സ്വവര്‍ഗ വ്യക്തികളുടെ ചക്രവാളങ്ങളും സഭയുടെ അജപാലന ദൗത്യവും

സ്വവര്‍ഗ വ്യക്തികളുടെ ചക്രവാളങ്ങളും സഭയുടെ അജപാലന ദൗത്യവും

ആശീര്‍വാദം ചോദിക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും ദൈവത്തിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും ഫലം ജീവിതത്തില്‍ മനസ്സിലാക്കുകയും, ജീവിതത്തില്‍ ക്രിസ്തുവിന്റെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതു തന്നെയാണ് സഭയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ആത്മവിശ്വാസവും.

'മണവാളന്‍ കൂടെയുള്ളപ്പോള്‍ ഉപവസിക്കേണ്ടതില്ല' എന്ന യേശുവിന്റെ പ്രഖ്യാപനം പലപ്പോഴും യഹൂദ വിശ്വാസം അണുവിട അറിയാമെന്നു വാദിക്കുന്ന കപടരായ ഫരിസേയര്‍ക്കും യഹൂദ പ്രമാണികള്‍ക്കും പുരോഹിതര്‍ക്കും ആശയക്കുഴപ്പത്തിനും ഉതപ്പിനും വഴി തെളിച്ചിട്ടുണ്ട്. ക്രിസ്തു പറയുന്ന വാക്യങ്ങളുടെ ആന്തരികാര്‍ത്ഥം മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഇത്തരത്തിലുള്ള അധികാര വര്‍ഗത്തിന്റെ ബുദ്ധിമാന്ദ്യം പലപ്പോഴും ആ മതത്തിലെ പുരോഗമന ചിന്തകളെയും താത്വിക വളര്‍ച്ചയെയും നശിപ്പിക്കുകയും സംസ്‌കാരത്തിനും മനുഷ്യര്‍ക്കും മുകളിലാണ് പാരമ്പര്യം എന്നുള്ള അബദ്ധ സിദ്ധാന്തം സാധാരണ മനുഷ്യരില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ മേലുള്ള അവരുടെ ആരോപണം തന്നെ അവന്‍ യഹൂദ പാരമ്പര്യത്തില്‍നിന്നു വ്യതിചലിച്ചു യഹോവയ്ക്കു വിരുദ്ധമായവ ചെയ്യുകയും അതുവഴി ദൈവദൂഷണം പറയുകയും ചെയ്യുന്നു എന്നതാണ്. ക്രിസ്തുവിന്റെ കുരിശുമരണം പോലും ഇത്തരത്തിലുള്ള ആശയ കുഴപ്പ പ്രസ്താവനയുടെ അനന്തരഫലമാണ്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി സ്ഥാനാരോഹണം ചെയ്തതു മുതല്‍ എടുത്ത പല തീരുമാനങ്ങളും ആശയക്കുഴപ്പങ്ങള്‍ക്കും ഉതപ്പിനും വഴിതെളിച്ചു എന്നതാണ് പലരുടെയും വാദം. തീര്‍ച്ചയായിട്ടും സഭയിലെ ഇത്തരത്തിലുള്ള പ്രമാണികള്‍ക്കും പാരമ്പര്യവാദികള്‍ക്കും അവരെ പിന്താങ്ങുന്ന ചില അല്‍മായ വ്യക്തികള്‍ക്കും അദ്ദേഹത്തിന്റെ വാക്കുകള്‍ ആശയകുഴപ്പത്തിനും ഉതപ്പിനും കാരണമായിട്ടുണ്ട്. ആശയ കുഴപ്പം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു പ്രഖ്യാപനമാണ് വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച 'Fiducia supplicans' എന്ന പ്രഖ്യാപനം.

