ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗം നവകാലഘട്ടത്തിന്റെ ആവശ്യം

ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗം നവകാലഘട്ടത്തിന്റെ ആവശ്യം

പ്രശസ്ത അമേരിക്കന്‍ ഡോക്ടറായ കിംബര്‍ലിയാണ് ഇന്റര്‍നെറ്റ് അഡിക്ഷനെകുറിച്ച് ആദ്യമായി പഠിച്ചുതുടങ്ങിയത്. 1996-ല്‍ ടൊറന്റോയില്‍ നടന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ ''ഇന്റര്‍നെറ്റ് അഡിക്ഷന്‍: ദി എമര്‍ജെന്‍സ് ഓഫ് എ ന്യൂ ഡിസോര്‍ഡര്‍'' എന്ന പേരില്‍ ഇന്റര്‍നെറ്റ് അഡിക്ഷനെക്കുറിച്ചുള്ള ആദ്യ പ്രബന്ധവും അദ്ദേഹം അവതരിപ്പിച്ചു. പിന്നീട് ആസ്‌ത്രേലിയ, ചൈന, കൊറിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രശ്‌നം കണ്ടുതുടങ്ങി. മറ്റ് രാജ്യങ്ങളിലും ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഇന്ന് വളരെ ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സ്ഥിരം ഉപയോക്താക്കളില്‍ 5-10 ശതമാനം പേര്‍ ഇന്റര്‍ നെറ്റ് അടിമകളാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാമൂഹികവും മനഃശാസ്ത്രപരവും തൊഴില്‍പരവുമായ മേഖലകളില്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വളരെ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുവെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിക്കുന്നു. വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ക്കല്ലാതെ ആഴ്ചയില്‍ ശരാശരി 38 മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനനിലവാരത്തെയും ദാമ്പത്യജീവിതത്തിലെ ഐക്യത്തെയും, ജോലിയിലെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്റര്‍നെറ്റ് അടിമകളില്‍ 52 ശതമാനം പേരും മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, അമിത ഭക്ഷണശീലം എന്നിവയ്ക്ക് അടിമകളാകുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ജീവശാസ്ത്രാടിസ്ഥാനം

നമ്മുടെ തലച്ചോറില്‍ നാഡീകോശങ്ങള്‍ പരസ്പരം ആശയവിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന വിവിധ രാസപദാര്‍ത്ഥങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഡോപമിന്‍. തലച്ചോറിന്റെ ഏതാണ്ട് മധ്യഭാഗത്തായി വെന്ററല്‍ ടെഗ്മന്റല്‍ ഏരിയ, അമിഗ്ഡല, ന്യൂക്ലിയസ് അക്യുംബെന്‍സ് എന്നീ ഭാഗങ്ങള്‍ ഉണ്ട്. പ്ലഷര്‍ ഏരിയ (സന്തോഷം ഉണ്ടാക്കുന്ന ഭാഗം) എന്നാ ണ് ഈ ഭാഗങ്ങളെ വിളിക്കുന്നത്. അതായത് ഒരു വ്യക്തി ലഹരി ഉപയോഗിക്കുമ്പോള്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ ഡോപമിന്‍ ഉത്പാദിപ്പിക്കപ്പെടുകയും അതുമൂലം വ്യക്തിക്ക് ഒരു പ്രതേ്യക അനുഭൂതി ഉണ്ടാകുയും ചെയ്യുന്നു. പിന്നീട് ഈ പ്രത്യേക അനുഭൂതി ലഭിക്കാന്‍ വ്യക്തി വീണ്ടും വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങുകയും അങ്ങനെ ആ വ്യക്തി ലഹരിക്ക് അടിമയായി മാറുകയും ചെയ്യുന്നു. ലഹരിസാധനങ്ങളിലെന്നപോലെ ഇന്റര്‍നെറ്റ് അഡിക്ഷന്‍, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ എന്നിവ ഉള്ള വ്യക്തികളിലെ തലച്ചോറിലും ഇതേ രാസവ്യത്യാസം സംഭവിക്കുന്നതായി ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രായമേറിയവരെ അപേക്ഷിച്ച് ചെറുപ്പക്കാരാണ് ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടിയവര്‍. ചെറുപ്പക്കാരായ പുരുഷന്മാര്‍ ഓണ്‍ലൈന്‍ കളികളില്‍ മുഴുകുമ്പോള്‍ മിക്ക സ്ത്രീകളും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളിലാണ് സമയം ചെലവഴിക്കുന്നത് എന്നാണ് ഇതിനുള്ള കാരണം.

