അവന്‍ അവരോടു വെബ് സീരീസുകളിലൂടെ സംസാരിക്കുന്നു…

അവന്‍ അവരോടു വെബ് സീരീസുകളിലൂടെ സംസാരിക്കുന്നു…

ഷിജു ആച്ചാണ്ടി

തൃശൂര്‍ അതിരൂപതയിലെ ഏതാനും യുവവൈദികര്‍ നവമാധ്യമങ്ങളില്‍ കടുകു പൊട്ടിക്കുമ്പോള്‍ പരക്കുന്ന സുവിശേഷത്തിന്റെ സുഗന്ധം പതിനായിരങ്ങളിലേയ്ക്ക് എത്തുന്നു. അതിരൂപതയുടെ യൂട്യൂബ് ചാനലായ മീഡിയ കത്തോലിക്കയില്‍ വെള്ളിയാഴ്ച തോറും സംപ്രേഷണം ചെയ്യുന്ന കടുക് എന്ന വെബ് സീരീസ് കാണുന്നതിനായി ഇപ്പോള്‍ കാത്തിരിക്കുന്നത് ആയിരക്കണക്കിനാളുകളാണ്. രൂപത-സഭ-മതഭേദമില്ലാതെ അനേകരിലേയ്ക്ക് കടുക് ഇപ്പോള്‍ മാനവീക മൂല്യങ്ങളുടെ സന്ദേശമെത്തിക്കുന്നു.
കഴിഞ്ഞ ജൂണില്‍ മതബോധന വിഭാഗത്തിനായി നിര്‍മ്മിച്ച 'ടീച്ചറമ്മ' എന്ന ഹ്രസ്വചിത്രത്തിന്റെ വിജയമാണു കടുക് ടീമിനു പ്രധാനമായും പ്രചോദനമായതെന്നു അതിരൂപത മീഡിയ കമ്മീഷന്‍ സെക്രട്ടറിയായ ഫാ. പ്രതീഷ് കല്ലറയ്ക്കല്‍ പറഞ്ഞു. ഹ്രസ്വചിത്രങ്ങളിലൂടെ സുവിശേഷസന്ദേശം പ്രചരിപ്പിക്കുക എന്ന ചിന്ത നേരത്തെയുണ്ടായിരുന്നു. ടീച്ചറമ്മയ്ക്കു കിട്ടിയ സ്വീകരണവും അതിന്റെ നിര്‍മ്മാണത്തോടെ രൂപപ്പെട്ട കൂട്ടായ്മയും പുതിയ സംരംഭങ്ങളെ കുറിച്ചു ചിന്തിക്കുന്നതിനു പ്രചോദനമായി. അങ്ങനെയാണു വെബ് സീരീസ് എന്ന ആശയത്തിലേക്കു വരുന്നത്.
ആദ്യം വാട്‌സാപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒന്നര മിനിറ്റുള്ള ഫിലിമാണു ചെയ്തത്. അതു സ്വീകരിക്കപ്പെട്ടു. ഏതു സമയത്തും എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ യുട്യൂബില്‍ ഇടണമെന്ന അഭിപ്രായമുയര്‍ന്നു. അങ്ങനെ യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. അയ്യായിരത്തോളം പേരാണ് ആദ്യ എപ്പിസോഡുകള്‍ തുടക്കത്തില്‍ കണ്ടത്. പിന്നീട് പ്രേ ക്ഷകരുടെ എണ്ണം ഉയരാന്‍ തുടങ്ങി. ഇപ്പോള്‍ ശരാശരി ഇരുപതിനായിരം പ്രേക്ഷകര്‍ ഓരോ എപ്പിസോഡിനുമുണ്ട്. കേട്ടറിഞ്ഞ് പഴയ എപ്പിസോഡുകള്‍ കാണാന്‍ ദിനവും പുതിയ പ്രേക്ഷകരെത്തുന്നു.
ഫാ. ഫിജോ ആലപ്പാടനാണ് കടുക് എപ്പിസോഡുകളുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കാലടി സംസ്‌കൃത സര്‍ വകലാശാലയില്‍ നിന്നു തിയേറ്ററില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേ ഹം അതിരൂപതയുടെ കലാസമിതിയായ കലാസദന്‍ സെക്രട്ടറിയും ചൂലിശ്ശേരി പള്ളി വികാരിയുമാണ്. നിരവധി നാടകങ്ങള്‍ സം വിധാനം ചെയ്തിട്ടുണ്ട്.


