ഇന്‍ഡ്യന്‍ ജനാധിപത്യം വെന്റിലേറ്ററിലാണ്

ഇന്‍ഡ്യന്‍ ജനാധിപത്യം വെന്റിലേറ്ററിലാണ്

ആധുനിക ഇന്ത്യയില്‍ ജനാധിപത്യം അപരിചിത ആശയമായി മാറുന്ന ആപല്‍സാധ്യതയെ അവതരിപ്പിക്കുന്ന ചര്‍ച്ചാ പരമ്പരയിലെ ആദ്യ പതിപ്പാണിത്. ജനാധിപത്യത്തെ വെറും തെര ഞ്ഞെടുപ്പു രാഷ്ട്രീയമായി പരിമിതപ്പെടുത്തുന്നിടത്ത് അതിന്റെ ആധികാരിക വിനിയോഗം നഷ്ടമാകുന്നുണ്ടെന്ന തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പു കാലത്ത് നമുക്ക് ഉണ്ടാകണം.

റവ. ഡോ. ജോയി അയിനിയാടന്‍

റവ. ഡോ. ജോയി അയിനിയാടന്‍
റവ. ഡോ. ജോയി അയിനിയാടന്‍

ഇന്‍ഡ്യന്‍ ജനാധിപത്യം വെന്റിലേറ്ററിലാണ്. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്കു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക. വികാരനിര്‍ഭരമായ യാത്രാമൊഴി. ഇനി അതു മാത്രമേ നമുക്കു ചെയ്യാന്‍ സാധിക്കൂ. ജനാധിപത്യവിശ്വാസികള്‍ ഇനിയും ഭാരതമണ്ണില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അവരോടു പറയാന്‍ ഈ ആശ്വാസവാക്കുകള്‍ മാത്രമേയുള്ളൂ. ഒരു തിരിച്ചുവരവ് സാധിക്കാനാകാത്ത വിധം ഇന്‍ഡ്യന്‍ ജനാധിപത്യം സ്വേച്ഛാധിപത്യത്തിനും പ്രഭുത്വാധിപത്യത്തിനും വഴിമാറിക്കൊടുത്തു കഴിഞ്ഞു. പ്രബുദ്ധതയാര്‍ജിച്ചതും അച്ചടക്കമുള്ളതുമായ ജനാധിപത്യം ലോകത്തിലെ ഏറ്റവും സുന്ദരമായ യാഥാര്‍ത്ഥ്യമാണെന്നും, എന്നാല്‍, അലസതയും അഴിമതിയും അന്ധവിശ്വാസവും സ്വജനപക്ഷപാതവും നിറഞ്ഞ ജനാധിപത്യം സ്വയംനാശത്തിലേക്കും അരാജകത്വത്തിലേക്കും വഴുതിവീഴുമെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രവചിച്ചത് എത്രയോ ശരി. പ്രബുദ്ധതയാര്‍ജിക്കാന്‍ മടിച്ചു നിന്ന ഭാരതജനതയ്ക്ക് ഏഴു പതിറ്റാണ്ടുകള്‍ ജനാധിപത്യഭരണം നിലനിര്‍ത്താനായത് ഒരു മഹാത്ഭുതം തന്നെയാണ്. 'നന്മതിന്മകള്‍ തിരിച്ചറിയാനുള്ള വിവേകം അടിയനു നല്‍കണമേ' എന്ന ഒരേയൊരാഗ്രഹം മാത്രം 'ഏതു വരവും ചോദിച്ചോളൂ' എന്ന ദൈവിക അരുളപ്പാടിനു മറുപടിയായി നല്‍കിയ മഹാനായ സോളമന്‍ രാജാവ് ജനനേതൃത്വത്തിലുള്ളവര്‍ പ്രബുദ്ധതയാര്‍ജിക്കേണ്ടതിന്റെ അനിവാര്യത തന്നെയാണ് വ്യക്തമാക്കുന്നത്.

സോക്രട്ടീസിന്റെ ഉണര്‍ത്തുപാട്ട്

ജനാധിപത്യം പ്രഭുത്വാധിപത്യത്തില്‍ നിന്നുമുള്ള അധഃപതനമാണെന്നും സ്വേച്ഛാധിപത്യത്തിലേക്ക് അത് സാവധാനം വഴുതിവീഴുമെന്നും പ്രവചിച്ചത് യവന തത്വചിന്തകനായ പ്ലേറ്റോ ആണ്. ജനാധിപത്യത്തിന്റെ സുവര്‍ണകാലമെന്നു വിശേഷിപ്പിച്ചിരുന്ന പെരിക്ലിയന്‍ ഭരണകൂടം ഏതന്‍സിനു സമ്മാനിച്ചത് സമത്വബോധവും സ്വാതന്ത്ര്യവും അവയോടൊപ്പം രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായ ഉത്തരവാദിത്വരാഹിത്യമെന്ന കുത്തഴിഞ്ഞ സംസ്‌ക്കാരവുമാണ്. കര്‍ശനമായ നിയമങ്ങളും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കബോധവുമുള്ള സ്പാര്‍ട്ടന്‍ മിലിട്ടറി ഭരണവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഏതന്‍സുകാര്‍ക്ക് അഭിമാനിക്കാന്‍ തങ്ങള്‍ വാഴ്ത്തിപ്പാടിയ അഭിപ്രായ സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും സമത്വബോധവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതന്‍സുകാരുടെ പൊള്ളയായ ജനാധിപത്യബോധത്തെ വെല്ലുവിളിച്ചുകൊണ്ട് ഏതന്‍സിന്റെ തെരുവുകളിലൂടെ താത്വികനായ സോക്രട്ടീസ് നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു. ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ ആശയങ്ങളെ യുക്തിവിചാരത്തിന്റെ തീജ്വാലയില്‍ ശുദ്ധീകരിച്ചെടുക്കണമെന്നും അതുവഴിയായി അജ്ഞതയുടെ പടുകുഴിയില്‍ നിന്നും വിജ്ഞാനത്തിന്റെ സ്വതന്ത്ര ലോകത്തിലേക്ക് ജനമൊന്നാകെ ഒരുമിച്ചു മുന്നേറണമെന്നും സോക്രട്ടീസ് ഏതന്‍സിലെ യുവജനങ്ങളെ ബോധ്യപ്പെടുത്തി. അത്തേനിയന്‍ യുവത ഉണര്‍ന്നു. എന്നാല്‍ അവര്‍ക്കായി ഉണര്‍ത്തുപാട്ടുപാടിയ സോക്രട്ടീസിനെ ഏതന്‍സിന്റെ ജനാധിപത്യഭരണകൂടം ജനാധിപത്യരീതിയില്‍ തന്നെ വിചാരണചെയ്ത്, യുവജനങ്ങളെ വഴിപിഴപ്പിച്ചുവെന്ന കുറ്റത്തിന് വധശിക്ഷയ്ക്കു വിധിച്ച്, കല്‍ത്തുറുങ്കിലടച്ച്, വിഷംകൊടുത്തു കൊന്നു. അധികാരലഹരിയില്‍ മതിമറന്നു സുബോധം നഷ്ടപ്പെട്ട ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതെല്ലാം ഭ്രാന്തന്റെ കൈയ്യില്‍ നിറതോക്കുമായി ജനമധ്യത്തിലേക്ക് ഇറക്കി വിടുന്നതുപോലെ അത്യന്തം അപകടകരമായിരിക്കും. അവനിഷ്ടമുള്ളവനെ അവന്‍ വെറുതെവിടും ഇ ഷ്ടമില്ലാത്തനെ കൊല്ലും. അധികാരം എന്തിനുവേണ്ടി നല്‍കപ്പെട്ടുവെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള തിരിച്ചറിവില്ലാത്തവനെ അധികാരിയാക്കാനിടയുള്ള അതിഭീകരമായ ഭരണവ്യവസ്ഥിതിയാണ് ജനാധിപത്യമെന്ന തിരിച്ചറിവില്‍ നിന്നുമാണ് സോക്രട്ടീസിന്റെ പ്രിയശിഷ്യനായ പ്ലേറ്റോയുടെ രാഷ്ട്രീയ രംഗപ്രവേശം.

