സാന്‍ജോസ് എ. തോമസ്, പാലാരിവട്ടം
എന്റെ മനസ്സിലെ ക്രിസ്തുവിന്റെ രൂപം എന്താണ്? അവിടുന്ന് എനിക്ക് എപ്രകാരമാണ് അനുഭവ വേദ്യമാകുന്നത്? എങ്ങനെയുള്ള ക്രിസ്തുവിനെയാണ് സുവിശേഷങ്ങളില്‍ നാം പരിചയപ്പെടുന്നത്? സുവിശേഷങ്ങളിലെ ക്രിസ്തു യു വാവാണ്. അവിടുത്തെ യുവത്വത്തില്‍ ആണ് ക്രിസ്തുവിനെ നാം സുവിശേഷങ്ങളില്‍ പരിചയപ്പെടുന്നത്. യുവാവായിരുന്ന ക്രിസ്തുവിനെയാണ് എനിക്കും നിങ്ങള്‍ക്കും അറിയാവുന്നത്. യുവത്വത്തില്‍ പരസ്യജീവിതം ആരംഭിക്കുകയും യുവത്വത്തില്‍ തന്നെ കൊല്ലപ്പെടുകയും, യുവത്വത്തില്‍ തന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്ത ക്രിസ്തുവിനെയാണ് നാം സുവിശേഷങ്ങളില്‍ പരിചയപ്പെടുന്നത്. സുവിശേഷങ്ങളിലെ ക്രിസ്തു കാരുണ്യവാനായ, അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന, തെറ്റ് ചൂണ്ടി കാണിക്കുന്ന, ശരിയോടൊപ്പം ഉറച്ചുനില്‍ക്കുന്ന, മനുഷ്യനോട് ചേര്‍ന്നു നില്‍ക്കുന്ന ക്രിസ്തുവാണ്. യുവാവായ ക്രിസ്തു എപ്പോഴും മനുഷ്യരോടൊപ്പം ആയിരുന്നു. പ്രാര്‍ത്ഥനയുടെ മൗന നിമിഷങ്ങളില്‍ ഒഴിച്ച് എല്ലായ്‌പ്പോഴും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്കിടയില്‍ അവിടുന്ന് സമയം ചെലവഴിച്ചു. അന്താരാഷ്ട്ര യുവജന സമ്മേളനത്തെ അഭി സംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തത് പോലെ മനുഷ്യരുടെ വേദനകളോടൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം ഉറച്ചുനില്ക്കാനാണ് ഇന്നത്തെ യുവത്വം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ദൂരം പാലിക്കുന്ന, അകലം നിലനിര്‍ത്തുന്ന ക്രിസ്തുവിനെ അല്ല അടുത്തു നില്‍ക്കുന്ന ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ക്രിസ്തുവിനെയാണ് മാര്‍പാപ്പ അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു ക്രൈസ്തവ സാക്ഷ്യം ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങള്‍ക്ക് ആവശ്യം. സുവിശേഷങ്ങളില്‍ ഹൃദയം പങ്കുവെച്ച് ജീവന്‍ ബലിയര്‍പ്പിച്ച സ്വയം വിരുന്നായി മാറിയ ഈ ക്രിസ്തു അനുഭവത്തെ ആണ് 21-ാം നൂറ്റാണ്ടിലെ യുവജനങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
നമ്മുടെ യുവതീയുവാക്കന്മാര്‍ വിശ്വാസം ഉപേക്ഷിച്ച് ഇതര മത വിഭാഗങ്ങളിലേക്ക് ചേക്കേറുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം ജനങ്ങളോട് മമത പുലര്‍ത്താത്ത, പാരമ്പര്യങ്ങളില്‍ മാത്രം കടിച്ചുതൂങ്ങുന്ന, പുറംതിരിഞ്ഞു നില്‍ക്കുന്ന നമ്മുടെ ആരാധനാ മനോഭാവം ആണോ എന്ന് ഉറപ്പായും സംശയിക്കേണ്ടിയിരിക്കുന്നു.
