സ്വവര്‍ഗ്ഗലൈംഗികത: കത്തോലിക്കാസഭയുടെ ധാര്‍മ്മീകവീക്ഷണം

സ്വവര്‍ഗ്ഗലൈംഗികത: കത്തോലിക്കാസഭയുടെ ധാര്‍മ്മീകവീക്ഷണം

ഡോ. സ്‌കറിയാ കന്യാകോണില്‍
റെക്ടര്‍, വടവാതൂര്‍ സെമിനാരി

ഡോ. സ്‌കറിയാ കന്യാകോണില്‍
ഡോ. സ്‌കറിയാ കന്യാകോണില്‍

സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായി വിശ്വാസതിരുസംഘം പുറപ്പെടുവിച്ച പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെയേറെ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ആഗോളതലത്തിലും പ്രത്യേകിച്ച് ജര്‍മ്മനിയിലും. വ്യക്തിസ്വാതന്ത്ര്യം, സന്തോഷം, പ്രയോജനം, അവകാശം, വിവേചനം, രാഷ്ട്രീയ താത്പര്യം എന്നിങ്ങനെ സ്വവര്‍ഗ്ഗപ്രേമത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ പലതാണ്. ഇതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇന്ന് പൊതുസമൂഹത്തില്‍ ഉടലെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗലൈംഗികതയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ധാര്‍മ്മികപ്രബോധനമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. വി. ഗ്രന്ഥം, സഭാ പിതാക്കന്മാരുടെ പ്രബോധനം, സഭാ രേഖകള്‍, കൂദാശാ ജീവിതം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതു തെറ്റെന്നു സഭ പഠിപ്പിക്കുന്നത്. സ്വവര്‍ഗ്ഗലൈംഗികതയെ പരാമര്‍ശിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പല രേഖകളും കത്തോലിക്കാ സഭ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രേഖകളുടെ പ്രാധാന ആശയങ്ങളാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യം, സന്തോഷം, പ്രയോജനം, അവകാശം, വിവേചനം, രാഷ്ട്രീയ താത്പര്യം എന്നിങ്ങനെ സ്വവര്‍ഗ്ഗ പ്രേമത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ പലതാണ്. ഇതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇന്ന് പൊതുസമൂഹത്തില്‍ ഉടലെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗലൈംഗികതയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ധാര്‍മ്മികപ്രബോധനമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഗൗരവമായ തിന്മ

പഴയനിയമത്തിന്റെയും (ഉല്പ. 19:1-11; ലേവ്യ. 18:22; 20, 13) പുതിയ നിയമത്തിന്റെയും (റോമാ 1:22-27; 1 കോറി. 6:9-10; 1 തിമോ. 1:9-10) സഭാ പിതാക്കന്മാരുടെയും (ജസ്റ്റിന്‍, അലക്‌സാണ്ട്രിയായിലെ ക്ലെമന്റ്, ജോണ്‍ ക്രിസോസ്റ്റം, അഗസ്റ്റിന്‍), പ്രബോധനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വവര്‍ഗ്ഗ ലൈംഗികത ഗൗരവമായ തിന്മയെന്ന് കത്തോലിക്കാസഭ പറയുന്നത്.

കത്തോലിക്കാസഭയുടെ ധാര്‍മ്മിക ദൈവശാസ്ത്രം പഠിപ്പിക്കുന്നത് ചില പ്രവൃത്തികള്‍ അതിനാല്‍ തന്നെ ആന്തരികമായി തിന്മകളാണെന്നാണ് (സത്യത്തിന്റെ പ്രഭാ. 80). സ്വവര്‍ഗ്ഗലൈംഗികത അതില്‍തന്നെ ഗൗരവമായ തിന്മയാണ് (on the pastoral care of homosoxual persons No. 3). ഇത് ശുദ്ധതയ്ക്ക് എതിരായ ഗൗരവമായ തിന്മയാണ് (CDF, Considerations of regarding proposals to give legal recognition to unions between homosexual persons, 2003, No. 4).

