
സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന അജപാലനപരമായ പ്രതിസന്ധികളുടെയും ക്രമസമാധാന പ്രശ്‌നങ്ങളുടെയും ഉറവിടം ആരാധനാക്രമത്തിലെ പ്രശ്‌നം കാനന്‍ നിയമത്തിന്റെ ചുവടുപിടിച്ച് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സിനഡിന്റെ നിര്‍ബന്ധബുദ്ധിയാണല്ലോ. ഒരു രൂപതയില്‍ പ്രശ്‌നങ്ങളുണ്ടാക്കി ആരാധനാക്രമത്തില്‍ ഐകരൂപ്യം വരുത്താനു ള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ ആദ്യത്തേതല്ലെന്ന് കത്തോലിക്കാ സഭയുടെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രത്തിലെ ഈ ഏട്, മിലാന്‍ അതിരൂപതയില്‍ ചാള്‍സ് ബൊറൊമെയോ മെത്രാപ്പോലീത്തയായിരുന്ന സമയത്തേതാണ്. മിലാന്‍ അതിരൂപതയില്‍ അംബ്രോസിയന്‍ റീത്ത് ഔദ്യോഗിക റീത്തായി റോമില്‍നിന്ന് അംഗീകരിച്ച് കിട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയാണ് ചാള്‍സ് ബൊറൊമെയോ. അതിനെപ്പറ്റി മാര്‍ക്കോ എഴുതുന്നത് ഇങ്ങനെയാണ്: ''അംബ്രോസിയന്‍ റീത്ത് മിലാന്‍ അതിരൂപതയുടെ ഔദ്യോഗിക ആരാധനക്രമ റീത്തായി റോമില്‍നിന്ന് അംഗീകരിച്ച് കിട്ടാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. രൂപതയിലെ മെത്രാന്‍ എന്ന നിലയില്‍ അത് മിലാനിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും നടപ്പിലാക്കാനുള്ള അവകാശത്തിനായും അദ്ദേഹം വാദിച്ചു. അതുവഴി അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും എതിര്‍പ്പുകള്‍ കൂടാതെ അത് തുടരാനാവുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.'' ഈ ശ്രമങ്ങള്‍ക്കൊടുവില്‍ 1575 ജനുവരി 25-ന് ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പയില്‍നിന്ന് അംബ്രോസിയന്‍ റീത്ത് മിലാന്‍ അതിരൂപതയുടെ ഔദ്യോഗിക റീത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള പേപ്പല്‍ രേഖ സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആരാധനാക്രമത്തില്‍ ഐകരൂപ്യം കൊണ്ടുവരാന്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്ന റോമുമായി നിരന്തരം എതിരിടേണ്ടി വന്നതുകൊണ്ട് തനിക്ക് രൂപതയുടെ അജപാലപരമായ കാര്യങ്ങള്‍ക്ക് മാറ്റിവെയ്‌ക്കേണ്ടിയിരുന്ന സമയവും ഊര്‍ജ്ജവും തന്റെ പിന്‍ഗാമികളുടെ കാര്യത്തിലും സംഭവിക്കരുതെന്ന നിര്‍ബന്ധം ചാള്‍സ് ബൊറൊമിയയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അംബ്രോസിയന്‍ റീത്തിന് ഔദ്യോഗികാംഗീകാരം റോമില്‍ നിന്ന് നേടിയെടുക്കാന്‍ അദ്ദേഹം അക്ഷീണം യത്‌നിച്ചത്. എത്രയോ സമയവും ഊര്‍ജ്ജവുമാണ് എറണാകുളം-അങ്കമാലി അതിരൂപതയും ആരാധനാക്രമത്തിലെ ഐകരൂപ്യമെന്ന ചിലരുടെ പിടിവാശിയുടെ പേരില്‍ കളയേണ്ടി വരുന്നത്? രണ്ട് വൈദികരുടെയും രണ്ട് അല്മായരുടെയും ജീവന്‍ പോലും ഇതിന്റെ പേരില്‍ അപകടത്തിലായിരിക്കുന്നു. കരിയില്‍ പിതാവിന് രൂപതയുടെ ആത്മീയവും അജപാലനപരവുമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവുന്നുണ്ടോ? ജനാഭിമുഖ കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു ഔദ്യോഗിക രീതിയായി സിനഡ് അനുവദിച്ച് മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിവിധി ഇതാണെന്ന് തിരിച്ചറിഞ്ഞാലും മറ്റുള്ള സ്വാര്‍ത്ഥ താത്പര്യങ്ങളുടെ പേരില്‍ വാശിപിടിച്ചു നില്ക്കുന്നവര്‍ ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്.
