
സഭാധികാരികള്‍ കൂടെക്കൂടെ അനുസരണയെപ്പറ്റി സംസാരിക്കുന്നു. ഇന്നത്തെ വലിയൊരു പ്രശ്‌നം അനുസരണമില്ലായ്മയാണെന്നും പറയുന്നു. ഈ അവസരത്തില്‍ എന്താണ് അനുസരണയെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. Audire, 'കേള്‍ക്കുക' എന്ന ലത്തിന്‍ പദത്തില്‍ നിന്നുമാണ് obedience, അനുസരണം എന്ന പദം വരുന്നത്. സംസ്‌കാരമുള്ളവര്‍ ആരെയും കേള്‍ക്കും, പ്രത്യേകിച്ചും ദൈവത്തെയും സാധാരണക്കാരായ ദൈവമക്കളെയും. 'ഇസ്രായേലേ കേള്‍ക്കുക' എന്നത് ദൈവത്തിന്റെ കൂടെക്കൂടെയുള്ള അഭ്യര്‍ത്ഥനയാണ്. 'ചെവിയുള്ളവന്‍ കേള്‍ക്കട്ടെ' എന്ന് യേശുവും. ദൈവം പറയുന്നതു കേട്ട്, അതനുസരിച്ചു ജീവിക്കുന്നതാണല്ലോ മതപരമായ ജീവിതം. ഇതിന് ഏറ്റവും നല്ല ഉദാഹരണവും മാതൃകയും യേശുതന്നെ.
സമൂഹത്തോടു മാത്രമല്ല, വ്യക്തികളോടും ദൈവം സംസാരിക്കുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോരുത്തരും ദൈവത്തിന് വിലപ്പെട്ടവരും ബഹുമാന്യരുമായ മകനോ മകളോ ആണ്. നേരിട്ടും എഴുതപ്പെട്ട വചനത്തിലൂടെയും അനുഭവങ്ങളിലൂടെയും പ്രത്യേകിച്ച് പ്രവാചകന്മാരിലൂടെയും ദൈവം സംസാരിക്കുന്നു.
ദൈവത്തെയാണ് എല്ലാവരും ശ്രവിക്കേണ്ടത് അനുസരിക്കേണ്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലുള്ള ഔദ്യോഗിക കൂട്ടായ്മയുടെ രേഖകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതൊന്നും പരിഗണിക്കാതെ, എവിടെയോ ഉടലെടുത്ത ചില രീതികള്‍ക്കും ആചാരങ്ങള്‍ക്കും വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കുന്നതും അതൊക്കെ അടിച്ചേല്പിക്കുന്നതുമാണ് പ്രശ്‌നം.
പൂര്‍ണ്ണ യഹൂദനായിരുന്ന യേശു ജെറുസലേം ദേവാലയത്തിലെ ബലികളും അനുഷ്ഠാനങ്ങളും സ്വീകരിച്ചില്ലെന്നുള്ളത് വ്യക്തമാണ്. 'ബലിയല്ല, കരുണയാണ്' താന്‍ ആഗ്രഹിക്കുന്നതെന്ന് യേശുവും പ്രവാചകന്മാരും പറഞ്ഞിട്ടുണ്ട് (മത്താ. 9:12, 12:7), ഹോസി. 6:6). എന്നാലും യേശുവിനെ കീഴ്‌പ്പെടുത്താന്‍ സാത്താന്‍ ബൈബിള്‍ ഉദ്ധരിച്ചതുപോലെ, അനുസരണയെപ്പറ്റി 1 സാമു. 15:12 പറയുന്നത് ഇന്ന് ഉദ്ധരിക്കുന്നത് അനുചിതവും അപ്രസക്തവുമാണ്. ഇത് ഒരു 'ego' പ്രശ്‌നം മാത്രം.