പ്ലേറ്റോയുടെ ഭരണ നൈപുണ്യശാസ്ത്രം

ഭരണരംഗത്ത് നേരിട്ട് പ്രവേശിക്കുന്നതിനേക്കാള്‍ ഭരണനൈപുണ്യശാസ്ത്രം രൂപീകരിച്ച് പൊതുനന്മയും കെട്ടുറപ്പുമുള്ള ഭരണം ഉറപ്പുവരുത്തുക എന്നതായിരുന്നു താത്വികനായ പ്ലേറ്റോയുടെ ലക്ഷ്യം. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നീതിമാനും വിവേകമതിയും മാതൃകാപൗരനുമായ സോക്രട്ടീസിന്റെ വിമര്‍ശനങ്ങളെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ തന്ത്രപൂര്‍വ്വം അദ്ദേഹത്തെ വകവരുത്തിയ അത്തേനിയന്‍ ജനാധിപത്യത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങളെയും നിരുത്തരവാദിത്വപരമായ നിലപാടുകളെയും കാര്യകാരണസഹിതം വ്യക്തമാക്കുന്ന അപ്പോളജി, ക്രിറ്റോ, ഫേയ്‌ഡോ എന്നീ മൂന്നു ഗ്രന്ഥങ്ങളിലൂടെയാണ് പ്ലേറ്റോ തന്റെ താത്വികവിശകലനത്തിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം എഴുതിയ റിപ്പബ്ലിക്ക് എന്ന ഗ്രന്ഥത്തിലൂടെ നീതിരാഷ്ട്രനിര്‍മ്മിതിക്ക് അനിവാര്യമായ കാര്യങ്ങളെല്ലാം അതീവ സൂക്ഷ്മതയോടെയും ചിട്ടയായും ആകര്‍ഷകമായും അവതരിപ്പിക്കുന്നതു കാണാം. സംഭാഷണ ശൈലിയിലുള്ള ഈ രചനകളിലെ മുഖ്യകഥാപാത്രം സോക്രട്ടീസ് തന്നെയാണ്. സംഭാഷണവിഷയങ്ങളോ, സോക്രട്ടീസ് പകര്‍ന്നു നല്‍കിയ മനുഷ്യദര്‍ശനവും രീതീ ശാസ്ത്രവും സാമൂഹ്യപരിഷ്‌ക്കരണ സംരംഭങ്ങളുമാണ്. നീതിരാഷ്ട്രനിര്‍മ്മിതിയെ ഗൗരവപരമായി കാണുന്നവരെല്ലാം വായിച്ചിരിക്കേണ്ട അമൂല്യ ഗ്രന്ഥമാണ് പ്ലേറ്റോയുടെ റിപ്പബ്ലിക്ക്. ഈ ഗ്രന്ഥത്തില്‍ പ്ലേറ്റോ അവതരിപ്പിക്കുന്ന ഗുഹയുടെ ഉപമയും ഗൈജസിന്റെ അത്ഭുതമോതിരവും കപ്പലുടമയുടെ കഥയുമെല്ലാം രാഷ്ട്രപുനര്‍നിര്‍മ്മിതിയുടെ അനിവാര്യതയും അനന്തസാധ്യതകളും വ്യക്തമായി വരച്ചുകാട്ടുന്നവയാണ്.

കൂരിരുട്ടുള്ള ഗുഹയില്‍ ബന്ധിതരായ ഗുഹാമനുഷ്യരില്‍ നിന്നും വിമോചിതനാകാന്‍ ഭാഗ്യം സിദ്ധിച്ച മനുഷ്യന്‍ പടിപടിയായി അന്ധകാരത്തില്‍നിന്നും പ്രകാശത്തിന്റെ ലോകത്തിലേക്ക് നടന്നടുക്കുന്നതും പ്രകാശത്തിന്റെ ലോകത്തില്‍ നിന്നും വിമോചനദൂതുമായി ബന്ധിതരായ തന്റെ സഹോദരങ്ങളിലേക്കു കടന്നുചെല്ലുന്നതും വിമോചനസന്ദേശത്തെ അവര്‍ തിരസ്‌ക്കരിക്കുന്നതും വിമോചകനെ കാലപുരിക്കയക്കുന്നതുമാണ് ഗുഹയുടെ ഉപമയുടെ പ്രതിപാദ്യവിഷയം. ഇതിലെ ഗുഹാമനുഷ്യര്‍ ഏതന്‍സുകാരും വിമോചനദൂതന്‍ സോക്രട്ടീസുമാണെന്നു നിസ്സംശയം പറയാം. മാറ്റത്തോടു തുറവിയില്ലാത്ത അഹങ്കാരികളായ മനുഷ്യരുടെ ഇടയില്‍ വിമോചനദൂതുമായി കടന്നുചെല്ലുന്നവന് അല്പായുസ്സേ ഉണ്ടാകൂ എന്നത് ലോകചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ്.

