

ഫാ. ജോസ് കൊളുത്തുവെള്ളില്‍
ഡയറക്ടര്‍, സഹൃദയ
ന്യൂറോ ഡൈവെര്‍ജന്റായ (ഉദാഹരണത്തിന് ഓട്ടിസമുള്ളവര്‍) കുട്ടികളെ തൊഴിലെടുക്കുന്നവരായി സമൂഹം പൊതുവില്‍ സങ്കല്‍പിച്ചിട്ടില്ലാത്ത സമയത്താണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ അവരെ ശ്രദ്ധിക്കാനായി കടന്നു ചെല്ലുന്നത്. ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ ചെയ്യാന്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കു സാധിക്കും. ഒരുപക്ഷേ മറ്റുള്ളവരെക്കാള്‍ നന്നായി ഇവര്‍ക്കതു ചെയ്യാന്‍ സാധിക്കും. ആ തിരിച്ചറിവില്‍ നിന്നാണ് ഐടി മേഖലയിലെ, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഡാറ്റ എന്‍ട്രി പോലെയുള്ള ജോലികള്‍ക്കുവേണ്ടി ഇത്തരം കുട്ടികളെ പരിശീലിപ്പിക്കാം എന്ന ആശയത്തിലേക്ക് സഹൃദയ വരുന്നത്. ഇവര്‍ക്കു പരിശീലനം നല്‍കാനുള്ള സംവിധാനം സഹൃദയ സജ്ജമാക്കി. 16 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ അങ്കമാലി, കിടങ്ങൂരുള്ള സെന്റ് അല്‍ഫോന്‍സ സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയത്. ന്യൂറോ ഡൈവര്‍ജെന്റായ കുട്ടികളുടെ സവിശേഷതകള്‍ മനസ്സിലാക്കി കൃത്യമായ സിലബസ് രൂപപ്പെടുത്തിക്കൊണ്ടുള്ള പരിശീലനമാണ് ഇവര്‍ക്കു നല്‍കിയത്. ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ മികച്ച രീതിയില്‍ അവര്‍ പരിശീലനം പൂര്‍ത്തിയാക്കി. അവരില്‍ നാലു പേര്‍ക്ക് പ്രധാനപ്പെട്ട ഐടി കമ്പനികളില്‍ തന്നെ ജോലി കണ്ടെത്താന്‍ സാധിച്ചു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി വിവിധ കമ്പനികളുടെ പ്രോജക്ടുകള്‍ ഏറ്റെടുത്തു. അവര്‍ സഹൃദയ ഏര്‍പ്പാടാക്കിയ സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് ഈ ജോലികള്‍ ആരംഭിച്ചു.
കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതങ്ങളില്‍ വലിയ മാറ്റമാണ് ഈ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചത്. ഇവര്‍ ജോലി ചെയ്തു വരുമാനം ലഭിക്കുന്നവരായി മാറുമെന്നത് പല കുടുംബങ്ങളുടെയും വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. ആദ്യ ബാച്ചിന്റെ പരിശീലനവും തൊഴിലവസരങ്ങള്‍ കണ്ടെത്തലും വിജയകരമായതിന്റെ പശ്ചാത്തലത്തില്‍, സഹൃദയ ഈ സംരംഭം തുടര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് 250 ഓളം കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞു. അവരില്‍ 40 ഓളം പേര്‍ വിവിധ ഐടി കമ്പനികളില്‍ പോയി ജോലി ചെയ്യുന്നു. ഫെഡറല്‍ ബാങ്കിന്റെ ഐടി ഡിവിഷന്‍ ആയ ഫെഡ് സെര്‍വില്‍ രണ്ടുപേര്‍ ജോലി ചെയ്യുന്നുണ്ട്.
കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതങ്ങളില്‍ വലിയ മാറ്റമാണ് ഈ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചത്. ഇവര്‍ ജോലി ചെയ്തു വരുമാനം ലഭിക്കുന്നവരായി മാറുമെന്നത് പല കുടുംബങ്ങളുടെയും വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല.
എല്ലാവര്‍ക്കും സൗജന്യമായാണ് സഹൃദയ പരിശീലനം കൊടുത്തത്. ഭൂരിപക്ഷം പേരും വീട്ടില്‍ സാമ്പത്തിക സുസ്ഥിതി ഇല്ലാത്തവരായിരുന്നു. ഇപ്പോള്‍ ഇവരുടെയെല്ലാം വരുമാനം വീട്ടുകാര്‍ക്ക് ഉപകാരപ്പെടുന്നു. ന്യൂറോ ഡൈവര്‍ജെന്റായ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന സംരംഭം ഇതുപോലെ വേറൊരിടത്തും ഇല്ലെന്നു പറയാം. ടിസിഎസിലെ റാപ്പിഡ് ലാബിന്റെ റിസര്‍ച്ച് ഹെഡ് ആയ റോബിന്‍ ടോമി ആണ് ഈ ആശയം സഹൃദയയില്‍ അവതരിപ്പിച്ചതും പിന്നീട് സിലബസ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. കേരളത്തിലെ 10 ജില്ലകളിലെ 10 സെന്ററുകളിലായി 60 കുട്ടികള്‍ ഇപ്പോള്‍ ഈ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.
