

തെക്കുകിഴക്കന്‍ ഏഷ്യയിലെ
ഒരു ദരിദ്രരാജ്യമായ ഈസ്റ്റ് തിമൂറില്‍
സേവനം ചെയ്യുന്ന മലയാളിയായ
സിസ്റ്റര്‍ ജൂലി ആന്റണി എസിഐ
യുമായി നടത്തിയ
അഭിമുഖ സംഭാഷണത്തില്‍നിന്ന്:
അല്ല. ഈ മിഷന്‍ എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലെങ്കിലും ഇതു ദൈവത്തിന്റെ പദ്ധതിയായിരുന്നുവെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈസ്റ്റ് തീ മൂറിലേയ്ക്കു പോകാന്‍ റീജിയണല്‍ സുപ്പീരിയര്‍ എന്നോടാവശ്യപ്പെട്ട ദിവസം ഞാനിന്നും കൃത്യമായി ഓര്‍ക്കുന്നു. ഏതു മിഷനിലേയ്ക്കു പോകാനും തയ്യാറാണെന്നു ഞാന്‍ അധികാരികളെ അറിയിച്ചിരുന്നതാണെങ്കിലും ആ സമയത്തു ഞാന്‍ പോകാന്‍ സജ്ജമായിരുന്നില്ല. രണ്ടുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത്, ഞാനപ്പോള്‍ പുനെയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു അകത്തോലിക്കാ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും സ്റ്റാഫിനും യേശുവിന്റെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതിനുള്ള വിസ്മയകരമായ ഒരവസരമായിരുന്നു അത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഒരു സംഘത്തെ ആറു വര്‍ഷമായി പരിശീലിപ്പിക്കുകയായിരുന്നു ഞാന്‍. അവരെ സംബന്ധിച്ചു നിര്‍ണായകമായ ഒരു വര്‍ഷമായിരുന്നു അത്. എല്ലാവരും പത്താം ക്ലാസില്‍ എത്തിയിരിക്കുന്നു. വലിയ പുരോഗതി ആ കുട്ടികള്‍ക്കുണ്ടാക്കിയ ശേഷം പകുതി വഴിക്ക് അവരെ ഉപേക്ഷിച്ചു പോകുക വളരെയേറെ ബുദ്ധിമുട്ടായിരുന്നു. രണ്ടാമത്തെ കാരണം, ആ സ്‌കൂളില്‍ നിലവിലുണ്ടായിരുന്ന ചട്ടമായിരുന്നു. ഓരോ അക്കാദമിക് വര്‍ഷവും തീരുന്നതിനു മുമ്പ് തൊട്ടടുത്ത വര്‍ഷം തുടരാന്‍ തയ്യാറാണെന്ന ഒരു സമ്മതപത്രം അവിടെ കൊടുക്കണമായിരുന്നു. ഏതെങ്കിലും കാരണത്താല്‍ സ്‌കൂള്‍ വിടുകയാണെങ്കില്‍ ആറു മാസം മുന്‍കൂട്ടി അറിയിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്റെ കേസില്‍, സ്‌കൂള്‍ തുറന്ന് ഒരു മാസത്തിനുള്ളില്‍ സ്‌കൂള്‍ വിടേണ്ട സാഹചര്യമായിരുന്നു. ഞാനാകെ അസ്വസ്ഥയായി. ദിവ്യകാരുണ്യത്തിനു മുമ്പില്‍ ഞാന്‍ മുഴുവന്‍ ശക്തിയുമെടുത്തു പോരാടി. എന്താണ് അവിടുത്തെ ഹിതമെന്നറിയാന്‍ കിണഞ്ഞു ശ്രമിച്ചു. ഞാന്‍ ഇരുട്ടിലായിരുന്നു. തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. മനസ്സില്‍ നിറയെ പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരുന്നു. അതു കുറെ സമയം ദീര്‍ഘിച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ദിവ്യകാരുണ്യനാഥനു മുമ്പിലായിരിക്കുമ്പോള്‍ ഹൃദയത്തിന്റെ നിശബ്ദതയില്‍ വളരെ ശാന്തമായ ഒരു സ്വരം എന്നോടു സംസാരിക്കുന്നതു ഞാന്‍ വ്യക്തമായി ശ്രവിച്ചു, "നീ എന്നെ തിരഞ്ഞെടുക്കുകയല്ല ചെയ്തത്. ഞാന്‍ നിന്നെ തിരഞ്ഞെടുക്കുകയും പോയി, നിലനില്‍ക്കുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നിയോഗിക്കുകയുമാണ് ചെയ്തത്." (യോഹ. 15:16). ഈശോയുടെ ശബ്ദമാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതെ! അവിടുത്തെ പക്കല്‍ നിന്നുള്ള ഉറപ്പാണത്. എല്ലാം അവിടുത്തെ കരങ്ങളിലേയ്ക്കു വിട്ടുകൊടുത്ത് ദൈവത്തിന്റെ പദ്ധതി സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായി.
