മനുഷ്യസ്‌നേഹിയായ ഫ്രാന്‍സിസ് പാപ്പ

മനുഷ്യസ്‌നേഹിയായ ഫ്രാന്‍സിസ് പാപ്പ

ഫ്രാന്‍സിസ് പാപ്പ തന്റെ ശുശ്രൂഷയുടെ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ കാലയളവില്‍ സഭയെ അദ്ദേഹം എങ്ങനെ നയിച്ചു, എന്തു സംഭാവനയാണ് അദ്ദേഹം സഭയ്ക്കും ലോകസമൂഹത്തിനും നല്കിയിട്ടുളളത് എന്ന ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഇന്നു ലോകസമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വ്യക്തി ആരെന്ന ചോദ്യത്തിന് ഫ്രാന്‍സിസ് പാപ്പ എന്ന ഉത്തരമാകും ബഹുഭൂരിപക്ഷം മനുഷ്യരും നല്കുക. അത്രയ്ക്കധികം ആകര്‍ഷണീയമാണ് അദ്ദേഹം ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്ന ജീവിതവീക്ഷണം. സാര്‍വത്രിക സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും പ്രവാചകനാണ് അദ്ദേഹം. ദൈവികതയും മാനുഷികതയും നിറഞ്ഞു തുളമ്പി നില്ക്കുന്ന ആകര്‍ഷണീയമായ വ്യക്തിത്വത്തിന്റെ ഉടമയായി ലോകം അദ്ദേഹത്തെ നോക്കി കാണുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലും സമീപനങ്ങളിലും പ്രകടമാകുന്ന കറയറ്റ മാനുഷികതയുടെ മാസ്മരികതയില്‍ നിരീശ്വരവാദികള്‍പോലും ആകര്‍ഷിക്കപ്പെടുന്നു. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദിശ സമകാലിക ലോകത്തിനു ചൂണ്ടി കാണിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളോടൊപ്പം മനുഷ്യകുലം എന്ന ഉദാത്ത സങ്കല്പത്തിന്റെ ശക്തനായ പ്രവാചകനായി ഫ്രാന്‍സിസ് പാപ്പ വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലുകള്‍ വിശ്വസാഹോദര്യത്തിന്റെയും കറയറ്റ സ്‌നേഹത്തിന്റെയും ഒരു ഉത്സവപ്രതീതി ഉണര്‍ത്താന്‍ പോരുന്നതാണ്.

'എല്ലാ മനുഷ്യരും നല്ലവരും സ്‌നേഹിക്കപ്പെടേണ്ടവരും ആണ്' എന്ന ചിന്ത ഫ്രാന്‍സിസ് പാപ്പയുടെ അടിസ്ഥാന ജീവിതപ്രമാണമാണ്. അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നതിനു തൊട്ടുമുമ്പുളള ദിവസങ്ങളില്‍ കുറിച്ചുവച്ച തന്റെ ബോധ്യങ്ങളുടെ അഥവാ വിശ്വാസപ്രമാണത്തിന്റെ കേന്ദ്രബിന്ദു ഈ ചിന്തയാണ്. കൗതുകകരമായ വസ്തുത പ്രാര്‍ത്ഥനാപുസ്തകത്തില്‍ ഈ കുറിപ്പ് അദ്ദേഹം കര്‍ദിനാള്‍ ആയിരുന്നപ്പോള്‍പോലും ഭദ്രമായി സൂക്ഷിക്കുന്നുണ്ടായിരുന്നു. അതു സൂചിപ്പിക്കുന്നത് കൃത്യതയുളള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ജീവിതത്തില്‍ ഉടനീളം പ്രായോഗികമാക്കുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധയാണ്. വേറൊരു ക്രിസ്തുവെന്നു ലോകം അടയാളപ്പെടുത്തിയ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം സ്വീകരിക്കാന്‍ പാപ്പയെ പ്രേരിപ്പിച്ചതു സാര്‍വത്രിക സാഹോദര്യത്തെ സംബന്ധിച്ച തന്റെ ബോധ്യമാകും. മനുഷ്യരെ മാത്രമല്ല, ഭൂമിയെ അമ്മയായും, സൂര്യനെയും ചന്ദ്രനെയും ജലത്തെയും മറ്റും സഹോദരീസഹോദരങ്ങളായും കണക്കാക്കിയ വിശുദ്ധനാണ് ഫ്രാന്‍സിസ്. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും വിശുദ്ധിയും വെളിപാടുപോലെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷത്തില്‍ കര്‍ദിനാള്‍ ബെര്‍ഗോളിയായുടെ മനസ്സില്‍ പൊന്തിവന്നത് ദൈവനിയോഗമായി വേണം കാണാന്‍.

ആരും അന്യരല്ല

എല്ലാവരെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ സമീപനത്തില്‍ യേശുവിന്റെ ചൈതന്യം തനിമയാര്‍ന്നവിധം ദൃശ്യമാണ്. യഹൂദപ്രമാണികളും നിയമജ്ഞരും പുരോഹിതരും കൂടി സൃഷ്ടിച്ച ഇടുങ്ങിയ ലോകത്തിന്റെ പശ്ചാത്തലത്തിലാണ് യേശു സുവിശേഷപ്രസംഗം നടത്തിയത്. നിയമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാരംകൊണ്ടു വലഞ്ഞ ഒരു ജനതയെയാണ് യേശു ചുറ്റുപാടും കണ്ടത്. ആത്മാവില്ലാത്ത, മാനുഷികതയുടെ സ്പര്‍ശമില്ലാത്ത കര്‍ക്കശ നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചിരുന്ന നിയമജ്ഞരെയും പ്രമാണികളെയും മറ്റും നിശിതമായി വിമര്‍ശിക്കുന്ന യേശുവിന്റെ ചിത്രം ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നു. പാപിനിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന നിയമം നടപ്പാക്കാന്‍ യേശുവിന്റെ മുമ്പില്‍ നിറുത്തപ്പെട്ട സ്ത്രീയോടു യേശു കാണിച്ച കരുണയുടെ സൗന്ദര്യം ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലുകളില്‍ നമുക്ക് ദൃശ്യമാകും. വിദ്വേഷവും ശത്രുതയും അക്രമവും പരദൂഷണവും മറ്റും ശക്തമാകുന്ന നമ്മുടെ പരിസരങ്ങളില്‍ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും തിരിനാളം കൊളുത്താനാണു ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ശ്രമിക്കുന്നത്.