മിലാന്‍ അതിരൂപതയ്ക്ക് 1575-ല്‍ അംബ്രോസിയന്‍ റീത്ത് ഔദ്യോഗികമായി റോം അംഗീകരിച്ച് നല്കിയെങ്കിലും അതിനെ തകിടം മറിച്ച് റോമന്‍ റീത്ത് അടിച്ചേല്പിക്കാന്‍ റോമിലുള്ള ചില മെത്രാന്മാരും വൈദികരും തുടര്‍ന്നും ശ്രമിച്ചു എന്നതാണ് ചരിത്രം. ഇതിനായി അവര്‍ മിലാനിലെ ഗവര്‍ണര്‍ക്ക് ഒരു പേപ്പല്‍ ഒഴിവ് സംഘടിപ്പിച്ച് നല്കുകയാണ് ചെയ്തത്. ഇതുപ്രകാരം ഗവര്‍ണര്‍ പോകുന്ന മിലാനിലെ എല്ലാ പള്ളികളിലും റോമന്‍ റീത്തില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവകാശം ഉണ്ടെന്നതാണ്. ഇത്തരമൊരു ഒഴിവ് റോം ഗവര്‍ണര്‍ക്ക് നല്കിയാലുണ്ടാവുന്ന പ്രശ്‌നങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് 1578 ജൂലൈയില്‍ ചാള്‍സ് ബൊറൊമെയോ റോമിലേക്ക് എഴുതിയ കത്ത് വായിക്കുന്നവര്‍ക്ക് ഇന്ന് ആരാധനക്രമ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളുമായി അത്ഭുതകരമായ സാമ്യം കാണാനാവും.
അംബ്രോസിയന്‍ റീത്തില്‍ കുര്‍ബാനയര്‍പ്പിച്ച് പോരുന്ന മിലാന്‍ അതിരുപതയിലെ പള്ളികളില്‍ റോമന്‍ റീത്തില്‍ കുര്‍ബാനയര്‍പ്പിച്ചാലുണ്ടാവുന്ന അജപാലനപരമായ പ്രശ്‌നങ്ങളെപ്പറ്റി വ്യക്തമായും അതിനു പിന്നിലെ രാഷ്ട്രീയത്തെപ്പറ്റി പരോക്ഷമായും സൂചിപ്പിച്ചുകൊണ്ടാണ് ചാള്‍സ് ബൊറൊമെയോ ഈ കത്ത് എഴുതുന്നത്. മിലാന്‍ അതിരൂപതയില്‍ തനിക്കുള്ള അധികാരം പരിമിതപ്പെടുത്താന്‍ ഏതു വഴിയും സ്വീകരിക്കാന്‍ തയ്യാറുള്ള ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു ഒഴിവ് ലഭിക്കുമ്പോള്‍ അദ്ദേഹം മിലാന്‍ അതിരൂപതയിലെ പള്ളികളില്‍ മാറിമാറി കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുമെന്നും അതുവഴി അവിടങ്ങളിലൊക്കെ റോമന്‍ റീത്തില്‍ കുര്‍ബാന ചൊല്ലാന്‍ വൈദികര്‍ നിര്‍ബന്ധിതരാകുമെന്നും അത് രൂപതയിലാകെ വിഭാഗീയതയും വിഭജനവും സൃഷ്ടിക്കുമെന്നും ചാള്‍സ് ബൊറൊമെയോ കത്തില്‍ സൂചിപ്പിക്കുന്നു. സിനഡ് കുര്‍ബാന ചൊല്ലാനാഗ്രഹിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ലെന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ കത്ത് അധാരമാക്കി എറണാകുളം അതിരൂപതയില്‍ സിനഡ് കുര്‍ബാന ചൊല്ലാന്‍ ചില അധികാരികള്‍ വാശിപിടിക്കുമ്പോള്‍ മിലാനിലെ ഈ ഗവര്‍ണറെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും 500 