
ഞാനൊരു വിശ്വാസിയാണ്. ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. പിറന്നുവീണത് ഒരു ക്രൈസ്തവഭവനത്തിലാണ്. അനുശീലിച്ചത് ക്രൈസ്തവസമൂഹത്തിലെ ഞങ്ങളുടെ ഉപഘടകത്തിന്റെ ആചാരാനുഷ്ഠാനങ്ങളും രീതികളുമാണ്. എഴുതിപ്പഠിച്ച് ശീലമാക്കിയ ലിപിയുടെ വഴിമട്ടമെന്നപോലെ, അമ്മയുടെ മടിയിലിരുന്ന് അമ്മ ചൊല്ലിപ്പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് ശീലമായി ഉള്ളില്‍ ചേര്‍ന്നിട്ടുള്ളത്. അതിനപ്പുറത്ത് മനുഷ്യനില്ല, വിശ്വാസമില്ല, ആചാരങ്ങളില്ല എന്ന തെറ്റിദ്ധാരണയില്ലാതെ വളരുവാന്‍ അപ്പനും അമ്മയും ഗുരുക്കന്മാരും ആവോളം സന്ദര്‍ഭങ്ങള്‍ തന്നിരുന്നു. അതുകൊണ്ട് സ്വന്തം വിശ്വാസത്തെപ്പോലും സന്ദേഹം കൊണ്ട് ഉരതേച്ച് തെളിച്ച് ബോദ്ധ്യമാകുന്നതിനെ സ്വീകരിക്കുന്ന വിധത്തില്‍ സന്ദേഹിയുടെ വിശ്വാസസാക്ഷ്യമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനനുസൃതമായി ഞാനെടുക്കുന്ന നിലപാടാണ്, എന്റെ വിശ്വാസപരിവൃത്തത്തെ നിര്‍ണ്ണയിക്കുന്നതും വിളംബരം ചെയ്യുന്നതും.
ക്രൈസ്തവത എന്നു പറയുന്നത് വിശ്വാസത്തിന്റെ ഭാഷ മാത്രമാണ്. ആത്യന്തികമായി വിശ്വാസം എന്തിലാണെന്ന് ചോദിച്ചാല്‍ അത് മനുഷ്യനിലാണ്. മനുഷ്യനെ തീര്‍ത്ത പ്രപഞ്ചസ്രഷ്ടാവിലാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലാണ്. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ മാനവികതയിലാണ്; മാനവികതയില്‍ സ്പന്ദിച്ചുനില്‍ക്കുന്ന ഈശ്വരചൈതന്യത്തിലാണ്.
അതാണ് മതം. അതാണ് രാഷ്ട്രീയം. അതിലധിഷ്ഠിതമാണ് എല്ലാ മൂല്യങ്ങളും.
അതുകൊണ്ടുതന്നെ ഞാനൊരു ക്രൈസ്തവനാണെന്ന് പറയുന്നതോടൊപ്പം തന്നെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം അടിയറവുവെയ്ക്കാത്ത ക്രൈസ്തവനാണെന്ന് പറയാനാണെനിക്കിഷ്ടം.
വിയോജിക്കാനുള്ള സ്വാതന്ത്ര്യം വേണ്ടുവോളം നല്‍കുന്ന ഒരു ഈശ്വരന്‍ സൃഷ്ടിച്ച സൃഷ്ടിയെന്ന് എന്നെത്തന്നെ കരുതാനാണെനിക്കിഷ്ടം.
വിയോജിക്കുന്നത് ഈശ്വരനോടല്ല; സ്രഷ്ടാവിനോടല്ല.
വ്യവസ്ഥകളുടെ വരമ്പുകള്‍ കെട്ടി സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ അകലം ക്രമപ്പെടുത്തുന്ന വ്യവസ്ഥിതിയോടാണ് വിയോജിപ്പ്.
ചോദ്യങ്ങള്‍ ചോദിക്കാനുള്ളത് അവരോടാണ്. അവര്‍ വേലിക്കെട്ടുകളുണ്ടാക്കുമ്പോള്‍ അത് ക്രിസ്തുവിനോട് ചേര്‍ന്നുപോകുന്നതാണോ അല്ലയോ എന്ന് ചോദിക്കുവാനുള്ള അവകാശം ക്രിസ്ത്യാനിക്കുണ്ട്; ഉണ്ടാവണം.
ക്രിസ്ത്യാനി ക്രിസ്തുമതാനുയായി എന്നതിനേക്കാള്‍ ക്രിസ്തുവിന്റെ അനുയായിയാണ്. ക്രിസ്തുചൈതന്യമാണ് യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് വഴികാട്ടി. ആ ചൈതന്യത്തെ സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്തു വര്‍ഷിച്ച ജീവിതവും അനുഷ്ഠിച്ച ബലിയുമാണ്. സൂക്ഷ്മാംശങ്ങളിലേക്ക് പോയി അതിലും രാഷ്ട്രീയമുണ്ടെങ്കില്‍ പക്ഷം ചേരുവാന്‍ ആഗ്രഹിക്കുന്നില്ല.
ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ക്രിസ്തു എന്നെ സംബന്ധിച്ചിടത്തോളം പാപബോധത്തിന്റെയും ആ തിരിച്ചറിവിന്റെ വിളഫലമായ പശ്ചാത്താപത്തിന്റെയും അതില്‍ നിന്നു മാത്രം ഉണര്‍ന്നുവരുന്ന പാപവിമോചനത്തിന്റെയും പ്രതീകമാണ്. സ്വാര്‍ത്ഥത വെടിഞ്ഞുള്ള ബലിയുടെ പ്രതീകമാണ്. മനുഷ്യവംശനന്മയ്ക്കുവേണ്ടി സ്വയം കുരുതികൊടുക്കാന്‍ മാത്രം മനുഷ്യനെ സ്‌നേഹിച്ച ഒരു വലിയ മനസ്സിന്റെ പ്രതീകമാണ്. ഏത് കറുത്ത ശക്തിക്കും യഥാര്‍ത്ഥ ചൈതന്യത്തെ എന്നെന്നേക്കുമായി അടിച്ചൊതുക്കാനാവില്ല എന്ന വിശ്വാസദാര്‍ഢ്യത്തിന്റെ വിളംബരപ്രതീകമാണ് ഉയര്‍ത്തെഴുന്നേല്പ് എന്നു പറയുന്നത്. മാനവികതയെന്ന സാംസ്‌കാരികപ്രതിഭാസത്തിലൂന്നിനിന്നുകൊണ്ട് വിശ്വാസത്തെ പടുത്തുയര്‍ത്തുന്നതിലാണ് ഞാന്‍ അഭിമാനിക്കുന്നത്. മതത്തിനും പ്രത്യയശാസ്ത്രത്തിനും മുകളിലാണ് മാനവികത എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ക്ഷേത്രനടയില്‍ കൈകൂപ്പിനിന്ന് ഒരു പുണ്യനദിയില്‍ അരയോളം വെള്ളത്തില്‍ നിന്നു ഹൈന്ദവവിശ്വാസത്തിലെ ഈശ്വരസത്തയെ ആത്മീയമായാവാഹിച്ച് ഉള്‍ച്ചേര്‍ക്കാന്‍ കഴിയുമ്പോള്‍ ഞാനതിന്റെ മുമ്പില്‍ കുരിശുവരയ്ക്കും.
മൂകാംബികാക്ഷേത്രത്തില്‍ നടതുറന്നപ്പോള്‍ കൈകെട്ടിനിന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചത് എനിക്കറിയാവുന്ന പ്രാര്‍ത്ഥനയാണ്.
എന്റെ അമ്മ എന്നെ പഠിപ്പിച്ച നന്മ നിറഞ്ഞ മറിയമേ.... എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന.
ഹരിദ്വാറിലും ഋഷികേശിലും പോയപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് Our Father... എന്നാരംഭിക്കുന്ന കര്‍തൃപ്രാര്‍ത്ഥനയാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥമാത്രകളായിരുന്നില്ല നാവ് മനസ്സില്‍ നിന്നും ചുരമാന്തിയെടുത്ത് ഉരുവിട്ടത്; ആത്യന്തികമായി മനുഷ്യനെ സൃഷ്ടിച്ച, മാനവികതയ്ക്ക് പ്രാണവായു നല്‍കുന്ന സ്‌നേഹം, പ്രകാശം, കരുതല്‍, കരുണ തുടങ്ങിയ വലിയ വലിയ പര്യായപദങ്ങളുള്ള ചൈതന്യത്തിന്റെ നിയന്താവിനോടുള്ള അര്‍ച്ചനകളും അര്‍ത്ഥനകളുമായിരുന്നു.
എന്റെ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മുസ്ലീം സഹോദരന്റെ പ്രാര്‍ത്ഥനാബാങ്കുവിളി വലിയ ഓര്‍മ്മപ്പെടുത്തലാണ്. ചിറ്റൂരിലെ വീടിനോട് തൊട്ടുള്ള ചെറിയ അമ്പലത്തിലെ ചുമപ്പുചേല ചുറ്റിയ വെളിച്ചപ്പാടിന്റെ ചിലമ്പിന്റെ തേമ്പലും അതുപോലെ തന്നെ! ജാതീയമായ വരമ്പുകള്‍ക്കപ്പുറത്ത് ഓരോ സമുദായത്തിന്റെയും ആചാരനിഷ്ഠകള്‍ ജീവിതദിനചര്യയുമായി ഇടചേര്‍ക്കാന്‍ കഴിഞ്ഞ ഒരു സംസ്‌കാരത്തില്‍ എത്തിപ്പെടുവാന്‍ കഴിഞ്ഞുവെന്നുള്ളത് വലിയ ഭാഗ്യമാണ്.
ചിറ്റൂരില്‍ വീടിനോട് ചേര്‍ന്നായിരുന്നു അമ്പലവും ഗ്രന്ഥശാലയും; രണ്ടും ദേവാലയമെന്ന് അപ്പന്‍ പഠിപ്പിച്ചു.