ഉപവാസം വേണ്ട എന്നല്ല യേശു പറഞ്ഞതിന്റെ അര്‍ത്ഥം, മറിച്ച് തന്റെ ആശയത്തിലൂടെ അവന്‍ പറഞ്ഞത് 'മണവാളന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ ഉപവസിക്കേണ്ട കാര്യമില്ല' എന്നതാണ്. അതിനര്‍ത്ഥം, ക്രിസ്തു പറയുന്നത് ഉപവാസവും പാരമ്പര്യങ്ങളുമല്ല പ്രധാനം മറിച്ച്, അതിലൂടെ നിങ്ങള്‍ കണ്ടെത്തുന്ന ദൈവമാണ് പ്രധാനം. ഇവിടെ ക്രിസ്തു ദൈവത്തിനാണ് പ്രാധാന്യം നല്‍കുന്നത്; ഉപവാസത്തിന്റെ ആവശ്യകത ഇല്ലാതാകുന്നതുമില്ല. ദൈവം നിങ്ങളുടെ കൂടെയുള്ള സമയത്ത് നിങ്ങള്‍ ഉപവസിക്കേണ്ട കാര്യമില്ല. നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്. പരിശുദ്ധ പിതാവിന്റെ ഏറ്റവും പുതിയ ഈ പ്രഖ്യാപനത്തിലും ക്രിസ്തുവിന്റെ ഈ വാക്കുകള്‍ പ്രതിധ്വനിക്കുന്നു. വിവാഹം എന്ന കൂദാശയെക്കുറിച്ചല്ല അദ്ദേഹം പ്രതിപാദിക്കുന്നത്, മറിച്ച് ഓരോ മനുഷ്യനും സ്വീകാര്യമായ ക്രിസ്തുവിന്റെ അനുഗ്രഹത്തെക്കുറിച്ചാണ് അദ്ദേഹം ഊന്നി പറയുന്നത്.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ക്രിസ്തുവാണ് ദൈവത്തിന്റെ അതിമഹത്തരമായ അനുഗ്രഹം എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട്, സഭയിലൂടെ ഓരോ മനുഷ്യനും ക്രിസ്തുവാകുന്ന ഈ അനുഗ്രഹത്തെ പ്രാപിക്കുന്നത് സഭയുടെ അജപാലന ദൗത്യത്തില്‍ ഏറ്റവും അത്യാവശ്യമാണെന്ന് ഊന്നിപ്പറയുകയാണ് ഈ പ്രഖ്യാപനത്തിലൂടെ. പലതരത്തിലുള്ള സംശയങ്ങളുടെ മുന്‍പില്‍ നിന്നുകൊണ്ടാണ് സഭ ഈ പ്രഖ്യാപനം മുന്നോട്ടു വയ്ക്കുന്നത്. ഒരു തരത്തിലും ഇത് സഭയുടെ പഠിപ്പിക്കലിന് വിരുദ്ധമല്ല, മറിച്ച് ക്രിസ്തുവിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന സഭയുടെ സ്‌നേഹത്തിന്റെ പരിണിതഫലമാണ് ഇത്. ഈ പ്രഖ്യാപനം സഭയുടെ അനുശാസന പ്രക്രിയയും ഉപദേശപരവും അജപാലനപരവുമായ വശങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു ദര്‍ശനം നിര്‍ദേശിക്കുന്നു.

ആഗോള സിനഡ് നടക്കുന്ന സമയത്ത് കര്‍ദിനാള്‍മാര്‍ ഉന്നയിച്ച അഞ്ചു സംശയങ്ങളിലെ രണ്ടാമത്തെ ചോദ്യത്തിന് പരിശുദ്ധ പിതാവ് നല്‍കിയ പ്രതികരണം, ഈ പ്രഖ്യാപനത്തിന്റെ കൃത്യതയിലേ ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതില്‍ പരിശുദ്ധ പിതാവ് വളരെ കൃത്യമായി പറയുന്നു. 'വിവാഹം' എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്, അത് സ്ഥിരതയുള്ളതും സഭയിലെന്നും തലമുറയായി കൈമാറപ്പെട്ടതുമായ കൂദാശയാണ്. അവ കത്തോലിക്ക സഭയുടെ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ഒരു മാനുഷിക ബന്ധവുമാണ്. ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും, സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും, സന്താന പുഷ്ടിയുള്ളവരായി ഭൂമി മുഴുവന്‍ പെരുകുവാന്‍ ആശീര്‍വദിക്കുകയും ചെയ്യുന്നു. ഈ ആശീര്‍വാദം കൗദാശികമാണ്, അതുപോലെ അജപാലനപരവുമാണ്. പരിശുദ്ധ പി താവ് തന്നെ പറയുന്നു, ഒരു കാരണവശാലും വിവാഹം എന്ന കൂദാശയ്ക്ക് യാതൊരുവിധ മാറ്റവും സംഭവിക്കില്ല എന്ന്. വിവാഹമെന്ന ബന്ധത്തെ കൗദാശിക ആശീര്‍വാദത്തോടെ സമീപിക്കുമ്പോള്‍ അവര്‍ക്കു നല്‍കുന്ന ദൗത്യം അജപാലന ആശീര്‍വാദത്തിന്റെ പ്രതിഫലനമാണ്. ഇപ്പോള്‍ സഭ മുന്നോട്ടുവയ്ക്കുന്ന ഈ പ്രഖ്യാപനം വിവാഹം എന്ന കൂദാശയ്ക്ക് ഒരു കാരണവശാലും എതിരോ ഈ ആശീര്‍വാദം വിവാഹമെന്ന കൂദാശയ്ക്ക് പകരം വയ്ക്കുന്നതോ അല്ല, മറിച്ച് അവര്‍ക്കു ജ്ഞാനസ്‌നാനം എന്ന കൂദാശയിലൂടെ ലഭിച്ച സഭയിലെ അംഗത്വം ഊട്ടി ഉറപ്പിക്കുന്നതും, അതുവഴി ദൈവത്തിന്റെ കാരുണ്യവും സ്‌നേഹവും സഭ അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയുമാണ്.