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ക്കാതിരിക്കാനാവില്ല. ആരാധനക്രമത്തിന്റെ പേരില്‍ തന്റെ അതിരൂപതയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ ആരെയും അനുവദിക്കാതിരുന്ന ചാള്‍സ് ബൊറൊമെയുടെ നിലപാടു തന്നെയാണ് കരിയില്‍ പിതാവ് സ്വീകരിക്കുന്നത്. ഏത് കാനന്‍ നിയമം ഉയര്‍ത്തിപ്പിടിച്ചായാലും ശരി ഈ രൂപതയിലെ ഒരു വൈദികനും അല്മായനും ആഗ്രഹിക്കാത്ത ഒരു കുര്‍ബാനയര്‍പ്പണ രീതി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിച്ചാല്‍ ഉണ്ടാവുന്ന അജപാലനപരമായ പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും മാത്രമല്ലെ, ചാള്‍സ് ബൊറൊമെയെപ്പോലെ കരിയില്‍ പിതാവും ചൂണ്ടിക്കാണിച്ചിട്ടുള്ളൂ.
ചാള്‍സ് ബൊറൊമെയുടെ കത്തില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം papal delegate കര്‍ദ്ദിനാള്‍ മൊറോണിയെപ്പറ്റിയാണ്. റോമിലെ delegate ആയ, എല്ലാ ദിവസവും റോമന്‍ റീത്തില്‍ കുര്‍ബാന ചൊല്ലുന്ന കര്‍ദ്ദിനാള്‍ മിലാന്‍ സന്ദര്‍ശിച്ചപ്പോള്‍ കത്തീഡ്രലില്‍ വി. കുര്‍ബാന ചൊല്ലിയത് അംബ്രോസിയന്‍ റീത്തിലാണെന്ന് ചാള്‍സ് ബൊറൊമെയോ കത്തില്‍ പറയുന്നുണ്ട്. Papal Delegate എന്ന നിലയില്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ മിലാന്‍ കത്തീഡ്രലില്‍ റോമന്‍ റീത്തില്‍ കുര്‍ബന ചൊല്ലാമെന്നിരിക്കെ, അജപാലനപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും താന്‍ കുര്‍ബാനയര്‍പ്പിക്കുന്നയിടത്തെ കീഴ് വഴക്കം പാലിക്കാനും അദ്ദേഹം കാണിച്ച മഹാമനസ്‌കത വലിയ ആദരവോടെയാണ് ചാള്‍സ് ബൊറൊമെയോ കത്തില്‍ എഴുതുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രലിലും പള്ളികളിലും കുര്‍ബാന ചൊല്ലിയാല്‍, എന്തു പ്രശ്‌നങ്ങളുണ്ടായാലും, സിനഡ് കുര്‍ബാനയെ ചൊല്ലൂ എന്ന് വാശിപിടിക്കുന്നവരുടെ മുന്നില്‍ ചരിത്രം നല്കുന്ന മനോഹരമായ ഒരു മാതൃകയാണ് കര്‍ദ്ദിനാള്‍ മൊറോണിയുടേത്.
രൂപതയ്ക്കു പുറത്തുനിന്നുള്ള വൈദികര്‍ തന്റെ രൂപതയില്‍ വരുമ്പോള്‍ ലത്തീന്‍ റീത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കാനുള്ള അനുവാദം താന്‍ ആദ്യം നല്കിയിരുന്നുവെങ്കിലും, തന്റെ അതിരൂപതയിലെ ഇടവകകളില്‍ അത് അജപാലക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു മനസ്സിലാക്കിയതിനാല്‍ ആ അംഗീകാരം ചാള്‍സ് ബൊറൊമെയോ പിന്നീടു പിന്‍വലിക്കുകയുമുണ്ടായി.
