ചരിത്രത്തിനു ചാരിത്ര്യം ഉണ്ടോ?

ചരിത്രത്തിന്റെ ചാരിത്ര്യഭംഗങ്ങളും നിഷ്പക്ഷതയുടെ ജീവക ചികില്‍സയും
ചരിത്രത്തിനു ചാരിത്ര്യം ഉണ്ടോ?
ചരിത്രകാരന്റെ വ്യക്തിതാത്പര്യങ്ങളും അജണ്ടകളും ചരിത്രരചനയുടെ ടൂളുകളായാല്‍ വ്യാഖ്യാനത്തെക്കുറിച്ചുള്ള സോറന്‍ കീര്‍ക്കഗോറിന്റെ നിരീക്ഷണം ചരിത്ര രചനയിലും അന്വര്‍ത്ഥമാകും. ''Today Jesus is not betrayed by kisses but by interpretations.'' ''ചുംബനങ്ങളാലല്ല, വ്യാഖ്യാനങ്ങള്‍ കൊണ്ടാണ് ക്രിസ്തു ഇന്ന് ഒറ്റിക്കൊടുക്കപ്പെടുന്നത്.''

എ അയ്യപ്പന്റെ 'വിക്ക്' എന്ന കവിത ആലോചനാമൃതമാണ്.

  • 'ഞങ്ങളുടെ ചരിത്ര അധ്യാപകന്

  • വിക്ക് ഉണ്ടായിരുന്നു.

  • അതുകൊണ്ടു പല ചരിത്ര സത്യങ്ങളും

  • അദ്ദേഹം വിഴുങ്ങിക്കളഞ്ഞു.

  • അവസാനം അദ്ദേഹം പഠിപ്പിച്ചത്

  • സ്വന്തം സമുദായത്തിന്റെ ചരിത്രമാണ്.'

ചരിത്രരചനയില്‍ വന്നുഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കവിത. ചരിത്രത്തെക്കുറിച്ചുള്ള നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ നിര്‍വചനം മേല്‍പ്പറഞ്ഞ അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. 'History is a mutually agreed myth' ('ഉഭയ സമ്മതമുള്ള കെട്ടുകഥയാണ് ചരിത്രം'). ഇര ചരിത്രം എഴുതുന്നതുവരെ ചരിത്രം വേട്ടക്കാരന്റേത് ആയിരിക്കും എന്ന പേര്‍ഷ്യന്‍ പഴമൊഴിയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. സഭാചരിത്ര രചനകളിലും മേല്‍പ്പറഞ്ഞ പരിപ്രേഷ്യവാദം (Perspectivism) നിഴലിക്കുന്നു എന്നത് ഒരു വാസ്തവമാണ്. നിഷ്പക്ഷതയുടെ മഷി നിറച്ച് നിര്‍മമമായ മനസ്സോടെ ചരിത്രമെഴുതാനുള്ള ശ്രമങ്ങള്‍ സാധ്യമാണോ എന്നതാണിവിടുത്തെ ചോദ്യം. 'ചരിത്രത്തിനു ചാരിത്ര്യം ഉണ്ടോ?' എന്ന പ്രധാനപ്പെട്ട ചോദ്യം നിഷ്പക്ഷതയുടെ ജീവകം ഉള്ളിലുള്ള സുമനസ്സുകള്‍ ചോദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ചരിത്രരചനയിലെ പക്ഷംപിടിക്കലിന് ന്യായീകരണം ചമക്കുന്നവരുണ്ട്. ചരിത്രവസ്തുതകള്‍ സ്വയം സംസാരിക്കില്ല എന്നതാണവര്‍ പറയുന്ന ന്യായം. ഇനി അവ സംസാരിക്കുന്നുണ്ടെങ്കില്‍തന്നെ ഏത് ചരിത്രവസ്തുതയാണ് സംസാരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ചരിത്രകാരന്മാരാണ് എന്നാണവര്‍ പറയുന്നത്. ഈ നിലപാടും പ്രശ്‌നം പിടിച്ചതാണ്. രാമചന്ദ്രഗുഹയോ, റൊമില ഥാപ്പറോ എഴുതുന്ന പോലെയല്ല ശരദിന്ദു മുഖര്‍ജീയും ആര്‍ സി മജുംദാറുമൊക്കെ എഴുതുന്നത് എന്നതാണ് ഇവിടത്തെ പ്രശ്‌നം. ചരിത്രകാരന്റെ മുന്‍വിധികള്‍ സത്യത്തില്‍ നിന്ന് വായനക്കാരെയും ചരിത്രാന്വേഷകരെയും അകറ്റും എന്നതാണിവിടത്തെ ഒന്നാമത്തെ പ്രശ്‌നം. അരികുവത്കരിക്കപ്പെട്ടവര്‍ക്ക് (marginalized people) വേണ്ടി ആര് സംസാരിക്കും എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. മുയലിനോ മാനിനോ വേണ്ടി പുലിയും സിംഹവും സംസാരിക്കാറില്ലല്ലൊ! മനുസ്മൃതി പ്രമാണ വാക്യമാക്കിയ ബ്രാഹ്മണന്‍ 'നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും വെറും പുല്ലല്ലാ സാധു പുലയന്‍' എന്ന് കുമാരനാശാനെപ്പോലെ പാടുകയില്ലല്ലോ!