ഇപ്പോള്‍ സഭ മുന്നോട്ടുവയ്ക്കുന്ന ഈ പ്രഖ്യാപനം വിവാഹം എന്ന കൂദാശയ്ക്ക് ഒരു കാരണവശാലും എതിരോ ഈ ആശീര്‍വാദം വിവാഹമെന്ന കൂദാശയ്ക്ക് പകരം വയ്ക്കുന്നതോ അല്ല, മറിച്ച് അവര്‍ക്കു ജ്ഞാനസ്‌നാനം എന്ന കൂദാശയിലൂടെ ലഭിച്ച സഭയിലെ അംഗത്വം ഊട്ടി ഉറപ്പിക്കുന്നതും, അതുവഴി ദൈവത്തിന്റെ കാരുണ്യവും സ്‌നേഹവും സഭ അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയുമാണ്.

ദൈവശാസ്ത്ര വിചിന്തനത്തില്‍ ഈ പ്രഖ്യാപനത്തിന്റെ ആന്തരിക അര്‍ത്ഥം സഭയിലെ പാരമ്പര്യ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന ആശീര്‍വാദങ്ങള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നതുപോലെ തോന്നുമെങ്കിലും, ഇത് ക്രിസ്തുവിന്റെ ഹൃദയത്തിലേക്കുള്ള സഭയുടെ വികാസവും ദൈവിക ചിന്തകളിലേക്കുള്ള പുരോഗമന സാംസ്‌കാരിക മനസ്സിലാക്കലുകളും ആണ്. അതുകൊണ്ടുതന്നെ, ഒരു മനുഷ്യന്‍ സഭയുടെ അജപാലനപരമായ ആശീര്‍വാദം യാചിക്കുകയോ അതിനുവേണ്ടി ആഗ്രഹിക്കുകയോ ചെയ്യുന്നത് തന്നെ ദൈവത്തിന്റെ കൃപയും സാമീപ്യവും ആഗ്രഹിക്കുന്നത് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. സ്വവര്‍ഗ അനുരാഗികള്‍ സഭയിലെ പുരോഹിതന്മാരോട് ആശീര്‍വാദം യാചിച്ചു കഴിഞ്ഞാല്‍ അത് നല്‍കുവാന്‍ സഭയിലെ പുരോഹിതര്‍ കടപ്പെട്ടിരിക്കുന്നു. ഇത് കൗദാശിക ആശീര്‍വാദമല്ല മറിച്ചു, ക്രിസ്തു മുഴുവന്‍ ജനത്തിനും നന്മ വരുവാന്‍ ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ അജപാലന ആശീര്‍വാദമാണ്. സഭ അവളുടെ അജപാലന ദൗത്യം എല്ലാവരിലേക്കും വ്യാപിപ്പിക്കുന്നതിനുവേണ്ടി അജപാലന ആശീര്‍വാദം ചോദിക്കുന്ന ഏതൊരു മനുഷ്യനും നല്‍കുവാന്‍ കടപ്പെട്ടിരിക്കുന്നു.

