
ഫാ. ഡോ. സെബീഷ് വെട്ടിയാടന്‍ സി എം ഐ
ആരാധന എന്നത് ദൈവ ത്തിലേക്കുള്ള ഒരു നോട്ടം (ദര്‍ശനം) ആണ്. അതു പല തരത്തിലാകാം. സ്വയം ഉള്‍വലിയുമ്പോള്‍ അത് വിഗ്രഹാരാധനയാകുന്നു, പുറത്തേക്ക് തുറവിയുള്ളതാകുമ്പോള്‍ അതു യഥാര്‍ഥ കുര്‍ബാനയായി മാറുന്നു. ക്രൈസ്തവചിന്താധാരയില്‍, വിഗ്രഹാരാധന എന്നത് വ്യാജദൈവ ങ്ങളെ ആരാധിക്കുക എന്നതു മാത്രമല്ല. ഒറ്റപ്പെടുത്തുകയും ആധിപത്യം ചെലുത്തുകയും മറ്റുള്ള വരില്‍ നിന്ന് സ്വയം അടയ്ക്കുകയും ചെയ്യുന്ന ഒരു മനോഭാവമാണ് വിഗ്രഹാരാധന. അത് ദൈവത്തെ സ്വീകരിക്കുന്നതിനുപകരം അവിടുത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു, കര്‍ക്കശവും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ ഒരു വിശ്വാസം സൃഷ്ടിക്കുന്നു.
വിശ്വാസത്തെ ഒരു അടഞ്ഞ ക്ലബായി കാണുന്ന മതപരമായ എക്‌സ്‌ക്ലൂസിവിസത്തിലും, സ്‌നേഹത്തേക്കാള്‍ നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലീഗലിസത്തിലും, വിശ്വാസത്തെ ഒരു പൊതുദാനത്തേക്കാള്‍ വ്യക്തിപരമായ സ്വത്താക്കി മാറ്റുന്ന ഉപഭോക്തൃ ആത്മീയതയിലും ഇന്ന് വിഗ്രഹാരാധനയുടെ മാനസികാവസ്ഥ പ്രത്യക്ഷപ്പെടുന്നു. ഇപ്രകാരമുള്ള ഓരോ സാഹചര്യത്തിലും, ആരാധന പുറത്തേക്കെന്നതിനേക്കാള്‍ ഉള്ളിലേക്കു തിരിയുന്നു, സ്‌നേഹത്തെയും കൂട്ടായ്മയെയും ചെറുക്കുന്നു.
മറുവശത്ത്, സമര്‍പ്പണവും, പങ്കുവയ്ക്കലും ഒത്തുചേരലും ഉള്‍പ്പെടുന്നതാണ് യഥാര്‍ഥ ആരാധനയായ വി. കുര്‍ബാന. അവിടെ ആരാധന ഒരു സ്വകാര്യ പ്രവൃത്തിയല്ല, മറിച്ച് ഒരു സമൂഹ രൂപാന്തരീകരണമാണ്. അവിടെ ജനങ്ങള്‍ സ്തുതി അര്‍പ്പിക്കാനും, ദൈവസാന്നിധ്യത്തിലേക്കു പ്രവേശിക്കാനും, സ്‌നേഹത്താല്‍ രൂപാന്തരപ്പെടാനും ഒത്തുകൂടുന്നു. ആരാധനക്രമം വിഭജിക്കാനല്ല, മറിച്ച് ഒന്നിപ്പിക്കാനും, തങ്ങളെക്കാള്‍ മഹത്തായ ഒന്നിലേക്ക് സകലരേയും ആകര്‍ഷിക്കാനുമാണ്.
വേദപുസ്തകം ഈ വൈരുദ്ധ്യം വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ജനങ്ങള്‍ സ്വന്തം നിലയ്ക്ക് ദൈവത്തിലേക്ക് എത്താന്‍ ശ്രമിക്കുന്നതിന്റെ ഒരു കഥയാണ് ബാബേല്‍ ഗോപുരം (ഉല്‍പത്തി 11:19). ഇത് ആശയക്കുഴപ്പത്തിലേക്കും ഭിന്നിപ്പിലേക്കും നയിക്കുന്നു. എന്നാല്‍ പെന്തക്കോസ്തില്‍ (നട. 2), ദൈവത്തിന്റെ ആത്മാവ് എല്ലാവരേയും ലയിപ്പിക്കുന്നു. വിഭജിക്കാനോ ഒന്നിപ്പിക്കാനോ ഒറ്റപ്പെടുത്താനോ ഉള്‍പ്പെടുത്താനോ ആരാധനയ്ക്കു കഴിയും എന്നര്‍ഥം.
