കാട് കഥ പറഞ്ഞാല്‍

കാട് കഥ പറഞ്ഞാല്‍
എല്ലാം കണ്ടും കേട്ടും പഠിച്ചിരുന്ന പഴയതലമുറയുടെ ശൈലിയിലേക്ക് പുതുതലമുറയെ നാം വഴി തിരച്ചുവിടേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ പ്രകൃതിസത്യങ്ങളും അതിന്റെ ആദ്ധ്യാത്മികപാഠങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ ഗ്രഹിക്കുകയുള്ളൂ.

കാട് കഥ പറഞ്ഞാല്‍ അത് കാടെന്ന വലിയ കുടുംബത്തില്‍നിന്നും അകന്നുമാറിപ്പോയ മനുഷ്യന്റെയും കഥയായി മാറുന്നു. കാടിന്റെ സ്വച്ഛതയില്‍നിന്നും സംസ്‌കൃതിയുടെ മടിത്തട്ടിലേക്കാണ് അവന്‍ ഗൃഹപ്രവേശം ചെയ്തതെങ്കിലും കാടിന്റെ അംശം അവനെ വിട്ടുപിരിയുന്നില്ല. ആ ആദിപ്രരൂപത്തെ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് കാട് ഒരു ആത്മവിദ്യാലയമാണ്. 'മനുഷ്യന്‍ ആദ്യം പിറന്ന വീട്' എന്ന ഗാനശകലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും എത്ര കാതം കഴിഞ്ഞാലും നാം കാടിന്റെ മക്കളാണെന്ന സത്യം തന്നെയാണ്. ഇനി കാടിനെ മനഃപൂര്‍വ്വം നാം വിസ്മരിച്ചാല്‍ നാം വാഴുമിടത്തിന്റെ നിലനില്പ് സാധ്യമാകുന്നതെങ്ങനെ? സാങ്കേതികവിദ്യ നവമാനവനെ എത്ര പരിഷ്‌കൃതനാക്കിയാലും പ്രകൃതിയിലേക്ക് മടങ്ങാതെ തരമില്ലെന്നതിന് രണ്ടു പക്ഷമില്ല. ഇക്കാര്യം പുതുതലമുറയോട് പറഞ്ഞു കൊടുക്കാന്‍ അറിവുള്ളവര്‍ ബാധ്യസ്ഥരാണ്. അവരുടെ ഇളംമനസ്സ് പാകപ്പെടുന്നതോടൊപ്പം കാടോര്‍മ്മകള്‍ അവരുടെ ഹൃദയാകാശത്തില്‍ വിസ്മയം തീര്‍ക്കണം. നാളേയ്ക്കുള്ള നിലനില്പിന് ഇതാവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അതിനുള്ള ഒരു ഉദ്യമമാണ് ഡോ. സെബാസ്റ്റ്യന്‍ വളര്‍കോട്ടിന്റെ 'കാട് കഥ പറയുമ്പോള്‍' എന്ന പ്രകൃതി നിരീക്ഷണ നോവല്‍.

ബാലസാഹിത്യരംഗം മലയാളത്തില്‍ അത്ര മോശമല്ലാതെ വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെങ്കിലും അതില്‍ പ്രകൃതിപാഠങ്ങള്‍ പകര്‍ന്നു നല്കുന്നവ അത്രക്കില്ല എന്നു പറയേണ്ടിയിരിക്കുന്നു. അതിനുള്ള ഉദ്യമങ്ങള്‍ ചിലതെല്ലാം ഉണ്ടായിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ആ ഉദ്യമങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ വഴിവെട്ടാനാണ് 'കാട് കഥ പറയുമ്പോള്‍' എന്ന നോവല്‍ ശ്രമിക്കുന്നത്.