രാജാക്കന്മാരുടെയും രാജകുമാരന്മാരുടെയും (princes of the church എന്ന് വിശേഷിപ്പിച്ചാലും) കാലം പണ്ടേ കഴിഞ്ഞു. നല്ല മനുഷ്യര്‍ ആഗ്രഹിക്കുന്നത് ജനായത്തരീതിയാണ് - ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഭരണം. എല്ലാവരും തുല്യരാണെന്നു മനസ്സിലാക്കി, പരസ്പരം ആദരിക്കുന്ന സംസ്‌കാരം. ആരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 'അഭിഷിക്ത'രല്ല. സമൂഹം ചിലരെ തിരഞ്ഞെടുത്തത്, 'അധികാരം' കൊടുക്കുന്നത് സമൂഹത്തെ സേവിക്കാനാണ്. ഭരിക്കാനല്ല. ഒന്നാമന്‍ ദാസനായിരിക്കണമെന്നത് (മത്താ. 23:11) യേശുവിന് നിര്‍ബന്ധമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്പിക്കാനല്ല, അധികാരം കല്പിക്കുകയല്ല, സംഭാഷണത്തിലേര്‍പ്പെടുകയണ് (dialogue) ഉചിതം.
ആദിമസഭ ഒരു കൂട്ടായ്മയായിരുന്നു. മനോഹരമായ ഈ സംസ്‌കാരം തിരിച്ചു കൊണ്ടുവരാനാണ് Synodality യിലൂടെ ഫ്രാന്‍സിസ് പാപ്പാ ശ്രമിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരും അവഗണിക്കുന്നവരും ഉണ്ടെന്നുള്ളത് ദുഃഖസത്യം.
കത്തോലിക്കാ സഭയിലുണ്ടായിട്ടുള്ള അധികാരത്തിന്റെ ദുരുപയോഗം ഏറെയാണ്. ഒന്നു രണ്ടെണ്ണം എടുത്തു പറയട്ടെ. ഭൂഗോളം സൂര്യനുചുറ്റും കറങ്ങുകയാണ് എന്ന് ഗലീലിയോ കണ്ടുപിടിച്ചത് ഔദ്യോഗിക സഭ അംഗീകരിച്ചില്ല. തെറ്റാണെന്ന് വിധിച്ച്, ഗലീലിയോയെ നിശ്ശബ്ദനാക്കി. ശിക്ഷ സഹിക്കേണ്ടി വന്നെങ്കിലും ഗലീലിയോ മനസ്സു മാറ്റിയില്ല. അധികാരികളെ അനുസരിച്ച് സഭയോടു രമ്യപ്പെടാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഗലീലിയോ പറഞ്ഞു: ''എനിക്കു തെറ്റുപറ്റി എന്നു ഞാന്‍ പറയാം. പക്ഷേ, ഞാന്‍ എന്തു പറയുന്നു എന്നതല്ല കാര്യം. ഭൂമി ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കയാണ്.''
ദൈവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്ന De Lubae എന്ന ഈശോസഭാ വൈദികന്റെ ചില പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് വിധിച്ച് ഔദ്യോഗിക സഭ അദ്ദേഹത്തെ നിശ്ശബ്ദനാക്കി. പഠിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അനുവദിച്ചില്ല. സഭയെ അനുസരിച്ച് അദ്ദേഹം ഏകാന്തതയില്‍ ജീവിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള ഒരുക്കമായപ്പോള്‍ De Lubae-ന്റെ കഴമ്പു മനസ്സിലാക്കിയ ചില സഭാ പിതാക്കന്മാര്‍ അവരുടെ ദൈവശാസ്‌ത്രോപദേഷ്ടാവായിരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ വിലയേറിയ പങ്കാളിത്തത്തെ ആദരിച്ച്, പിന്നീട് അദ്ദേഹത്തെ കര്‍ദ്ദിനാളാക്കി ബഹുമാനിച്ചു.