വിഗ്രഹാരാധനയും വിഭജനവും
മതത്തിന്റെ പേരിലുള്ള മനുഷ്യന്റെ എല്ലാ അപഭ്രംശങ്ങളുടെയും ഒരു മുന്നോടിയാണ് ബാബേല്‍ ഗോപുര ത്തിന്റെ കഥ. ദൈവത്തില്‍ നിന്ന് അകലുമ്പോള്‍ വിഗ്രഹാരാധനയി ലേക്ക് നീങ്ങുന്ന മനുഷ്യരിലെ പാപത്തിന്റെ അടിസ്ഥാനദിശയെ ഇത് ചിത്രീകരിക്കുന്നു ദൈവിക കല്പനകള്‍ പ്രഥമമായി വിലക്കുന്ന കാര്യവും ഇതുതന്നെ. ബാബേലില്‍, മനുഷ്യവര്‍ഗം 'സ്വര്‍ഗത്തിലെത്താനും' സ്വയം 'ഒരു പേര് ഉണ്ടാക്കാനും' ശ്രമിക്കുന്നു (ഉല്‍പത്തി 11:4), ദൈവികതയെ ഒരു സമ്മാനമായി സ്വീകരിക്കുന്നതിനുപകരം അതിനെ പിടിച്ചടക്കാന്‍ ശ്രമിക്കുന്നു. ആധിപത്യത്തിനുവേണ്ടിയുള്ള ഈ പരിശ്രമം കൂട്ടായ്മയിലേക്കല്ല, മറിച്ച് ആശയക്കുഴപ്പത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്നു. സത്യാരാധനയെ ചെറുക്കുന്ന, സ്വയം അടഞ്ഞ, സ്വയം ഉയര്‍ത്തുന്ന പ്രവൃത്തിയായി വിഗ്രഹാരാധന മാറുകയും ചെയ്യുന്നു. ബാബേല്‍ വെറുമൊരു പുരാതന കഥയല്ല; വിശ്വാസം ദൈവസ്‌നേഹത്തോടുള്ള പ്രതികരണത്തിനുപകരം മനുഷ്യന്റെ അഭിലാഷനിവൃത്തിക്കുള്ള ഒരു ഉപകരണമായി മാറുമ്പോഴെല്ലാം ആവര്‍ത്തിക്കുന്ന മതപരമായ തെറ്റിന്റെ ഒരു മാതൃകയാണിത്.
സമര്‍പ്പണവും, പങ്കുവയ്ക്കലും ഒത്തുചേരലും ഉള്‍പ്പെടുന്നതാണ് യഥാര്‍ഥ ആരാധനയായ വി. കുര്‍ബാന. അവിടെ ആരാധന ഒരു സ്വകാര്യ പ്രവൃത്തിയല്ല, മറിച്ച് ഒരു സമൂഹ രൂപാന്തരീകരണമാണ്. അവിടെ ജനങ്ങള്‍ സ്തുതി അര്‍പ്പിക്കാനും, ദൈവസാന്നിധ്യത്തിലേക്കു പ്രവേശിക്കാനും, സ്‌നേഹത്താല്‍ രൂപാന്തരപ്പെടാനും ഒത്തുകൂടുന്നു. ആരാധനക്രമം വിഭജിക്കാനല്ല, മറിച്ച് ഒന്നിപ്പിക്കാനും, തങ്ങളെക്കാള്‍ മഹത്തായ ഒന്നിലേക്ക് സകലരേയും ആകര്‍ഷിക്കാനുമാണ്.
സ്വയം അടച്ചിടുന്നത് എന്ന കാരണത്താല്‍, ചരിത്രത്തിലുടനീളം, ദൈവശാസ്ത്രജ്ഞര്‍ വിഗ്രഹാരാധനയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഗസ്റ്റിന്‍ അതിനെ 'ഭൗമിക നഗരത്തിന്റെ' അടയാളമായി കണ്ടു, അവിടെ ദൈവസ്‌നേഹത്തിന് പകരം സ്വസ്‌നേഹം വരുന്നു. പരിമിതമായ കാര്യങ്ങളെ കേവലമാക്കി മാറ്റുന്നതും വിശ്വാസത്തെ ശാഠ്യമാക്കി മാറ്റുന്നതുമെന്നു പോള്‍ ടില്ലിക്ക് ഇതിനെ വിശേഷിപ്പിച്ചു. വിഗ്രഹാരാധന വിശ്വാസത്തിനുമേല്‍ ആധിപത്യവും പരിവര്‍ത്തനത്തിനുമേല്‍ ഉറപ്പും തേടുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ എഴുതി.
വിഗ്രഹാരാധന: ആരാധന സ്വയം അടച്ചിടുമ്പോള്‍
സെന്റ് അഗസ്റ്റിന്‍, പോള്‍ ടില്ലിക്ക്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടങ്ങിയ പ്രമുഖ ക്രൈസ്തവ ചിന്തകര്‍ വിഗ്രഹാരാധനയുടെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ച് ഒരു പ്രധാന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേവലം ഒരു രൂപത്തെ ആരാധിക്കുന്ന തിനപ്പുറം, ആ രൂപത്തെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതിലാണ് വിഗ്രഹാരാധന നിലകൊള്ളുന്നത്.
നശ്വരമായ, അതായത് നശിച്ചു പോകുന്നതോ, പരിമിതമായതോ ആയ വസ്തുക്കള്‍ക്ക് നമ്മള്‍ അമിതമായ ഭക്തിയും പ്രാധാന്യവും നല്‍കുമ്പോള്‍ ഈ തെറ്റ് സംഭവിക്കുന്നു. അങ്ങനെ, എല്ലാറ്റിനും അപ്പുറത്തുള്ള, അനന്ത മായ ദൈവത്തെ നമ്മുടെ കണ്ണില്‍ നിന്ന് മറയ്ക്കുന്ന ഒരു തെറ്റായ വഴിയിലേക്ക് നമ്മള്‍ തിരിയുന്നു.