നന്മതിന്മകള്‍ തിരിച്ചറിയാനുള്ള വിവേകമാര്‍ജിച്ചവനാണ്
ഭരണാധികാരിയെങ്കില്‍ ജനാധിപത്യമാണ് ഏറ്റവും സങ്കീര്‍ണ്ണമായ
ഭരണവ്യവസ്ഥിതി. ജനമൊന്നാകെ പ്രബുദ്ധതയാര്‍ജിച്ചാല്‍ മാത്രമേ
ജനാധിപത്യരാജ്യത്തില്‍ സത്യ വും നീതിയും സമാധാനവും
സര്‍വ്വൈശ്വര്യവും പൊതുനന്മയും ഉറപ്പുവരുത്താനാകൂ.

ഗൈജസിന്റെ അത്ഭുതമോതിരം ധാര്‍മ്മികാഭ്യസനത്തിന്റെ പരാജയങ്ങളും പ്രതിവിധികളും എടുത്തുകാണിക്കുന്ന സുന്ദരമായ കഥയാണ്. ലിഡിയായിലെ രാജാവിന്റെ ആട്ടിടയന്മാരില്‍ ഒരാളായ ഗൈജസ് കാട്ടില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ഭൂകമ്പമുണ്ടാകുന്നു. ഗൈജസിനു തൊട്ടുമുന്‍പില്‍ ഭൂമി പിളര്‍ക്കപ്പെടുകയും അവിടെ ഒരു തുരങ്കം രൂപപ്പെടുകയും ചെയ്യുന്നു. ആ തുരങ്കത്തിലൂടെ നടന്നു പോകുന്ന ഗൈജസ് ഒരു പിത്തളക്കുതിരയുടെ രൂപം കാണുന്നു. പൊള്ളയായ ആ രൂപത്തിന് ധാരാളം സുഷിരങ്ങളുണ്ടായിരുന്നു. സുഷിരങ്ങളിലൂടെ നോക്കിയപ്പോള്‍ അതിനകത്ത് അഴുകാത്ത ഒരു മൃതശരീരം കാണുകയും ആ മൃതശരീരത്തിന്റെ വിരലുകളിലൊന്നിലെ മോതിരം ഗൈജസ് ശ്രദ്ധിക്കുകയും ചെയ്യുന്നു. ഗൈജസ് ആ മോതിരം ഊരിയെടുത്ത് തന്റെ വിരലിലിട്ടതിനുശേഷം തിരിച്ചു നടക്കുന്നു. തുടര്‍ന്ന് തന്റെ സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടയ്ക്ക് ഗൈജസ് ആ മോതിരത്തിന്റെ തട്ട് വലത്തോട്ടുതിരിക്കുന്നു. അപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായി. മോതിരത്തിന്റെ തട്ട് ഇടത്തോട്ട് തിരിച്ചപ്പോള്‍ അദ്ദേഹം പ്രത്യക്ഷനായി. അമൂല്യമായ ഒരു നിധിയാണ് ആ മോതിരമെന്ന് ഗൈജസിനു മനസ്സിലായി. മോതിരത്തിന്റെ അത്ഭുതശക്തി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം രാജ്ഞിയുടെ അന്തഃപുരത്തില്‍ കയറി, രാജ്ഞിയെ പരിഗ്രഹിച്ചു സ്വന്തമാക്കി, രാജാവിനെ വധിച്ചു ലിഡിയായിലെ രാജാവായിത്തീരുന്നു എന്നതാണ് കഥ. ഈ കഥ വിവരിച്ചുകൊണ്ട് പ്ലേറ്റോ ചോദിക്കുകയാണ് ലോകത്തിലെ ഏറ്റവും നീതിമാനായ മനുഷ്യന് ഇതുപോലുള്ള ഒരു മോതിരം കിട്ടിയാല്‍ അയാള്‍ നീതീമാര്‍ഗത്തില്‍ തന്നെയായിരിക്കുമോ സഞ്ചരിക്കുന്നത്? നീതിമാന്‍ അനീതിയുടെ മാര്‍ഗത്തിലൂടെ ചരിക്കുന്നതും മോതിരത്തിന്റെ അത്ഭുതശക്തി ഉപയോഗിച്ച് അധര്‍മ്മം പ്രവര്‍ത്തിച്ചു വിലപിടിപ്പുള്ളതൊക്കെ സ്വന്തമാക്കുന്നതും തനിക്കിഷ്ടമുള്ളതൊക്കെ ചെയ്യുന്നതും കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പ്ലേറ്റോ പറയുന്നു. ധാര്‍മ്മികാഭ്യസനത്തിന്റെ പരാജയ കാരണങ്ങളിലേക്കാണ് പ്ലേറ്റോ ഈ കഥയിലൂടെ വിരല്‍ചൂണ്ടുന്നത്. നന്മചെയ്താല്‍ സമ്മാനം കൊടുക്കാമെന്നും തിന്മചെയ്താല്‍ ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തിയും മാതാപിതാക്കളും അധ്യാപകരും ആത്മീയചാര്യന്മാരും നടത്തുന്ന ധാര്‍മ്മികശിക്ഷണം സുതാര്യതയുള്ള വ്യക്തിത്വരൂപീകരണത്തിനു സഹായകമാകുന്നില്ല. നല്ലവരാകുന്നതിനേക്കാള്‍ നല്ലവരായി കാണപ്പെട്ടാല്‍ മതി എന്ന ധാരണയുണര്‍ത്താനേ ഇത്തരം ശിക്ഷണരീതിയിലൂടെ സാധിക്കുകയുള്ളു. ശിക്ഷിക്കപ്പെടാതെ തിന്മചെയ്യാന്‍ അവസരമുണ്ടായാല്‍ തിന്മയുടെ സുഖമനുഭവിക്കാനും അ ധര്‍മ്മം വഴി ലഭിക്കാനിടയുള്ളതൊക്കെ സ്വന്തമാക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന മനുഷ്യരെ രൂപീകരിക്കാനേ ഇതുവഴി സാധിക്കു. നന്മ അതില്‍തന്നെ ശ്രേഷ്ഠമാണെന്നും പ്രതിഫലേഛ കൂടാതെ നന്മ ചെയ്യുന്നത് മനുഷ്യധര്‍മ്മമാണെന്നും ബാല്യം മുതലേ കേട്ടു വളരേണ്ട കാര്യങ്ങളാണ്. കറതീര്‍ന്ന ധാര്‍മ്മികാഭ്യസനം നീതിരാഷ്ട്രനിര്‍മ്മിതിക്ക് അനിവാര്യമാണെന്നാണ് പ്ലേറ്റോ ഈ കഥയുടെ ആഖ്യാനത്തിലൂടെ സമര്‍ത്ഥിക്കുന്നത്.

