വി.കുര്‍ബാന സൂചനകളും, സാക്ഷാത്കാരവും

വി.കുര്‍ബാന സൂചനകളും, സാക്ഷാത്കാരവും

റവ. ഡോ. സക്കറിയാസ് പറനിലം

റവ. ഡോ. സക്കറിയാസ് പറനിലം
റവ. ഡോ. സക്കറിയാസ് പറനിലം

വി. കുര്‍ബാന ഭൗമിക ജീവിതകാലത്ത് തന്നെ നന്മകള്‍ പുറപ്പെടുവിക്കും. സത്യം, സ്‌നേഹം, സമഭാവന, നീതി, നിസ്വാര്‍ത്ഥ സേവനം, വിനയം, വിശ്വസ്തത തുടങ്ങിയവ. എന്നാല്‍ വി. കുര്‍ബാന സ്വീകരിക്കുന്ന പലരിലും ഈ നന്മകള്‍ വ്യാപകമായി വേണ്ടത്ര പ്രകടമാവുന്നുണ്ടോ…? മതകര്‍മ്മങ്ങള്‍ ഫലം പുറപ്പെടുവിക്കുന്നത് യാന്ത്രികമായല്ല. ദൈവത്തോടൊപ്പം മനുഷ്യരും പ്രവര്‍ത്തിക്കണം. ദൈവത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാവില്ല. നാം ചെയ്യേണ്ടത് അറിയാനും, അനു വര്‍ത്തിക്കാനും വേണ്ടത്ര ശ്രമിക്കാത്തത് കൊണ്ടാവും വി. കുര്‍ബാനയിലെ നന്മകള്‍ നമ്മുടെ ജീവിതത്തില്‍ വിടരാതെ പോകുന്നത്.

തിരുക്കര്‍മ്മങ്ങളുടെ അര്‍ത്ഥവും, ലക്ഷ്യവും എന്താണെന്നും അവ അറിയേണ്ടതിന്റെയും, അനുവര്‍ത്തിക്കേണ്ടതിന്റെയും ആവശ്യകത എന്താണെന്നും കണ്ടെത്താന്‍ ബൈബിള്‍ സഹായിക്കും. വി. കുര്‍ബാന സ്വീകരണം എന്ന തിരുക്കര്‍മ്മത്തെക്കുറിച്ചാണ് ഈ ലേഖനത്തിലെ അന്വേഷണം. അതൊരു ഭക്ഷണ പരിപാടിയാണല്ലോ. ബൈബിളിലെ ചില ഭക്ഷണ സംഭവങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. ശാരീരികമായ വിശപ്പും ദാഹവും പരിഹരിക്കുക എന്ന ലക്ഷ്യത്തിനു പുറമേ, പ്രതീകാത്മകമായ അര്‍ത്ഥവും ലക്ഷ്യവും അവയ്ക്കുണ്ട്. അവയുടെ സാക്ഷാത്കാരം യഥാര്‍ത്ഥമായ ലക്ഷ്യത്തിലെത്തിക്കുന്നു.

വി. കുര്‍ബാനയാവുന്ന ജീവന്റെ അപ്പത്തിന് ശാരീരികമായ വിശപ്പു മാറ്റുന്നതിനെക്കാള്‍ ആഴമായ ലക്ഷ്യവും അര്‍ത്ഥവുമുണ്ട്. ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നതിനു ആമുഖമായി ബൈബിളിലെ മറ്റു ചില ഭക്ഷണ പരാമര്‍ശങ്ങള്‍ പരിശോധിക്കാം.