അന്ധമായ അനുസരണത്തിന്റെ അനേകം ദുരന്തങ്ങളില്‍ ചിലത് ഓര്‍ക്കാം. ഹിറ്റ്‌ലറെയും സ്റ്റാലിനെയും അനുസരിച്ചതുകൊണ്ട് എത്രയോ ലക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, കൊല്ലപ്പെട്ടു. കുരിശുയുദ്ധങ്ങളുടെ കാര്യം മറക്കുന്നില്ല.
ചില ഗുരുക്കന്മാര്‍ അന്ധമായ അനുസരണത്തെ പ്രശംസിക്കാറുണ്ട്. അന്ധരായിരിക്കുക, മൂകരായിരിക്കുക ആര്‍ക്കും ഭൂഷണമല്ല. എന്നാല്‍ ഇത് ബുദ്ധിയും സ്വാതന്ത്ര്യവും തന്ന ദൈവത്തെ അവഹേളിക്കുന്നതുമാണ്. ഈശോസഭയിലെ അനുസരണയെപ്പറ്റി പല കെട്ടുകഥകളുമുണ്ട്. പൊതുവെ പറഞ്ഞാല്‍, ഈശോസഭാധികാരികള്‍ അന്ധരല്ല, അംഗങ്ങള്‍ മൂകരുമല്ല. പ്രൊവിന്‍ഷ്യല്‍ ഓരോരുത്തരേയും വ്യക്തിപരമായി അറിയേണ്ടതാണ്. അംഗങ്ങള്‍ സുതാര്യരായിരിക്കേണ്ടതും പ്രൊവിന്‍ഷ്യല്‍ ഓരോരുത്തരുമായി ഓരോ വര്‍ഷവും സമയമെടുത്ത് സംഭാഷണത്തിലേര്‍പ്പെടുന്നു. ഓരോരുത്തരുടെയും കഴിവും അഭിരുചിയുമനുസരിച്ചാണ് മിഷന്‍ കൊടുക്കുന്നത്. കൂടുതല്‍ സംഭാഷണത്തിനുള്ള (dialogue) വാതില്‍ എപ്പോഴും തുറന്നതുമാണ്.
ഒരു അധികാരിക്ക് കല്പിക്കേണ്ടതായി വന്നാല്‍ അത് ഉചിതമായ വിവേചനത്തിനു (disurnment) ശേഷമായിരിക്കണം. അനുസരണം വിശുദ്ധമാണെന്നു പറയുന്നവരറിയട്ടെ വിശുദ്ധമായ അനുസരണനിരാസവും ഉണ്ടെന്ന്. ഗാന്ധിജി ബ്രിട്ടീഷ് അധികാരികളെ പൂര്‍ണ്ണമായി അനുസരിച്ചിരുന്നുവെങ്കില്‍ മഹാത്മാവാകുമായിരുന്നില്ല. ഇന്ത്യ സ്വതന്ത്രവും. മരണം വരെ അനുസരിച്ചവനായി യേശുവിനെ അവതരിപ്പിക്കുന്നവരോര്‍ക്കണം. സ്വന്തം മതാധികാരികള്‍ക്ക് യേശു മരണംവരെ അനുസരിക്കാത്ത ധിക്കാരിയും മറ്റുള്ളവരെ വഴി പിഴപ്പിക്കുന്നവനുമായിരുന്നെന്ന്. യേശുവിനെയും ഗാന്ധിജിയെയും മദര്‍ തെരേസയെയും പുകഴ്ത്തുന്നവര്‍ ഈ മഹാന്മാരുടെ ഉത്തരവാദിത്വപൂര്‍ണ്ണവും ദൗത്യബോധത്തോടെയുള്ള അനുസരണനിരാസവും എടുത്തുപറയണം.