കാര്‍ട്ടൂണ്‍ചിത്രങ്ങളിലും ഇമേജുകളിലും നവമാധ്യമങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നിരവധി പരിപാടികളിലും നമ്മുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ഏറെ ആകര്‍ഷിതരാകുന്നുണ്ടെന്നത് വാസ്തവാണ്. അവര്‍ ജനിച്ചു വീഴുന്നത് ദൃശ്യമാധ്യമ സംസ്‌ക്കാരത്തിലേക്കായതിനാല്‍ അവരെ തെറ്റു പയാനുമാവില്ല. മരങ്ങളും കിളികളും അണ്ണാറക്കണ്ണനുമെല്ലാം ഏറ്റവും ചെറിയ ക്ലാസ്സില്‍ എത്തുന്നതിനുമുമ്പു തന്നെ വെര്‍ച്യുല്‍ റിയാലിറ്റിയിലൂടെ അവര്‍ക്ക് ഹൃദിസ്ഥമാണ്; യാഥാര്‍ത്ഥ്യം അവര്‍ക്ക് അന്യവും. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് കാടനുഭവം പ്രദാനം ചെയ്യുന്ന ഇത്തരമൊരു നോവല്‍ രചിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിരിക്കുന്നതെന്നു തോന്നുന്നു. എല്ലാം കണ്ടും കേട്ടും പഠിച്ചിരുന്ന പഴയതലമുറയുടെ ശൈലിയിലേക്ക് പുതുതലമുറയെ നാം വഴി തിരിച്ചു വിടേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ പ്രകൃതിസത്യങ്ങളും അതിന്റെ ആദ്ധ്യാത്മികപാഠങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ ഗ്രഹിക്കുകയുള്ളൂ. പെട്ടെന്നുള്ള ഒരു സാംസ്‌കാരികമാറ്റവും ജനറേഷന്‍ ഗ്യാപ്പും അന്യമാക്കിയത്, ഇത്തരമൊരു ആദ്ധ്യാത്മികതയാണ്. അതിലേക്ക് പുതുതലമുറ കടക്കുന്നില്ലെങ്കില്‍ അവര്‍ ഒരിക്കലും നല്ല മനുഷ്യരാകില്ല എന്നതു തീര്‍ച്ചതന്നെ. നവസാങ്കേതികത നല്കുന്ന വെര്‍ച്യുല്‍ അനുഭൂതിയില്‍ അവര്‍ പരിമിതരാവുകയും പ്രകൃതിബന്ധമറ്റ് സമൂഹവും പ്രപഞ്ചവും ദൈവവും ചേരുന്ന സമഗ്രതാസങ്കല്പം അവര്‍ക്കില്ലാതാവുകയും ചെയ്യും. കുരുവി ദേവതയും മുരുകനും നഗരവും യോജിക്കുന്ന ഈ നോവല്‍ അത്തരമൊരു സമഗ്രത ലക്ഷ്യമിടുന്നുണ്ട്. 90 കളിലെ പുസ്തകങ്ങളുടെ ലേ ഔട്ടും ചിത്രശൈലിയും സ്വീകരിക്കുന്നതിലൂടെ ഡിജിറ്റല്‍ യുഗത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെട്ടത്തില്‍നിന്നും നമ്മുടെ കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിരോധം കൂടി എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നു.

കുറ്റാന്വേഷണ നോവലുകള്‍ക്കും സിനിമകള്‍ക്കും മലയാളികളുടെ ഇടയില്‍ സ്വീകാര്യത ഏറിയിരിക്കുകയാണ്. അടുത്തകാലത്ത് ഇറങ്ങിയ അഞ്ചാംപാതിര, പാപ്പന്‍ തുടങ്ങിയ സിനിമകള്‍ ഇതിനുദാഹരണങ്ങളാണ്. ഈ പുതുശൈലിയോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഈ നോവലിലെ കഥാബീജം വികസിക്കുന്നത്. പ്രകൃതിസ്‌നേഹം എന്ന പ്രമേയത്തെ കൃത്യമായൊരു ഇതിവൃത്തത്തിലൂടെ പരിണാമഗുപ്തിയോടെ അവതരിപ്പിക്കാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്. ഈ നോവല്‍ ബാലമനസ്സുകളെ മാത്രമല്ല മുതിര്‍ന്നവരെയും നല്ലവണ്ണം പിടിച്ചിരുത്തുമെന്നത് പ്രശംസനീയം തന്നെ.