ഏലിയായുടെ ഭക്ഷണസംവിധാനം

ആഹാബ് രാജാവിന്റെ കാലത്തുണ്ടായ നീണ്ട വരള്‍ച്ചയുടെ സമയത്ത് ഏലിയാ പ്രവാചകന് ഭക്ഷണം ഏര്‍പ്പാടാക്കിയത് ദൈവമാണ്. അപ്പം കാക്കകള്‍ വഴിയായിരുന്നു; കുടിവെള്ളം കേറീത് നീര്‍ച്ചാല്‍ വഴിയും. അത് വറ്റിവരണ്ടപ്പോള്‍ കേവലം ഒരുപിടി മാവും, തുള്ളി എണ്ണയും മാത്രം കൈവശമുള്ള സറേഫാത്തിലെ ദരിദ്രയായ ഒരു വിധവയെ ദൈവം പ്രവാചകന്റെ ഭക്ഷണകാര്യം ഏല്‍പ്പിച്ചു. ഉള്ളതിന്റെ ഒരംശംകൊണ്ട് പ്രവാചകന് ഒരു കുഞ്ഞപ്പം ഉണ്ടാക്കി നല്‍കിയതോടെ പിന്നെ വരള്‍ച്ച മാറുംവരെ അവളുടെ കലത്തിലെ മാവ് തീര്‍ന്നില്ല. കുടത്തിലെ എണ്ണ വറ്റിയുമില്ല. ഒരു ദിവസം പെട്ടെന്ന് അവളുടെ ഏക മകന്‍ മരിച്ചുപോയി. ഏലിയാ ഇടപെട്ട് പ്രാര്‍ത്ഥിച്ചു അവന്‍ പുനര്‍ജീവിച്ചു. അപ്പോള്‍ വിധവ പറഞ്ഞു: 'അങ്ങു ദൈവപുരുഷനാണെന്നും അങ്ങയുടെ വാക്ക് സത്യമായും കര്‍ത്താവിന്റെ വചനമാണെന്നും ഇപ്പോള്‍ എനിക്ക് ഉറപ്പായി' (1 രാജാ. 16:29; 17:1-24).

ദൈവം നമ്മെ സഹായിക്കാതിരിക്കില്ല, അതു അപ്രതീക്ഷിതമായ രീതിയിലായാലും, വൈകിയായാലും. പ്രത്യാശ കൈവെടിയരുതെന്നു വ്യക്തമാക്കുന്നതാണ് ഈ ഭക്ഷണസംവിധാനവും മരിച്ച കുട്ടിയെ ഉയിര്‍പ്പിക്കലും. ഈ സന്ദേശം ആഹാബ് രാജാവിന്റെ കാര്യത്തിലും ഏലിയാ പ്രവാചകന്റെ കാര്യത്തിലും, വിധവയുടെ കാര്യത്തിലും പ്രസക്തമാണ്. കാക്കകള്‍ കൊണ്ടുവന്നു കൊടുത്ത മാംസവും, അപ്പവും ഭക്ഷിച്ചതുകൊണ്ടു മാത്രമല്ല, അതിനു പിന്നിലെ ദൈവകരം കാണുകയും ആ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഏലിയായുടെ വിജയം.

കുടിവെള്ളവും ഭക്ഷണവും നല്‍കുന്ന സന്ദേശം

ഈജിപ്തില്‍ നിന്ന് കാനാന്‍ ദേശത്തേക്കുള്ള പുറപ്പാട് കാലത്ത് ഇസ്രായേല്‍ക്കാര്‍ക്കു കുടി വെള്ളവും, ഭക്ഷണവും ദൈവം നേരിട്ടു ലഭ്യമാക്കുന്നു (പുറപ്പാട് 15, 16 അധ്യായങ്ങള്‍). മാറായില്‍ കൈപ്പുള്ള വെള്ളമായിരുന്നു; ദൈവം മോശക്ക് തടിക്കഷണം കൊടുത്തിട്ട് അതു കൈപ്പുള്ള വെള്ളത്തിലിടാന്‍ പറഞ്ഞു; ഉടനെ അത് ശുദ്ധജലമായി മാറി. ഈ കുടിവെള്ളം നല്‍കുന്ന സന്ദേശം വെള്ളം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. ദൈവത്തെ അനുസരിച്ചാല്‍ ഉറപ്പായും വിജയമുണ്ടാകും (പുറ. 15:26).