ചരിത്രരചനയില്‍ സാമുദായിക ദേശീയപ്രത്യയശാസ്ത്ര താത്പര്യങ്ങള്‍ സ്വാധീനം ചെലുത്തുമ്പോള്‍ ചരിത്രം പക്ഷപാതപരമായ വിധി തീര്‍പ്പുകളില്‍ അവസാനിക്കും. ഇടുങ്ങിയ സാമുദായികദേശീയ താത്പര്യങ്ങള്‍ ഭൂതകാല പരിശോധനയെയും വിശകലനത്തേയും പ്രാവിന്‍ കൂടുകളിലേക്ക് (Pigeon holes) ഒതുക്കുന്നു എന്നത് ചരിത്ര രചനയില്‍ സംഭവിക്കുന്ന തിരുത്തപ്പെടേണ്ട തെറ്റാണ്. ശാസ്ത്രത്തിന്റെ ചരിത്രം തിരുത്തപ്പെടേണ്ട തെറ്റുകളുടെ ചരിത്രമാണ് (History of science is a history of corrected mistakes) എന്ന ഓസ്ട്രിയന്‍-ബ്രിട്ടീഷ് ഫിലോസഫര്‍ കാള്‍ പോപ്പറുടെ (Karl Popper) പ്രസ്താവം ചരിത്രകാരന്‍ പുലര്‍ത്തേണ്ട തുറവിയിലേക്കും നിഷ്പക്ഷതയിലേക്കും ജാഗ്രതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. 'വിജയിക്കുന്നവന്റേതാണ് ചരിത്രം' എന്ന നിര്‍വചനം തോറ്റുപോയവര്‍ ചരിത്രത്തില്‍ അപ്രസക്തരാണ് എന്ന തെറ്റായ ധാരണ പടരാന്‍ ഇടയാക്കും. വിജയി എഴുതുന്ന ചരിത്രവും വിജയിക്കുവേണ്ടി എഴുതുന്ന ചരിത്രവും ചരിത്രമെഴുത്തിന്റെ നിഷ്പക്ഷതയേയും വസ്തുനിഷ്ഠതയേയും തുല്യനീതിയേയും തകിടം മറിക്കുമെന്നത് തീര്‍ച്ച. അവിടെയാണ് ചരിത്രപഠനവും രചനയും ഗൗരവമേറിയ ഉത്തരവാദിത്തമാകുന്നത്.

എന്തിനാണ് ചരിത്രം പഠിക്കുന്നത്?

