വൈദികന്‍ കടന്നുപോകുന്ന സ്വത്വപ്രതിസന്ധി

വൈദികന്‍ കടന്നുപോകുന്ന സ്വത്വപ്രതിസന്ധി

ഉന്നതമായ ഒരു നിയോഗത്തിനുവേണ്ടി ജീവിതം തീറെഴുതി നല്കിയവരാണ് വൈദികര്‍. ദൈവജനത്തില്‍നിന്ന് വേര്‍തിരിക്കപ്പെടുകയും അതേസമയം ജനങ്ങള്‍ക്കിടയില്‍ത്തന്നെ മറ്റൊരു ക്രിസ്തുവായി ജീവിക്കുകയും ചെയ്യുകയെന്ന ഗൗരവമേറിയതും ക്ലേശകരവുമായ ഉത്തരവാദിത്വമാണ് പുരോഹിതന്റേത്. ആത്മീയകാര്യങ്ങളില്‍ ആഴമേറിയ അറിവും പരിശീലനവുമുള്ളയാള്‍ എന്ന നിലയില്‍ ചോദ്യം ചെയ്യാത്ത ഒരു വിധേയത്വം വിശ്വാസികള്‍ അവരോടു പുലര്‍ത്തി. അങ്ങനെ പൗരോഹിത്യശുശ്രൂഷ താരതമ്യേന എളുപ്പവുമായിരുന്നു. കാലം മാറി. ബൗദ്ധിക മേഖലയില്‍ മാത്രമല്ല, ആത്മീയവിഷയങ്ങളിലും ആളുകളുടെ അറിവ് വര്‍ദ്ധിച്ചു. പലപ്പോഴും തങ്ങളെക്കാള്‍ ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ള ആളുകളുടെയിടയിലാണ് വൈദികര്‍ക്ക് തങ്ങളുടെ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ടി വരുന്നത്. ഒപ്പം പൗരോഹിത്യത്തിന്റെ വെല്ലുവിളികളും വര്‍ദ്ധിച്ചു. ഇടവകശുശ്രൂഷയില്‍ അല്മായരുടെ പങ്കാളിത്തം കൂടി. സഭയുടെ അകത്തളങ്ങളിലെ കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു എന്നത് കാര്യങ്ങള്‍ കറെക്കൂടി സങ്കീര്‍ണ്ണമാക്കി.

സ്വത്വ പ്രതിസന്ധി എന്ന വാക്ക് പരിചയമുണ്ടാകും. ഒരുപക്ഷേ, അതിന്റെ ഇംഗ്ലീഷ് പദമായിരിക്കും കൂടുതല്‍ പരിചിതം - identity crisis. ഒരാള്‍ക്ക് തന്നെത്തന്നെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് നിശ്ചയമില്ലാതെ വരുന്ന ഒരവസ്ഥ. സാധാരണയായി മദ്ധ്യവയസ്സിലെത്തുമ്പോള്‍ ആളുകളെ അലട്ടാനിടയുള്ള ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് വൈദികരാണെന്നു തോന്നുന്നു. അതും പ്രായഭേദമില്ലാതെ. അങ്ങനെയൊരു പ്രതിസന്ധിയിലേക്ക് അവരെ തള്ളിവിടുന്നതുപോലെയാണനുഭവപ്പെടുന്നത്. അകത്തുനിന്നും പുറത്തുനിന്നും ഒരേസമയം ഇങ്ങനെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന ഒരു കാലം അവര്‍ക്ക് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. ഇരുപത്തിനാലുമണിക്കൂറും തുറന്നു വച്ച ക്യാമറക്കണ്ണുകള്‍ക്കു കീഴില്‍ ജീവക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ സമ്മര്‍ദ്ദം അവര്‍ നേരിടുന്നുണ്ട്. ഒരു വൈദികന്റെ ജീവിതം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുകളിലുമെല്ലാം അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയകാലത്ത്, തങ്ങള്‍ ആയിരിക്കുന്ന വ്യവസ്ഥിതിക്കകത്തു നിന്നു തന്നെ നേരിടേണ്ടി വരുന്നു എന്നത് അവരെ കൂടുതല്‍ നിസ്സഹായരും ദുഃഖിതരും ഒറ്റപ്പെട്ടവരുമാക്കുന്നു. തങ്ങള്‍ക്കു ബോധ്യമുള്ള പൗരോഹിത്യത്തിന്റെ കടമകള്‍ സ്വതന്ത്രമായി ചെയ്യാന്‍ സാധിക്കാത്തവണ്ണം അതവരെ നിസ്സഹായരാക്കുന്നു. അതിനെ സുവിശേഷാത്മകമായി മറികടക്കുക എന്നതാണ് ഇന്നത്തെ വൈദികര്‍ - പ്രത്യേകിച്ച് ഇടവക വൈദികര്‍ - നേരിടുന്ന വലിയ പ്രതിസന്ധി. അത് എത്രമേല്‍ സങ്കീര്‍ണവും പ്രയാസമേറിയതുമാണെന്ന് പുറമെ നില്ക്കുന്ന ഒരാള്‍ക്ക് അളക്കാനാവുമെന്നു തോന്നുന്നില്ല. പൗരോഹിത്യ ധര്‍മ്മങ്ങളെക്കുറിച്ച് ഒരു വൈദികന് എത്ര ആഴമേറിയ ബോധ്യമുണ്ടോ അത്രയേറെ സമ്മര്‍ദ്ദം അയാള്‍ അനുഭവിക്കുന്നുണ്ടാകും. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ നിയോഗിക്കപ്പെട്ടവര്‍തന്നെ നിശബ്ദരാക്കപ്പെടുന്നതിനോളം വലിയ ദുരന്തമെന്തുണ്ട്.''

