വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളുടെ ചരിത്രം

വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളുടെ ചരിത്രം
Published on

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നയതന്ത്ര സര്‍വീസ് വത്തിക്കാന്റേതാണ്. Legati a Latere (ഉന്നത അധികാരങ്ങളോടുകൂടിയതും ഒന്നാം റാങ്കിലുള്ളതുമായ പേപ്പല്‍ പ്രതിനിധി) എന്നറിയപ്പെടുന്ന മാര്‍പാപ്പയുടെ പ്രതിപുരുഷന്മാര്‍ സുപ്രധാനമായ ആലോചന സമിതികളിലേക്കോ അതുപോലെ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കോ മാര്‍പാപ്പമാരെ പ്രതിനിധീകരിക്കുവാന്‍ അയക്കപ്പെട്ടിരിക്കുന്നു. AD 325 ല്‍ നിഖ്യ സൂനഹദോസില്‍ ഇത്തരമൊരു പ്രതിനിധി സംബന്ധിച്ചിരുന്നു.

ആദിമ നൂറ്റാണ്ടുകളിലെ പേപ്പല്‍ പ്രതിനിധികളുടെ ദൗത്യം പ്രധാനമായും ആത്മീയമായിരുന്നു എങ്കിലും അഞ്ചും എട്ടും നൂറ്റാണ്ടുകളുടെ ഇടയില്‍ അതിന് മാറ്റം വരാന്‍ തുടങ്ങുകയും പൊതുജനങ്ങളുടെ ആഘോഷ പരിപാടികളിലേക്കും അതുപോലെ മതപരമായ ചടങ്ങു കളിലേക്കും താല്‍ക്കാലിക രഹസ്യസന്ദേശ വാഹകരെ അയക്കുകയും ചെയ്തിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം ആയതോടുകൂടെ സ്ഥിരം പേപ്പല്‍ പ്രതിനിധികളുടെ കാലമായി. പതിനാറാം നൂറ്റാണ്ടോടെ പരിശുദ്ധ സിംഹാസനം വിവിധ രാജ്യങ്ങളുമായി സ്ഥാനപതികളെ കൈമാറുകയും അപ്പസ്‌തോലിക് സ്ഥാനപതി കാര്യാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. അങ്ങനെ വെനീസിലാണ് 1500-ല്‍ അപ്പസ്‌തോലിക് സ്ഥാനപതി കാര്യാലയം ആദ്യമായി സ്ഥാപിക്കപ്പെട്ടത്.

1961 ലെ വിയന്ന നയതന്ത്ര കണ്‍വെന്‍ഷനിലെ പ്രഖ്യാപന പ്രകാരം പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥാനപതിമാര്‍ അഥവാ അപ്പസ്‌തോലിക് നൂണ്‍ഷിയോമാര്‍, തങ്ങള്‍ അധികാരപ്പെടുത്തപ്പെട്ട രാജ്യത്തിലെ നയതന്ത്ര സംഘത്തിന്റെ മുഖ്യാധികാരി ആയിരിക്കും. അത്തരം നയതന്ത്ര പ്രവര്‍ത്തനം നിയമപരമായി (De jure) നിലവില്‍ ഇല്ലെങ്കില്‍ തന്നെയും പ്രസ്തുത സ്ഥലങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന് നയതന്ത്രയുടെ പദവിയിലുള്ള പേപ്പല്‍ നയതന്ത്ര പ്രതിനിധിയെ നിയമിക്കുവാനും പേപ്പല്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുവാനും കഴിയും.

1961 ലെ വിയന്ന നയതന്ത്ര കണ്‍വെന്‍ഷനിലെ പ്രഖ്യാപന പ്രകാരം പരിശുദ്ധ സിംഹാസന ത്തിന്റെ സ്ഥാനപതിമാര്‍ അഥവാ അപ്പസ്‌തോലിക് നൂണ്‍ഷിയോമാര്‍, തങ്ങള്‍ അധികാരപ്പെടു ത്തപ്പെട്ട രാജ്യത്തിലെ നയതന്ത്ര സംഘത്തിന്റെ മുഖ്യാധികാരിയായിരിക്കും.

അന്തര്‍ദേശീയ നിയമങ്ങള്‍ക്കു വിധേയമായി പരിശുദ്ധ സിംഹാസനം അവിതര്‍ക്കിതമായും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. എന്നാല്‍ സര്‍വപ്രധാനമായും ഒരു മതരാഷ്ട്രവുമാണ്. പരിശുദ്ധ സിംഹാസനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും വെറുമൊരു രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളായി സ്വാംശീകരിക്കാനുള്ള പ്രവണതയില്‍ നാം ഉള്‍പ്പെടരുത്. പരിശുദ്ധ സിംഹാസനത്തിന്റെ വ്യതിരക്ത സ്വഭാവം വത്തിക്കാന്‍ നഗര രാഷ്ട്രത്തിന്റേതില്‍ നിന്നും തികച്ചും വിഭിന്നമാണ്. ഒന്ന് അതിരുകളില്ലാത്ത സ്ഥാപനമാണെങ്കില്‍ മറ്റേത് രാഷ്ട്രമാണ്.

