കുമ്പസാരക്കൂട്ടിലെ പുണ്യപ്രസാദം

ഡിസംബര്‍ 15-ന് ദൈവദാസനായി പ്രഖ്യാപിക്കുന്ന കണിയാരകത്ത് ബ്രൂണോ അച്ചന്‍
ബിഷപ് സെബാസ്റ്റിയന്‍ മങ്കുഴിക്കിരി പിതാവിനോടൊപ്പം ബ്രൂണോ അച്ചന്‍
ബിഷപ് സെബാസ്റ്റിയന്‍ മങ്കുഴിക്കിരി പിതാവിനോടൊപ്പം ബ്രൂണോ അച്ചന്‍

സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് പാലാ രൂപതയ്ക്കും, രാമപുരം ഫൊറോനയ്ക്കും അഭിമാനമാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും ഡിസംബര്‍ 15-ന് ദൈവദാസനായി പ്രഖ്യാപിക്കുന്ന കണിയാരകത്ത് ബ്രൂണോ അച്ചനും. രാമപുരം ഫൊറോന അംഗങ്ങളായ ഇവര്‍ ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടു പുഷ്പങ്ങളാണ്. പുണ്യാത്മാക്കളായ ഇവര്‍ സഹപാഠികളും ചാര്‍ച്ചക്കാരുമായിരുന്നു. നാനാ ജാതി മതസ്ഥര്‍ രണ്ടുപേരേയും ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധാത്മാക്കളായി കരുതിയിരുന്നു.

സി എം ഐ സഭയുടെ ആരംഭകരായ 11 പിതാക്കന്മാരില്‍ ഒരാളായ കണിയാരകത്ത് മാണി മല്പാന്‍ അച്ചന്റെ കുടുംബത്തില്‍ 1894 നവംബര്‍ 20-ന് ബ്രൂണോച്ചന്‍ ജനിച്ചു. 1915-ല്‍ സി എം ഐ സഭയില്‍ ആദ്യ വ്രതാനുഷ്ഠാനം നടത്തി. 1923 മെയ് 20-ന് ധന്യന്‍ കുര്യാളശ്ശേരി പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. 14 ആശ്രമങ്ങളില്‍ 68 വര്‍ഷം നീണ്ട സന്യാസ ജീവിതം നയിച്ച് 97-ാം വയസ്സില്‍ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

കൃശഗാത്രനായിരുന്നു ബ്രൂണോ അച്ചന്‍ ''ആത്മാവച്ചന്‍'' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രൂപത്തില്‍ മാത്രമല്ല ചൈതന്യത്തിലും അദ്ദേഹം ആത്മാവച്ചനായിരന്നു. കുറവിലങ്ങാട് അടുത്ത് കുര്യനാട് ആശ്രമത്തില്‍ അദ്ദേഹത്തിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന നൂറുകണക്കിനു ഭക്തജനങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ജീവിതകാലത്തും മരണശേഷവും ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമായി ബ്രൂണോ അച്ചന്‍ പരിലസിക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകളില്‍ വാചാലതയുടെ ആര്‍ഭാടമോ വിജ്ഞാനത്തിന്റെ മുഴക്കമോ ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ മുമ്പില്‍ ആയിരങ്ങള്‍ മനസ്സു തുറന്നു. വൈദികരുടേയും വിശ്വാസികളുടേയും ഇടയില്‍ ആത്മാവച്ചന്‍ ശ്രദ്ധിക്കപ്പെട്ടത് കുമ്പസാരക്കാരന്‍ എന്ന നിലയിലായിരുന്നു. വി. ജോണ്‍ മരിയ വിയാനിയെപ്പോലെ അദ്ദേഹം ദീര്‍ഘസമയം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചിരുന്നു. അനേകരെ ജീവിത നവീകരണത്തിലേക്കും പ്രത്യാശയിലേക്കും നയിക്കാന്‍ ആത്മാവച്ചനു സാധിച്ചു.

ബ്രൂണോ അച്ചന്റെ കല്ലറയ്ക്കു മുമ്പില്‍ പൂക്കളും മെഴുകുതിരികളും സമര്‍പ്പിച്ച് കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നത് കുര്യനാട്ടെ സുകൃതം നിറഞ്ഞ കാഴ്ചകളിലൊന്നാണ്. കര്‍ഷകബന്ധുവും, പാപസങ്കീര്‍ത്തകനും, ദുഷ്ടാരൂപികളെ വിലക്കുന്നവനും അന്ധവിശ്വാസങ്ങളകറ്റുന്നവനും വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷാ സഹായിയുമായൊക്കെ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു പുണ്യചരിതനായ ആത്മാവച്ചന്‍.

ബ്രൂണോച്ചന്റെ 30-ാം ചരമവാര്‍ഷികദിനമായ ഡിസംബര്‍ 15-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ കുര്യനാട് സെന്റ് ആന്‍സ് ആശ്രമ ദൈവാലയത്തില്‍ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org