ഗൗരവമായ പാപം

സ്വവര്‍ഗ്ഗലൈംഗിക പ്രവൃത്തി ഗൗരവമായ പാപമാണ്. ദൈവപ്രമാണങ്ങളുടെ ഗൗരവമായ ലംഘനത്തിലൂടെ ഒരാള്‍ ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തുമ്പോഴാണ് അതിനെ മാരക പാപമെന്ന് പറയുന്നത്. മനുഷ്യന്‍ ദൈവത്തില്‍ എത്തിച്ചേരുക എന്ന ആത്യന്തിക ലക്ഷ്യത്തെ പരിത്യജിച്ച് തന്റെ താല്ക്കാലിക ജീവിതത്തിന് പ്രാധാന്യം നല്കുകയാണ് ഗൗരവമായ പാപാവസ്ഥയില്‍ (CCC 1852). സ്വവര്‍ഗ്ഗലൈംഗിക പ്രവൃത്തി ഗൗരവമായ പാപമാണ്. എന്നാല്‍ സ്വവര്‍ഗ്ഗവ്യക്തിയുടെ ഇങ്ങനെയുള്ള ചായ്‌വ് (inclination) പാപമെന്നു പയാന്‍ സാധിക്കുകയില്ല. പക്ഷേ, പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടി സ്വവര്‍ഗ്ഗലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുകയും അതിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് ഗൗരവമായ പാപമായി മാറുന്നു (pastoral care of homosxual persons No. 3).

സ്വാഭാവിക ധാര്‍മ്മികനിയമം

സ്വവര്‍ഗ്ഗലൈംഗികത സ്വാഭാവിക ധാര്‍മ്മിക നിയമത്തിന് എതിരായ പ്രവൃത്തിയാണ്. മനുഷ്യസ്വ ഭാവത്തില്‍ ധാര്‍മ്മികമായി എന്താണ് ശരി, എന്താണ് തെറ്റ് എന്നത് മനുഷ്യസത്തയില്‍നിന്നും യുക്തിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യന്റെ സത്ത അല്ലെങ്കില്‍ ശരീരത്തിന്റെ ഘടന നോക്കിയാല്‍ തന്നെ മനസ്സിലാകും. സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ പരസ്പരപൂരകങ്ങളാെണന്ന്. ഒന്ന് മറ്റൊന്നിനെ പൂര്‍ണ്ണമാക്കുന്നതാണ്, ഉള്‍ക്കൊള്ളുന്നതാണ്. പുരുഷനും പുരുഷനുമായുള്ള ശാരീരികബന്ധം അസ്വാഭാവികമാണ്, പ്രകൃതിവിരുദ്ധമാണ്. കത്തോലിക്കാ സഭയുടെ മതബബോധന ഗ്രന്ഥം ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: "പാരമ്പര്യം എപ്പോഴും സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രകൃതിയില്‍ത്തന്നെ ക്രമരഹിതമാണ് എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവികനിയമത്തിനും എതിരാണ് (CCC 2357)).

ജീവദായകം, സ്‌നേഹദായകം

സ്വവര്‍ഗ്ഗലൈംഗികത ജീവദായകം സ്‌നേഹദായകമെന്ന ലൈംഗികതയുടെ ലക്ഷ്യത്തിനെതിരായ പ്രവൃത്തിയാണ്. ശാരീരിക ലൈംഗികതയ്ക്ക് ജീവദായകമെന്ന അര്‍ത്ഥമുണ്ട്. ദാമ്പത്യബന്ധത്തില്‍ ബീജത്തിനും അണ്ഡത്തിനും സ്വഭാവികമായി ഒന്നുചേരുവാനുള്ള അവസരമുണ്ട്. ഇതു പുതിയ ജീവനു ജന്മം നല്കുന്നു.ദാമ്പത്യബന്ധം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുവാനും വംശവര്‍ദ്ധനവിനും സഹായിക്കുന്നു (ഉല്പ. 1:28). എന്നാല്‍ സ്വവര്‍ഗ്ഗലൈംഗികത ജീവദായകത്വം മുന്‍കൂട്ടി ഒഴിവാക്കുന്നു (CCC 2357).

