ഡോ. തോമസ് പുതിയാകുന്നേല്‍
2020 ഡിസം. 8 മുതല്‍ 2021 ഡിസം. 8 വരെ ആഗോളസഭ വി. യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പിതാവിന്റെ ഹൃദയത്തോടെ (ptaris corde) എന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ലേഖനം വിശുദ്ധ യൗസേപ്പിന്റെ കണ്ണിലൂടെ സമകാലിക ലോകത്തെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. മഹാമാരിയുടെ മുറിവേറ്റുനില്‍ക്കുന്ന ലോകത്തിനു ഒരു പിതൃപരിപാലനയുടെ തണലായും, മനുഷ്യന്റെ ജീവിതത്തോട് ഏറ്റവും അടുത്ത കാര്‍ഷികമേഖലയിലും തൊഴില്‍മേഖലയിലും സാമ്പത്തികമേഖലയിലും ഇരുള്‍ വീഴ്ത്തുന്ന കാലഘട്ടത്തിന്റെ പ്രതിസന്ധികള്‍ക്കും ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവിളക്കായും സാമൂഹിക സ്പര്‍ദ്ധയും മതതീവ്രവാദവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ദാരിദ്ര്യവുമൊക്കെ വിഷമവൃത്തത്തിലാക്കുന്ന ജീവിതങ്ങള്‍ക്ക് ഹൃദയ വിശാലതയുടെയും അലിവിന്റെയും മാതൃകയായും ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ലേഖനത്തിലൂടെ വി. യൗസേപ്പിന്റെ ജീവിതം സഞ്ചരിക്കുന്നു.
വി. ഗ്രന്ഥത്തില്‍ യൗസേപ്പിനെക്കുറിച്ചു അധികം പരാമര്‍ശങ്ങളില്ല. യേശുവിന്റെ വളര്‍ത്തുപിതാവ്, മറിയത്തിന്റെ ജീവിതപങ്കാളി എന്നതിന് പുറമെ ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നു യൗസേപ്പ് എന്നീ സൂചനകളേ വി. ഗ്രന്ഥത്തിലുള്ളൂ. അദ്ദേഹത്തിന്റെ മരണതീയതി പോലും ഒരു രഹസ്യമാണ്; നമ്മുടെ രക്ഷാചരിത്രത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായ വി. യൗസേപ്പിന്റെ സാന്നിധ്യം ഹ്രസ്വമായിരുന്നു എന്നത് യാദൃശ്ചികമാകണമെന്നില്ല. ലോകത്തിനു നല്‍കാനുള്ള ചില അടയാളങ്ങളുടെ സൂചനയാകാം.
അതിലും രസകരമായ കാര്യം, വി. യൗസേപ്പാകട്ടെ ഒരു വാക്കുപോലും സുവിശേഷത്തില്‍ സംസാരിക്കുന്നതായിട്ടു കാണുന്നില്ല. മനുഷ്യാവതാരസംഭവത്തിന്റെ കേന്ദ്രവ്യക്തികളില്‍ ഒരാളായ വി. യൗസേപ്പ് തിരുവെഴുത്തുകളില്‍ ഒരു വാക്കുപോലും സംസാരിക്കുന്നില്ല എന്നത് വിചിത്രമായി തോന്നാം. യേശുവും, മറിയവും, എലിസബത്തും, സക്കറിയയും വി. സ്‌നാപകനും, അപ്പസ്‌തോലന്മാരും തുടങ്ങി, സക്കേവൂസും, മഗ്ദലന മറിയവും, കര്‍ത്താവിനെ ചോദ്യം ചെയ്യുന്ന പ്രീശന്മാരും, അവനില്‍ വിശ്വാസം പ്രകടിപ്പിക്കുന്ന വിജാതീയരുമെല്ലാം വിശുദ്ധ ഗ്രന്ഥത്തില്‍ സംസാരിക്കുമ്പോഴും യൗസേപ്പ് അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നിശബ്ദനായിരിക്കുന്നു. വി. യൗസേപ്പിനെ തിരുവെഴുത്തുകളുടെ 'നിശബ്ദ മനുഷ്യന്‍' എന്ന് വിശേഷിപ്പിക്കാറുണ്ട്.