? ഈസ്റ്റ് തിമൂറിലെ ജനങ്ങളുമായുള്ള താങ്കളുടെ ബന്ധം എന്താണ്?
ഈസ്റ്റ് തിമൂറിലെ ജനങ്ങള്‍ വളരെ സൗഹൃദഭാവമുള്ളവരാണ്. ഇന്ത്യാക്കാരോടു വിശേഷിച്ചും. വളരെ നിഷ്‌കളങ്കരായ, ഇടപെടാന്‍ വളരെ എളുപ്പമുള്ള ആളുകള്‍. ആദ്യം കാണുമ്പോള്‍ അവര്‍ അല്‍പം ലജ്ജാലുക്കളായിരിക്കും, കുറച്ച് അകലം പാലിക്കുകയും ചെയ്യും. പക്ഷേ പിന്നീട് സ്വതന്ത്രമായി ഇടപെടും. വിശ്വാസം തോന്നുന്നില്ലെങ്കില്‍ തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ പങ്കു വയ്ക്കുകയില്ല. പക്ഷേ വിശ്വാസം നേടിക്കഴിഞ്ഞാല്‍ പിന്നെ വളരെ സഹകരണമനോഭാവം പുലര്‍ത്തും. വൈദികരോടും സന്യസ്തരോടും പ്രത്യേകമായ സ്‌നേഹവും ആദരവും പുലര്‍ത്തുന്നവരാണ് അവര്‍. കാരണം യുദ്ധകാലത്ത് സഭ മാത്രമാണ് അവരെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത്. മനുഷ്യര്‍ക്കു വേണ്ടി എന്തു ചെയ്യാനും അവര്‍ തയ്യാറാണ്. അപരിചിതരോടു പോലും നന്നായി പെരുമാറും. അവരുടെ സ്‌നേഹവും ഊഷ്മളതയും മൂലം തിമൂറില്‍ ഒരു വിദേശിയാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അവരിലെ ദൈവത്തിന്റെ സാന്നിദ്ധ്യം ഞാനനുഭവിക്കുകയും അവരില്‍ ദൈവത്തെ മുഖാഭിമുഖം ദര്‍ശിക്കാന്‍ സാധിക്കുകയും ചെയ്തു. തിമൂറിയന്‍ ജനതയുമായി വളരെ ആഴമേറിയ ഒരു ബന്ധം എനിക്കുണ്ടായിരിക്കുന്നു. അവരുമായി ഇടപെടുക വളരെ എളുപ്പമാകുകയും ചെയ്തു. അവരുടെ എല്ലാ ദുഃഖങ്ങളും കഷ്ടപ്പാടുകളും ഞാന്‍ പങ്കുവയ്ക്കുന്നു. ഇടയനില്ലാത്ത ആടുകളാണവര്‍ എന്ന് അവരെ നോക്കുമ്പോഴൊക്കെയും എനിക്കു തോന്നാറുണ്ട്. പരിതാപകരമായ അവരുടെ ചരിത്രമറിഞ്ഞ നിമിഷം മുതല്‍ തിമൂറിയന്‍ ജനതയുമായി ഞാന്‍ സ്‌നേഹത്തിലായി. അവിടെ എത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു അത്. അവരിലേയ്ക്ക് എത്തിച്ചേരാനായി അധിക നാഴികകള്‍ നടന്നു തീര്‍ക്കാന്‍ ആ സ്‌നേഹം എന്നെ പ്രാപ്തയാക്കുന്നു. അവര്‍ക്കു വേണ്ടി എന്തും ചെയ്യാനുള്ള പ്രോത്സാഹനം മദര്‍ തെരേസായുടെ വാക്കുകള്‍ എനിക്കു നല്‍കുന്നു. മദര്‍ പറഞ്ഞു, "ദൈവത്തിനു വേണ്ടി മനോഹരമായതെന്തെങ്കിലും ചെയ്യുക. സ്വന്തം ജീവന്‍ നല്‍കി അതു ചെയ്യുക. എല്ലാ ദിവസവും അതു ചെയ്യുക. നിങ്ങളുടേതായ വിധത്തില്‍ അതു ചെയ്യുക, പക്ഷേ, അതു ചെയ്യുക." ഈ വാക്കുകള്‍ എപ്പോഴും എന്റെയുള്ളില്‍ പ്രേരകശക്തിയായി നിലകൊണ്ടു.
