വിശുദ്ധ കുര്‍ബാന അര്‍പ്പണം

യുവജനങ്ങളുടെ പ്രതികരണങ്ങള്‍
വിശുദ്ധ കുര്‍ബാന അര്‍പ്പണം
ബൈബിളിലെ ബലിയര്‍പ്പണം മതി
മിലു ജോഷി

ഈശോ ജനങ്ങള്‍ക്കഭിമുഖമായി നിന്നുകൊണ്ടാണു വി.കുര്‍ബാന സ്ഥാപിച്ചതും പാദം കഴുകല്‍ ശുശ്രൂഷ നടത്തിയതും. ഈ ചൈതന്യത്തിലാണ് നാം വിശുദ്ധകുര്‍ബാനയില്‍ പങ്കുചേരുന്നത്. വൈദികന്‍ നമുക്കഭിമുഖമായി നമ്മോടൊപ്പം നമ്മുടെ ആവശ്യങ്ങളും പ്രാര്‍ത്ഥനകളുമര്‍പ്പിച്ചു വി.കുര്‍ബാന അര്‍പിക്കുന്നതിനോടാണ് എനിക്കിഷ്ടം. പുറം തിരിഞ്ഞു നില്‍ക്കുന്നതിനോടു താത്പര്യമില്ല.

ആദിമക്രൈസ്തവസമൂഹം ഒന്നിച്ചിരുന്ന് അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുത്തു എന്നാണു നാം പഠിക്കുന്നത്. കിഴക്കോട്ടു നോക്കിയുള്ള ബലിയര്‍പ്പണമൊക്കെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊക്കെ പില്‍ക്കാലത്താണ്. അത്തരം കാര്യങ്ങളോടു തീരെ താത്പര്യം തോന്നുന്നില്ല. ഈശോയും ബൈബിളും പഠിപ്പിച്ചതനുസരിച്ചു ഓരോ കാര്യത്തിലും ഈശോ നല്‍കിയ മാതൃക അനുസരിച്ചു ജീവിക്കുക എന്നതാണു പ്രധാനം.

ബലിപീഠത്തിനു ചുറ്റും ഒന്നിക്കുക
സേവ്യര്‍ ഫ്രാന്‍സിസ്

ബലിപീഠത്തിലാണ് ബലിയര്‍പ്പിക്കുന്നത്. ബലിപീഠത്തിനു ചുറ്റും വൈദികനും ജനങ്ങളും ബലിയര്‍പ്പണത്തിനായി ഒരുമിച്ചു കൂടുന്നു. ഇതാണ് ഇപ്പോള്‍ നടന്നു വരുന്നത്. പെട്ടെന്ന്, ഇത്രയും നാള്‍ നിങ്ങള്‍ ഈ ചെയ്തത് തെറ്റായ ബലിയര്‍പ്പണമായിരുന്നു എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ഞാന്‍ ജനിച്ചിട്ട് 24 വര്‍ഷങ്ങളായി. ഈ വര്‍ഷങ്ങളത്രയും എന്റെ പാരമ്പര്യമെന്നത് ഈ കുര്‍ബാനയാണ്. ഇത്രയും കാലം ചെയ്തു വന്ന കാര്യങ്ങള്‍ തെറ്റാണെന്നും മാറ്റണമെന്നും പറഞ്ഞാല്‍ ഉള്‍ക്കൊള്ളാന്‍ പുതിയ തലമുറയ്ക്കു സാധിക്കുകയില്ല.

കുരിശിനെ നോക്കുക, സൗഖ്യം നേടുക
ഷിലു ജോഷി

കാനാന്‍ ദേശത്തേയ്ക്കുള്ള യാത്രയില്‍ ചെയ്യുന്ന പാപങ്ങളെ പ്രതി ദൈവം ജനത്തെ ശിക്ഷിക്കുന്നു. ആഗ്നേയസര്‍പ്പങ്ങളെ അയച്ചുള്ള ശിക്ഷയില്‍ ഒത്തിരിയേറെ ജനങ്ങള്‍ മരിച്ചു പോകുമ്പോള്‍ അവര്‍ക്കു വേണ്ടി മോശ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. പിത്തളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിറുത്താനാവാശ്യപ്പെടുന്ന ദൈവം, അതിനെ നോക്കുന്നവര്‍ രക്ഷപ്പെടുമെന്നു മോശയെ അറിയിക്കുന്നു. ഇതു തന്നെയാണു പുതിയ നിയമത്തിലും സംഭവിക്കുന്നത്. അവിടെ യേശു കുരിശില്‍ ഉയര്‍ത്തപ്പെടുകയാണ്. ആ കുരിശിനെ നോക്കുന്നവര്‍ രക്ഷ പ്രാപിക്കുന്നു. ആ കുരിശില്‍ ഈശോ ഇല്ലാതാകുമ്പോള്‍, കുരിശിനെ നാം മാറ്റി വയ്ക്കുമ്പോള്‍, പരിശുദ്ധമായ ബലിയില്‍ വൈദികന്‍ പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ ദുഃഖങ്ങളും വേദനകളുമായി വരുന്ന ജനത്തിന്റെ ദൃഷ്ടി എങ്ങോട്ടാണു തിരിയേണ്ടത്?