മുസ്ലീം സ്ട്രീറ്റിലെ മുസ്ലീംഭവനങ്ങളിലെ നേര്‍ച്ചകളിലെല്ലാം ഞാന്‍ നിത്യപങ്കാളിയായിരുന്നു. തിരുവോണമുന്നെ മാത്രമല്ല ക്രിസ്തുമസ് വിളക്കിന്റെ ചുവട്ടിലും പൂക്കളമൊരുക്കാമെന്ന് സാക്ഷ്യപ്പെടുത്തിയത് ആ സ്ട്രീറ്റിലെ കുട്ടികളെല്ലാം ചേര്‍ന്നാണ്.
സഹിഷ്ണുതയാണ് സാഹോദര്യത്തിന്റെ ഏറ്റവും വലിയ സമവാക്യമെന്ന് വിശ്വസിക്കാനാണ് ഈ ഉരുവപ്പെടല്‍ പ്രാപ്തനാക്കിയത്. ആയിരം മതങ്ങളുണ്ടെങ്കിലും ഈശ്വരന്‍ ഒന്ന് എന്ന് വിശ്വസിക്കാന്‍ അത് പ്രേരകമായി. ഈശ്വരന്‍ എന്നുപറയുന്ന ചൈതന്യത്തിന്റെ പരമമൂര്‍ത്തിയിലേക്ക്, ഉണ്മയുടെ സവിധത്തിലേക്കുള്ള യാത്ര പല ചാലുകളിലൂടെയാകാം. ഓരോ മതവും എത്തിപ്പെടേണ്ടത് സമസ്തപ്രപഞ്ചത്തിലെയും നിഗൂഢതകളുടെ സത്യസാക്ഷ്യമായ പരമമായ സത്യത്തിലേക്കാണ്, ചൈതന്യത്തിലേക്കാണ്, നിയന്താവിലേക്കാണ്.
എനിക്കിണങ്ങുന്ന യാത്രാവഴി ഞാന്‍ തെരഞ്ഞെടുക്കുന്നു. ആ തെരഞ്ഞെടുപ്പിലുമുണ്ട് മറ്റുള്ളവരുടെ യാത്രാവഴിയെ നിന്ദിക്കാതിരിക്കാനുള്ള സമചിത്തത പ്രാര്‍ത്ഥനാജപമാകുന്ന ഒരു മാത്ര. അതിലൂടെയാണ് കാശിയിലല്ല പുണ്യമുള്ളത്, കാശിയിലേക്കുള്ള യാത്രയിലാണ് എന്നതിന് അര്‍ത്ഥശ്രുതി. പാപവിമോചനം നേടി, മോക്ഷം നേടി, പുണ്യം നേടി തീര്‍ത്ഥയാത്രകള്‍ നടത്തുമ്പോള്‍, ആ യാത്രകളില്‍ സമാനങ്ങളായ തീര്‍ത്ഥയാത്രകള്‍ നടത്തുന്നവരോട് കാണിക്കാന്‍ കഴിയുന്ന സാഹോദര്യത്തിലാണ് നാമാര്‍ച്ചനകള്‍ കുടികൊള്ളുന്നത്. അങ്ങനെ നോക്കിക്കാണാന്‍ പഠിപ്പിച്ച കാലത്തോട്, സമൂഹത്തോട്, ജാതീയമായ വേര്‍ തിരിവിന്റെ പേരില്‍ പരസ്പരം കൊന്ന് കൊലവിളിക്കുന്ന കാപാലികസംസ്‌കാരം താണ്ഡവമാടുന്നതിനിടയിലും മനസ്സില്‍ ആ അഴുക്ക് പുരളാതെ ഞാനാഗ്രഹിക്കുന്ന വിധം ആ മനസ്സിനെ പരിപാകപ്പെടുത്തി ആ സാഹോദര്യത്തിന്റെ കണ്ണുകൊണ്ട് എല്ലാവരെയും നോക്കിക്കാണുവാനുള്ള കഴിവ് എന്നില്‍ നിലനിര്‍ത്തിത്തരുന്ന സമൂഹത്തിലെ ഇത്തിരി നേരുവീര്‍പ്പിനോട് എനിക്ക് നന്ദിയുണ്ട്. ഇതരസമുദായങ്ങളോട് നന്ദിയുണ്ട്.
സ്‌നേഹിക്കാനാണ് കൈനീട്ടുന്നത്. ആത്മാവില്‍ അലിവും ഈശ്വരചൈതന്യത്തിന്റെ അംശം സിരകളിലും മനുഷ്യത്വത്തിന്റെ സ്പന്ദനങ്ങള്‍ അകത്താളിലും പേറുന്ന ഒരുത്തന് അത് തട്ടിക്കളയാനാവില്ല, നിഷേധിക്കാനാവില്ല. എന്റെ വിശ്വാസം അതാണ്.
"One's own religion is a matter of business between one oneself and one's maker and no one else's..."
ഖലീല്‍ജിബ്രാനാണിത് അത് പറഞ്ഞത്; എത്രയോ ശരി!
ശരികേടുകളുടെ തിളപ്പില്‍ എത്ര നിസ്സാരമായാണ് ലോകം ശരിയെ മറക്കുന്നതും മറയ്ക്കുന്നതും.
നീഷെ പറഞ്ഞു ദൈവം മരിച്ചുവെന്ന്. ഇതുദ്ധരിച്ച് എന്റെ ഈശ്വരവിശ്വാസത്തെ പരീക്ഷിക്കുവാന്‍ ശ്രമിച്ചു കവി വയലാര്‍ രാമവര്‍മ്മ ഒരിക്കല്‍. ഇല്ലാത്ത ഒരാളെങ്ങനെയാണ് മരിക്കുക എന്ന നിഷ്‌കളങ്കമായ ചോദ്യമായിരുന്നു പ്രതിവചനം.