ഇരുപത്തിനാലുമണിക്കൂറും തുറന്നു വച്ച ക്യാമറക്കണ്ണുകള്‍ക്കു കീഴില്‍ ജീവക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ സമ്മര്‍ദ്ദം ഇന്നത്തെ വൈദികര്‍ നേരിടുന്നുണ്ട്. ഒരു വൈദികന്റെ ജീവിതം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുകളിലുമെല്ലാം അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയകാലത്ത്, തങ്ങള്‍ ആയിരിക്കുന്ന വ്യവസ്ഥിതിക്കകത്തു നിന്നു തന്നെ നേരിടേണ്ടി വരുന്നു എന്നത് അവരെ കൂടുതല്‍ നിസ്സഹായരും ദുഃഖിതരും ഒറ്റപ്പെട്ടവരുമാക്കുന്നു. തങ്ങള്‍ക്കു ബോധ്യമുള്ള പൗരോഹിത്യത്തിന്റെ കടമകള്‍ സ്വതന്ത്രമായി ചെയ്യാന്‍ സാധിക്കാത്തവണ്ണം അതവരെ നിസ്സഹായരാക്കുന്നു. അതിനെ സുവിശേഷാത്മകമായി മറികടക്കുക എന്നതാണ് ഇന്നത്തെ വൈദികര്‍ - പ്രത്യേകിച്ച് ഇടവക വൈദികര്‍ - നേരിടുന്ന വലിയ പ്രതിസന്ധി.

