
അടുത്തകാലത്ത് കണ്ടതും കേട്ടതുമായ പല കാര്യങ്ങളും ഭാരത പൗരന്മാര്‍ എന്ന നിലയില്‍ നമ്മെ അലോസരപ്പെടുത്താന്‍ പോരുന്നതാണ്. ഉന്നത ഭരണഘടനാപദവികള്‍ വഹിക്കുന്നവരും സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരുമാണ് ഇതിന്റെ കാരണക്കാരെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭരണഘടനയുടെ മൂല്യങ്ങളെ തമസ്‌കരിക്കുന്ന ഭരണഘടനാ ഭേദഗതികള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍ സുപ്രീം കോടതിക്കോ ഹൈക്കോടതികള്‍ക്കോ അധികാരമില്ലെന്ന് പറഞ്ഞത് ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറാണ്. മുസ്ലീങ്ങള്‍ അവരുടെ ഔന്നത്യത്തെക്കുറിച്ചുള്ള വീരവാദം ഉപേക്ഷിച്ചാല്‍ ഇവിടെ സമാധാനത്തോടെ കഴിയാമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ വക വേറെ. തുളസീദാസിന്റെ രാമചരിതമാനസിനെ ഗോള്‍വാക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സുമായി താരതമ്യം ചെയ്ത ബീഹാര്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി ചന്ദ്രശേഖറും അങ്ങനെ പറഞ്ഞ മന്ത്രിയുടെ നാവരിയാന്‍ ആഹ്വാനം ചെയ്ത സന്യാസി സമൂഹവും ഇതിന്റെ മറ്റു പതിപ്പുകളാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഗവര്‍ണര്‍മാരും പ്രതിപക്ഷ മുഖ്യമന്ത്രിമാരും തമ്മിലുള്ള ബന്ധം ഇത്രയും വഷളായ മറ്റൊരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. പ്രകൃതിയെ വി സ്മരിച്ചു കൊണ്ടുള്ള വികസനം നമ്മെ എവിടെ കൊണ്ടെത്തിക്കും എന്നതിന്റെ ദൃഷ്ടാന്തമായി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നില്‍ക്കുന്നു. ഇനി ഇത്തരം കാര്യങ്ങളുമായി ബന്ധമില്ലാത്ത മറ്റൊന്ന്. ഗുജറാത്തിലെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് പരീക്ഷയുടെ ചോദ്യമാണ് വിഷയം. 'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ?'
പക്ഷേ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഇതൊന്നുമൊരു പ്രശ്‌നമല്ല. അവരുടെയും അവരുടെ കൂട്ടാളികളുടെയും ലക്ഷ്യം മറ്റു ചിലതാണ്. ഭരണകക്ഷിയില്‍ പെട്ടവര്‍ തന്നെ ലഹരി പദാര്‍ത്ഥങ്ങളുടെ മൊത്ത കച്ചവടക്കാരായി വാഴുന്നു; അനാശാസ്യ പ്രവര്‍ത്തനങ്ങളിലും അഴിമതിയിലും മുഴുകുന്നു; കൊല്ലും കൊലയും നടത്തുന്നു; ഭൂ മാഫിയകളായി പ്രവര്‍ത്തിക്കുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്താകാന്‍ പാടില്ലയോ അതൊക്കെയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഞ്ചു വയസ്സുകാരി എന്നോടു പറഞ്ഞത് ഓര്‍മ്മ വരുന്നു. അത് നമ്മുടെ കരളലിയിക്കാന്‍ (കരള്‍ ഉള്ളവര്‍ക്ക്) പോരുന്നതാണ്. 'വളര്‍ന്ന് വലിയ പണക്കാരിയാകുമ്പോള്‍ ഞാന്‍ ഒരു സാന്‍ഡ്‌വിച്ച് വാങ്ങി കഴിക്കും!' സമ്പന്നതയെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് സാന്‍ഡ്‌വിച്ചില്‍ അവസാനിക്കുന്നു! ഇതുപോലുള്ള പരശതം കുഞ്ഞുങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഇത്തവണത്തെ കേരളാ സ്‌കൂള്‍ കലോത്സവം നടന്നപ്പോള്‍ അവിടെ എങ്ങനെയൊ എത്തിപ്പറ്റിയ ഒരു നാടോടി കുട്ടിയുടെ ചിത്രം പത്രത്തില്‍ കണ്ടു. അവള്‍ ഇതെല്ലാം കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ്. ഇതാണ് ഇന്ത്യ. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബംഗാളി കവി, സുകാന്ദ ഭട്ടാചാര്യ (ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു) പൂര്‍ണ്ണ ചന്ദ്രനെ ഉപമിച്ചത് ചപ്പാത്തിയോടാണ്. ദാരിദ്ര്യത്തിന്റെ നടുവില്‍ ജീവിച്ച അദ്ദേഹത്തിന് അതില്‍ (ചന്ദ്രനില്‍) മറ്റൊന്നും കാണാനാവില്ലല്ലോ. മുമ്പ് സൂചിപ്പിച്ച രണ്ടു കുട്ടികളും പൂര്‍ണ്ണ ചന്ദ്രനെ കാണുമ്പോള്‍ ഇതു തന്നെയാവില്ലേ ഓര്‍ക്കുക?