പ്രാര്‍ത്ഥനയില്‍ നെയ്‌തെടുക്കുന്ന നിശബ്ദത
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ അപ്പസ്‌തോലിക പ്രബോധനം REDEMPTORIS CUSTOS (no. 25) ല്‍ പറയുന്നു. 'നിശബ്ദതയുടെ പ്രഭാവലയത്തില്‍ നസ്രത്തിലെ വീട്ടില്‍ ഒരു തച്ചന്‍ എന്ന നിലയിലുള്ള തന്റെ ജോലി നിര്‍വഹണത്തില്‍ വി. യൗസേപ്പിനെക്കുറിച്ച് എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നു എന്ന്. ഈ നിശബ്ദതയാണ് വി. യൗസേപ്പിന്റെ ആന്തരിക ഛായാചിത്രം പ്രത്യേകമായി വെളിപ്പെടുത്തുന്നത്. യൗസേപ്പ് ചെയ്ത കാര്യങ്ങളെക്കുറിച്ച് സുവിശേഷങ്ങള്‍ പ്രത്യേകമായി സംസാരിക്കുന്നു. നിശബ്ദതയില്‍ പൊതിഞ്ഞ അവന്റെ 'പ്രവൃത്തികളില്‍' ആഴത്തിലുള്ള ആലോചനയുടെ പ്രഭാവലയം കണ്ടെത്താന്‍ നമ്മെ അനുവദിക്കുന്നു. 'യുഗങ്ങളില്‍ നിന്ന് മറഞ്ഞിരിക്കുന്ന' രഹസ്യവുമായി വി. യൗസേപ്പ് ദൈനംദിന സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു, അത് അവന്റെ കൂടാരത്തിന്റെ മേല്‍ക്കൂരയില്‍ 'വസിച്ചിരുന്നു.'
ദൈവസ്വരത്തിനു നിരന്തരം കാതോര്‍ത്ത് അനുനിമിഷം ജാഗ്രതയോടെ
ദൈവഹിതം നിവര്‍ത്തിക്കുന്ന യൗസേപ്പിന്റെ വിശുദ്ധ മൗനം
നമ്മുടെ ജീവിതത്തില്‍ വെളിച്ചം പകരട്ടെ.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ ആശയത്തെ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. (BENE-DICT XVI, ANGELUS, St Peter's Square IV Sunday of Advent, 18 December 2005). ദൈവിക ആഗ്രഹങ്ങളെ പൂര്‍ണ്ണമായി ലഭ്യമാക്കാനുള്ള മനോഭാവത്തില്‍ ദൈവത്തിന്റെ നിഗൂഡതയെക്കുറിച്ച് ചിന്തിക്കുന്നതിലായിരുന്നു അവന്റെ നിശബ്ദത എന്നദ്ദേഹം പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വി. യൗസേപ്പിന്റെ നിശബ്ദത ഒരു ആന്തരിക ശൂന്യതയുടെ പ്രകടനമായിരുന്നില്ല, മറിച്ച്, അവന്റെ ഹൃദയത്തില്‍ വഹിക്കുന്ന വിശ്വാസത്തിന്റെ പൂര്‍ണ്ണതയായിരുന്നു. അത് അവന്റെ എല്ലാ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നയിച്ചിരുന്നു.