നഴ്‌സിംഗ് ഒരു സൗഖ്യദാനശുശ്രൂഷ ആയതുകൊണ്ട് അതു തിരഞ്ഞെടുത്തയാളാണു ഞാന്‍. ഈശോ പല ഘട്ടങ്ങളിലും രോഗികളെ സുഖപ്പെടുത്തുന്നതു നാം കാണുന്നുണ്ട്. രോഗികളെ സുഖപ്പെടുത്തുന്നതു പുറം തിരിഞ്ഞു നിന്നിട്ടല്ല. വി.കുര്‍ബാന പരമമായ സൗഖ്യശുശ്രൂഷയാണ്. കുര്‍ബാനയില്‍ വൈദികന്‍ ബലിപീഠത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ അവിടെ വൈദികനോടു ചേര്‍ന്നു ഈശോയ്ക്കു ബലിയര്‍പ്പിക്കാന്‍ വരുന്ന വിശ്വാസികള്‍ക്ക് അത് ആശ്വാസം പകരുന്നില്ല. ഈശോയോടുള്ള ഒരു സൗഹൃദസംഭാഷണമായി ദിവ്യബലിയെ കാണുമ്പോഴും ജനാഭിമുഖബലിയര്‍പ്പണമാണ് നല്ലത്.

ഉപയോഗശൂന്യമായ പാരമ്പര്യങ്ങള്‍ വേണ്ട
അന്ന രാജന്‍

ഏതു സംസ്‌കാരത്തിന്റെയും അടിത്തറ പാരമ്പര്യങ്ങളാണ്. എന്നാല്‍ നല്ല പാരമ്പര്യങ്ങളെ മുറുകെ പിടിക്കാനും ഉപയോഗശൂന്യമായ പാരമ്പര്യങ്ങളെ തള്ളിക്കളയാനും നമുക്കു സാധിക്കണം. ഇരുപതു വര്‍ഷത്തോളമായി ദേവാലയത്തില്‍ പോയി വി.കുര്‍ബാനയില്‍ പങ്കെടുക്കുന്ന വ്യക്തിയാണു ഞാന്‍. ആദ്യമായി ദേവാലയത്തില്‍ കടന്നു ചെന്ന എനിക്കു മാതാപിതാക്കള്‍ ചൂണ്ടിക്കാണിച്ചു തന്ന പുരോഹിതന്‍ ഒരു മനുഷ്യനേക്കാളുപരി എനിക്ക് ഈശോ തന്നെയായിരുന്നു. പിന്നീട്, എനിക്കും ഈശോയ്ക്കുമിടയിലുള്ള ഒരു മദ്ധ്യസ്ഥനായും ദേവാലയത്തില്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനെ കാണുവാന്‍ തുടങ്ങി. ഒരു പുരോഹിതന്‍ എനിക്കു മുമ്പില്‍ പിന്തിരിഞ്ഞു നില്‍ക്കുക എന്നത് ഈശോ എനിക്കു മുമ്പില്‍ പിന്തിരിഞ്ഞു നില്‍ക്കുന്നതിനു തുല്യമായിട്ടേ കാണാനാകൂ. ഇത്രകാലവും ഞാന്‍ എപ്രകാരമാണോ ദേവാലയത്തില്‍ പോയി വി.കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്, അങ്ങനെ തന്നെ തുടര്‍ന്നും പങ്കെടുക്കാനാണ് ആഗ്രഹം. എനിക്കു മുമ്പില്‍ പിന്തിരിഞ്ഞു നിന്ന് വൈദികനര്‍പ്പിക്കുന്ന ബലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