സമ്പന്നതയുടെ ചെറുതുരുത്തുകള്‍ക്ക് ചുറ്റും ഭാരിദ്ര്യത്തിന്റെ മഹാസാഗരം. കടലിലെ തിരമാല പോലെയാണ് നമ്മുടെ രാജ്യത്തെ സാധാരണ മനുഷ്യര്‍. തിരമാല വീണ്ടും വീണ്ടും തീരം തൊടുന്നു തൊട്ടതുപോലെ മടങ്ങിയും പോകുന്നു. ഓരോ പ്രാവശ്യം തീരം തൊടുമ്പോഴും തീരത്തോട് എന്തോ ചോദിക്കുന്നുണ്ട്. പക്ഷേ തീരം ഓരോ പ്രാവശ്യം അതിനെ അവഗണിക്കുന്നു. ഇതു തന്നെയാണ് ജനങ്ങളുടെ അവസ്ഥയും. അവര്‍ തങ്ങളുടെ സങ്കടങ്ങള്‍ പറയാന്‍, അതിന് പരിഹാരം കാണാന്‍, ഭരണകൂടമെന്ന തീരത്ത് അണയുന്നു. ഓരോ പ്രാവശ്യവും ഭരണകൂടം അവരെ ആട്ടിപ്പായിക്കുന്നു.
അപവാദങ്ങള്‍ മാറ്റിവച്ചാല്‍, ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുന്ന സമ്പന്നരുടെയും അതിസമ്പന്നരുടെയും കണക്കപ്പിള്ളയായാണ് ഭരണകൂടവും രാഷ്ട്രീയ സമൂഹവും പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നഷ്ടം സംഭവിക്കുമ്പോള്‍, വേണ്ട അവരുടെ ലാഭം കുറഞ്ഞാല്‍ തന്നെ, ഭരണകൂടത്തിന് ആധിയാണ്. ബാങ്ക് ലോണും സകലമാന നികുതി ഇളവും മറ്റുമായി അത് ഓടിയെത്തുന്നു, കോര്‍പ്പറേറ്റ് ലോബിയെ സമാശ്വസിപ്പിക്കുന്നു. വന്‍കിടക്കാര്‍ക്ക് ലോണ്‍ നല്‍കിയ വകയില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 2021-ല്‍ മാത്രം തിരിച്ചുകിട്ടാനുള്ളത് 1.53 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ (2016-'22) കണക്കെടുത്താല്‍ ഇത് 11.18 ലക്ഷം കോടി രൂപ വരും. 2020-ല്‍ 68,607 കോടി രൂപ എഴുതിത്തള്ളിയതിനു ശേഷമുള്ളതാണ് ഈ തുക എന്ന കാര്യം ഓര്‍ക്കുക.
2012-'13 ല്‍ മാത്രം ഭാരതസര്‍ക്കാര്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് നല്‍കിയ നികുതി ഇളവ് ഒരു ലക്ഷം കോടി രൂപയാണ്, അഞ്ച് ട്രില്യണ്‍ രൂപ. 2019-20 ല്‍ ഇത് ഒന്നര ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഇതില്‍ ആദ്യത്തേത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് നല്‍കിയതെങ്കില്‍ രണ്ടാമത്തേത് നല്‍കിയത് മോദി സര്‍ക്കാരും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് സാരം. കോര്‍പ്പറേറ്റ് ലോബിയെ പ്രീണിപ്പിക്കാന്‍ പരസ്പരം മത്സരിക്കുന്നു. പണ്ടൊക്കെ ജനങ്ങളുടെ ഇടയില്‍ കഴിഞ്ഞിരുന്ന രാഷ്ട്രീയക്കാരും ഭരണാധിപന്മാരും ഇപ്പോള്‍ വന്‍കിട വ്യവസായ പ്രമുഖരുമായാണ് ഇടപഴകുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇടതു വലത് വ്യത്യാസം ഇല്ലെന്നതാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നിരുന്ന ഗാന്ധിയില്‍ നിന്നും നെഹ്രുവില്‍ നിന്നും ജനങ്ങളില്‍നിന്ന് അകലം കാത്തു സൂക്ഷിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയക്കാരിലേക്കുള്ള ദൂരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല അവസ്ഥയെ സൂചിപ്പിക്കുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം വാരികോരി നല്‍കുന്ന ഇളവുകള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സാമൂഹിക ക്ഷേമത്തെയാണെന്നതാണ് പ്രശ്‌നം. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ സാമൂഹികക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ രാജ്യമായിരുന്നു നമ്മുടേതെങ്കില്‍, ഇപ്പോള്‍ അത് ഏറ്റവും കുറവ് തുക ചെലവാക്കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുന്നു. പാക്കിസ്ഥാന് തൊട്ടുതാഴെ! തൊഴിലുറപ്പ് പദ്ധതിയും വിദ്യാഭ്യാസവും തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. ഇതില്‍ ആദ്യത്തേതിന് നീക്കിവയ്ക്കുന്ന തുക ഓരോ വര്‍ഷവും കുറഞ്ഞു വരുന്നു. 