വെറുപ്പിന്റെ രീതിശാസ്ത്രം

വെറുപ്പിന്റെ രീതിശാസ്ത്രം
നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആപ്തവാക്യത്തിന്റെ പ്രഘോഷകരായി ലോകത്തെമ്പാടും കീര്‍ത്തി നേടിയ ഒരു രാജ്യത്ത്, വെറുപ്പിന്റെ, വിഭാഗീയതയുടെ വംശീയതയുടെ വിത്തുകള്‍ മുളച്ചു വരുന്ന ഭീതിജനകമായ രംഗം തിരശ്ശീല നീക്കി അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. തൊട്ടകലെ സമാധാന കാംക്ഷികളായ ഇന്ത്യക്കാരെ കാത്തിരിക്കുന്ന അപകടകരമായ ഗര്‍ത്തത്തിന്റെ അപായസൂചനകളാണിതെന്നുള്ള യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്.

അഞ്ചഞ്ചര നാഴിക നേരം

എഞ്ചിഞ്ചിന്‍ പണി ചെയ്‌തോരെല്ലാം

പഞ്ചാരപാലുമിഠായി നുണഞ്ഞു

മൊഞ്ചമുള്ളവരായി തീരുന്നയ്യാ.....

1950-കളില്‍, ഞാനന്ന് കൊല്ലം ശക്തികുളങ്ങര സെന്റ് ലിയോണ്‍സ് പ്രൈമറി സ്‌കൂളില്‍ പഠിതാവ്. ഇടവേളയ്ക്കു മണിയടിക്കുമ്പോള്‍, പള്ളിക്കൂടത്തിന്റെ കിഴക്കുവശത്ത് മറ്റൊരു മണി ശബ്ദം കൂടി കേള്‍ക്കും. തലയില്‍ വട്ടക്കെട്ടും നെറ്റിയില്‍ നിസ്‌കാരത്തഴമ്പും, വെട്ടിയൊതുക്കിയ താടിയും, കൈയുള്ള ബനിയനും ധരിച്ച്, മുട്ടിനു താഴെ നില്‍ക്കുന്ന ശംഖുമാര്‍ക്ക് കൈലിയുടുത്ത്, അരയില്‍ പച്ച ബെല്‍റ്റ് കെട്ടിയ ഒരു മദ്ധ്യവയസ്‌കന്‍. തോളത്ത് ചാരിവച്ച മുളങ്കമ്പിന്റെ അറ്റത്ത് ഭദ്രമായി തേച്ചുപിടിപ്പിച്ച റോസ് നിറത്തിലുള്ള ഒരു തരം മധുരപലഹാരത്തിന്റെ പരസ്യപ്രചരണാര്‍ത്ഥം ഈണത്തില്‍ പാടിയിരുന്ന പാട്ടാണ് ലേഖനത്തിന്റെ തുടക്കത്തില്‍ ചേര്‍ത്തിരിക്കുന്നത്. സു ബ്രഹ്മണ്യനും തോമസും വിശ്വനാഥനും ആന്റണിയും തുടങ്ങി ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ദിവസവും സ്‌കൂളില്‍ വന്നിരുന്നത്. പഠിക്കുന്നതിനെക്കാള്‍ ഉപരി ഇടവേളകളില്‍ വരുന്ന പേരറിയാത്ത പാലുമിഠായിക്കാരനായ മുതലാളി കാക്കായുടെ വരവിനെ പ്രതീക്ഷിച്ചായിരുന്നു. വീട്ടില്‍ നിന്നു ദിനവും രാവിലെ, നിലവിളി ആയുധം ഫലപ്രദമായി എടുത്തുവീശി, അമ്മയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി സംഘടിപ്പിച്ച് കീശയില്‍ ഭദ്രമാക്കി സൂക്ഷിച്ച ചെമ്പുതുട്ടു കാലണകള്‍ (നാലു കാലണ=ഒരു