യുവജനങ്ങള്‍ ഇഷ്ടപ്പെടുന്ന വിശുദ്ധ കുര്‍ബാന
ഓരോ വിശുദ്ധ കുര്‍ബാനയും ഇതേ പാരസ്പര്യത്തിന്റെ സമൂര്‍ത്ത രൂപം ആകണം എന്നാണ് തിരുസഭയിലെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നത്. സുവിശേഷങ്ങളിലെ ക്രിസ്തു എപ്രകാരം തന്റെ ജീവന്‍ ബലിയര്‍പ്പിച്ചുവോ അതേ ബലിയുടെ പുനരവതരണം ആണ് ഓരോ യുവാവും ദിവ്യബലിയില്‍ പ്രതീക്ഷിക്കുന്നത്. ദേവാലയത്തില്‍ ചെന്ന് നിന്ന് അള്‍ത്താരയിലേക്ക് നോക്കുമ്പോള്‍ ഇന്നത്തെ യുവത്വം കാണാനാഗ്രഹിക്കുന്ന ഒരു കാഴ്ചയുണ്ട്. തനിക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍,സങ്കീര്‍ണ്ണമായ തന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍, തന്നോടൊപ്പം ആയിരിക്കാന്‍ അള്‍ത്താരമേശയില്‍ എഴുന്നള്ളി വന്നിരിക്കുന്ന ക്രിസ്തുവിനെ, ഈ ക്രിസ്തുവിനെ കാണാനാണ് വിങ്ങുന്ന ഹൃദയത്തോടെ, മിടിക്കുന്ന ആത്മാവോടെ, ഈറനണിഞ്ഞ കണ്ണുകളോടെ ഓരോ യുവാവും യുവതിയും ദേവാലയത്തില്‍ എത്തുന്നത്.
പുതിയ യുവത്വം പ്രതീക്ഷകളും ആശങ്കകളും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവത്വം സങ്കീര്‍ണതകളുടേതാണ്. അവരുടെ മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ജീവിത പന്ഥാവിലൂടെ ആണ് ഇന്നത്തെ യുവതലമുറ നടക്കുന്നത്. ആഗോളവല്‍കൃത ഉദാരവല്‍ക്കരണ ലോകത്തില്‍, മാധ്യമ വിസ് ഫോടനത്തിന്റെ മായാകാഴ്ചകളില്‍പ്പെട്ട്, ഗൗരവമേറിയ ഒട്ടനവധി പ്രശ്‌നങ്ങളില്‍ പെട്ടു ജീവിക്കുന്ന യുവത്വമാണ് ഇന്ന് നമുക്കിടയില്‍ ഉള്ളത്. കഴിഞ്ഞകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യൗവനം യുവത്വം എന്ന സങ്കല്പം തന്നെ വലിയ പരിവര്‍ത്തനത്തിന് വിധേയമായിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളും, നൂറുകണക്കിന് മൊബൈല്‍ ആപ്പുകളും, ആയിര ക്കണക്കിന് സോഷ്യല്‍ മീഡിയ സൗഹൃദങ്ങളും, വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളും, മൂല്യ സംഹിതയും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹവും, നീറിപ്പുകയുന്ന നൂറുകണക്കിന് വ്യഥകളും ഒക്കെ ചേര്‍ന്ന് ഇന്നത്തെ യുവത്വത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചിരിക്കുന്നു. പൂര്‍ണമായും മാറിയ ഒരു ലോകത്തില്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ പുത്തന്‍ശൈലികള്‍ ഓരോ ദിവസവും പുതിയ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനോട് ഒത്തുപോകാനാകാതെ പലപ്പോഴും യുവതലമുറ വലിയ ആശയക്കുഴപ്പത്തില്‍ ചെന്നു പെടുന്നുണ്ട്.
