വിദ്വേഷത്തിന്റെ വിളവെടുപ്പ്

വിദ്വേഷത്തിന്റെ വിളവെടുപ്പ്
വിലക്കയറ്റവും ദാരിദ്ര്യവും ഭരണവര്‍ഗ്ഗത്തിന്റെ അഴിമതിയും, ക്രമസമാധാനപ്രശ്‌നങ്ങളും, ആദിവാസി ദലിത് ഗോത്രവര്‍ഗ്ഗ പീഡനങ്ങളും, ലൈംഗിക അതിക്രമങ്ങളും, തീണ്ടലും തൊടീലും, കൊലപാതകങ്ങളും എല്ലാം എല്ലാം തന്നെ 80/20 എന്ന വിദ്വേഷ മുദ്രാവാക്യത്തില്‍ ജനങ്ങളുടെ സ്മരണയില്‍ നിന്നും താല്‍ക്കാലികമായി മായിച്ചുകളയുവാന്‍ യോഗിക്കു കഴിഞ്ഞു.

ഇലക്ഷന്‍ കമ്മിഷന്‍-ഇ.സി. - തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഇങ്ങനെയൊരു ഭരണഘടനാ സ്ഥാപനം ഇന്ത്യയിലുണ്ടെന്നും, ആയതിന് ഇത്രയധികം വിപുലമായ അധികാരവും, സ്വാധീനവും ഉണ്ടെന്നും, രാഷ്ട്രീയക്കാരുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് മൂക്കുകയറിടുവാന്‍ കഴിയുമെന്നും ഇ.സി.യുടെ കൈയിലെ ചാട്ടവാറിന് ഉഗ്രന്‍ പ്രഹരശേഷിയുണ്ടെന്നും ബോധ്യങ്ങള്‍ ലഭിക്കുവാന്‍ 1990-കള്‍ വരെ നമുക്കു കാത്തിരിക്കേണ്ടി വന്നു. ടി.എന്‍. ശേഷനെന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ഇതിന്റെ തലപ്പത്തു വന്നപ്പോഴായിരുന്നു ഇതിന് അവസരം ലഭിച്ചത്. മറ്റു യാതൊരു താല്‍പര്യങ്ങളുമില്ലാതിരുന്ന, ജാതി മതചിന്തകള്‍ക്ക് അമിതപ്രാധാന്യം കല്പിക്കാതിരുന്ന ഈ പാലക്കാടന്‍ പട്ടര്‍, തന്നില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ ഖഡ്ഗം വേണ്ട സമയത്ത് ഉറയില്‍ നിന്നും ഊരിയെടുത്ത് വീശുന്നതിന്, എതിര്‍ഭാഗത്തുള്ള വ്യക്തിയും പ്രസ്ഥാനവും എത്ര പ്രബലരാണെങ്കിലും, യാതൊരു മടിയും കാണിച്ചിരുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം ഇന്നും മനസ്സില്‍ മായാതെ നിലനില്ക്കുന്നു.

മഹാരാഷ്ട്രയില്‍ മറാഠാ സിം ഹമായിരുന്ന ശിവസേനാ തലവന്‍ ബാല്‍ താക്കറേയ്ക്ക് വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് താടിയും തലപ്പാവുമുള്ള ന്യൂനപക്ഷ സമുദായത്തിലെ എം.എസ്. ഗില്ലിന് ധൈര്യം ലഭിച്ചതു ശേഷയ്യര്‍ വെട്ടിത്തെളിച്ച പാതയിലൂടെ സ ധൈര്യം മുന്നേറിയതുകൊണ്ടാണ്. താക്കറെയെ തൊട്ടാല്‍ മറാഠാ കത്തിയെരിയുമെന്ന ഭീഷണിക്കു മുന്നില്‍ തെല്ലും ഭയപ്പെടാതെ ഗില്ലിന് ഇതു നടപ്പിലാക്കാന്‍ കഴിഞ്ഞത്, ഇലക്ഷന്‍ കമ്മിഷനില്‍ നിക്ഷിപ്തമായിരിക്കുന്ന വിപുലമായ അധികാരങ്ങള്‍ മൂലമായിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയായി ഇരുപത്തിയഞ്ച് പ്രഗത്ഭരായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഇലക്ഷന്‍ കമ്മിഷന്റെ തലപ്പത്തു വന്നിട്ടുണ്ട്. ഒന്നാമത്തെ സുകുമാര്‍ സെന്‍ തുടങ്ങി ഇരുപത്തിയഞ്ചാമനായ രാജീവ് കുമാര്‍ വരെ എത്തി നില്ക്കുന്നു അവരുടെ പട്ടിക. എന്നാല്‍ നിര്‍ഭാഗ്യകര മെന്നു പറയട്ടെ. കുമാര്‍ തുടങ്ങി തൊട്ടു മുമ്പു വരെ പദവികള്‍ അലങ്കരിച്ചിരുന്ന ഓം പ്രകാശ് റാവത്ത്, സുനില്‍ അറോറ, സുശീല്‍ ചന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥര്‍ അവരുടെ നിയോഗത്തിന് അനുസൃതമായ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചോ എന്ന സംശയം ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ഏതെങ്കിലും ഒരു ഇന്ത്യക്കാരന്‍ ഉയര്‍ത്തിയാല്‍, നമുക്ക് അയാളെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുവാന്‍ കഴിയുമോ?