അണ, പതിനാറ് അണ=ഒരു രൂപ) ഭവ്യതയോടെ കൈമാറി, മുതലാളി വലിച്ചു നീട്ടി വട്ടംചുറ്റി തരുന്ന മിഠായി കൂട്ടുകാരുമായി പങ്കുവച്ച് നുണഞ്ഞ് ആസ്വദിച്ച് ആനന്ദിച്ചിരുന്നു. ആ മിഠായിയുടെ മധുരം ഓര്‍ക്കുമ്പോള്‍ ഇന്നും നാവിന്‍ തുമ്പത്തു ഉമിനീരു ഊറിവരുന്നു. ആ വിശിഷ്ടവസ്തു നിര്‍മ്മിച്ച കമ്പനിയോ, വില്ക്കുന്ന വ്യക്തിയോ ആരെന്ന് അന്വേഷിക്കാതെ ഞങ്ങളെല്ലാവരും -ഹിന്ദുവും ക്രിസ്ത്യാനിയും, മുസ്ലീമും- വാങ്ങി നുണഞ്ഞിറക്കിയിരുന്നു. 2022 മാര്‍ച്ച് മാസത്തില്‍, കര്‍ണ്ണാടകം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഒരു നിയമത്തെപ്പറ്റി വായിക്കുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗ്രാമങ്ങളി ലെ നാട്ടുവഴികളിലും, ഇടവഴികളിലും മുഴങ്ങിക്കേട്ടിരുന്ന മണിയടിശബ്ദത്തിന്റെ അകമ്പടിയില്‍ കേട്ടിരുന്ന ഗാനശകലത്തിന്റെ ഈരടികള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു. ഉത്തര്‍പ്രദേശ് തുടങ്ങിയുള്ള സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍, സംഘപരിവാറിന് തുടര്‍ഭരണം ലഭിച്ചതിനെ തുടര്‍ന്നാണ് പൊടുന്നനേ ഇത്തരത്തിലുള്ള ഒരു വിവാദ ഉത്തരവ് കര്‍ണ്ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എന്നിവിടങ്ങളിലെ ഉത്സവക്കാലത്ത്, ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്നതില്‍ നിന്ന് മുസ്ലീം നാമധാരികളായ വ്യാപാരികളെ നിരോധിച്ചു കൊണ്ടുള്ള തീട്ടൂരമായിരുന്നു അത്. നൂറ്റാണ്ടുകളായി കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ആരാധനാലയങ്ങളിലെ - അത് ക്രിസ്ത്യന്‍ ദേവാലയങ്ങളാകട്ടെ ഹിന്ദുക്ഷേത്രങ്ങളാകട്ടെ വര്‍ഷംതോറും നടക്കുന്ന ഉത്സവങ്ങളിലും പെരുന്നാളുകളിലും, മതപരമായ ആചാരാനുഷ്ഠാനപ്രാര്‍ത്ഥനകള്‍ക്കും അഭിഷേകങ്ങള്‍ക്കും ഒപ്പം തന്നെ, വലിയ തോതിലുള്ള വ്യാപാരവ്യവസായ മേളകളും പതിവായി നടത്തിപോരുന്നു. പണ്ടൊക്കെ ഈ ഉത്സവപ്പറമ്പുകളില്‍ അരങ്ങേറുന്ന വ്യാപാര മേളകളില്‍ നിന്നാണ്, ഒരു വര്‍ഷത്തേയ്ക്കുള്ള വട്ടി ചട്ടികലം തുടങ്ങി അരിവാള്‍, കത്തി, മണ്‍വെട്ടി, കോടാലി തുടങ്ങി കാര്‍ഷികോപകരണങ്ങള്‍ വരെ ജനങ്ങള്‍ വാങ്ങിക്കുന്നത്.

