അടിച്ചേല്‍പിക്കുന്ന ഭരണം സഭയ്ക്കു നിരക്കുന്നതല്ല

സീറോ മലബാര്‍ ആരാധനക്രമ സംഘര്‍ഷത്തെക്കുറിച്ച്
അടിച്ചേല്‍പിക്കുന്ന ഭരണം സഭയ്ക്കു നിരക്കുന്നതല്ല
Published on

ഫാ. ഫെലിക്‌സ് വില്‍ഫ്രഡ്

ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ ബാധിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങളുള്ള രാജ്യത്ത് നാമൊരു നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഐകരൂപ്യത്തിലധിഷ്ഠിതമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്ന് അനുഭവത്തില്‍ നിന്ന് നമുക്കറിയാം. സഭ ഒരു ബദല്‍ സംസ്‌കാരം സമ്മാനിക്കുകയും വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും മരുപ്പച്ചയായി മാറുകയും അനവധി അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യേണ്ടതല്ലേ? ഐകരൂപ്യം സൃഷ്ടിക്കാന്‍ വ്യത്യാസങ്ങളെ ചവിട്ടിയരച്ചുകൊണ്ട് ഐക്യത്തിന്റെ യാതൊരു ആദര്‍ശവും സാക്ഷാത്കരിക്കാനാവില്ല എന്നത് ഒരു സത്യമാണ്.

കുര്‍ബാനയര്‍പ്പണത്തെ ചൊല്ലി സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും ഖേദകരമായ രാഷ്ട്രീയ ബഹളങ്ങളും ഇന്ത്യന്‍ സഭയുടെ മുഴുവന്‍ ആത്മാര്‍ത്ഥമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള സഭാ നേതാക്കന്മാരും വിശ്വാസികളും ഉടനടി ഇടപെടേണ്ട അടിയന്തിരമായ ഒരു ആശങ്കയാണിത്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും മൂന്ന് റീത്ത് സംവിധാനങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയുകയും നിലവിലെ പ്രക്ഷുബ്ധതയും തീവ്ര ധ്രുവീകരണവും പരിഹരിക്കുന്നതിന് സജീവമായി സഹായിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ സങ്കീര്‍ണ്ണമായ സാഹചര്യത്തിന്റെ പരിഹാരത്തിനു വഴിയൊരുക്കുന്നതിന്, അടിസ്ഥാനപരമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത് അത്യാവശ്യമാണ്. 'നമ്മുടെ കാലത്തെ ജനങ്ങള്‍ സ്വാതന്ത്ര്യം വളരെയേറെ വിലമതിക്കുകയും അതിനായി ഉത്സാഹത്തോടെ പരിശ്രമിക്കുകയും ചെയ്യുന്നു,' രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സന്തോഷവും പ്രത്യാശയും' (നമ്പര്‍ 17) എന്ന പ്രമാണരേഖ പറഞ്ഞു. മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിന്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ അംഗീകാരത്തിനു മതേതര മണ്ഡലത്തില്‍ മാത്രമല്ല പ്രസക്തിയുള്ളത്. സഭയ്ക്കുള്ളിലും അതു പ്രസക്തമാണ്. ദൈവമക്കളായിരിക്കുന്നു എന്നതില്‍ അന്തര്‍ലീനമായ സ്വാതന്ത്ര്യം ആസ്വദിക്കുന്ന വിശ്വാസികള്‍, 'ക്രിസ്തു നമ്മെ സ്വതന്ത്രരായി വിട്ടതിന്റെ'' മൂല്യം മനസ്സിലാക്കുന്നു (ഗലാ 5:1). പൗരസ്ത്യ ആചാരങ്ങളുടെ സ്വത്വം സംരക്ഷിക്കുക എന്നത് സാധുവായ ഒരു വിഷയമാണെങ്കിലും, സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താതിരിക്കുക എന്നത് സുപ്രധാനമാണ്.

ജാതീയമായ ഒരു ഇന്ത്യന്‍ സമൂഹത്തില്‍, ആന്തരിക-ജാതി സ്വത്വവും കെട്ടുറപ്പും നിലനിര്‍ത്താന്‍ ചരിത്രത്തിലുടനീളം സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നത് എങ്ങനെയെന്ന് നമുക്കറിയാവുന്നതാണ്. ഏതെങ്കിലുമൊരു പൊരുത്തമില്ലായ്മ ഒരാളുടെ ജാതിയില്‍ നിന്ന് ശിക്ഷയും ഭ്രഷ്ടും ക്ഷണിച്ചു വരുത്തുന്നതാണ്.

