
ഫാ. തോമസ് പാട്ടത്തില്‍ച്ചിറ CMF
പാപപങ്കിലമായ പാരിനെ പവിത്രമാക്കാനുള്ള തന്റെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവ ങ്ങള്‍കൊണ്ടു നിറച്ച് കര്‍ത്താവ് കരാംഗുലികളാല്‍ കനിഞ്ഞൊരുക്കിയ 'കൃപകളുടെകലവറ'യായി നസ്രത്തിലെ മറിയം! ദാനവരങ്ങളുടെ ദാതാവായ ദൈവാത്മാവ് അവളില്‍ ആവസിച്ച നിമിഷം മുതല്‍ തുടങ്ങി തന്നില്‍ നിറഞ്ഞുനുരഞ്ഞുനിന്ന നന്മയെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവളുടെ തിടുക്കം! (ലൂക്കാ 1:39). സംശൂദ്ധിയുടെ സുഗന്ധം പേറി, നിര്‍മ്മലതയുടെ നീലമേലങ്കിയും ചുറ്റി, പാര്‍ത്തലത്തില്‍ കഴിഞ്ഞ കാലമത്ര യും ഓരോ മണ്‍തരിയെയും തന്റെ പാദസ്പര്‍ശത്താല്‍ അവള്‍ പരിപൂതമാക്കി! ദൈവദൂതന്മാരാല്‍ ദേഹീദേഹങ്ങളോടെ സ്വര്‍ല്ലോകത്തേക്ക് സംവഹിക്കപ്പെട്ട ആ അമ്മയുടെ സ്മരണകളുണരുന്ന ഈ ആഗസ്റ്റ് മാസത്തില്‍ പ്രസ്തുത വിശ്വാസസത്യത്തിന്റെ ചില മാനങ്ങളോട് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരുപിടി ചിന്തകളെകൂടി ചേര്‍ത്തുവയ്ക്കാം.
സ്വര്‍ഗ്ഗാരോപണം സത്യസ്വാതന്ത്ര്യമാണ്
സ്വര്‍ഗ്ഗത്തിലേക്കുള്ള കന്യകാ മാതാവിന്റെ കരേറ്റം പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമായി. വേദഗ്രന്ഥത്തിന്റെ വെട്ടത്തിലാണ് വിശ്വാസികളായ നാം സുസ്ഥിരമായസ്വാതന്ത്ര്യത്തിന്റെ നിര്‍വചനം വായിച്ചെടുക്കേണ്ടത്. അത് ആത്യന്തികമായും ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് (റോമാ 18:21). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ് ദൈവമക്കള്‍ (റോമാ 8:14). ആത്മാവ് തെളിക്കുന്ന വഴിയേ ചരിക്കുന്നവരും, അവിടുത്തെ പ്രചോദനങ്ങളുടെയും, നിമന്ത്രണങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് തങ്ങളെത്തന്നെ വിട്ടു കൊടുക്കുകയും ചെയ്യുന്നവര്‍. അങ്ങനെയുള്ളവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവയെ എല്ലാം അതിലംഘിക്കുന്ന ഒന്നാണ്. ആത്മാവ് അഴിച്ചുവിടുന്ന ദിശകളിലൂടെ കാറ്റിനേപ്പോലെ കടമ്പകളില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. പക്ഷേ, അതൊരിക്കലും നിലവിലുള്ള നിയമസംവിധാനത്തിന്റെയോ, ധാര്‍മ്മികവ്യവസ്ഥയുടെയോ ഒന്നും അന്ധമായ ലംഘനമല്ല. മറിച്ച്, അവയെ എല്ലാം ഉള്‍ക്കൊള്ളുവാനുള്ള മനോവ്യാപ്തിയാണ്. കനമറിയാതെ പറന്നു നടക്കാനുള്ള കഴിവ്! മാനുഷികവും, ഭൗമികവുമായ സകലവിധ അടിമത്തങ്ങളില്‍ നിന്നുമുള്ള വിടുതലിനേക്കാള്‍ ഉപരിയായി പൈശാചിക വിലങ്ങുകളില്‍ നിന്നുള്ള വിമോചനമാണത്. മണ്ണിനോട് നമ്മെ വരിഞ്ഞുകെട്ടിയിരിക്കുന്ന എല്ലാ ആസക്തികളില്‍ നിന്നുമുള്ള മോചനം. ഇത്തരത്തിലുള്ള സ്വാതന്ത്ര്യമാണ് മറിയത്തിനുണ്ടായിരുന്നത്. ചേറ്റിലാണ് ചുവടെങ്കിലും ജലപ്പരപ്പിനു മീതെ വാരിജങ്ങളെ വിരിയിക്കുന്ന താമരച്ചെടിയുടെ സ്വാതന്ത്ര്യവൈശിഷ്ട്യത്തോടെയാണ് അവള്‍ ജീവിച്ചത്. പുത്രനായ ദൈവത്തിന്റെ ആദ്യത്തെ അനുയായിയായ അവള്‍ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റേ തായിരുന്നില്ല. വെള്ളത്തിലാണ് കിടപ്പെങ്കിലും വെള്ളം കയറാത്ത വള്ളം പോലെ! മോശമരുഭൂമിയില്‍ കണ്ട എരിതീയിലും കരിയാതെനിന്ന കണ്ടകപ്പടര്‍പ്പുപോലെ (പുറ. 3:2)! സ്വര്‍ഗ്ഗം സമ്മാനിക്കുന്ന സ്വാതന്ത്ര്യമാണ് സത്യവും, സ്ഥായിയുമായിട്ടുള്ളത് എന്ന് മറിയം നമ്മെ അനുസ്മരിപ്പിക്കുന്നു.
'സ്വാതന്ത്ര്യം' എന്ന സങ്കല്പത്തെ രാഷ്ട്രമീമാംസ നിര്‍വ്വചിക്കുന്നത് 'ബാഹ്യമായ നിയന്ത്രണങ്ങളുടെ അഭാവവും, മനുഷ്യര്‍ക്ക് അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള സാഹചര്യവും' എന്നാണ്. മനുഷ്യന്‍ ഭൗമികമായ എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിനേടി ജീവിതയാനത്തിന്റെ ചുക്കാന്‍ ദൈവാത്മാവിന്റെ കരങ്ങളില്‍ കൊടുക്കുമ്പോഴും, അവനില്‍ ദൈവം നിക്ഷേപിച്ചി ട്ടുള്ള നാനാവിധ നൈ പുണ്യങ്ങളെ പരിപോഷിപ്പിച്ച് പൂര്‍ണ്ണ ത പ്രാപിക്കു മ്പോഴുമാണ് പരമാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുന്നത്. ഒരു സാധാര ണ സ്ത്രീയാ യിരുന്ന കന്യകാമറിയം 'ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതം പോലെ എന്നില്‍ സംഭവിക്കട്ടെ' (ലൂക്കാ 1:38) എന്ന എളിയ മനോഭാവത്തോടെ കര്‍ത്തൃകരങ്ങളിലേക്ക് സ്വയം സ മര്‍പ്പിച്ചപ്പോഴും, പ്രാപഞ്ചികമായ സകലശക്തികളുടെയും സ്വാധീനത്തില്‍നിന്നു വിമുക്തയായി തന്റെ ജീവിതാവസാനത്തില്‍ ആകാശ ങ്ങളിലേക്ക് ആനയിക്കപ്പെട്ടപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്ര യാവുകയാണ്ണുചെയ്തത്. മറിയത്തിന്റെ മക്കളായ നമ്മുടെ സ്വാത ന്ത്ര്യത്തെക്കുറിച്ചുള്ള ധാരണകള്‍ കേവലം ഭരണ, സാമൂഹ്യ, രാഷ്ട്രീയ, മതപരമായ മതിലുകള്‍ക്കു ള്ളില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. അവയുടെയൊക്കെ അപ്പുറത്തുള്ള ആത്മീയമായ സ്വാതന്ത്ര്യാദര്‍ശത്തിലേക്ക് നീണ്ടുപോകട്ടെ നമ്മുടെ ദൃഷ്ടികള്‍! ജഡ കുടീരത്തില്‍ ജീര്‍ണ്ണിച്ചു തീരേണ്ടവയല്ല വിശ്വാസികളായ നമ്മുടെയൊക്കെ ജീവിതങ്ങള്‍, മറിച്ച്, സ്വര്‍ഗ്ഗസൗഭാഗ്യങ്ങളിലേക്ക് സംവഹിക്കപ്പെടേണ്ടവയാണ്! മാതാവിനെപ്പോലെ പരലോകം പൂകുമ്പോള്‍ മാത്രമേ നാമും ദൈവം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന് അര്‍ഹരാവുകയുള്ളൂ.