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവരുടെ നയവും പരിപാടികളും, പ്ര വൃത്തികളും നന്നായി സമ്മതിദായകരെ പറഞ്ഞു ബോധ്യപ്പെടുത്തി, അവരുടെ വിശ്വാസം ആര്‍ജ്ജിച്ച്, അതില്‍ നിന്നുമുളവാകുന്ന തീരുമാനം വോട്ട് ആക്കി മാറ്റി, അത് നേടി അധികാരത്തില്‍ വരുന്നതിനു പകരം, കുറുക്കുവഴികളിലൂടെ അധികാരസോപാനത്തില്‍ ആസനസ്ഥരാകുവാന്‍ നിഷ്പക്ഷ ഭരണഘടനാ സ്ഥാപനമായ ഇ.സി. ഒരു ചാലകശക്തിയായി അധഃപതിക്കുന്നു എന്ന ദുഃഖകരമായ അവസ്ഥ ഇന്ന് ഇവിടെ നിലനില്ക്കുന്നു. 2022 ഫെബ്രുവരിയില്‍ ഇന്ത്യയിലെ അഞ്ച് സം സ്ഥാനങ്ങളില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍, ഇന്ത്യയിലെ പ്രധാന കക്ഷിക്ക് അധികാരം പിടിച്ചെടുക്കാന്‍, അവര്‍ എടുത്തു പ്രയോഗിച്ച ചില അടവുകളും തന്ത്രങ്ങളും, കണ്ടപ്പോള്‍ ശേഷയ്യരുടെ ഇലക്ഷന്‍ കമ്മിഷന് സംഭവിച്ചിരിക്കുന്ന മൂല്യശോഷണത്തെപ്പറ്റി ചില ആകുലതകള്‍ തെളിഞ്ഞുവന്നു.

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു വര്‍ഷത്തോളം നീണ്ടു നിന്ന കര്‍ഷക പ്രക്ഷോഭം നല്‍കിയ സൂചനകള്‍, ആ വിഭാഗം ജനങ്ങളുടെ ആകുലതകളും ആവലാതികളും ഇന്ത്യന്‍ ജനതയ്ക്ക് ബോധ്യപ്പെടുവാന്‍ അവസരം ലഭിച്ചു. പെട്രോള്‍, ഡീസല്‍ തുടങ്ങിയുള്ള ഇന്ധനങ്ങളുടെ അഭൂതപൂര്‍വ്വമായ വിലവര്‍ദ്ധനയും, വീട്ടമ്മമാരുടെ അടുക്കളയിലെ പാചകവാതകത്തിന്റെ പൊള്ളുന്ന വിലയും, ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗസാധനങ്ങളുടെ റോക്കറ്റ് പോലെ ഉയര്‍ന്നു പൊങ്ങുന്ന വിലയും, രൂക്ഷമായ തൊഴിലില്ലായ്മയും, പാവപ്പെട്ട ഇന്ത്യാക്കാരന്റെ ഗുരുതരമായ ആരോഗ്യകാര്യങ്ങളിലും മറ്റും അവര്‍ക്കു ലഭിക്കുന്ന ആരോഗ്യ പരിരക്ഷകളിലെ ഭീകരമായ വീഴ്ചകളിലും, ഒരു ശരാശരി പൗരന്‍ അങ്ങേയറ്റം നിരാശനാണെന്നുള്ളത് ഒരു പരമാര്‍ത്ഥം മാത്രമാണ്. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും, അഴിമതിയും, സ്വജനപക്ഷപാതവും, കോര്‍പ്പറേറ്റ് പ്രീണനവുമാണ് ഇതിന് മുഖ്യഹേതു. എന്നാല്‍ സാധാരണക്കാരനെ മറന്നുകൊണ്ടുള്ള ഭരണവര്‍ഗ്ഗത്തിന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍, ഭയലേശമെന്യേ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ മുന്നോട്ടു കൊണ്ടുപോയി. ആയതിന് എതിരായി ഉചിതമായ മറുപടി നല്കുന്നതിനുള്ള പൊതുജനത്തിന്റെ അവസരമാണ് ജനാധിപത്യ വ്യവസ്ഥയില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യന്‍ പൗരന് ലഭിക്കുന്ന സമ്മതിദാനാവകാശം രേഖപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് കടമ്പ കടന്നു കിട്ടുവാന്‍ ഭരണവര്‍ഗ്ഗം, പൗരന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നതിനു പകരം, ഇപ്പോള്‍ വര്‍ഗ്ഗീയ കാര്‍ഡ് ഫലപ്രദമായി എടുത്തുവീശി, വീണ്ടും അധികാര കസേര ഉറപ്പിക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2022 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രകടമായത്. കഴിഞ്ഞ 5 വര്‍ഷം ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന യോഗി ആദിത്യനാഥ് തന്റെ ഭരണപരാജയങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിട്ട്, വീണ്ടും അധികാര കസേര ലഭിക്കുവാന്‍ എടുത്തു പ്രയോഗിച്ചതും ഒരേയൊരു മുദ്രാവാക്യമായിരുന്നു. വര്‍ഗ്ഗീയത. അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം, യു.പി.യില്‍ 80% വും 20%വും തമ്മിലുള്ള പോരാട്ടമാണ് പ്രധാനമെ ന്ന് അടിവരയിട്ട് ആവര്‍ത്തിച്ചിരു ന്നു.

യു.പി.യിലെ ജനസംഖ്യയില്‍ 80% ഹിന്ദുക്കളും, 20% മുസ്ലീങ്ങളുമാണ്. യു.പി.യുടെ സകലവിധ പ്രശ്‌നങ്ങള്‍ക്കും കാരണം, ഇരുപത് ശതമാനത്തിന്റെ സാന്നിദ്ധ്യമാണെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് റാലികളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വിലക്കയറ്റവും ദാരിദ്ര്യവും ഭരണവര്‍ഗ്ഗത്തിന്റെ അഴിമതിയും, ക്രമസമാധാനപ്രശ്‌നങ്ങളും, ആദിവാസി ദലിത് ഗോത്രവര്‍ഗ്ഗ പീഡനങ്ങളും, ലൈംഗിക അതിക്രമങ്ങളും, തീണ്ടലും തൊടീലും, കൊലപാതകങ്ങളും എല്ലാം എല്ലാം തന്നെ 80/20 എന്ന വിദ്വേഷ മുദ്രാവാക്യത്തില്‍ ജനങ്ങളുടെ സ്മരണയില്‍ നിന്നും താല്‍ക്കാലികമായി മായിച്ചുകളയുവാന്‍ യോഗിക്കു കഴിഞ്ഞു. പച്ചയായ വര്‍ഗ്ഗീയത തുറന്ന വേദിയില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പരസ്യമായി പറഞ്ഞ് ജനങ്ങളെ പ്രകോപിതരാക്കിയപ്പോള്‍, ആയതു തടയേണ്ട ഭരണഘടനാസ്ഥാപനമായ ഇ.സിയും, അതിന്റെ തലവനും കുംഭകര്‍ണ്ണ സേവയിലായിരുന്നു. ബാല്‍താക്കറേയുടെ നാവിന് പൂട്ടിട്ട ഗില്ലിന്റെ ഇ.സിയുടെ പാരമ്പര്യം രാജീവ് കുമാറിന്റെ കാലത്ത് കാശിയിലും രാമേശ്വരത്തും തീര്‍ത്ഥാടനത്തിലായിരുന്ന പരിതാപകരമായ കാഴ്ച നമുക്ക് ഇവിടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞു.