സഭാ പാരമ്പര്യവും സ്വത്വവും കാത്തുസൂക്ഷിക്കാന്‍ ആരാധനക്രമമല്ലാതെ നിരവധി മാര്‍ഗങ്ങളുണ്ട്. ആരാധനാക്രമത്തിലെ സൂക്ഷ്മതകളും ഐകരൂപ്യവും ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമോ ദൈവജനത്തിന്റെ വിശ്വാസത്തെയോ കുര്‍ബാനയുടെ സത്തയെയോ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമോ അല്ല.

വത്തിക്കാന്‍ II പ്രസ്താവിച്ച മറ്റൊരു സുപ്രധാന തത്വം പരിഗണിക്കുന്നതിലേക്ക് അത് നമ്മെ നയിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും പരാമര്‍ശിക്കുന്ന സത്യങ്ങളുടെ അധികാരശ്രേണി (ഹൈരാര്‍ക്കി) ആണത്. എക്യൂമെനിസത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ II പറയുന്നത് സഭാജീവിതത്തിന്റെ മറ്റു മേഖലകള്‍ക്കും ബാധകമാണ്. 'സത്യങ്ങളുടെ അധികാരശ്രേണി' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും എല്ലാ സത്യങ്ങളും ഒരേ മൂല്യമുള്ളതല്ലെന്നും ഇത് പരസ്പര ബന്ധങ്ങളില്‍ അനന്തരഫലങ്ങളുണ്ടാക്കുന്നു എന്നുമാണ്. ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിഖ്യ സൂനഹദോസിന്റെ ത്രിതൈ്വക വിശ്വാസസത്യങ്ങളോ കാല്‍സിഡോണിലെ ക്രിസ്തുവിജ്ഞാനീയപ്രമാണങ്ങളോ പോലെ പരിഗണിക്കുക എന്നത് ക്രിസ്ത്യന്‍ വിശ്വാസത്തോടും ആരാധനയോടും ഉള്ള വികല സമീപനത്തിന്റെ വ്യക്തമായ അടയാളമാണ്. വിവാദങ്ങളുടെ ചൂടിലും ആവേശത്തിലും ഈ സുപ്രധാന തത്വം ആരെങ്കിലും അവഗണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

കൂടുതല്‍ കൂട്ടായ്മയും സംവാദവും ധാരണയും വളര്‍ത്തിയെടുക്കുക എന്ന സിനഡിന്റെ ലക്ഷ്യത്തിനു വിരുദ്ധമായി, അധികാര മേധാവിത്വത്തിന്റെ അധികാരം നടപ്പിലാക്കുന്നതിനുള്ള ഒരു പു തിയ ആയുധമായി അത് മാറിയിട്ടുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. സിനഡിനെ അത് ഇന്നു പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആദര്‍ശവത്കരിക്കാനായേക്കില്ല, കാരണം ഇവിടെ അല്‍മായരുടെയും വൈദികരുടെയും ശബ്ദം പരിഗണിക്കാതെ, മുഴുവന്‍ സഭയ്ക്കും വേണ്ടി മെത്രാന്മാര്‍ തീരുമാനങ്ങളെടുക്കുന്നതായി കാണുന്നു.

പ്രാദേശിക സഭകള്‍ക്ക് മതിയായ സ്വയംഭരണാധികാരം നല്‍കുന്ന ഭരണത്തിന്റെ ഒരു സിനഡല്‍ ഘടന കാനോനിക്കല്‍ നിയമവ്യവസ്ഥയിലൂടെ പ്രാബല്യത്തിലാക്കിയിട്ടുണ്ട് എന്നത് പൗരസ്ത്യറീത്തുകളുടെ ഒരു ഭാഗ്യമാണ്. ഖേദകരമെന്നു പറയട്ടെ, ഇത് ലത്തീന്‍ സഭയില്‍ ഇല്ലാത്ത ഒന്നാണല്ലോ ഇത്.

