കുടിയേറ്റവും ക്രിസ്മസും

കുടിയേറ്റവും ക്രിസ്മസും
പള്ളിയുണ്ടാക്കിയവരുടെ മക്കളെ പിന്നീട് കോടതിയും കേസുമായി ആ പള്ളിയില്‍ നിന്നിറക്കിവിടുന്നു. അതെന്തൊരു പള്ളിയാണ്? ആ പള്ളിയില്‍ പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ?

58 ലക്ഷം മലയാളികള്‍ കേരളത്തിനു പുറത്തു ജോലി ചെയ്യുകയാണ്. കേരള തലസ്ഥാനമായ തിരുവനന്തപുരത്തുള്ളതിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ മുംബൈ, ദല്‍ഹി, ബംഗളുരു, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലുണ്ട്. 58 ലക്ഷത്തില്‍ 32 ലക്ഷം പേര്‍ ഗള്‍ഫിലാണ്. 16 ലക്ഷം പേര്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ്.

ഈ ഒഴുക്ക് ഇപ്പോള്‍ വിദേശത്തേക്കുള്ള പഠനവും കുടിയേറ്റവും എന്ന പ്രക്രിയയിലേക്ക് എത്തിച്ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷം 1.68 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു വിദേശപൗരത്വം സ്വീകരിച്ചു. ഇതില്‍ 68,000 പേരും കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനികളാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം പഠനവും കുടിയേറ്റവും ലക്ഷ്യമാക്കി പോയിട്ടുള്ളത് കേരളത്തില്‍ നിന്ന് 88000 പേരാണ്. ഈ പ്രവണത തുടര്‍ന്നാല്‍ കേരളത്തിലെ ക്രൈസ്തവസമൂഹം വന്‍തോതില്‍ തകരും. കേരളമുണ്ടായപ്പോള്‍ കേരളജനസംഖ്യയുടെ 21 ശതമാനം ക്രൈസ്തവരായിരുന്നു. ഇപ്പോള്‍ 17 ശതമാനമായി ചുരുങ്ങി. നാലു ശതമാനം കുറഞ്ഞു. അന്നു 19 ശതമാനമുണ്ടായിരുന്ന മുസ്ലീം ഇപ്പോള്‍ 27 ശതമാനമായി. അന്ന് 24 ശതമാനമുണ്ടായിരുന്ന ഈഴവര്‍ 22 ശതമാനമായി. 15 ശതമാനമുണ്ടായിരുന്ന നായന്മാര്‍ 12 ശതമാനമായി.

17 ശതമാനമായ ക്രിസ്ത്യാനികള്‍ 2035 ആകുമ്പോള്‍ പത്തു ശതമാനത്തില്‍ താഴെയാകും. മലബാറില്‍ 1930 കളില്‍ കുടിയേറിയ ക്രൈസ്തവരില്‍ നല്ലൊരു പങ്ക് മലബാര്‍ മലകളിറങ്ങി. ഇടുക്കി മലകളില്‍ നിന്നും ഇറക്കം തുടങ്ങി. അവര്‍ സമതലങ്ങളിലേക്കുവരും. അതിജീവനം ബുദ്ധിമുട്ടായാല്‍, ലോകഭാഷയായ ഇംഗ്ലീഷ് കൈയിലുള്ളതിനാല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന എവിടെയെങ്കിലും പോയി അവര്‍ ജീവിക്കാന്‍ ശ്രമിക്കും.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് കേരളത്തിലെ ക്രി സ്ത്യന്‍ സമൂഹം എത്തി നില്‍ക്കുന്നത്. ക്രൈസ്തവസമൂഹമാണ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ പോകുന്നത്. കുടുംബാസൂത്രണം ഏറ്റവും നന്നായി സ്വീകരിച്ചത് ക്രൈസ്തവരാണ്. കുട്ടികളുടെ എണ്ണം വളരെ കുറച്ചു. അതുകൊണ്ട്, ഇപ്പോഴത്തെ ക്രൈസ്തവസമൂഹത്തിന്റെ 60 ശതമാനം 60 വയസ്സില്‍ കൂടിയവരാണ്. മുസ്ലീങ്ങളിലാണെങ്കില്‍ 40 നു താഴെയുള്ളവരാണ് അവരിലെ 75 ശതമാനവും. 60 കഴിഞ്ഞ സമൂഹം 2040 ഓടെ മരണമടയും. പിന്നെ ക്രിസ്ത്യന്‍ ജനസംഖ്യ വന്‍തോതില്‍ കുറയും. ആകെ ജനസംഖ്യയുടെ ഏഴോ എട്ടോ ശതമാനമായി മാറും. ഈയൊരവസ്ഥയിലേക്കാണു പോകുന്നത്.