? തിമൂറിനെയും അവിടത്തെ സംസ്‌കാരത്തെയും കുറിച്ച് എന്താണു പറയാനുള്ളത്?
ദക്ഷിണപൂര്‍വേഷ്യയിലെ ഒരു ചെറുദ്വീപാണ് തിമൂര്‍. തിമൂര്‍ ദ്വീപിന്റെ കിഴക്കന്‍ പകുതിയാണ് ഈസ്റ്റ് തിമൂര്‍ എന്ന ഈ രാഷ്ട്രം. ഇന്‍ഡോനേഷ്യയുടെ ഭാഗമായ വെസ്റ്റ് തിമൂര്‍ ആണ് വടക്കു പടിഞ്ഞാറന്‍ ഭാഗത്ത്. തെക്കു ഭാഗത്തെ അയല്‍രാജ്യം ആസ്‌ത്രേലിയ ആണ്. തിമൂര്‍ സമുദ്രം ഈ രാജ്യങ്ങളെ വേര്‍തിരിക്കുന്നു. 12 ലക്ഷം ജനങ്ങളുള്ള മനോഹരമായ ഈ കൊച്ചു രാഷ്ട്രം ഏഷ്യയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ്. തെത്തുനും പോര്‍ട്ടുഗീസുമാണ് ഔദ്യോഗിക ഭാഷകള്‍. 16 വംശങ്ങളും 32 പ്രാദേശിക ഭാഷാഭേദങ്ങളും ഇവിടെയുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗല്‍ ഈ രാജ്യത്തെ കോളനിയാക്കി. 1975 നവംബര്‍ 28 വരെ ഇത് പോര്‍ട്ടുഗീസ് തിമൂര്‍ യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അന്നാണ് സ്വതന്ത്ര ഈസ്റ്റ് തിമൂറിനു വേണ്ടിയുള്ള വിപ്ലവമുന്നണി ഈ പ്രദേശത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പക്ഷേ ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്‍ഡോനേഷ്യന്‍ സൈന്യം ഈസ്റ്റ് തിമൂറിനെ ആക്രമിച്ചു കീഴടക്കുകയും തൊട്ടടുത്ത വര്‍ഷം അതിനെ ഇന്‍ഡോനേഷ്യയുടെ 27-ാമതു പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടുണ്ടായത് രക്തരൂക്ഷിതമായ ദശകങ്ങളാണ്. സ്വാതന്ത്ര്യത്തിനായി പോര്‍ട്ടുഗീസുമായി പോരാടിയ വിപ്ലവമുന്നണിയും ഇന്‍ഡോനേഷ്യന്‍ സൈന്യവുമായുള്ള പോരാട്ടങ്ങള്‍ തുടര്‍ക്കഥയായി. യുദ്ധത്തിന്റെയും അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ദാരിദ്ര്യത്തിന്റെയും ദുസ്സഹമായ പീഡകള്‍ തിമൂറിയന്‍ ജനത അനുഭവിച്ചു. ഒടുവില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ മറ്റൊന്നും അവശേഷിച്ചിരുന്നില്ല.