മെത്രാന്മാര്‍ക്കും മറ്റു രൂപതകളിലെ വൈദികര്‍ക്കും എറണാകുളത്ത് കുര്‍ബാന ചൊല്ലാന്‍ സാധിക്കാത്തത് കാനന്‍ നിയമം വഴി പരിഹരിക്കുന്നതിന് പകരം ഇവിടെ നിലനില്ക്കുന്ന ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതി എറണാകുളത്ത് ഒരു liturgical variation ആയി സിനഡ് അംഗീകരിച്ച് പ്രശ്‌നപരിഹാരം നടത്തുന്നതാവും അഭികാമ്യം. മേജര്‍ ആര്‍ച്ച്ബിഷപ് തന്റെ സര്‍ക്കുലറുകളിലൂടെ തുടര്‍ച്ചയായി എഴുതി അറിയിക്കുന്നത് എറണാകുളത്തൊഴിച്ച് മറ്റെല്ലാ രൂപതകളിലും സിനഡ് കുര്‍ബാന ഒരു കുഴപ്പവുമില്ലാതെ നടപ്പിലാക്കിക്കഴിഞ്ഞു എന്നാണല്ലോ. എറണാകുളത്ത് ഇത് നടപ്പിലാവില്ലെന്ന് ഏറെക്കുറെ ബോധ്യമായിക്കഴിഞ്ഞുതാനും. അതുകൊണ്ട് എറണാകുളത്ത് മാത്രം ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭയുടെ ഒരു ഔദ്യോഗിക variation ആയി സിനഡ് അംഗീകരിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ സ്ഥായിയായ പരിഹാരമായല്ലോ. പിതാക്കന്മാര്‍ക്കും മറ്റു രൂപതകളിലെ വൈദികര്‍ക്കും എറണാകുളത്ത് സിനഡ് അംഗീകരിച്ചിട്ടുള്ള ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നതിന് ഒരു തടസ്സവും ഉണ്ടാവില്ല.
മിലാന്‍ അതിരൂപതയിലോ, ബ്രാഗ രൂപതയിലോ രൂപതാ റീത്തുകള്‍ റോം അനുവദിച്ചതുകൊണ്ട് റോമന്‍ റീത്തിന് ഒരു ഭീഷണിയും ഉണ്ടായിട്ടില്ല. ലത്തീന്‍ റീത്തിന്റെ ഐക്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. റോമന്‍ റീത്തില്‍നിന്ന് വ്യത്യസ്തമായ ഒരു റീത്ത് പിന്തുടരുന്ന ഒരു അതിരൂപതയുടെ മെത്രാപ്പോലീത്തയ്ക്ക് ലത്തീന്‍ സഭയുടെ തലവന്‍ കൂടിയായ മാര്‍പാപ്പയാകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കര്‍ദ്ദിനാള്‍ മൊന്തീനി പോള്‍ ആറാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു. മാര്‍പാപ്പമാരും മറ്റു രൂപതകളിലെ മെത്രാന്മാരും മിലാന്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ അവിടെ കുര്‍ബാന ചൊല്ലുന്നത് അംബ്രോസിയന്‍ റീത്തിലാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1983-ലും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012-ലും ഫ്രാന്‍സിസ് മാര്‍പാപ്പ 2017-ലും മിലാന്‍ സന്ദര്‍ശിച്ചപ്പോള്‍ വി. കുര്‍ബാനയര്‍പ്പിച്ചത് അംബ്രോസിയന്‍ റീത്തിലാണ്. ഇങ്ങനെയൊരു ചരിത്രം നമ്മുടെ മുമ്പിലുള്ളപ്പോള്‍, ജനാഭിമുഖ കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ liturgical variation ആയി ഔദ്യോഗികമായി അംഗീകരിക്കാന്‍ സനഡിനും ഈ ഔദ്യോഗിക കുര്‍ബാനയര്‍പ്പണ രീതിയില്‍ ബലിയര്‍പ്പിക്കാന്‍ പിതാക്കന്മാര്‍ക്കും എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാവേണ്ടത്?