ന്യൂറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ പ്രമുഖ ഐടി കമ്പനികളുടെ ക്യാബില്‍ കയറി ഇന്‍ഫോപാര്‍ക്കിലെ ഓഫീസില്‍ പോയി ജോലി ചെയ്ത് തിരിച്ചു പോകുന്ന സാഹചര്യം സൃഷ്ടിക്കാനായത്, വജ്ര ജൂബിലി ആഘോഷിക്കുന്ന സഹൃദയയുടെ നേട്ടങ്ങളുടെ ഒരു പ്രതീകമാണ്.
അറുപതു വര്‍ഷം മുമ്പ് സ്ഥാപിതമായതു മുതല്‍ കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിയാനും അതനുസരിച്ചുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കാനും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗത്തിനു കഴിഞ്ഞിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച്, കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ സാമൂഹ്യ ഇടപെടലുകള്‍ നടത്തണമെന്ന ഉദ്ദേശത്തോടെ വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം എന്ന പ്രസ്ഥാനത്തിന് ഔപചാരികമായ രൂപം നല്‍കുന്നത് 1965 ഒക്‌ടോബറിലാണ്. മോണ്‍. വര്‍ഗീസ് കവലക്കാട്ട് പ്രസിഡന്റും ഫാ. ആന്റണി പുതുശേരി സെക്രട്ടറിയുമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള 15 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സൊസൈറ്റിയായാണ് അതു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സഹൃദയ എന്ന പേരു പില്‍ക്കാലത്ത് ഈ പ്രസ്ഥാനത്തിനു കൈവന്നു. അതിനു മുമ്പ്, 1958 ല്‍ തന്നെ ഇടവകകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സോഷ്യല്‍ വെല്‍ഫെയര്‍ ആക്ടിവിറ്റീസ് എറണാകുളം അതിരൂപത എന്ന പേരില്‍ ഒരു സംഘടന പാറേക്കാട്ടില്‍ പിതാവ് സ്ഥാപിച്ചിരുന്നു. ഭക്ഷ്യസ്വയംപര്യാപ്തത, കൈത്തൊഴിലുകളും ചെറുകിട വ്യവസായ സംരംഭങ്ങളും വഴി സമൃദ്ധി, എല്ലാവര്‍ക്കും വാസയോഗ്യമായ വീടുകള്‍ എന്നിവയാണ് നമ്മുടെ ലക്ഷ്യങ്ങളെന്ന് 1966 ല്‍ ഇതേക്കുറിച്ചെഴുതിയ ഇടയലേഖനത്തില്‍ പാറേക്കാട്ടില്‍ പിതാവ് വ്യക്തമാക്കിയിരുന്നു.
ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, അതിരൂപതാപരിധിയിലുള്ള സകല മനുഷ്യരുടെയും സമഗ്രക്ഷേമത്തിനും അഭിവൃദ്ധിക്കുമായുള്ള ഇടപെടലുകളാണ് ഇക്കഴിഞ്ഞ അറുപതാണ്ടുകളിലും സഹൃദയ നടത്തിവന്നിരുന്നത്. സ്ഥാപകദര്‍ശനങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട്, കാലം ആവശ്യപ്പെടുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സഹൃദയ നിരന്തരം ശ്രമിച്ചുപോന്നു. അവഗണിക്കപ്പെട്ടവരും സമൂഹത്തിന്റെ അരികുകളിലേക്കു തള്ളപ്പെട്ടവരുമായ മനുഷ്യരിലേക്ക് ഓരോ കാലത്തും സഹൃദയ ഇറങ്ങിച്ചെന്നുകൊണ്ടിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി സഹൃദയ നടപ്പാക്കിയത്. താമരശ്ശേരി രൂപതയുടെ കീഴില്‍ ഏഴും മാനന്തവാടി രൂപതയുടെ കീഴില്‍ ഏഴുമായി ആകെ 14 വീടുകളാണ് നിര്‍മ്മിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടിയുള്ള സേവനങ്ങള്‍ സഹൃദയ 2022-ല്‍ ഔപചാരികമായി ആരംഭിച്ചു. 