ചരിത്രം പഠിക്കുന്നത് ആധികാരികവും സമഗ്രവുമായ ചരിത്രം സൃഷ്ടിക്കാന്‍ കൂടിയാണ്. നിഷ്പക്ഷതയുടെ ജീവകത്തിന്റെ കുറവുള്ള ചരിത്രകാരന്മാര്‍ ഭൂതകാലത്തെ ആധിപത്യത്തിനുള്ള ഒരു ടൂള്‍ ആക്കി മാറ്റുന്നത് അപകടകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂതകാല ഡാറ്റയെ നിയന്ത്രണത്തില്‍ ആക്കിയാല്‍ എന്താണ് ഗുണം? പല ഗുണങ്ങളുമുണ്ട്. ഉത്തരാധുനിക ഫ്രഞ്ച് ചിന്തകനായ മി ഷേല്‍ ഫുക്കോ പറയുന്ന പോലെ 'പുതിയ കാലത്ത് അധികാരമാണ് അറിവിനെ നിയന്ത്രിക്കുന്നത്' (Power is Knowledge). ഭൂതകാലത്തെ നിയന്ത്രിക്കുന്നവര്‍ ആണ് ഭാവിയെ നിയന്ത്രിക്കുന്നത്. അതിനാല്‍ ഭൂതകാലത്തെ നിയന്ത്രണത്തിലാക്കി അതിലൂടെ ഭാവിയെ നിയന്ത്രിക്കാനാണ് വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഹിസ്റ്റോറിയനായ റിച്ചാര്‍ഡ് ജെ. ഇവാന്‍സ് അഭിപ്രായപ്പെടുന്നതുപോലെ 'ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനുമിടയില്‍ ഇരു ദിശയിലേക്കും യാത്ര സാധ്യമാകുന്ന ഇരട്ടപ്പാതയാണുള്ളത്. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനം രൂപപ്പെടുമ്പോള്‍ തന്നെ അത് ഭൂതകാലത്തെ നിരന്തരം പുനഃസൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.'

'Knowledge is power' എന്ന ഫ്രാന്‍സിസ് ബേക്കണിന്റെ നിര്‍വചനം കൊളോണിയല്‍ ചരിത്രകാരന്മാര്‍ തിരിച്ചിട്ട് ഉപയോഗിക്കുന്നുണ്ട്. സാമ്രാജ്യത്ത അധിനിവേശങ്ങളെ (Colonial Invasion) ശാക്തീകരണ ഹിംസ (Enabling Violence) യായി അവതരിപ്പിക്കുന്ന ചരിത്രകാരന്മാര്‍ ചരിത്രത്തെ വേട്ടക്കാരനു യോജിച്ച രീതിയില്‍ നിര്‍മ്മിച്ചെടുത്തവരാണ്. ഇന്ത്യ പോലൊരു കോളനിയെ നിയന്ത്രിക്കാന്‍ കോളനിയെക്കുറിച്ച് അറിവ് വേണമെന്നും ആ അറിവ് കോളനിയിലെ ജനങ്ങളില്‍ അധിനി വേശക്കാരോട് ഭയഭക്തി ബഹുമാനങ്ങള്‍ സൃഷ്ടിക്കുന്നതാവണം എന്ന തിരിച്ചറിവ് ആണ് 'Benefits of British Rule in India' പോലുള്ള ഗ്രന്ഥങ്ങളെ പാഠപുസ്തകമാക്കി ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ബ്രിട്ടീഷ്‌കാരെ പ്രേരിപ്പിച്ചത്.

ഭൂരിപക്ഷ ജനതയെ ഭൂരിപക്ഷ മതാത്മകതയുടെ ഇടുങ്ങിയ സ്വത്വബോധത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ദേശീയവാദികളും ചരിത്രത്തെ ഒരു ടൂള്‍ ആക്കി മാറ്റുന്നവരാണ്. 'മയക്കുമരുന്നിന്റെ അടിമയ്ക്ക് കറുപ്പ് ചെടി എങ്ങനെയാണോ അതുപോലെയാണ് ദേശീയവാദത്തിന് ചരിത്രം' എന്ന എറിക് ഹോബ്‌സ്‌ബോമിന്റെ പ്രസ്താവന ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. ചരിത്രത്തിന്റെ കാവിവത്കരണം (Saffronization of History) വഴി ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മതേതരമുഖങ്ങളെ തുടച്ചുമാറ്റി വര്‍ഗീയതയുടെ കോമരങ്ങളെ ദേശീയതയുടെ അപ്പസ്‌തോലന്മാരാക്കി പുനപ്രതിഷ്ഠിക്കാനുള്ള സംഘ പരിവാര്‍ അജണ്ട ചരിത്രത്തെ വെറുമൊരു ടൂള്‍ ആക്കി മാറ്റുന്നതിന്റെ ഇന്ത്യന്‍ മാതൃകയാണ്. ആദ്യ കാലങ്ങളില്‍ ഇന്ത്യ ഒരു പറുദീസ ആയിരുന്നു എന്നും വൈദേശികരുടെ കടന്നുവരവാണ് ഇന്ത്യയുടെ മഹത്വശോഷണത്തിന് കാരണം എന്നെഴുതി ചില ചരിത്രകാരന്മാര്‍ പ്രാചീനകാലത്തെ മഹത്വവത്ക്കരിക്കുമ്പോള്‍ നഷ്ടമാകുന്നതും നിഷ്പക്ഷതയുടെ ജീവകം തന്നെ. അതുപോലെതന്നെ ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങള്‍, അതെത്ര തന്നെ തിന്മ നിറഞ്ഞതായിരുന്നാലും, അവ ചരിത്രത്തിന്റെ അനിവാര്യത ആയിരുന്നു എന്ന് വിധിയെഴുതി ഭൂതകാലത്തെ വിശുദ്ധീകരിക്കാനുള്ള തങ്ങളുടെ വര്‍ത്തമാനകാല ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകി ഒഴിഞ്ഞുമാറുന്ന ശൈലികള്‍ നീതിബോധമുള്ള ചരിത്രകാരന്മാര്‍ക്ക് ഭൂഷണം അല്ല.