ഈ പിഴവ് പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന രൂപങ്ങളി ലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രത്യക്ഷ ത്തില്‍ കാണുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഒരു രൂപമാണ്. എന്നാല്‍ അതിലും അപകടകരമായത്, കൂടുതല്‍ സൂക്ഷ്മമായകാര്യങ്ങളെ ദൈവത്തെപ്പോലെ കാണുന്നതാണ്:
അമൂര്‍ത്തമായ ആശയങ്ങള്‍ (Abstract ideas)
പണം പോലുള്ള ഭൗതിക വസ്തുക്കള്‍, കര്‍ശനമായ നിയമങ്ങള്‍, നമ്മുടെ സ്വന്തം ചിന്താഗതികള്‍ അല്ലെങ്കില്‍ പ്രത്യയശാസ്ത്രങ്ങള്‍ ഇവയെല്ലാം ആത്യന്തിക സത്യമായി കണ്ട് അതിനെ ആരാധിക്കുമ്പോഴും അത് വിഗ്രഹാരാധനയായി മാറുന്നു. ഫ്രഞ്ച് ചിന്തകനായ ജോണ്‍ലൂക്ക് മാരിയോണ്‍, 'ഗോഡ് വിത്തൗട്ട് ബീയിംഗ്,' 'ദി ഐഡല്‍ & ഡിസ്റ്റന്‍സ്' എന്നീ പുസ്തകങ്ങളിലൂടെ വിഗ്രഹാരാധനയെക്കുറിച്ച് ശക്തമായ വിമര്‍ശനം നടത്തുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്നും വളരെ പ്രസക്തമാണ്.
വിഗ്രഹാരാധനയുടെ കാതല്‍ ഇതാണ്: അത് നമ്മുടെ ഭാവനയുടെ പരാജയമാണ്. അതായത്, ദൈവം ദൈവമായിരിക്കുന്നത് അംഗീകരിക്കാനുള്ള നമ്മുടെ വിസമ്മതമാണ്.
മാരിയോണ്‍ വെറുതെ ഉപരിപ്ലവ മായ കാര്യങ്ങള്‍ പറയുന്നതിനു പകരം, ആരാധനയോടുള്ള നമ്മുടെ സമീപനം എങ്ങനെ നമ്മുടെ ആരാധന രീതികളെ മെച്ചപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു. വിഗ്രഹാരാധനയുടെ കാതല്‍ ഇതാണ്: അത് നമ്മുടെ ഭാവനയുടെ പരാജയമാണ്. അതായത്, ദൈവം ദൈവമായിരിക്കുന്നത് അംഗീകരിക്കാനുള്ള നമ്മുടെ വിസമ്മതമാണ്. ദൈവവുമായി ബന്ധപ്പെടാനുള്ള രണ്ടു വഴികളായ വിഗ്രഹങ്ങളെയും (Idols) ഐക്കണുകളെയും (Icons) അദ്ദേഹം വേര്‍തിരി ക്കുന്നു. ഈ രണ്ടു വഴികളും പരസ്പരം തീര്‍ത്തും വിരുദ്ധമാണ്.
ഒരു വിഗ്രഹം, നമ്മുടെ സ്വന്തം ആഗ്രഹങ്ങളെയും ഭയങ്ങളെയും പരിമിതികളെയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഒരു ആത്മീയ സെല്‍ഫി യാണത്, അനന്തതയെ കൈവെള്ളയി ലൊതുക്കുന്നു, അതീന്ദ്രിയമായതിനെ ഗ്രാഹ്യമാക്കുന്നു, സ്വന്തം വരുതിയി ലേക്കു ചുരുക്കുന്നു. മറുവശത്ത്, ഐക്കണ്‍ (തിരുസ്വരൂപം) ഒരു ജാലകമാണ് നമുക്കപ്പുറം കടന്ന്, ദൈവത്തിന്റെ അതിരുകളില്ലാത്ത രഹസ്യത്തിലേക്ക് നമ്മെ ആകര്‍ഷി ക്കുന്ന ഒരു പോര്‍ട്ടല്‍. വിഗ്രഹം അടയ്ക്കുന്നു, ഐക്കണ്‍ തുറക്കുന്നു; വിഗ്രഹം പരിമിതപ്പെടുത്തുന്നു, ഐക്കണ്‍ വിമോചിപ്പിക്കുന്നു.
ഐക്കണ്‍ (തിരുസ്വരൂപം) ഒരു ജാലകമാണ് – നമുക്കപ്പുറം കടന്ന്, ദൈവത്തിന്റെ അതിരുകളില്ലാത്ത രഹസ്യത്തിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന ഒരു പോര്‍ട്ടല്‍. വിഗ്രഹം അടയ്ക്കുന്നു, ഐക്കണ്‍ തുറക്കുന്നു; വിഗ്രഹം പരിമിതപ്പെടുത്തുന്നു, ഐക്കണ്‍ വിമോചിപ്പിക്കുന്നു.