തിമൂറിയന്‍ ജനതയുടെ തദ്ദേശീയ സംസ്‌കാരം അവരുടെ പരമ്പരാഗത പൂര്‍വികാരാധനയുടെ വലിയ സ്വാധീനത്തിലുള്ളതാണ്. വൈദേശികമായ ഒരുപാടു സ്വാധീനങ്ങളും തിമൂറിലുണ്ടായിട്ടുണ്ട്. പഴയ കാലത്തു ചന്ദനമരങ്ങള്‍ക്കു പ്രസിദ്ധമായിരുന്നു തി മൂര്‍. പോര്‍ട്ടുഗീസുകാര്‍ വരുന്നതിനു മുമ്പ് ഇന്ത്യയിലും ചൈനയിലും നിന്നുള്ള വ്യാപാരികളുമായിട്ടായിരുന്നു തിമൂറിനു ബന്ധം. തിമൂറീയന്‍ സംസ്‌കാരത്തിലേയ്ക്കു വൈദേശിക ഘടകങ്ങളെത്തിച്ച ആദ്യത്തെ ആളുകള്‍ വ്യാപാരികളാണ്. 400 വര്‍ഷത്തെ കോളനിവാഴ്ചയോടെ പോര്‍ട്ടുഗീസ് സംസ്‌കാരം തിമൂറിയന്‍ സംസ്‌കാരത്തില്‍ വന്‍ സ്വാധീനമുണ്ടാക്കി. ഒടുവില്‍ 24 കൊല്ലം ഇന്‍ഡോനേഷ്യയുടെ 27-ാമതു പ്രൊവിന്‍സായി നില കൊണ്ടതും സംസ്‌കാരത്തിലേയ്ക്കു പുതിയ ഘടകങ്ങളെ ഉള്‍ചേര്‍ത്തു.
? നിങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളും കഷ്ടപ്പാടുകളും എന്തൊക്കെയാണ്?
സഭയുടെ സമീപനമാണ് ഞാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിസ്സാര കാരണങ്ങളുടെ പേരില്‍ പാവപ്പെട്ട ആ മനുഷ്യരെ അധികാരികള്‍ ശിക്ഷിക്കുന്ന രീതി. ഒരിടവകയില്‍ നിന്നുള്ള ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താല്‍ ആ ഇടവകസമൂഹമാകെ അതിന്റെ പേരില്‍ കഷ്ടമനുഭവിക്കേണ്ടി വരും. പള്ളിയടക്കുന്നു, പള്ളിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തി വയ്ക്കുന്നു. അതോടെ ആര്‍ക്കും കൂദാശകളൊന്നും ലഭിക്കാത്ത സ്ഥിതിവരും. സഭാധികാരികളെ ചോദ്യം ചെയ്യാനോ ശബ്ദമുയര്‍ത്താനോ സാധിക്കാത്ത സ്ഥിതിയാണ്. അവിടത്തെ സന്യസ്തര്‍ നിശബ്ദരായി നില്‍ക്കേണ്ടി വരികയാണ്.