ജനാധിപത്യവ്യവസ്ഥിതിയുടെ അരാജകത്വ സ്വഭാവം ശക്തമായി അവതരിപ്പിക്കുന്ന ഉപമയാണ് കപ്പലുടമയുടെ കഥ. കപ്പലില്‍ യാത്ര ചെയ്യുന്നവരില്‍ ഏറ്റവും ശക്തനും അജാനുബാഹുവുമായ മനുഷ്യനാണ് കപ്പലുടമ. പക്ഷേ, അയാളുടെ കാഴ്ചശക്തിക്കുമങ്ങലേറ്റു കഴിഞ്ഞു, കേള്‍വിയും പരിമിതമാണ്. കപ്പലോടിക്കാന്‍ അയാള്‍ക്കൊട്ടറിയാനും പാടില്ല. കപ്പല്‍യാത്രക്കാരെല്ലാം കപ്പിത്താനാകാനുള്ള മത്സരത്തിലാണ്. കപ്പലുടമയെ സ്വാധീനിച്ച് എങ്ങനെയെങ്കിലും കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് അവരുടെ ശ്രമം. എന്നാല്‍, അവരിലാര്‍ക്കും കാറ്റിന്റെ ഗതിയെക്കുറിച്ചോ കടലിന്റെ ഓളങ്ങളുടെ ദിശയെക്കുറിച്ചോ ഒന്നും അറിവില്ലായിരുന്നു. എന്നിരുന്നാലും വീഞ്ഞും മറ്റു ആ കര്‍ഷകമായ വിഭവങ്ങളുമൊരുക്കി അവര്‍ കപ്പലുടമയെ സ്വാധീനിച്ച് കപ്പിത്താനാകാനുള്ള കടുത്ത മത്സരത്തിലാണ്. കപ്പലിന്റെ നിയന്ത്രണനൈപുണ്യമെന്നൊരു ശാസ്ത്രമില്ലെന്നു വാദിക്കുന്നവരും അങ്ങനെയുണ്ടെന്നാരെങ്കിലും പറഞ്ഞാല്‍ അയാളെ വെട്ടിനുറുക്കി കടലിലെറിയാന്‍ കച്ചകെട്ടിയിറങ്ങിയവരുമാണവര്‍. എന്നാല്‍, കടലിന്റെ ഭാവവ്യതിയാനങ്ങളും കാറ്റിന്റെ ഗതിയും ഓളങ്ങളുടെ ദിശയും വ്യക്തമായി അറിയാവുന്ന യഥാര്‍ത്ഥ കപ്പിത്താന്‍ ആ കപ്പലില്‍ തന്നെയുണ്ട്. അത്ഭുതമെന്നു പറയട്ടെ, അയാള്‍ക്ക് ഈ മത്സരങ്ങളിലൊന്നും താല്‍പര്യമില്ല. ഏകനായി തന്റെ ക്യാബിന്റെ കിളിവാതിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളുടെ ശോഭ ആസ്വദിച്ച് അയാള്‍ അങ്ങനെ കഴിയുകയാണ്. കപ്പല്‍ ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ കപ്പലുടമയും യാത്രക്കാരും യഥാര്‍ത്ഥ കപ്പിത്താന്റെ ക്യാബിന്റെ വാതില്‍ക്കല്‍ മുട്ടി, അയാളെ വിളിച്ചുണര്‍ത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കണമേ എന്നു യാചിച്ച്, അയാളെ കപ്പിത്താനായി അവരോധിക്കണം. യഥാര്‍ത്ഥ കപ്പിത്താന്‍ നിയന്ത്രണമേറ്റെടുക്കുന്ന കപ്പല്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരുകയുള്ളൂ. അരാജകത്വം മുഖമുദ്രയായ ജനാധിപത്യ രാഷ്ട്രമാണ് നടുക്കടലിലെ ഈ കപ്പല്‍. പ്രബുദ്ധതയാര്‍ജിക്കാത്ത, നന്മതിന്മകള്‍ തിരിച്ചറിയാനുള്ള വിവേകമെന്തെന്നറിയാത്ത, എന്നാല്‍ യഥാര്‍ത്ഥ ഭരണാധികാരികള്‍ തങ്ങളാണെന്നഭിമാനിക്കുന്ന, നിസ്സഹായരായ പാവം ജനമാണ് ഈ കഥയിലെ കപ്പലുടമ. കപ്പലുടമയെ സ്വാധീനിച്ച് കപ്പലിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ മത്സരിക്കുന്ന കപ്പല്‍യാത്രക്കാര്‍ അന്നും ഇന്നും എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്ന അധികാരമോഹികളായ രാഷ്ട്രീയക്കാരാണ്. രാഷ്ട്രനൈപുണ്യമെന്തെന്നോ ഭരണാധികാരിക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെന്തെന്നോ അവര്‍ക്കറിയല്ല. എങ്ങനെയെങ്കിലും അധികാരം സ്വന്തമാക്കണമെന്ന അതിമോഹം മാത്രമാണ് അവരുടെ ഊര്‍ജ്ജം. ഈ മത്സരങ്ങളിലൊന്നും താല്‍പര്യമില്ലാത്ത യഥാര്‍ത്ഥ കപ്പിത്താനോ തന്റെ തീവ്രമായ സത്യാന്വേഷണയജ്ഞത്തിലൂടെ നന്മതിന്മകള്‍ വിവേചിച്ചറിയാനുള്ള വിവേകമാര്‍ജിച്ച താത്വികാചാര്യനാണ്. അധികാരമോഹമില്ലാത്ത അതിസ്വാത്വികനായ ആ മനുഷ്യനെ സര്‍വ്വാധികാരിയായി അവരോധിച്ചാല്‍ മാത്രമേ, ആ രാജ്യത്ത് സര്‍വ്വൈശ്വര്യവും പൊതുനന്മയും പ്രയോഗത്തില്‍ വരൂ എന്നാണ് പ്ലേറ്റോ ഈ ഉപമയിലൂടെ ലോകജനതയോടു വിളിച്ചോതുന്നത്.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട രാജ്യത്തില്‍
സമാധാനവും ഐശ്വര്യവും സുസ്ഥിരതയും ഉറപ്പുവരുത്തേണ്ട
അതിപ്രധാനമായ ചുമതലവഹിക്കുന്ന ഭരണാധികാരികള്‍ക്ക്
യാതൊരു പരിശീലനവും ആവശ്യമില്ല എന്നു പറയുന്നത് അശാസ്ത്രീയവും
തികച്ചും നിരുത്തരവാദപരവു മായ പ്രതികരണമാണ്.