ഭൗമിക നഗരവും ദൈവത്തിന്റെ നഗരവും തമ്മില്‍ വിശുദ്ധ അഗസ്റ്റിന്‍ കല്പിച്ച എക്കാലത്തും പ്രസക്തമായ വൈരുധ്യത്തെ ശക്തമായി പ്രതിധ്വനിപ്പിക്കുന്ന താണ് ഈ വ്യത്യാസം. അഗസ്റ്റിന്‍ വിഗ്രഹാരാധനയെ ഭൗമികനഗര ത്തിന്റെ മുഖമുദ്രയായി കണ്ടു, അവിടെ സ്വാര്‍ത്ഥതയോടുള്ള സ്‌നേഹവും അധികാരത്തി നായുള്ള പരിശ്രമവും ദൈവസ്‌നേഹത്തെ മറയ്ക്കുന്നു. മാരിയോണ്‍ ഇതേ ആശയമാണു പങ്കുവയ്ക്കുന്നത്. ദൈവത്തെ ചെറുതാക്കാനും, നമ്മുടെ ധാരണ യുടെ ഇടുങ്ങിയ പരിധിക്കുള്ളില്‍ അവനെ ഒതുക്കാനുമുള്ള മനുഷ്യസഹജമായ പ്രവണതയായി വിഗ്രഹാരാധനയെ ചിത്രീകരി ക്കുന്നു. 'സ്വര്‍ഗത്തിലെത്താനും' 'തങ്ങള്‍ക്കു പ്രസിദ്ധി ഉണ്ടാക്കാനും' ശ്രമിച്ച ബാബേലിന്റെ നിര്‍മ്മാതാക്കള്‍ ശരിക്കുമുള്ള വിഗ്രഹാരാധകരാ യിരുന്നു. അവര്‍ ഒരു ഗോപുരം പണിയുക മാത്രമല്ല ചെയ്തത്; അവര്‍ സ്വന്തം അഭിലാഷത്തിന്
ഒരു സ്മാരകം നിര്‍മ്മിച്ചു, മനുഷ്യരുടെ പരിധിക്കുള്ളില്‍ ദൈവികതയെ ഒതുക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്പന ചെയ്ത ഒരു നിര്‍മ്മിതി. എന്നാല്‍ മാരിയോണ്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ, ഒരു ഗോപുരത്തിനോ അല്ലെങ്കില്‍ ഒരു സിദ്ധാന്തത്തിനോ ഉള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഏതൊരു ദൈവവും ദൈവമല്ല. അനന്തതയെ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍, വിഗ്രഹം അതിന്റെ തന്നെ സ്രഷ്ടാക്കളുടെ പരിമിതി വെളിപ്പെടുത്തുക മാത്രം ചെയ്യുന്നു.
പണം പോലുള്ള ഭൗതിക വസ്തുക്കള്‍, കര്‍ശനമായ നിയമങ്ങള്‍, നമ്മുടെ സ്വന്തം ചിന്താഗതികള്‍ അല്ലെങ്കില്‍ പ്രത്യയശാസ്ത്രങ്ങള്‍ ഇവയെല്ലാം ആത്യന്തിക സത്യമായി കണ്ട് അതിനെ ആരാധിക്കുമ്പോഴും അത് വിഗ്രഹാരാധനയായി മാറുന്നു.
ില്ലിക്കിന്റെ അഭിപ്രായത്തില്‍, ഭാഗികമായതിനെ പൂര്‍ണ്ണതായും നശ്വരമായതിനെ അനശ്വരതയായും തെറ്റിദ്ധരിക്കുമ്പോഴാണ് വിഗ്രഹാരാധന സംഭവിക്കുന്നത്. മാരിയോണ്‍ ഒരു പടി കൂടി കടന്ന്, ദൈവത്തിന്റെ നമുക്കേറ്റവും പ്രിയങ്കരമായ പ്രതിരൂപങ്ങള്‍ പോലും തത്കാലത്തേക്കുള്ളത് എന്നതിനു പകരം സമ്പൂര്‍ണ്ണമെന്നു കണക്കാക്കിയാല്‍ വിഗ്രഹങ്ങളായി മാറുമെന്ന് വാദിക്കുന്നു. ദൈവത്തെ നിര്‍വചിക്കുക എന്നാല്‍ അവനെ നഷ്ടപ്പെടുത്തുക എന്നാണര്‍ഥം; അവനെ പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ ശ്രമിക്കുക എന്നാല്‍ കൈയില്‍ നിന്നു ചോര്‍ന്നു പോകാനിടയാക്കുക എന്നും. അതുകൊണ്ടാണ് യഥാര്‍ഥ വിശ്വാസം കീഴടങ്ങലിന്റെ ഒരു പ്രവൃത്തിയായിരിക്കണമെന്നും, ഉറപ്പിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നമ്മുടെ ആവശ്യം ഉപേക്ഷിക്കണമെന്നും മരിയോണ്‍ വാദിക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്വന്തം രീതിയില്‍ ഊന്നിപ്പറഞ്ഞ ഒരു വിഷയമാണിത്: വിശ്വാസം മതിലുകള്‍ പണിയുന്നതിനെ ക്കുറിച്ചല്ല, മറിച്ച് പരിധികള്‍ കടക്കുന്നതിനെക്കുറിച്ചാണ്, ഗ്രഹിക്കുന്നതിനെക്കുറിച്ചല്ല, സ്വീകരിക്കുന്നതിനെക്കുറിച്ചാണ്.