ദാവണിപ്രായക്കാരായ തരുണീമണികള്‍ ചാന്ത്, പൊട്ട്, കണ്‍ മഷി, തിരുപ്പന്‍, തുടങ്ങി കുപ്പിവളകള്‍, റിബണ്‍, കണ്ണാടി, ഇത്യാദി സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും കൊച്ചുകുട്ടികള്‍ കടല, കപ്പലണ്ടി, കോലുമിഠായി, ഈന്തപ്പഴം, പീപ്പി, ബലൂണ്‍ തുടങ്ങിയവയും വാങ്ങിയിരുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു. ഉത്സവത്തിന്റെയും പെരുന്നാളിന്റെയും തീയതിയും, സീസണും, അമ്പലപള്ളികമ്മിറ്റിക്കാരെക്കാള്‍ കൃത്യമായി ഓര്‍ത്തുവച്ചിരുന്നത് ഈവക സാധനങ്ങളുടെ ക്രയവിക്രയം നടത്തിയിരുന്നവരായിരുന്നു എന്നു പറഞ്ഞാല്‍ അ തൊട്ടും അതിശയോക്തിയല്ല. പരമ്പരാഗതമായി ഈ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവര്‍, ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരായിരുന്നു. കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തിവന്ന്, വട്ടത്താടിയും നിസ്‌കാരതഴമ്പുമുള്ള ഇസ്ലാമിക വ്യാപാരിക്കു മുമ്പില്‍ കുപ്പിവള തിരുകിക്കയറ്റുന്നതിന് ചിരിച്ചുകൊണ്ട് കൈനീട്ടി നില്ക്കാന്‍ പാര്‍വ്വതിക്കും സരസ്വതിക്കും വൈമുഖ്യമില്ലായിരുന്നു. എന്നാല്‍, ഇന്ന് ഈ അവസ്ഥയ്ക്ക് മെല്ലേയെങ്കിലും മാറ്റം വന്നു കൊണ്ടിരിക്കുന്നു. അസീസിക്കാ കൈകളില്‍ ഇട്ടുകൊടുത്ത കുപ്പിവളകള്‍ കിലുക്കി ആനന്ദ നിര്‍വൃതിയില്‍ സുസ്‌മേരവദനരായി നിന്നിരുന്ന പാവാടപ്രായക്കാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു നാളുകള്‍ കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു. വിവിധ നിറമുള്ള കുപ്പിവളകള്‍ മത്സരിച്ചു കിലുക്കി ശബ്ദമുണ്ടാക്കി, ചിരിച്ചു രസിച്ചിരുന്ന സൈനബ, മേരി, ലക്ഷ്മിമാരുടെ സംഘങ്ങള്‍ ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആപ്തവാക്യത്തിന്റെ പ്രഘോഷകരായി ലോകത്തെമ്പാടും കീര്‍ത്തി നേടിയ ഒരു രാജ്യത്ത്, വെറുപ്പിന്റെ, വിഭാഗീയതയുടെ വംശീയതയുടെ വിത്തുകള്‍ മുളച്ചു വരുന്ന ഭീതിജനകമായ രംഗം തിരശ്ശീല നീക്കി അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. തൊട്ടകലെ സമാധാനകാംക്ഷികളായ ഇന്ത്യക്കാരെ കാത്തിരിക്കുന്ന അപകടകരമായ ഗര്‍ത്തത്തിന്റെ അപായസൂചനകളാണിതെന്നുള്ള യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്.