സീന്‍ മരുഭൂമിയിലെത്തുമ്പോഴേക്കും പട്ടിണികൊണ്ടു ജനം മടുത്തു. ഈജിപ്തിലെ ഇറച്ചി ചട്ടികളെയോര്‍ത്തു വായില്‍ വെള്ളമിറക്കി കഴിഞ്ഞിരുന്നവര്‍ മോശക്കും അഹറോനുമെതിരെ പിറുപിറുത്തു. അപ്പോള്‍ കര്‍ത്താവു തന്നെ ആകാശത്തുനിന്ന് അപ്പം വര്‍ഷിച്ചു. അതായിരുന്നു മന്നാ. കാടപ്പക്ഷിയുടെ മാംസവും അവിടുന്ന് സമൃദ്ധമായി നല്‍കി. ഈജിപ്തില്‍ നിന്ന് തങ്ങളെ വിമോചിപ്പിച്ചത് ദൈവമാണെന്ന് ഗ്രഹിക്കുക, കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കുക, കര്‍ത്താവാണ് ദൈവമെന്ന് മനസ്സിലാക്കുക (പുറ. 16:4-12). മന്നാ ഭക്ഷിച്ചാല്‍ മാത്രം പോരാ, കര്‍ത്താവ് തന്ന ഭക്ഷണമായി അതിനെ തിരിച്ചറിയുകയും വേണം (പുറ. 16:15) കര്‍ത്താവിന്റെ ശക്തിയേയും പരിപാലനയേയും കുറിച്ചുള്ള ബോധ്യത്തില്‍ ആഴപ്പെടണം. തദനുസൃതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വളര്‍ത്തേണ്ടതുണ്ട്. ദൈവം നല്‍കിയ ഭക്ഷണം അങ്ങനെയാണ് സമ്പൂര്‍ണ്ണ ലക്ഷ്യം കാണുക.

ലേഖനച്ചുരുളിന്റെ മാധുര്യം

എസക്കിയേല്‍ പ്രവാചകന് ദൈവം ഭക്ഷിക്കാന്‍ നല്‍കിയത് ലേഖനച്ചുരുള്‍ (എസക്കിയേല്‍ 2, 3 അധ്യായങ്ങള്‍). ഇത് ഭക്ഷിച്ച് വയറ് നിറയ്ക്കാം. ഭക്ഷിച്ച പ്രവാചകന് അത് 'തേന്‍ പോലെ' മധുരിച്ചു. വിചിത്രമായ ഈ ഭക്ഷണ സംഭവത്തെ മനസ്സിലാക്കാന്‍ ദൈവത്തിന്റെ വ്യാഖ്യാനം ശ്രദ്ധിക്കണം: 'ഞാന്‍ നിന്നോട് പറയുന്ന വാക്കുകള്‍ ചെവി തുറന്ന് കേള്‍ക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുക.' 'മര്‍ക്കടമുഷ്ടികളും കഠിനഹൃദയ'രുമായ അന്നത്തെ ഇസ്രായേല്‍ ജനത്തോട് ദൈവത്തിന് പറയാനുള്ളത് നിര്‍ഭയം പ്രഖ്യാപിക്കണം. ദൈവവചനം ഗ്രഹിക്കുകയും അതു വേണ്ടപോലെ ജനങ്ങളെ അറിയിച്ച് അതുവഴി അവരെ രക്ഷിക്കുവാനുള്ള ശക്തി ആര്‍ജ്ജിക്കുവാനുമാണ് ഈ ചുരുള്‍ തീറ്റ. വെറുതെ ചിതലിനെപ്പോലെ ചുരുള്‍ തിന്നിട്ടു കാര്യമില്ല.

അര്‍ത്ഥം അനുപേക്ഷണീയം

യേശു ഒരിക്കല്‍ അപ്പം വര്‍ധിപ്പിച്ചു നല്‍കി (യോഹ. 6:1-15). ഭക്ഷിച്ചു തൃപ്തരായ ജനം അത്ഭുത സ്തബ്ധരായി. തുടര്‍ന്ന് അദ്ദേഹത്തെ രാജാവാക്കാന്‍ വരെ ശ്രമമുണ്ടായി. യേശു അവരെ കുറ്റപ്പെടുത്തി. അപ്പം ആഹരിച്ചത് കൊണ്ടായില്ല; അതിന്റെ അര്‍ഥം (sign) ശരിയായി തിരിച്ചറിയുക കൂടി വേണമായിരുന്നു. ജീവിതത്തെ അനശ്വരമായ ആനന്ദത്തിലേക്ക് വളര്‍ത്തുന്ന അനുഗ്രഹം നല്‍കാന്‍ യേശുവിന് കഴിയുമെന്നതിന്റെ സൂചനയായി ഈ അത്ഭുതത്തെ തിരിച്ചറിയണമായിരുന്നു. അതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് യേശു അവതരിപ്പിച്ച ജീവന്റെ അപ്പമായ വി. കുര്‍ബാനയുടെ സന്ദേശം വേണ്ടപോലെ സ്വീകരിക്കുവാന്‍ ജനത്തിന് കഴിയാതെ പോയത്. ഈ പരാജയത്തില്‍ നിന്ന് നാം പാഠം പഠിക്കണം.