ആരാധന എന്നാല്‍ ഉത്തരങ്ങള്‍ നല്‍കുന്നതല്ല, മറിച്ച് ആഴമേറിയ ചോദ്യങ്ങള്‍ ഉണര്‍ത്തുക എന്നതാണ്. ആശ്വാസം നല്‍കുക മാത്രമല്ല; മറിച്ച്, അത് അസ്വസ്ഥത സൃഷ്ടിക്കുകയും നമ്മുടെ ആഗ്രഹങ്ങളെ പുനഃക്രമീകരിക്കുകയും ചെയ്യുന്നു. സത്യാരാധന എന്നത് ദൈവത്തിന്റെ ഒരു നിശ്ചിത പ്രതിച്ഛായയുടെ ഗ്രാഹ്യം കരസ്ഥമാക്കുക എന്നതല്ല, മറിച്ച് അവന്റെ സ്വയം വെളിപ്പെടുത്തലിന് കീഴടങ്ങുക എന്നതാണ്. നമ്മുടെ ഗ്രാഹ്യത്തേക്കാള്‍ വലുതും, നമ്മുടെ സിദ്ധാന്തങ്ങളേക്കാള്‍ നിഗൂഢവും, നമ്മുടെ പ്രതീകാത്മക സംവിധാനങ്ങളേക്കാള്‍ അതിശയകരവും, നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹമുള്ളതു മായിരിക്കാന്‍ അവനെ അനുവദിക്കുക എന്നതാണ്. ഈ വീക്ഷണം ഒരു ദൈവപ്രതിച്ഛായ സ്ഥാപിക്കുന്നതില്‍ നിന്ന് അവനെ കണ്ടുമുട്ടുന്നതിലേക്ക് നമ്മുടെ ശ്രദ്ധ മാറ്റുന്നു, അവന്റെ യഥാര്‍ഥ സ്വഭാവം ആ ബന്ധത്തില്‍ വെളിപ്പെടുന്നു: 'ദൈവം സ്‌നേഹ മാണ്' (1 യോഹന്നാന്‍ 4:8).
തിരുസ്വരൂപ ദര്‍ശനം: ആരാധന എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകുമ്പോള്‍
ബാബേല്‍ ഗോപുരം തകര്‍ന്നുവീണത് ദൈവം നിസ്സാരനോ പ്രതികാരബുദ്ധിയുള്ള വനോ ആയതുകൊണ്ടല്ല, മറിച്ച് വിഗ്രഹാരാധന സ്വതസിദ്ധമായി തന്നെ സ്വയം പരാജയപ്പെടുത്തുന്നതു കൊണ്ടാണ്. വിഗ്രഹാരാധന വിശ്വാസത്തെ ഒരു അടഞ്ഞ സംവിധാനമാക്കി മാറ്റുന്നു, തേടുന്നു എന്നവകാശപ്പെടുന്ന അതീതത്വത്തെ തന്നെ ചെറുത്തു നില്‍ക്കുന്ന കര്‍ക്കശമായ ഒരു ഘടന. ഇതിനു വിപരീതമായി, വിശുദ്ധ ബലിയായ കുര്‍ബാന പങ്കാളിത്തത്തിന്റെയും തുറന്ന മനസ്സിന്റെയും സ്‌നേഹത്തിന്റെയും ഒരു പ്രവൃത്തിയാണ്. ഇത് ഗോപുരങ്ങള്‍ പണിയുന്നതിനെക്കുറിച്ചല്ല, മറിച്ച് അവയെ തകര്‍ക്കുന്നതിനെക്കുറിച്ചാണ്; നമുക്കായി പ്രസിദ്ധി സൃഷ്ടിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ദൈവികതയില്‍ നമ്മെത്തന്നെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ചാണ്.
ആരാധനക്രമം, അതിന്റെ ഉള്‍ക്കാമ്പില്‍, വെറുമൊരു ആചാരമല്ല. അത് സ്‌നേഹത്തില്‍ ഒത്തുചേരുന്ന, ദൈവത്തിനും തമ്മില്‍ത്തമ്മിലും സ്വയം സമര്‍പ്പിക്കുന്ന ജനങ്ങളുടെ പ്രവൃത്തിയാണ്.