ജനാധിപത്യവിശ്വാസികളായ, സമാധാനപ്രിയരായ, വിദ്യാഭ്യാസവും വിവേകവും ലോകപരിചയവുമുള്ള ഒട്ടേറെ സുമനസ്സുകള്‍, കര്‍ണ്ണാടക സര്‍ക്കാരിന്റെയും, സംഘപരിവാര്‍ അണികളുടെയും ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ താക്കീതുകള്‍ നല്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍, അപക്വമായ ഇത്തരം വിവാദ നിയമങ്ങള്‍ വഴി ഇന്ത്യന്‍ ജനതയ്ക്കാകമാനം നേരിടേണ്ടിവരുമെന്ന് അവര്‍ ഉദാഹരണസഹിതം മുന്നറിയിപ്പുകള്‍ തരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നവര്‍ പുറപ്പെടുവിച്ച് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഇത്തരം ഉത്തരവുകള്‍ പ്രാവര്‍ത്തികമായാല്‍ നടപ്പിലായാല്‍, അത് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, അതുവഴി മറ്റുരാജ്യങ്ങളില്‍ ഇതു നടപ്പില്‍ വരുത്താന്‍ അവിടങ്ങളിലെ ഭരണാധികാരികള്‍ തുനിഞ്ഞാല്‍, ആയതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരിക ഇന്ത്യയിലെ ഹിന്ദുക്കള്‍ തന്നെയായിരിക്കുമെന്ന് അവര്‍ പറയുന്നു. അബുദാബി, ദുബായ്, ഷാര്‍ജ, അലൈന്‍, കുവൈറ്റ്, മസ്‌ക്കറ്റ്, ഖത്തര്‍ തുടങ്ങി സൗദി അറേബ്യ വരെയുള്ള ഇടങ്ങളില്‍ 1960-കളില്‍ തുടങ്ങി വച്ച്, ഇന്ന് വ്യാപകമായി തീര്‍ന്ന ഇന്ത്യക്കാരുടെ തൊഴില്‍ തേടിയുള്ള തീര്‍ത്ഥാടനത്തിന്, ഇന്ത്യന്‍ ഭരണാധികാരികളുടെ ഇത്തരം വികലനിയമങ്ങള്‍ മൂലം വന്നു സംഭവിക്കാന്‍ പോകുന്ന അപകടത്തിന്റെ ആഴത്തെപ്പറ്റിയാണ് അവരുടെ ആശങ്കകള്‍. സ്വാതന്ത്ര്യാനന്തരം, അഭ്യസ്തവിദ്യരായിരുന്ന ചെറുപ്പക്കാരുടെ മുമ്പില്‍ തൊഴില്‍ ശാലകളിലെ കൂറ്റന്‍ ഇരുമ്പു ഗേറ്റിനുമുമ്പില്‍ തൂക്കിയിരുന്ന 'നോ വേക്കന്‍സി' ബോര്‍ഡുകള്‍, അവരെ നിരാശയുടെ കയത്തില്‍ തള്ളിയിട്ട്, അതില്‍ നിന്നുടലെടുത്ത ക്രോധത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടാതെ കടല്‍ കടന്നുപോയി, ജോലി ചെയ്ത്, കനത്തശമ്പളവും അതുവഴി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും കരതലമാക്കുവാന്‍ സാധിച്ചത്, നിശ്ചയമായിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ തെളിഞ്ഞുവന്ന എണ്ണപ്പാടങ്ങളും, അതുവഴി അവിടെ നിന്ന് ലഭിച്ച ദിറംസും, ദിനാറും, ആണെന്നുള്ള യാഥാര്‍ത്ഥ്യം നിഷേധിക്കുവാന്‍ ആര്‍ക്കു കഴിയും? അന്ന് അവിടങ്ങളിലെ ഭരണാധികാരികള്‍, ഇന്ത്യയില്‍ നിന്നുള്ള തൊഴിലന്വേഷകരിലെ ഇസ്ലാമികവംശജരെ മാത്രം സ്വീകരിക്കുകയും, മറ്റുള്ളവരുടെ അപേക്ഷകള്‍ നിരാകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? തീവെട്ടികളുടെയും പെട്രോമാക്‌സുകളുടെയും ഗ്യാസ്‌ലൈറ്റുകളുടെയും സാന്നിദ്ധ്യമുണ്ടായിരുന്ന അമ്പലത്തിലെ ഉത്സവപ്പറമ്പുകള്‍, ആയിരക്കണക്കിന് വര്‍ണ്ണശമ്പളമായ നിയോണ്‍ വിളക്കുകളുടെ പ്രഭയില്‍, പ്രശോഭിച്ചു നിന്ന്, ആഘോഷങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി മാറിയത്, എണ്ണപ്പണത്തിന്റെ വരവോടുകൂടിയാണെന്നുള്ള പരമാര്‍ത്ഥം ആര്‍ക്കു നിഷേധിക്കുവാന്‍ സാധിക്കും?