പൗരസ്ത്യ റീത്തുകളിലെ സിനഡല്‍ ഘടന യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന ഒരു വിലയിരുത്തല്‍ ഇവിടെ അത്യാവശ്യമാണ്. സിനഡ് എന്നാല്‍ മെത്രാന്മാരുടെ സിനഡ് എന്ന നിലക്കുള്ള പരിമിത ധാരണയില്‍ നിന്ന് മാറി വിശ്വാസികളുടെ ശബ്ദം കേള്‍ക്കുകയും അവരെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സഭയുടെയാകെ സിനഡിലേക്കുള്ള ഒരു മാറ്റമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡിനെക്കുറിച്ചുള്ള ദര്‍ശനം. സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ പൗരസ്ത്യ സൂനഹദോസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വിമര്‍ശനാത്മകമായി പഠിക്കേണ്ട സമയമാണിത്. കൂടുതല്‍ കൂട്ടായ്മയും സംവാദവും ധാരണയും വളര്‍ത്തിയെടുക്കുക എന്ന സിനഡിന്റെ ലക്ഷ്യത്തിനു വിരുദ്ധമായി, അധികാരമേധാവിത്വത്തിന്റെ അധികാരം നടപ്പിലാക്കുന്നതിനുള്ള ഒരു പുതിയ ആയുധമായി അത് മാറിയിട്ടുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. സിനഡിനെ അത് ഇന്നു പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആദര്‍ശവത്കരിക്കാനായേക്കില്ല, കാരണം ഇവിടെ അല്‍മായരുടെയും വൈദികരുടെയും ശബ്ദം പരിഗണിക്കാതെ, മുഴുവന്‍ സഭയ്ക്കും വേണ്ടി മെത്രാന്മാര്‍ തീരുമാനങ്ങളെടുക്കുന്നതായി കാണുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ ബാധിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങളുള്ള രാജ്യത്ത് നാമൊരു നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഐകരൂപ്യത്തിലധിഷ്ഠിതമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്ന് അനുഭവത്തില്‍ നിന്ന് നമുക്കറിയാം. സഭ ഒരു ബദല്‍ സംസ്‌കാരം സമ്മാനിക്കുകയും വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും മരുപ്പച്ചയായി മാറുകയും അനവധി അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യേണ്ടതല്ലേ? ഐകരൂപ്യം സൃഷ്ടിക്കാന്‍ വ്യത്യാസങ്ങളെ ചവിട്ടിയരച്ചുകൊണ്ട് ഐക്യത്തിന്റെ യാതൊരു ആദര്‍ശവും സാക്ഷാത്കരിക്കാനാവില്ല എന്നത് ഒരു സത്യമാണ്.

ആചാരങ്ങളേക്കാള്‍ പ്രധാനമാണു മിഷന്‍. ആചാരങ്ങളില്‍ ചിലത് നിര്‍ജീവമായ ശീലങ്ങളായിരിക്കാം. കാത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന പാരമ്പര്യങ്ങളുടെ ശവകുടീരമല്ല സഭ, മറിച്ച് അതിനെ നവീകരിക്കുകയും ഊര്‍ജ്ജസ്വലമാക്കുകയും ഭാവിയിലേക്ക് നയിക്കുകയും ചെയ്യുന്ന ആത്മാവിന്റെ സൃഷ്ടിയാണ്. ആചാരപരമായ പരിഗണനകള്‍ക്കപ്പുറത്തേക്ക് നീങ്ങുന്ന ഒരു സംയുക്ത ദൗത്യത്തിനായി എല്ലാവരുടെയും യോജിച്ച ശ്രമങ്ങള്‍ ആവശ്യപ്പെടുകയാണ് നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ. കൃത്യമായും ഇക്കാരണത്താല്‍ തന്നെ, ഒരു കാലത്ത്, ഒരൊറ്റ ഇന്ത്യന്‍ റീത്ത് എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു, അതിനെ പിന്തുണച്ചിരുന്നു പരേതനായ മാര്‍ ജോസഫ് കര്‍ദിനാള്‍ പാറേക്കാട്ടില്‍. റോമില്‍ നിന്നോ സിറിയയില്‍ നിന്നോ കാല്‍ദിയയയില്‍ നിന്നോ കടമെടുത്ത തനിമയെ ആശ്രയിക്കാതെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പശ്ചാത്തലത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ആശയം.

സഭയിലെ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും തത്വത്തെക്കുറിച്ച് നാം വിചിന്തനം ചെയ്യേണ്ടതുണ്ട്. 1980-കളില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ഉപദേഷ്ടാവായിരുന്നയാള്‍ എന്ന നിലയില്‍, മൂന്ന് റീത്തുകള്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സഭയിലെ വൈവിധ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് സീറോ-മലബാര്‍, സീറോ-മലങ്കര മെത്രാന്മാര്‍ എത്ര ആവേശത്തോടെ വാദിച്ചുവെന്നത് എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞതാണ്. റീത്തടിസ്ഥാനത്തിലുള്ള മൂന്നു മെത്രാന്‍ സംഘങ്ങളുടെ രൂപീകരണത്തിലേക്ക് അതു നയിക്കുകയും ചെയ്തു.