നമ്മുടെ ദിവ്യകാരുണ്യ ആരാധനക്രമത്തിന് നാം ഉപയോഗിക്കുന്ന ആശയം കുര്‍ബാന എന്നതാണ്, പാരമ്പര്യത്തില്‍ വേരൂന്നിയ ഒരു പദമാണിത്. 'പൂര്‍ണ്ണമായ ത്യാഗം' എന്നാണ് അതിനര്‍ഥം. 'അടുത്തു വരിക' അല്ലെങ്കില്‍ 'സമീപിക്കുക' എന്നര്‍ത്ഥമുള്ള 'ഖറാബ്' എന്ന എബ്രായ പദത്തില്‍ നിന്നാണതു വരുന്നത്. ആരാധനക്രമം, അതിന്റെ ഉള്‍ക്കാമ്പില്‍, വെറുമൊരു ആചാരമല്ല. അത് സ്‌നേഹത്തില്‍ ഒത്തുചേരുന്ന, ദൈവത്തിനും തമ്മില്‍ത്തമ്മിലും സ്വയം സമര്‍പ്പിക്കുന്ന ജനങ്ങളുടെ പ്രവൃത്തിയാണ്. ദിവ്യസ്‌നേഹത്തില്‍ പങ്കാളികളാകാനുള്ള ഒരു ക്ഷണമാണ് കുര്‍ബാന, അവിടെ നാം നമ്മെത്തന്നെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായി അനുഭവിക്കുന്നു. ആരാധനയ്ക്കായി ഒത്തുകൂടുന്നതിന് പിന്നിലെ പ്രാഥമിക ആഗ്രഹം അനുഗ്രഹങ്ങള്‍ക്കായി ദൈവത്തെ പ്രസാദിപ്പിക്കുകയോ സ്വത്വബോധങ്ങള്‍ കെട്ടിപ്പടുക്കുകയോ അല്ല, മറിച്ച് ദൈവസ്‌നേഹത്തിന്റെ രഹസ്യത്തില്‍ പങ്കുചേരുക എന്നതാണ്. എന്നിരുന്നാലും, ആരാധന നമ്മെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന, തികച്ചും തങ്ങളുടേതു മാത്രമായ സ്വത്വബോധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപാധിയായി മാറുമ്പോള്‍, അത് അതിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോകുന്നു. അത്തരമൊരു ആഗ്രഹം കൂട്ടായ്മയിലേക്കല്ല, മറിച്ച് വിഗ്രഹാരാധനയിലേക്ക് നീങ്ങുന്നു ആരാധനയെ പങ്കുവയ്ക്കുന്ന സ്‌നേഹത്തിലേക്കുള്ള ഒരു പാതയേക്കാള്‍ സ്വയം അടച്ചിടാനുള്ള ഒരു മാര്‍ഗമാക്കി മാറ്റുന്നു.
സെമിറ്റിക് സംസ്‌കാരത്തില്‍ വേരൂന്നിയ, പൗരസ്ത്യ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അവരുടെ ആരാധനാക്രമ ജീവിതത്തില്‍ ആഴത്തിലുള്ള വിശുദ്ധിയും വിസ്മയവും വളര്‍ത്തിയെടുത്തു, ആചാരങ്ങള്‍, പവിത്രസ്ഥലങ്ങള്‍, ഐക്കണോഗ്രഫി എന്നിവ ഉപയോഗിച്ച് വിശ്വാസികളെ ഒന്നിപ്പിച്ചു. ബലിപീഠത്തെ മധ്യഭാഗത്തില്‍ നിന്ന് വേര്‍തിരിക്കുന്ന അള്‍ത്താരയുടെ തിരശ്ശീല, സ്വര്‍ഗത്തിനും ഭൂമിക്കും ഇടയിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തുന്നു, ഇതൊക്കെ ആരാധനയ്ക്കുള്ളിലെ പവിത്രമായ ശ്രേണിവ്യവസ്ഥയെ ദ്യോതിപ്പിക്കുന്നു. ഈ വ്യത്യാസങ്ങള്‍ വിപുലമായ ഐക്കണോഗ്രാഫിക് പരിപാടികളും ആരാധനാക്രമങ്ങളും സൗന്ദര്യാത്മക തിരഞ്ഞെടുപ്പുകള്‍ മാത്രമായിരുന്നില്ല, മറിച്ച് സമൂഹ ആരാധനയെ രൂപപ്പെടുത്തുന്നതിനും പൗരസ്ത്യക്രൈസ്തവികതയെ മറ്റു പാരമ്പര്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതിനുമുള്ള ഒരു മാര്‍ഗവും ആയിരുന്നു. സെമിറ്റിക് വിശ്വാസങ്ങളുടെ ഐക്കണോക്ലാസ്റ്റിക് പ്രവണതകള്‍ക്ക് തികച്ചും വിപരീതമായി, ക്രിസ്തീയ ആരാധന ക്രിസ്തുവിന്റെ മനുഷ്യമുഖത്തെ കേന്ദ്രീകരിച്ചുള്ള വിശുദ്ധ ചിത്രങ്ങളെയാണ് സ്വീകരിച്ചത്. അവന്റെ ക്രൂശിതവും മഹത്വപൂര്‍ണ്ണവുമായ രൂപങ്ങള്‍ ഇതിലുള്‍പ്പെട്ടിരുന്നു. പൗരസ്ത്യ, പാശ്ചാത്യ പാരമ്പര്യങ്ങളില്‍, ക്രിസ്ത്യാനികള്‍ വിശുദ്ധരുടെയും ബൈബിള്‍ സംഭവങ്ങളുടെയും പ്രതിരൂപങ്ങളെയും ചിത്രങ്ങളെയും സ്വീകരിച്ചു, അവയെ ദൈവിക രഹസ്യത്തിലേക്കുള്ള ജാലകങ്ങളായി തിരിച്ചറിഞ്ഞു. ഈ ചിത്രീകരണങ്ങള്‍ മനുഷ്യാവതാരത്തെ സ്ഥിരീകരിച്ചു, മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ വെളിപ്പെടുത്തലിനെയും സഭയുടെ ജീവിതത്തില്‍ അവന്റെ മൂര്‍ത്തമായ സാന്നിധ്യത്തെയും അവ ആഘോഷിക്കുന്നു.