ഗള്‍ഫു രാജ്യങ്ങള്‍ പോലെ തന്നെ, അതിനേക്കാള്‍ ഒരുപക്ഷേ അധികമായി ഇപ്പോള്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയുള്ള വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ അഭൂതപൂര്‍വ്വമായ ഒഴുക്കും നമുക്കു കാണാതിരിക്കുവാന്‍ കഴിയുമോ? ഈ രാജ്യങ്ങളെല്ലാം തന്നെ ക്രൈസ്തവരാജ്യങ്ങളാണെന്നുള്ള യാഥാര്‍ത്ഥ്യം നാം ഓര്‍ക്കണം. വാരാന്ത്യങ്ങളില്‍, കാനഡായുടെ പട്ടണത്തെരുവില്‍ ചെന്നാല്‍, നാം പഞ്ചാബിലെ അമൃത്‌സറിലാണോ നില്ക്കുന്നതെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ് ഇന്ന്. കാരണം, തെരുവുകള്‍ മുഴുവന്‍ താടിയും തലപ്പാവും, കൈയില്‍ സ്റ്റീല്‍ വളകളും അണിഞ്ഞ സര്‍ദാര്‍ജിമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈയടുത്തകാലത്ത് പുറത്തുവന്ന കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ നിയമാനുസൃതമായും അല്ലാതെയും ചെന്നുപെട്ട വിദേശികളില്‍ ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലെ റെഡ്ഡിമാരും റാവുമാരും തമിഴ്‌നാട്ടിലെ അയ്യര്‍ അയ്യങ്കാരുമാരുടെയും എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് കാണിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ജീവനുള്ള ഉദാഹരണമാണ് അമേരിക്കയുടെ വൈസ്പ്രസിഡന്റിന്റെ സിംഹാസനത്തില്‍ അവരോധിതയായ പ്രസിഡന്റ് റോമന്‍ കത്തോലിക്കനായ ജോസഫ് ബൈഡനോടൊപ്പം ഭരണചക്രം തിരിക്കുന്ന കമലാ ഹാരിസെന്ന തമിഴ് ശെല്‍വി.

സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായുള്ള അക്രമങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു. പുരോഗമന വിപ്ലവചിന്താഗതിക്കാര്‍ക്ക് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നുള്ള പ്രചരണം വ്യാപകമായിരുന്നു. ഇതു ഒരു പരിധി വരെ പ്രസ്തുത മതവിഭാഗത്തിലുള്ളവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ആയതിന്റെ ഫലമാണ് കഴിഞ്ഞ കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഭാഗം ജനങ്ങള്‍ അധികമുള്ളിടങ്ങളില്‍ ഇടതുപക്ഷത്തിനു ലഭിച്ച സ്വീകാര്യത. എന്നാല്‍ ഫലത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പിനെ തൃണവല്‍ഗണിച്ച് ഒരു തട്ടമിട്ട പെണ്‍കുട്ടി ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ ക്ലാസ്സിക് നൃത്തകലയില്‍ അസാമാന്യ പ്രാവീണ്യം കൈവരിച്ചു. തന്റെ സഹപാഠിയായ ഹിന്ദുയുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഒപ്പം ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നൃത്തപരിപാടി നടത്തുവാന്‍ ചെന്ന വി.പി. മന്‍സിയ എന്ന ശാസ്ത്രീയനര്‍ത്തകിക്ക് ക്ഷേത്രം ഭാരവാഹികള്‍ നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ ഹൈന്ദവവിശ്വാസം സ്വീകരിച്ച്, ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് ജീവിക്കുന്ന മന്‍സിയയെ പൂര്‍വ്വാശ്രമത്തിലെ മതത്തിന്റെ പേരു പറഞ്ഞ് തടയുകയായിരുന്നു. ഈ മഹനീയ കൃത്യം ചെയ്തിരിക്കുന്നത് കൂടല്‍മാണിക്യം ക്ഷേത്രം ഭരിക്കുന്ന ദേവസ്വമാണ്. ദേവസ്വം പ്രസിഡന്റും മറ്റു ബോര്‍ഡ് അംഗങ്ങളും സി.പി.ഐ.(എം.)-ന്റെ അടിയുറച്ച സഖാക്കളാണെന്നുള്ളത് തല്‍ക്കാലം 'യാദൃശ്ചികം' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി നമുക്ക് സമാധാനിക്കാം. ജനിച്ച മതത്തിലും പരിവര്‍ത്തനം ചെയ്യപ്പെട്ട മതത്തിലും ഒരുപോലെ അനഭിമതയായ കലാകാരി സാക്ഷാല്‍ .....നും കടലിനും മദ്ധ്യത്തിലായ അ വസ്ഥയില്‍ പെട്ടു വിഷമിക്കുന്നു.