ഇപ്പോള്‍, റീത്തടിസ്ഥാനത്തിലുള്ള സഭകളുടെ ആഭ്യന്തര ജീവിതത്തിലും ഭരണത്തിലും വൈവിധ്യങ്ങള്‍ക്ക് ഒരു സ്ഥാനം കണ്ടെത്തണം. ആരാധനാക്രമ കാര്യങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളിലെ വ്യത്യാസവും കുര്‍ബാന വ്യത്യസ്തരീതികളില്‍ അര്‍പിക്കപ്പെടുന്നതും റീത്തുകള്‍ക്കുള്ളിലെ വൈവിധ്യത്തെ പ്രകാശിപ്പിക്കും. ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള കുര്‍ബാനയര്‍പണം സീറോ മലബാര്‍ പാരമ്പര്യത്തിനുള്ളിലെ ഒരു വ്യത്യസ്ത ആരാധനാരീതിയായി കണക്കാക്കാം. സര്‍വോപരി, സഭ ഐകരൂപ്യം അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനത്തിന്റെ ആകെത്തുകയാണ്. ഐകരൂപ്യം അടിച്ചേല്‍പിക്കുക എന്നത് എല്ലാ ഭരണാധികാരികളുടെയും ഒരു പ്രലോഭനമാണ്. എല്ലാ സൈനികരും യൂണിഫോമിലായിരിക്കുമ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു സൈനിക കമാന്‍ഡന്റിനെപ്പോലെ, ഒരാള്‍ക്ക് സഭയില്‍ ഐകരൂപ്യം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. സൈനിക മാതൃക സഭയില്‍ ബാധകമല്ല.

ഒരേ റീത്തിനുള്ളില്‍ അര്‍പ്പണത്തിന്റെ ബഹുസ്വരതക്കുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോള്‍ എങ്ങനെയാണ് സീറോ മലബാര്‍ തനിമ നഷ്ടപ്പെടുന്നത് എന്ന ചിന്ത അത്ഭുതമുണ്ടാക്കുന്നതാണ്. ഒരേ റീത്തിനുള്ളിലെ പാരമ്പര്യത്തിലും ചിന്താഗതിയിലും അനുഷ്ഠാനങ്ങളിലുമുള്ള വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ ഇത് സംസ്‌കാരികാനുരൂപണത്തിന്റെ ഒരു പ്രകാശനമാകുകയല്ലേ?

രൂക്ഷമായ ഈ തര്‍ക്കം സഭയ്ക്കുള്ളിലെ മറ്റൊരു നിര്‍ണായക ആശങ്ക ഉയര്‍ത്തിക്കാട്ടുന്നു. സഭയ്ക്കുള്ളിലെ ആശയവിനിമയത്തിന്റെ വ്യവസ്ഥാപിതമാര്‍ഗങ്ങളെ മാത്രം ആശ്രയിക്കുന്നതില്‍ സഹജമായ ചില പരിമിതികളുണ്ട്. കാര്യങ്ങളുടെ അവതരണത്തെ പക്ഷപാതങ്ങള്‍ സ്വാധീനിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്‌തേക്കാം. ഈ ഔദ്യോഗിക ആശയവിനിമയത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിനും അതിന്റെ പ്രയോജനങ്ങളെ സന്തുലിതമാക്കുന്നതിനും, ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ - വത്തിക്കാനും കൂരിയാ ഓഫീസുകളും മാര്‍പ്പാപ്പ തന്നെയും ആശയവിനിമയത്തിനുള്ള അനൗദ്യോഗിക മാര്‍ഗങ്ങളെയും സംവിധാനങ്ങളെയും സജീവമായി പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിന് അജപാലകരുടെ അഭിപ്രായങ്ങള്‍ മാത്രം കേട്ടാല്‍ പോരാ, പ്രാദേശിക സഭകളിലെ ദൈവജനത്തിന്റെയും ശബ്ദം കേള്‍ക്കുകയും അതിന്മേല്‍ നടപടികളെടുക്കുകയും വേണം.