ഈ പശ്ചാത്തലത്തിലാണ് നാമിവിടെ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുന്നത്. ക്രിസ്മസിന്റെ കാലത്ത് നാം ശാന്തിയും സ്‌നേഹവും പ്രസംഗിക്കുന്നു. പക്ഷേ ദൈനംദിന ജീവിതത്തില്‍ അതു കാണിക്കാനാകാത്ത ഒരവസ്ഥ കേരളസഭയില്‍ ഉണ്ടാകുകയാണ്. ക്രിസ്മസിന്റെ കാലത്ത് സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെയും കുടുംബഭദ്രതയുടെയും കഥ നാം പറയുന്നു. പക്ഷേ എതിര്‍വശത്തേക്കാണു കാര്യങ്ങള്‍ പോകുന്നത്.

ഓരോരുത്തര്‍ സ്വന്തം വസ്തുവും പണവും കൊടുത്ത് പള്ളിയുണ്ടാക്കുന്നു. ആ പള്ളിയുണ്ടാക്കിയവരുടെ മക്കളെ പിന്നീട് കോടതിയും കേസുമായി ആ പള്ളിയില്‍ നിന്നിറക്കിവിടുന്നു. അതെന്തൊരു പള്ളിയാണ്? ആ പള്ളിയില്‍ പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? നടുറോഡില്‍ മേശയിട്ടു വി. കുര്‍ബാനയര്‍പ്പിക്കുക. രണ്ടു കരോളുകള്‍ എതിര്‍ദിശയില്‍ വന്നിട്ടു അടിയുണ്ടാക്കുക. ഇതൊന്നും ക്രിസ്മസുമായിട്ട് യാതൊരു ബന്ധവുമില്ല.

അതുപോലെ തന്നെയാണ് അര്‍ത്ഥമില്ലാത്ത തര്‍ക്കങ്ങള്‍. രണ്ടായിരം കൊല്ലങ്ങള്‍ക്കിടെ 22 സൂനഹദോസുകള്‍ നടന്നു. അവിടെയൊന്നും തീരുമാനമുണ്ടാകാത്ത പ്രശ്‌നമാണ് എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ത്ഥിക്കണമെന്നത്. ആ തര്‍ക്കത്തില്‍ വല്ല അര്‍ത്ഥവുമുണ്ടോ? സംഘര്‍ഷസ്ഥിതികളുണ്ടാകുമ്പോള്‍ പള്ളിയില്‍ വരാന്‍ ആളുകള്‍ മടിക്കും.

താമസിക്കുന്ന പോലീസ് ക്ലബ്ബിനു ഏറ്റവുമടുത്തു കുരിശു കാണുന്ന പള്ളിയേതാണോ അവിടെ പോകുക എന്നതാണ് എന്റെ രീതി. സീറോ മലബാര്‍ ആണോ മലങ്കരയാണോ പാത്രിയര്‍ക്കീസാണോ മെത്രാന്‍ കക്ഷിയാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല. അടുത്തുള്ള പള്ളി. അങ്ങനെ ഒരു പള്ളിയില്‍ ഒരിക്കല്‍ കയറി. 2000 വീട്ടുകാരുള്ള പള്ളിയാണെന്നറിഞ്ഞു. ഞായറാഴ്ച കുര്‍ബാനയ്ക്ക് പരമാവധി 250 പേര്‍ കാണും. അന്വേഷിച്ചപ്പോള്‍ യുവാക്കളൊന്നും പള്ളിയില്‍ വരാറില്ല എന്നു പറഞ്ഞു. വഴക്കുകളില്‍ ഭാഗഭാക്കാകാന്‍ ആര്‍ക്കും താത്പര്യമുണ്ടാകില്ല. കേസും വഴക്കുമായി എത്രയോ പള്ളികള്‍ കേരളത്തില്‍ പൂട്ടിക്കിടന്നു. അവിടെ എന്തു ശാന്തിയും സമാധാനവും? ശാന്തിയും സമാധാനവുമാണ് ഏറ്റവുമാവശ്യം. അതു കൊടുക്കാത്ത ക്രിസ്മസ് കരോളു കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും യാതൊരു കാര്യവുമില്ല. മറ്റുള്ളവരുടെ മുമ്പില്‍ ക്രിസ്തുവിന്റെ സ്‌നേഹം കാണിച്ചുകൊടുക്കാന്‍ ക്രൈസ്തവര്‍ക്കു കഴിയണം.

