ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്

ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്

ഡോ. കെ.എം. ഫ്രാന്‍സിസ്

മനുഷ്യന്‍ സ്വതന്ത്ര വ്യക്തിത്വമുള്ള സാമൂഹികജീവിയാണ്. സാമൂഹികജീവിതം മനുഷ്യന്റെ അസ്തിത്വത്തിന് പുറത്തുനിന്ന് അവന്റെ മേല്‍ കെട്ടിയേല്പിക്കുന്നതല്ല. അവന്റെ വ്യക്തിത്വത്തിന്റെ ആന്തരികതയിലുള്ള സ്വഭാവമാണ്. സമൂഹമായി ജീവിക്കുമ്പോഴാണ് മനുഷ്യന് തന്റെ കഴിവുകള്‍ വികസിപ്പിക്കാനും, സമ്പൂര്‍ണ്ണ സന്തോഷത്തിലെത്തിച്ചേരാനും കഴിയുക.

അരിസ്റ്റോട്ടില്‍ തന്റെ നിക്കോമാക്കിയന്‍ എത്തിക്‌സ് എന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു തന്നെ സമ്പൂര്‍ണ്ണ സന്തോഷം കൈവരിക്കാനുള്ള സാമൂഹിക സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് സാമൂഹിക ഐക്യത്തിലൂടെ വ്യക്തിയുടെ കഴിവുകള്‍ക്ക് പരമാവധി വളരാന്‍ അവസരം നല്കി മുഴുവന്‍ ജനതയുടെയും പരമാവധി സന്തോഷം കൈവരിക്കാന്‍ അവസരമുണ്ടാക്കാനുള്ള തത്ത്വങ്ങളാണ് നീതിശാസ്ത്രം (ethics) എന്ന് അദ്ദേഹം നിര്‍വചിക്കുന്നു. ആധുനിക രാഷ്ട്രമീംമാംസ ഇത്തരമൊരു ലക്ഷ്യത്തിനാവശ്യമുള്ള ഘടനകളുടെ നിര്‍മ്മിതിയായിരുന്നു ലക്ഷ്യമാക്കുന്നത്. ഇതാണ് നഗരത്തിന്റെ നിര്‍മ്മിതി.

ഇത്തരമൊരു നഗരനിര്‍മ്മിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ സജീവമായത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേയ്ക്കും രാഷ്ട്രീയ ചര്‍ച്ചകളില്‍ രണ്ടു വിഭാഗം രൂപംകൊണ്ടു. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ചിന്തകര്‍ രാഷ്ട്രത്തിന്റെ ദൗത്യം പരിമിതപ്പെടുത്തണമെന്ന് വാദിച്ചു. മനുഷ്യന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചാല്‍ മാത്രമെ സമ്പദ് രംഗത്ത് വളര്‍ച്ചയുണ്ടാകൂ എന്ന് ഇക്കൂട്ടര്‍ വാദിച്ചു. ഇത്തരം ഒരു രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയെ വിളിക്കുന്ന പേരാണ് മുതലാളിത്വം. ഇതിന് അടിസ്ഥാനമായ മനുഷ്യ വീക്ഷണത്തെ വ്യക്തിമാത്രവാദം (individualism) എന്ന് വിളിക്കുന്നു.

എന്നാല്‍ ഇതിന് ബദലായി മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി നിഷേധിക്കുന്ന സാമൂഹികമാത്രവാദം (collectivism) സാമൂഹിക ചിന്തയില്‍ രൂപംകൊണ്ടു. പ്രസ്തുത വാദമനുസരിച്ച് മനുഷ്യന്‍ സാമൂഹികജീവി മാത്രമാണ് അവന് സ്വകാര്യ മണ്ഡലമില്ല. എല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എന്നതാണ് തീവ്രസോഷ്യലിസ്റ്റുകള്‍ അഥവാ കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിയ രാഷ്ട്രീയ സാമൂഹിക ചിന്ത.

ആധുനിക സോഷ്യലിസ്റ്റ് ചിന്ത

പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഈ വിഭജനത്തിന് പരിഹാരമായി സ്വതന്ത്ര കമ്പോളവും സാമൂഹിക നിയന്ത്രണവും ഒരുമിച്ചുള്ള ഒരു വ്യവസ്ഥിതിയാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപം കൊണ്ടത്. സ്വതന്ത്ര ജര്‍മ്മനിയുടെ സാമ്പത്തിക നയത്തില്‍ ഇക്കാര്യം വളരെ വ്യക്തമായി നിര്‍വ്വചിച്ചിരിക്കുന്നു. സമൂഹത്തെ ലക്ഷ്യമാക്കുന്ന കമ്പോള വ്യവസ്ഥ (socially oriented market Economy) എന്നതാണ് ജര്‍മ്മന്‍ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ നാമം.

ലോകത്തിലെ വികസിത രാജ്യങ്ങള്‍ പിന്‍തുടരുന്ന പ്രസ്തുത ചിന്തയെയാണ് ഭാരതത്തിലെ ഭരണഘടനാ വിദഗ്ദ്ധര്‍ സോഷ്യലിസ്റ്റ് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കിയത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെന്നത് സ്വകാര്യ പൊതുപങ്കാളിത്വമാണെന്ന് ജവഹര്‍ലാല്‍ നെഹ്രു ഉന്നയിച്ചു. മുതലാളിത്ത രാജ്യങ്ങളെന്നു വിളിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മുഴുവനും പ്രസ്തുത രീതിയാണ് ഇന്ന് പിന്‍തുടരുന്നത്.