വീണ്ടും നമുക്ക് പ്രധാന വിഷയത്തിലേക്കു വരാം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍, ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്നോടിയായുള്ള പന്ത്രണ്ടു വിളക്കു മഹോത്സവം പ്രസിദ്ധമാണ്. പന്ത്രണ്ടു ദിവസം നീണ്ടു നില്ക്കുന്ന പ്രധാന ഉത്സവം കഴിഞ്ഞാലും, രണ്ടു മാസത്തോളം ക്ഷേത്രമൈതാനത്തു വ്യാപാര വ്യവസായ പ്രദര്‍ശനവും വില്പനയും നീണ്ടു നില്‍ക്കും. ഇവിടത്തെ വ്യാപാരികള്‍ തൊണ്ണുറൂ ശതമാനവും ഇസ്ലാമിക വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇതുവഴി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാമൂര്‍ത്തിയായ പരബ്ര ഹ്മത്തിന് എന്തെങ്കിലും അനിഷ്ടം ഉണ്ടായതായി ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടില്ല. ഇതു തന്നെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലും സ്ഥിതി. അവിടെയും മുസ്ലീം വ്യാപാരികള്‍ വ്യാപരിച്ചതില്‍ നൈഷ്ഠിക ബ്രഹ്മചാരിയായ സാക്ഷാല്‍ ശ്രീ ശബരിമല ധര്‍മ്മശാസ്താവ് അല്പം പോലും വൈമനസ്യം പ്രകടിപ്പിച്ചതായി ഇതുവരെ ചരിത്രമില്ല. ഒപ്പം തന്റെ ചാരത്തു തന്നെ ഇഷ്ടസുഹൃത്തായ വാവരു സ്വാമി കുടിയിരിക്കുന്നതില്‍, വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി കല്ലും മുള്ളും കാലുക്ക് മെത്തയായി വരുന്ന സ്വാമിമാര്‍ക്ക് സന്തോഷമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ.

ഇന്ത്യയിലെ ജനസംഖ്യയില്‍ 84% പേരും ഹിന്ദുക്കളാണ്. ബാക്കി 16% ആളുകളെ ചൂണ്ടിക്കാട്ടി, അവരാണ് അപകടകാരികള്‍ എന്ന മുദ്രവാക്യം ഉയര്‍ത്തി, ഹിന്ദുവിനോട് ഉണരാന്‍ പറഞ്ഞു. 2014-ല്‍ ഹിന്ദു അങ്ങനെ ഉണര്‍ന്നു. ഇന്ന് 2022-ല്‍ എത്തി നില്ക്കുമ്പോള്‍ എന്താണ് നമ്മുടെ അവസ്ഥ? ഇന്ത്യക്കാരന്റെ അടുക്കളയില്‍ 360 രൂപയ്ക്ക് കിട്ടിയിരുന്ന പാചകവാതകം 1100 രൂപയ്ക്കു മുകളിലേക്ക് ഉയരുന്നു. 60 രൂപയ്ക്ക് ലഭിച്ചിരുന്ന പെട്രോള്‍ 125-ല്‍ എത്തിച്ചേരാന്‍ അധികനേരം വേണ്ടെന്നു തോന്നുന്നു.

മതന്യൂനപക്ഷങ്ങളോടുള്ള എതിര്‍പ്പും അവഗണനയും ഒരു തുറുപ്പു ചീട്ടാക്കി മാറ്റി സംസ്ഥാന കേന്ദ്രഭരണ സ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കിയ ചിത്രം നമ്മുടെ മുന്നില്‍ നന്നായി തെളിഞ്ഞു നില്ക്കുന്നു. കിട്ടിയ ഭരണം സ്ഥിരമായി ഉറപ്പിക്കുന്നതിനും, ബാക്കിയുള്ളിടങ്ങളിലെ അധികാര കസേരകള്‍ സ്വായത്തമാക്കുന്നതിനും, ദൈനംദിനം പുത്തന്‍ പ്രതിലോമ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു. സവര്‍ണ്ണവരേണ്യ വിഭാഗത്തിലെ അതിബുദ്ധിജീവികളുടെ മൂശയില്‍ ഉരുത്തിരിഞ്ഞു വന്ന ഈ വിനാശകരമായ ചിന്തയില്‍, കഥയറിയാതെ ആട്ടം കണ്ടു രസിച്ചു പക്ഷം ചേരുന്ന ഇന്ത്യയിലെ ദലിത് പിന്നാക്ക ആദിവാസികള്‍ ഉള്‍പ്പെടെയുള്ള 'ഹിന്ദുക്കള്‍' ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നുണ്ടോ? ഇതിനെ സംബന്ധിച്ച്, കര്‍ണ്ണാടകത്തിലെ സംഘപരിവാര്‍ ഭരണകൂടത്തിന് മുന്‍ കോണ്‍ഗ്രസ് മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗേ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് മെച്ചപ്പെട്ട സേവനവേതനവ്യവസ്ഥകള്‍ നല്‍കി, തൊഴില്‍ നല്‍കി അതുവഴി കോടിയില്‍പരം ഇന്ത്യക്കാരുടെ വീടുകളില്‍ സുഖജീവിതം പ്രദാനം ചെയ്യുന്ന ഒരു വ്യക്തിയെ നാം ഓര്‍ക്കണം. വിവരസാങ്കേതിക വ്യവസായ രംഗത്തെ ലോകത്തിലെ മുന്തിയസ്ഥാപനങ്ങളിലൊന്നായ വിപ്രോയുടെ ഉടമ അസീം പ്രേംജി ഒരു മുസല്‍മാനാണെന്നുള്ള കാര്യം ഇവര്‍ വിസ്മരിക്കുന്നു. ഒരു സുപ്രഭാതത്തില്‍, മുസല്‍മാന്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ അസീം പ്രേംജി തീരുമാനമെടുത്താല്‍ എന്തായിരിക്കും സംഘപരിവാറിന്റെ പ്രതികരണം, പ്രവാസി വ്യവസായി എം.എ. യൂസഫ് അലിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഹിന്ദു സഹോദരങ്ങളെ അങ്ങനെ നമുക്ക് മറക്കുവാന്‍ കഴിയുമോ?