'സഹൃദയ മാരിവില്‍ ക്ലിനിക്' എന്ന പദ്ധതിയുടെ കീഴില്‍ എറണാകുളം നഗരത്തിലും പരിസരത്തുമുള്ള ട്രാന്‍സ്‌ജെന്റേഴ്‌സിനെ കണ്ടെത്തി അവര്‍ക്കുവേണ്ട വൈദ്യസഹായം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൗജന്യമായി ലഭ്യമാക്കുകയാണ് ഈ പദ്ധതിയില്‍ ചെയ്യുന്നത്. കൗണ്‍സിലിംഗും നിയമസഹായങ്ങളും ചെയ്യുന്നതിനു പുറമേ ഇത്തരക്കാരെക്കുറിച്ച് പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും ശ്രമിക്കുന്നു. അപ്രകാരം ഈ വിഭാഗത്തിലെ അനേകര്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് കടന്നുചെന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വയം പരിവര്‍ത്തന വിധേയമാകുന്നു, അതോടൊപ്പം അവരോടുള്ള സമൂഹത്തിന്റെ മനോഭാവവും പരിവര്‍ത്തിക്കപ്പെടുന്നു. എറണാകുളം നഗരത്തില്‍ ഇപ്പോള്‍ 500 ഓളം ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങള്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹം നേരിടുന്നുണ്ട് എന്നതു മനസ്സിലാക്കി 'സഹൃദയ മിത്രം കൗണ്‍സിലിംഗ് പ്രോഗ്രാം' എന്ന സേവന പരിപാടി ആരംഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഇതിലൂടെ സൗജന്യമായി കൗണ്‍സിലിംഗ് നേടി, മാനസികാരോഗ്യം കൈവരിച്ചു. നിരവധി ബോധവല്‍ക്കരണ പരിപാടികളും നടന്നു കഴിഞ്ഞു. മാനസികാരോഗ്യം കേരളസമൂഹം പൊതുവില്‍ ശ്രദ്ധിക്കാതെ പോകുന്നതും സോഷ്യല്‍ സ്റ്റിഗ്മ ഇന്നും നിലവിലുള്ളതുമായ ഒരു മേഖലയാണ്. ശരീരത്തെപ്പോലെ മനസ്സിന്റെയും ആരോഗ്യം സുപ്രധാനമാണെന്നും അതിന് ഇത്തരത്തിലുള്ള സേവനങ്ങള്‍ സ്വീകരിക്കുന്നത് അഭികാമ്യമാണെന്നും ഉള്ള അവബോധം കൂടുതല്‍ ആളുകളിലേക്ക് പകരുവാന്‍ സഹൃദയയ്ക്കു സാധിച്ചു. അമ്മമാരുടെ മാനസികാരോഗ്യം കുടുംബത്തിന്റെ പൊതുവായ ആരോഗ്യത്തെ ബാധിക്കും എന്ന കാഴ്ചപ്പാട് ഈ കൗണ്‍സിലിംഗ് പ്രോഗ്രാം ആരംഭിച്ചതിന്റെ പിന്നിലുണ്ട്.
സ്വയം സഹായസംഘങ്ങള്‍ക്കു വളരെ നേരത്തെ രൂപം കൊടുത്ത സഹൃദയ ആ രംഗത്തും കാലികമായ പരിഷ്‌കരണം നടപ്പാക്കി. അതിന്റെ ഭാഗമായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ സ്ഥാപിതമായി. സഹൃദയയുടെ കുടക്കീഴില്‍ ഇപ്പോള്‍ അമ്പതിനായിരത്തോളം പേരാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം ഏതാണ്ട് 50 കോടിയിലധികം രൂപ സ്വയം തൊഴില്‍ വായ്പയായി ഇവര്‍ക്ക് ലഭ്യമാക്കുന്നു. അതുപയോഗിച്ച് ഇവര്‍ ധാരാളം സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടത്തുകയും സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. പശു വളര്‍ത്തല്‍, കോഴി ഫാം, അച്ചാര്‍ നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ഉണക്കമീന്‍ സംസ്‌കരണം തുടങ്ങിയ നിരവധി പദ്ധതികള്‍ ഇവര്‍ ചെയ്യുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കി സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന പ്രത്യേക പരിപാടി രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. നിര്‍ധനകുടുംബാംഗങ്ങളായ നൂറോളം കുട്ടികള്‍ ഇപ്പോള്‍ അതിന്റെ ഭാഗമാണ്. ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ ഇപ്പോള്‍ പത്താം ക്ലാസിലേക്ക് എത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് പരിശീലനം. കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, പരീക്ഷയെഴുത്ത് തുടങ്ങിയവയില്‍ നിരവധി പരിശീലന പരിപാടികള്‍ ഓരോ വര്‍ഷവും ഈ കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്നു. ചേര്‍ത്തല, വൈക്കം, പള്ളിപ്പുറം എന്നീ ഫൊറോനകളിലെ കുട്ടികളെയാണ് ഇതിനുവേണ്ടി ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. സഹൃദയയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പോലെ ഇതിലും മതഭേദമില്ലാതെ അര്‍ഹരായ എല്ലാവര്‍ക്കും അവസരം നല്‍കുന്നുണ്ട്.