രാജ്യത്തിന്റെ എല്ലാ തലങ്ങളിലും ധാരാളം ആസൂത്രണവും സംഘാടനവും ആവശ്യമുണ്ട്. സംഘടിപ്പിക്കാനും കാര്യങ്ങളെ ക്രമപ്പെടുത്താനും കാര്യക്ഷമതയുള്ള ആളുകളുടെ അഭാവം അവര്‍ നേരിടുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ ദയനീയമാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വങ്ങളോടു പ്രതിബദ്ധതയുള്ളവരല്ല. അതുകൊണ്ട് സംവിധാനമാകെ കുഴപ്പത്തിലാകുന്നു.
? എന്താണ് അവിടത്തെ രാഷ്ട്രീയ സാഹചര്യം? അതു മിഷനെ ബാധിക്കുന്നതെങ്ങനെയാണ്?
ഈസ്റ്റ് തിമൂര്‍ ഇന്ത്യയെ പോലെ ഒരു ജനാധിപത്യരാഷ്ട്രമാണ്. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. തിമൂറിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മുസ്ലിംങ്ങളുമെല്ലാം പൊതുവെ ആരോഗ്യകരമായ പരസ്പരബന്ധം പുലര്‍ത്തുന്നു.
തിമൂറില്‍ ക്രൈസ്തവരാണു ഭൂരിപക്ഷം. കത്തോലിക്കാസഭ അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട മതസംവിധാനമാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു സര്‍ക്കാരില്‍നിന്ന് എതിര്‍പ്പൊന്നുമില്ല. സര്‍ക്കാരും സഭയും പൊതുവില്‍ സഹകരിച്ചു പോകുന്നു. പക്ഷേ ഇപ്പോള്‍ സര്‍ക്കാരും സഭയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. അനവധി അക്രമങ്ങള്‍ അവിടെ ഉണ്ടാകുന്നുണ്ട്. മതവികാരമുണര്‍ത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുകയും വസ്തുക്കളും സ്വത്തുവകകളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്യാമ്പസിനകത്തു തന്നെ നിരവധി അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാര്‍ലമെന്റിനകത്തു നടത്തുന്ന വഴക്കുകള്‍ പോലും പൊതുമുതലിന്റെ നശീകരണത്തില്‍ കലാശിക്കാറുണ്ട്. യഥാര്‍ത്ഥ ക്രിസ്ത്യന്‍ മാര്‍ഗം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പുതിയ ക്രിസ്ത്യന്‍ കള്‍ട്ട് ഈയിടെ ആവിര്‍ഭവിച്ചിട്ടുണ്ട്. അവരും സഭയും തമ്മിലുള്ള വലിയ വിവാദവും ഉണ്ടായിരിക്കുന്നു. അഭിമാനപൂര്‍വം പറയാവുന്ന ഒരു കാര്യം ദിലി രൂപത അതിരൂപതാ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതാണ്. 2020 ഡിസംബറില്‍ ഈ അതിരൂപത 80 -ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകയാണ്.
? താങ്കളുടെ അഭിപ്രായത്തില്‍ അവിടെ സഭ ശ്രദ്ധയൂന്നേണ്ട ഏറ്റവും പ്രധാനപ്പെട്ട വശമേതാണ്?