ക്രിസ്തു പരാജയപ്പെട്ട ദൈവമാണെന്ന് പറയുന്നവരുണ്ട്. ശ്രീ ബുദ്ധനും കാറല്‍ മാര്‍ക്‌സും ഗാന്ധിയും ശ്രീനാരായണഗുരുവുമടക്കം പലരുമുണ്ട് പരാജിതരുടെ നിരയില്‍.
സംസാരമദ്ധ്യേ ഒരു ജര്‍മ്മന്‍ യാത്രയ്ക്കിടയില്‍ ഇക്കാര്യം പരാമര്‍ശവിഷയമായപ്പോള്‍ ഒരു ജര്‍മ്മന്‍ യുവകവി ഒ.എന്‍.വി.യോട് പറഞ്ഞ ഒരു വിശദീകരണമുണ്ട്:
കാറല്‍ മാര്‍ക്‌സിന്റെ ഭവനം സന്ദര്‍ശിക്കുവാനുള്ള യാത്രാമദ്ധ്യേയായിരുന്നു അവര്‍. യുവകവി ഓടിച്ചിരുന്നത് ബി.എം.ഡബ്ല്യു കാറാണ്, ലോകത്തിലെ നല്ല കാറുകളിലൊന്ന്. അവര്‍ സഞ്ചരിക്കുന്നത് യുദ്ധവാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുവാന്‍ വേണ്ടി അഡോള്‍ഫ് ഹിറ്റ്‌ലര്‍ പണിയിച്ച ഹൈവേയിലൂടെ. ഇന്നും ലോകത്തിലെ ഏറ്റവും നല്ല ഹൈവേയാണത്. ട്രാഫിക്‌നിയമങ്ങള്‍ കൃത്യമായി പാലിച്ചു ശ്രദ്ധയോടെ ഡ്രൈവ് ചെയ്താല്‍ യാത്ര സുഗമവും സുരക്ഷിതവുമായിരിക്കും. മറിച്ച് നിയമങ്ങള്‍ ലംഘിച്ചും അശ്രദ്ധയോടെയുമാണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍ മാര്‍ക്‌സിന്റെ ഭവനത്തിലെത്തില്ല. അതിനുമുമ്പേ ദാരുണമായ കാറപകടത്തില്‍ കൊല്ലപ്പെടും. അങ്ങനെ സംഭവിച്ചാല്‍ ബി.എം.ഡബ്ല്യു. കാറിന്റെ നിര്‍മ്മാതാക്കളെങ്ങനെയാണ് പ്രതിക്കൂട്ടിലാവുക?
പരാജയപ്പെടുന്നത് ക്രിസ്തുവും ബുദ്ധനും മാര്‍ക്‌സും ഗാന്ധിജിയും ഗുരുസ്വാമിയുമല്ല. അവരുടെ ദര്‍ശനങ്ങളെ വ്യവസ്ഥവത്ക്കരിച്ച് വിരുദ്ധശ്രുതിയില്‍ ഇടര്‍ച്ചകളോട് ചേര്‍ത്തു നിബന്ധിക്കുന്നവരാണ്.
സണ്‍ഡെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഉല്പത്തിചരിത്രം പഠിപ്പിച്ച വടകര പള്ളിയിലെ സഹവികാരിയോട് സി.ജെ.തോമസ് ഒരു സന്ദേഹമുന്നയിച്ചു. 'ആറുനാളുകള്‍ കൊണ്ട് പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവം' എന്നിടത്തോളം തോമസിന് ബോദ്ധ്യമായി.
പക്ഷെ ഈ ദൈവത്തെ സൃഷ്ടിച്ചതാരാണ്?
കേട്ട മുഖങ്ങളിലെല്ലാം അമ്പരപ്പ്. ചോദ്യം അപകടം പിടിച്ചതാണ്. ഉത്പത്തിപുസ്തകം ബൈബിള്‍ പഴയനിയമത്തിലെ ഒന്നാം ഖണ്ഡമാണ്. അതിന്റെ മുമ്പിലോ ചോദ്യം? ദൈവനിന്ദയല്ലേ അത്?
തോമസിന്റെ പിതാവ് വികാരിയും ഗുരുസ്ഥാനീയനുമായ യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പയായതുകൊണ്ട് മാത്രമാവണം 'തോന്ന്യാസ ചോദ്യ'ത്തിന് ശിക്ഷ ഒഴിവായത്.
യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പ വിവരമറിഞ്ഞു. തോമസിനെ അടുത്തുവിളിച്ചു. സ്‌നേഹപൂര്‍വം ചുമലില്‍ തലോടി സന്ദേഹനിവാരണത്തിന് ഒരു വിശദീകരണം കൊണ്ട് തഴുകുന്നതിനു മുമ്പ് മനസ്സിനെ ഏകാഗ്രമാക്കുവാന്‍ യോഗിവര്യനായ ആ ശ്രേഷ്ഠവൈദികന്‍ തന്റെ പതിവുവ്യാപനത്തില്‍ മുഴുകി.