സുവിശേഷം നിര്‍ദ്ദേശിക്കുന്ന വിവാഹത്തിന്റെ പരിശുദ്ധിക്കും വിവാഹജീവിതത്തിന്റെ ലക്ഷ്യങ്ങളായ ജീവദായകം സ്‌നേഹദായകം എന്ന അര്‍ത്ഥങ്ങള്‍ക്ക് എതിരായിരിക്കുന്ന പാപാവസ്ഥയെ ആശീര്‍വദിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ഈ രേഖ പറയുന്നത്. സ്വവവര്‍ഗ്ഗ ചായ്‌വുള്ള വ്യക്തികള്‍ സഭ നിര്‍ദ്ദേശിച്ചപ്രകാരം ദൈവം വെളിപ്പെടുത്തിയ പദ്ധതികളോട് വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാമെന്ന ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കില്‍ അനുഗ്രഹം കൊടുക്കുന്നതില്‍ തെറ്റില്ല.

ലൈംഗികതയ്ക്ക് സ്‌നേഹദായകമെന്ന അര്‍ത്ഥവുമുണ്ട്. ദമ്പതികള്‍ ഏകശരീരമായിത്തീരുന്ന നിമിഷങ്ങള്‍ സ്‌നേഹദായകമാണ്. ഈ സ്‌നേഹം ബാഹ്യവും ആന്തരികവുമാണ്. ദാമ്പത്യബന്ധത്തിലെ സ്‌നേഹദായകം ബൈബിള്‍ അധിഷ്ഠിതമാണ് (ഉല്പ. 2:24; 29, 20; 1 സാമു. 1,58; എഫേ. 5:21). സ്വ വര്‍ഗ്ഗലൈംഗികതയില്‍ സാഹോദര്യസ്‌നേഹത്തിലും ദൈവസ്‌നേഹത്തിലും അധിഷ്ഠിതമായ സ്‌നേഹമില്ല. ലൈംഗികത ഒരാളുടെ ആവശ്യമായി മാറുകയും അത് ഏതു രീതിയിലും പ്രാവര്‍ത്തികമാക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ്ണമായി സ്വയം ദാനം ചെയ്യുന്ന ദൈവസ്‌നേഹം സ്വവര്‍ഗ്ഗലൈംഗിക സ്‌നേഹത്തില്‍ ഇല്ല.

സ്വവര്‍ഗ്ഗവിവാഹം

സഭയുടെ മതബോധനഗ്രന്ഥം വിവാഹത്തെ ഇപ്രകാരം നിര്‍വചിക്കുന്നു: "സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്ന സഖ്യം ഉളവാക്കുന്ന വിവാഹ ഉടമ്പടി അതിന്റെ സ്വഭാവത്താല്‍ത്തന്നെ ദമ്പതികളുടെ നന്മയ്ക്കും സന്താനോല്പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. മാമ്മോദീസാ സ്വീകരിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈ ഉടമ്പടിയെ കര്‍ത്താവായ ഈശോ ഒരു കൂദാശയുടെ പദവിയിേലയ്ക്ക് ഉയര്‍ത്തിയിരിക്കുന്നു (CCC 1601). സ്വവര്‍ഗ്ഗവിവാഹത്തിന് ദൈവത്തിന്റെ പദ്ധതിയനുസരിച്ചുള്ള വിവാഹത്തോടും കുടുംബജീവിതത്തോടും ഒരു തരത്തിലുമുള്ള ബന്ധമോ സാദൃശ്യമോ ഇല്ല.

സ്വവര്‍ഗ്ഗവിവാഹത്തില്‍ ഒരു പുരുഷന്‍ അപ്പനായും മറ്റൊരു പുരുഷന്‍ അമ്മയായും അഭിനയിക്കുന്നു. കുഞ്ഞുങ്ങളുടെ വൈകാരിക വളര്‍ച്ചയെ ഇതു ഗൗരവമായി ബാധിക്കും. ഇങ്ങനെ നോക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ അവകാശത്തിനും താത്പര്യത്തിനും സ്വവര്‍ഗ്ഗവിവാഹം തടസ്സമാണ് (Consideration regarding proposols… No. 7).