സ്വര്‍ഗ്ഗാരോപണം സ്വര്‍ഗ്ഗസമ്മാനമാണ്
കളങ്കരഹിതയായി ജീവിച്ച കന്യാജനനിക്ക് സുരലോകം നല്കിയ സമ്മാനമാണ് സ്വര്‍ഗ്ഗാരോപണം! പാപത്തിന്റെ പൊട്ടുപോലുമില്ലാതെ അവികലമായ ആത്മാവോടും, ശുദ്ധമായ ശരീരത്തോടും കൂടി സര്‍വ്വശക്തന് ഏറ്റവും സംപ്രീതയായി ജീവിച്ച അവള്‍ക്ക് വിണ്ടലം വച്ചുനീട്ടിയ പരമോന്നത പാരിതോഷികം! മാലാഖമാരുടെ കരരഥത്തിലേറി മാനത്തിനപ്പുറത്തേക്ക്കടന്നുപോകാനുള്ള സുവര്‍ണ്ണഭാഗ്യം അവള്‍ക്ക് കൈവന്നു! സാധുവായ ഒരു സ്ത്രീജന്മത്തിന് ഇതിലുപരിയായി എന്താണ് സ്വന്തമാകാനുള്ളത്! അസംഖ്യം ആകാശവാസികള്‍ക്കൊപ്പം എണ്ണപ്പെടാനുള്ള അസുലഭാനുഗ്രഹം! വാഴ്‌വില്‍ കര്‍ത്താവിന്റെ അപദാനങ്ങള്‍ അനുസ്യൂതം വാഴ്ത്തി, താഴ്മവതിയായ തന്നിലൂടെ അവിടുന്ന് അനുദിനം ചെയ്ത വലിയ കാര്യങ്ങള്‍ക്ക് കൃതജ്ഞയുടെ കീര്‍ത്തനം പാടിനടന്ന ആ ഗ്രാമീണ ഗായികയ്ക്ക് വാനിലെ ഗായകഗണത്തോടു ചേര്‍ന്ന് സര്‍വ്വശക്തനെ സങ്കീര്‍ത്തനങ്ങളാല്‍ നിരന്തരം സ്തുതിക്കുവാനുള്ള അവകാശവിശേഷം ഇഷ്ടദാനമായി നല്കപ്പെട്ടു! ഇഹത്തിലെ വാസകാലം മുഴുവന്‍ ദൈവികദാനങ്ങള്‍ക്കുക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്ത അവളെ വാനിടത്തില്‍ വിശിഷ്ട വിഭവങ്ങള്‍കൊണ്ട് സര്‍വ്വേശന്‍ സംതൃപ്തയാക്കി! മന്നില്‍ മനുഷ്യത്വത്തിന്റെ മികവ് തെളിയിച്ച മറിയത്തിന് ദൈവം വിണ്ണില്‍ വരദാനങ്ങളുടെ തികവ് നല്കി. മണ്ണില്‍ നിന്നെടുക്കപ്പെട്ടവരാണ് നാമെങ്കിലും മണ്ണിന്റെ മാലിന്യങ്ങളില്‍ മുഴുകിക്കഴിയേണ്ടവരല്ലാ, മറിച്ച്, കറകളഞ്ഞ ജീവിതശൈലി വഴി സ്വര്‍ഗ്ഗസമ്മാനം നേടേണ്ടവരാണെന്നും മറിയം ഓര്‍മ്മിപ്പിക്കുന്നു. മാതൃരാജ്യത്തിന്റെ സ്വാത ന്ത്ര്യലബ്ധിയില്‍ അഭിമാനിക്കുന്ന നാം നമ്മുടെ സഹജീവികള്‍ക്ക് കൊടുക്കേണ്ട ഏറ്റവും ഉദാത്തവും അമൂല്യവുമായ ഉപഹാരം സ്വാതന്ത്ര്യംതന്നെയാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുക. നമ്മുടേതുപോലെതന്നെ മറ്റുള്ളവരുടേയും മൗലികാവകാശമാണത.