യഥാര്‍ഥ ആരാധന സാംസ്‌കാരികമായ അതിരുകള്‍ക്കപ്പുറത്തേക്ക് കടക്കണം, കര്‍ക്കശമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ അതിനെ സംരക്ഷിക്കുന്നതിനുപകരം ദിവ്യസ്‌നേഹത്തിന്റെ നിഗൂഢതയിലേക്ക് എല്ലാവരെയും ക്ഷണിക്കണം.
ലിയോണിഡ് ഔസ്‌പെന്‍സ്‌കി, വ്‌ളാഡിമിര്‍ ലോസ്‌കി തുടങ്ങിയ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രജ്ഞര്‍ ദൈവചിത്രങ്ങളോടുള്ള (ഐക്കണുകള്‍) ഈ സവിശേഷ സമീപനത്തെ പഠനവിധേയമാക്കിയിട്ടുണ്ട്, ഇത് പൗരസ്ത്യ സഭകളുടെ വിശ്വാസപരവും ആരാധനാപരവും ആത്മീയവുമായ ജീവിതത്തില്‍ പ്രതിഫലിക്കുന്നു. പൗരസ്ത്യ ആരാധനാക്രമപരവും വിശ്വാസസംഹിതാപരവുമായ നിലപാടുകളെക്കുറിച്ചുള്ള കത്തോലിക്കാ വിമര്‍ശനങ്ങള്‍ പ്രത്യേകിച്ച് ഐക്കണുകളെക്കുറിച്ചുള്ളത് ചരിത്രപരമായി ശക്തമായിരുന്നെങ്കിലും, യഥാര്‍ഥ ദൈവശാസ്ത്ര വ്യത്യസ്തതകളെ അഭിസംബോധന ചെയ്യുന്നതിനുപകരം അവര്‍ പലപ്പോഴും സാംസ്‌കാരികവും ഭാഷാപരവുമായ വ്യത്യാസങ്ങളെ തെറ്റിദ്ധരിച്ചു. കാലക്രമേണ, ഈ വിമര്‍ശനങ്ങളില്‍ പലതും അനാവശ്യമാണെന്ന് തെളിഞ്ഞു.
എന്നിരുന്നാലും, ഒരു ആഴമേറിയ വെല്ലുവിളി അവശേഷിച്ചു: മറ്റെല്ലാത്തിനെയും ഒഴിവാക്കിനിറുത്തുന്നതിനോട് (exclusivity) പൗരസ്ത്യ ആരാധനാക്രമധാരയ്ക്കുള്ള ആഭിമുഖ്യമാണത്. ഓര്‍ത്തഡോക്‌സ് ആരാധനാദര്‍ശനം 'ശരിയായ ആരാധന'യ്ക്ക് പ്രാധാന്യം നല്‍കിയെങ്കിലും, അത് ചിലപ്പോള്‍ യുക്തിരഹിതവിശ്വാസത്തിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യത്തെ യാതൊരു സംശയവും കൂടാതെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന രീതി. അത് കര്‍ക്കശവും സ്വയം അടച്ചിടുന്നതുമായിത്തീരാം. മറ്റെല്ലാത്തിനെയും അകറ്റിനിറുത്തുന്ന ഈ മനോഭാവം, ചിലപ്പോള്‍, വിഗ്രഹാരാധനയിലേക്ക് വഴുതിവീഴുന്നു. ഐക്കണുകളുടെ ഉപയോഗത്തിലല്ല, മറിച്ച് സൗന്ദര്യാത്മകവും വംശീയവുമായ ഒരു പ്രത്യേക സ്വത്വത്തിന്റെ കേവലവല്‍ക്കരണത്തിലാണത് സംഭവിക്കുക. യഥാര്‍ഥ ആരാധന സാംസ്‌കാരികമായ അതിരുകള്‍ക്കപ്പുറത്തേക്ക് കടക്കണം, കര്‍ക്കശമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ അതിനെ സംരക്ഷിക്കുന്നതിനുപകരം ദിവ്യസ്‌നേഹത്തിന്റെ നിഗൂഢതയിലേക്ക് എല്ലാവരെയും ക്ഷണിക്കണം.