ആവശ്യപ്പെടുന്നതും വിലക്കുന്നതും അനുസരിക്കുന്നതും വി വേചനപൂര്‍വ്വമായിരിക്കണം. ദൈവത്തെയാണ്, നല്ല മനസ്സാക്ഷിയെയാണ് എല്ലാവരും അനുസരിക്കേണ്ടത് എന്ന് വി. പത്രോസ് പറഞ്ഞതോര്‍ക്കുക (പത്രോ. 4.19, 5.29).
ബുദ്ധിയുള്ളവര്‍ സ്വന്തമായി ചിന്തിക്കും. യേശു മാതാപിതാക്കളെ വിട്ട് (ലൂക്കാ 2.43) ദേവാലയത്തില്‍ തങ്ങി ഗുരുക്കന്മാര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും ഓര്‍ക്കുക. നിലവിലുള്ളതിനെ പരിശോധിക്കുന്നത് ചോദ്യം ചെയ്യുന്നത് വളര്‍ച്ചയ്ക്ക് ആവശ്യമാണ്. മാറ്റങ്ങളില്ലാതെ വളര്‍ച്ചയില്ല. പലരും യാന്ത്രികമായി പഴയത് ആവര്‍ത്തിക്കുന്നതില്‍ തൃപ്തരാണ്. ചിന്തിക്കാത്തവരും ഭാവനാശൂന്യരും മാറ്റങ്ങളുടെ ആവശ്യവും സാദ്ധ്യതകളും അറിയുന്നില്ല. മാറ്റങ്ങള്‍ വരുത്താന്‍ വൈദ്ധഗ്ധ്യം വേണം, കാരണം എതിര്‍പ്പുകളെ നേരിടേണ്ടി വരും. വലിയ വില കൊടുക്കേണ്ടി വരും. അലസരും സ്വാര്‍ത്ഥരും ഭീരുക്കളും ഇതിനു തയ്യാറല്ല. യേശുവിന്റെയും ഗാന്ധിജിയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും അനുഭവം ഓര്‍ക്കുക. ഇങ്ങനെയുള്ളവരാണ് മനുഷ്യരാശിയുടെ ഉപകാരികള്‍. ഇവരിലൂടെയാണ് നന്മയും വളര്‍ച്ചയും ഉണ്ടാകുന്നത്.
നമ്മളെല്ലാവരും സഹോദരങ്ങളാണ്, കുടുംബാംഗങ്ങളാണ്. ദൈവമാണ് എല്ലാവരുടെയും പിതാവ്. യേശുവാണ് എല്ലാവരുടെയും ഗുരുവും നാഥനും മാതൃകയും. ആരും ഗുരുസ്ഥാനമോ നേതൃസ്ഥാനമോ പിതൃസ്ഥാനമോ ഏറ്റെടുക്കേണ്ടതില്ല (മത്താ. 23:8-10). 'ഞാനാണ് ശരി, ഞാന്‍ തീരുമാനിക്കും. അത് അനുസരിക്കണം' എന്നു പറയുന്നത് അഹങ്കാരമാണ്, ദാര്‍ഷ്ട്യമാണ്, മറ്റുള്ളവരോടുള്ള പുച്ഛമാണ്. സ്‌നേഹവും കരുണയും ശുശ്രൂഷയുമാണ് യേശു എല്ലാവരില്‍ നിന്നും ആവശ്യപ്പെടുന്നത്. 'നിങ്ങള്‍ പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിന്‍' (ലൂക്കാ 6:36) എന്നാണല്ലോ യേശുവിന്റെ കല്പന. വി. ലൂക്കായുടെ പതിനഞ്ചാം അദ്ധ്യായം പിതാവിനെപ്പോലെ കരുണ ഉണ്ടായിരിക്കുന്നതിനെപ്പറ്റിയാണ്. പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള ആഗ്രഹവും തീരുമാനവും പ്രയത്‌നവുമാണ് ക്രിസ്തീയജീവിതം. ഇതല്ലാതെ മറ്റൊന്നുമല്ല വിശുദ്ധി.