സഭാചരിത്ര രചനയും മേല്‍ പ്പറഞ്ഞ കുറവുകളില്‍ നിന്നും വിമുക്തമല്ല. കേരളത്തിലെ സഭാചരിത്ര രചനയെക്കുറിച്ചുള്ള ഒരു പ്രധാന വിമര്‍ശനം അത് കഥാകഥനമെന്ന നിലവിട്ട് ചരിത്ര രചനയുടെ വ്യത്യസ്ത സങ്കേതങ്ങളെ അവലംബിക്കുന്ന വിമര്‍ശനാത്മകമായ ഒരു വിജ്ഞാന ശാഖയായി വളരുന്നില്ല എന്നതാണ്. ചില സഭാചരിത്രകാരന്മാര്‍ വസ്തുതകളെക്കാള്‍ ഐതിഹ്യത്തെ ആശ്രയിക്കുന്നു എന്നതും ഒരു യാഥാര്‍ത്യമാണ്. എണ്ണയും വെള്ളവും കലര്‍ത്തിയാല്‍ അവ പരസ്പരം കലരാതെ കിടക്കുന്ന വൈരുധ്യം മേല്‍പ്പറഞ്ഞ വസ്തുതാ-ഐതീഹ്യ മിശ്രണത്തിലും പ്രകടമാണ്. ഭാവനയുടെ ഉല്പന്നങ്ങളായ ചരിത്രങ്ങളും അല്‍പ്പന്മാരെ മഹാത്മാക്കള്‍ ആക്കുന്ന വംശ മഹിമയുടെ പൊങ്ങച്ച സാക്ഷ്യങ്ങളും തെളിവിന്റെ ജീവകം ലവലേശം കലരാത്ത കുടുംബചരിത്രങ്ങളും കൊണ്ട് കളങ്കപ്പെട്ടതാണ് പലപ്പോഴും കേരള സഭാചരിത്ര രചനാലോകം. വിശ്വസിച്ച് ആശ്രയിക്കാവുന്ന ശാസ്ത്രീയ അടിക്കുറിപ്പുകള്‍ ഇല്ലാത്ത ചരിത്രരചനാ രീതി മൂലം രേഖകള്‍ ഇല്ലാത്ത കാര്യങ്ങള്‍ പോലും പൊലിമയോടെ ആഘോഷിക്കപ്പെടുന്നു. വീരകഥകള്‍ കേട്ട് മിഥ്യഭിമാനം കൊള്ളുന്ന അഭിനവ യൗവനത്തിന് ഐതീഹ്യവും ചരിത്ര വസ്തുതയും തമ്മിലുള്ള വ്യത്യാസം അറിയില്ല. തങ്ങള്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും പ്രാചീന ആശയങ്ങളെയോ വാദമുഖങ്ങളെയോ സാധൂകരിക്കാന്‍ സൃഷ്ടിക്കുന്ന വ്യാജ ചരിത്രങ്ങളും സുവര്‍ണ്ണകാലങ്ങളും മനോരഥസൃഷ്ടികളും മണലില്‍ പണിത ഭവനത്തിന് തുല്യമാണ്. കാലത്തിന്റെയും യുക്തിയുടെയും പരീക്ഷണങ്ങളില്‍ മേല്‍പ്പറഞ്ഞ അടിത്തറയില്ലാത്ത മണല്‍വീടുകള്‍ നിലം പതിക്കുമെന്ന് തീര്‍ച്ച!