ഉണ്ണിയും മുരുകനും ശ്രുതിമോളും കുക്കു എന്ന കീരിയുമാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. നഗരത്തില്‍നിന്നും അമ്മാവന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കുവാന്‍ എത്തുന്ന ഉണ്ണിയിലും ശ്രുതിയിലും ഗ്രാമാന്തരീക്ഷം ഏറെ കൗതുകമുണര്‍ത്തുന്നുണ്ട്. ഒരവധിക്കാലം അവിടെ ചെലവഴിക്കാനെത്തിയ അവര്‍ പരുക്കേറ്റ കുഞ്ഞുകുരുവിയെ രക്ഷിക്കുന്നു. അതിനു പരിഹാരമായി കുരുവികളുടെ ദേവത അവര്‍ക്ക് ഒരു പൊന്‍തൂവല്‍ നല്കുന്നു. ഈ പൊന്‍തൂവലിലാണ് കുരുവിദേവതയുടെ മുഴുവന്‍ ശക്തിയും അടങ്ങിയിരിക്കുന്നത്. ഏത് ആപത്ഘട്ടത്തിലും തൂവല്‍ എടുത്ത് കുരുവിദേവതയെ വിളിച്ചാല്‍ രക്ഷിക്കാന്‍ ഓടിയെത്തുമെന്ന് അവള്‍ വാഗ്ദാനം ചെയ്യുന്നു.

അമ്മാവന്റെ വീട്ടില്‍നിന്നും ഏറെ ദൂരത്തല്ലാതെയുള്ള മലയിലാണ് ആദിവാസി സമൂഹത്തില്‍പ്പെട്ട മുരുകന്‍ താമസിക്കുന്നത്. അമ്മാവന്റെ വീട്ടില്‍ തേനും നെല്ലിക്കയുമൊക്കെ വില്ക്കാനെത്തുന്ന മുരുകന്‍ അവര്‍ക്ക് അപരിചിതനല്ല. മുരുകന്‍ മറ്റ് ആദിവാസി കുട്ടികളില്‍നിന്നും വ്യത്യസ്തനായിട്ടുള്ളവനും ബുദ്ധിയും ഉത്സാഹവും കാര്യപാടവവും ഉള്ളവനുമാണ്. അതുകൊണ്ട് മുരുകനോടൊപ്പം കുട്ടികളെ കാട്ടില്‍ വിടാനും അവര്‍ക്ക് ഒരു ധൈര്യക്കുറവുമില്ല.

മുരുകനോടൊപ്പം കാട്ടിലൂടെ ഉണ്ണിയും ശ്രുതിയും നടത്തുന്ന യാത്രകളിലൂടെയാണ് നോവലിലെ കഥ വികസിക്കുന്നത്. കാട്ടിലെ മരങ്ങളും കിളികളും ഫലമൂലാദികളും നിരവധി ജീവജാലങ്ങളും പുഴയും മത്സ്യവുമെല്ലാം കാടനുഭവമായി വിവരിക്കുന്നതോടൊപ്പം മറ്റൊരു കഥകൂടി ഈ നോവലില്‍ വികസിക്കുന്നത് വായനക്കാരുടെ ആകാംക്ഷയെ പിടിച്ചു നിര്‍ത്തുന്നു. കാട്ടുകള്ളനായ കടുവ വേലപ്പന്‍ നടത്തുന്ന കഞ്ചാവുകൃഷിയും ആനവേട്ടയും മരംവെട്ടലുമെല്ലാം സമകാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകളാണ്.