തീര്‍ച്ചയായും നയതന്ത്രം അതിനാല്‍ തന്നെ സവിശേഷമായ ഒരു നൈയാമിക സ്ഥാപനമാണ്. നിയമത്തിന്റേതിനേക്കാള്‍ ഉപരിയായി അത് നടപടിക്രമങ്ങളോടും ആചാരങ്ങളോടും കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നു. അത് അന്തര്‍ദേശീയ നിയമവൃത്തങ്ങളോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഓരോ രാഷ്ട്രത്തിലേയും കത്തോലിക്കരുടെ മേല്‍ മാര്‍പാപ്പയ്ക്കുള്ള ആത്മീയ പരമാധികാരം ആദ്ധ്യാത്മിക തലത്തില്‍ മാത്രമുള്ളതാണ്. ഭൗതികതലത്തിലുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും രാഷ്ട്രത്തിലെ ഭൗതിക പരമാധികാരിയുമായി ബന്ധപ്പെട്ടവയാണ്. കത്തോലിക്കര്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ മാത്രമേ സഭയോട് വിശ്വസ്തരായിരിക്കാന്‍ ബാധ്യതയുള്ളൂ. അതേസമയം തങ്ങളുടെ മതേതര ഭരണാധികാരിയോട് മനസ്സാക്ഷി അനുശാസിക്കുന്ന വിധം അധികാരിയുടെ അര്‍ഹതപോലെ എല്ലാ കാര്യങ്ങളിലും വിധേയനായിരിക്കുവാന്‍ കത്തോലിക്കര്‍ ബാധ്യസ്ഥരാണ്.

പരിശുദ്ധ സിംഹാസനത്തിന് പരാശ്രയമില്ലാതെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം തീര്‍ച്ചപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള സഭയുടെ ആത്മീയ ഭരണകൂടത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അന്തര്‍ദേശീയ രംഗങ്ങളില്‍ പോലും അവിതര്‍ക്കിതമായ പരമാധികാരം ഉത്തരവാദിത്വപൂര്‍വം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വത്തിക്കാന്‍ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത്.

Sollicitudo ominium Ecclesiarum (the care of all the churches) ഈ മോത്തൂ പ്രോപ്രിയോയില്‍ പേപ്പല്‍ നയതന്ത്ര പ്രതിനിധികളെ അവരുടെ പദവി അനുസരിച്ച് ഇനം തിരിച്ചു കാണിച്ചിട്ടുണ്ട്. അതനുസരിച്ച് അപ്പസ്‌തോലിക് നൂണ്‍ഷിയോ അംബാസിഡറുടെ പദവിയിലുള്ള മെത്രാപ്പോലീത്തയായിരിക്കും. അദ്ദേഹം പ്രാദേശിക സഭയിലും ബന്ധപ്പെട്ട ഗവണ്‍മെന്റിലും രാഷ്ട്രത്തിലും പരിശുദ്ധ പിതാവിനെ പ്രതിനിധീകരിക്കും. അപ്പസ്‌തോലിക് പ്രോ-നൂണ്‍ഷിയൊക്കും നൂണ്‍ഷിയോയുടേതുപോലെ അതേ പദവിയും ചുമതലകളും ഉണ്ടായിരിക്കും എന്നാല്‍ നയതന്ത്രഗണങ്ങളില്‍ പ്രധാനി ആയിരിക്കുകയില്ല. അപ്പസ്‌തോലിക് പ്രതിനിധി ഒരു മെത്രാപ്പോലീത്ത ആയിരിക്കും. അദ്ദേഹം പ്രാദേശിക സഭയില്‍ മാത്രം മാര്‍പാപ്പയെ പ്രതിനിധീകരിക്കും. ആ പ്രാദേശിക സഭ ഉള്‍പ്പെടുന്ന രാജ്യവും പരിശുദ്ധ സിംഹാസനവും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തതിനാലാണത്. അപ്പസ്‌തോലിക് പ്രതിനിധിയുടെ അസാന്നിധ്യത്തില്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തെ നയിക്കുന്നത് 'ചാര്‍ജ് ഡി അഫേഴ്‌സ്' എന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരിക്കും.

ഇത്തരം പദവികള്‍ കൂടാതെ അപ്പസ്‌തോലിക് സിംഹാസനത്തെ പ്രതിനിധീകരിക്കുവാന്‍ മാര്‍പാപ്പയുടെ പ്രത്യേക ദൗത്യങ്ങള്‍ക്കായി അന്തര്‍ദേശീയ സഭാകൗണ്‍സിലുകളിലും സമ്മേളനങ്ങളിലും കോണ്‍ഫറന്‍സുകളിലും കാനോന്‍ ലോ പ്രതിപാദിക്കുന്ന വിധത്തിലുള്ള പ്രതിനിധികളെയും (delegates), നിരീക്ഷകരെയും (observers) നിയമിക്കാറുണ്ട്.

1701 ല്‍ ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പ സ്ഥാപിച്ച പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാഡമിയില്‍ പരിശുദ്ധ സിംഹാസനത്തിന്റെ ഭാവി നയതന്ത്രജ്ഞര്‍ക്ക് പരിശീലനം നല്കുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാളിനെ അക്കാദമിയുടെ രക്ഷാധികാരിയായി 1937 സെപ്തംബര്‍ 8-ാം തീയതി പതിനൊന്നാം പീയൂസ് മാര്‍പാപ്പ സ്ഥിരപ്പെടുത്തി.

നയതന്ത്ര അക്കാദമിയില്‍ പരിശീലനത്തിനായി അപേക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയും കാനോന്‍ നിയമത്തില്‍ ഒരു ഡിഗ്രിയും സമ്പാദിച്ചിരിക്കണം. മൂന്നുനാലു വര്‍ഷത്തെ ഭാഷാപഠനവും പരിശീലനത്തിന്റെ ഭാഗമാണ്.

  • (ആര്‍ച്ചുബിഷപ്പ് ചേന്നോത്തിന്റെ ജീവിതരേഖയിലെ കുറിപ്പുകളില്‍നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org