കാര്‍മ്മികന്‍ ചെയ്യുന്നതു കാണണം
ജോസഫ് സാജു

ബലിയര്‍പ്പിക്കുന്ന കാര്‍മ്മികന്‍ എനിക്കു വേണ്ടിയും എന്നോടൊപ്പവുമാണു ദൈവത്തിനു ബലിയര്‍പ്പിക്കുന്നത്. ആ സമയത്തു വൈദികന്‍ പുറം തിരിഞ്ഞു നിന്ന് രഹസ്യമായി എന്തെങ്കിലും ചെയ്യുന്നതിനോടു യോജിക്കാനാകില്ല. വൈദികന്‍ എന്തു ചെയ്യുന്നു എന്നറിയാനുള്ള ഒരു ആകാംക്ഷയല്ല ബലിയര്‍പ്പണത്തിനിടെ നമ്മില്‍ ഉണ്ടാകേണ്ടത്. എനിക്കതു കാണണം, ആ ബലിയില്‍ എനിക്കു പങ്കാളിയാകണം. മുഖാഭിമുഖം നിന്ന് അതു ചെയ്യുമ്പോഴാണ് ദൈവത്തിലേയ്ക്ക് അടുക്കുന്ന ഒരു അനുഭവം ഉണ്ടാകുന്നത്.

പൊതുപൗരോഹിത്യമുള്ള ജനത്തിന്റെ അവകാശം
നിമ്മി റോസ്

വി.കുര്‍ബാനയുടെ സത്ത എന്നത് ഒരേ സമയം ബലിയും ബലിയര്‍പ്പകനുമായ പുരോഹിതന്‍ ദൈവജനത്തിനു വേണ്ടി ബലിയര്‍പ്പിക്കുക, ദൈവജനം അതില്‍ പങ്കു ചേരുക എന്നതാണ്. ദൈവജനത്തിന്റെ പങ്കുചേരല്‍ പൂര്‍ണമാകുന്നത് പുരോഹിതന്‍ ജനങ്ങള്‍ക്കിമുഖമായി നിന്ന് വി.കുര്‍ബാനയര്‍പ്പിക്കുമ്പോഴാണ്. മാമോദീസ സ്വീകരിച്ചവരെല്ലാം ക്രിസ്തുവിന്റെ പൊതുപൗരോഹിത്യത്തില്‍ പങ്കുകാരാണ്. ശുശ്രൂഷാ പൗരോഹിത്യമുള്ള പുരോഹിതനും പൊതുപൗരോഹിത്യമുള്ള ജനങ്ങളും ഒരു മേശയ്ക്കു ചുറ്റും നിന്നു ബലിയര്‍പ്പിക്കുന്നതാണ് അഭികാമ്യം. കഴിഞ്ഞ 60 വര്‍ഷക്കാലമായി സീറോ മലബാര്‍ സഭയിലെ എത്രയോ ലക്ഷകണക്കിനു വിശ്വാസികള്‍ ഈ രീതിയിലാണു ബലിയര്‍പ്പിക്കുന്നത്. ആ രീതി അവരുടെ വിശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതിനി മാറ്റേണ്ടതില്ല.

വിരുന്നിന്റെ വൃത്തം
നമിതാ പോള്‍

കുര്‍ബാന ഒരു വിരുന്നാണ് എന്നു വിശ്വാസപരിശീലനക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. ഒരു വിരുന്നിനു പോകുമ്പോള്‍ പരസ്പരം അഭിമുഖീകരിച്ചുകൊണ്ട് എല്ലാവരും ഒന്നിച്ചിരിക്കുകയാണു ചെയ്യുക. കുര്‍ബാന ഒരു വിരുന്നാണെങ്കില്‍ എല്ലാവരുടെയും പങ്കാളിത്തം, അതില്‍ പൂര്‍ണമായി കിട്ടണമെങ്കില്‍ എല്ലാവരും മുഖാമുഖമിരുന്ന് ആ വിരുന്നില്‍ പങ്കു ചേരണമെന്നാണ് എന്റെ അഭിപ്രായം. രണ്ടു തരം കുര്‍ബാനകളിലും പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ സ്വീകാര്യമായി തോന്നിയിട്ടുള്ളത് ജനാഭിമുഖ കുര്‍ബാനയാണ്. ഇത്രയും കാലമായി ശീലിച്ചതില്‍ നിന്നു പെട്ടെന്നു മാറ്റം ഉണ്ടാകുമ്പോള്‍ അത് കുര്‍ബാനയിലെ പങ്കാളിത്തത്തെ തന്നെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. അതുകൊണ്ട് ജനങ്ങളും വൈദികനും പരസ്പരം മുഖാഭിമുഖമായി ഒരു വൃത്തത്തിലെന്ന പോലെ നിന്ന് അര്‍പ്പിക്കുന്ന ബലിയാണ് എനിക്കിഷ്ടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org