
തെക്കന്‍ രാജസ്ഥാനിലെ ബന്‍സ്വാഡാ ജില്ലയിലെ ആദിവാസിഗ്രാമങ്ങളില്‍ പച്ചമരുന്നും പ്രാര്‍ത്ഥനയുമായി സൗഖ്യം പകര്‍ന്നു ജീവിക്കുന്ന മിഷണറിയാണ് കപ്പുച്ചിന്‍ സന്യാസിയായ ഫാ. ജോണ്‍സണ്‍ ചിറ്റിലപ്പള്ളി. 2002 ല്‍ പട്ടം കിട്ടിയ കാലം മുതല്‍ ചെറിയൊരു ഇടവേളയൊഴികെ ഇന്നു വരെയും ഇതേ പ്രദേശത്താണ് അദ്ദേഹത്തിന്റെ ശുശ്രൂഷ.
തൃശൂര്‍ സെ. തോമസ് കോളേജിലെ ബിരുദപഠനത്തിനിടെയാണ് പറപ്പൂര്‍ സ്വദേശിയായ ചിറ്റിലപ്പിള്ളി ജോണ്‍സണ്‍ എയര്‍ ഫോഴ്‌സില്‍ ജോലിക്കു കയറിയത്. 15 വര്‍ഷത്തെ സര്‍വീസ് എയര്‍ഫോഴ്‌സില്‍ പൂര്‍ത്തിയാക്കി വിരമിച്ചു. എയര്‍ഫോഴ്‌സിലുണ്ടായിരുന്നപ്പോള്‍ തന്നെ ആത്മീയ പാതയിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകനായ എയര്‍ഫോഴ്‌സ് സൈനികന്‍ ദിവാകരന്‍ ഋഷികേശില്‍ പോയി സന്യാസം സ്വീകരിച്ചു.
അതിനെ തുടര്‍ന്നു ജോണ്‍സണും ഋഷികേശിലെത്തി. മഞ്ഞുമലകളിലെ താപസരും അവരുടെ നിഷ്‌കാമ ജീവിതവും അതിനകം ജോണ്‍സണെ ആകര്‍ഷിച്ചിരുന്നു. പക്ഷേ, ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെ അധിപനായിരുന്ന കൃഷ്ണാനന്ദ സ്വാമികള്‍ ജോണ്‍സണോടു ചോദിച്ചു, "നിങ്ങള്‍ ക്രിസ്ത്യാനിയല്ലേ, സന്യസിക്കാനാണെങ്കില്‍ എന്തുകൊണ്ടു അസീസിയിലെ ഫ്രാന്‍സിസിന്റെ മാര്‍ഗം സ്വീകരിച്ചു കൂടാ?" ചോദിക്കുക മാത്രമല്ല, വി. ഫ്രാന്‍സിസ് അസീസിയെ കുറിച്ചുള്ള ഒരു ഗ്രന്ഥവും സ്വാമി അദ്ദേഹത്തിനു സമ്മാനിച്ചു. ഭാരതീയ ഋഷിവര്യന്മാരുടെ തുറന്ന മനസ്സിന്റെ സൂചന കൂടിയാണ് ഇതെന്ന് ജോണ്‍സണ്‍ അനുസ്മരിക്കുന്നു.
സ്വാമിയുടെ നിര്‍ദേശം ജോണ്‍സണെ ചിന്തിപ്പിച്ചു. സ്വന്തം ചേച്ചിയായ സിസ്റ്റര്‍ റോസിലിന്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സമൂഹത്തില്‍ അംഗമായിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ കൂടി ആയതോടെ കപ്പുച്ചിന്‍ സന്യാസസമൂഹത്തില്‍ ചേരുവാന്‍ തീരുമാനമായി. 1991-ലായിരു ന്നു ഇത്. 2002-ല്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് കപ്പുച്ചിന്‍ സമൂഹത്തിന്റെ ക്രിസ്തുജ്യോതി പ്രോവിന്‍സിന്റെ ഭാഗമായി രാജസ്ഥാനിലെ രത്തന്‍പുര്‍ ഗ്രാമത്തിലെത്തുകയായിരുന്നു.
1920 കളില്‍ ആംഗ്ലിക്കന്‍ മിഷണറിമാരാണ് അരാവലി പര്‍വതനിരകളുടെ താഴ്‌വാരത്തുള്ള ഈ പ്രദേശത്ത് ആദ്യമായി സുവിശേഷമെത്തിച്ചത്. തുടര്‍ന്ന്, നാല്‍പതുകളില്‍ വിദേശത്തു നിന്നുള്ള കപ്പുച്ചിന്‍ മിഷണറിമാരും ഇവിടെയെത്തി. അവരാണു കത്തോലി ക്കാസഭയ്ക്ക് ഇവിടെ അടിത്തറ പാകിയത്. ആദ്യം അജ്മീര്‍ രൂപതയുടെയും പിന്നീട് ഉദയ്പുര്‍ രൂപതയുടെയും ഭാഗമാണ് ഇന്ന് ഈ ഭാഗങ്ങള്‍. ഉദയ്പുര്‍ ഇന്നു പകുതിയോളം ആദിവാസി വൈദികരും ആദിവാസി മെത്രാനുമുള്ള രൂപതയാണ്. ഈ രൂപതയുടെ ഒരു ഇടവകയില്‍ വികാരിയായും സാമൂഹ്യസേവകനായും സേവ നം ചെയ്യുകയാണ് ഫാ. ജോണ്‍സണ്‍ ചിറ്റിലപ്പിള്ളി ഒഎഫ്എം ക്യാപ്.