മറിയവുമായി ചേര്‍ന്ന്, തിരു വെഴുത്തുകളിലൂടെ അറിയപ്പെടുന്ന ദൈവവചനം യൗസേപ്പ് നിരീക്ഷിക്കുകയും യേശുവിന്റെ ജീവിതസംഭവങ്ങളുമായി നിരന്തരം താരതമ്യം ചെയ്യുകയും ചെയ്യുന്ന ഒരു നിശബ്ദതയായിരുന്നു അത്; നിരന്തരമായ പ്രാര്‍ത്ഥനകൊണ്ട് നെയ്ത നിശബ്ദത, കര്‍ത്താവിന്റെ അനുഗ്രഹത്തിനുള്ള പ്രാര്‍ത്ഥന, അവന്റെ വിശുദ്ധ ഹിതത്തെ ആരാധിക്കുന്നതിന്റെയും അവനോടുള്ള കരുതലിനെ കരുതിയുള്ള ചുമതലയുടെ കരുതിവെക്കാത്ത നിര്‍വഹണവുമായിരുന്നു ആ നിശബ്ദത.
ഫ്രഞ്ച് നയതന്ത്രജ്ഞനും കവിയും ഗാനരചയിതാവുമായ പോള്‍ ക്ലോഡല്‍ വി. യൗസേപ്പിനെ ഇങ്ങനെ പറയുന്നു, 'മഞ്ഞു വീഴുന്ന ഭൂമിയെപ്പോലെ അവന്‍ നിശബ്ദനായിരിക്കുന്നു, / രാത്രിയുടെ നിറവ് അയാള്‍ക്ക് അനുഭവപ്പെടുന്നു, അവന്‍ സന്തോഷത്തോടും സത്യത്തോടും അനായാസം ജീവിക്കുന്നു.' വി. യൗസേപ്പിന്റെ നിശബ്ദതയുടെ സ്വഭാവം ദൈവീക നീതിയിലുള്ള തികഞ്ഞ ആത്മ വിശ്വാസമാണ്.
യൗസേപ്പിന്റെ മൗനം തികഞ്ഞ ജാഗ്രതയാണ്
യൗസേപ്പിന്റെ നിശബ്ദത ആരോടെങ്കിലുമുള്ള കോപത്തിന്റെ പ്രതികരണമായിരുന്നില്ല, ബന്ധ വിച്ഛേദത്തിന്റെ അടയാളവുമല്ലായിരുന്നു, അധ്വാനക്ഷീണത്തിന്റെ തുടര്‍ച്ചയായുള്ള വിശ്രമത്തിനു വേണ്ടിയുമായിരുന്നില്ല. യൗസേപ്പിന്റെ മൗനം പക്ഷെ സുവിശേഷത്തില്‍ ഏറ്റവും ശക്തമായ സന്ദേശമാണ്. അത് അലസതയല്ല ചിലന്തിയുടെ മൗനംപോലെ തികഞ്ഞ ജാഗ്രതയാണ്. അവന്റെ പ്രവൃത്തികള്‍ അവന്‍ പറഞ്ഞേക്കാവുന്ന ഏതൊരു വാക്കിനേക്കാളും ഉച്ചത്തില്‍ സംസാരിക്കുന്നു. ദൈവത്തിന്റെ സ്വരം കേള്‍ക്കുന്ന യൗസേപ്പാകാട്ടെ സംസാരിച്ചു സമയം കളയുന്നില്ല, നേരെ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ദൂതന്‍ പറയുന്നതുപോലെ അവന്‍ ചെയ്യുന്നു; അവന്‍ മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നു. കുഞ്ഞിന് ജന്മം നല്‍കുവാന്‍ സൗകര്യപ്രദമായ ഒരു ഇടം തേടുന്നു. ഉണ്ണീശോയുടെ സംരക്ഷകനായി മറിയത്തോടൊപ്പം ജനനസമയത്തും, ഛേദനാചാരത്തിലും പേരിടീല്‍ കര്‍മ്മത്തിലും ദേവാലയ സമര്‍പ്പണത്തിലും ഉള്ള യൗസേപ്പിന്റെ സാന്നിധ്യം സുവിശേഷം നമുക്ക് കാണിച്ചുതരുന്നുണ്ട്. കുഞ്ഞിന്റെ പ്രാണന്‍ രക്ഷിക്കാന്‍ അറിയാത്ത ദേശത്തേക്കു യാത്ര ചെയ്യുന്നു. അജ്ഞാതദേശത്തു താമസിക്കുന്നു. യൗസേപ്പിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെയെല്ലാം നമ്മോടു സംസാരിക്കുന്നു.