എല്ലാ മനുഷ്യരെയും ഉള്‍ചേര്‍ക്കുന്ന ജാതി, വിശ്വാസം, പാരമ്പര്യം തുടങ്ങിയവയുടെ പേരില്‍ ആരെയും അകറ്റി നിറുത്താത്ത ഒരു സമീപനമാണ് യേശു തന്റെ ശിഷ്യരുടെ മുമ്പില്‍ അവതരിപ്പിച്ചത്. പാപികളും കുഷ്ഠരോഗികളും മുടന്തരും വേശ്യകളും ചുങ്കക്കാരും പട്ടണിപ്പാവങ്ങളും സമ്പന്നരും എന്നുവേണ്ട എല്ലാവരെയും ചേര്‍ത്തുനിറുത്തുന്ന യേശുവിന്റെ ശൈലിയാണ് ഫ്രാന്‍സിസ് പാപ്പയുടെ സംസാരത്തിലും പ്രവൃത്തികളിലും ലോകം ദര്‍ശിക്കുന്നത്. ഉദാഹരണത്തിനു തങ്ങളുടെ കുറ്റത്താലല്ലാതെ ട്രാന്‍സ്ജന്‍ഡേഴ്‌സായി ജനിക്കുന്നവരെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അകറ്റി നിറുത്തുന്ന രീതിയെ പാപ്പ കുറ്റപ്പെടുത്തുന്നു. സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്ക് അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. പല തരത്തിലുളള സമ്മര്‍ദത്തിന്റെ പേരില്‍ വിവാഹജീവിതത്തില്‍നിന്നു വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വരുന്നവരെ തളളിക്കളയുന്ന സമീപനത്തില്‍ മാറ്റം വരണമെന്ന അദ്ദേഹത്തിന്റെ വാദത്തിന്റെ പിന്നില്‍ കരുണയുടെ തനിമയുണ്ട്. വിവാഹമോചനം ഒരു തരത്തിലും ന്യായീകരിക്കുകയല്ല പാപ്പ ഇവിടെ ചെയ്യുന്നത്. മറിച്ച് ഒറ്റപ്പെടുന്നതിന്റെ വേദന അനുഭവിക്കുന്നവരെ സഭാമാതാവ് അനുകമ്പയോടെ കാണണമെന്ന വാദമാണ്. യേശുവിനോടുളള വിശ്വസ്തതയായി ഇതിനെ കാണാനാകണം. പല കാരണങ്ങള്‍കൊണ്ടും ജീവിതം വഴിമുട്ടിയ അഭയാര്‍ത്ഥികളുടെയും പട്ടിണിപ്പാവങ്ങളുടെയും പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു.

വത്തിക്കാന്‍ സൂനഹദോസിന്റെ പുതുമയാര്‍ന്ന വ്യാഖ്യാനം

ആധുനിക സഭാചരിത്രത്തെ വത്തിക്കാന്‍ സൂനഹോദസിനു മുമ്പും പിമ്പും എന്ന് വേര്‍തിരിക്കാറുണ്ട്. പാരമ്പര്യങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകളില്‍ കെട്ടുപിണഞ്ഞു ഊര്‍ജസ്വലത നഷ്ടപ്പെട്ട സഭയില്‍ ഊഹാതീതമായ മാറ്റങ്ങള്‍ക്കു ആഹ്വാനം ചെയ്ത സൂനഹദോസിന്റെ (1962- 1965) സമകാലിക വ്യാഖ്യാനമാണ് ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം എന്നു പറയുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ചു 'ജനതകളുടെ പ്രകാശം', 'സഭ ആധുനികലോകത്തില്‍' എന്നീ പ്രമാണരേഖകള്‍ ലോകത്തിനു വളരെ ലളിതമായി വ്യാഖാനിച്ചു നല്കുന്നു. സഭയെ ദൈവജനമായാണ് സൂനഹദോസ് വിശേഷിപ്പിക്കുന്നത്. 'സിനഡല്‍ സഭ' എന്ന സങ്കല്പ്പം ഫ്രാന്‍സിസ് പാപ്പ അവതരിപ്പിക്കുന്നത് അറുപതു വര്‍ഷത്തിനിപ്പുറം നടന്ന വത്തിക്കാന്‍ സൂനഹദോസിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. പങ്കാളിത്തത്തിന്റെ, സൗഹൃദസംഭാഷണത്തിന്റെ, കൂട്ടായ്മയുടെ ശൈലി സഭയില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണത്. ആരെയും മാറ്റി നിറുത്താതെ എല്ലാവരെയും ഉള്‍ചേര്‍ക്കുന്ന ശൈലി. ആശയങ്ങള്‍ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്ന രീതിക്കുപകരം എല്ലാവരും ഒരുമിച്ച് ആലോചനയില്‍ പങ്കുചേരുന്നിടത്താണ് പരിശുദ്ധാത്മാവ് ഇടപെടുന്നതെന്ന വിശ്വാസമാണ് ഈ സമീപനത്തിന്റെ പിന്നില്‍. 'എല്ലാവരും സഹോദരര്‍' എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനത്തിന്റെ അവസാനം നല്കിയിട്ടുളള ചുവടെ ചേര്‍ക്കുന്ന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് പാപ്പയുടെ മനസ്സു വ്യാപരിക്കുന്ന തലങ്ങളുടെ സംക്ഷിപ്ത രൂപമുണ്ട്: ''മാനവകുടുംബത്തിന്റെ പിതാവായ ദൈവമേ, എല്ലാ മനുഷ്യരെയും തുല്യ അന്തസ്സോടെ അങ്ങു സൃഷ്ടിച്ചു; ഞങ്ങളുടെ ഹൃദയങ്ങളെ സാഹോദര്യത്തിന്റെ അരൂപികൊണ്ടു നിറയ്ക്കുകയും പുതിയൊരു കൂടിക്കാഴ്ച്ചയും സംവാദവും നീതിയും സമാധാനവും സ്വപ്‌നം കാണാനും ഞങ്ങളെ പ്രേരിപ്പിക്കണമേ. വിശപ്പും ദാരിദ്ര്യവും അക്രമവും യുദ്ധവും ഇല്ലാത്ത കുറച്ചുകൂടി മാന്യവും ക്ഷേമസുന്ദരവുമായ ലോകം സൃഷ്ടിക്കാന്‍ അങ്ങു ഞങ്ങളെ പ്രചോദിപ്പിക്കണമേ. ഭൂമിയിലെ സകല മനുഷ്യരിലേക്കും രാജ്യങ്ങളിലേക്കും ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങു തുറക്കണമേ. അങ്ങു ഞങ്ങളില്‍ പാകിയ നന്മയും സൗന്ദര്യവും ഞങ്ങള്‍ തിരിച്ചറിയട്ടെ. പരസ്പരൈക്യവും കൂട്ടായ സ്വപ്നവും പരിപോഷിപ്പിക്കാനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും അതുവഴി ഞങ്ങള്‍ക്കാകട്ടെ.''