ഇത്തരം ചോദ്യങ്ങള്‍ സമൂഹത്തിലെ സമാധാനപ്രിയരും, വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പരിണതപ്രജ്ഞരായ പ്രമുഖര്‍ ഉന്നയിക്കുമ്പോള്‍, സംഘപരിവാര്‍ നേതാക്കള്‍ നല്കുന്ന മറുപടികളും നാം കാണാതെ പോകരുത്. എണ്ണപ്പണത്തിന്റെ മാസ്മരികതയില്‍, മദ്ധ്യപൂര്‍വ്വേഷ്യയില്‍ ഏതാനും ഇസ്ലാമിക രാഷ്ട്രങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ സംഭവിച്ച അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ലോകത്തിലെ എല്ലാവിധ ആധുനിക സുഖസൗകര്യങ്ങളും അവിടത്തെ ജനങ്ങള്‍ ആസ്വദിച്ച്, അനുഭവിച്ചും ആനന്ദിച്ചും കഴിഞ്ഞുകൂടുന്നു. എന്നാല്‍ ഉടുക്കാന്‍ തുണിയില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, കിടക്കാന്‍ ഇടമില്ലാതെ, പണിയെടുക്കാന്‍ തൊഴിലില്ലാതെ കോടിക്കണക്കിന് ജനങ്ങള്‍ ലോകത്തിലെ മറ്റു പല രാഷ്ട്രങ്ങളിലുമുണ്ട്. ഈ ജനതയും ഇസ്ലാം മതാനുയായികളാണ്. സമ്പന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍, അവരുടെ വാതായനങ്ങള്‍ ഇവരുടെ നേരേ ഭംഗ്യന്തരേണ അടയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ ക്രൈസ്തവ ഭരണകൂടങ്ങള്‍ അവരുടെ അതിര്‍ത്തികളില്‍ ഈ പട്ടിണിക്കോലങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിച്ച് അവര്‍ക്കാവശ്യമായത് നല്കി വരുന്നു. ആഗോള കത്തോലിക്കാസഭയുടെ തലവന്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ''അവര്‍ നിങ്ങളുടെ സഹോദരങ്ങള്‍'' എന്ന് ഉദ്‌ബോധിപ്പിച്ചതിന്റെ പേരിലാണ് ക്രിസ്തീയതയിലൂന്നിയ ജീവകാരുണ്യ പ്രവൃത്തിക്ക് അവര്‍ മുമ്പോട്ടു വന്നത്. നിര്‍ഭാഗ്യവശാല്‍ അഭയാര്‍ത്ഥികളോടൊപ്പം മതതീവ്രവാദികള്‍ ഇവിടങ്ങളിലേക്ക് നുഴഞ്ഞുകയറി, അഭയം നല്കിയവന്റെ തലയറുക്കുന്ന ഭീകരസംഭവങ്ങള്‍ നാം അച്ചടിദൃശ്യമാധ്യമങ്ങളില്‍ കൂടി കണ്ടും കേട്ടും അറിഞ്ഞുകൊണ്ടിരിക്കുന്നു. അന്നം കൊടുത്ത കൈയില്‍ തിരിഞ്ഞു കടിക്കുന്ന ഇത്തരം പൈശാചിക പ്രവൃത്തികളെ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുമതമൗലിക വാദികള്‍, അവരുടെ ഇസ്ലാമിക വിരോധത്തിനു സാധൂകരണം നല്‍കുന്നത്. ശ്രവ്യമാത്രയില്‍ ഇവര്‍ പറയുന്നതില്‍ കുറെയൊക്കെ ശരികളില്ലേ എന്ന് നിഷ്പക്ഷമതികള്‍ക്കു തോന്നിയാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും? കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമുള്ള ചില ഇസ്ലാമിക പണ്ഡിതന്മാര്‍, വിശേഷിച്ച് ക്രൈസ്തവര്‍ക്ക് എതിരായി നടത്തുന്ന മ്ലേഛമായ ആക്രോശങ്ങളുടെ ആഡിയോ വീഡിയോ ക്ലിപ്പിംഗുകള്‍ സംഘപരിവാര്‍ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നു. പാലുകൊടുക്കുന്ന കൈയ്ക്ക് തിരിഞ്ഞുകൊത്തുന്ന പാമ്പുകള്‍ ഇന്ത്യയില്‍ ഭാവിയില്‍ ഉദയം ചെയ്യാതിരിക്കുവാനാണ് ഞങ്ങള്‍ ഇപ്പോള്‍ ഇത്തരം നടപടികള്‍ എടുക്കുന്നത് എന്നാണ് ഹിന്ദുതീവ്രവാദഗ്രൂപ്പ് ഉയര്‍ത്തുന്ന പ്രതിരോധന്യായം. 2021 ഡിസംബര്‍ അവസാനം ചെറുപ്പക്കാരനായ ഒരു ഇസ്ലാമിക ഉസ്താദ് രക്ഷകനായ യേശുക്രിസ്തുവിന്റെ സ്മരണ പുതുക്കുന്ന ക്രിസ്മസിനെ സംബന്ധിച്ച് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയായില്‍ വൈറലായത് നാമൊക്കെ കണ്ടതാണ്. ഈ നിമിഷം വരെ, മ്ലേച്ഛവും പ്രകോപനപരവുമായ ഈ പ്രസംഗം നടത്തിയ ഉസ്താദിനെതിരെ ഒരു ശ്വാസം കൊണ്ടു പോലും ഇസ്ലാമിക സമൂഹത്തിലെ ഉന്നതര്‍ ശാസന പുറപ്പെടുവിക്കാതിരുന്ന അവസ്ഥ എന്തിന്റെ സൂചനയാണ് നല്കുന്നത്? കുടുംബം പുലര്‍ത്തുന്നതിന് ഹോം നഴ്‌സിന്റെ ജോലിക്കായി ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിനി, പാലസ്തീന്‍ പോരാളികളുടെ മിസൈല്‍ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം ഓര്‍ക്കുന്നുണ്ടാവും. ആ മലയാളി സഹോദരിക്ക് സംഭവിച്ച ദുര്യോഗത്തില്‍ ഇന്ത്യയിലെ പൊതുസമൂഹം ആശങ്കയുണര്‍ത്തി, സന്തപ്തകുടുംബത്തിന് ആശ്വാസവചനങ്ങള്‍ നേര്‍ന്നപ്പോള്‍ ആ യുവതിയെയും കുടുംബത്തെയും വൃത്തികെട്ട ഭാഷയില്‍ ആക്ഷേപിച്ചുകൊണ്ട് ധാരാളം പോസ്റ്ററുകള്‍ നവമാധ്യമത്തില്‍ ഇടുന്നതിന് മുന്നിട്ടിറങ്ങിയത് ഇസ്ലാമികനാമധാരികളായിരുന്നു. കാരണം, മരണപ്പെട്ട നിര്‍ഭാഗ്യവതിയായ യുവതി ഒരു ക്രിസ്ത്യാനിയായിരുന്നു. മനുഷ്യത്വരഹിതമായ ഇത്തരം നടപടികളില്‍ നിന്ന് അവരെ വിലക്കുന്നതിന് ഇസ്ലാമിക സമൂഹത്തില്‍ നിന്നും ആരും തന്നെ കാര്യമായി മുന്നോട്ടു വരാതിരുന്നതിനെ സംബന്ധിച്ച് എന്തു ന്യായീകരണമാണ് നല്കാനുള്ളത്?