യൗസേപ്പിന്റെ മൗനം പക്ഷെ സുവിശേഷത്തില്‍ ഏറ്റവും ശക്തമായ
സന്ദേശമാണ്. അത് അലസതയല്ല ചിലന്തിയുടെ മൗനംപോലെ തികഞ്ഞ
ജാഗ്രതയാണ്. അവന്റെ പ്രവൃത്തികള്‍ അവന്‍ പറഞ്ഞേക്കാവുന്ന
ഏതൊരു വാക്കിനേക്കാളും ഉച്ചത്തില്‍ സംസാരി ക്കുന്നു
ദൈവത്തിന്റെ സ്വരം കേള്‍ക്കുന്ന യൗസേപ്പാ കാട്ടെ സംസാരിച്ചു
സമയംകളയുന്നില്ല, നേരെ പ്രവര്‍ ത്തനങ്ങളിലേക്ക് പ്രവേശിക്കുകയാണ്.
ദൈവത്തിന്റെ വാക്കുകള്‍ക്ക് നിശബ്ദനായി കാതോര്‍ക്കുന്ന യൗസേപ്പ് അവിടുന്ന് പറയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കാലതാമസം വരുത്തുന്നില്ല. സമയത്ത് നടക്കാത്തതെല്ലാം പിന്നെ നടക്കുമ്പോള്‍ അത് അസമയത്താണ് നടക്കുന്നത്. ഒരു വാര്‍ത്തക്കായി ഞാന്‍ കാതോര്‍ക്കുമ്പോള്‍ ആണ് വാര്‍ത്ത പ്രധാനപ്പെട്ടതാകുന്നത്. ആ സന്ദേശം തന്നെ ഒരാഴ്ച കഴിഞ്ഞു പറഞ്ഞാല്‍ അതിന്റെ വിശ്വാസ്യതയും ശക്തിയും വളരെ ദുര്‍ബലമായിരിക്കും. കാലതാമസം വചനത്തിന്റെ ശക്തി കുറയ്ക്കും. കര്‍ത്താവു ക്രൂരമായ പീഡനങ്ങളുടെ മുമ്പില്‍ നിശ്ശബ്ദനായിരുന്നപ്പോഴും ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കും അപ്പപ്പോള്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഓരോ നീതിനിഷേധത്തിലും ഈശോ ശക്തമായി പ്രതികരിച്ചിരുന്നു. സമയത്തുള്ള ചെറിയ പ്രതികരണമാണ് അസമയത്തുള്ള വലിയ ലേഖനങ്ങളെക്കാള്‍ പ്രസക്തം.