ഒരു മരത്തടിക്കഷണമെടുത്ത് അതില്‍ ഉളിമുന കൊണ്ട് ചീന്തിയും പാളിയും ഒരു രൂപം തെളിച്ചെടുത്തു.
ഉളിമുന ആദ്യം മരത്തില്‍ എവിടെയെങ്കിലും ഒന്നു തൊടണം. അവിടെ നിന്നുമാണ് ചുറ്റുപാടിലേക്ക് ചീന്തി ചാലുതെളിച്ച് രൂപത്തിലെത്തുവാനുള്ള യാത്ര തുടങ്ങുന്നത്. ഒരു ചിത്രം വരയ്ക്കുമ്പോള്‍ ഒരിടത്താദ്യം ഒരു പൊട്ടുതൊട്ട് അതില്‍നിന്നല്ലേ വര തുടങ്ങുക? ഒരക്ഷരമെഴുതുമ്പോഴും ആദ്യം തൂലിക എഴുത്തുതാളില്‍ ഒരു ബിന്ദുതീര്‍ത്ത് അതില്‍നിന്നും ലിപി തെളിയുകയല്ലേ...
സംശയങ്ങള്‍ ഉണ്ടാവും. ഉണ്ടാവണം. ചോദ്യങ്ങള്‍ ചോദിക്കണം. അതിന് മുമ്പ്, സംശയത്തിനും ചോദ്യത്തിനും ഉത്തരത്തിനുമെല്ലാം ആധാരമാകുന്ന ഒരു ബിന്ദുവുണ്ടെന്നറിയണം. ആ ബിന്ദുവിലാണ് പൊരുളിന്റെ ഉറവ. അതിലാശ്രയിച്ചേ സംശയമുണരൂ; ചോദ്യമുതിരൂ. ഉത്തരത്തിലേയ്ക്ക് സ്വയമെത്തുവാന്‍ കഴിയൂ... എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെന്നില്ല. ഉത്തരമല്ല പ്രധാനം; ഉത്തരത്തിലേയ്ക്കുള്ള അന്വേഷണസഞ്ചാരമാണ്. ചോദ്യം ചോദിക്കുവാനുണ്ടാവുക, ചോദിക്കുക, അതിലാണ് കാര്യം. ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെ ഉത്തരം പുറത്തുതേടേണ്ടതില്ല. അകത്തുനിന്നും ഉത്തരത്തെ തേടിയെടുത്താല്‍ മതി... അതന്വേഷിച്ച്, ചുഴിഞ്ഞിറങ്ങിയാല്‍ മതി.
ദൈവം ഉണ്ടായിരുന്നതുകൊണ്ടാണ് ആകാശം തീര്‍ക്കപ്പെട്ടതും സകല ചരാചരങ്ങളും ഉരുവായതും അവയില്‍ വാഴുവാനായി മനുഷ്യന്‍ സൃഷ്ടിപൂണ്ടതും.
ദൈവം എന്ന ബിന്ദുവിലൂന്നിയാണ് എല്ലാ സ്വപ്നവും...
ദൈവമല്ല, ആദി. ആദിക്കുമുമ്പേയുള്ള ആദിയായ ദൈവം അനാദിയും അനന്തവുമായ ചൈതന്യപ്രതിഭാസമാകുന്നത് അതിനാലാണ്.
ഇത്രയും കനംതൂങ്ങുന്ന ഭാഷയിലാവില്ല അദ്ദേഹം പറഞ്ഞിരിക്കുക; ജ്ഞാനികള്‍ക്ക് പ്രാപ്യമായ ലാളിത്യത്തിന്റെ ചേലൊത്ത മൊഴിയിലായിരിക്കും.
ആദിതൊട്ടുള്ളതേ നമുക്ക് കാണാനും അടയാളപ്പെടുത്തുവാനും കഴിയൂ. അനാദി അസന്നിഹിതമാണ്. പക്ഷെ അതില്‍ നിന്നാണ് ആദിപിറവി. ആദിക്കുമാദി; അന്ത്യത്തിനപ്പുറത്തേക്കും പാതയും സഞ്ചാരവും നീളുന്നതുപോലെ ആദിക്കു പിറക്കുവാനും അങ്ങനെയൊരു തൊട്ടിലുണ്ടാവണം.
ഉത്തരങ്ങള്‍ ഒരിക്കലും മുന്‍പേ ഉരുട്ടി ഒരുക്കിയ ഗുളികകളല്ല; readymade capsules ആവില്ല.
ചിന്തേരിടുമ്പോള്‍ ചീളുകളേ വാര്‍ന്നുവീഴൂ; നുറുങ്ങുകളേ ലഭിക്കൂ: ഉത്തര ശകലങ്ങള്‍ ഒന്ന് ഒന്നിനെ തിരുത്തിക്കൊണ്ടിരിക്കും. പരസ്പരപൂരകങ്ങളായി ഇടഞ്ഞും ഇടചേര്‍ന്നും വെളിപാടുപോലെ മിന്നിയും തെളിഞ്ഞും പൊരുള്‍ പകര്‍ന്നുകൊണ്ടിരിക്കും.