കുര്‍ബാനയിലെ അപ്പം സ്വീകരിക്കുന്നതിന് ആവശ്യമായ യോഗ്യതയേക്കുറിച്ചുള്ള തിരിച്ചറിവിന്റെ പ്രാധാന്യം പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട് (1 കോറി. 11:17-34). ആദ്യ നൂറ്റാണ്ടില്‍ത്തന്നെ വി. കുര്‍ബാന 'ഗുണത്തിനു പകരം ദോഷം' വരുത്തി. ഭിന്നിപ്പും, സമഭാവനയുടെ അഭാവവും ഉണ്ടായതുകൊണ്ടു ചില കുര്‍ബാന സമ്മേളനങ്ങള്‍ 'കര്‍ത്താവിന്റെ അത്താഴം' അല്ലാതായി. 'കര്‍ത്താവിന്റെ മരണം പ്രഖ്യാപിക്കുന്ന' സംഭവമാണ് ഓരോ കുര്‍ബാനയും. കുര്‍ബാനയിലെ മാംസരക്തങ്ങളെ 'വിവേചിച്ചറിയണം.'

വി. കുര്‍ബാന ഉളവാക്കുന്ന നന്മകള്‍ നമ്മുടെ ജീവിതത്തില്‍ മൊട്ടിട്ടു വിരിയാന്‍ അപ്പത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയണം. അപ്പം ഉള്‍ക്കൊണ്ടത് കൊണ്ടു മാത്രമായില്ല. കുര്‍ബാന സ്വീകരണത്തിന്റെ സല്‍ഫലങ്ങള്‍ ഉളവാകുന്നതിനു വിശ്വാസത്തിന്റെ ജീവിതം അനുപേക്ഷണീയമാണ്. അപ്പത്തിന്റെ അര്‍ത്ഥവും വിശ്വാസത്തിലെ ദൈവഹിതവും വചനത്തിലൂടെയാണ് അറിയാനാകുന്നത്.

ഇല്ലെങ്കില്‍ ശിക്ഷ ഉറപ്പ്. അന്യോന്യം കാത്തിരിക്കുക എന്ന ലളിതമായ പ്രായോഗിക നിര്‍ദ്ദേശം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെ പൗലോസ് വ്യക്തമാക്കുന്നു. കര്‍ത്താവിന്റെ മരണത്തിന്റെ അനുസ്മരണ ഉള്‍ക്കൊള്ളുന്ന സമഭാവനയും, പാവങ്ങളോടുള്ള കരുതലും വിവേചിച്ചറിയുന്നതില്‍ പരാജയപ്പെടരുത്. ജീവന്റെ അപ്പത്തെ തിരിച്ചറിഞ്ഞു സ്വീകരിക്കുന്നതിനുള്ള യോഗ്യത വിശ്വാസമാണ്. പിതാവയച്ചവനായ യേശുവില്‍ വിശ്വസിക്കുക. ഇത് യേശുവില്‍ വെളിപ്പെട്ട ദൈവത്തെ വിശ്വസിക്കലാണ്. ഈ വിശ്വാസത്തിനു മോശയുടെ 'മന്നാ' പോലുള്ള അടയാളം ആവശ്യപ്പെട്ടവരോട് യേശു പറഞ്ഞു, 'ഞാനാണ് ജീവന്റെ അപ്പം.' യേശുവിനെ തിരിച്ചറിഞ്ഞു സ്വീകരിക്കുന്നവരിലാണ് കുര്‍ബാനയുടെ നന്മകള്‍ നിറയുക.

