നരബലി ചര്‍ച്ചയാകുമ്പോള്‍: രക്ഷപ്പെട്ട ഒരു പിഞ്ചുപെണ്‍കുഞ്ഞും മലയാളി മിഷണറി മിഥുന്‍ ജോണിയും ശ്രദ്ധേയരാകുന്നു

നരബലി ചര്‍ച്ചയാകുമ്പോള്‍: രക്ഷപ്പെട്ട ഒരു പിഞ്ചുപെണ്‍കുഞ്ഞും മലയാളി മിഷണറി മിഥുന്‍ ജോണിയും ശ്രദ്ധേയരാകുന്നു

ചോരക്കുഞ്ഞായിരുന്നപ്പോള്‍ ഒരു നരഹത്യ (നരബലി)യില്‍നിന്ന് രക്ഷപ്പെട്ട രൂപ്മിലി എന്ന ആറു വയസ്സുകാരി പെണ്‍കുട്ടി ഓടിക്കളിക്കുന്നു. കേരളത്തില്‍ 'തനിക്ക് ദൈവം നല്‍കിയ' അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒപ്പം ചിരിച്ചുകളിച്ച്. ചോരക്കുഞ്ഞായിരിക്കുമ്പോള്‍ അവള്‍ കൊല്ലപ്പെടേണ്ടതായിരുന്നു. ഗോത്രാചാരങ്ങള്‍ ശക്തമായതിനാല്‍ ജീവന്‍ പോലും അപകടപ്പെടുമെന്നറിഞ്ഞിട്ടും മിഥുന്‍ ജോണി എന്ന മലയാളി മിഷണറി അവള്‍ക്ക് രക്ഷകനായി. അനാചാര കൊലപാതക വാര്‍ത്തകള്‍ നമ്മെ മരവിപ്പിക്കുമ്പോള്‍ ഇത് നമുക്കേവര്‍ക്കും കുളിര്‍മ്മ നല്‍കും.

ഇത് അസമിലെ ഒരു ഗോത്രം. മികിര്‍ അല്ലെങ്കില്‍ കാര്‍ബി എന്ന ഭാഷ സംസാരിക്കുന്ന ഏതാണ്ട് പത്തുലക്ഷത്തിനു മുകളില്‍ അംഗങ്ങളുള്ള ഒരു പ്രബല സമൂഹം. ചൈനീസ് വംശജരോട് സാമ്യം. വളരെ വിചിത്രമായ പ്രകൃതി ആരാധനാചാരങ്ങള്‍. ഏതാണ്ട് പത്തു പന്ത്രണ്ട് കിലോമീറ്റര്‍ കാട്ടിലൂടെ നടന്നുവേണമായിരുന്നു ഈ ഗോത്ര ജനതയുടെ പല ഗ്രാമങ്ങളിലും എത്താന്‍.

അങ്ങനെയുള്ള അസമിലെ ഉള്‍നാട്ടില്‍ മരണത്തിന്റെ മുള്‍മുനകളില്‍നിന്ന് ജനിച്ച ഉടനെ ഒരു പിഞ്ചു പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തിയ ത്രസ്സിപ്പിക്കുന്ന കഥ.

അവിടെ ഗോത്ര വര്‍ഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷണറിയാണ് മലയാളിയായ മിഥുന്‍ ജോണി. ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി അസമിലെ കാര്‍ബി ആങ്‌ലോങ്ങില്‍ ബൈദഗ്രാമത്തിലെ മികിര്‍/കാര്‍ബി ഭാഷാ സംസാരിക്കുന്ന ഗോത്ര വര്‍ഗത്തിന്റെ ഉന്നമനത്തിനായി സത്യവെളിച്ചത്തിന്റെ സാക്ഷിയായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം അവിടെ അദ്ദേഹം തന്നെ സ്ഥാപിച്ച മുളകൊണ്ട് ഉണ്ടാക്കിയ ഏകാധ്യാപക സ്‌കൂളില്‍ ടീച്ചറും കൂടിയാണ്. കാര്‍ബി ജില്ലയില്‍ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഈ ഗോത്ര വര്‍ഗ സമൂഹത്തിന്റെ ആചാരത്തില്‍നിന്നുമാണ് മിഥുന്‍ രൂപ്മിലി എന്ന പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ജറോം സോന്‍ഫി പാടോര്‍പി ദമ്പതികളുടെ മകളായാണ് രൂപ്മിലി ജനിക്കുന്നത്. പ്രസവത്തോടെ കുട്ടിയുടെ മാതാവായ സോന്‍ഫി മരിച്ചു. പ്രസവത്തിനിടെ അമ്മ മരിച്ചാല്‍ ഒപ്പം 'ആ അമ്മയുടെ മരണത്തിന് കാരണക്കാരിയായ' കുഞ്ഞും കൂടി മരിക്കണം എന്നാണ് ആ ഗോത്രത്തിലെ ക്രൂരമായ ആചാരം.