മനോഹരമായ ഈ പ്രാര്‍ത്ഥനയില്‍ അന്തര്‍ലീനമായിരിക്കുന്ന ചിന്താധാര യേശു തന്റെ ശിഷ്യരെ പഠിപ്പിച്ചതാണ്; വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്യുന്ന സഭയുടെയും സമൂഹത്തിന്റെയും രൂപഭാവം ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ദുഃഖകരമായൊരു സത്യം സാമകാലിക സഭയിലും സമൂഹത്തിലും ഇത്തരം സുന്ദരമായ പ്രാര്‍ത്ഥന അര്‍പ്പിക്കാന്‍ കഴിയുന്നവര്‍ ഇല്ലാതാകുന്നു എന്നതാണ്. മനസ്സിനു വിശ്വത്തോളം വ്യാപ്തിയുള്ളവര്‍ക്കെ, എല്ലാ മനുഷ്യരെയും തുല്യരും സഹോദരരുമായി കാണാന്‍ കഴിയുന്നവര്‍ക്കെ ഇത്തരം പ്രാര്‍ത്ഥന വഴങ്ങുകയുള്ളൂ. കേരളത്തില്‍ മതങ്ങള്‍ ഇന്നു സമുദായങ്ങളായി ചുരുങ്ങിപ്പോകുന്നുണ്ട്. സഭയുടെ കാര്യവും വ്യത്യസ്തമല്ല. ധ്യാനഗുരുക്കന്മാരും മറ്റും ഇവിടെ പ്രഘോഷിക്കുന്നത് പഴയനിയമ ജീവിതവീക്ഷണമാണെന്നു സംശയിക്കുന്നവരുണ്ട്. അവര്‍ സൃഷ്ടിക്കുന്ന ലോകം യേശുവിന്റെ കാലത്തെ നിയമജ്ഞരും പുരോഹിത പ്രമാണികളും സൃഷ്ടിച്ച ഇടുങ്ങിയ ലോകം തന്നെയല്ലേ?