പറഞ്ഞുനിര്‍ത്തുവാനൊരു ആത്യന്തിക വെളിപാടേയുള്ളൂ. ഈശ്വരന്‍ എന്നതുപോലെ ഇത്രമേല്‍ സങ്കീര്‍ണ്ണവും ആഴങ്ങള്‍ക്കുമാഴത്തിലുള്ളതുമായ ഒരു പ്രതിഭാസമില്ല; അതുകൊണ്ടുതന്നെ ഇത്രമേല്‍ ലളിതമായ മറ്റൊരു പ്രതിഭാസവുമില്ല!
ക്രിസ്ത്യന്‍ ഇമേജറീസ് ഉപയോഗിച്ച് പറഞ്ഞാല്‍ ലൂസിഫറിലേയ്ക്ക് ഗബ്രിയേലിനുള്ള ദൂരം കുറഞ്ഞുവരുന്ന പാപസന്ധിയിലാണ് വര്‍ത്തമാനകാലം. അവിടെ വിശ്വാസത്തിന്റെ നേര്ശുദ്ധിയെ കളങ്കപ്പെടുത്തുവാന്‍ എമ്പാടുനിന്നുമുണ്ട് സമ്മര്‍ദ്ദങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാധീനങ്ങള്‍. അതില്‍ കുടുങ്ങാതിരിക്കുവാന്‍ നിയന്താവുമായി നിരന്തരം സംവദിക്കണം; ഹൃദയൈക്യം പുലര്‍ത്തണം.
ശ്രേണീവിമുക്തനായ ഒരു പുരോഹിതന്റെ വാക്കുകളോട് എന്റെ സംഭാഷണത്തെ താരതമ്യപ്പെടുത്തിക്കാണരുത്. ആ വിശേഷണം എനിക്കിണങ്ങില്ല.
ചാഞ്ചല്യങ്ങളുടെ തോണിയില്‍ യാത്ര തുടരുന്ന ഒരുവനാണ് ഞാന്‍.
ഒമ്പതാം ക്ലാസിലോ പത്തിലോ പഠിക്കുമ്പോള്‍ ഞാന്‍ പള്ളിയില്‍ കുപ്പായമിട്ട് കുര്‍ബാനയ്ക്കു കൂടുമായിരുന്നു. ശുശ്രൂഷക്കാരന്‍ എന്നാണ് അതിന് ഞങ്ങള്‍ക്കിടയിലുള്ള പേര്; അള്‍ത്താര ബാലന്‍ (Altar Boy) എന്നു പറയുന്നതിനു സമം തന്നെ.
പൊതുവെ അന്തര്‍മുഖനും (അങ്ങനെയൊരു മേനിവമ്പിലാണ് ഞാനെന്റെ സങ്കോചങ്ങളെയും ത്രാണിയില്ലായ്മകളെയും അടയാളപ്പെടുത്തിപ്പോന്നത്!) പ്രായത്തിനൊത്ത കുസൃതികളില്‍ നിന്നും കൗമാരസഹജവ്യാപനങ്ങളില്‍ നിന്നും ആ പേരില്‍ ഒഴിഞ്ഞുനിന്നിരുന്നവനുമായ ഞാന്‍ ആ താത്പര്യത്തെ ആത്മീയജീവിതത്തോടുള്ള ചായ്‌വായി സ്വയം സങ്കല്പിക്കുവാന്‍ തുടങ്ങി. വൈദികരുടെയും മെത്രാന്മാരുടെയും സ്ഥാനവസ്ത്രങ്ങളിലെ തിളക്കം കണ്ടുണ്ടായ ആ കൗതുകത്തെ (ഭ്രമമെന്നും പറയാം) Vocation (ദൈവവിളി) എന്നുകൂടി തെറ്റിദ്ധരിക്കാതിരുന്നതിന് നന്ദി പറയേണ്ടത് യാക്കോബായ സുറിയാനി സമൂഹത്തിന്റെ പൗരസ്ത്യ കാതോലിക്കാബാവയായിരുന്ന ബസേലിയേസ് പൗലോസ് ദ്വിതീയനോടാണ്. ഞങ്ങളുടെ പുതുശ്ശേരി കുടുംബാംഗമായിരുന്ന അദ്ദേഹം അപ്പനെ ജ്യേഷ്ഠന്‍ എന്നാണ് വിളിച്ചിരുന്നത്. എന്റെയീ ചായ്‌വിനെ ഞാനൊരു തുറന്ന ആഗ്രഹപ്രകാശനത്തിലേയ്ക്ക് കൊണ്ടുചെന്നിരുന്നില്ല; അതിനും വേണ്ടിയിരുന്നല്ലോ വ്യക്തതയും കൃത്യതയും; പിന്നെ അതങ്ങനെയെന്നുറപ്പിച്ച് അതിന്‍വിധം പ്രകടിപ്പിക്കുവാനുള്ള തുറവിയും.