അമേരിക്ക ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥ പിന്‍തുടരുന്ന രാജ്യമാണെങ്കിലും സര്‍ക്കാര്‍ ചില നയങ്ങളിലൂടെ കമ്പോളത്തെ രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കായി നിയന്ത്രിക്കുന്നുണ്ട്. അവിടുത്തെ കര്‍ഷകര്‍ക്ക് വില സ്ഥിരത ഉറപ്പു വരുത്താന്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇടപെടുന്നുണ്ട്. ഇതുതന്നെയാണ് യൂറോപ്പിലെ എല്ലാ വികസിത രാജ്യങ്ങളും ചെയ്യുന്നത്.

മുതലാളിത്വരാജ്യങ്ങളില്‍ വന്‍തോതില്‍ നികുതി പിരിക്കുന്നുണ്ട്. ഈ നികുതി പൊതു സമ്പത്തും പൊതു നന്മയും (common good) വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രധാനമന്ത്രി അത്തരമൊരു ലക്ഷ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഭക്ഷണവും, വസ്ത്രവും, മരുന്നും, താമസ സൗകര്യവും നിര്‍മ്മിക്കുക എന്നത് സര്‍ക്കാരിന്റെ കടമയല്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഭാഗികശരിയാണ്. എന്നാല്‍ ഇവയെല്ലാം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണ്. ഇതിനായി കമ്പോളത്തെ സാമൂഹിക ലക്ഷ്യത്തിലേക്ക് തിരിച്ചുവിടണം. കമ്പോളം തന്നത്താന്‍ സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നില്ല. ഇത്തരമൊരു ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറിയാല്‍ ജനങ്ങള്‍ സാമ്പത്തിക നിയമങ്ങളുടെ അടിമകളാകും.

കമ്പോളത്തെ സാമൂഹിക ലക്ഷ്യത്തിലേക്ക് തിരിച്ചുവിടണം.
കമ്പോളം തന്നത്താന്‍ സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നില്ല.
ഇത്തരമൊരു ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണ കൂടം
ഒഴിഞ്ഞുമാറിയാല്‍ ജനങ്ങള്‍ സാമ്പത്തിക നിയമങ്ങളുടെ അടിമകളാകും.

ഇതിന് ബദലായി എല്ലാ സാമ്പത്തിക പ്രക്രിയയും ഗവണ്‍മെന്റ് ഉടമസ്ഥതയിലാക്കുക എന്ന സാമൂഹിക മാത്രവാദമാണ് (collectivism) സോഷ്യലിസമെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക പ്രയോഗം ഉദ്യോഗസ്ഥമേധാവിത്വത്തിന് കാരണമാകും. സോവിയറ്റ് യൂണിയന്റെ പതനം സ്വകാര്യ സ്വത്തിന്റെ സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനമെന്നതാണ് സോഷ്യലിസമെന്ന തെറ്റിദ്ധാരണയാണ്. സാമൂഹിക ക്ഷേമത്തിലേക്ക് പൊതുജനങ്ങളാല്‍ ദിശതിരിച്ചുവിടുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥിതി നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലെല്ലാം സ്വാതന്ത്രവും, വളര്‍ച്ചയും, സാമൂഹിക ക്ഷേമവും നിലനില്‍ക്കുന്നു. അതിനുപകരം എല്ലാ അധികാരവും സര്‍ക്കാരില്‍ കേന്ദ്രീകരിച്ച് മനുഷ്യന്റെ സ്വകാര്യ മണ്ഡലത്തെ ഇല്ലായ്മ ചെയ്താല്‍ സമൂഹത്തിന്റെ വളര്‍ച്ച ഇല്ലാതാകും. സ്വതന്ത്ര സമൂഹത്തില്‍ മാത്രമാന് ശാസ്ത്രം വളരുക. അറുപത് വര്‍ഷത്തെ സോവിയറ്റ് ഭരണം കിഴക്കന്‍ യൂറോപ്പിനെ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും ആയിരം വര്‍ഷം പിറകോട്ടു നടത്തി. ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ ഇല്ലായെന്ന് ഉറക്കെ പറഞ്ഞാല്‍ ഇല്ലാതാകുന്നില്ല. മുതലാളിത്ത രാജ്യങ്ങളില്‍ പട്ടിണി മരണമില്ല, അടിസ്ഥാന വിദ്യാഭ്യാസമുണ്ട്, വാര്‍ദ്ധക്യകാല പരിചരണമുണ്ട്, കുടിയേറ്റക്കാരോട് മാന്യമായ സമീപനമുണ്ട്. ഇതെല്ലാം അവര്‍ക്ക് സാധിച്ചത് സ്വതന്ത്ര കമ്പോള വ്യവസ്ഥിതി മാത്രം ഉപയോഗിച്ചുകൊണ്ടല്ല. സ്വതന്ത്ര കമ്പോള വ്യവസ്ഥിതിയെ ഉപയോഗിച്ച് രൂപംകൊള്ളുന്ന മിച്ചത്തെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതിയിലൂടെ സമാഹരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നു. ഇത്തരം ലക്ഷ്യബോധമുള്ള പ്രധാനമന്ത്രിമാര്‍ ഇന്ത്യയില്‍ രൂപംകൊള്ളട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org