കാനന്‍ നിയമ പണ്ഡിതനായിരുന്ന ചാള്‍സ് ബൊറെമെയോ ആരാധാനക്രമ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആശ്രയിച്ചത് കാനന്‍ നിയമത്തേക്കാള്‍ അദ്ദേഹത്തിന്റെ അജപാലനപരമായ ആഭിമുഖ്യങ്ങളെയാണ്. പ്രസ്തുത കത്തിലും ഈ വിധിയുമായി ബന്ധപ്പെട്ട അതേ വര്‍ഷം നവംബറില്‍ എഴുതിയ കത്തിലും കാനന്‍ നിയമത്തെ അധികരിച്ചല്ല, അജപാലനപരമായ പ്രശ്‌നങ്ങളെ അധികരിച്ചാണ് പ്രശ്‌നപരിഹാരത്തിന് അദ്ദേഹം ശ്രമങ്ങള്‍ നടത്തുന്നത്. ആരാധനക്രമ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും അല്മായര്‍ക്കും നിരവധി കാനന്‍ നിയമങ്ങള്‍ quote ചെയ്തുകൊണ്ട് കത്തുകളിറക്കുന്ന മെത്രാന്മാര്‍ക്ക് ചാള്‍സ് ബൊറൊമെയോ ഒരു വെല്ലുവിളി തന്നെയാണ്. എടുത്തു പ്രയോഗിച്ച കാനന്‍ നിയമങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, മറിച്ച് കൂട്ടാനാണിട വന്നതെന്ന് തിരിച്ചറിയുമ്പോള്‍, അജപാലനാഭിമുഖ്യത്തോടെ ഇതേ പ്രശ്‌നത്തെ അഭിമുഖീകരിച്ച് മിലാന്‍ രൂപതയില്‍ ഈ വിഷയത്തില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറവും നിലകൊള്ളുന്ന സമാധാനം സംജാതമാക്കിയ ചാള്‍സ് ബൊറൊമെയോ എന്ന കാനന്‍ നിയമ പണ്ഡിതനെ നമുക്ക് സ്മരിക്കാം.
ആരാധനാക്രമത്തില്‍ ഐകരൂപ്യം കൊണ്ടുവരാന്‍ ശ്രമിച്ച റോമിന്റെ രാഷ്ട്രീയ ഇടപെടലുകളെ നിരന്തരം നേരിടേണ്ടി വന്ന വ്യക്തി എന്ന നിലയില്‍, 800 വര്‍ഷം നീണ്ട ആരാധനക്രമ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം റോമില്‍ നിന്നുള്ള ഔദ്യോഗികാംഗീരം വഴി നേടിയെടുത്ത വ്യക്തി എന്ന നിലയില്‍, ആ അംഗീകാരം 400 വര്‍ഷങ്ങള്‍ക്കിപ്പുറവും മിലാന്‍ അതിരൂപതയ്ക്കകത്തും മിലാന്‍ രൂപതയും റോമും തമ്മിലുള്ള ബന്ധത്തിലും സമാധാനം നിലനിറുത്തുന്നു എന്നതിനാലും, ചാള്‍സ് ബൊറൊമെയുടെ ആഭിമുഖ്യങ്ങളും ആഗ്രഹങ്ങളും വാക്കുകളും പ്രവൃത്തികളും സീറോ മലബാര്‍ സഭാ നേതൃത്വവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ ആരാധനാക്രമ കാര്യങ്ങളില്‍ ഇന്ന് ഉടലെടുത്തിരിക്കന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തില്‍ നമ്മുടെ പിതാക്കന്മാരെ നയിക്കേണ്ടിയിരിക്കുന്നു.