ഭൂമിയിലെ സ്വര്‍ഗം

ഭൂമിയിലെ സ്വര്‍ഗം
മനുഷ്യന്റെ ഭൂമിയിലെ സ്വര്‍ഗം വീടാണ്. വീടായിരിക്കണം ഏതു സംസ്‌കാരത്തിന്റേയും മഹാത്മ്യം അറിയുവാനുള്ള ഉരകല്ല്. അത് ഏതു തരത്തിലുള്ള കുടുംബത്തെയാണ് വാര്‍ത്തെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

പ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ ലിന്‍യുടാങ്ങ് എഴുതി ''മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്ര കൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കാന്‍ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റു രംഗങ്ങളില്‍ ജയിക്കുക ഏറെ പ്രയാസമാണ്.'' കേരളത്തില്‍ ഇന്ന് അണു കുടുംബങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പണ്ടു കൂടുതല്‍ മക്കള്‍ ഉള്ള മാതാപിതാക്കള്‍ക്ക് തങ്ങള്‍ വൃദ്ധരാകുമ്പോള്‍ കൂടുതല്‍ സുരക്ഷിതത്വബോധം ഉണ്ടായിരുന്നു. ഒരുവന്‍ അല്ലെങ്കില്‍ മറ്റൊരുവന്‍ തങ്ങളെ നോക്കികൊള്ളും സംരക്ഷിക്കും എന്നാണ് ചിന്ത. ഇന്നതല്ല സ്ഥിതി. വൃദ്ധമന്ദിരങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ഇവിടെയെല്ലാം ധാര്‍മ്മികത അളവുകോലാക്കിയാണ് മാതാപിതാക്കള്‍ സാഹചര്യത്തെ വിലയിരുത്തുന്നതും വിധിക്കുന്നതും. വളരെ കഷ്ടപ്പെട്ടാണല്ലോ ഞാന്‍ അവനെ വളര്‍ത്തിയത്. വേണ്ട വിദ്യാഭ്യാസം നല്‍കി ജോലി വാങ്ങികൊടുത്തു വിവാഹം ചെയ്യിച്ചു. ഇപ്പോള്‍ അവനും ഭാര്യയും ഒറ്റക്കെട്ടായി, വസ്തുക്കളെല്ലാം അവന്റെ പേരിലും. ഞങ്ങളെ അവഗണിക്കുന്നു, വേണ്ടവിധം നോക്കുന്നില്ല എന്നൊക്കെയുള്ള ചിന്തയാണ് പലര്‍ക്കും. എന്തുകൊണ്ടാണ് നമ്മുടെ മക്കള്‍ സ്വാര്‍ത്ഥരായി തീരുന്നത്? അവര്‍ക്ക് പങ്കുവയ്ക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള സാഹചര്യം ഇല്ലാതെ വരുന്നു എന്ന സത്യം നാം അംഗീകരിക്കണം, മനസ്സുകളുടെ മേളനവും ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബജീവിത വിജയരഹസ്യം. ''ഭാര്യയില്‍ സന്തുഷ്ടനായ ഭര്‍ത്താവും ഭര്‍ത്താവില്‍ സന്തുഷ്ടയായ ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തില്‍ സദാ മംഗളം നിലനില്‍ക്കും'' എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്.