സന്യസ്തരും അല്മായരും തമ്മില്‍ വലിയൊരു വിടവ് അവിടെയുണ്ട്. ഈ വിടവു നികത്തുക സഭയുടെ ഉത്തരവാദിത്വമാണെന്നു ഞാന്‍ കരുതുന്നു. സഭയില്‍ അല്മായരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതും കാലത്തിന്റെ ആവശ്യമാണ്. ക്രൈസ്തവികതയുടെ വേര് ക്രിസ്തുവാണെന്നു ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണ്. സ്‌നേഹത്തിലും കരുണയിലും അനുകമ്പയിലും സമാധാനത്തിലും നീതിയിലും പടുത്തുയര്‍ത്തപ്പെട്ട ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനായി സേവനം ചെയ്യുന്നതിലാണു സഭ ശ്രദ്ധയൂന്നേണ്ടത്. സാധാരണക്കാരുടെ എല്ലാ ജീവിതസാഹചര്യങ്ങളിലും ക്രിസ്തു പൂര്‍ണമായി ഉള്‍ച്ചേര്‍ന്നിരുന്നു. ജീവന്‍ നല്‍കാനും അതു സമൃദ്ധമായി നല്‍കാനുമാണ് അവിടുന്നു വന്നത്. ജനങ്ങള്‍ക്കു വിശ്വാസം പകര്‍ന്നു കൊടുക്കുകയും അവരുടെ ജീവിതങ്ങളിലേയ്ക്കു പ്രവേശിക്കുകയും ചെയ്യുന്നതിനാണ്, ദേശീയ തലത്തില്‍ വലിയ ചടങ്ങുകളും തീര്‍ത്ഥാടനങ്ങളും പ്രദക്ഷിണങ്ങളും സംഘടിപ്പിക്കുന്നതിനേക്കാള്‍ സഭ ശ്രദ്ധ നല്‍കേണ്ടത്.
? ജനങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ചു താങ്കള്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ എന്തെല്ലാമാണ്? സഭയില്‍ കൂടുതല്‍ പങ്കാളിത്തം വഹിക്കാന്‍ ജനങ്ങള്‍ പ്രാപ്തരാണോ? കൂടുതല്‍ യുവജനങ്ങളേയും കുട്ടികളേയും പള്ളിയിലേക്കു കൊണ്ടുവരാന്‍ സഭയ്ക്കു കഴിയുന്നുണ്ടോ?
പോര്‍ട്ടുഗീസ് മിഷണറിമാരാണ് ഇവിടെ ക്രിസ്തുമതം കൊണ്ടുവന്നത്. ഇപ്പോള്‍ തിമൂറിലെ 90 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. രണ്ടാം സ്ഥാനം പ്രൊട്ടസ്റ്റന്റുകാര്‍ക്കാണ്. പൂര്‍വികാരാധനക്കാരും ഇസ്ലാം വിശ്വാസികളും പിന്നെ വരുന്നു. തിമൂര്‍ ഒരു കത്തോലിക്കാ രാജ്യമാണെങ്കിലും അവരുടെ വിശ്വാസം വളരെ ആഴം കുറഞ്ഞതാണ്. ഉപരിപ്ലവമായ വിശ്വാസങ്ങള്‍ക്കാണ് അവര്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നത്. ഭൂരിപക്ഷം കത്തോലിക്കരും കൂദാശകളെ കുറിച്ചു മനസ്സിലാക്കുകയോ കൂദാശകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. വിവാഹമെന്ന കൂദാശയിലൂടെ നടത്തുന്ന സമര്‍പ്പണത്തിന് അവര്‍ വലിയ മൂല്യമോ അര്‍ത്ഥമോ നല്‍കുന്നില്ല. സഭ അംഗീകരിക്കുന്നില്ലെങ്കിലും ബഹുഭാര്യാത്വത്തില്‍ വിശ്വസിക്കുന്നവരാണ് അവര്‍.