അതിനായി മാതാവിന്റെ ശവസംസ്‌കാരം നടക്കുമ്പോള്‍ കുഞ്ഞിനെ കൂര്‍പ്പിച്ച മുളംകമ്പിനുള്ളില്‍ ജീവനോടെ കോര്‍ത്തു മൃതദേഹത്തിന്റെ അരികില്‍ നാട്ടും. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് കുഞ്ഞിനെയും അമ്മയെയും ഒരുമിച്ച് സംസ്‌കരികുകയാണ് പതിവ്. പൊതുവേ ഇവര്‍ അംഗീകരിച്ച ആചാരങ്ങളില്‍ ആരും ഇടപെടാറില്ല.

കുഞ്ഞിനെ ഈ ക്രൂര ആചാരത്തിന് വിധേയയാക്കുന്നതിനും ദീര്‍ഘനാളുകള്‍ക്കു മുന്‍പ് മിഥുന്‍ അവിടെ എത്തിയിരുന്നു. ആചാരത്തിന്റെ സങ്കീര്‍ണ്ണ തകള്‍ നിമിത്തം കുഞ്ഞിനെ സ്വന്തം പിതാവിന് ഏറ്റെടുക്കാന്‍ കഴിയില്ല. ഏറ്റെടുത്താല്‍ അയാള്‍ ഗ്രാമം വിട്ടു പോകേണ്ടി വരും. ഒറ്റപ്പെടും. അതിന് ആരും തന്നെ ശ്രമിക്കാറില്ല. മാതാവിന്റെ ബന്ധുക്കള്‍ക്ക് കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഗോത്ര നിയമം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപട്ടിണിയില്‍ വലയുന്ന ഗ്രാമവാസികള്‍ അതിനു തയ്യാറാകില്ല എന്നതാണ് വസ്തുത.

മിഥുന്‍ ഗ്രാമത്തലവനുമായി ബന്ധപെട്ടു. എങ്കിലും കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയ്യാറല്ല. അതേസമയം അതുവരെ ഈ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി മിഥുന്‍ ചെയ്ത സമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടു അവരുടെ പ്രിയങ്കരനായ ഇദ്ദേഹത്തിന്റ അഭ്യര്‍ത്ഥന പ്രകാരം ഈ ക്രൂരമായ ആചാരത്തില്‍ നിന്നും കുഞ്ഞിനെ ഒഴിവാക്കാന്‍ തയ്യാറായി. ഗോത്ര ചരിത്രത്തില്‍ ആദ്യമായാണ് അങ്ങനെ ഒരു ഒഴിവാക്കല്‍ നടക്കുന്നത്. തുടര്‍ന്ന് മിഥുന്‍ സര്‍ക്കാര്‍ ഉദ്യോഗ സ്ഥരുമായി ബന്ധപെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതി നേടി. ഗോത്രാചാരം നിലനില്‍ക്കാനായി കുഞ്ഞിന്റെ മാതാവിന്റെ സഹോദരിയുടെ പേരിലാണ് ഏറ്റെടുക്കാന്‍ ഗവണ്‍മെന്റില്‍ അപേക്ഷ നല്‍കിയത്. അത്ഭുതകരമായി അനുമതി ലഭിച്ചു. മിഥുനും കുട്ടിയുടെ പിതാവും ആയി കരാര്‍ ഉണ്ടാക്കി.