നൂറ്റാണ്ടുകളായി ഇന്ത്യയില്‍ എല്ലാ മതവിഭാഗങ്ങളും ഏകോദരസഹോദരങ്ങളെപോലെ ജീവിച്ചു വരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യമാണ് നമ്മുടെ മുദ്രാവാക്യം. അതിന്റെ സാധൂകരണമായിരുന്നു ഇവിടെ നില നിന്നിരുന്ന സാഹോദര്യവും സ്‌നേഹവും അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുവാനാണ് ഈ പ്രതിലോമശക്തികള്‍ കരുക്കള്‍ നീക്കുന്നത്. ഇവരുടെ ഉദ്യമങ്ങള്‍ വിജയിച്ചാല്‍ സര്‍വ്വനാശമാണ് ഫലം എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്. സിലോണെന്ന ശ്രീലങ്കയുടെ നെറ്റിയില്‍ ഐശ്വര്യത്തിന്റെ ശ്രീകുറി ചാര്‍ത്തുവാന്‍ അശ്രാന്തപരിശ്രമം നടത്തിയവരില്‍ മുമ്പന്തിയിലായിരുന്നു അവിടത്തെ തമിഴ് വംശജര്‍. അവരെ ഉന്മൂലനം ചെയ്യുവാന്‍ വംശീയതയുടെ തുറുപ്പ് ചീട്ടു ഇറക്കിക്ക ളിച്ച രാഷ്ട്രീയക്കാര്‍ക്ക് ചൂടും ചൂരും നല്‍കി ഒപ്പം നിന്നത് അംഹിസയുടെ അപ്പോസ്തലന്മാരായിരുന്ന ബുദ്ധസന്ന്യാസികളായിരുന്നു. തമിഴരെ കൂട്ടക്കൊല ചെയ്ത്, ഉന്മൂലനാശം പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങിയിറങ്ങി, അതുവഴി അധികാരസോപാനത്തില്‍ വാണരുളിയ രജപക്‌സെയും കുടുംബവും ശ്രീലങ്കയ്ക്ക് ഏല്പിച്ച ആഘാതം നമ്മുടെ തൊട്ട് അയല്‍പക്കത്തുണ്ട്. 2014-ലെ തിരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ചത്. ഇന്ത്യയിലെ ഹിന്ദു ഉണര്‍ന്നതിന്റെ ഫലമാണെന്ന് പെരുമ്പറയടിച്ച് ഉദ്‌ഘോഷിക്കുന്നവരോട് സൗമ്യമായി ഒന്നു ചോദിച്ചുകൊള്ളട്ടെ; ഇന്ത്യയിലെ ജനസംഖ്യയില്‍ 84% പേരും ഹിന്ദുക്കളാണ്. ബാക്കി 16% ആളുകളെ ചൂണ്ടിക്കാട്ടി, അവരാണ് അപകടകാരികള്‍ എന്ന മുദ്രവാക്യം ഉയര്‍ത്തി, ഹിന്ദുവിനോട് ഉണരാന്‍ പറഞ്ഞു. 2014-ല്‍ ഹിന്ദു അങ്ങനെ ഉണര്‍ന്നു. ഇന്ന് 2022-ല്‍ എത്തിനില്ക്കുമ്പോള്‍ എന്താണ് നമ്മുടെ അവസ്ഥ? ഇന്ത്യക്കാരന്റെ അടുക്കളയില്‍ 360 രൂപയ്ക്ക് കിട്ടിയിരുന്ന പാചകവാതകം 1100 രൂപയ്ക്കു മുകളിലേക്ക് ഉയരുന്നു. 60 രൂപയ്ക്ക് ലഭിച്ചിരുന്ന പെട്രോള്‍ 125-ല്‍ എത്തിച്ചേരാന്‍ അധികനേരം വേണ്ടെന്നു തോന്നുന്നു. ഈ ലേഖനം അച്ചടിച്ചുവരുന്ന പത്രക്കടലാസിന്റെ വിലയില്‍ നൂറുശതമാനം വര്‍ദ്ധനവാണ് ഈ കാലയളവില്‍ ഉണ്ടായത്. ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ലഭിച്ചിരുന്ന സംവരണാനുകൂല്യം ഒരു മരീചികയാകുവാന്‍ പോകുന്നു. കാരണം, കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, സവര്‍ണ്ണവരേണ്യരായ കോര്‍പ്പറേറ്റുകളില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനും തീവില. ക്രമസമാധാനത്തിന്റെ കാര്യം പറയുക വയ്യ. അപ്പോള്‍ എവിടെയാണ് തകരാറ്? ആരാണ് കാരണക്കാര്‍? ഹിന്ദു ഉറക്കം വിട്ടുണര്‍ന്നിട്ട് എന്തേ അവന്റെ കഞ്ഞിയില്‍ വീണ്ടും വീണ്ടും മണ്ണു വീണുകൊണ്ടിരിക്കുന്നത്? ഇതിനൊക്കെ എന്താണ് ഒരു പ്രതിവിധി? നമുക്ക് എല്ലാവര്‍ക്കും ഒന്നുറക്കെ ചിന്തിക്കേണ്ട സമയം അധികരിച്ചില്ലേ. പാക്കിസ്ഥാനും ശ്രീലങ്കയും നല്കുന്ന പാഠങ്ങള്‍ നാം കാണാതെ പോകുന്നത് നല്ലതാണോ? പാശ്ചാത്യ ക്രൈസ്തവരാജ്യങ്ങളും, ഇസ്ലാമിക എണ്ണയുല്പാദന രാജ്യങ്ങളും വെറുപ്പിന്റെ രീതിശാസ്ത്രം മുദ്രാവാക്യമായി അംഗീകരിച്ച്, അതുമായി മുന്നോട്ടു പോയാല്‍ പ്രവാസികളായ കോടിക്കണക്കിന് ഇന്ത്യക്കാരന്റെ അവസ്ഥ എന്തായിരിക്കും? തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ തൊട്ടു തൊട്ടില്ലായെന്ന മട്ടില്‍ ചാഞ്ചാടി നില്ക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഉറുപ്പികയുടെ ഭാവി എന്തായിത്തീരും? ഗാന്ധിചിത്രം ആലേഖനം ചെയ്ത കറന്‍സി വെറും കടലാസിന്റെ തലത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥ ഹൈന്ദവ സമൂഹത്തിന് ഗുണകരമാണോ? ചിന്തിക്കുക, ഉണര്‍ന്നു ചിന്തിക്കുക, ജയ്ഹിന്ദ്!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org