സൈബര്‍യുഗത്തിലേക്ക് പ്രവേശിച്ചതിലൂടെ കുടുംബ ബന്ധങ്ങള്‍ തകര്‍ച്ചയിലാണ്. ടെലിവിഷന്‍, റേഡിയോ, ഇന്റര്‍നെറ്റ്, മൊ ബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, ഇ-മെയില്‍, ട്വിറ്റര്‍ തുടങ്ങിയ സൈബര്‍ലോകം മുന്നോട്ടുവച്ചു സുഖ സൗകര്യങ്ങള്‍ അനുഗ്രഹത്തോടൊപ്പം അപകടങ്ങള്‍ക്കും വഴിവച്ചു. ആശയവിനിമയത്തിന്റെ സാമ്രാജ്യത്തില്‍ വിഹരിച്ചവര്‍ വഴി മാറി ചിന്തിക്കാന്‍ ഇടവന്നു. കുടുംബങ്ങളില്‍ ശൈഥില്യം കടന്നു വന്നു. നൂറുകോടിയിലേറെ പേരുടെ സാന്നിധ്യമുള്ള ഫേസ്ബുക്കില്‍ 8.3 കോടി വ്യാജമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് നവമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തിലാണ്. മദ്യത്തിന്റെ ഉപ യോഗം വര്‍ദ്ധിതമായ കേരളത്തില്‍ കുട്ടികളുടെ അച്ചടക്കവും സ്വഭാവരൂപീകരണവും ഫലപ്രദമായി എങ്ങനെ നടക്കും? മദ്യത്തിന് പാരമ്പര്യം ഒരു ഘടകമാണ്. മദ്യപന്റെ മക്കളെ സംബന്ധിച്ചു മനഃശാസ്ത്രപരവും സാമൂഹികവുമായ ശാക്തീകരണം മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിരിക്കും. അമിത ലൈംഗികതയും മദ്യവും മയക്കുമരുന്നുമെല്ലാം മലയാളികളുടെ ജീവിതബന്ധത്തെ പിടിച്ചുലയ്ക്കുന്ന ജീര്‍ണ്ണ സംസ്‌കാരമായി അധീശത്വം നേടുകയാണ്. എല്ലാവിധത്തിലുള്ള ആഘോഷ വേളകളിലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലുള്ള വിഭവമായി തീര്‍ന്നിരിക്കുന്നു. കേരളത്തിന്റെ സാമൂഹ്യജീവിതം ലഹരിക്കടിമയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വളര്‍ന്നു വരുന്ന കേരളത്തിന്റെ വിദ്യാര്‍ത്ഥി സമൂഹമെങ്കിലും ലഹരി മുക്തരാകണം എന്നാഗ്രഹിക്കാന്‍ പോലും സാധിക്കുന്നില്ല. ലഹരി വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കാത്ത ആദര്‍ശ കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന മിടുക്കന്മാരും മിടുക്കികളും പോലും കലാലയ വിദ്യാലയ പരിസരങ്ങളില്‍ ഒരുക്കിയിരിക്കുന്ന ലഹരി മാഫിയായുടെ കെണികളില്‍ വീണുപോകുന്നതായാണ് നമുക്കറിയുവാന്‍ സാധിക്കുന്നത്.

അമേരിക്കയിലെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യ ഡയറക്ടറായിരുന്ന ജെ. ഹ്യൂവര്‍ കുട്ടികള്‍ക്കിടയിലെ കുറ്റ വാസനകളെക്കുറിച്ച് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. തൊണ്ണൂറ്റിയഞ്ചു ശതമാനം കുട്ടികള്‍ കുറ്റവാളികളാകുന്നത് അച്ചടക്കത്തോടെ വളര്‍ത്തപ്പെടാത്തതുകൊണ്ടു മാത്രമാണ്. ലഹരിയുടെ മായിക ലോകത്തിലേക്ക് കുഞ്ഞുമക്കളെ ആകര്‍ഷിക്കുവാന്‍ വിദ്യാലയ പരിസരങ്ങളില്‍ വ്യാപകമായി ലഹരി മിഠായികളും ച്യുയിംഗവും ചവച്ച് ആസ്വദിക്കുന്ന കുട്ടികള്‍ മെല്ലെ വീര്യം കൂടിയവയിലേക്ക് ആകൃഷ്ടരാവുകയും ലഹരി മാഫിയകളുടെ കെണിയിലെ ഇരകളായി മാറുകയും ചെയ്യുന്നു. ചിലയിടങ്ങളിലെല്ലാം അധികൃതരുടെ ഒത്താശയോ മൗനാനുവാദമോ ഇത്തരം സംഘങ്ങള്‍ക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാലയ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിയ മമുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും ഇത് നിയമം മാത്രമായി അവശേഷിക്കുന്നു. ഹാന്‍സ്, പാന്‍ പരാഗ് പോലുള്ള ലഹരി വസ്തുക്കള്‍ വിദ്യാലയ പരിസരങ്ങളില്‍ ഇന്നും രഹസ്യമായി വില്പനയുണ്ട്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നു വേട്ടകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വച്ചുള്ള വമ്പിച്ച ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കിലോക്കണക്കിന് കഞ്ചാവും, ചരസും കേരളത്തിലെ ചില ഭാഗങ്ങളില്‍ നിന്നായി അടുത്ത കാലത്ത് പിടിക്കപ്പെട്ടിട്ടുണ്ട്. ഹരിപ്പാട്ട് പിടിയിലായ ഏഴാം ക്ലാസുകാരന്‍ വൃന്ദാവന്‍ മല്ലിക്ക് ഏഴു കിലോ കഞ്ചാവുമായി കൂടെയുണ്ടായിരുന്നതും ഒഡീഷ സ്വദേശിയായിരുന്നു.

