വിശുദ്ധി സകലര്‍ക്കും സാധ്യം

കാര്‍ലോയുടെ കാലികര്‍ക്കു പറയാനുള്ളത്...
വിശുദ്ധി സകലര്‍ക്കും സാധ്യം
Published on
മില്ലേനിയല്‍സില്‍ നിന്നുള്ള വിശുദ്ധനാണ് കാര്‍ലോ അക്യുത്തിസ്. കാര്‍ലോയുടെ കാലത്ത് ജനിച്ചു വളര്‍ന്നവര്‍, തങ്ങളുടെ ഒരു സമപ്രായക്കാരന്‍ അള്‍ത്താരയിലേക്കുയരുന്നതിനെ എങ്ങനെയാണു കാണുന്നത്? വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി കത്തോലിക്ക യുവാക്കള്‍, കാര്‍ലോ അക്യുത്തിസിനെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നു.
  • എബിന്‍ ബേബി

    SMYM National Team Member

    അയര്‍ലന്റ്

നാം ദിവസവും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സമയം ചെലവഴിക്കുന്നവരാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും യുട്യൂബിലും. അതുകൊണ്ടുതന്നെ, അവിടെയാണ് നമുക്ക് ഏറ്റവും നന്നായി സുവിശേഷം പങ്കിടാനും കഴിയുക. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാന്‍ യേശു പറഞ്ഞു. ഇന്ന് ലോകം നമ്മുടെ വിരല്‍ത്തുമ്പില്‍ ഉണ്ട്. ഒരു ചെറിയ വീഡിയോ, ക്വോട്ട്, റീല്‍ അല്ലെങ്കില്‍ പോസ്റ്റ് പോലും ആയിരക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്.

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് ആയ കാര്യങ്ങളാണ് നിറയുന്നത്. പക്ഷേ ക്രൈസ്തവര്‍ അവിടെ പോസിറ്റീവായ മെസ്സേജുകള്‍ നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് പ്രത്യാശ പകരും. അതുകൊണ്ടുതന്നെ നമ്മുടെ ക്രിയേറ്റിവിറ്റി, ഫോട്ടോ, വീഡിയോ, എഴുത്ത്, സംഗീതം എല്ലാം ദൈവത്തിനായി ഉപയോഗിക്കുക. സോഷ്യല്‍ മീഡിയയില്‍ വിശുദ്ധരായി ജീവിക്കാന്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രചോദനമാകും.

ദൈവത്തെ ഒരു സുഹൃത്തായി, അനുദിനജീവിതത്തില്‍ നമുക്ക് നിരന്തരം ഇടപെടാവുന്ന ഒരാളായി, കാര്‍ലോ കണ്ടു.

തികച്ചും നോര്‍മ്മലായ ഒരു കൗമാരക്കാരന്‍ എന്നതാണ് കാര്‍ലോയില്‍ എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയത്. വീഡിയോ ഗെയിംസ് കളിക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടപെടാനും ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍. തനിക്കുള്ള ആ കഴിവുകള്‍ ഒന്നും അദ്ദേഹം പക്ഷേ പാഴാക്കാന്‍ ഇഷ്ടപ്പെട്ടില്ല. അവ ദൈവത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി ഉപയോഗിച്ചു.

ദൈവത്തെ ഒരു ദൈവമായോ പിതാവായോ കാണാതെ സുഹൃത്തായി, അനുദിനജീവിതത്തില്‍ നമുക്ക് നിരന്തരം ഇടപെടാവുന്ന ഒരാളായി, കാര്‍ലോ കണ്ടു. നമ്മുടെ ചിന്തകളും ആശയങ്ങളും അനുഭവങ്ങളും എല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടുതന്നെ ഈശോയെ കാണാന്‍ പറ്റുകയാണെങ്കില്‍ അത് മനോഹരമായ ഒരു വഴിയാണെന്ന് കാര്‍ലോ കാണിച്ചു തന്നു.

നമുക്കുള്ള കഴിവുകള്‍ സുവിശേഷപ്രഘോഷണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നും കാര്‍ലോ കാണിച്ചുതന്നു. നമുക്ക് കിട്ടുന്ന അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരുമ്പോള്‍ അവര്‍ക്കും അതൊരു പ്രചോദനമായി മാറുന്നു.

വിശുദ്ധി എല്ലാവര്‍ക്കും സാധ്യമാണ് എന്നതാണ് കാര്‍ലോ പഠിപ്പിച്ച അടുത്ത പാഠം. നാം കണ്ടിരിക്കുന്ന വിശുദ്ധരെല്ലാം പ്രായം ഏറെയുള്ളവരും വൈദികരും കന്യാസ്ത്രീകളും ഒക്കെയാണ്. ഇത്തരക്കാര്‍ക്ക് മാത്രമേ വിശുദ്ധ പദവിയിലേക്ക് എത്താന്‍ കഴിയുകയുള്ളൂ എന്ന ഒരു മനോഭാവം സമൂഹത്തിലുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി യുവജനങ്ങള്‍ ഉള്‍പ്പെടെ ഏത് പ്രായക്കാര്‍ക്കും വിശുദ്ധി സാധ്യമാണ്, പ്രാപ്യമാണ് എന്ന യാഥാര്‍ഥ്യം വിശുദ്ധ കാര്‍ലോ പഠിപ്പിച്ചു തന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org