അനുഷ്ഠാനത്തില്‍ നിന്ന് ജീവിതത്തിലേക്ക്

യോഹന്നാന്റെ സുവിശേഷത്തില്‍ കുര്‍ബാന സ്ഥാപനവിവരണമില്ലാതിരിക്കുകയും എന്നാല്‍ അതിനു പകരം 'കാല്‍കഴുകല്‍' വിവരിക്കുകയും ചെയ്യുന്നത് ആകസ്മികമായിട്ടല്ല (യോഹ. 13:1-20): യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാന്‍ കുനിഞ്ഞുകൊണ്ട് കുര്‍ബാനയുടെ അര്‍ത്ഥം സംശയാതീതമാം വിധം വിശദീകരിക്കുകയാണ് എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നു. (നാഥാ, ഞങ്ങളോട് കൂടെ താമസിക്കേണമേ, No.28). നിസ്വാര്‍ത്ഥവും, വിനയപൂര്‍ണ്ണവും, ത്യാഗനിര്‍ഭരവുമായ ഗാഗുല്‍ത്തായിലെ ആത്മബലിയുടെ സാന്ദ്രമായ സന്ദേശം, ശിഷ്യന്മാരുടെ പാദ പ്രക്ഷാളനത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. സമഭാവനയും, പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സേവനവും കുര്‍ബാനയുടെ സന്ദേശത്തിന്റെ സാക്ഷാല്‍ക്കാരത്തിന് അനുപേക്ഷണീയമാണ്.

കുര്‍ബാനയിലെ പ്രതീകങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥമാക്കുന്ന സൂചനകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് യോഹന്നാന്റെ സമീപനം.

യേശുവിന്റെ ഭക്ഷണക്രമം

തന്റെ അനുയായികള്‍ക്ക് യേശു ഒരുക്കുന്ന ഭക്ഷണത്തെക്കുറിച്ചു കേട്ടവരൊക്കെ അമ്പരന്നു. 'ജീവന്റെ അപ്പം' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് യേശു പറഞ്ഞു, 'ലോകത്തിന്റെ ജീവനു വേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്.' വിശ്വാസികള്‍ ഇതു ഭക്ഷിക്കണം. ഭക്ഷിക്കുന്ന 'ശരീരം' യേശു തന്നെ. യേശുവിന്റെ രക്തവും, ശരീരവും സൂചിപ്പിക്കുന്നത് യേശു എന്ന വ്യക്തിയെത്തന്നെയാണ്. ഭക്ഷിക്കുകയെന്നത് സ്വീകരിക്കുക, അനുസരിക്കുക, വിശ്വസിക്കുക എന്നൊക്കെ അര്‍ത്ഥമാക്കുന്നു. എസക്കിയേലും യേശുവും ഭക്ഷിച്ചത് പോലെയാണത്. ഇപ്രകാരം ഭക്ഷിക്കുന്നവര്‍ ശാരീരികമായ മരണശേഷവും സന്തോഷകരമായി ദൈവത്തോടൊത്തു നിത്യമായി ജീവിക്കും (യോഹ. 6:50-51). ഈ ജീവന്റെ സവിശേഷ നന്മകള്‍ ഭൗമിക ജീവിതകാലത്തുതന്നെ അങ്കുരിച്ചു വളരുന്നു. മുന്‍പ് സൂചിപ്പിച്ചത് പോലെ ജീവന്റെ അപ്പമായ 'യേശുവിനെ ഭക്ഷിക്കുന്ന' നമ്മള്‍ അവിടുത്തെ ഭക്ഷണക്രമവും സ്വന്തമാക്കാന്‍ വിളിക്കപ്പെടുന്നു.

'റബ്ബീ ഭക്ഷണം കഴിച്ചാലും' എന്ന് ഓര്‍മ്മിപ്പിച്ച ശിഷ്യന്മാരോട്, അവരറിയാത്ത ഒരു ഭക്ഷണം തനിക്കുണ്ട് എന്നു പറഞ്ഞ യേശു കാര്യം വ്യക്തമാക്കിയത് ഇങ്ങനെ: 'എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം' (യോഹ. 4:31-34). യേശുവിന്റെ നന്മയുടെയും ശക്തിയുടെയും ഊര്‍ജസ്രോതസ്സ് ഈ ആഹാരമാണ് (യോഹ. 8:39). ദൈവഹിതം മാത്രം അനുസരിക്കുന്ന ജീവിതം ദൈവരാജ്യാവസ്ഥയിലാണ്. അതിനെ യഥാര്‍ത്ഥ വിശ്വാസ ജീവിതമെന്നു വിളിക്കാം. തന്റെ ഈ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനത്തില്‍ യേശുവിനെ പരിപൂര്‍ണ്ണ ദൈവവിശ്വാസിയെന്നു വിശേഷിപ്പിക്കണം. (ദൈവാവിഷ്‌ക്കരണം No. 5). ഈ വിശ്വാസിയെ അനുകരിക്കാത്തവര്‍ ജീവന്റെ അപ്പം ആഹരിച്ചാലും ക്രൈസ്തവ നന്മകള്‍ അവരില്‍ നാമ്പിടുന്നില്ല.