ചിലരെങ്കിലും ആശങ്കപ്പെടുന്നതുപോലെ ഇതൊരു തകര്‍ച്ചയുടെ കാലമല്ല, മറിച്ച് ഒരു രൂപാന്തരീകരണത്തിന്റെ നാളുകള്‍ എന്നു വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു. അതിനാല്‍ വൈദികരെ മാത്രമല്ല, വിശ്വാസികളെയും വേദനിപ്പിക്കുന്ന ഈ പ്രതിസന്ധിയുടെ പോസിറ്റീവായ മാനങ്ങളെക്കുറിച്ചാണ് ഇനി നമ്മള്‍ ചിന്തിക്കേണ്ടത് എന്നു തോന്നുന്നു. കനത്ത അടി മനസ്സിന്റെ ഉള്ളറകളെ ശുചിയാക്കുന്നു എന്നാണല്ലോ വേദപുസ്തകം പഠിപ്പിക്കുന്നത് (സുഭാ. 20:30). ഒരു വിചാരത്തിനുള്ള ക്ഷണമാണീ അവസരം. അതെ ക്രിസ്തുവില്‍നിന്നും സുവിശേഷത്തില്‍ നിന്നും നമ്മള്‍ ഒത്തിരി അകന്നു കഴിഞ്ഞു. ഇനിയുമങ്ങനെ അകന്നുകൂടാ. അതുകൊണ്ടാവും ഒരു കാലത്ത് സഭയ്ക്കകത്തുമാത്രം അറിയുകയും ചെര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന കാര്യങ്ങള്‍ വഴിയെ പോകുന്നവര്‍ക്കുപോലും വായിക്കാനാവും വിധം അത്ര പ്രകടമായിരിക്കുന്നത്. ആരുടെയൊക്കെയോ ചാരക്കണ്ണുകള്‍ നമ്മെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് കൂടുതല്‍ വിശുദ്ധിയും വിശ്വസ്തതയും നിറഞ്ഞ ഒരു സ്വകാര്യ ജീവിതത്തിന് നമ്മെ നിര്‍ബന്ധിക്കുന്നു. മറ്റൊരു പ്രധാനകാര്യം നിശബ്ദരാക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായതയും ദുഃഖവുമൊക്കെ എത്ര ആഴമേറിയതാണെന്ന് അനുഭവിച്ചറിയുന്നതുവഴി തങ്ങളിടപെടുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, പാവപ്പെട്ടവരുടെ, വയോധികരുടെ, കുഞ്ഞുങ്ങളുടെയൊക്കെ നിശബ്ദനിലവിളികള്‍ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയും. ഇല്ലെങ്കില്‍ കഴിയണം. അതവരെ ക്രിസ്തുവിനെപ്പോലെ കൂടുതല്‍ മനുഷ്യത്വമുള്ളവരും കരുണയുള്ളവരുമാക്കും. നമ്മുടെ മാര്‍പാപ്പയുടെ വാക്കുകള്‍ കടമെടുത്താല്‍ ആടുകളുടെ ചൂരുള്ള ഇടയന്മാരാക്കും.

ക്രിസ്തുവിന്റെ പകരക്കാരായി ജീവിക്കേണ്ടവരാണെന്നതുകൊണ്ടുതന്നെ പൗരോഹിത്യം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. 'ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും; എങ്കിലും ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു' എന്നാണ് അവിടന്ന് ഓരോ വൈദികനോടും പറഞ്ഞുകൊണ്ടിരിക്കുന്നത്്. ഇതിനിടയില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നാലു വര്‍ഷത്തിലധികമായി കഠിനമായ പ്രതിസന്ധികളിലൂടെ കേരളത്തിലെ കത്തോലിക്കാ സഭ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. എന്നിട്ടും അതിന്റെ പേരില്‍ മാത്രം ഒരു വൈദികന്‍ പൗരോഹിത്യജീവിതം ഉപേക്ഷിക്കുകയോ ഒരു വൈദിക വിദ്യാര്‍ത്ഥിയെങ്കിലും ഭയന്ന് പിന്മാറുകയോ ചെയ്തിട്ടില്ല. എന്തൊരു പ്രത്യാശ നല്കുന്ന കാര്യമാണത്. ഒരു പ്രതിസന്ധിക്കും കെടുത്താനാവാത്ത ചൈതന്യം ഉള്ളിലെരിയുന്ന യുവജനങ്ങള്‍ ഇപ്പോഴും സഭയുടെ ഹൃദയത്തിലുണ്ട്, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. ഇസ്രായേലിന്റെ ബലിപീഠങ്ങള്‍ തകര്‍ത്തെന്നും പ്രവാചകവംശത്തിന് അന്ത്യമായെന്നും ദൈവത്തോടു സങ്കടപ്പെട്ട ഏലിയായോടു ദൈവം വെളിപ്പെടുത്തിയ ഒരു രഹസ്യമുണ്ട്, ബാലിന്റെ മുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരം പേരെ താന്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്ന്! അതെ, കാര്യങ്ങള്‍ നേരെയാക്കാന്‍, നമുക്കറിഞ്ഞുകൂടാത്ത ചില നിഗൂഢവഴികള്‍ ദൈവത്തിനുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org