അപ്പോള്‍, ചരിത്രത്തിന്റെ വസ്തുനിഷ്ഠത ഉറപ്പുവരുത്താന്‍ മാര്‍ഗം എന്താണ്? ജോനാഥന്‍ ഹെയിറ്റ് (Jonathan Haidt) സൂചിപ്പിക്കുന്ന പോലെ നിര്‍ദേശിക്കപ്പെട്ട വസ്തുതയെ ശരിയോ തെറ്റോ എന്നു വിലയിരുത്താന്‍ പല ദിശകളില്‍ നിന്നുള്ള വിലയിരുത്തല്‍ വേണം. ഭൂതകാലത്തെക്കുറിച്ചുള്ള ജിജ്ഞാസ മൂലം ചരിത്രത്തിന്റെ അഗാധങ്ങളിലേക്ക് ഇറങ്ങി ലഭ്യമായ വിവരങ്ങളെ വിശകലനം ചെയ്ത് അതിനെ വര്‍ത്തമാന കാലവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോഴാണ് ചരിത്ര പഠനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാധിതമാകുന്നത്.

ചില ചരിത്രകാരന്മാര്‍ വര്‍ത്തമാനകാലത്തിലെ നിലപാടു തറയില്‍ നിന്നാണ് പലപ്പോഴും ചരിത്രമെഴുതുന്നതും ചരിത്രത്തെ വ്യാഖ്യാനിക്കുന്നതും. അതിനാല്‍തന്നെ വ്യാഖ്യാന സാധ്യതകള്‍ക്കുള്ള ചരിത്രരചനയിലെ ഇടം എന്നത് കരുതലോടെ കരുതപ്പെടേണ്ട ഒന്നാണ്. അല്ലെങ്കില്‍ വര്‍ത്തമാനകാലത്തെ ആധിപത്യങ്ങള്‍ ഭൂതകാലത്തിലേക്കു കൂടി വ്യാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ചരിത്രാവലോകനത്തില്‍ വ്യാഖ്യാന ശാസ്ത്ര (Hermeneutics) ത്തിനുള്ള സാധ്യതയും കരുതലോടെ ഉപയോഗിക്കപ്പെടേണ്ട ഒന്നാണ്. ചരിത്രകാരന്റെ വ്യക്തിതാത്പര്യങ്ങളും അജണ്ടകളും ചരിത്രരചനയുടെ ടൂളുകളായാല്‍ വ്യാഖ്യാനത്തെക്കുറിച്ചുള്ള സോറന്‍ കീര്‍ക്കഗോറിന്റെ നിരീക്ഷണം ചരിത്ര രചനയിലും അന്വര്‍ത്ഥമാകും. ''Today Jesus is not betrayed by kisses but by interpretations.'' ''ചുംബനങ്ങളാലല്ല, വ്യാഖ്യാനങ്ങള്‍ കൊണ്ടാണ് ക്രിസ്തു ഇന്ന് ഒറ്റിക്കൊടുക്കപ്പെടുന്നത്.'' വര്‍ത്തമാനത്തിന്റെ താത്പര്യങ്ങളോട് ബോധപൂര്‍വം ചരിത്രകാരന്‍ അകലം പാലിച്ചില്ലെങ്കില്‍ വര്‍ത്തമാനത്തിന്റെ ഭൂതം ഭൂതകാലത്തെ ആവേശിച്ചേക്കാം. ചരിത്രകാരന്മാര്‍ നിഷ്പക്ഷതയുടെ ജീവകം നിലനിര്‍ത്തി വേണം ചരിത്ര വിശകലനത്തിനും വ്യാഖ്യാനത്തിനും ഇറങ്ങിത്തിരിക്കാനെന്ന് സോറന്‍ കീര്‍ക്കഗോര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അല്ലെങ്കില്‍ ചരിത്രകാരന്റെ വിക്കുകളും വിഴുങ്ങലുകളും ചരിത്രത്തെ നിര്‍മ്മിതികളുടെ വ്യാജോക്തികളാക്കി ചുരുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org