കത്തോലിക്കാ സഭ പറയുന്നത് സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്ന എല്ലാ നിയമങ്ങളെയും ക്രിസ്ത്യാനികള്‍ എതിര്‍ക്കണമെന്നും അതിനെ അംഗീകരിക്കരുത് എന്നുമാണ് (Consideration regarding propsolas… No. 10). ഫ്രാന്‍സിസ് പാപ്പ സ്‌നേഹത്തിന്റെ സന്തോഷം (251) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഇങ്ങനെ സമര്‍ത്ഥിക്കുന്നു: "സ്വവര്‍ഗ്ഗാനുരാഗികളുടെ ഐക്യം വിവാഹത്തിന്റെ രൂപത്തില്‍ പ്രതിഷ്ഠിക്കണമെന്ന നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചിടത്തോളം, സ്വവര്‍ഗ്ഗാനുരാഗികളുടെ ഐക്യങ്ങളെ വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ദൈവിക പദ്ധതിയോട് സാമ്യമുള്ളവയായോ അകന്ന സാമ്യമെങ്കിലുമുള്ളവയായോ കരുതുന്നതിന് യാതൊരു അടിസ്ഥാനവുമില്ല."

സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിക്കാമോ?

സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധത്തെ ആശീര്‍വദിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായി മാര്‍ച്ച് 15-ാം തീയതി 2021-ല്‍ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച രേഖയില്‍ പറയുകയുണ്ടായി അത്തരം ബന്ധങ്ങളെ സഭയ്ക്ക് ഒരിക്കലും ആശീര്‍വദിക്കുവാന്‍ അനുവാദമില്ലെന്ന്. മനുഷ്യര്‍ തങ്ങളുടെ ബന്ധങ്ങള്‍ക്ക് അനുഗ്രഹം ആവശ്യെപ്പടുമ്പോള്‍ അവരുടെ ഉത്തമ ആഗ്രഹത്തിന് അതീതമായി വസ്തുതാപരമായും ഉറപ്പായും കൃപ ലഭിക്കുന്നതും പ്രകടമാകുന്നതും ദൈവത്തിന്റെ രൂപകല്പന പ്രകാരം സൃഷ്ടിയില്‍ ആലേഖനം ചെയ്യാതിരിക്കുന്നതിനാണ്. സുവിശേഷം നിര്‍ദ്ദേശിക്കുന്ന വിവാഹത്തിന്റെ പരിശുദ്ധിക്കും വിവാഹജീവിതത്തിന്റെ ലക്ഷ്യങ്ങളായ ജീവദായകം സ്‌നേഹദായകം എന്ന അര്‍ത്ഥങ്ങള്‍ക്ക് എതിരായിരിക്കുന്ന പാപാവസ്ഥയെ ആശീര്‍വദിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ഈ രേഖ പറയുന്നത്. സ്വവവര്‍ഗ്ഗ ചായ്‌വുള്ള വ്യക്തികള്‍ സഭ നിര്‍ദ്ദേശിച്ചപ്രകാരം ദൈവം വെളിപ്പെടുത്തിയ പദ്ധതികളോട് വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാമെന്ന ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കില്‍ അനുഗ്രഹം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം അവരുടെ ബന്ധത്തെ അനുകൂലിക്കുകയാണെങ്കില്‍ അത് സഭാപരമായും നിയമവിരുദ്ധമാണ്. (Responsum of the congregation for the doctrine of the faith to a dubium regarding the blessing of the unions of persons of the same sex, 15-03-2021).

ദൈവവിളികള്‍ക്ക് എതിര്?