ജീവന്റെ അപ്പം രൂപാന്തരപ്പെടുത്തുന്നു

അനുഗ്രഹീതമായ നിത്യജീവന്‍ പ്രാപിക്കുന്നതിന് കുര്‍ബാനയിലെ അപ്പം ഭക്ഷിച്ചാല്‍ മാത്രം പോര. അത് യേശുവാണെന്നും, യേശുവിന്റെ ഭക്ഷണം ദൈവഹിതം അനുവര്‍ത്തിക്കലാണെന്നുമുള്ള തിരിച്ചറിവുണ്ടാകണം. 'എന്റെ വചനം കേള്‍ക്കുകയും, എന്നെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും, തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും' (യോഹ. 5:24-29). 'സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് (യോഹ. 6:47). നിത്യജീവന്‍ ദൈവിക സന്തോഷത്തിന്റെ ശാശ്വതീകരണമാണ്. ആ ജീവനും അതിന്റെ നന്മകളും ഭൗമിക ജീവിതത്തില്‍ പ്രസരിച്ചു തുടങ്ങണം. വി. കുര്‍ബാനയാകുന്ന അപ്പം ഉള്‍ക്കൊള്ളുന്നതോടൊപ്പം ജീവിതം ദൈവഹിതാനുവര്‍ത്തനത്തിന്റെ വിശ്വാസവുമാക്കാം.

വി. കുര്‍ബാന ഉളവാക്കുന്ന നന്മകള്‍ നമ്മുടെ ജീവിതത്തില്‍ മൊട്ടിട്ടു വിരിയാന്‍ അപ്പത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയണം. അപ്പം ഉള്‍ക്കൊണ്ടത് കൊണ്ടു മാത്രമായില്ല. കുര്‍ബാന സ്വീകരണത്തിന്റെ സല്‍ഫലങ്ങള്‍ ഉളവാകുന്നതിനു വിശ്വാസത്തിന്റെ ജീവിതം അനുപേക്ഷണീയമാണ്. അപ്പത്തിന്റെ അര്‍ത്ഥവും വിശ്വാസത്തിലെ ദൈവഹിതവും വചനത്തിലൂടെയാണ് അറിയാനാകുന്നത്. മനഃസ്സാക്ഷിയിലൂടെയും, വിശുദ്ധ ഗ്രന്ഥത്തിലൂടെയും വചനം അഥവാ ദൈവഹിതത്തിന്റെ വെളിപ്പെടുത്തലുണ്ടാകുന്നു. വചനവായനയും ശരിയായ വ്യാഖ്യാനവും കുര്‍ബാന സ്വീകരണത്തിന്റെ ഫലപ്രാപ്തിക്ക് അനുപേക്ഷണീയമാണ്.

യേശുവിനെ ആഹരിക്കുന്ന വിശ്വാസി യേശുവായി രൂപാന്തരപ്പെടുന്നു. യേശുവിന്റെ ഭക്ഷണക്രമം സ്വീകരിക്കുക. യേശുവിന്റെ വീക്ഷണവും നിലപാടും സമീപനവുമൊക്കെ നമ്മുടേതുമായിത്തീരുന്നു. യേശുവിന്റെ നന്മകള്‍ സ്‌നേഹവും, നിസ്വാര്‍ത്ഥ സേവനവും, ത്യാഗവും, ക്ഷമയും, വിശ്വസ്തതയുമെല്ലാം നമ്മിലും മൊട്ടിട്ടു വിരിയണം. അങ്ങനെ നമ്മുടെ ഭൗമികജീവിതം തന്നെ വി. കുര്‍ബാനയുടെ ചാരുതയും, സൗരഭ്യവും പ്രസരിപ്പിക്കും. ഭക്ഷണം വലിയ അളവില്‍ ശരീരസ്ഥിതിയെ ബാധിക്കുന്നു. ഇതുപോലെ നമ്മുടെ ആത്മീയ ഭക്ഷണമാകാന്‍ തയ്യാറായ യേശു (അപ്പം) നമ്മുടെ ആത്മീയസ്ഥിതിയെയും സ്വാധീനിക്കുന്നു. ഇതിനുവേണ്ടിയായിരുന്നു യേശു ഭക്ഷണത്തിന്റെ മാധ്യമം സ്വീകരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org