ഫ്രാന്‍സിസ് പാപ്പ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ചപ്പാടു സമത്വവും സ്‌നേഹവും സ്വാതന്ത്ര്യവും വിലമതിക്കപ്പെടുന്ന ഒരു ലോകത്തിന്റേതാണ്. നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കല്പ്പിക്കുന്ന പ്രാധാന്യത്തെക്കാള്‍ പ്രഥമ പരിഗണന മനുഷ്യനു നല്കണമെന്ന ചിന്തയ്ക്കാണ് അദ്ദേഹം ഊന്നല്‍ നല്കുന്നത്. മാത്രമല്ല, മനുഷ്യകുലത്തെ ഗൗരവമായി ബാധിക്കുന്ന വര്‍ഗീയ ചേരിതിരിവ്, ഭീകരവാദം, യുദ്ധം, പ്രകൃതിചൂഷണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അദ്ദേഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഈ സമീപനങ്ങളാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നത്.

മതമൈത്രിയുടെ പ്രവാചകന്‍

2019-ല്‍ ഫ്രാന്‍സിസ് പാപ്പ യു എ ഈ സന്ദര്‍ശനത്തോടൊപ്പം മനുഷ്യസാഹോദര്യം (Human Fraternity Document) എന്ന രേഖയില്‍ പാപ്പയും അല്‍ അസാറിലെ ഗ്രാന്റ് ഇമാം, ഷെയ്ക് അഹമ്മദ് ഏല്‍ തായെബ് (Sheikh-Ahmed el-Tayeb) ഒപ്പുവച്ചത് വലിയ ചരിത്ര സംഭവമാണ്. ഗ്രാന്റ് ഇമാം ചാക്രികലേഖനരചനയ്ക്ക് വലിയ പ്രചോദനം നല്കിയെന്ന് പാപ്പ സൂചിപ്പിക്കുന്നുണ്ട്. വര്‍ഗീയ വെറുപ്പും ഭീകരവാഴ്ച്ചയും പല അറബിരാജ്യങ്ങളിലും ശക്തിപ്പെടു ന്ന സാഹചര്യത്തില്‍ യു എ ഇ 2019 സഹിഷ്ണുതയുടെ വര്‍ഷമായി ആചരിക്കുകയുണ്ടായി. അതിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ് പാപ്പ ക്ഷണിക്കപ്പെട്ടത്. വിശ്വാസത്തിന്റെ പിതാവായി അംഗീകരിക്കപ്പെടുന്ന അബ്രാഹമിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന യഹൂദ-ക്രൈസ്തവ-മുസ്‌ലീം വിശ്വാസികള്‍ക്കുവേണ്ടി അബ്രാഹമിന്റെ കുടുംബഭവനം (Abrahmic Family House) എന്ന പേരില്‍ യഹൂദ-ക്രിസ്റ്റ്യന്‍-മുസ്‌ലീം ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കെട്ടിടസമുച്ചയം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും അവിടെവച്ചുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെട്ട, മതങ്ങള്‍ തമ്മിലുളള സഹകരണത്തിന്റെ പ്രതീകമായ ആ പ്രാര്‍ത്ഥനാലയങ്ങള്‍ 2023 മാര്‍ച്ച് 1-ന് ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നത് വലിയ പ്രതീക്ഷയുണര്‍ത്തുന്നു.