സ്ഥിരം സ്വവര്‍ഗ്ഗലൈംഗിക (Radical) സ്വഭാവമുള്ളവര്‍ക്ക് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയില്ല. പൂരകലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണം ഇല്ലാത്തതുകൊണ്ട് ഇവര്‍ക്ക് ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയില്ല. ദൈവവിളി സ്വീകരിക്കുന്നതില്‍ നിന്നും പൗരോഹിത്യം സ്വീകരിക്കുന്നതില്‍നിന്നും സ്വവര്‍ഗ്ഗ ലൈംഗിക സ്വഭാവമുള്ളവരെ ഒഴിവാക്കിയിരിക്കുകയാണ്. ദൈവവിളി ഒരു ദാനമാണ്. സഭയിലൂടെയാണ് ദൈവവിളി സ്വീകരിക്കുന്നതും സഭയ്ക്കുവേണ്ടിയാണ് ശുശ്രൂഷ ചെയ്യുന്നതും. വൈകാരിക പക്വതയുള്ളവര്‍ മാത്രമേ ദൈവവിളി സ്വീകരിക്കാവൂ. അതുകൊണ്ട് സ്ഥിരം സ്വവര്‍ഗ്ഗ സ്വഭാവമുള്ള വ്യക്തികളെ ദൈവവിളി സ്വീകരിക്കുവാന്‍ തിരഞ്ഞെടുക്കരുത്. കൂടാതെ താല്ക്കാലിക സ്വഭാവമുള്ളവരെ അതു മാറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ദൈവവിളി സ്വീകരിക്കുവാന്‍ പ്രോത്സാഹിപ്പിക്കാവൂ (CDF, criteria for the discernment of vocations with regard to persons with homosoxuals tendencies… 2005).

എങ്ങനെ മാറ്റാം?

സഭയുടെ മതബോധനഗ്രന്ഥം, ശുദ്ധിയില്‍ വളര്‍ന്നുകൊണ്ട് സ്വവര്‍ഗ്ഗഭോഗം മാറ്റേണ്ടതിന്റെ ആവശ്യകത സമര്‍ത്ഥിക്കുന്നുണ്ട്: "സ്വവര്‍ഗ്ഗഭോഗപ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്റെ സഹായത്താലും പ്രാര്‍ത്ഥനയുെടയും കൗദാശിക കൃപാവരത്തിന്റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയപൂര്‍ണ്ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്. സാധിക്കേണ്ടതാണ് (CCC 2359). ശുദ്ധതയില്‍ ജീവിക്കുമ്പോള്‍ മാത്രമേ ഇത്തരം പ്രവണതകളെ മാറ്റുവാന്‍ സാധിക്കുകയുള്ളൂ.

ഉപസംഹാരം

സ്വവര്‍ഗ്ഗലൈംഗികതയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനമാണ് നാം ചര്‍ച്ച ചെയ്തത്. ഗൗരവമായ തിന്മ, പാപം, സ്വഭാവിക ധാര്‍മ്മിക നിയമം, ലൈംഗികതയുടെ അര്‍ത്ഥവും ലക്ഷ്യവും, സ്വഭാവിക വിവാഹം, ശുദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് സഭ ഇതിനെ ധാര്‍മ്മികമായി അംഗീകരിക്കാതിരിക്കുന്നത്. സ്വവര്‍ഗ്ഗസ്വഭാവമുള്ള വ്യക്തികളെ ബഹുമാനിക്കുന്നത് സ്വവര്‍ഗ്ഗലൈംഗികതയോ സ്വവര്‍ഗ്ഗവിവാഹത്തെയോ അംഗീകരിച്ചു കൊണ്ടാവരുത്. പാപത്തെ വെറുക്കാനും വ്യക്തിയെ മാനസാന്തരത്തിലേക്ക് നയിക്കാനുമുള്ള കരുണയുടെ ഒരു വലിയ മനസ്സാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. സ്ത്രീപുരുഷ വിവാഹത്തെയും കുടുംബജീവിതത്തെയും ജീവന്റെ സംസ്‌ക്കാരത്തെയും നമുക്ക് പ്രോത്സാഹിപ്പിക്കാം.

(അറിയപ്പെടുന്ന ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ ലേഖകന്‍ ഇരുപതിലേറെ ഗ്രന്ഥങ്ങളുടെയും നൂറോളം ലേഖനങ്ങളുടെയും കര്‍ത്താവാണ്. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഇദ്ദേഹം ഇപ്പോള്‍ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസറും വടവാതൂര്‍ സെമിനാരി റെക്ടറുമായി സേവനം ചെയ്യുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org