തിമൂറിലെ സഭയ്ക്ക് മൂന്നു രൂപതകളാണുള്ളത്. പള്ളികള്‍ വളരെ ദൂരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഓരോ പള്ളിക്കും നിരവധി സബ്‌സ്റ്റേഷനുകളുണ്ടാകും. വൈദികരുടെ ലഭ്യത വേണ്ടത്രയില്ല. മിക്ക സബ്‌സ്റ്റേഷനുകളിലും വര്‍ഷത്തിലൊരിക്കല്‍ പോലും വി.കുര്‍ബാനയില്ല. സഭാധികാരികള്‍ക്കാകട്ടെ അതിനെ കുറിച്ചു വലിയ ആകുലതയുമില്ല. ആന്തരീക വളര്‍ച്ച, ജനങ്ങളുടെ വിശ്വാസം എന്നീ കാര്യങ്ങളേക്കാള്‍ ബാഹ്യകാര്യങ്ങള്‍ക്കാണു തിമൂറിലെ സഭ പ്രധാന്യം നല്‍കുന്നത്. തിമൂറിലെ സഭയും ജനങ്ങളും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള കാലത്താണ് ഇപ്പോഴും ജീവിക്കുന്നത്. ശിക്ഷിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് അവിടത്തെ സഭ നല്‍കുന്നത്. ഒരുപക്ഷേ ഇതവരുടെ ചരിത്രത്തില്‍ നിന്നുണ്ടാകുന്നതാകാം. പോര്‍ട്ടുഗല്‍കാരുമായും ഇന്‍ഡോനേഷ്യക്കാരുമായും വളരെ ദുഃഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ് അവര്‍. സഭയ്ക്കു ജനങ്ങള്‍ക്കു മേല്‍ നല്ല സ്വാധീനമുണ്ട്. പക്ഷേ മിക്കപ്പോഴും ഇത് സഭാധികാരികളുടെ നേട്ടത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മതബോധനമൊഴികെ സഭയില്‍ കാര്യമായൊരു പങ്കും അല്മായര്‍ക്കില്ല. വൈദികരുടെ അഭാവത്തില്‍ പള്ളികളിലും ചാപ്പലുകളിലും ശുശ്രൂഷകള്‍ സംഘടിപ്പിക്കുന്നത് മതബോധകരാണ്. അവര്‍ക്കു മതിയായ പരിശീലനം നല്‍കുന്നില്ല. കൂദാശകള്‍, വിശേഷിച്ചും ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മതബോധകര്‍ ചില പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചു നല്‍കുന്നു.
യുവാക്കളാണു ഭൂരിപക്ഷം, അവരാണു തിമൂറിന്റെ സമ്പത്ത്. പക്ഷേ അവര്‍ക്ക് അവസരങ്ങളില്ല. ജോലികള്‍ കണ്ടെത്താന്‍ അവര്‍ക്കാകുന്നില്ല, ജീവിതത്തില്‍ പുരോഗതി നേടുന്നതിനുള്ള പ്രചോദനവും അവര്‍ക്കില്ല. അക്രമത്തിന്റേയും യുദ്ധത്തിന്റെയും മര്‍ദ്ദനങ്ങളുടേയും സാക്ഷികളാണ് അവരിലേറെയും. ഈ അനുഭവങ്ങള്‍കൊണ്ടു മുറിവേറ്റവരാണവര്‍. പ്രതിഭയുള്ളവരെങ്കിലും ഈ മുറിവുകള്‍ മൂലം സ്വന്തം പ്രതിഭ അവര്‍ വിനാശകരമായ വിധത്തിലാണ് വിനിയോഗിക്കുന്നത്. അവര്‍ എളുപ്പത്തില്‍ പ്രകോപിതരാകുകയും സംഘര്‍ഷങ്ങളില്‍ ചെന്നെത്തുകയും ചെയ്യുന്നു. അനുയാത്രയും പിന്തുണയും അവര്‍ ക്കാവശ്യമാണ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കു വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ വേണ്ടവിധത്തില്‍ അഭിസംബോധന ചെയ്യപ്പെടുന്നുമില്ല. ക്രിസ്തുമസിനും ഈസ്റ്ററിനുമാണ് അവര്‍ പള്ളിയില്‍ വരുന്നത്. കുട്ടികളുടെ സ്ഥിതിയും യുവജനങ്ങളുടേതില്‍ നിന്നു വ്യത്യസ്തമല്ല. സഭയിലെ യാതൊരു പ്രായവിഭാഗത്തിനു വേണ്ടിയും വിശ്വാസപരിശീലനം നിലവിലില്ല. ഇന്ത്യയും തിമൂറും തമ്മിലുള്ള വലിയ അന്തരം വളരെ പ്രകടമായി കാണാം.