ഇന്റര്‍നെറ്റ് അഡിക്ഷന്‍ ലക്ഷണങ്ങള്‍

താഴെ കൊടുത്ത ചോദ്യാവലിയിലെ എട്ട് ചോദ്യങ്ങളില്‍ അഞ്ചെണ്ണത്തിനുള്ള ഉത്തരം 'അതെ' എന്നാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മാനസികാരോഗ്യവിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

  • നിങ്ങളുടെ മനസ്സില്‍ എല്ലായ്‌പ്പോഴും ഇന്റര്‍നെറ്റില്‍ ചെയ്തതും ചെയ്യേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണോ?

  • മനസംതൃപ്തിക്കുവേണ്ടി ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

  • ഇന്റര്‍നെറ്റ് അമിതോപയോഗം പെട്ടെന്ന് നിര്‍ത്താനോ നിയന്ത്രിക്കാനോ നിങ്ങള്‍ പാഴ്ശ്രമങ്ങള്‍ നടത്തുന്നുണ്ടോ?

  • അമിതോപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ക്ക് അസ്വസ്ഥതയും വിഷാദവും അനുഭവപ്പെടുന്നുണ്ടോ?

  • മുന്‍കൂട്ടി നിശ്ചയിച്ചതിലധികം സമയം നിങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുകുന്നുണ്ടോ?

  • ഇന്റര്‍നെറ്റിന്റെ ലോകത്ത് അകപ്പെട്ട് ജോലി, വ്യക്തിബന്ധങ്ങള്‍, വിദ്യാഭ്യാസം എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ?

  • ഇന്റര്‍നെറ്റ് അമിതോപയോഗ ശീലം കുടുംബാംഗങ്ങളില്‍ നിന്നും മനഃശാസ്ത്രജ്ഞരില്‍ നിന്നും ഒളിച്ചുവെയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടോ?

  • നിരാശ, കുറ്റബോധം, ഉത്കണ്ഠ, വിഷാദം എന്നിവയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ കാണുന്നുണ്ടോ?

ജീവിതത്തെ ബാധിക്കുമ്പോള്‍

  • ഉറക്കമില്ലായ്മയും അമിത ക്ഷീണവും

  • പരീക്ഷകളിലെ മോശം പ്രകടനം

  • സുഹൃത്തുക്കളുമായുള്ള അകല്‍ച്ച

  • സാമൂഹിക പ്രവൃത്തികളില്‍ നിന്നും അകന്നുനില്‍ക്കുക

  • ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തപ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയും നിസ്സംഗതയും

  • ഇന്റര്‍നെറ്റ് അമിതോപയോഗം ഗുരുതരപ്രശ്‌നമല്ലെന്ന നിഷേധഭാവം വച്ചു പുലര്‍ത്തല്‍.

  • പഠനവിഷയങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഓണ്‍ലൈന്‍ വിഷയങ്ങള്‍ക്കു നല്‍കല്‍.

  • ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സമയദൈര്‍ഘ്യത്തെക്കുറിച്ചും കാണുന്ന കാര്യങ്ങളെപ്പറ്റിയും കളവുപറയല്‍.

  • ഇന്റര്‍നെറ്റ് ഉപയോഗശീലംകൊണ്ട് കുറ്റബോധം, ലജ്ജ, ഉത്കണ്ഠ, വിഷാദം എന്നിവ തോന്നുന്ന അവസ്ഥ.

ഇന്റര്‍നെറ്റ് ഉപയോഗത്തിലെ മര്യാദകള്‍

കുടുംബത്തിലും സമൂഹത്തിലും സ്വന്തം വ്യക്തിജീവിതത്തിലും നാം എങ്ങനെ പെരുമാറണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ചില പൊതു മാനദണ്ഡങ്ങളുണ്ട്. ഇതെല്ലാം പാലിക്കാന്‍ നാം കടപ്പെട്ടവരാണ്. ഇവയിലെല്ലാം ഒരു കാര്യത്തിനാണ് പരമപ്രാധാന്യം കൊടുക്കുന്നത്- മറ്റുള്ളവരെ ബഹുമാനിക്കുക എന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും ഇത്തരത്തിലുള്ള പെരുമാറ്റചട്ടങ്ങള്‍ അത്യന്താപേക്ഷിതമാണ്.

ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

വീടുകളില്‍ ഭക്ഷണം കഴിക്കുന്ന സമയം കടുംബാംഗങ്ങള്‍ തമ്മിലുള്ള സുഗമമായ ആശയവിനിമയത്തിനുള്ള വേദിയാണ്. ഈ വിലപ്പെട്ട സമയം സ്വകാര്യ സംഭാഷണത്തിനായി ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച് മറ്റുള്ളവരോടൊത്ത് സവാരിക്കിറങ്ങുന്നത് മൊബൈല്‍ അഡിക്ഷന്‍ കുറക്കാന്‍ സഹായിക്കും.

അകലം പാലിക്കുക

ഫോണില്‍ കാര്യമായി സം സാരിക്കുമ്പോള്‍ മറ്റുളളവരില്‍ നിന്ന് പത്തടി അതായത് മൂന്ന് മീറ്റര്‍ മാറിനിന്ന് സംസാരിക്കുക. മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെ സംസാരിക്കാന്‍ വേണ്ടിയാണിത്.

നിശ്ശബ്ദമാക്കിയിടേണ്ട സ്ഥലത്ത് മര്യാദ പാലിക്കുക

മരണവീട്ടില്‍ ദുഃഖകരമായ സന്ദര്‍ഭത്തില്‍ ഫോണില്‍ അലറിവിളിച്ച് സംസാരിക്കുന്നത് തികച്ചും അരോചകവും മരിച്ച വ്യക്തിയോടും കുടുംബത്തോടും കാണിക്കുന്ന അനാദരവുമാണ്. അതുപോലെ മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുമ്പോഴും ഫോണ്‍ സൈലന്റാക്കിവയ്ക്കുകയും പ്രസ്തുത പരിപാടിയില്‍ പുറത്തുവന്ന് മറ്റുള്ളവര്‍ക്ക് ശല്യമാകാതെ മൃദുവായി സംസാരിക്കാനും ശീലിക്കുക.

മറ്റുള്ളവരെ പരിഗണിക്കുക

നമ്മളോട് സംസാരിക്കാനായി ഒരാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അയാളെ കാഴ്ചക്കാരനാക്കി മറ്റൊരാളോട് മൊബൈലില്‍ അതും ഇതും സംസാരിച്ച് സമയം കളയുന്നത് ആ വ്യക്തിയെ അവഹേളിക്കുന്നതിന് തുല്യമാണ്.

മറ്റുള്ളവരെ ഉറങ്ങാന്‍ അനുവദിക്കുക

പൊതുസ്ഥലങ്ങളായ ഹോസ്റ്റലുകള്‍, സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവിടങ്ങളില്‍ പാതിരാത്രി കഴിഞ്ഞും ഫോണില്‍ സംസാരിച്ച് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ശീലം അവരുടെ അവകാശങ്ങ ളിലേക്ക് കടന്നുകയറുന്ന നിയമലംഘനമാണ്.

വിലക്കുകള്‍ പാലിക്കുക

കോടതി, ദേവാലയങ്ങള്‍, ഓഫീസുകള്‍, പെട്രോള്‍ പമ്പുകള്‍, ഡോക്ടര്‍മാരുടെ പരിശോധനാമുറികള്‍, ലിഫ്റ്റുകള്‍ തുടങ്ങി നിശ്ശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിലെല്ലാം മൊബൈല്‍ ഓഫ് ചെയ്യുക. അല്ലെങ്കില്‍ സൈലന്റ് മോഡില്‍ വയ്ക്കുക.

ഫോട്ടോ എടുക്കരുത്

മറ്റുള്ളവരുടെ അറിവും അനുവാദവുമില്ലാതെ മൊബൈല്‍ ഉപയോഗിച്ച് ഒരാളുടെയും ഫോട്ടോ എടുക്കാന്‍ പാടില്ല, മാത്രമല്ല അത് ശിക്ഷാര്‍ഹവുമാണ്. വാഹനാപകടത്തില്‍ ഗുരുതരാവസ്ഥയിലുള്ള വ്യക്തിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ തടസ്സം ചെയ്ത് അവര്‍ നടത്തുന്ന ജീവന്‍-മരണ പോരാട്ടം മൊബൈലിലാക്കുന്ന വികലമനസ്സുകള്‍ ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മനുഷ്യത്വരഹിതമായ ഇത്തരം ചിത്രീകരണങ്ങള്‍ ഉപേക്ഷിച്ച് ആ വ്യക്തിയെ സഹായിക്കാന്‍ ശ്രമിക്കുക.

