ വിഫല ശ്രമം നടത്തി. കര്‍ഷകരുടെ ആര്‍ജ്ജവവും, ധിഷണയും, സത്യസന്ധതയും, സഹന ശേഷിയും ആകട്ടെ ദിനേന അവര്‍ എടുക്കുന്ന നിലപാടുകളിലും അവരുടെ പെരുമാറ്റത്തിലും നിന്ന് പ്രകടമായി കൊണ്ടിരിക്കുന്നു.
സിഖ് ധര്‍മ്മത്തിലൂടെ സഹജമായി ലഭ്യമായിരുന്ന ഒരു ആത്മീയത അവരുടെ തീരുമാനങ്ങളെയും പെരുമാറ്റങ്ങളെയും നയിക്കുന്നുണ്ട്. 'മുത്തുകള്‍ കോര്‍ക്കാന്‍ നൂല്‍ അനിവാര്യം എന്ന പോലെ കര്‍ഷകന്‍ ഇല്ലാതെ ഭൂമിയില്‍ വിളയുണ്ടാകുമോ? അതുപോലെ, ഗുരു(ദൈവം) ഇല്ലാതെ നശ്വരനായ മനുഷ്യന്‍ ദുഃഖത്തില്‍ ഉഴലുന്നു.' എന്ന ഗുരു നാനാക് ദേവ്ജിയുടെ വചനമാണ് കര്‍ഷകരുടെ കൃഷി വീക്ഷണം. ഗുരു എന്ന പോലെ അവര്‍ക്ക് വയലും ദൈവമാണ്. 'തങ്ങളുടെ മക്കള്‍ക്ക് ഭക്ഷണം ഉത്പാദിപ്പിക്കാന്‍, കര്‍ഷകന്‍ വയലിനെ സ്‌നേഹം ചാലിച്ച് ഉഴുതുമറിക്കുന്നു' ഗുരുനാനാക് ദേവ്ജിയുടെ മറ്റൊരു ദര്‍ശനമാണ്. കേവലം കാശിന് വേണ്ടി മാത്രമല്ല അവര്‍ കൃഷി ചെയ്യുന്നത്. രാജ്യത്തെ തീറ്റിപ്പോറ്റാന്‍ അവര്‍ വിത്തുകളോടൊപ്പം തങ്ങളുടെ ജീവനും വിതക്കുന്നുണ്ട്. അതിലേക്കുള്ള കടന്നുകയറ്റവും അധിനിവേശവും ആണ് അവര്‍ ചെറുക്കുന്നത്.
വിത്തു വിതച്ചിട്ടു ക്ഷമയോടെ കാത്തിരിക്കുന്ന കര്‍ഷകനെ പോലെയാണ് സ്രഷ്ടാവായ ദൈവം എന്ന് വിവിധ ഉപമകള്‍ വഴി ക്രിസ്തു വെളിപ്പെടുത്തിയിട്ടുണ്ട്. ഉഴുത് മറിച്ച് ഭൂമിയെ ഫലപൂയിഷ്ടമാക്കുക എന്ന ദൗത്യമാണ് മനുഷ്യനെ സൃഷ്ടിച്ചതിന് ശേഷം ദൈവം ആദ്യമായി അവനു കൊടുക്കുന്നതും. മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചും ഉള്ള ഈ ശ്രേഷ്ഠമായ വേദപുസ്തക ദര്‍ശനം ക്രൈസ്തവര്‍ തങ്ങളുടെ ആത്മീയതയുടെ ഭാഗമാക്കേണ്ടതുണ്ട്. അത് തന്നെയാണ് ഈ അതിജീവന സമരത്തില്‍ ഭാഗഭാക്ക് ആകാന്‍ അവരെ പ്രചോദിപ്പിക്കേണ്ടതും.
സമര മുഖത്ത് നിന്നുള്ള ചിത്രങ്ങള്‍ സ്വാതന്ത്ര്യ സമരകാലത്തും, ഇന്ത്യാ വിഭജനകാലത്തും ഉള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു എന്നത് ഈ സമരത്തെ ഐതി ഹാസികമാക്കുന്നുണ്ട്. രാഷ്ട്രീയാധികാരികളും, വാണിജ്യ താല്പര്യങ്ങളുള്ള കുത്തകകളും വൈദേശിക ഭരണാധിപന്മാരെ പോലെയും, ഇന്ത്യയെ ചൂഷണം ചെയ്തിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലെയും വീണ്ടുമൊരിക്കല്‍ കൂടി അടിമകളാക്കുമ്പോള്‍ കര്‍ഷകരുടെ പ്രതിരോധത്തിന് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ മാനം കൈവരുന്നു. വഴങ്ങാത്ത സര്‍ക്കാരിന് നേരിടേണ്ടി വരിക റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ വിരിമാറിലൂടെ മാര്‍ച്ചു ചെയ്യുന്ന ട്രാക്ടറുകളെ ആവും. അന്താരാഷ്ട്ര തലത്തില്‍ നാണക്കേട് ഉളവാക്കുന്ന ആ സാഹചര്യം ഒഴിവാക്കി ഭൂമിയുടെ അവകാശികളെ അവരുടെ മുഴുവന്‍ അധികാരത്തോടും കൂടെ തിരികെ വീട്ടിലേക്ക് അയക്കുക ആണ് കരണീയം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org