? താങ്കളെ ഏറ്റവും സ്പര്‍ശിച്ച കാര്യമെന്തെങ്കിലും?
സാധാരണക്കാരുടെ ക്ഷമയാണു എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. സമയത്തിന്റെ വില മിക്കവരും മനസ്സിലാക്കുന്നില്ല. മിക്കപ്പോഴും വൈദികര്‍ അത്മായരെ വേലക്കാരായാണു പരിഗണിക്കുന്നത്. അവര്‍ നിശബ്ദം അനുസരിക്കുകയും കുര്‍ബാനയ്ക്കു പോകുകയും സഭയുടെ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്യുന്നു. പലപ്പോഴും വൈദികര്‍ എത്തിച്ചേരുന്നതിനായി ദീര്‍ഘനേരം അവര്‍ക്കു കാത്തിരിക്കേണ്ടി വരാറുണ്ട്.
? താങ്കളുടെ സന്യാസസമൂഹത്തെക്കുറിച്ചും സിസ്റ്റര്‍ മാരുടെ ജീവിതത്തെക്കുറിച്ചും തിമൂറില്‍ നിങ്ങള്‍ ചെയ്യുന്ന സേവനങ്ങളെ കുറിച്ചും എന്താണു പറയാനുള്ളത്?
ഈശോയുടെ തിരുഹൃദയത്തിന്റെ ദാസികള്‍ എന്ന സന്യാസസമൂഹത്തിലാണു ഞാനുള്ളത്. കേരളത്തിലെ കൊച്ചിയില്‍ ഞങ്ങള്‍ സ്‌നേഹനിലയം സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്നു. കാക്കനാട് ചെമ്പുമുക്കില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. സ്‌പെയിനില്‍ സ്ഥാപിക്കപ്പെട്ട ഒരു അന്താരാഷ്ട്ര സന്യാസിനീസമൂഹമാണു ഞങ്ങളുടേത്. 26 രാജ്യങ്ങളില്‍ ഞങ്ങളുടെ സാന്നിദ്ധ്യമുണ്ട്. 20 വര്‍ഷമായി തിമൂറില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ മൂന്നു സമൂഹങ്ങളാണുള്ളത്. ജപ്പാന്‍, പോര്‍ട്ടുഗല്‍, അര്‍ജന്റീന, വിയറ്റ്‌നാം, ഇന്ത്യ, തിമൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 19 സിസ്റ്റര്‍മാരാണ് അവിടെ സേവനം ചെയ്യുന്നത്. ഔപചാരികവും അനൗപചാരികവുമായ അജപാലന-വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ് ഞങ്ങളവിടെ നടത്തുന്നത്. സാമൂഹ്യവിഷയങ്ങള്‍ ഏറ്റെടുക്കുന്നു. സമാധാന സംഘടനകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കുന്നു. പോഷണദാരിദ്ര്യമനുഭവിക്കുന്ന കുട്ടികള്‍ക്കായി പോഷകപരിപാടികള്‍ നടപ്പാക്കുന്നു. കൃഷിയിലും മീന്‍ വളര്‍ത്തലിലും പരിശീലനം നല്‍കുന്നു. ഇംഗ്ലീഷും ജാപ്പാനീസും പഠിപ്പിക്കുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഹോസ്റ്റലുകള്‍ നടത്തുന്നു.
ധാരാളം കാര്യങ്ങള്‍ അവിടെ ചെയ്യാനുണ്ട്. സ്‌നേഹവും കരുണയുമുള്ള ധാരാളം കരങ്ങള്‍ അങ്ങോട്ടെത്താന്‍ സന്നദ്ധമാകേണ്ടതുണ്ട്.