സങ്കുചിതത്വത്തിന്റെയും അസഹിഷ്ണുതയുടെയും ഇടുങ്ങിയ താവളങ്ങള്‍ കേരളത്തിലെ മതങ്ങളുടെ ഇടയിലുണ്ടെന്ന സത്യം ഗൗരവമായി കാണേണ്ടതാണ്. സ്‌നേഹസംവാദത്തിന്റെ ബാലപാഠങ്ങള്‍ ഗ്രഹിക്കാത്ത കുറെപ്പേര്‍ അടുത്തകാലത്തു സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങള്‍ അസഹിഷ്ണുത നിറഞ്ഞുനില്ക്കുന്നവയാണ്. പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം സമീപനങ്ങള്‍ മതമൂല്യങ്ങളുടെ തായ്‌വേരു മുറിക്കുന്നതിനു തുല്യമാണ്. അതു ചെയ്യരുതെന്നു പറയാന്‍ കരുത്തുള്ള ആത്മീയാചാര്യന്മാര്‍ ഇല്ലാത്ത അവസ്ഥയുണ്ടെന്നതു ദുഃഖകരമാണ്. സ്വന്തം മാളങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന പ്രവണത അപകടത്തിന്റെ സൂചനയാണ്. ഒന്നിച്ചു കൈകോര്‍ത്തുനിന്നു സമാധാനത്തിന്റെ സന്ദേശം നല്‌കേണ്ടവരുടെ മൗനം അപകടം വിളിച്ചു വരുത്തും. ഫ്രാന്‍സിസ് പാപ്പയുടെ സമീപനങ്ങളുടെ അടുത്തെങ്ങും കേരളസഭയ്ക്ക് എത്താനാകുന്നില്ലെന്ന സത്യം ദുഃഖകരമാണ്.

ഫ്രാന്‍സിസ് പാപ്പയില്‍നിന്നു ചൈതന്യം ഉള്‍ക്കൊണ്ട് എല്ലാവരെയും സഹോദരരായി പരിഗണിക്കുകയും മതാന്തര സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും അക്രമിക്കാനും ശ്രമിക്കുന്നവരുണ്ട്. അതു കടുത്ത വര്‍ഗീയതയുടെ സമീപനങ്ങളാണ്. ഒരു തരത്തിലുള്ള ഭീകരവാദം അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ക്രൈസ്തവീകതയ്ക്ക് ഒട്ടും നിരക്കാത്ത ഈ സമീപനത്തിനു കാരണം, വത്തിക്കാന്‍ സൂനഹദോസിന്റെയും മാര്‍പാപ്പമാരുടെയും പ്രബോധനങ്ങള്‍ അവര്‍ വേണ്ടത്ര മനസ്സിലാക്കാത്തതാണ്. മതമൗലികവാദം വിദ്വേഷത്തിനും കലഹത്തിനും മാത്രമല്ല വംശഹത്യയ്ക്കുപോലും വഴിതെളിക്കുമെന്ന കാര്യം ആരും മറക്കരുത്.

ദൈവികതയുടെയും മനുഷ്യത്വത്തിന്റെയും അളവുകോലുവച്ച് എല്ലാ പ്രവര്‍ത്തനങ്ങളെയും സംവിധാനങ്ങളെയും സര്‍വോപരി മനോഭാവങ്ങളെയും വിലയിരുത്താനുള്ള ആഹ്വാനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം നല്കിക്കൊണ്ടിരിക്കുന്നത്. അധികാരഭ്രമവും ആര്‍ത്തിയും സ്വാര്‍ത്ഥതയും വെടിഞ്ഞ് എല്ലാ മനുഷ്യരെയും പ്രകൃതിയെയും സ്‌നേഹിക്കാനും, എല്ലാവരോടും പ്രത്യേകിച്ചു സമൂഹത്തിന്റെ പുറംപോക്കില്‍ ദയനീയമായവിധം ജീവിക്കാന്‍ വിധിക്കപ്പെട്ടവരോടു വേണ്ടത്ര കരുതലും ആദരവും പ്രകടിപ്പിക്കുകയാണ് നേരായ വഴിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സ്‌നേഹത്തിന്റെ നിറവുള്ള മനുഷ്യനില്‍ ദൈവത്തിന്റെ നിറവുണ്ടാകും (He who is filled with love is filled with God Himself) എന്ന വിശുദ്ധ അഗസ്റ്റിന്റെ പ്രസ്താവന അക്ഷരശഃ ഫ്രാന്‍സിസ് പാപ്പയില്‍ യാഥാര്‍ത്ഥ്യമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org