അപ്പത്തിന്റെ വീട്

അപ്പത്തിന്റെ വീട്

യുദ്ധത്തിന്റെ ഭീതിയുണര്‍ത്തുന്ന കാഹളം ഇനിയും അവസാനിച്ചിട്ടില്ല! വംശീയ കലാപത്തിന്റെ ആപത്കരമായ ആരവങ്ങള്‍ ശമിച്ചിട്ടില്ല. അരക്ഷിതാവസ്ഥകളുടെയും അശാന്തിയുടെയും നടുവിലേക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പരത്തിക്കൊണ്ട് ക്രിസ്മസ് ആഗതമാവുകയാണ്. അങ്ങകലെ കുന്നിറങ്ങി വരുന്ന ഇടയനും പാടം മുറിച്ചു വരുന്ന ജ്ഞാനികളും ആട്ടിന്‍പറ്റവും മാത്രമല്ല പ്രപഞ്ചമാകെ ഒരു കുഞ്ഞിനെ ഉള്ളില്‍ പ്രതിഷ്ഠിച്ച് ഇമപൂട്ടി ധ്യാനിക്കുന്ന നാളുകള്‍ കുഞ്ഞുങ്ങളെപ്പോലെയാകാന്‍ പറഞ്ഞവന്‍ ഒരു കുഞ്ഞായി കാലിത്തൊഴുത്തില്‍.

അന്ധകാരത്തിലായിരുന്ന ജനം വലിയ വെളിച്ചം കണ്ടു എന്നാണ് അവന്റെ ജനനത്തെ പറ്റി തിരുമൊഴികള്‍ പറഞ്ഞത്. വെളിച്ചം മാത്രമല്ല ആത്മാവിന്റെ ആഴമായ അപ്പവും കൂടിയായിരുന്നു അവന്‍. ജീവന്റെ അപ്പം! വീട് എന്ന് അര്‍ത്ഥമുള്ള ആലശ േഎന്ന വാക്കും അപ്പം എന്ന് അര്‍ത്ഥമുള്ള ഘലരവലാ എന്ന വാക്കും കൂടിച്ചേരുമ്പോള്‍ ആലശ േഘലരവലാ ആയി. അപ്പത്തിന്റെ വീട് എന്നര്‍ത്ഥമുള്ള ബെത്‌ലഹേം അവന് പിറവിക്കുള്ള ഇടമായി മാറുമ്പോള്‍... അതിന് അതിമനോഹരമായ മറ്റൊരര്‍ത്ഥവും കൂടിയുണ്ട് എന്ന് വേണം കരുതുവാന്‍. കാല്‍വരിയില്‍ ലോകം മുഴുവനും വേണ്ടിയുള്ള അപ്പമായി മുറിയപ്പെടേണ്ടവന്‍ അപ്പത്തിന്റെ വീട്ടില്‍ കാലിത്തൊഴുത്തില്‍ പിറന്നു. കാലിത്തൊഴുത്തും കാല്‍വരിയും അപ്പത്തിന്റെ നിയോഗം പേറുന്ന ഇടങ്ങളായി മാറുന്നു.

ക്രിസ്മസ് ഒരു ക്ഷണമാണ്. അപ്പത്തിന്റെ വീട്ടിലേക്കുള്ള ഹാര്‍ദമായ ക്ഷണം! കടന്നു വരുന്ന ഓരോരുത്തര്‍ക്കും രുചിയും പോഷണവും നല്കുന്ന അപ്പത്തിന്റെ വീടുകളായി നമ്മുടെ ഭവനങ്ങളും ഹൃദയവും മാറുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥപൂര്‍ണ്ണമാകുന്നു. വീടിന്റെ കഠിനമായ ദാരിദ്ര്യവും കുഞ്ഞുങ്ങളുടെ വിശപ്പുമകറ്റാന്‍ ദൈവത്തിന്റെ നിര്‍ദേശാനുസൃതം വീടിന്റെ അമ്മ, അപ്പമായി രൂപാന്തരപ്പെട്ടു എന്ന് ഒരു പഴയ കഥയുണ്ട്.

വചനം മാംസമായവന്, കാല്‍വരിയില്‍ അപ്പമായിത്തീരേണ്ടവന് തങ്ങളുടെ രുചിക്കൂട്ടുകള്‍ കൊണ്ട് അഭൗമമായ രുചി പകര്‍ന്നവരാണ് യൗസേപ്പും മറിയവും. വി. യൗസേപ്പിന്റെയും മറിയത്തിന്റെയും അനുസരണത്തിന്റെയും ത്യാഗത്തിന്റെയും ദൈവഹിതാന്വേഷണത്തിന്റെയും രുചിക്കൂട്ടുകള്‍ ചേര്‍ന്നപ്പോഴാണ് അവന്‍ അപ്പമായി അനേകര്‍ക്ക് ജീവന്‍ പകര്‍ന്നത്. തങ്ങളുടേതായ ചില രുചികള്‍ അവര്‍ മാറ്റി വച്ചപ്പോള്‍ ലോകത്തിന് ഇത്രമേല്‍ സ്വീകാര്യമായ അപ്പമായി അവന്‍ മാറി.

എപ്പോഴൊക്കെ എന്റെ രുചി ഭേദങ്ങള്‍ മറന്ന് കൂടെയുള്ളവരുടെ രുചികളെ ഉള്‍ക്കൊള്ളുന്നുവോ അപ്പോഴൊക്കെ എന്റെ വീട് അപ്പത്തിന്റെ വീടാവുകയാണ്. എന്റെ സാന്നിധ്യം, വാക്കുകള്‍ പെരുമാറ്റങ്ങള്‍ പങ്കുവയ്ക്കലുകള്‍ കൊണ്ട് മറ്റുള്ളവരുടെ ഉള്ളിലെ ശൂന്യത അകറ്റാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടോ അപ്പോഴൊക്കെ എന്റെ ഹൃദയം അപ്പത്തിന്റെ വീടാവുകയാണ്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തുപോലെ, തുറന്ന കവാടങ്ങളോടെ, വ്യത്യസ്തതയുടെ മതിലുകളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളാനാവുമ്പോള്‍. നന്മയുടെ നക്ഷത്ര വെളിച്ചം കാണിച്ച് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക് നയിക്കുമ്പോള്‍, വിലപ്പെട്ടതായി കരുതി മാറ്റിവയ്ക്കുന്നതൊക്കെ പൊന്നും മീറയും കുന്തിരിക്കവുമായി മറ്റുള്ളവര്‍ക്ക് സമ്മാനിക്കുമ്പോള്‍, ആട്ടിടയരെപ്പോലെ വിനീതരും നിതാന്തജാഗ്രതയുള്ളവരുമായി നാം വര്‍ത്തിക്കുമ്പോള്‍... നമ്മുടെ വീടുകള്‍ അപ്പത്തിന്റെ വീടാവുകയാണ്. സ്വാധിഷ്ടമായ അപ്പമായി ജീവിതം മാറുകയാണ്. ഈ ക്രിസ്മസിന് നമുക്കൊന്നുകൂടി പുനര്‍ജനിക്കാം... ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരുടെ ആത്മാവിന്റെ വിശപ്പകറ്റുന്ന അപ്പങ്ങളായി മാറാന്‍! വീടുകള്‍ അപ്പത്തിന്റെ വീടാക്കി മാറ്റാന്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org