കുട്ടികള്‍ കാടിന്റെ ഉള്ളിലേക്ക് പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ അവരെ അമ്പരിപ്പിക്കുന്നു. പുഴയിലൂടെ ഒഴുകിവരുന്ന പുല്‍ക്കെട്ടുകള്‍, കൊള്ളക്കാര്‍, കഞ്ചാവുകൃഷി, വനമധ്യത്തിലെ കോട്ട, ആനകളുടെ ജഢം, വനമധ്യത്തിലെ ഗുഹാന്തര്‍മുഖം, ചന്ദനമരം കയറ്റിപോകുന്ന ലോറികള്‍ ഇവയെല്ലാം ചെന്നുനില്‍ക്കുന്നത് കാടു നശിപ്പിക്കുന്ന ഒരു നാശസംസ്‌കൃതിയിലേക്കാണ്.

ഒരിക്കല്‍ കാട്ടുകൊള്ളസംഘത്തിന്റ പിടിയില്‍പ്പെട്ട മൂവരും വളരെ സാഹസികമായി രക്ഷപ്പെട്ട് ചന്ദനത്തടി കയറ്റിയ അവരുടെ തന്നെ ലോറിയില്‍ കയറിപ്പറ്റുകയും നാട്ടിലെത്തിയ ഉടനെ പോലീസിനെ വിളിച്ച് വിവരം നല്കുകയും ചെയ്യുന്നു. എന്നാല്‍ തുടര്‍ദിവസങ്ങളിലെ പത്രങ്ങളിലൊന്നും ആ വാര്‍ത്ത ഇടംപിടിക്കാത്തതില്‍ അവര്‍ ഏറെ ദുഃഖിതയായിത്തീര്‍ന്നു. കുട്ടികള്‍ പിന്നീട് നോട്ടപ്പുള്ളികളായതിനാല്‍ ഇനി പുറത്തിറങ്ങാന്‍ പാടില്ല എന്ന് അവരുടെ വീടുകളിലേക്ക് രഹസ്യപ്പോലീസിന്റെ നിര്‍ദ്ദേശം എത്തുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും പരിഗണിക്കാതെ മൂവരും കൊള്ളക്കാരുടെ സങ്കേതത്തിലേക്ക് വീണ്ടും യാത്ര തിരിക്കുന്നു. കൊള്ളക്കാര്‍ കഞ്ചാവും രത്‌നങ്ങളുമെല്ലാം പുഴയിലൂടെ കടത്തുവാന്‍ ഉപയോഗിക്കുന്ന ഒരുതരം പുല്ലാണ് അവരെ ഈ സാഹസിക യാത്രയ്ക്കു പ്രേരിപ്പിക്കുന്നത്. പുല്ലു തേടിപ്പോകുന്ന അവര്‍ ചെന്നത്തുന്നത് കാട്ടുകള്ളന്മാരുടെ താവളത്തിലാണ്. എന്നാല്‍ അവര്‍ ചെല്ലുന്നതിനു മുമ്പുതന്നെ ഉണ്ണി പകര്‍ത്തിയ ഫോട്ടോയില്‍നിന്നും ലഭിച്ച അറിവില്‍നിന്ന് കാട്ടുകള്ളന്മാരുടെ താവളം തേടി രഹസ്യപ്പോലീസുകാര്‍ കാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അവരെ കൊള്ളക്കാര്‍ കീഴടക്കി ബന്ധിച്ചിരുന്നു. പോലീസുകാരെ മര്‍ദ്ദിക്കുന്ന രംഗം അവര്‍ മറഞ്ഞിരുന്നു കാണുന്നു. മാത്രമല്ല അവര്‍ ഈ വിവരം പോലീസിനു നല്കിയ കുട്ടികളെ പിടികൂടാന്‍ പോവുകയാണെന്നും രഹസ്യവിഭാഗത്തോട് ഉറക്കെ പറയുന്നത് കുട്ടികള്‍ കേള്‍ക്കുന്നു. കുട്ടികള്‍ കാട്ടിലെത്തിയ വിവരവും കൊള്ളക്കാര്‍ അറിഞ്ഞു. കൊള്ളക്കാര്‍ പോയ തക്കം നോക്കി കുട്ടികളും കുക്കുവും പോലീസുകാരെ രക്ഷിക്കുന്നു. രഹസ്യവിഭാഗം പോലീസ് വളരെ തന്ത്രപൂര്‍വ്വം കൊള്ളക്കാരെ കീഴടക്കുന്നു. പിറ്റേദിവസം ആ ഗ്രാമമുണര്‍ന്നത് തലയ്ക്ക് ലക്ഷങ്ങള്‍ വിലപറഞ്ഞിരുന്ന കൊള്ളക്കാര്‍ പിടിയിലായി എന്ന വാര്‍ത്തയോടെയാണ്. വിദ്യാഭ്യാസമന്ത്രിയും മാധ്യമങ്ങളും ഗ്രാമം മുഴുവനും പോലീസുകാരെയും കുട്ടികളെയും വരവേല്ക്കുകയും അനുമോദിക്കുകയും ചെയ്യുന്നു.