ബാവാതിരുമേനി എന്റെ മനസ്സിലെ ചാഞ്ചല്യം വായിച്ചിരുന്നുവോ എന്നറിയില്ല. ആത്മഗതം പോലെ ഒരു വാചകം അദ്ദേഹം പറഞ്ഞു:
പുറമെ കാണുന്ന വര്‍ണ്ണഭംഗിയൊന്നുമില്ല മോനേ, കനംതൂങ്ങുന്ന ഈ ളോഹയ്ക്കുള്ളിലെ നിയോഗത്തിന്; സാധാരണ ലൗകികജീവിതം നയിക്കുന്നവര്‍ നേരിടുന്നതിന്റെ ഇരട്ടി ധര്‍മ്മസങ്കടങ്ങളും നിസ്സഹായതകളും അഗ്നിപരീക്ഷകളുമാണ് ഈ വഴിയില്‍.
ആ പറഞ്ഞതിന്റെ അര്‍ത്ഥമൊന്നും വ്യക്തമായില്ല, അന്ന്. ഏതായാലും എനിക്ക് പറഞ്ഞിട്ടുള്ള പാതയല്ല ഇതെന്ന് തോന്നി മനസ്സില്‍ ഞാന്‍ ആ ചിന്തയില്‍ നിന്നും പിന്‍വലിഞ്ഞു.
ഓരോരോ കാലത്ത് ഓരോന്നിനോട് തോന്നുമായിരുന്ന ഭ്രമങ്ങളുടെ നിരയില്‍ ഈ ചിന്തയെക്കൂടി ചേര്‍ത്തപ്പോള്‍ ആ പിന്‍വാങ്ങല്‍ ക്ലേശരഹിതസുഗമവുമായി.
ഫിലോസഫിബിരുദധാരിയായിരുന്നു ബാവ. സി.ജെ. തോമസിന്റെയും ഫിലിപ്പോസ് ക്രിസോസ്റ്റം തിരുമേനിയുടെയും സഹപാഠിയും യുക്തിവാദ സുവിശേഷകനായിരുന്ന, കുറ്റിപ്പുഴയുടെ പ്രിയ ശിഷ്യനുമായിരുന്നു!
മദിരാശിയിലെ വിജയാ ഹോസ്പിറ്റലില്‍ അദ്ദേഹം ചികിത്സാര്‍ത്ഥം വന്നപ്പോള്‍ ബന്ധുവും നിര്‍മ്മാതാവുമായ ഏലിയാസ് ഈരാളിയോടൊപ്പം ഞാന്‍ കാണാന്‍ ചെന്നിരുന്നു. പലതും സംസാരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു:
തമ്പുരാന്റെ കൈയില്‍ നൂറ് പുത്തനേയുള്ളൂ.. അവിടത്തെ കമ്മട്ടത്തില്‍ നൂറ്റിയൊന്നാമത്തെ പുത്തനടിയ്ക്കാന്‍ വ്യവസ്ഥയുമില്ല. ആവശ്യക്കാരിങ്ങനെ നിത്യവും നിരക്കുമ്പം തമ്പുരാനെന്ത് ചെയ്യും? നിനക്ക് തന്നതീന്ന് നാലു പുത്തന്‍ തിരികെയെടുത്ത് നിന്നേക്കാള്‍ അതത്യാവശ്യമുള്ള ഒരുത്തന് കൊടുക്കും. തന്നതില്‍ പെട്ടെന്ന് കുറവ് വരുമ്പോള്‍ അന്ധാളിക്കുകയും പരവശപ്പെടുകയും ചെയ്യുന്നതിനുപകരം അത് ഇക്കാരണം കൊണ്ടെന്ന് മനസ്സിലാക്കിയാല്‍ പിന്നെ വിഷമം തോന്നില്ല. പത്തു ചോദിക്കുമ്പം ആറേ കിട്ടിയുള്ളൂവെങ്കില്‍ ആ ആറുതന്നെ രണ്ടോ മൂന്നോ പേരുടെ കൈയീന്ന് തിരികെയെടുത്തിട്ട് തന്നതാണെന്ന് മനസ്സിലാക്കിയാല്‍പ്പിന്നെ അതിലും പരാതീം പരിഭവോം ഉണ്ടാവുകേലാ...
സന്ധിമുഹൂര്‍ത്തങ്ങള്‍ വരുമ്പോഴൊക്കെ ഞാനീ വാക്കുകള്‍ ഓര്‍ക്കും; എന്നോടുതന്നെ ഏറ്റുചെല്ലും.... അതെനിക്ക് വിശ്വാസപ്രമാണത്തിന്റെ തുടര്‍ച്ചയായി!