നന്മതിന്മകള്‍ തിരിച്ചറിയാനുള്ള വിവേകമാര്‍ജിച്ചവനാണ് ഭരണാധികാരിയെങ്കില്‍ ജനാധിപത്യമാണ് ഏറ്റവും സങ്കീര്‍ണ്ണമായ ഭരണവ്യവസ്ഥിതി. ജനമൊന്നാകെ പ്രബുദ്ധതയാര്‍ജിച്ചാല്‍ മാത്രമേ ജനാധിപത്യരാജ്യത്തില്‍ സത്യവും നീതിയും സമാധാനവും സര്‍ വ്വൈശ്വര്യവും പൊതുനന്മയും ഉറപ്പുവരുത്താനാകൂ. എല്ലാവരും സമന്മാരാണെന്ന ജനാധിപത്യത്തിന്റെ പൊള്ളയായ അവകാശബോധം തിരസ്‌ക്കരിച്ചേ മതിയാകൂ. എല്ലാവരും എല്ലാക്കാര്യത്തിലും സമന്മാരല്ല. എല്ലാവരും മനുഷ്യരാണെന്നതും പൊതുനന്മ ആഗ്രഹിക്കുന്നവരാണെന്നതും ശരിയാണ്. പക്ഷേ, ഓരോരുത്തരുടെയും ജന്മസിദ്ധമായ കഴിവുകളില്‍ വൈവിധ്യമുണ്ട്. ഭരണാധികാരിക്കനുയോജ്യമായ ഗുണങ്ങളുള്ളവര്‍ വളരെക്കുറച്ചുപേര്‍ മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ആദ്യമേ അംഗീകരിക്കണം. അതിനാല്‍ ജനങ്ങളിലൊരുവനെ നറുക്കിട്ട് ഭരണാധികാരിയാക്കുന്ന ബുദ്ധിശൂന്യമായ പ്രാചീന ജനാധിപത്യവ്യവസ്ഥിതി തിരുത്തിയെഴുതിയേ തീരൂ. പ്രബുദ്ധതയാര്‍ജിക്കാത്ത ജനം തങ്ങള്‍ക്കിഷ്ടമുള്ളയാളെ വോട്ടെടുപ്പിലൂടെ തങ്ങളുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കുന്ന ആധുനിക ജനാധിപത്യ രീതിയും യുക്തിഭദ്രമല്ല. ഭരണനൈപുണ്യമെന്ന ശാസ്ത്രമുണ്ടെന്നും ചിട്ടയായ പരിശീലനത്തിലൂടെ അത് സാമര്‍ത്ഥ്യമുള്ളവര്‍ക്ക് അഭ്യസിക്കാന്‍ കഴിയുമെന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ അതു പരിശീലിക്കാത്തവരേക്കാള്‍ മെച്ചപ്പെട്ട ഭരണാധികളായിരിക്കുമെന്നും പ്ലേറ്റോ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബുദ്ധിവൈഭവവും നേതൃത്വപാടവവും നല്ല ഓര്‍മ്മശക്തിയും ധൈര്യവും സല്‍സ്വഭാവമുള്ളവരെ ബാല്യകാലത്തില്‍തന്നെ കണ്ടെത്തി സുദീര്‍ഘമായ 45 വര്‍ഷത്തെ പരിശീലനത്തിലൂടെ കടത്തിവിടുമ്പോള്‍ രാഷ്ട്രത്തെ ഭരിക്കാന്‍ പ്രബുദ്ധതയാര്‍ജിച്ച പൊതുനന്മയ്ക്കായി സമര്‍പ്പിതരായ യഥാര്‍ത്ഥ താത്വികാചാര്യന്മാരെ രൂപീകരിച്ചെടുക്കാനാകുമെന്നാണ് പ്ലേറ്റോ റിപ്പബ്ലിക്ക് എന്ന പുസ്തകത്തിന്റ പത്ത് അദ്ധ്യായങ്ങളിലെ താത്വികമായ വിശകലനങ്ങളിലൂടെ വ്യക്തമാക്കുന്നത്.