2017-'18 ല്‍ 68,607.86 കോടി രൂപ ആയിരുന്നത് 2018-19 ല്‍ 61,084 കോടിയായും തൊട്ടടുത്ത സാമ്പത്തിക വര്‍ഷം (2019-'20) 60,000 കോടിയായും കുറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവിന്റെ കാര്യമെടുത്താല്‍ 2010-'11 ല്‍ ആകെ റവന്യൂ വരുമാനത്തിന്റെ 2.60 ശതമാനമായിരുന്നത് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ (2022-'23) 1.85 ശതമാനമായി കൂപ്പുകുത്തി! മൊത്തം ജനസംഖ്യയുടെ 60 ശതമാനം 26 വയസ്സില്‍ താഴെയുള്ളവരുടെ രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നത് എന്നാലോചിക്കുമ്പോള്‍ നമുക്ക് അസ്വസ്ഥരാവാതെ തരമില്ല. സമൂഹം യഥാര്‍ത്ഥമാകുമ്പോള്‍, രാഷ്ട്രീയം അയഥാര്‍ത്ഥമാകുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.
ഇതില്‍നിന്ന് രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്: സാധാരണക്കാര്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നു; സാമ്പത്തികാസമത്വം വര്‍ധിക്കുന്നു. മുകളില്‍ ചൂണ്ടിക്കാണിച്ച കുഞ്ഞുങ്ങളെ പോലെയുള്ള എത്രയോ ലക്ഷം കുഞ്ഞുങ്ങള്‍ ദരിദ്ര്യത്തില്‍ കഴിയുന്നു. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത്തരത്തില്‍പ്പെട്ട പതിനഞ്ച് ദശലക്ഷം കുഞ്ഞുങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. രണ്ടാമത്തേത് സാമ്പത്തികാസമത്വം വര്‍ധിക്കുന്നു എന്നതാണ്. ഈ അന്തരം നമ്മെ ഞെട്ടിപ്പിക്കാന്‍ പോരുന്നതാണ്. 1981-2012 കാലത്ത് രാജ്യത്തിന്റെ ആസ്തിയുടെ 45 ശതമാനം കേവലം പത്ത് ശതമാനം വന്നിരുന്ന സമ്പന്നര്‍ കൈവശം വച്ചെങ്കില്‍, 2022-ല്‍ ഇത് 63 ശതമാനമായിരിക്കുന്നു. അതില്‍ തന്നെ ഒരു ശതമാനത്തിന്റെ ആസ്തി 40.5 ശതമാനമാണ്. അതിസമ്പന്നരായ 100 പേര്‍ക്ക് 2.5 ശതമാനം സ്വത്ത് നികുതി ഏര്‍പ്പെടുത്തിയാല്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും നമുക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനാവും.
എന്നാല്‍ ഇതൊന്നുമല്ല നമ്മുടെ ഭരണകൂടത്തിന്റെ പരിഗണനയില്‍ ഉള്ളത്. ജനങ്ങള്‍ക്ക് ദ്രോഹം മാത്രം നല്‍കുന്ന വന്‍കിട പദ്ധതികളെക്കുറിച്ച് അത് സ്വപ്നം കാണുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്‍തുക മുടക്കി പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ അനുഗ്രഹിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ (കേന്ദ്ര-സംസ്ഥാന ഭേദമന്യെ) സാന്നിധ്യം ഇപ്പോള്‍ പത്രത്താളുകളിലാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണവര്‍ഗം പരസ്യവും ഫോട്ടൊഗ്രാഫുമാണെന്ന് സാരം. തങ്ങള്‍ എല്ലാ തെറ്റു കുറ്റങ്ങള്‍ക്കും അതീതരാണെന്ന് സ്വയം പ്രഖ്യാപിക്കാനും ഇവര്‍ അമാന്തിക്കുന്നില്ല. ഗാന്ധിജിക്ക് പോലുമില്ലാത്ത സ്ഥാനം അവര്‍ സ്വന്തമായി കല്പിച്ചു നല്‍കിയിരിക്കുന്നു. ഗാന്ധി സിനിമയെടുക്കുന്നതിന് (1982-ല്‍) വളരെ മുന്‍പ് തന്നെ ഇത്തരമൊരാശയവുമായി തന്നെ സന്ദര്‍ശിച്ച റിച്ചാര്‍ഡ് ആറ്റന്‍ബെറൊയോട് ജവഹര്‍ലാല്‍ നെഹ്‌റു അന്ന് പറഞ്ഞതിനെക്കുറിച്ച് സമയമുള്ളപ്പോള്‍ ഇക്കൂട്ടര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. 'ഗാന്ധിജിയുടെ ബലഹീനതകളെ, പരാജയങ്ങളെ അദ്ദേഹത്തിന്റെ മനോവൃത്തിയിലെ ചാഞ്ചാട്ടങ്ങളെ അവഗണിക്കരുത്. മഹാത്മാവ് പച്ച മനുഷ്യനാണ്', നെഹ്‌റു പറഞ്ഞു.