് അന്യരുടെ സ്വാതന്ത്ര്യ ത്തെയും അവകാശങ്ങളെയും നിഹനിക്കുന്ന വിധത്തിലുള്ള നിലപാടുകളും, കര്‍മ്മങ്ങളും, വാക്കുകളും ഒരിക്കലും നമുക്ക് ഭൂഷണ മല്ല. മതം, വിശ്വാസം, രാഷ്ട്രീയം, ഭക്ഷണം, വസ്ത്രം തുടങ്ങി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വതന്ത്ര മായ തീരുമാനങ്ങളെടുക്കാനും, അവയില്‍ ഉറച്ചു നില്ക്കാനും മനുഷ്യര്‍ക്കെല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്. സഹജരുടെ സ്വാതന്ത്ര്യത്തെ ആദരിക്കുക. സ്വാതന്ത്ര്യം സമ്മാനിക്കുക, സ്വാതന്ത്ര്യം സ്വീകരിക്കുക.
സ്വര്‍ഗ്ഗാരോപണം സമ്പൂര്‍ണ്ണ വിജയമാണ്
തിന്മയുടെമേല്‍ നന്മ നേടിയ ആത്യന്തികമായ വിജയത്തിന്റെ പെരുമ്പറയാണ് സ്വര്‍ഗ്ഗാരോപണത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്! തിന്മയെ നന്മകൊണ്ട് കീഴടക്കണ മെന്നുള്ള (മത്താ. 5:38-42) കര്‍ ത്തൃവചസ്സുകളെ ഹൃദയ ഫലകത്തില്‍ കുറിച്ചിട്ടു സദാ ധ്യാനിച്ച മറിയം നന്മയുടെ മാത്രം മണവും നിറവുമുള്ള നറുമലരായി വിടര്‍ന്നുല്ലസിച്ചു! പാപത്തിന്റെ പ്രതീകമായ പാമ്പിനെ തന്റെ ചരണപത്മ ങ്ങളാല്‍ ചവിട്ടിപ്പിടിച്ച അവള്‍ മുഴുവന്‍ പൈശാചികശക്തികളുടെയും മേല്‍ പരിപൂര്‍ണ്ണവിജയം വരിച്ചു! അവളുടെ പവിത്രമായ പാദങ്ങള്‍ക്കടിയില്‍ പിശാചും അ വന്റെ ചെയ്തികളും ചതഞ്ഞര ഞ്ഞു! വിണ്ണിന്റെയും മണ്ണിന്റെയും റാണിയായി അവള്‍ അവരോധി ക്കപ്പെട്ടു! ശാലീനയായ അവളുടെ ശിരസ്സിന് അലങ്കാരമായി ദൈവികപുണ്യങ്ങളാല്‍ വിളങ്ങുന്ന ഒരു രത്‌നഖചിതകിരീടവും അണിയി ക്കപ്പെട്ടു!