വിദ്വേഷത്തിന്റെ, വെറുപ്പിന്റെ, വിഭാഗീയതയുടെ ആക്രോശങ്ങള്‍ പേമാരിക്ക് സമാനമായി ഇന്ത്യയില്‍ പെയ്തിറങ്ങിയ ഒരു സംഭവം ഓര്‍മ്മ വരുന്നു. ഡോ. മന്‍മോഹന്‍ സിംഗ് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ കാലത്തെ ചില സംഭവങ്ങള്‍. യു.പി.യിലും കര്‍ണ്ണാടകത്തിലും രണ്ടു മണ്ഡലങ്ങളില്‍ നിന്ന് ശ്രീമതി സോണിയാ ഗാന്ധി അന്നു തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. കര്‍ണ്ണാടകത്തില്‍ അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ത്ഥി. രണ്ടിടത്തും വലിയ ഭൂരിപക്ഷത്തില്‍ ശ്രീമതി ഗാന്ധി ജയിച്ചു. സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം പ്രചരണം നടത്തിയത്. സ്വാഭാവികമായും ശ്രീമതി ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കവേ, സോണിയയോടു ഏറ്റുമുട്ടി പരാജയപ്പെട്ട സുഷമ സ്വരാജ്, സോണിയാ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ തല്‍സമയം പരസ്യമായി ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കി. സംഘപരിവാറിന്റെ കുഴലൂത്തുകാര്‍ ഇന്ത്യയിലുടനീളം അച്ചടിദൃശ്യമാധ്യമങ്ങളില്‍ കൂടി ഇതിനു വന്‍പ്രചരണം നല്‍കി. കോണ്‍ഗ്രസ്സ് പാര്‍ട്ടി അവരുടെ തീരുമാനത്തില്‍ ശക്തമായി ഉറച്ചുനിന്നു. എന്നാല്‍ സാത്ത്വികയായ സോണിയാ ഗാന്ധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും, ഇന്ത്യന്‍ ജനതയുടെ ശ്രേയസ്സിനും മുഖ്യപ്രാധാന്യം നല്‍കി, തനിക്ക് പ്രാപ്യമായിരുന്ന അധികാരസോപാനം ഡോ. മന്‍ മോഹന്‍ സിംഗിന് നിറഞ്ഞ മനസ്സോടെ കൈമാറുകയും ചെയ്തു. ഇറ്റലിയില്‍ ജനിച്ച സോണിയ ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഇന്ത്യന്‍ ജനതയ്ക്ക് എന്തോ വലിയ ആപത്തു സംഭവിക്കുമെന്നായിരുന്നു പ്രചരണം. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമായ അമേരിക്കന്‍ ഐക്യനാടിന്റെ വൈസ് പ്രസിഡന്റിന്റെ കസേരയില്‍ ഉപവിഷ്ടയായി, രാഷ്ട്രത്തെ നയിക്കുന്നത് ഇന്ത്യയിലെ തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന അമ്മയുടെ മകളായ കമലാ ഹാരീസാണ്. അടുത്ത ടേമില്‍ അമേരിക്കയുടെ പ്രസിഡന്റിന്റെ സിംഹാസനത്തില്‍, ഈ ദ്രാവിഡ പുത്രിയെ കാണാന്‍ ഇടവന്നാല്‍, അത് ഒട്ടും അതിശയമായിരിക്കില്ല. കാരണം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ അമേരിക്കയുടെ മുന്‍പാരമ്പര്യം അങ്ങനെയാണ്.