ഫാ. ജോണ്‍സണ്‍ ആദ്യമായി വരുമ്പോള്‍ ഇവിടെയുണ്ടായിരുന്ന വൈദികന്‍ ആയുര്‍വേദ ചികിത്സ ചെയ്തിരുന്ന ആളായിരുന്നു. അങ്ങനെയാണു ഫാ. ജോണ്‍സണും ചികിത്സാരംഗത്തേക്കു കടന്നത്. ചികിത്സയാരംഭിച്ച ശേഷം സ്വന്തമായ പഠനങ്ങളും അന്വേഷണങ്ങളും അതേക്കുറിച്ചു നടത്തി. പുതിയ മരുന്നുകളും ചികിത്സാരീതികളും വികസിപ്പിച്ചു. ഇന്ന് ഒരു ഔഷധസസ്യത്തോട്ടവും അദ്ദേഹം പരിപാലിക്കുന്നു. അവിടെ നിന്നുള്ള സസ്യങ്ങളുപയോഗിച്ച് ഏതാനും ഔഷധപ്പൊടികള്‍ നിര്‍മ്മിക്കുന്നു. ആദിവാസികളായ ജനങ്ങള്‍ രോഗങ്ങള്‍ക്കു സൗഖ്യം തേടി ഫാ. ജോ ണ്‍സണെ തേടിയെത്തും. അവര്‍ക്കു മരുന്നും പ്രാര്‍ത്ഥനയും പക രം നല്‍കുന്നു.
യാത്ര ചെയ്തു വരാനാകാത്ത രോഗികളുടെ വീടുകളിലേയ്ക്ക് ഫാ. ജോണ്‍സണ്‍ ക്ഷണിക്കപ്പെടുന്നു. അമ്പതു കിലോമീറ്റര്‍ അകലെയുള്ള ആദിവാസി വീടുകളിലേയ്‌ക്കൊക്കെ ഇങ്ങനെ പോകേ ണ്ടി വരാറുണ്ട്. വിളിക്കുന്നിടത്തെല്ലാം പോകുന്നു, അവരുടെ വീടുകളില്‍ തന്നെ താമസിക്കുന്നു, അവരുടെ ആഹാരം കഴിക്കുന്നു. മരുന്നു കൊടുത്തു മടങ്ങുന്നു. അച്ചന്‍ വരുന്നതും തങ്ങളുടെ വീട്ടില്‍ താമസിക്കുന്നതും വലിയ അനുഗ്രഹമായി കരുതുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. അവര്‍ക്ക് ആശ്വാസം പകരാനുള്ള യാതൊരു അവസരവും അച്ചന്‍ പാഴാക്കുന്നുമില്ല.
യേശുവിന്റെ സൗഖ്യദായക ദൗത്യം തന്നെയാണു താന്‍ നിറവേറ്റുന്നതെന്ന് ഫാ. ജോണ്‍സണ്‍ പറഞ്ഞു. വലിയ സ്ഥാപനങ്ങളില്‍ അഭയം കണ്ടെത്താതെ, ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന്, അവരിലൊരാളായി, അവര്‍ക്കു ശുശ്രൂഷ ചെയ്യുന്നു. അതിലെ ആനന്ദം വാക്കുകളില്‍ വിവരിക്കാനാകുന്നതല്ല.
വളരെ ലളിതമനസ്‌കരാണ് ഈ പ്രദേശത്തെ ആദിവാസികള്‍. സേവനത്തിന്റെ ആത്മാര്‍ത്ഥതയും മൂല്യവും തിരിച്ചറിയുന്നവരാണ് അവര്‍. വലിയ ആദരവും സ്‌നേഹവും അവര്‍ നല്‍കുന്നുണ്ട്. തിരികെ അവരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതാണു തന്റെ ദൗത്യം. സ്വാര്‍ത്ഥ താത്പര്യങ്ങളില്ലാത്ത നന്മയും സ്‌നേഹവും തുറന്ന മനസ്സും എപ്പോഴും അംഗീകരിക്കപ്പെടുമെന്നു ഫാ. ജോണ്‍സണ്‍ പറയുന്നു. വലിയ സ്ഥാപനങ്ങളോടു ചിലപ്പോള്‍ എതിര്‍പ്പുണ്ടായേക്കാം. എന്നാല്‍, ആളുകള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് സേവനം ചെയ്യുന്നതിനെ അത്തരത്തില്‍ എതിര്‍ക്കുകയില്ല. ഈ ആദിവാസിഗ്രാമങ്ങളില്‍ ഇപ്പോള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രരായ പാസ്റ്റര്‍മാരാണ്. അവര്‍ക്കു വലിയ പള്ളികളോ സ്ഥാപനങ്ങളോ ഇല്ല. ചെറിയ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം – ഫാ. ജോണ്‍സണ്‍ ചൂണ്ടി ക്കാട്ടി.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാലെന്ന മട്ടിലാണ് ഈ ആദിവാസിഗ്രാമത്തില്‍ തന്റെ സേവനമെന്നു ഫാ. ജോണ്‍ സണ്‍ പറഞ്ഞു. എത്രകാലം വേണമെങ്കിലും ഇതേ സ്ഥലത്ത് ഇതേ സേവനം തുടരാന്‍ സന്നദ്ധനാണ്. കാരണം, യേശുവിന്റെ സൗഖ്യസ്പര്‍ശം അനേകരിലേയ്ക്കു പകരുവാന്‍ ഇതുവഴി സാധിക്കുന്നു. സന്യാസജീവിതത്തിന് അതു സാഫല്യമേകുന്നു – അദ്ദേ ഹം വിശദീകരിച്ചു.
-സ്റ്റാഫ് റിപ്പോര്‍ട്ടര്‍