ദൈവികപുണ്യങ്ങളില്‍ ആദ്യത്തേത് വിശ്വാസമാണ്. വിശ്വസ്തനായ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ കണിശമായും വാസ്തവമാകുമെന്ന് കണ്ണടച്ചു വിശ്വസിച്ചവളാണ് മറിയം (ലൂക്കാ 1:45). വിശുദ്ധ വചനങ്ങളാല്‍ ദീപ്തമായ വഴിയിലൂടെ മാത്രമായിരുന്നു അവളുടെ തീര്‍ത്ഥാടനം. അതുകൊണ്ടു തന്നെ വിശ്വാസത്തിന്റെ പീതപ്രഭയേറിയ പുഷ്യരാഗരത്‌നം സ്വര്‍ഗ്ഗം അവളുടെ മകുടത്തില്‍ പതിപ്പിച്ചു! ഭാരതാംബികയുടെ നെറ്റിത്തടത്തില്‍ ഒരു മൂവര്‍ണ്ണത്തിലകമുണ്ട്! അവളുടെ സന്താനങ്ങളായ നാമൊക്കെ അഭിമാനത്തോടെ കൈയിലേന്തുന്ന ത്രിവര്‍ണ്ണക്കൊടി! അതിന്റെ മേല്‌നാട പീതവര്‍ണ്ണമാണ്. ശക്തിയുടെയും ധീരതയുടെയും പ്രതീകമാണ് പീതം. ഭാരതത്തിന്റെ ബലവും ധീരതയും ഭാരതീയ ജനതയുടെ വിശ്വാസത്തിലും ഐക്യത്തിലും അധിഷ്ഠിതമാണ്. വിശ്വാസം വറ്റിപ്പോകുന്നിടത്ത് ഒരുമയുടെ ക്ഷാമമുണ്ടാകും. അന്തശ്ഛിദ്രമുള്ള ജനതയ്ക്ക് ഒരിക്കലും പുരോഗതിയുടെ പടവുകള്‍ സധൈര്യം ചവിട്ടിക്കയറാനാവില്ല.
മണ്ണിനോട് നമ്മെ വരിഞ്ഞുകെട്ടിയിരിക്കുന്ന എല്ലാ ആസക്തികളില്‍ നിന്നുമുള്ള മോചനം. ഇത്തരത്തിലുള്ള സ്വാതന്ത്ര്യമാണ് മറിയത്തിനു ണ്ടായിരുന്നത്. ചേറ്റിലാണ് ചുവടെങ്കിലും ജലപ്പരപ്പിനു മീതെ വാരിജങ്ങളെ വിരിയിക്കുന്ന താമരച്ചെടിയുടെ സ്വാതന്ത്ര്യവൈശിഷ്ട്യത്തോടെയാണ് അവള്‍ ജീവിച്ചത്. പുത്രനായ ദൈവത്തിന്റെ ആദ്യത്തെ അനുയായിയായ അവള്‍ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റേതായിരുന്നില്ല.