സമീപകാലത്ത് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യു വാക്കള്‍ക്കിടയില്‍ നടത്തപ്പെട്ട ഒരു സര്‍വേയുടെ ഫലം അത്യന്തം ആശങ്കയുളവാക്കുന്നതാണ്. പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും തങ്ങളുടെയും സമൂഹത്തെയും ഭാവിയെക്കുറിച്ച് ഒട്ടും തന്നെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരല്ല. അവരുടെ മതബോധത്തെക്കുറിച്ച് നല്‍കപ്പെട്ട ഒരു ചോദ്യത്തിന് തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ചാലകശക്തിയായി മതത്തിന് മാറുവാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അവരില്‍ 63 ശതമാനം പേരും അഭിപ്രായപ്പെട്ടത്. പ്രസ്തുത സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 45 ശതമാനത്തോളം പേരും ക്രൈസ്തവ യുവാക്കളാണ് എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തെളിഞ്ഞു വരുന്ന ഭീകരമായ ഒരു ചിത്രമുണ്ട്. പതുക്കെ പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരുപക്ഷേ അന്യം നിന്നുകൊണ്ടിരിക്കുന്ന തീക്ഷ്ണവും സജീവവുമായ മതവിശ്വാസവും, ആത്മീയതയും അതിനുപകരം അവിടെ സ്ഥാനം പിടിക്കുന്നതു മൂല്യ നിരാസവും, ലൗകികതയും കടുത്ത പ്രതീക്ഷ രാഹിത്യവും ആണ്. ഒന്നിലും വിശ്വാസം അര്‍പ്പിക്കാത്ത, തികച്ചും അരാജക സമാനമായ ജീവിതവീക്ഷണം വെച്ചുപുലര്‍ത്തുന്ന ഒരു യുവതയാണ് ഇന്ന് നമുക്ക് ചുറ്റും വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത് ഇപ്രകാരമുള്ള ഒരു യുവ സമ്പത്ത് നമ്മുടെ സമൂഹത്തിനും സഭയ്ക്കും മുതല്‍ക്കൂട്ട് ആകുമോ എന്നത് പരിചിന്തനത്തിനു വിധേയമാക്കപ്പെട്ട ഒരു വിഷയമാണ്.
യുവാക്കളെ ചേര്‍ത്തുനിര്‍ത്തി അവരുടെ പ്രശ്‌നങ്ങളോട്, പ്രത്യേകിച്ച് അവരുടെ ആവശ്യങ്ങളോട് സമഭാവനയോടെ പ്രതികരിക്കുവാനുള്ള വലിയ ഉത്തരവാദിത്വം സഭയിലും സമൂഹത്തിലും നിക്ഷിപ്തമാണ്. ഈ വലിയ ദൗത്യം ആരംഭിക്കുന്നതും ആരംഭിക്കേണ്ടതും ക്രിസ്തുനാഥന്റെ ബലിവേദിയില്‍നിന്ന് ആണ്. ഓരോ ദിവസവും ദിവ്യകാരുണ്യ സന്നിധിയിലേക്ക് കടന്നുവരുന്ന ഒരു യുവാവ് യുവതി പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. തന്റെ പ്രയാസങ്ങളുടെ ഭാണ്ഡം ഇറക്കിവയ്ക്കാന്‍, ഒറ്റപ്പെടലിന്റെ മുറിവുണക്കാന്‍, കണ്ണീര്‍ തുടക്കുവാന്‍, തന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍, സര്‍വോപരി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുവാന്‍, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍, തോളിലേക്ക് ചേര്‍ത്ത് നിര്‍ത്തുവാന്‍ മകനെ മകളെ എന്നു അന്‍പോടെ വിളിക്കുന്ന, ബലിപീഠത്തില്‍ തന്റെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന ക്രിസ്തുവിനെ. തന്നോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ക്രിസ്തുവിനെ അല്ല, മുഖം നല്‍കാത്ത ക്രിസ്തുവിനെ അല്ല, മുഖത്തേക്ക് നോക്കി കരുണാമസൃണമായി പുഞ്ചിരിക്കുന്ന, അന്ധനോടും ബധിരനോടും കുഷ്ഠരോഗിയോടും, പിശാച് ബാധിതനോടും കരുണ കാണിച്ച് തൊട്ട് സുഖപ്പെടുത്തിയ ക്രിസ്തുവിനെയാണ്. ഇങ്ങനെയുള്ള ക്രിസ്തുവിനെ വിശുദ്ധ ബലിയില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ് യുവത ഇന്ന് തങ്ങളോട് തന്നെ ചോദിക്കുന്നത്.