കേവലം ഒരു കഥ പറച്ചില്‍ എന്നതിലുപരി പ്രകൃതി മനുഷ്യബന്ധങ്ങളുട കഥ പറയുന്നതാണ് ഈ നോവല്‍.

പരിസ്ഥിതി എന്ന തുറന്ന പാഠപുസ്തകം

പരിസ്ഥിതിപാഠത്തെ വായനക്കാരില്‍ പകര്‍ന്നു നല്കുന്നതില്‍ ഈ നോവല്‍ വിജയിച്ചിരിക്കുന്നു. കാടുമായുള്ള ആത്മബന്ധം അറ്റുപോയിട്ടില്ലാത്ത മുരുകനിലൂടെ, അത് നഷ്ടമായിപ്പോയ തലമുറക്ക് പകര്‍ന്നുകൊടുക്കുംവിധമാണ് ഇതിലെ കഥാഖ്യാനം. നഗരത്തില്‍നിന്നും ഗ്രാമത്തില്‍ എത്തുന്ന ഉണ്ണിക്കും ശ്രുതിക്കും ബന്ധുവീടിന്റെ പരിസരത്തില്‍ നിന്നും കിട്ടുന്ന തുച്ഛമായ അറിവില്‍നിന്നും പ്രകൃതിജ്ഞാനത്തിന്റെ വിശാലതയിലേക്ക് വളരാനാകുന്നു. മരങ്ങള്‍, പക്ഷിജാലങ്ങള്‍, ജന്തുനിരകള്‍, ഇതര ജൈവസവിശേഷതകള്‍ എന്നിങ്ങനെയുള്ളവയുടെ ഒരു കലവറയായി മാറുന്നു ഈ നോവല്‍. ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കുപോലും അത്ര പരിചിതമല്ലാത്ത ചില പ്രകൃതിവിചാരങ്ങള്‍ കുട്ടികളുടെ സംഭാഷണത്തിലൂടെ ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. അത്തിപ്പഴം, നെല്ലിക്ക, ചേന, ചേമ്പ്, കപ്പ ഇങ്ങനെ നാട്ടിലും കാട്ടിലുമുള്ള ഫലമൂലാദികളുടെ പേരുകള്‍ ആംഗലേയ ഭാഷയില്‍ ഇമേജറികളായി കണ്ടുപഠിച്ച കുട്ടികള്‍ക്ക് ഇതൊരു പുത്തന്‍ വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്. ആന, നീര്‍നായ, മുതല, മാന്‍, പെരുമ്പാമ്പ്, മരംകൊത്തി, ഉപ്പന്‍, കുയില്‍, കരിയിലപ്പെട, എലി, മുയല്‍, കരിങ്കോഴി, കാട്ടുപോത്ത്, പുലി, കേഴമാന്‍ എന്നിങ്ങനെ ജീവജാലങ്ങളുടെ ഒരു നീണ്ടനിരയെ നോവലില്‍ അവതരിപ്പിക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും സ്വഭാവരീതികളും ഒരു അധ്യാപകന്റെ പാടവത്തോടെ ആവിഷ്‌ക്കരിക്കാനും നോവലിസ്റ്റിനായിട്ടുണ്ട്. മഞ്ചാടിക്കുരു, ചുവന്നപുല്ല്, ചന്ദനമരം, കൂവക്കാമലയിലെ വൃക്ഷജാലങ്ങള്‍, സസ്യലതാദികള്‍ ഇവയുടെ വര്‍ണ്ണനകളും ഇളംമനസ്സില്‍ ഇടം നേടുമെന്നത് തീര്‍ച്ചയാണ്.