ദൈവികപുണ്യങ്ങളില്‍ രണ്ടാമത്തേത് സ്‌നേഹമാണ്. ഇടമുറിയാത്ത ഒരു സ്‌നേഹ സങ്കീര്‍ത്തനമായി മറിയത്തിന്റെ ജീവിതം! ദൈ വസ്‌നേഹത്തിനും പരസ്‌നേഹ ത്തിനും സ്വന്തംജീവിതത്തില്‍ പ്ര ഥമസ്ഥാനം കൊടുത്തുകൊണ്ട് പ്ര മാണങ്ങളുടെ പാതയിലൂടെയായി പ്രതിനിമിഷം അവളുടെ പ്രയാണം. സംശുദ്ധമായ സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ നൈവേദ്യമായി അവള്‍ സ്വയം നേദിച്ചു. അതിനുള്ള പ്രതിഫലമായി സ്‌നേഹത്തിന്റെ ശ്വേതപ്രഭയേറിയ വൈരരത്‌നം സ്വര്‍ഗ്ഗം അവളുടെ മകുടത്തില്‍ പ തിപ്പിച്ചു! ഭാരതത്തിന്റെ ത്രിവര്‍ണ്ണക്കൊടിയുടെ മധ്യനാട ശ്വേതവര്‍ ണ്ണമാണ്. ശാശ്വതമായ സത്യത്തെ യും സമാധാനത്തെയുമാണ് ശ്വേതം പ്രതിനിധീകരിക്കുന്നത്. കല്മ ഷരഹിതമായ സ്‌നേഹമാണ് സ ത്യത്തിന്റെയും സമാധാനത്തിന്റെ യുമൊക്കെ അടിത്തറ. സ്‌നേഹമു ള്ളിടത്തേ മറ്റെന്തിനും വിലയും പ്രസക്തിയുമുള്ളൂ. സ്‌നേഹമാണ് സര്‍വോത്കൃഷ്ടം (1 കൊറി. 13:13). സകല പുണ്യങ്ങളുടെയും മൂല്യങ്ങളുടെയും മര്‍മ്മം!
ദൈവികപുണ്യങ്ങളില്‍ മൂന്നാമത്തേത് പ്രത്യാശയാണ്. പൊലിയാത്ത പ്രത്യാശയുടെ പര്യായമായി പരിശുദ്ധ മറിയം (ലൂക്കാ 1:48)! കാലിത്തൊഴുത്തു മുതല്‍ കാല്‌വരിഗിരി വരെ ദുഃഖദുരിതങ്ങള്‍ നിറ ഞ്ഞ തന്റെ ജീവിതനാളുകളിലുട നീളം ഹൃദയനെരിപ്പോടിനുള്ളില്‍ പ്രത്യാശയുടെ കനലുകള്‍ കെട്ടു പോകാതെ അവള്‍ കാത്തു സൂക്ഷിച്ചു! കൈപിടിച്ച കര്‍ത്താവ് കൈവിടില്ല എന്ന അചഞ്ചലമായ പ്രത്യാശ അന്ത്യം വരെ അവളുടെ കൈമുതലായിരുന്നു. അതിനുള്ള അംഗീകാരമായി പ്രത്യാശയുടെ ഹരിത പ്രഭയേറിയ മരതകരത്‌നം സ്വര്‍ഗ്ഗം അവളുടെ മകുടത്തില്‍ പതിപ്പിച്ചു! ഭാരതത്തിന്റെ ത്രിവര്‍ണ്ണ ക്കൊടിയുടെ കീഴ്‌നാട ഹരിതവര്‍ ണ്ണമാണ്. സമൃദ്ധിയെയും ശുഭാപ്തി വിശ്വാസത്തെയുമാണ് ഹരിതം പ്രതിനിധാനം ചെയ്യുന്നത്.