മനസ്സില്‍ ആഴ്ന്നു കയറിപ്പറ്റിയ ഒരു മുഖപുസ്തകസുവിശേഷം കൂടി പങ്കിടട്ടെ:
തിരക്കൊഴിഞ്ഞ ഭാഗത്തായി ഒരു പള്ളിയും മേടയും. നിത്യം അതിരാവിലെ ഒരു കുടയും ചൂടി മൂന്ന് വയസ്സു കഷ്ടി പ്രായം വരുന്ന ഒരു കുട്ടി പള്ളിമുമ്പിലെ രൂപക്കൂടിന്റെയടുത്തുവരും. കൈകള്‍ കൂപ്പി ധ്യാനലീനം നില്‍ക്കും. ഇടയ്ക്ക് എന്തോ പ്രാര്‍ത്ഥിക്കും. അതിനിടയില്‍ ആ കുഞ്ഞിക്കണ്ണുകള്‍ നിറയും. കണ്ണു തുടച്ച് കുഞ്ഞ് രൂപക്കൂടിന്റെ മുമ്പില്‍ സാഷ്ടാംഗം കുമ്പിടും. പിന്നെ മുഖം തുടച്ച് കുടയെടുത്ത് അതും ചൂടി വന്ന ചാലിലൂടെ നടന്ന് നടന്ന് അപ്രത്യക്ഷയാകും. ഒരു ദിവസം പോലും മുടങ്ങാതെ ആവര്‍ത്തിക്കുന്ന ഈ പതിവ് സാകൂതം കണ്ട പള്ളിയിലെ അച്ചന് ഈ കുഞ്ഞുരുവിടുന്ന പ്രാര്‍ത്ഥന എന്താണെന്ന് കേള്‍ക്കുവാനൊരു ജിജ്ഞാസ. ഒരു പ്രാര്‍ത്ഥനാവാചകം കൃത്യമായി ഓര്‍ത്തുരുവിടാന്‍ മാത്രം പ്രായവളര്‍ച്ചയൊന്നുമില്ല കുഞ്ഞിന്. പിറ്റേന്ന് പുലര്‍ച്ചയ്ക്ക് കുട്ടി കാണാതെ അച്ചന്‍ ശ്രദ്ധിച്ചു. കൃത്യമായി എന്തോ ആ കുഞ്ഞുചുണ്ടുകള്‍ ഉരുവിടുന്നുണ്ട്. പക്ഷെ, ശബ്ദമില്ലാതെയാണ് മന്ത്രണം. എന്താണെന്ന് ചോദിച്ചറിയുകയേ നിര്‍വാഹമുള്ളു.
ചോദിച്ചു.
രഹസ്യമായി ചെയ്യുന്ന കര്‍മ്മം കണ്ടുപിടിക്കപ്പെട്ടതിന്റെ പരിഭ്രമം മാറ്റിയെടുത്ത് വളരെ തഞ്ചത്തില്‍ അച്ചന്‍ ചോദ്യമുതിര്‍ത്തു.
രൂപക്കൂടിനടുത്തുള്ള മൂപ്പരോട് പോലും പറഞ്ഞിട്ടില്ലാത്ത രഹസ്യമാണ് പ്രാര്‍ത്ഥന. ആരോടും പറയില്ലെന്ന ഉറപ്പിലാണ് അച്ചനോട് അത് വെളിപ്പെടുത്തിയത്.
കുട്ടി അംഗന്‍വാടിയില്‍ ചെന്നപ്പോള്‍ ടീച്ചര്‍ ഈണത്തില്‍ ചൊല്ലിപ്പഠിപ്പിച്ച ഇംഗ്ലീഷ് അക്ഷരമാലയാണ് നിത്യവും ധ്യാനലീനം സ വിധത്തില്‍ ഉരുക്കഴിക്കുന്ന പ്രാര്‍ത്ഥന...
എ, ബി, സി, ഡി, ഇ, എഫ്, ജി, എച്ച്, ഐ, ജെ, കെ, എല്‍, എം, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ലിയു, എക്‌സ്, വൈ, സെഡ്!
എല്‍, എം, എന്‍, ഒ, പി യുടെ ഇരട്ടിപ്പിലെത്തുമ്പോള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ച് ഉള്ളകം തേമ്പുമ്പോഴാണത്രെ കുഞ്ഞു കണ്ണീരൊഴുക്കുന്നത്!
താനങ്ങനെ പ്രാര്‍ത്ഥിക്കുന്നത് തെറ്റാണോ എന്നായി കുട്ടിയുടെ ഭയം.
അല്ലെന്നും സമക്ഷത്തിലുണര്‍ത്തിക്കാവുന്ന ഏറ്റവും നല്ല പ്രാര്‍ത്ഥന അതുതന്നെയാണെന്നും പറയാതെ പറഞ്ഞ് വൈദികന്‍ കുഞ്ഞിനെ സമാശ്വസിപ്പിച്ചത് മൂര്‍ദ്ധാവില്‍ ഉമ്മവെച്ചിട്ടാണ്.
പിന്നീട് ആലക്തികദീപങ്ങള്‍ക്ക് നടുവില്‍, ധൂപക്കുറ്റിയില്‍ നിന്നുള്ള കുന്തിരിക്കത്തിന്റെ സൗരഭധൂമവലയങ്ങള്‍ക്കിടയില്‍ ഗായകസംഘത്തിന്റെ സ്‌തോത്രഗീതങ്ങള്‍ ബലിപീഠത്തിനു ചുറ്റും ഭക്തിഭേരിയിലുണര്‍ന്നപ്പോള്‍ വൈദികന്റെ കാതില്‍ അവ വന്നെത്തിയത് എ, ബി, സി, ഡി, അക്ഷരമാലയുടെ സങ്കീര്‍ത്തനമായാണ്...
എന്റെയും...!
(ടെല്‍ ബ്രെയില്‍ ബുക്‌സ് ഡിസംബര്‍ അവസാനം പ്രസിദ്ധപ്പെടുത്തുന്ന ജോണ്‍ പോള്‍ സംഭഷണങ്ങളിലൂടെ ജീവിതം വരയുന്നു... എന്ന ഗ്രന്ഥത്തില്‍ നിന്ന്)