മറ്റ് പൗരസ്ത്യ ആരാധനാ പാരമ്പര്യങ്ങളെപ്പോലെ, സീറോമലബാര്‍ പാരമ്പര്യവും സമ്പന്നമായ പ്രതീകാത്മകവും ദൃശ്യപരമായി ആഴ്ന്നതുമായ ഒരു ആരാധനാനുഭവം വികസിപ്പിച്ചെടുത്തു. ഇന്ത്യയുടെ മഹത്തായ ദൃശ്യസംസ്‌കാരത്തെ സുറിയാനി പാഠ സ്വാധീനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട്, ചിഹ്നങ്ങള്‍, ആംഗ്യങ്ങള്‍, ആരാധനാക്രമാനുഷ്ഠാനങ്ങള്‍ എന്നിവയുടെ വിപുലമായ ഒരു സംവിധാനം അത് വളര്‍ത്തിയെടുത്തു. ഇന്ദ്രിയങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും കുര്‍ബാനയുടെ രഹസ്യത്തില്‍ സാധാരണക്കാരുടെ പങ്കാളിത്തം ആഴപ്പെടുത്തുന്നതുമായിരുന്നു അത്.
എന്നിരുന്നാലും, സുറിയാനി ആരാധനാഭാഷയായി നൂറ്റാണ്ടുകള്‍ ഉപയോഗിച്ചത് ഒരു വിരോധാഭാസം സൃഷ്ടിച്ചു അതൊരു പവിത്ര ഭാഷാപൈതൃകം സൂക്ഷിക്കുക മാത്രമല്ല, വിശ്വാസികളെ പ്രാര്‍ഥനകളും ആചാരങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കുന്നതില്‍ നിന്ന് അകറ്റുകയും ചെയ്തു. ആരാധനാക്രമത്തിന്റെ ഇന്ദ്രിയ സമ്പന്നത ഈ വിടവ് നികത്താന്‍ സഹായിച്ചെങ്കിലും, ഭാഷ തന്നെ ആഴത്തിലുള്ള പങ്കാളിത്തത്തിന് ഒരു തടസ്സമായി തുടര്‍ന്നു.
പ്രാദേശികഭാഷയായ മലയാളത്തിലേക്കുള്ള മാറ്റം, വിശേഷിച്ചും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്നുണ്ടായത്, ഒരു വഴിത്തിരിവായി. വിശ്വാസികളെ അള്‍ത്താരയിലേക്ക് അടുപ്പിക്കാന്‍ ഇത് ശ്രമിച്ചു, ആരാധനയെ ആദരവിന്റെ പ്രവൃത്തി മാത്രമല്ല, നേരിട്ടുള്ള ഇടപെടലും ആക്കി. ഈ മാറ്റം സഭയ്ക്കുള്ളിലെ വിശാലമായ ഒരു നീക്കത്തെ പ്രതിഫലിപ്പിക്കുന്നു വിദൂരസ്ഥമായ നിഗൂഢതയില്‍ നിന്ന് പങ്കാളിത്തത്തിലെ കൂട്ടായ്മയിലേക്ക്, വിശ്വാസികള്‍ വെറും കാഴ്ചക്കാരല്ല, മറിച്ച് സഭയുടെ കൗദാശിക ജീവിതത്തില്‍ സജീവ പങ്കാളികളാണെന്ന് ഉറപ്പാക്കുന്നതിലേക്ക്.
ഉപസംഹാരം
വിശ്വാസത്തെ ഒരു അടഞ്ഞ ക്ലബായി കാണുന്ന മതപരമായ എക്‌സ്‌ക്ലൂസിവിസത്തിലും, സ്‌നേഹത്തേക്കാള്‍ നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലീഗലിസത്തിലും, വിശ്വാസത്തെ ഒരു പൊതുദാനത്തേക്കാള്‍ വ്യക്തിപരമായ സ്വത്താക്കി മാറ്റുന്ന ഉപഭോക്തൃ ആത്മീയതയിലും ഇന്ന് വിഗ്രഹാരാധനയുടെ മാനസികാവസ്ഥ പ്രത്യക്ഷപ്പെടുന്നു. ഇപ്രകാരമുള്ള ഓരോ സാഹചര്യത്തിലും, ആരാധന പുറത്തേക്കെന്നതിനേക്കാള്‍ ഉള്ളിലേക്കു തിരിയുന്നു, സ്‌നേഹത്തെയും കൂട്ടായ്മയെയും ചെറുക്കുന്നു.
വിശ്വാസം ആധിപത്യത്തെയോ ആത്മമഹത്വത്തെയോ കുറിച്ചാകുമ്പോള്‍, അത് യഥാര്‍ഥ ആരാധനയല്ലെന്ന് ബാബേല്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ദൈവത്തിലേക്ക് എത്തിച്ചേരാന്‍ ഗോപുരങ്ങള്‍ പണിയുന്നതിനുപകരം, അവനെ ഒരുമിച്ച് സ്വീകരിക്കാന്‍ സ്വന്തം ഹൃദയങ്ങള്‍ തുറക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ഥ ആരാധന പങ്കാളിത്തപരവും, ബന്ധങ്ങളിലധിഷ്ഠിതവും, സ്‌നേഹത്തില്‍ വേരൂന്നിയതുമാണ് നാം നിര്‍മ്മിച്ച മതിലുകള്‍ക്കുള്ളില്‍ നമ്മെത്തന്നെ ഒറ്റപ്പെടുത്തുന്നതിനു പകരം ദൈവികമായ കൂട്ടായ്മയിലേക്ക് അതു നമ്മെ കൊണ്ടുപോകുന്നു.