പ്രതിസന്ധികള്‍ക്കപ്പുറത്ത് എല്ലാം മംഗളപര്യവസായിയാകും എന്നുള്ള ആശയുടെ മറുപേരാണ ല്ലോ പ്രത്യാശ. അങ്ങനെയൊരു അവബോധമുള്ളിടത്തേ സമൃദ്ധിയുടെ പച്ചപ്പുതുനാമ്പുകള്‍ പൊട്ടി മുളയ്ക്കൂ. ഭൂഗോളത്തെ മുഴുവന്‍ ഭയത്തിന്റെ മുഖാവരണത്താല്‍ മൂടിയിരിക്കുന്ന മഹാമാരിയും ഒരു പെരുമഴപോലെ പെയ്‌തൊഴിയുമെന്നുള്ള ശുഭപ്രതീക്ഷയുടെ വെട്ടത്തിലൂടെയാണല്ലോ ഇന്നു മാനവരാശി ഒന്നടങ്കം നീങ്ങുന്നതും. സുകൃതസമ്പന്നമായ മറിയത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു വായി നിന്നത് ഹ്രസ്വകാലം അവളുടെ ഉദരത്തിലും ചിരകാലം ഹൃ ദയത്തിലും ചലിച്ചു നിന്ന ജീവന്റെ ഉറവിടമായ ദൈവാത്മ സാന്നിധ്യമായിരുന്നു. ഭാരതത്തിന്റെ ത്രിവര്‍ണ്ണക്കൊടിയുടെ നടുവിലായി ചലനത്തില്‍ ജീവനും നിശ്ചലതയില്‍ മരണവുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ധര്‍മ്മചക്രം (The Wheel of the Law) ചുറ്റിത്തിരിയുന്നുണ്ട്. ചുരുക്കത്തില്‍, സത്യം, സമാധാനം ആദിയായ സനാതനമൂല്യങ്ങളുടെ അഭ്യാസം വഴി ആര്‍ജ്ജിച്ചെടുക്കുന്ന ആത്മീയശക്തിയും ശുഭാപ്തിവിശ്വാസവും ആസ്തിയാക്കിക്കൊണ്ട് നിരന്തരം പ്രവര്‍ത്തനനിരതരായി ധൈര്യസമേതം നീങ്ങിയാല്‍ മാത്രമേ സമൃദ്ധി സ്വന്തമാക്കാന്‍ നമുക്ക് സാധിക്കൂ എന്ന് ത്രിവര്‍ണ്ണ പതാക വിളിച്ചോതുന്നു.
കത്തോലിക്കാ വിശ്വാസികളായ നമുക്ക് മാതാക്കള്‍ മൂവരാണ്. പെറ്റമ്മ, പോറ്റമ്മ, പരിശുദ്ധയമ്മ! നൊന്തുപെറ്റ അമ്മയെ ആദരിക്കാം, പരിചരിക്കാം. പോറ്റിവളര്‍ ത്തുന്ന ഭാരതാംബയെ പ്രണമി ക്കാം, പ്രണയിക്കാം. സ്വര്‍ഗ്ഗീയ ജനനിയായ കന്യാമേരിയെ നമിക്കാം, നെഞ്ചിലേറ്റാം. സ്വാതന്ത്ര്യം കിട്ടിയതോടെ ഭാരതത്തിന്റെ ഭരണവും, ഭദ്രതയും, ഭാവിയും വെള്ളക്കാരില്‍നിന്ന് കൊള്ളക്കാരി ലേക്ക് കൈമാറപ്പെട്ട അവസ്ഥയാണ് ഇന്നുള്ളത്. പരസ്പരം പഴിപു ലമ്പിയിട്ടു പ്രയോജനമൊന്നുമില്ല. ഇവിടെ ഇങ്ങനെയൊക്കെയാണ്. സ്വയം നന്നാവുക; നന്മയുടെ നുറുങ്ങുവെട്ടമെങ്കിലും മണ്ണില്‍ അവ ശേഷിക്കട്ടെ; വരുംതലമുറകളെ തെല്ലെങ്കിലും പ്രകാശിപ്പിക്കട്ടെ! നടന്നു നീങ്ങിയ ഇടങ്ങളെയെല്ലാം നന്മശോഭിതമാക്കിയ നസ്രത്തിലെ ഒരു നാടന്‍ കന്യകയെ "സ്വസ്തിതേ, കൃപാപൂരിതേ" എന്ന് അന്നൊരിക്കല്‍ സ്വര്‍ഗ്ഗീയദൂതന്‍ അഭിവാദ്യം ചെയ്തത് ഓര്‍മ്മിക്കു ന്നില്ലേ? ഇന്ന്, വിജയകിരീട വിരാ ജിതയായി വിണ്ണില്‍വാഴുന്ന ആ കന്യാമണിയെ നമുക്ക് ഇപ്രകാരം അഭിവാദനം ചെയ്യാം – "സ്വസ്തി തേ, സ്വര്‍ഗ്ഗാരോപിതേ!"