ഇന്ത്യയ്ക്കു വേണ്ടത് തെറ്റുകള്‍ക്ക് അതീതരായ സ്വന്തം നെഞ്ചൂക്കില്‍ അഭിമാനം കൊള്ളുന്ന രാഷ്ട്രീയക്കാരെയും ഉപ്പിലിട്ട് ഉണക്കിയ പ്രത്യയശാസ്ത്രങ്ങളെയുമല്ല. നമുക്കു വേണ്ടത് സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും പരിസ്ഥിതിക്കും പട്ടിണി പാവങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ചുരുക്കിപ്പറഞ്ഞാല്‍, ജാതിക്കും മതത്തിനും ഭാഷയ്ക്കും മറ്റ് വേര്‍തിരിവുകള്‍ക്കും അപ്പുറം അവശത അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും കാവലായി നില്ക്കുന്ന രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയുമാണ്. എല്ലാത്തരം ഡൈവേഴ്‌സിറ്റിയെയും - മതം, ഭാഷ, സംസ്‌കാരം... സംരക്ഷിക്കുന്നതാവണം അവരുടെ രാഷ്ട്രീയ അജണ്ട. മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്ന ഇളാ ഭട്ട് അവരുടെ അവസാനത്തെ പുസ്തകത്തില്‍ (അനുബന്ധം: ബില്‍ഡിംഗ് ഹണ്‍ഡ്രഡ് മൈല്‍ കമ്യൂണിറ്റീസ് - Anubandh: Hundred Mile Communtiy-2015) പറഞ്ഞത് ഉപജീവന മാര്‍ഗമാണ് നീതി എന്നാണ്. ഇതു തന്നെയാണ് ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ പറഞ്ഞിരിക്കുന്നതും. ഇതൊക്കെ ചാലിച്ചെടുത്തതാവണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രം.
ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ ഇന്ത്യയിലെ വീട്ടമ്മമാരോട് ചോദിക്കൂ. തങ്ങള്‍ സ്വപ്നം കാണുന്ന ഇന്ത്യയെക്കുറിച്ച് അവര്‍ വ്യക്തമായി പറഞ്ഞു തരും. ഇത്തരം കാര്യങ്ങള്‍ ഉദ്യോഗസ്ഥ മേധാവികളുടെയും പണ്ഡിതന്മാരുടെയും വിദഗ്ധന്മാരുടെയും 'വിദ്യൂല്‍ സദസുകളില്‍' മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നത് അവസാനിപ്പിക്കണം. ആദ്യം വീട്ടമ്മമാര്‍ പറയട്ടെ, നമുക്ക് കേള്‍ക്കാം. എന്നിട്ടാവാം രാജ സദസിലെ സംവാദങ്ങള്‍, അതും അങ്ങനെയൊന്ന് വേണമെന്ന് തോന്നുന്നെങ്കില്‍.
ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ പൊതുസമൂഹവും രാഷ്ട്രീയവും ശ്രദ്ധ പതിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വാര്‍ധക്യവും മഞ്ഞിന്റെ വരവും ഒരുപോലെയാണെന്ന് പറയാറുണ്ട്. രണ്ടും നിമിഷാര്‍ദ്ധം കൊണ്ട് സംഭവിക്കുന്നു. ഒരു സുപ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഭൂമി മഞ്ഞണിഞ്ഞു കിടക്കുന്നതു പോലെ വാര്‍ധക്യവും സംഭവിക്കുന്നു. ജനാധിപത്യം തകരുന്നതും ഇതേ രീതിയിലാണ്. കണ്ണിമ ചിമ്മുന്ന നേരം മതി അത് ഇല്ലാതാവാന്‍. നാം ജാഗരൂകരായില്ലെങ്കില്‍, ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തിരിക്കുന്നതും ഇത്തരമൊരു നിയതി ആവും, സംശയംവേണ്ട.