മാനവികതയുടെ നവപാഠങ്ങള്‍

ഈ നോവലിലെ മുഖ്യകഥാപാത്രങ്ങളായ ഉണ്ണിയും ശ്രുതിയും മുരുകനും വായനക്കാരന്റെ ഉള്ളില്‍ മാനവികതയുടെ അടിപ്പടവുകള്‍ കെട്ടുകയാണ് ചെയ്യുന്നത്. ജാതിമതഭേദങ്ങളില്ലാതെ ജനസമൂഹങ്ങളുടെ വ്യതിരിക്തതകളെ മാനിച്ചുകൊണ്ട് നാം തീര്‍ത്ത ചില അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. സ്വതവെ കാട്ടില്‍ വസിക്കുന്നവനും കാടിനെ ആശ്രയിച്ചു ജീവിക്കുന്നവനുമായ ആദിവാസി സമൂഹത്തില്‍പ്പെട്ട മുരുകനെ ശ്രുതിയുടെയും ഉണ്ണിയുടെയും വീട്ടുകാര്‍ സ്വന്തം കുടുംബത്തെപ്പോലെയാണ് കാണുന്നതും പരിഗണിക്കുന്നതും. ഹിംസ്രജന്തുക്കളും കൊള്ളക്കാരുമൊക്കെ സ്ഥിതി ചെയ്യുന്ന കാട്ടിലേക്ക് കുട്ടികളെ മുരുകനോടൊപ്പം പറഞ്ഞയയ്ക്കാന്‍ അവര്‍ക്കു യാതൊരു പേടിയുമില്ല. മുരുകന്റെ സാമര്‍ത്ഥ്യവും ബുദ്ധിയുമെല്ലാം ഇതിലെ ഒരു ഘടകമെങ്കിലും ഈ ആദിവാസി കോളനിയും അവിടെ വസിക്കുന്ന വിഭാഗവും തങ്ങള്‍ക്കൊരിക്കലും അന്യരല്ലെന്നും വേര്‍തിരിവുകള്‍ ഇല്ലാതെതന്നെ അവരെല്ലാം ഒരൊറ്റഭൂമിയുടെ അവകാശികളാണെന്നുള്ള വിശാലബോധം അവര്‍ക്കെല്ലാമുണ്ട്. ഊരുകളില്‍ പാര്‍ക്കുന്ന ജനവിഭാഗത്തെ വേറിട്ടവരായി കാണാന്‍ അവിടുത്തുകാര്‍ ശ്രമിക്കുന്നില്ല. ഈ വിശാലമാനവികത കുട്ടികളുടെ ഉള്ളിലേക്ക് വായനയിലൂടെ വളരെവേഗം കടന്നുചെല്ലണമെന്നില്ലെങ്കിലും ഏവരെയും സ്വീകരിക്കാനുള്ള (ഞലരലുശേ്ശ്യേ) മനോഭാവം അവരില്‍ വേരുപാകുമെന്നത് തീര്‍ച്ചയാണ്. ഫ്‌ളാറ്റ് സംസ്‌ക്കാരത്തിലെ നീന്തല്‍ക്കുളം, പ്ലേഗാര്‍ഡന്‍, ന്യൂജെന്‍ ഭക്ഷണശൈലി ഇവയുടെയെല്ലാം വശീകരണത്തില്‍നിന്നും കുട്ടികളെ ഗതിമാറ്റാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.