ഇന്ത്യന്‍ വംശജയായ കമലാ ഹാരീസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായപ്പോള്‍ ഒരു അമേരിക്കകാരനും ആത്മഹത്യാ ഭീഷണി പോയിട്ട് ഒരു അപശബ്ദം പോലും പുറപ്പെടുവിച്ചിരുന്നില്ല. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുപ്പായം തുന്നി കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ വംശജന്റെ, ഇന്ത്യയിലെ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ പുത്രി അക്ഷതാമൂര്‍ത്തിയുടെ ഭര്‍ത്താവ് ഋഷി സുനാക്കിന്റെ പേരും മാധ്യമങ്ങളില്‍കൂടെ നാം വായിക്കുന്നു. ലോകത്തുള്ള ഒട്ടേറെ രാഷ്ട്രങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹൈന്ദവ നാമധാരികള്‍ സായിപ്പിനോടും മദാമ്മയോടും വേദി പങ്കിട്ട് അവിടങ്ങളിലെ ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുന്നു. കാനഡായിലെയും, ഫ്രാന്‍സിലെയും പാര്‍ലമെന്റ് തുടങ്ങിയ സഭകളില്‍ താടിയും തലപ്പാവും കൈയില്‍ സ്റ്റീല്‍ വളയവുമായി സര്‍ദാര്‍ജിമാര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്നു. സുഷമ സ്വരാജും, സംഘപരിവാര്‍ ശക്തികളും ഉയര്‍ത്തിവിട്ട വിദ്വേഷത്തിന്റെ പേമാരി പോകട്ടെ, ഒരു ചാറ്റല്‍ മഴ പോലും ഈ ക്രൈസ്തവ രാഷ്ട്രങ്ങളിലൊന്നും ഇതുവരെ പെയ്തതായി നമുക്ക് അറിവില്ല. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ്, സംഘപരിവാര്‍ സുഷമയിലൂടെ തൊടുത്തുവിട്ട ശരങ്ങള്‍, കേന്ദ്ര സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നതിനും കയ്യില്‍ കിട്ടിയതിനെ സ്ഥിരമായി ഉറപ്പിച്ചു നിറുത്തുന്നതിനുമായി, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ നൂറുകളായും, ആയിരങ്ങളായും, ലക്ഷങ്ങളായും ആവനാഴിയില്‍നിന്ന് അനുസ്യൂതം എയ്തു വിട്ടുകൊണ്ടിരിക്കുന്നു.

ഇതൊക്കെ തടയുന്നതിനും, വിലക്കു ലംഘിച്ച് വീണ്ടും നിയമലംഘനം നടത്തുന്നവരെ നിയമാനുസൃതം ശിക്ഷിക്കുന്നതിനും ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും, ഉത്തരവാദിത്വപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ കുറ്റകരമായ അനാസ്ഥയും കെടുകാര്യസ്ഥതയും തുടരുന്നു. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് എല്ലാവിധ പ്രചരണങ്ങളും അവസാനിപ്പിക്കുവാന്‍ നിയമം അനുശാസിക്കുന്നു. എന്നാല്‍, പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പോളിംഗിന്റെ തലേദിവസം നിയമവിരുദ്ധമായി ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും വന്റാലികളുടെ അകമ്പടി പ്രചാരണം തുടരുന്ന ദയനീയ കാഴ്ചയ്ക്കും നാമൊക്കെ സാക്ഷികളായി. ഹൈക്കോടതികളും എന്തിനേറെ സുപ്രീം കോടതി പോലും ഇത്തരം നിയമലംഘനത്തിനു നേരേ സൗകര്യപൂര്‍വ്വം കണ്ണടച്ചു കൊണ്ടിരിക്കുന്ന ഭീതിജനകമായ അവസ്ഥ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ദുസ്സൂചനയാണ് നല്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ ഗംഗാതീരത്ത് നടന്ന കാവിപ്പടയുടെ മതസമ്മേളനത്തില്‍, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍, ഇന്ത്യയുടെ പട്ടാളത്തിന്റെ പിന്തുണയുണ്ടാകണമെന്ന് പ്രസംഗകര്‍ പരസ്യമായി പറഞ്ഞു. ഇന്ത്യയ്ക്കു പുതിയ ഭരണഘടന തന്നെ അവര്‍ തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ക്ഷേത്രനഗരമായ വാരണാസിയിലേക്ക് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഭാവിയില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടെ താമസിക്കുവാന്‍ ഔദാര്യപൂര്‍വ്വം അനുമതി നല്‍കുന്ന ഹിന്ദു പാര്‍ലമെന്റ് ഈ വിഭാഗം ജനങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു. ആസ്സാം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മ മുസ്ലീം സമൂഹത്തിന് എതിരായി നടത്തുന്ന പ്രസംഗം പ്രകോപനപരമാണ്. തടയേണ്ടവര്‍ കുറ്റകരമായ മൗനവും അനാസ്ഥയുമാണ് പുലര്‍ത്തുന്നത്.