ഇന്ത്യയില്‍ മഹാന്മാരുടെ ജനനം പ്രത്യേകമായി ആഘോഷിക്കുന്നതു പതിവാണ്. ലോകചരിത്രത്തെ പൂര്‍ണമായി മാറ്റി മറിച്ച ഒരു ജനനമാണ് യേശുക്രിസ്തുവിന്റെ ജനനം. അതുകൊണ്ടുതന്നെ ക്രിസ്മസ് എന്നത് ലോകത്തിലെ മുഴുവന്‍ ജനങ്ങളെയും സ്വാധീനിക്കുന്ന, സ്വാധീനിച്ച ചരിത്രം മാറ്റി മറിച്ച ഒരു ജനനമാണ്. അതിന്റെ പ്രാധാന്യത്തോടെ ക്രിസ്മസിനെ കാണണം. അല്ലാതെ ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളുടെ ഏതോ ഒരുത്സവം എന്ന രീതിയിലാകരുത്. ലോകത്തിന്റെ പ്രകാശം ജനിച്ച നാള്‍ എന്ന രീതിയില്‍ അതിനെ കാണണം.

വേദപുസ്തകത്തില്‍ 700 കൊല്ലമായി പറയുന്നതാണ് ബെത്‌ലേഹമില്‍ രക്ഷകന്‍ ജനിക്കുമെന്ന്. ഏശയ്യാ പ്രവാചകനും മിക്കാ പ്ര വാചകനും പറയുന്നുണ്ട്. എഫ്രാത്താ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു പട്ടണത്തിന് ബെത്‌ലേഹം എന്നു നാമകരണം കിട്ടിക്കഴിഞ്ഞിട്ടാണ് ഈ ജനനം പ്രവാചകന്മാര്‍ പ്രവചിക്കുന്നത്. അതേ ബെത്‌ലഹേമില്‍ യേശുക്രിസ്തു ജനിക്കുമ്പോള്‍ ആ പ്രവചനങ്ങള്‍ സാധിതപ്രായമായതാണെന്നു നാം ധരിക്കുന്നു. പ്രതീക്ഷയുടെ സാക്ഷാത്കാരമാണത്.

യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ നമുക്കു കിട്ടിയ നീതിയുടെയും ശാന്തിയുടെയും സന്ദേശം നമ്മെ നന്നായി സ്വാധീനിക്കുന്നതാണ്. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മനുസ്മൃതിയും മറ്റു നീതിശാസ്ത്രങ്ങളും മനുഷ്യനെ നാലു തട്ടുകളിലാക്കി. ബ്രാഹ്മണനൊരു നീതി, ക്ഷത്രിയനൊരു നീതി, വൈശ്യനൊരു നീതി, ശൂദ്രനൊരു നീതി. ഇന്ത്യന്‍ പോലീസ് ആക്ടും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും എവിഡന്‍സ് ആക്ടും ഒക്കെ വന്നതോടെയാണ് നമുക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള നീതിശാസ്ത്രങ്ങള്‍ വന്നത്. ഇതു കൊണ്ടുവന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണ്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഉണ്ടാക്കിയ ഭരണഘടനയും വെസ്റ്റ്മിന്‍സ്റ്റര്‍ മോഡലാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ മോഡല്‍ ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ നിന്നുണ്ടായതാണ്. അത് യേശുക്രിസ്തുവിന്റെ സുവിശേഷത്തില്‍ നിന്നു വന്നതാണ്. ലോകത്തിലൊരു പുതിയ നീതി-ന്യായക്രമം വരാന്‍ യേശുക്രിസ്തുവിന്റെ ജനനം കാരണമായി.

യേശുക്രിസ്തു ശാന്തി ഭൂമിയില്‍ കൊണ്ടുവരാന്‍ വളരെ സഹായിച്ചു. ഒരു സാധാരണ മനുഷ്യന്റെ കണ്ണിലൂടെ ചരിത്രത്തെ നോക്കിയാല്‍ അവനെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണു ക്രിസ്മസ്.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org