
നിന്റെ ഒരു ചിരിയില്‍, ഒരു തലോടലില്‍, ഒരു ഫോണ്‍കോളില്‍, ഒരു മെസ്സേജില്‍ എന്റെ മുറിവുണങ്ങും.
ഓരോ നോമ്പുകാലവും ഓര്‍മ്മപ്പെടുത്തലുകളുടെ സമയമാണ്. പിഴവുകളും കുറവുകളും തിരുത്താനുള്ള ഓര്‍മ്മപ്പെടുത്തല്‍. വലിയ നോമ്പാരംഭം തന്നെ ചാരം പൂശി മനുഷ്യാ നീ മണ്ണാകുന്നു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. വെറും മണ്ണായിത്തീരേണ്ടവനാണ് മനുഷ്യന്‍. ഈ മണ്ണുമനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത്? വി. മത്തായിയുടെ സുവിശേഷം അധ്യായം 25:31-46 വായിച്ചു ധ്യാനിക്കുന്നത് നന്നായിരിക്കും.
രാജാവ് തന്റെ വലതുഭാഗത്തുള്ളവരോടും ഇടതുഭാഗത്തുള്ളവരോടും പറയുന്ന ആറു കാര്യങ്ങളുണ്ട്. അവന്‍ വലതുഭാഗത്തുള്ളവരോട് ഇങ്ങനെ പറയും: എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു; എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നു; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്‌നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്റെ അടുത്തു വന്നു; അപ്പോള്‍ നീതിമാന്മാര്‍ മറുപടി പറയും: കര്‍ത്താവേ ഞങ്ങള്‍ ഇതെല്ലാം നിനക്ക് ചെയ്തത് എപ്പോള്‍? രാജാവ് അവരോട് ഇങ്ങനെ പറയും: എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്. അനന്തരം രാജാവ് ഇടതുഭാഗത്തുള്ളവരോട് പറയും: എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷണം തന്നില്ല ; എനിക്ക് ദാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നില്ല; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല; ഞാന്‍ നഗ്‌നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗാവസ്ഥയിലും കാരാഗൃഹത്തിലുമായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല; അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ ഞങ്ങള്‍ ഇതെല്ലാം നിനക്ക് ചെയ്തു തരാതിരുന്നത് എപ്പോള്‍? അപ്പോള്‍ രാജാവ് മറുപടി പറയും: എന്റെ ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്യാതിരുന്നപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്യാതിരുന്നത്.
ഇത് നാമോരോരുത്തരും കടന്നുപോകേണ്ട തീര്‍ത്തും അനിവാര്യമായ വിധിയാണ് എന്നോര്‍ക്കുക. കര്‍ത്താവ് ചോദിക്കാന്‍ പോകുന്നത് നീ കുര്‍ബാന മുടക്കിയോ? പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തോ? എത്ര ധ്യാനം കൂടി? എന്നിങ്ങനെ മനുഷ്യദൃഷ്ടിയില്‍ ഉല്‍ക്കൃഷ്ടമായ കാര്യങ്ങളല്ല, വി. മത്തായിയുടെ സുവിശേഷത്തിലുള്ള ആറു കാര്യങ്ങളാണ് നമുക്കു തീര്‍പ്പ് കല്പിക്കുന്നത്.
വിശക്കുന്നവനോട് ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് പറയുന്നത് എന്ത് ക്രിസ്തീയതയാണ്? നഗ്‌നനെ (അത് വസ്ത്രമില്ലായ്മ മാത്രമല്ല. ഒരുവന്‍ കടന്നുപോകുന്ന തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ, അവനേല്ക്കുന്ന അവഹേളനങ്ങള്‍, അവന്റെ പരമദരിദ്രമായ സാഹചര്യം) പുതപ്പിക്കുന്നതല്ലേ ക്രിസ്തീയത. രോഗികളെയും, ദുഃഖിതരേയും, അനാഥരേയും, നിരാലംബരെയും സന്ദര്‍ശിക്കാനുള്ള സന്മനസ്സ് കാണിക്കുക. കുറച്ചു നേരം അവരോടൊപ്പം ആയിരിക്കുക. കര്‍ത്താവ് നമ്മില്‍ നിന്നും അതാഗ്രഹിക്കുന്നുണ്ട്. പരദേശികളോട് കുറേക്കൂടി അനുകമ്പയും കാരുണ്യവും കാണിക്കുക.
ഏശയ്യാ പ്രവാചകന്‍ പറയുന്നത് കേള്‍ക്കുക: എന്താണ് ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്റ കയറുകള്‍ അഴിക്കുകയും, മര്‍ദിതരെ സ്വതന്ത്രരാക്കുകയും, എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്.
മൊബൈല്‍ ഫോണിന്റെയും, ഇന്റര്‍നെറ്റിന്റെയും ലോകത്ത് അഭിരമിക്കുന്നവരാണ് എല്ലാവരും തന്നെ. എന്നിട്ടും ആരുമാരും വിളിക്കാനില്ലാതെ ഫോണിന്റെ വെട്ടം മിന്നുന്നതും നോക്കിയിരിക്കുന്ന എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. SMS ഉം, messenger ഉം, വാട്‌സ്ആപ്പും എല്ലാമുണ്ട്. എന്നിട്ടുമെന്തേ ഒരു മെസ്സേജ് അയയ്ക്കാന്‍, ഒരു വിശേഷം ചോദിക്കാന്‍ മടി? ഓര്‍ക്കുക. ജീവിതം ക്ഷണികമാണ്. നോമ്പ് തരുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് മനസ്സ് കൊടുക്കുക. വിധിയാളന്റെ മുമ്പില്‍ നില്ക്കുമ്പോള്‍ വലതുവശത്ത് ആയിരിക്കാനുള്ള കൃപയ്ക്കുവേണ്ടി നല്ലത് ചെയ്യുക.
നിന്റെ ഒരു ചിരിയില്‍, ഒരു തലോടലില്‍, ഒരു ഫോണ്‍കോളില്‍, ഒരു മെസ്സേജില്‍ എന്റെ മുറിവുണങ്ങും.
ഈ നോമ്പ് നമ്മളെ കൂടുതല്‍ ഹൃദയാര്‍ദ്രതയുള്ളവരാക്കട്ടെ.