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് ഒരു പ്ലേറ്റോണിക് ചികിത്സ

പാളംതെറ്റി എതിര്‍ദിശയിലൂടെ കൂകിപ്പായുന്ന ഇന്‍ഡ്യന്‍ ജനാധിപത്യത്തെ നേര്‍വഴിയിലേക്കു തിരിച്ചുവിടാനും നീതിരാഷ്ട്രനിര്‍മ്മിതിയില്‍ എല്ലാവരേയും പങ്കെടുപ്പിക്കാനും പ്ലേറ്റോ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രനൈപുണ്യശാസ്ത്രം അനിവാര്യമാണെന്നാണ് എന്റെ സുദൃഢമായ അഭിപ്രായം. "ഇന്‍ഡ്യന്‍ ജനാധിപത്യത്തിനെന്താ കുഴപ്പം, ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമല്ലേ ഇന്‍ഡ്യ? എന്നു ചോദിക്കുന്നവരുണ്ടാകാം. ആദര്‍ശധീരരും പ്രബുദ്ധരുമായ രാഷ്ട്രശില്‍പികള്‍ രൂപംകൊടുത്ത അതിസുന്ദരമായ ഭരണഘടനയാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ സുദൃഢമായ അടിത്തറ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ അടിത്തറയില്‍ അനുസ്യൂതം നടക്കേണ്ട രാഷ്ട്രനിര്‍മ്മിതിയെന്ന അതിവിശുദ്ധമായ പൗരധര്‍മ്മം നിര്‍വ്വഹിക്കാന്‍ ഭാരതജനതയ്ക്കു നേതൃത്വം കൊടുക്കേണ്ടവര്‍ക്ക് സുബോധം നഷ്ടപ്പെട്ടാലോ? പൊതുനന്മയ്ക്കായി ജനങ്ങളെ ഒരുമിപ്പിക്കുന്ന അടിസ്ഥാനമുല്യങ്ങളായ സത്യവും നീതിയും സമത്വവും അഹിംസയും സാഹോദര്യവും ബലികഴിച്ചിട്ട് പണത്തിനും അധികാരത്തിനും സുഖലോലുപതയ്ക്കും പിന്നാലെ പരക്കംപായുന്ന ഇന്നിന്റെ ജനാധിപത്യശില്‍പികള്‍ക്ക് ഒരുമയുടെ സദ്‌വാര്‍ത്ത പ്രഘോഷിക്കാനുള്ള ധാര്‍മ്മികശക്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നാനാത്വത്തിലെ ഏകത്വമെന്ന വിശുദ്ധ നിയമം അതിലാഘവത്തോടെ കൈകാര്യം ചെയ്യുന്ന രാഷ്ട്രനേതാക്കള്‍ക്ക് ജനങ്ങളെ വിഘടിപ്പിച്ച് അധികാരമുറപ്പിക്കുക എന്ന നിലനില്‍പിന്റെ പ്രായോഗികശാസ്ത്രം മാത്രമേ വശമുള്ളൂ. കൂടെ നില്‍ക്കുന്നവനെ വളര്‍ത്തുകയും വിമര്‍ശിക്കുന്നവനെ നിഷ്‌ക്കരുണം തിരസ്‌ക്കരിക്കുകയും ചെയ്യുന്ന അതിതന്ത്രശാലിയായ ജനനേതാവിനേ സമകാലിക രാഷ്ട്രീയത്തില്‍ നിലനില്‍പുള്ളൂ. "എന്ത്യേ, ഇങ്ങനെ?" എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. "രാഷ്ട്രീയം അങ്ങനെയാണ്. അങ്ങനെയായിരിക്കാനേ രാഷ്ടീയക്കാര്‍ക്കു കഴിയൂ" എന്നു സമാശ്വസിക്കുന്നവരാണ് അഭ്യസ്തവിദ്യരായ ഭാരതീയ പൗരന്മാര്‍ പോലും. ഇതുകൊണ്ടാണ് ഞാന്‍ ആദ്യമേ പറഞ്ഞത് ഇന്‍ഡ്യന്‍ ജനാധിപത്യം വെന്റിലേറ്ററിലാണ് എന്ന്. ജീവനിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പ്ലേറ്റോയെന്ന പയറ്റിത്തെളിഞ്ഞ രാഷ്ട്രമീമാംസാചാര്യന്റെ ഉപദേശം തേടുകയാണ് കരണീയമായിട്ടുള്ളത്.