സാധാരണ ഇന്ത്യന്‍ ഹിന്ദുവിന്റെ ശ്രദ്ധ, അവന്റെ നീറുന്ന ജീവിതപ്രാരാബ്ധങ്ങളില്‍ നിന്ന് തിരിച്ചുവിടാന്‍, ജാതിമതകാര്‍ഡ് തരാതരം അവസരത്തിനൊത്ത് എടുത്തു പ്രയോഗിച്ചാല്‍ മതിയെന്നു മനസ്സിലാക്കിയവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. യുവജനങ്ങളുടെ ഇടയില്‍ തൊഴിലില്ലായ്മ അതിന്റെ എക്കാലത്തെയും അതിരൂക്ഷമായ അവസ്ഥയില്‍ എത്തി നില്ക്കുന്നു. അവരുടെ ഉള്ളില്‍ എരിയുന്ന രോഷാഗ്നിയ്ക്ക് തടയിടാനും, മതവിദ്വേഷമെന്ന തുറുപ്പ് ചീട്ട് ഫലപ്രദമാണെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് അധികാരികള്‍ നന്നായി മനസ്സിലാക്കിയിരുന്നു. ക്ഷുഭിത യൗവനത്തിന്റെ അസംതൃപ്തി, ഭരണവര്‍ഗ്ഗത്തിന് എതിരായി തിരിയാതിരിക്കുവാന്‍ മതവിദ്വേഷത്തിന്റെ വിത്തുകള്‍ ധാരാളമായി വിതറി അവയ്ക്ക് കാലാകാലങ്ങളില്‍ വെറുപ്പിന്റെ വെള്ളവും വളവും നിര്‍ല്ലോഭം നല്കിയാല്‍, അവ നന്നായി മുളച്ച് വളര്‍ന്ന് കായ്ഫലം പുറപ്പെടുവിക്കുമ്പോള്‍, ആയതിന്റെ വിളവെടുപ്പ് അനായാസം കൊയ്‌തെടുക്കാമെന്ന് ഭരണാധികാരികള്‍ മുന്‍കാലങ്ങളിലെ അനുഭവത്തില്‍ നിന്നും നന്നായി പാഠങ്ങള്‍ പഠിച്ചു വച്ചിരിക്കുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നു പോയാല്‍ ഇനിയും, എത്ര കാലത്തേയ്‌ക്കെങ്കിലും അവരുടെ അധികാരത്തിന്റെ കീരിടത്തിനും ചെങ്കോലിനും, സിംഹാസനങ്ങള്‍ക്കും യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് സമകാലിക സംഭവവികാസങ്ങള്‍ നമുക്ക് ബോധ്യങ്ങള്‍ നല്‍കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിനും, പിന്നാക്ക ആദിവാസി ദലിത് ഗോത്ര സമൂഹത്തിനും മതന്യൂനപക്ഷങ്ങള്‍ക്കും ആസന്നഭാവിയില്‍ വന്നു ഭവിക്കുവാന്‍ പോകുന്ന മഹാദുരന്തത്തെ സംബന്ധിച്ച്, ഇനിയും ഈ വിഭാഗം ജനങ്ങള്‍ക്ക് തന്നെ എന്തുമാത്രം അവബോധം ലഭിച്ചിട്ടുണ്ട്? പണവും, അധികാരവും കൊണ്ട് വരുതിയിലാക്കിയ സി.ബി.ഐ., എന്‍.ഐ.എ., ഇ.ഡി., ഇന്‍കംടാക്‌സ്, വിജിലന്‍സ് തുടങ്ങിയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കൊണ്ട് പ്രതിപക്ഷ കക്ഷികളെയും, എതിര്‍ ശബ്ദം പുറപ്പെടുവിക്കുന്നവരെയും, അടിച്ചമര്‍ത്തി ഭരണവര്‍ഗ്ഗം അശ്വമേധയാഗത്തിലെ കുതിരയെപ്പോലെ പാഞ്ഞുപോകുന്നു. എതിര്‍ക്കേണ്ടവര്‍ ഒച്ചിഴയുന്ന വേഗത്തിലും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org