സാഹസികതയുടെ സഞ്ചാരപാതകള്‍

അനുദിനജീവിതത്തിലെ പ്രതിസന്ധികള്‍ നെഞ്ചുറപ്പോടെ നേരിടുന്ന തലമുറ നമുക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നിസ്സാരപ്രശ്‌നങ്ങള്‍ വലിയ വഴക്കിനു കാരണമാവുകയും ചെറിയ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ആത്മഹത്യ പരിഹാരമായി കാണുകയും ചെയ്യുന്ന ന്യൂജനറേഷന് ചെറുത്തുനില്പിന്റെയും പിടിച്ചുനില്പിന്റെയും മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഈ നോവലിനാവുന്നുണ്ട്. മുരുകന്റെ സാഹസികത അവന്റെ ജീവിതസാഹചര്യങ്ങളില്‍നിന്നും ആര്‍ജ്ജിതമാണ്. എന്നാല്‍ ഉണ്ണിയും ശ്രുതിമോളും നഗരത്തില്‍ വളരുന്നവരും സുരക്ഷിതത്വത്തിന്റെ ചില്ലുകൊട്ടാരങ്ങളില്‍ പാര്‍ക്കുന്നവരുമാണ്. പുതുതലമുറയുടെ പ്രതീകമായ ഈ നാഗരികരെ സുരക്ഷിതകവചങ്ങളില്‍ പുറത്തുകൊണ്ടുവരാനും ചെറുത്തുനില്പിന്റെ പ്രകൃതിപാഠങ്ങള്‍ പകര്‍ന്നു നല്‍കാനും ഈ നോവല്‍ ശ്രമിക്കുന്നു.

മരുകനോടൊപ്പം ആദ്യനാളുകളില്‍ അവര്‍ യാത്ര ചെയ്യുമ്പോള്‍ ചുറ്റുപാടുകള്‍ അവരില്‍ ഒരുതരം അമ്പരപ്പുണ്ടാക്കുന്നുണ്ട്. എന്നാല്‍ കാട് നല്കുന്ന ആത്മവിശ്വാസം അവരുടെ വ്യക്തിത്വത്തെകൂടി നിര്‍ണ്ണയിക്കുന്നതാണ്. കാടിനെ കൊള്ളയടിക്കുന്ന മനുഷ്യര്‍ക്കെതിരെ സുരക്ഷിതത്വത്തിന്റെ കവചങ്ങള്‍ ഭേദിച്ച് ഇറങ്ങിപ്പുറപ്പെടാന്‍ തക്കവിധം കരുത്താര്‍ജ്ജിക്കുന്നവരായി മാറുന്നുണ്ട് സ്വതവെ ഭീരുക്കളായിരുന്ന ഉണ്ണിയും ശ്രുതിയും. ബാലമനസില്‍ നാം കത്തിച്ചുകൊടുക്കേണ്ട കരുത്തിന്റെ അഗ്നി എപ്രകാരമായിരിക്കണമെന്ന് നോവലിസ്റ്റിനറിയാം. കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഇക്കാര്യത്തില്‍ പ്രബുദ്ധരാക്കാന്‍ പ്രാപ്തമാണ് ഈ നോവല്‍.