യുവാക്കളുടെ വീക്ഷണത്തില്‍ ബലിയര്‍പ്പകന്റെ സ്ഥാനം
ബലിപീഠത്തില്‍ നില്‍ക്കുന്ന ബലിയര്‍പ്പകനെ കാണുമ്പോള്‍ ബലിയര്‍പ്പകന്റെ മുഖം ദര്‍ശിക്കുമ്പോള്‍, എല്ലാവരെയും നോക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരോടും സംവേദനം സാധ്യമാകുന്ന, പങ്കാളിത്തം നല്കുന്ന സജീവതയുടെ അനുഭവം യുവത്വത്തിന് നല്‍കുവാന്‍ സാധിക്കുന്ന ഒന്നാണെങ്കില്‍ ആ ബലി പൂര്‍ണമാണ്. അങ്ങനെയല്ല സംഭവിക്കുന്നതെങ്കില്‍ ഹൃദയം ഹൃദയത്തെ തൊടാത്ത, ആത്മാവിന്റെ ഉള്ളറകളിലേക്ക് ഇറങ്ങാത്ത, അപൂര്‍ണ്ണതകളുടെ ബലിയാണ് ഓരോ ദിവസവും നമ്മുടെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്നത്. ക്രിസ്തുവിന്റെ ആദ്യത്തെ ബലിയില്‍ അവിടുന്ന് ശിഷ്യന്മാരോടൊപ്പം ഇരുന്ന് ബലിയര്‍പ്പിച്ചതുപോലെ ദിക്കും സ്ഥാനവും നോക്കാതെ അര്‍പ്പിക്കപ്പെടുന്നതാകണം യുവ ജനങ്ങളുടെ കാഴ്ചപ്പാടില്‍ യഥാര്‍ത്ഥ ദിവ്യബലി. ഇപ്രകാരം അല്ലാത്ത ഒരു ബലിക്ക് എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാന്‍, ഈ ലോകത്തിന്റെ സങ്കീര്‍ണതകളില്‍ നിരന്തരം പൊരുതി നില്‍ക്കുവാന്‍ എന്നെ പര്യാപ്തനാക്കാന്‍ കഴിയുമോ എന്ന് ഞാന്‍ അത്യധികം ആശങ്കപ്പെടുന്നു.
എന്തുകൊണ്ട് ഇന്നത്തെ യുവജനങ്ങള്‍ ജനാഭിമുഖ ബലി ഇഷ്ടപ്പെടുന്നു
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളിലൂടെ എന്റെ ഹൃദയത്തിനോട്, ആത്മാവിനോട് ബോധ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന, എന്റെ ആത്മാവിന്റെ മുറിവുണക്കാന്‍ കരുത്തുള്ള ജനാഭിമുഖ ബലിയെ അതുകൊണ്ടുതന്നെ ഒരു യുവാവ് എന്ന നിലയില്‍ ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന യുവത്വവും ഇതേ ബലി സങ്കല്‍പ്പത്തിന്റെ ഭാഗഭാക്കുകളും പ്രതിനിധികളും ആണ്. ഇന്നത്തെ യുവതലമുറ ആചാര ബദ്ധമായ പാരമ്പര്യങ്ങളില്‍ അത്രകണ്ട് അടിയുറച്ച് വിശ്വസിക്കുന്നില്ല. സാബത്തില്‍ രോഗശാന്തി നല്‍കിയ ക്രിസ്തുവാണ് അവരുടെ മാതൃക. പാരമ്പര്യങ്ങളുടെ പഴയ കാലത്തേക്കാള്‍, ഇടപെടലിന്റെ, സൗഹൃദത്തിന്റെ പുതിയകാലത്തെ അവര്‍ സ്‌നേഹിക്കുന്നു. ആചാരങ്ങളില്‍ കടിച്ചുതൂങ്ങിയത് കൊണ്ടാണ് മധ്യേഷ്യയിലും സിറിയ ഉള്‍പ്പെടുന്ന ക്രൈസ്തവ ശക്തി കേന്ദ്രങ്ങളിലും പിന്നീട് കടുത്ത വെല്ലുവിളി സഭയ്ക്ക് നേരിടേണ്ടി വന്നത്. വത്തിക്കാന്‍ കൊട്ടാരത്തിന്റെ ജനാലകള്‍ തുറന്നു കൊണ്ട് കാറ്റും