സാമൂഹ്യജീവിതത്തിലെ എല്ലാ മണ്ഡലങ്ങളേയും അസ്ഥീകരിക്കുന്ന വ്യക്തിത്വത്തിന്റെയും ബോധനത്തിന്റെയും ശിഥിലീകരണമാണ് മയക്കുമരുന്നിന്റെ ആസക്തിയിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് കേവലമായ ലഹരിക്കപ്പുറം മനുഷ്യന്റെ സാമൂഹികതയെത്തന്നെ നിരാകരിക്കുന്ന ജീവിതബന്ധങ്ങളെയാകെ അട്ടിമറിക്കുന്ന നീതീകരിക്കാനാവാത്ത അവസ്ഥയാണ് ലഹരിയുടെ ആസക്തി സൃഷ്ടിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളുടേയും കലാലയങ്ങളുടേയും സര്‍ഗ്ഗ ശേഷി നശിപ്പിക്കുകയും സംഹാര ശേഷി വളര്‍ന്നുവരുകയും ചെയ്യുന്നതായാണ് മനസ്സിലാകുന്നത്. കഴുത്തറുപ്പന്‍ മത്സരങ്ങളുടെ പുതിയ ലോകത്ത് വിദ്യാര്‍ത്ഥികളും ഒറ്റപ്പെട്ട തുരുത്തുകളാകുന്നു. എന്‍ട്രന്‍സ് പരിശീലനങ്ങളുടെയും പഠനഭാരങ്ങളുടെയും ഇടയില്‍ നിന്നുമുള്ള വിമുക്തിക്കായി ലഹരി നുണഞ്ഞു തുടങ്ങുന്നവരും എല്ലാം ഒടുക്കം എത്തിച്ചേരുന്നത് ലഹരിയുടെ ഭീകരലോകത്തേക്കാണ്. മുക്തിയില്ലാത്ത ആ ലോകത്തുനിന്നും എങ്ങനെ ഭാവി തലമുറയെ രക്ഷിക്കാമെന്ന് നാം കൂട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിര്‍ഭയം റാഗിംങ്ങ് നടത്തുന്നതിനിടയില്‍ സഹപാഠിയുടെ നഗ്‌നചിത്രം വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ വാര്‍ത്തയില്‍പ്പെട്ടതും ഈ അടുത്ത കാലത്താണ്. പൊലീസ് ജീപ്പില്‍ ചാരിനിന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് വിദ്യാര്‍ത്ഥി ഈ അടുത്ത കാലത്താണ്. പൊലീസ് കസ്റ്റഡിയിലായത് പെണ്‍ കുട്ടികള്‍ വരെ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്ന വിവരം എത്ര ഭയാനകമായ ഭാവിയെയാണ് സൂചിപ്പിക്കുന്നത്.

മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധയില്ലായ്മയില്‍ നിന്നുമാണ് ലഹരിയുടെ ഇരകള്‍ ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികളെ നിരീക്ഷിക്കാനോ അവരിലെ മാറ്റങ്ങള്‍ കണ്ടെത്താനോ കഴിയാതെ വരുന്നു.

മയക്കുമരുന്നിലേക്കും മറ്റു ലഹരിവസ്തുക്കളിലേക്കും കുട്ടികളെ ആകര്‍ഷിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ലഹരിറാക്കറ്റുകള്‍ ഇന്നും വിദ്യാലയപരിസരങ്ങളില്‍ ഒളിഞ്ഞും പാത്തും നടക്കുന്നുണ്ട്. ഒരു വ്യക്തിതന്നെ 1475 കോടിയുടേയും 550 കോടിയുടേയും മരുന്നു കടത്തി കൊണ്ടുവന്നത് ആര്‍ക്കുവേണ്ടിയായിരുന്നു. ആദ്യം ലഹരിവസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്ത് ഇരകളെ സൃഷ്ടിച്ചെടുക്കുന്നു. ഇവര്‍ പിന്നീട് ഈ ഇരകളെ മയക്കുമരുന്ന് വാഹകരാക്കി മാറ്റുന്നു. ഈ വാഹകരെ വച്ചാണ് മറ്റ് ഇരകളെ പിടിക്കുന്നത്. മയക്കുമരുന്ന് നല്‍കി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ദൈവത്തിന്റെ നാടായ കേരളത്തില്‍ ഏറി വരുകയാണ്. മയക്കുമരുന്നിനടിമയാക്കി മാറ്റപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ലഹരി നുണയുവാന്‍ പണം കണ്ടെത്തുവാന്‍ ഏതു കുല്‍സിതമാര്‍ഗ്ഗവും അവലംബിക്കുന്നതായാണ് കണ്ടു വരുന്നത്.

എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്? അരുതാത്ത പലതിന്റെയും പിന്നാലെ അവര്‍ പോകുന്നത് എന്തിന്? മാതാപിതാക്കളെ അനുസരിക്കാന്‍ എന്തു കൊണ്ട് കുട്ടികള്‍ വിമുഖത കാട്ടുന്നു? മനുഷ്യന്റെ ഭൂമിയിലെ സ്വര്‍ഗം വീടാണ്. വീടായിരിക്കണം ഏതു സംസ്‌കാരത്തിന്റേയും മഹാത്മ്യം അറിയുവാനുള്ള ഉരകല്ല്. അത് ഏതു തരത്തിലുള്ള കുടുംബത്തെയാണ് വാര്‍ത്തെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org