നീക്കങ്ങള്‍ വേഗത്തിലാക്കി. പിന്നീടുള്ളത് അതിസാഹസികമായ യാത്ര. കുഞ്ഞിനെ ഏറ്റെടുത്ത മിഥുന്‍ പത്ത് മൈല്‍ നടന്ന് ഗ്രാമത്തില്‍നിന്ന് ഗോഹട്ടിയിലേക്കുള്ള ഏക ബസ്സ് പിടിച്ചു. പ്രസവിച്ചിട്ട് അധികദിവസമാകാത്ത ചോരക്കുഞ്ഞ്. എട്ട് മണിക്കൂര്‍ നീണ്ട ബസ്സ് യാത്ര. ഒരു വിധം ഗോഹട്ടി എയര്‍പോര്‍ട്ടില്‍ എത്തി. രേഖകളെല്ലാം ശരിയാക്കിയതിനാല്‍ നാട്ടിലേക്ക് വരുന്ന ഒരു ദമ്പതികള്‍ വശം കുഞ്ഞിനെ അയയ്ക്കാന്‍ ഗവണ്‍മെന്റ് സമ്മതിച്ചു. അങ്ങനെ ആ കുഞ്ഞ് ഗോഹട്ടിയില്‍നിന്ന് കൊച്ചി എയര്‍പ്പോര്‍ട്ടില്‍ പറന്നിറങ്ങി. മരിക്കേണ്ടിയിരുന്ന സ്ഥാനത്ത് രക്ഷയുടെ ചിറകേറി. ഇപ്പോള്‍ രൂപ്മിലി (അതാണവളുടെ പേര്) മിഥുന്റെ മാതാപിതാക്കളുടെ കൂടെ വളരെ വാത്സല്യത്തോടെ കേരളത്തില്‍ അങ്കമാലിയില്‍ കഴിയുന്നു. ആ കുഞ്ഞ് മരണത്തിന്റെ വക്കില്‍ ആയിരുന്നു. 22 ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു ശേഷമാണ് കുഞ്ഞിന് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞത്.

കാര്‍ബി ജില്ലയിലെ ജീവിതം ദയനീയമാണ്. കൃഷിയാണ് അവിടെ പ്രധാനമായും ഉള്ളത്. നെല്‍കൃഷി ചെയ്തു കഞ്ഞിയായി കഴിക്കും. കറിയായി ഇലകളും മാംസാഹാരങ്ങളും അവര്‍ക്ക് വളരെ ഇഷ്ടമാണ്. ആരോഗ്യസ്ഥിതി ദയനീയം, പണവിനിമയം കാര്യമായി ഇല്ല. ബാര്‍ട്ടര്‍ സംവിധാനത്തിലാണ് കൂടുതലും ഇടപാട് നടക്കുന്നത്. വൈദ്യുതിയോ, റോഡോ ചികിത്സയോ ഒന്നുമില്ല വന്യമൃഗങ്ങള്‍ ഉള്ള വഴിയിലൂടെ കിലോമീറ്റര്‍ നടന്നു വേണം ബൈദാ ഗ്രാമത്തില്‍ എത്താന്‍ മിഥുന്‍ അവിടെ ചെന്ന ശേഷം മുന്‍പെ സൂചിപ്പിച്ച സ്‌കൂള്‍ (26 കുട്ടികള്‍ അവിടെ പഠിക്കുന്നു), ഒരു നെല്ലുകുത്ത് മില്ല് എന്നിവ സ്ഥാപിച്ചു. പെര്‍മിഷന്‍ വാങ്ങി 7.5 കി.മീ. റോഡ് വെട്ടി ഒരു ചെറിയ പാലവും പണിതു. മിഷനറി പ്രവര്‍ത്തനങ്ങളുടെ വലിയ ഒരു മാറ്റം ഇന്ന് ബെയ്ദാ ഗ്രാമത്തില്‍ നമുക്ക് കാണാന്‍ കഴിയും. റോഡ് കടന്നുവന്നതോടെ ആളുകള്‍ ജോലി തേടി പുറത്തേക്ക് പോകുവാന്‍ സാധ്യത ഉണ്ടായി. സ്‌കൂള്‍ വന്നതോടെ അവിടെ പഠിച്ചതില്‍ മിടുക്കരായ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് അയച്ചു. നെല്ല് കുത്തുന്ന മില്ലു വന്നതോടെ മരം കൊണ്ടുള്ള ഉരല്‍ ഉലക്ക എന്നിവ ഉപയോഗി ച്ചുള്ള അവരുടെ കഠിന അധ്വാനം കുറഞ്ഞു. ടില്ലര്‍ വന്നതോടെ ചതുപ്പ് നിലങ്ങളില്‍ നെല്ല് വിളഞ്ഞു.