വെളിച്ചവും ഉള്ളിലേക്ക് കടന്നു വരട്ടെ എന്ന് ധൈര്യസമേതം ആഹ്വാനം ചെയ്ത ജോണ്‍ മാര്‍പാപ്പയുടെ മനസ്സാണ് ഇന്നത്തെ യുവജനങ്ങള്‍ക്ക് ഇഷ്ടം. ആ മനസ്സ് ഒരിക്കലും പാരമ്പര്യങ്ങള്‍ക്കെതിരെയല്ല, പിന്നെയോ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാരമ്പര്യങ്ങളെ പരുവപ്പെടുത്തി എടുക്കണമെന്ന് അത് ഉറച്ചു വിശ്വസിക്കുന്നു. നാലാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ പതിനാലാം നൂറ്റാണ്ടിലോ നിലനിന്നിരുന്ന അന്നത്തെ ജീവിതസാഹചര്യങ്ങള്‍ അല്ല ഇന്നത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകവും യുവ തലമുറയും അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് മുഖം കൊടുക്കാത്ത, അവരോട് ചേര്‍ന്ന് നില്‍ക്കാത്ത ഒന്നിനെയും പുതിയ തലമുറ അംഗീകരിച്ചെന്നു വരില്ല. അവരെ സംബന്ധിച്ച് ആചാര അനുഷ്ഠാന കര്‍മ്മങ്ങള്‍ ദൃശ്യമായതും ഹൃദ്യമായതും അനുഭവവേദ്യമായതും എളുപ്പത്തില്‍ മനസിലാക്കാവുന്നതും ആയിരിക്കണം. കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് നീതി പുലര്‍ത്താത്ത, കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ഒന്നിനും തന്നെ വരാനിരിക്കുന്ന കാലത്ത് സഭാമക്കളുടെ ഇടയില്‍ സ്ഥാനം ഉണ്ടാവില്ല. ആരാധന ക്രമത്തെ നമ്മള്‍ അളക്കേണ്ടത് ഈ അളവുകോല്‍ ഉപയോഗിച്ച് തന്നെ ആയിരിക്കണം. എപ്പിസ്‌കോപ്പല്‍ സഭകളില്‍ നിന്ന് വലിയ തോതില്‍ യുവജനങ്ങള്‍ ഇന്നലത്തെ മഴയ്ക്ക് മുളച്ച നവ സെക്ടുകളിലേക്കും പെന്തക്കോസ്റ്റല്‍ പ്രസ്ഥാനങ്ങളിലേക്ക് വരെയും വലിയൊരു രീതിയില്‍ പോകുന്നുണ്ടെങ്കില്‍, നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന നമ്മുടെ യുവതീയുവാക്കന്മാര്‍ വിശ്വാസം ഉപേക്ഷിച്ച് ഇതര മത വിഭാഗങ്ങളിലേക്ക് ചേക്കേറുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം ജനങ്ങളോട് മമത പുലര്‍ത്താത്ത, പാരമ്പര്യങ്ങളില്‍ മാത്രം കടിച്ചു തൂങ്ങുന്ന, പുറംതിരിഞ്ഞുനില്‍ക്കുന്ന നമ്മുടെ ആരാധനാ മനോഭാവം ആണോ എന്ന് ഉറപ്പായും സംശയിക്കേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന കാലം സങ്കീര്‍ണതകളുടെയും പലവിധത്തിലുള്ള ആന്തരികവും ബാഹ്യവുമായ പ്രതിസന്ധികളുടെയും അതിഭയാനകമായ വിശ്വാസ പ്രതിസന്ധിയുടെയും ആകാം. ഈ കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിക്കണമെങ്കില്‍, ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന, അവരുടെ മുഖത്ത് നോക്കുന്ന, അവരോട് നിരന്തരം സംവദിക്കുന്ന, അവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന, സമഗ്രത നില നിര്‍ത്തുന്ന ആരാധന രീതികള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ കാലിക പ്രസക്തിയുള്ള, സ്വീകാര്യതയുള്ള, ക്രിസ്തുവിന്റെ യുവ ചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു മഹാപ്രസ്ഥാനമായി കേരള സഭയ്ക്ക് നിലനില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. യൂറോപ്പില്‍ അടച്ചുപൂട്ടപെടുന്ന, മധ്യപൂര്‍വേഷ്യയില്‍ അന്യം വില്‍ക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവ വിശ്വാസവും നമുക്കുള്ള അപായ സൂചനയാണ്. പാരമ്പര്യങ്ങളില്‍ അത്ര കടിച്ചു തൂങ്ങാതെ, അതീവ ഗഹനമായ പദങ്ങള്‍കൊണ്ട് ക്രിസ്തുവിന്റെ ബലി ദുര്‍ഗ്രഹം ആക്കാതെ കാലത്തിനൊത്ത് അതിനെ ആധുനീകരിച്ചു ജനങ്ങളുടെ ഹൃദയത്തോടൊപ്പം ചേര്‍ന്നുനിന്ന്, അവരുടെ ആവശ്യങ്ങളോട് സമീപസ്ഥരായി വളര്‍ന്നുവരുന്ന യുവതയുടെ ചിറകിലേറി നമുക്ക് മുന്നേറാം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം വത്തിക്കാന്‍ കൊട്ടാരത്തില്‍ തന്നെ സന്ദര്‍ശിച്ച യുവജനങ്ങളുടെ കണ്ണുകളിലേക്ക് നോക്കി പോള്‍ മാര്‍പാപ്പ പറഞ്ഞു 'ഇന്ന് ഞാനും നിങ്ങളെപ്പോലെ ഒരു യുവാവാണ് സഭയും ചൈതന്യം നിറഞ്ഞ അവളുടെ യുവത്വത്തില്‍ ആണ് നിങ്ങളിലാണ് പരിശുദ്ധ സഭയുടെ ഭാവിയും പ്രതീക്ഷയും.' ഈ പ്രതീക്ഷ തകര്‍ക്കാതിരിക്കാന്‍, കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുവാന്‍ നമുക്ക് ശ്രമിക്കാം. ക്രിസ്തുനാഥന്‍ കാല്‍വരിയില്‍ മരിച്ചപ്പോള്‍ നെടുകെ കീറി പോയത് ദേവാലയത്തിലെ തിരശീല മാത്രമല്ല മനുഷ്യനെ ദൈവത്തില്‍ നിന്ന് അകറ്റുന്ന എല്ലാ പ്രവണതകളും കീഴ്‌വഴക്കങ്ങളും കൂടിയാണ്. ഓരോ ബലിയര്‍പ്പണവും ക്രിസ്തുനാഥന്റെ വിരുന്നുമേശ ആകട്ടെ. നമ്മുടെ ഹൃദയങ്ങളോട് കാലത്തിനോട് അത് സംഭാഷണം നടത്തട്ടെ. ചൈതന്യമുള്ള ഹൃദയങ്ങളുടെ ബലി നഷ്ടം ആകാതിരിക്കട്ടെ. ഒപ്പം സഭയുടെ യുവത്വവും.
(ലേഖകന്‍ കേരള എന്‍വിയോണ്‍മെന്റ് & നേച്ചര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും, കേരള കത്തോലിക്ക വിദ്യാര്‍ത്ഥി സംഘടന, മലയാള മനോരമ ബാലജനസഖ്യം മുന്‍ സംസ്ഥാന പ്രസിഡന്റും ആണ്.)