കൂടാതെ, പേപ്പല്‍ ഡെലിഗേറ്റിന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണ്. സീറോ മലബാര്‍ സഭയുടെ ഇതിനകം എടുത്ത തീരുമാനങ്ങള്‍ മാര്‍പ്പാപ്പയുടെ അധികാരത്തോടെ നടപ്പാക്കാനുള്ള ചുമതലയാണോ അദ്ദേഹത്തിന്റേത്? അതോ, കൂടുതല്‍ സമയവും ക്ഷമയും ആവശ്യമായി വന്നേക്കാവുന്ന സങ്കീര്‍ണ്ണതയും വൈരുദ്ധ്യവും ആശയക്കുഴപ്പവും വൈകാരികതയും നിറഞ്ഞ ഒരു സാഹചര്യത്തില്‍ ഒരു മധ്യസ്ഥന്റെ പങ്ക് വഹിക്കാനാണോ അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുള്ളത്?

സമീപനരീതിയെ സംബന്ധിച്ചിടത്തോളം, ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, കാലം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്, അതു സഭയെ ബാധിക്കുന്നതാണ്. കല്‍പ്പനയിലൂടെയും ശിക്ഷിക്കുമെന്ന ഭീഷണികളിലൂടെയും ഭരിക്കുന്ന സംസ്‌കാരം ഫ്യൂഡല്‍ ശൈലികളുടേതാണ്, അത് സഭയ്ക്ക് നിരക്കാത്തതാണ്, ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധവും അറിവും ഉള്ള ഈ കാലഘട്ടത്തില്‍ തീര്‍ച്ചയായും. അധികാരത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കുകയും അതിനെ വളരെയേറെ വലിച്ചുനീട്ടുകയും ചെയ്താല്‍, അനന്തരഫലം ഒരു തകര്‍ച്ചയാണ്. ലാറ്റിന്‍ മാതൃക അടിച്ചേല്‍പ്പിക്കുകയെന്ന ദീര്‍ഘവീക്ഷണമില്ലാത്ത നയം, വിയോജിപ്പുള്ള ഒരു കൂട്ടം വിശ്വാസികളുടെ കൂനന്‍ കുരിശ് സത്യത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് ചരിത്രത്തില്‍ നിന്ന് നമുക്കറിയാം. രണ്ടാം കൂനന്‍ കുരിശിന്റെ അവസ്ഥയിലൂടെയാണോ നമ്മള്‍ കടന്നുപോകുന്നത്? ജ്ഞാനം വിജയിക്കുമെന്നും ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. എന്തായാലും ഇപ്പോഴത്തെ വിവാദം കേവലം അധികാര വടംവലിയുടെയും അഭിമാനത്തിന്റെയും പ്രശ്നമായി മാറരുത്. സഭയിലെ കൂട്ടായ്മയും രാജ്യത്തെ അതിന്റെ ദൗത്യവും അഭിമാനത്തിന്റെ പ്രശ്‌നത്തേക്കാള്‍ പ്രധാനമാണ്; ആരാണ് ആദ്യം കണ്ണടയ്ക്കുക?

ഉപസംഹാരമായി, സീറോ മലബാര്‍ സഭയ്ക്കുള്ളിലെ കലഹം ഇന്ത്യന്‍ സഭയ്ക്കു മുഴുവനും പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ആഹ്വാനമാണ്. സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും വൈവിധ്യത്തെ ഉള്‍ക്കൊള്ളാനും സംഭാഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അത് നമ്മെ ആഹ്വാനം ചെയ്യുന്നു. നമ്മള്‍ പങ്കുവയ്ക്കുന്ന വിശ്വാസവും ദൗത്യവും പരമപ്രധാനമാണെന്ന് ഓര്‍ക്കാം, ആഭ്യന്തര-ആരാധനാക്രമ തര്‍ക്കങ്ങളെ മറികടക്കാനും യോജിപ്പുള്ള പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും ഈ നിര്‍ണായക സമയത്ത് ഒരു സംയുക്ത ദൗത്യത്തിനായി സ്വയം പ്രതിജ്ഞാബദ്ധരാകാനും അതു നമ്മോട് ആവശ്യപ്പെടുന്നു.

  • (വത്തിക്കാന്റെ അന്താരാഷ്ട്ര ദൈവശാസ്ത്രകമ്മീഷനില്‍ അംഗമായിരുന്നിട്ടുള്ള വിഖ്യാത ദൈവശാസ്ത്രജ്ഞനും നിരവധി അന്താരാഷ്ട്ര സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസറുമാണു ലേഖകന്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, 1980 കളില്‍ ഇന്ത്യന്‍ സഭയിലെ പൗരസ്ത്യറീത്തുകളുടെ സ്വയംഭരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സി ബി സി ഐ ഉപദേഷ്ടാവ് എന്ന നിലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ളയാളാണ്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org