പ്ലേറ്റോ വിഭാവനം ചെയ്ത രാഷ്ട്രനൈപുണ്യശാസ്ത്രം സമഗ്രവ്യക്തിത്വവികസനമാണു ലക്ഷ്യം വയ്ക്കുന്നത്. നേതൃത്വഗുണങ്ങള്‍ ജന്മസിദ്ധമായി ലഭിക്കാമെങ്കിലും ആദര്‍ശധീരതയുള്ള നേതാവിനെ അതിശ്രദ്ധാപൂര്‍വ്വം രൂപീകരിച്ചെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യന്റെ ശരീരവും മനസും ആത്മാവും സകലബന്ധനങ്ങളില്‍നിന്നും സ്വതന്ത്രമാകുന്നതും ചിട്ടയായ സത്യാന്വേഷണയജ്ഞത്തിലൂടെ അസ്തമിക്കാത്ത ആത്മീയസന്തോഷമനുഭവിക്കുന്നതും വ്യക്തിനന്മയും പൊതുനന്മയും തമ്മിലുള്ള പരിപൂര്‍ണലയനവുമാണ് ഈ പരിശീലന പരിപാടിയുടെ മര്‍മ്മം. അതിശ്രദ്ധാപൂര്‍വ്വം നടക്കേണ്ട കാര്യമാണ് പരിശീലനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്. അസാധാരണമായ ബുദ്ധികൂര്‍മ്മതയും ഓര്‍മ്മശക്തിയും ആരോഗ്യവും ചുറുചുറുക്കും ധൈര്യവും നല്ല മുഖവാസനയുമുള്ള അഞ്ചുവയസുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് ഭാവിഭരണകര്‍ത്താക്കളാകാനായി തിരഞ്ഞെടുക്കേണ്ടത്. ഇവര്‍ക്ക് ആദ്യം നല്‍കേണ്ടത് 15 വര്‍ഷങ്ങളെടുക്കുന്ന അടിസ്ഥാന വിദ്യാഭ്യാസമാണ്. ആരോഗ്യവും ശക്തിയും വേഗവും വഴക്കവുമുള്ള ശരീര രൂപീകരണത്തിന് ചിട്ടയായ കായികാഭ്യാസങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ നല്‍കണം. ഇതോടൊപ്പംതന്നെ മനസ്സിന്റെ രൂപീകരണത്തിനു സഹായകമായ ഭാവനയുണര്‍ത്തുന്ന കഥകളും കവിതകളും ചിത്രരചനയും സംഗീതാസ്വാദനവും പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കണം. ഒന്നും അടിച്ചേല്‍പ്പിക്കാതെ ഒരോന്നും കളികളിലൂടെ ആസ്വദിച്ച് ഹൃദിസ്ഥമാക്കാന്‍ അവസരമൊരുക്കണം. അതേ തുടര്‍ന്ന് ഭാഷയും വ്യാകരണവും ചരിത്രവും കണക്ക് ഫിസിക്‌സ് തുടങ്ങിയ ശാസ്ത്രവിഷയങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിക്കണം. വിജയകരമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരെ മാത്രം 10 വര്‍ഷങ്ങളെടുക്കുന്ന ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നു. മുന്‍പു പഠിച്ച ശാസ്ത്ര ശാഖകളുടെയെല്ലാം അതിഗഹനമായ വിശകലനങ്ങളും സൂക്ഷ്മനിരീക്ഷണവും സമഗ്രദര്‍ശനവുമാണ് ഈ പഠനപരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭാവനയുടെയും ഒര്‍മ്മശക്തിയുടെയും തലത്തില്‍നിന്ന് ചിന്തയുടെയും ആശയങ്ങളുടെയും അതിസുന്ദര ലോകത്തിലേക്കുമുള്ള മനുഷ്യാത്മാവിന്റെ രംഗപ്രവേശമാണ് ഇവിടെ നടക്കേണ്ടത്. വിഭജനങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും അതീതമായ ആശയസമന്വയത്തിന്റെ സൗന്ദര്യാസ്വാദനം ഇവിടെ നടക്കും. ആശയങ്ങളോരോന്നിനേയും സൂക്ഷ്മതയോടെ നിരീക്ഷിക്കാനും അവയെ താരതമ്യം ചെയ്ത് ഓരോന്നിനേയും കൃത്യതയോടെ നിര്‍വ്വചിക്കാനും വ്യത്യസ്ഥതകളെ വ്യക്തമായി മനസ്സിലാക്കാനും എല്ലാറ്റിനേയും സമന്വയിപ്പിക്കുന്ന അനശ്വര യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനുമുള്ള ശാസ്ത്രീയമായ പരിശീലനമാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്. ഇങ്ങനെ സമഗ്രതയിലെ സൂക്ഷ്മദര്‍ശനം ജീവിതശൈലിയാക്കിയവര്‍ മാത്രം അടുത്ത പരിശീലന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വൈരുദ്ധ്യാത്മക വാദപ്രതിവാദമാണ് തുടര്‍ന്നുള്ള അഞ്ചു വര്‍ഷങ്ങള്‍ ചിട്ടയായും അതീവ കാര്‍ക്കശ്യത്തോടെയും അവര്‍ അഭ്യസിക്കുന്നത്. പരിശീലനാര്‍ത്ഥിയുടെ വിശ്വാസസംഹിതകളും ജീവിതദര്‍ശനങ്ങളും ഇഷ്ടാനിഷ്ടങ്ങളും യുക്തിയുടെ അഗ്നിജ്വാലയില്‍ ശുദ്ധീകരിച്ചെടുക്കുന്ന തീവ്രപോരാട്ടങ്ങളുടെ പരമ്പരയാണ് ഈ സമയത്ത് അരങ്ങേറുന്നത്. യുക്തിരഹിതമായതിനെ തിരസ്‌ക്കരിക്കാനും യുക്തഭദ്രമായതിനെ ആദരിക്കാനും അവര്‍ സാവധാനം പഠിക്കും. പരിശീലന പൂര്‍ത്തീകരണത്തിലെത്തുമ്പോള്‍ അജയ്യരായ സത്യാന്വേഷകരായി അവര്‍ രൂപാന്തരപ്പെട്ടിട്ടുണ്ടാകും. തുടര്‍ന്നുള്ള 15 വര്‍ഷങ്ങള്‍ ഈ സത്യാന്വേഷണ യജ്ഞത്തില്‍ അവര്‍ അജയ്യരായിത്തന്നെ തുടരുന്നുണ്ടോ എന്ന സൂക്ഷ്മമായ പരിശോധനയ്ക്കുവേണ്ടിയുള്ളതാണ്. രാജ്യത്തിന്റെ വിവിധങ്ങളായ ഭരണനിര്‍വ്വണകാര്യങ്ങളില്‍ പരിശീലനാര്‍ത്ഥികള്‍ എന്ന രീതിയില്‍ത്തന്നെ അവര്‍ സജീവമായി പങ്കുചേരുന്നു. അവരുടെ രാഷ്ട്രസേവനവും വ്യക്തിജീവിതവും സൂക്ഷ്മനിരീക്ഷണത്തിനും കര്‍ശനമായ പരിശോധനയ്ക്കും വിധേയമാക്കുന്നു. ആരെല്ലാമാണോ സ്ഥിരോത്സാഹത്തോടെ അജയ്യരായി സത്യാന്വേഷണയജ്ഞത്തില്‍ തുടരുന്നത്, ആര്‍ക്കെല്ലാം തങ്ങളുടെ വ്യക്തിനന്മയും പൊതുനന്മയും തമ്മില്‍ സംഘര്‍ഷരഹിതമായി സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളത്, അവര്‍ മാത്രമാണ് പരിശീലനഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്ന യഥാര്‍ത്ഥ താത്വികാചാര്യന്മാരായി അവരോധിക്കപ്പെടുന്നത്. ഇങ്ങനെ സു ദീര്‍ഘമായ 45 വര്‍ഷങ്ങളിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്നുമാണ് രാഷ്ട്രത്തിന്റെ ഭരണാധികാരികളെജനം തെരഞ്ഞെടുക്കേണ്ടത്. അ വിഭാജിതമായ മനസ്സോടെ പൊതുനന്മയ്ക്കായി കര്‍മ്മനിരതരാകാനും നീതിരാഷ്ട്രം രൂപീകരിക്കാനും ഇപ്രകാരം പരിശീലനം സിദ്ധിച്ചവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണ് പ്ലേറ്റോ അവകാശപ്പെടുന്നത്.