പാട്ട് ഹെഡ്‌ഫോണില്‍ മാത്രം

പൊതുസ്ഥലങ്ങളില്‍ മൊ ബൈലില്‍ ഉറക്കെ പാട്ട് വെച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് തികച്ചും ജനദ്രോഹപരമായ പെരുമാറ്റമാണ്. പാട്ട് കേള്‍ക്കണമെന്നുണ്ടെങ്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് തികച്ചും സ്വകാര്യമായി പാട്ട് ആസ്വദിക്കുക.

സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുക

ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അത് ശ്രദ്ധിക്കാതെ തുരുതുരാ മൊബൈലില്‍ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നവരുണ്ട്. മറ്റെ വ്യക്തിയോട് തികച്ചും അനാദരവ് കാണിക്കുന്ന പെരുമാറ്റരീതിയാണിത്.

എസ്.എം.എസ്/വാട്‌സ്ആപ്പ് മെസേജുകള്‍

ഉചിതമല്ലാത്ത വാക്കോ ചിത്രമോ അടങ്ങിയ മെസേജുകള്‍ എസ്.എം.എസ്./വാട്‌സ്ആപ്പ് വഴി അയയ്ക്കുന്നത് അപമര്യാദ മാത്രമല്ല ശിക്ഷാര്‍ഹവുമാണ്. അറിയാത്ത നമ്പറില്‍ നിന്നുള്ള കോളുകളോടും മെസേജുകളോട പ്രതികരിക്കാതിരിക്കുക. പ്രധാന വിവരങ്ങള്‍ സ്വീകരിക്കാനോ അറിയിക്കാനോ മാത്രം മൊബൈല്‍ ഉപയോഗിക്കുക. മെസേജിലൂടെ ലഭിച്ച വിവരം സര്‍ക്കുലേറ്റ് ചെയ്യുന്നതിന് മുമ്പായി അത് ശരിയാണോ എന്ന് അനേ്വഷിച്ച് ഉറപ്പാക്കുക.

ഇന്റര്‍നെറ്റ് ഉപയോഗം ആരോഗ്യകരമാക്കാന്‍

  • ഇന്റര്‍നെറ്റില്‍ മുഴുകുന്നതിനുപകരം മറ്റു വിനോദങ്ങളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്ന ശീലം വളര്‍ത്തിയെടുക്കുക.

  • നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗരീതി തിരിച്ചറിയുക. ഏതൊക്കെ ദിവസങ്ങളിലാണ്, ഏത് സമയത്താണ്, എത്ര നേരമാണ് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുന്നത്, എവിടെ വച്ചാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എന്നൊക്കെ നിങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് അവയ്ക്ക് വിപരീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ കുറയ്ക്കാന്‍ സാധിക്കും.

  • നിങ്ങള്‍ക്ക് ചെയ്യാനുള്ള പ്രവൃത്തികള്‍, പോകാനുള്ള സ്ഥലങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമയക്രമം നിശ്ചയിക്കുന്നത് ഇന്റര്‍നെറ്റ് അഡിക്ഷന്‍ തടയാന്‍ സഹായിക്കും. സമയസൂചന നല്കാനായി ആവശ്യമെങ്കില്‍ അലാറം ക്ലോക്കും ഉപയോഗിക്കാം.

  • ഒരാഴ്ചത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമയക്രമപ്പട്ടിക തയ്യാറാക്കുക. ഇന്റര്‍നെറ്റ് ഉപയോഗസമയം പകുതിയായി കുറയ്ക്കാനും ശ്രമിക്കുക.

  • സ്ഥിരമായി ആവശ്യമുള്ള സൈറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്താല്‍ ഇടയ്ക്കിടെയുള്ള കമ്പ്യൂട്ടര്‍ ഉപയോഗവും അനാവശ്യ സൈറ്റ് സന്ദര്‍ശനവും ഒഴിവാക്കാന്‍ സാധിക്കും.

  • ഇന്റര്‍നെറ്റ് ഉപയോഗസമയം കൂടിപ്പോകുന്നുവെങ്കില്‍ അക്കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ വീട്ടുകാരോടും സുഹൃത്തുക്കളോടും പറയുക.

  • യഥാര്‍ത്ഥ ലോകത്തിന്റെ പിന്തുണ തേടാന്‍ സമൂഹത്തിലേക്ക് ഇറങ്ങി ആളുകളുമായി ഇടപഴകുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org