സമഗ്രതയിലേക്കുള്ള കാല്‍വയ്പ്പുകള്‍

ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് ഒരാമുഖം കുറിക്കാന്‍ ഈ നോവലിനാകുന്നുണ്ട്. കുരുവിദേവത കുട്ടികളുടെ അബോധതലത്തില്‍ സൃഷ്ടിക്കുന്ന ദൈവബോധം വളരെ വലുതാണ്. മനുഷ്യന്റെ കഴിവുകള്‍ക്കപ്പുറം അവനാശ്രയിക്കാന്‍ ഒരു ശക്തിയുണ്ടെന്ന ചിന്ത സൃഷ്ടിക്കുന്നതുവഴി ദൈവാവബോധത്തിന്‍ ജാലകങ്ങള്‍ തുറന്നിടാന്‍ ഗ്രന്ഥകാരനായിട്ടുണ്ട്. യുവതലമറയെ വിശ്വാസവഴികള്‍ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന സമകാലത്ത് ഈയൊരു കാര്യം വളരെ ലളിതമായി ഈ നോവല്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

പ്രകൃതിയെ നശിപ്പിക്കാനുള്ളതല്ല അത് സംരക്ഷിക്കപ്പെടാനുള്ളതാണെന്നും അതിന്റെ സംരക്ഷണമാണ് നാളത്തെ നമ്മുടെ നിലനില്പിനാധാരമെന്നും പരിസ്ഥിതി ബോധവത്ക്കരണത്തിലൂടെയോ പാഠപുസ്തകജ്ഞാനത്തിലൂടെയോ പുതുതലമുറ ഉള്‍ക്കൊള്ളണമെന്നില്ല. എന്നാല്‍ ഒരു നോവലിലൂടെയോ കഥയിലൂടെയോ മറ്റോ അതു പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ വളരെ വേഗം അതിനെ സ്വീകരിക്കാന്‍ തയ്യാറാകും. ഇക്കാര്യം ഇളംമനസ്സുകളില്‍ ആഞ്ഞുകൊള്ളുംവിധം പതിപ്പിച്ചുറപ്പിക്കാന്‍ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. പ്രകൃതിയുടെ ഭാഗമായ സഹജീവികളോട് കാണിക്കേണ്ട സഹാനുഭൂതി, ഭൂതദയ, സാഹോദര്യം ഇതെല്ലാം വായനക്കാരില്‍ നിറയ്ക്കുവാന്‍ ഈ നോവല്‍ പ്രാപ്തമാണ്.

നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്ന ജനങ്ങള്‍ ഇന്ന് മുഖ്യധാരസമൂഹത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇനിയും തീരാത്തൊരു വിടവ് അവശേഷിക്കുന്നുണ്ട്. അത് തീര്‍ക്കാനുള്ള ശ്രമം ഈ നോവലിനെ ഉയര്‍മാനവിക ദര്‍ശനത്തിലേക്ക് എത്തിക്കുന്നു.

ചുരുക്കത്തില്‍ കാടും നാടും സജീവമാകുന്ന ഒരിടത്തുനിന്നുകൊണ്ട് യുവതലമുറയ്ക്ക് പ്രകൃതിദര്‍ശനത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ശ്രമം വിജയിച്ചിരിക്കുന്നു. ഈ ആദ്യപടികള്‍ പിന്നിട്ടുകൊണ്ട് ഇളംതലമുറ ചില മൂല്യങ്ങളിലേക്കും ബോധ്യങ്ങളിലേക്കും എത്തുമെന്നത് ഈ നോവലിന്റെ വിജയമാണ്. എത്ര നാഗരികനായാലും കാടിനെ കൈവിടാതെ കാക്കുമെങ്കില്‍ നാളെ ഇവിടം സ്വര്‍ഗ്ഗമാകും. ദൈവരാജ്യം ഇവിടെത്തന്നെയുണ്ടെന്ന് നമുക്ക് വ്യക്തമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org