ശബ്ദമില്ലാത്തവരുടെ മധ്യസ്ഥന്‍
നിശബ്ദ ശുശ്രൂഷകരുടെ പ്രതീകമായിട്ടാണ് യൗസേപ്പിനെ ലോകം മനസ്സിലാക്കുന്നത്. താന്‍ ചെയ്യുന്ന ശുശ്രൂഷയിലൂടെ കൈവരുന്ന യശസ്സ് ആഗ്രഹിക്കാത്തവനായിരുന്നു യൗസേപ്പ്. വ്യക്തിപരമായ യശസ്സിനും നേട്ടങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അവിടുന്ന്. യൗസേപ്പിതാവിന്റെ നിശബ്ദസേവനം പ്രത്യേകമായി ഇതില്‍ പ്രതിപാദിക്കപ്പെടുമ്പോള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ശ്രദ്ധിക്കപ്പെടാതെ ലോകത്തു നിരന്തരമായ പ്രവര്‍ത്തനങ്ങളിലായിരിക്കുന്ന അനേകായിരം ജന്മങ്ങള്‍ക്കുള്ള ആദരവായി മാറുകയാണത്. അന്നമൂട്ടുന്ന കര്‍ഷകര്‍ തുടങ്ങി അതിന്റെ നിരനീളും. വീട്ടിലെ അടുക്കളക്കുള്ളില്‍ ജീവപര്യന്തം നിശബ്ദ സേവനത്തിലായിരിക്കുന്ന അമ്മമാര്‍, കുടുംബത്തിനുവേണ്ടി വണ്ടിക്കാളയെപ്പോലെ പണിയെടുക്കുന്ന പിതാക്കന്മാര്‍, രാപകല്‍ രോഗീശുശ്രൂഷ നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍, നിര്‍മ്മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, എല്ലാം അതിനുള്ളില്‍പ്പെടും.
മനുഷ്യനീതിയില്‍ ഉറങ്ങി ദൈവീക നീതിയില്‍ ഉണരുന്ന യൗസേപ്പ്
സത്യവും അസത്യവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പാലിക്കുന്ന. നിക്ഷ്പക്ഷതയായിരുന്നില്ല ആ നിശബ്ദത. ഭൂരിപക്ഷസ്വരം അസത്യത്തിന്റെ കൂടെനിന്നു ആര്‍പ്പുവിളിക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെ സത്യത്തെ സ്വീകരിക്കാന്‍ അസാധാരണ ധൈര്യം വേണം. മറിയത്തെ ഉപേക്ഷിക്കണമെന്നുള്ള പൊതുബോധത്തില്‍ ഉറങ്ങിപ്പോകുന്ന യൗസേപ്പ് പക്ഷേ ഉണരുന്നത് ദൈവീകനീതിയുടെ മെത്തയില്‍നിന്നാണ്. ആള്‍ക്കൂട്ടസ്വരത്തിനു വിരുദ്ധമായി തീരുമാനമെടുക്കുന്ന ജോസഫിന്റെ മനസ്സ് നീതിക്കും സത്യത്തിനും വേണ്ടി വ്യക്തമായ നിലപാടുള്ളവന്റെ ധീരമായ ചങ്കുറപ്പായിരുന്നു. ലോ കത്തിന്റെ ശബ്ദം കേട്ട് കയ്യൊഴിയാമായിരുന്നു, കാരണങ്ങള്‍ ചുറ്റുമുള്ളവര്‍ക്കു സ്വീകാര്യവുമാകുമായിരുന്നു. അവിടെ സത്യത്തിന്റെ പക്ഷം ചേരാന്‍ കഴിയാത്തവന്‍ എങ്ങനെ സുവിശേഷത്തിനു കാവല്‍ നില്‍ക്കും. തിരുകുടുംബത്തിന്റെ കാവല്‍ക്കാരനാകും? സു വിശേഷം ഒരു കാലത്തും കാലഹരണപ്പെടാത്തത് അത് സത്യമായതുകൊണ്ടാണ്. സത്യത്തെ മുറുകെപ്പിടിക്കുന്നവന് അസത്യത്തിന്റെ മുമ്പില്‍ നിശബ്ദനായിരിക്കാനാവില്ല. ആള്‍ക്കൂട്ടസ്വരത്തെ ഭയക്കുന്നവന്‍ തന്റെ സുഖവും സ്വസ്ഥതയും നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭീതിയില്‍ സത്യത്തിനുമുമ്പില്‍ നിശബ്ദനായിപ്പോകാം.