ഇങ്ങനെയുള്ള ഒട്ടേറെ കഠിന പ്രയത്‌നങ്ങള്‍ മിഥുനെ ഇന്ന് ഗ്രോത്രവര്‍ക്കാരുടെ പ്രിയപ്പെട്ടവനാക്കി മാറ്റി.

ഇന്ന് അദ്ദേഹത്തെ അവര്‍ ഒരു ട്രൈബിലേക്ക് ദത്തെടുത്തു. മിഥുന്‍ ജോണി അവരുടെയിടയില്‍ ഇന്ന് ശര്‍മ്മന്‍ ക്രോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പേര് ദൂരെയുള്ളവര്‍ക്കും പ്രസിദ്ധം ആണ്.

ഈ ഗോത്രക്കാര്‍ പുറമെക്കാരെ പൊതുവേ സ്വീകരിക്കാറില്ല എന്നതും ഓര്‍ക്കണം.

എന്നാല്‍ അതിശയിപ്പിക്കുന്ന ഒരു കാര്യം: ഇന്നേക്ക് 180-ല്‍ പരം വര്‍ഷം മുമ്പ് അമേരിക്കയില്‍ നിന്നുള്ള ബാപ്റ്റിസ്റ്റ് മിഷണറിമാര്‍ ഈ ഗോത്രത്തെ തേടി ടിക്കാ എന്ന സ്ഥലത്ത് വന്നിട്ടുണ്ട്. കാട്ടുവള്ളി വലിച്ചു കെട്ടി പുഴ നീന്തിക്കടന്നാണവര്‍ ഈ ഗോത്രങ്ങളെ സന്ധിച്ചത്.

'Customs and Law of the MIKIR People' എന്നൊരു പുസ്തകവും ആ മിഷണറിമാര്‍ രചിച്ചിട്ടുണ്ട്.

ആ ബാപ്റ്റിസ്റ്റ് മിഷണറിമാരാണ് ബൈബിളും പാട്ടുപുസ്ത കവും ആദ്യമായി പരിഭാഷപ്പെടുത്തി അവര്‍ക്കു നല്‍കിയത്.

ആ മിഷണറിമാരുടെ ത്യാഗങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ തന്റേത് ഒന്നുമല്ല എന്നാണ് പബ്ലിസിറ്റി ആഗ്രഹി ക്കാത്ത, നിരവധി ഭീക്ഷണികളെയും വെല്ലുവിളികളെയും അതിജീവിച്ച 36 കാരനായ മിഥുന്‍ വിനയാന്വിതനായി പറയുന്നത്. ഈ ലേഖകനോട് മിഥുന്‍ സംസാരിച്ച സമയത്ത് അദ്ദേഹ ത്തിന്റെ വിളിയും തിരഞ്ഞെടു പ്പും വളരെ വ്യത്യസ്തമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇത് വായിക്കുന്നവര്‍ക്ക് ഒരുപക്ഷേ അതിശയം തോന്നാം. പക്ഷേ മറക്കേണ്ട. കേരളവും പണ്ട് ഇതിലും മോശമായിരുന്നു. ക്രൈസ്തവ മിഷണറിമാരും, നമ്മുടെ സന്യാസ സമൂഹങ്ങളും, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളുമാണ് കേരളത്തിന്റെ പുരോഗമനത്തിന്റെ പിന്നില്‍. പക്ഷേ ഇന്ന് ആരും ആ സംഭാവനകള്‍ ഓര്‍ക്കാറില്ല. എന്തെല്ലാം നിയമം വന്നാലും തവളക്കല്യാണവും കഴുതക്കല്യാണവും പ്രേതക്കല്യാണവും തുടങ്ങിയ നൂറ് കണക്കിന് പ്രാകൃത ആചാരങ്ങള്‍ എന്ന് മാറും?

അനാചാര വിരുദ്ധ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന നിയമജ്ഞര്‍ നേരിടുന്ന വലിയ വെല്ലുവിളി ആചാരവും അനാചാരവും നിര്‍വ്വചിക്കുക എന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org