ഒരു പൊളിച്ചെഴുത്തിന്റെ അനിവാര്യത

തികച്ചും അപ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് പ്ലേറ്റോയുടേത് എന്നാണ് ബഹുഭൂരിപക്ഷം താത്വികാചാര്യന്മാരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ആരും ഈ കര്‍മ്മപരിപാടിയെ കൃത്യതയോടെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഭരണനൈപുണ്യമെന്നത് ഒരു ശാസ്ത്രശാഖയാണെന്നും ഭരണാധികാരികളെല്ലാവരും ഈ ശാസ്ത്രം പഠിച്ചവരാകണമെന്നതും ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കുകയില്ല. കര്‍ശനമായ ഈ പാഠ്യപദ്ധതിയില്‍ മായം ചേര്‍ക്കാതെ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും പരാജയഭീതിയെ ചെറുക്കാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവും ഉള്ള ഭരണാധികാരിക്കു മാത്രമേ നീതിരാഷ്ട്രനിര്‍മ്മിതിക്ക് അനിവാര്യമായ ഈ കര്‍മ്മപരിപാടിയെ യാഥാര്‍ത്ഥ്യമാക്കാനാകൂ. ഇന്‍ഡ്യന്‍ ജനാധിപത്യവ്യവസ്ഥിതിയുടെ സംപൂര്‍ണ്ണ പൊളിച്ചെഴുത്ത് ഇതിനാവശ്യമില്ല. കാള്‍ പോപ്പര്‍ അഭിപ്രായപ്പെടുന്നതുപോലുള്ള ഘട്ടംഘട്ടമായുള്ള നവീകരണങ്ങള്‍ നമുക്കു പരീക്ഷിക്കാവുന്നതാണ്. ന്യായാധിപന്മാരെയോ വൈദ്യന്മാരേയോ പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന രീതിയല്ലല്ലോ നമുക്കുള്ളത്. അവര്‍ക്ക് വ്യക്തമായ പഠ്യ പദ്ധതിയും പരിശീലന പരിപാടികളുമുണ്ട്. അവ പഠിച്ച് വിജയികളായര്‍ക്കു മാത്രമേ ഈ സേവനരംഗത്തേയ്ക്ക് പ്രവേശനമുള്ളൂ. അങ്ങനെയാണെങ്കില്‍, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട രാജ്യത്തില്‍ സമാധാനവും ഐശ്വര്യവും സുസ്ഥിരതയും ഉറപ്പുവരുത്തേണ്ട അതിപ്രധാനമായ ചുമതലവഹിക്കുന്ന ഭരണാധികാരികള്‍ക്ക് യാതൊരു പരിശീലനവും ആവശ്യമില്ല എന്നു പറയുന്നത് അശാസ്ത്രീയവും തികച്ചും നിരുത്തരവാദപരവുമായ പ്രതികരണമാണ്.
ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ പ്രധാന പ്രശ്‌നം അടിസ്ഥാന ജനാധിപത്യസമൂഹങ്ങള്‍ നിര്‍ജീവമായി എന്നതുതന്നെയാണ്. താഴെത്തട്ടില്‍ നിന്നുയര്‍ന്നു വരുന്ന നേതാക്കന്മാരല്ല ഭരണകര്‍ത്താക്കളാകുന്നത്. നേരേമറിച്ച്, മുകളില്‍നിന്ന് കെട്ടിയിറക്കപ്പെടുന്നവരാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തീര്‍ത്തും അവഗണിക്കപ്പെട്ടു കഴിഞ്ഞു. അടിസ്ഥാന ജനാധിപത്യ സമൂഹങ്ങളുടെ പുനര്‍നിര്‍മ്മിതിയാണ് അതീവശ്രദ്ധയോടെ നാം കൈകാര്യം ചെയ്യേണ്ടത്. അതിനു പ്രബുദ്ധതയാര്‍ജിച്ച ജനനേതാക്കള്‍ വേണം. ഇവിടെയാണ് പ്ലേറ്റോ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രനൈപുണ്യശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഭാരതത്തിന്റെ ഓരോ ജില്ലയിലും പൊളിറ്റിക്കല്‍ അക്കാദമികള്‍ സ്ഥാപിക്കണം. നിലവിലുള്ള നവോദയാ സ്‌ക്കൂളിന്റെ ഘടനയിലും പാഠ്യപദ്ധതിയിലുമുള്ള ചെറിയ മാറ്റങ്ങള്‍ മാത്രമേ ഇവിടെ ആവശ്യമുള്ളൂ. ഓരോ ജില്ലയ്ക്കും ആവശ്യമായ രാഷ്ട്രനേതാക്കളുടെ എണ്ണമനുസരിച്ച് രണ്ടാം ഘട്ടത്തെയും മൂന്നാം ഘട്ടത്തെയും പരിശീനപരിപാടിക്കാവശ്യമായ ഉപരിപഠന വിദ്യാപീഠങ്ങളും രൂപീകരിക്കണം. നിലവിലുള്ള ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മാതൃകയില്‍ ഈ പഠനകേന്ദ്രങ്ങളേയും ക്രമീകരിക്കാം. ആരു പ്രധാനമന്ത്രിയാകണം? എന്ന ചോദ്യത്തിനു പകരമായി, ആര് അടിസ്ഥാനജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധിയാകണം? എന്ന ചോദ്യമാണ് നാം ചോദിക്കേണ്ടത്. ഭരണനൈപുണ്യവും ആദര്‍ശധീരതയുമുള്ള ജനപ്രതിനിധികളുണ്ടാകുമ്പോള്‍ അവരില്‍നിന്നും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും ഒക്കെ ഉണ്ടായിക്കൊള്ളും. ശാസ്തീയമായ അറിവ് ആര്‍ജിച്ച ജനപ്രതിനിധികള്‍ രംഗപ്രവേശം ചെയ്യുന്നതോടെ ഇന്നത്തെ ജനാധിപത്യവ്യവസ്ഥിതിയില്‍ അനിവാര്യങ്ങളായി കരുതിയിരുന്ന പലതും തീര്‍ത്തും അപ്രധാനമായി മാറുകയും അവയ്ക്കു പകരമായി പുതിയ സംരഭങ്ങള്‍ രൂപംകൊള്ളുകയും ചെയ്യും. മാറ്റങ്ങളോടു തുറവിയുള്ള പുതുതലമുറ രൂപംകൊള്ളട്ടെ. ജനാധിപത്യ മൂല്യങ്ങളായ സത്യവും നീതിയും സമാധാനവും സമത്വവും സാഹോദര്യവും അനശ്വരങ്ങളാകട്ടെ. വിശ്വമഹാകവിയായ രവീന്ദ്രനാഥ് ടാഗോറിനോടൊപ്പം മാതൃരാജ്യത്തിനായി ഞാനും പ്രാര്‍ത്ഥിക്കുന്നു: "സ്വാതന്ത്ര്യത്തിന്റെ സുന്ദര സ്വര്‍ഗത്തിലേക്ക്, പിതാവേ, എന്റെ രാജ്യം ഉണരട്ടെ!"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org