ശബ്ദഘോഷത്തില്‍ നഷ്ടപ്പെടുന്ന ആന്തരീകത
വി. യൗസേപ്പിന്റെ മൗനം ശബ്ദവും ബഹളവും മാത്രമുള്ള ഒരു ലോകത്തോടുള്ള അതിനെതിരെയുള്ള ശ്രേഷ്ഠമായ സന്ദേശമായിരുന്നു. ശബ്ദത്തിന്റെ അതിപ്രസരം 'ഒരു ആധുനിക പ്ലേഗ്' ആണെന്ന് 2007-ലെ സതേണ്‍ മെഡിക്കല്‍ ജേണല്‍ പ്രബന്ധത്തില്‍ ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുള്ള ലൂയിസ് ഹാഗ്ലര്‍, ലിസ ഗോയിന്‍സ് എന്നിവര്‍ അഭി പ്രായപ്പെടുന്നുണ്ട്. 'നമ്മുടെ സമൂഹം ശബ്ദത്താല്‍ വലയം ചെയ്യപ്പെടുന്നു, അത് നുഴഞ്ഞുകയറുന്നതും വ്യാപകവും സര്‍വ്വവ്യാപിയുമാണ് എന്നവര്‍ വിലയിരുത്തുന്നു. നമ്മുടെ സമ്മേളനങ്ങള്‍ മാത്രമെടുത്തു നോക്കിയാല്‍ മതി അതിനുത്തരം ലഭിക്കും. അധരവ്യായാമങ്ങളുടെ സമൃദ്ധമായ ആഘോഷമല്ലേ ഇന്ന് ചുറ്റുപാടുകളില്‍ നാം കാണുന്നത്. സമ്മേളനങ്ങളുടെയും പ്രസംഗങ്ങളുടെയും ബാഹുല്യം കേള്‍വിയോടുള്ള അതൃപ്തി വളര്‍ത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതോടൊപ്പം സ്വജീവിതം കൊണ്ടു കുറച്ചുകൂടി പ്രസംഗിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
പ്രക്ഷുബ്ധവും തിരക്കേറിയതും സങ്കീര്‍ണ്ണവുമായ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടവയുമായി സമ്പര്‍ക്കം നഷ്ടപ്പെടാം എന്ന പാഠംകൂടി നാം മനസ്സിലാക്കണം. ഞങ്ങള്‍ ചെയ്യുന്നതെന്താണെന്നതിനെക്കുറിച്ച് വ്യക്തതയില്ലാതെ വരുക, പ്രവര്‍ത്തിജ്വരത്തിലായിപ്പോകുക, ആന്തരീക ജീവിതമില്ലാതാകുക. എല്ലാം ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളികളാണ്.
വിശുദ്ധ മൗനം കാതലായതു പറഞ്ഞു കഴിഞ്ഞു സംഭവിക്കുന്നതാണ്. ഒന്നും പറയാനില്ലാത്തവന്റെ നിശബ്ദതയല്ല. പ്രതികരണത്തെ ഭയക്കുന്നവന്റെ നിശബ്ദതയല്ല. സുതാര്യതയുടെ അഭാവത്തില്‍ നിഗൂഢത സൂക്ഷിക്കുന്നവന്റെ നിശബ്ദതയല്ല. എല്ലാ മൗനങ്ങളും വിശുദ്ധ മൗനങ്ങളായി വ്യാഖ്യാനിക്കുന്ന പ്രവണതയും വിശുദ്ധമൗനത്തിന്റെ ശക്തി ക്ഷയിപ്പിക്കാനേ ഇടനല്‍കൂ.
ദൈവസ്വരത്തിനു നിരന്തരം കാതോര്‍ത്തു അനുനിമിഷം ജാഗ്രതയോടെ ദൈവഹിതം നിവര്‍ത്തിക്കുന്ന യൗസേപ്പിന്റെ വിശുദ്ധ മൗനം നമ്മുടെ ജീവിതത്തില്‍ വെളിച്ചം പകരട്ടെ.