മീഡിയ കമ്മീഷന്‍ സെക്രട്ടറിയും ഒളരി പള്ളി അസി. വികാരിയുമായ ഫാ. പ്രതീഷ് കല്ലറയ്ക്കലാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ വിദേശത്തു നിന്നു ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അദ്ദേഹം.
നെല്ലിക്കുന്ന് പള്ളി അസി. വികാരിയായ ഫാ. ഗ്രിജോ വിന്‍സെന്റ് മുരിങ്ങാത്തേരി സംഗീത വിഭാഗം നോക്കുന്നു.
ഇത് ക്യാമറയ്ക്കു പിന്നിലെ കാര്യം. ക്യാമറയ്ക്കു മുമ്പിലോ? ഇവര്‍ മൂന്നു പേരും തന്നെ. രണ്ടു പേര്‍ അഭിനയിക്കുമ്പോള്‍ ഒരാള്‍ ക്യാമറ പിടിക്കും. മൂന്നു പേരും കൂടി അഭിനയിക്കേണ്ട രംഗമാണെങ്കില്‍ ക്യാമറ ട്രൈപോഡില്‍ വയ്ക്കും.
ചിലപ്പോള്‍ മറ്റുള്ളവരുടെ സഹായവും തേടാറുണ്ട്.
കൂടുതല്‍ പേരെ അരങ്ങിലും അണിയറയിലും ഉള്‍പ്പെടുത്തി വെബ് സീരീസ് കുടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആലോചനകളുണ്ട്. പക്ഷേ, പണം ഉള്‍പ്പെടെയുള്ള പരിമിതികളുണ്ട്. ഒരുപാടു പേരെ പ്രതിഫലം നല്‍കി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നര്‍ത്ഥം. ഈ കൂട്ടായ്മയുടെ ഉദ്ദേശ്യവും സാദ്ധ്യതകളും പരിമിതികളും മനസ്സിലാക്കി, തങ്ങളുടെ 'തരംഗദൈര്‍ഘ്യത്തില്‍' ചിന്തിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തുകയാണു കരണീയമെന്ന് ഫാ. പ്രതീഷ് പറഞ്ഞു.
കടുക് പ്രഥമമായും പ്രധാനമായും സുവിശേഷപ്രഘോഷണമാണ് എന്നു ഫാ. പ്രതീഷ് പറഞ്ഞു. ഞായറാഴ്ചത്തെ സുവിശേഷഭാഗത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണു കഥകള്‍ രൂപപ്പെടുത്തുന്നത്. ആ സുവിശേഷഭാഗത്തിലെ ഒരു പ്രധാന വാക്യമാണ് ഓരോ എപ്പിസോഡുകളുടെയും ക്ലൈമാക്‌സ് എന്നു പറയാം.
ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവരുടെ കൈകളില്‍ സദാസമയവും സ്മാര്‍ട്ട് ഫോണുണ്ട്. ദിനം തോറും മണിക്കൂറുകള്‍ ആളുകള്‍ നവമാധ്യമങ്ങളില്‍ ചിലവഴിക്കുന്നു. ആളുകള്‍ സമയം ചിലവഴിക്കുന്നിടത്തേയ്ക്ക് കടന്നു ചെല്ലുക, അവര്‍ ശീലിച്ചിരിക്കുന്ന രീതികളില്‍ അവരോടു സംവദിക്കുക – ഇതാണു കടുക് വെബ്‌സീരീസിലൂടെ ചെയ്യുന്നതെന്നു ഫാ. പ്രതീഷ് വിശദീകരിച്ചു.