വജ്ര ജൂബിലിയോടനു ബന്ധിച്ചു സഹൃദയ മൂന്നു പുതിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരുന്നതിനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഇതില്‍ രണ്ടു പദ്ധതികള്‍.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി സഹൃദയ നടപ്പാക്കിയത്. താമരശ്ശേരി രൂപതയുടെ കീഴില്‍ ഏഴും മാനന്തവാടി രൂപതയുടെ കീഴില്‍ ഏഴുമായി ആകെ 14 വീടുകളാണ് നിര്‍മ്മിക്കുന്നത്. മറ്റു സഹായപദ്ധതികളും അവിടെ നടപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സമയത്ത് അതിരൂപതയിലെ ഇടവകകളില്‍ നടത്തിയ ധനസമാഹരണത്തില്‍ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. വീടുകളുടെ നിര്‍മ്മാണം നല്ല നിലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഇടവകകളില്‍ പിരിക്കുന്ന ജീവകാരുണ്യ നിധി ഉപയോഗിച്ചുള്ള ചികിത്സാസഹായങ്ങളുടെ നിര്‍വഹണവും സഹൃദയ ചെയ്തുവരുന്നു. നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുവേണ്ടി ധാരാളം പേര്‍ക്ക് സഹൃദയ സഹായം എത്തിക്കുന്നുണ്ട്.
വജ്ര ജൂബിലിയോടനുബന്ധിച്ചു സഹൃദയ മൂന്നു പുതിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരുന്നതിനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഇതില്‍ രണ്ടു പദ്ധതികള്‍. ഒന്ന്, പൊന്നുരുന്നിയില്‍ സ്ഥാപിതമായിരിക്കുന്ന 'ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍' ആണ്. കൊച്ചുകുട്ടികളിലെ ഭിന്നശേഷിക്കാരെ കണ്ടെത്തി ആവശ്യമായ തെറാപ്പികള്‍ തുടക്കം മുതലേ നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ആലുവയില്‍ സ്ഥാപിതായിരിക്കുന്ന 'ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍' ലക്ഷ്യമിടുന്നത് മുതിര്‍ന്ന ഭിന്നശേഷി കുട്ടികള്‍ക്കു പരിശീലനം നല്‍കുക എന്നതാണ്. ആകെ അറുപതു കുട്ടികള്‍ക്കു പരിശീലനം നേടുന്നതിനുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ട്.
അടുത്തത്, സഹൃദയ ഡയമണ്ട് ജൂബിലി ഹൗസിംഗ് പ്രോജക്ടാണ്. മലയാറ്റൂരിനടുത്ത് സെബിയൂരില്‍ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി അറുപതു കുടുംബങ്ങള്‍ക്കു പാര്‍പ്പിടമൊരുക്കുന്നു. വീടില്ലാത്തവര്‍ക്ക് ഇവിടെ സൗജന്യമായി എത്ര കാലം വേണമെങ്കിലും താമസിക്കാം. ഇരുപതോളം വര്‍ഷം മുമ്പ് പട്ടിമറ്റത്ത് ഇതുപോലെ 42 വീടുകളുടെ ഒരു ഭവന പദ്ധതി സഹൃദയ ആരംഭിച്ചിരുന്നു. അത് ഇപ്പോഴും വിജയകരമായി മുന്നോട്ടുപോകുന്നു. ഇവിടെ അഭയം കണ്ടെത്തിയ നൂറോളം കുടുംബങ്ങള്‍ ഇപ്പോള്‍ സ്വന്തം വീടുകള്‍ പണിത് മാറി. അങ്ങനെ മാറുമ്പോള്‍ ഒഴിവു വരുന്ന വീടുകള്‍ മറ്റൊരു കുടുംബത്തിന് നല്‍കുന്നതാണ് പദ്ധതി. വര്‍ഷങ്ങളോളം ഇവിടെ താമസിക്കുമ്പോള്‍ വാടക ഇനത്തില്‍ ലഭിക്കുന്ന തുക കൊണ്ടു തന്നെ പലര്‍ക്കും സ്വന്തമായ ഒരു വീട് എന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാന്‍ സാധിക്കുന്നു. ഇത്തരത്തില്‍പ്പെട്ട 60 ഓളം കുടുംബങ്ങള്‍ക്ക് ജൂബിലി വര്‍ഷത്തില്‍ മലയാറ്റൂരില്‍ ഈ സൗകര്യം ലഭ്യമാവുകയാണ്. അങ്കമാലിയിലുള്ള വര്‍ഗീസ് പറപ്പിള്ളിയാണ് ഇതിനുള്ള സ്ഥലം സൗജന്യമായി നല്‍കിയത്.
(അഭിമുഖസംഭാഷണം)