മലയാളത്തില്‍ പെട്ടെന്നു ജനപ്രീതി നേടുന്നത് നര്‍മ്മം കലര്‍ന്ന വെബ് സീരീസുകളാണ്. നര്‍മ്മത്തിനാണ് കടുക് സീരീസിലും പ്രാധാന്യം. തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്നവരാണ് കഥാപാത്രങ്ങള്‍. ആ സംഭാഷണശൈലിയും അതിലെ നര്‍മ്മവും നിനച്ചിരിക്കാത്ത നേരത്തു വന്നു പതിക്കുന്ന ഇടിവെട്ടു പോലുള്ള സന്ദേശങ്ങളും കടുകിനെ ആകര്‍ഷകമാക്കുന്നു. നര്‍മ്മത്തിനപ്പുറം സെന്റിമെന്റ്‌സിനു പ്രാധാന്യം നല്‍കുന്ന എപ്പിസോഡുകളും ചിലപ്പോള്‍ വരുന്നുണ്ട്.
തുടക്കത്തില്‍ മൊബൈല്‍ ഫോണിലായിരുന്നു ചിത്രീകരണം. പ്രേക്ഷകര്‍ കൂടിയതോടെ ഗുണമേന്മ കൂട്ടാന്‍ കടുക് ടീം നിര്‍ബന്ധിതരായി. പ്രൊഫഷണല്‍ ക്യാമറയില്‍ ആണ് ഇപ്പോള്‍ ചിത്രീകരണം. മുമ്പ് ചിത്രീകരണവും എഡിറ്റിംഗും കൂടി ഒരു ദിവസം കൊണ്ട് ജോലികളെല്ലാം തീര്‍ക്കുമായിരുന്നെങ്കില്‍ ഇപ്പോഴത് രണ്ടും ചിലപ്പോള്‍ മൂന്നും ദിവസത്തെ ജോലിയായി മാറിയിട്ടുണ്ട്. അതിരൂപതയുടെ മീഡിയ കത്തോലിക്ക സ്റ്റുഡിയോയിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്നത്.
കടുക് വെബ്‌സീരീസ് ഗുണമേന്മയോടെ തുടര്‍ന്നു ചെയ്യുക എന്നതു തന്നെയാണു പ്രധാന ലക്ഷ്യമെന്നു ഫാ. പ്രതീഷ് പറഞ്ഞു. ഈ വെബ്‌സീരീസ് കൂടാതെ മറ്റ് ഹ്രസ്വചിത്രങ്ങള്‍ കൂടി ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ, സീരിസിന്റെ ജോലികള്‍ തന്നെ സാമാന്യം നല്ല അദ്ധ്വാനവും സമയവും ആവശ്യപ്പെടുന്നതായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടക്കത്തില്‍ എല്ലാ വെള്ളിയാഴ്ചയും ഇത് ചെയ്യണമെന്ന നിശ്ചയമൊന്നും ഇല്ലായിരുന്നു. കഥ കിട്ടുന്നതനുസരിച്ചും സാഹചര്യം ഒത്തു വരുന്നതനുസരിച്ചും ചെയ്യാം എന്നായിരുന്നു പരിപാടി. കഥ ഒത്തു കിട്ടുന്നില്ലെങ്കില്‍ ആ ആഴ്ച ചെയ്യേണ്ടതില്ല എന്ന ലാഘവ ബുദ്ധിയോടെയാണു തുടങ്ങിയത്. പക്ഷേ ഇപ്പോള്‍ എല്ലാ വെള്ളിയാഴ്ചയും കൃത്യസമയത്ത് ആ ആഴ്ചയിലെ എപ്പിസോഡ് റിലീസ് ചെയ്തില്ലെങ്കില്‍ നൂറു കണക്കിനാളുകള്‍ വിളിച്ചു ചോദിക്കുന്ന സ്ഥിതിയായി. അത്രയധികം പേര്‍ കാത്തിരിക്കുന്നതിനാല്‍ ഇതു മുടക്കാന്‍ പാടില്ല എന്നത് ഒരു വെല്ലുവിളിയും പ്രചോദനവുമായി മാറിയിട്ടുണ്ട്.
ഈ ലോക്ഡൗണ്‍ കാലത്തു പള്ളിയില്‍ ഒരു പ്രസംഗം പറഞ്ഞാല്‍ കേള്‍ക്കാന്‍ പോകുന്നത് ഏതാനും പേര്‍ മാത്രമാണ്. ലോ ക്ഡൗണ്‍ അല്ലെങ്കിലും ആ ഇടവകക്കാര്‍ മാത്രം. ഈ വെബ് സീരീസ് ആകട്ടെ അതത് ആഴ്ചകളില്‍ തന്നെ ശരാശരി ഇരുപതിനായിരത്തോളം പേരിലേയ്ക്ക് എത്തുന്നു. യൂട്യൂബിലുള്ളതു കൊണ്ട് പില്‍ക്കാലത്തും ആളുകള്‍ക്കു കാണാം. ഇതൊരു ചെറിയ കാര്യമല്ല. അതുകൊണ്ട് ഇതിനു വേണ്ടിയുള്ള അദ്ധ്വാനം സംതൃപ്തി തന്നെയാണു പകരുന്നതെന്ന് കടുക് സംഘാംഗങ്ങള്‍ പറയുന്നു.
കാലഘട്ടത്തിനനുസരിച്ചു സന്ദേശം മാറുന്നില്ല, എന്നാല്‍ സന്ദേശം നല്‍കുന്ന രൂപങ്ങള്‍ മാറാം, മാറണം. ഇത് നവമാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ആളുകളുടെ ആസ്വാദന ശീലങ്ങളെ മാറ്റി മറിച്ചിരിക്കുന്ന ഡിജിറ്റല്‍ യുഗമാണ്. ഇവിടെ പ്രസംഗപീഠങ്ങ ളില്‍ നിന്നുള്ള പ്രസംഗങ്ങള്‍ മാത്രം മതിയാകില്ല. ദൈവശാസ്ത്രവും ഇതര വിജ്ഞാനശാഖകളേയും ഉപയോഗപ്പെടുത്തുന്ന പ്രബന്ധങ്ങളും പോരാതെ വരും. അവിടെയാണ് ഹ്രസ്വചിത്രങ്ങളുടേയും വെബ്‌സീരീസുകളുടെയും പ്രസക്തി. അതു മനസ്സിലാക്കുകയും അതിനോടു ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുകയാണ് കടുക്.
തൃശൂര്‍ അതിരൂപതയുടെ മീഡിയ കത്തോലിക്ക എന്ന യൂട്യൂബ് ചാനലില്‍ കടുകിന്റെ എപ്പിസോഡുകള്‍ കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org