ദൈവിക കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആശീര്‍വാദങ്ങള്‍. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം മനസ്സിലാക്കുവാന്‍ ഈ ആശീര്‍വാദങ്ങള്‍ നമ്മെ സഹായിക്കുന്നു. അതുകൊണ്ടുതന്നെയാണ് സഭയില്‍ എല്ലാ വസ്തുക്കള്‍ക്കും വ്യക്തികള്‍ക്കും സംഭവങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ കൊടുക്കുന്നതായി നാം കാണുന്നത്. ഈ ആശീര്‍വാദങ്ങള്‍ ദൈവത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ ഉടനീളം മനസ്സിലാക്കുവാന്‍ മനുഷ്യനെ സഹായിക്കുന്നു. വിശ്വാസം സ്വീകരിച്ച മനുഷ്യന്‍ ദൈവത്തിന്റെ ഹിതമനുസരിച്ച് മുന്നോട്ടുപോകുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും അതിനായി ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. വിശുദ്ധഗ്രന്ഥം അടിസ്ഥാനമുള്ളതാണ് ആശീര്‍വാദങ്ങള്‍. അതുമൂലം ചില ബന്ധങ്ങളില്‍ വ്യക്തികള്‍ ആശീര്‍വാദം അഭ്യര്‍ത്ഥിക്കുമ്പോള്‍ സഭ അത് നല്‍കുവാന്‍ ബാധ്യസ്ഥരാവുകയും ചെയ്യുന്നത്. ഇവിടെ ഈ പ്രഖ്യാപനത്തില്‍ സഭ അവരുടെ പ്രവൃത്തിയെ അല്ല ആശീര്‍വദിക്കുന്നത് മറിച്ച് ആ വ്യക്തികളുടെ ബന്ധത്തെയും അവരെയും ആണ് ആശീര്‍വദിക്കുന്നത്. വിശ്വാസമനുസരിച്ചും ദൈവത്തിന്റെ ഹിതമനുസരിച്ചും ഓരോ നിമിഷവും അവര്‍ക്ക് മുന്നേറാന്‍ സാധിക്കുമെന്ന് സഭ വിശ്വസിക്കുകയും അവരെ ആശീര്‍വദിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് കൗദാശികപരമായ ആശീര്‍വാദവും അജപാലനപരമായ ആശീര്‍വാദവും സഭ രണ്ട് വ്യത്യസ്തമായ രീതിയില്‍ ഇവിടെ കാണുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നത്.

ഏഴ് കൂദാശകള്‍ മാത്രമല്ല; കൂദാശകള്‍ക്കു പുറത്തുള്ള ആഘോഷങ്ങളിലും ഭക്തിപ്രവര്‍ത്തികളിലും ഒക്കെ ആശീര്‍വാദങ്ങള്‍ നല്‍കപ്പെടുന്നു. തീര്‍ച്ചയായിട്ടും, സഭയില്‍ ആശീര്‍വാദം ചോദിക്കുന്ന ഒരു വ്യക്തി ദൈവത്തിന്റെ കരുണയാണ് ആഗ്രഹിക്കുന്നത്. ഒരുവന്‍ സ്വയമെ സഭയുടെ ആശീര്‍വാദം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവന്‍ സഭയിലൂടെ ദൈവം നല്‍കുന്ന രക്ഷ കൂടുതലായി അംഗീകരിക്കുകയും, ദൈവത്തിന്റെ കൃപ നേടുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതു കൊണ്ടു തന്നെയാണ്. ആശീര്‍വാദം ചോദിക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും ദൈവത്തിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും ഫലം ജീവിതത്തില്‍ മനസ്സിലാക്കുകയും, ജീവിതത്തില്‍ ക്രിസ്തുവിന്റെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതു തന്നെയാണ് സഭയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ആത്മവിശ്വാസവും. നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന എല്ലാ പാതകളും ക്രിസ്തുവിന്റെ ഈ കരുണതന്നെയാണ്. ക്രിസ്തുവിന്റെ കാരുണ്യവും അനുഗ്രഹവും ലഭിച്ച ഒരു വ്യക്തിക്കും, അപരന്‍ ചോദിക്കുന്ന ആശീര്‍വാദങ്ങള്‍ക്കും കാരുണ്യത്തിനും വിലങ്ങുതടിയാകാന്‍ സാധിക്കുകയില്ല. ഇതുതന്നെയാണ് സഭയും, ക്രിസ്തുവും, നമ്മളോട് ആവശ്യപ്പെടുന്നതും, നമ്മളെ പഠിപ്പിക്കുന്നതും.

ഈയൊരു ചക്രവാളത്തില്‍ നിന്ന് ചിന്തിച്ചു കഴിഞ്ഞാല്‍ സഭ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന സ്വവര്‍ഗ ദമ്പതികളുടെ ആശീര്‍വാദത്തിനുള്ള സാധ്യത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഇത് കൂദാശകള്‍ക്കു പുറത്തുള്ള ആശീര്‍വാദമാണ്. പരിശുദ്ധ പിതാവ് ഊന്നിപ്പറയുന്ന ഒരു കൃപയാണ് അജപാലന വിവേകം. അജപാലന വിവേകത്തോടുകൂടി മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ ആഘോഷങ്ങളില്ല. ഈ ആശീര്‍വാദം അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനും ദൈവത്തിന്റെ ഹിതം അനുസരിച്ച് തങ്ങളുടെ ജീവിതത്തെ മുന്നോട്ടു ക്രമപ്പെടുത്തുന്നതിനുള്ള കൃപ അവര്‍ക്ക് സഭയുടെ ആശീര്‍വാദത്തിലൂടെ ലഭിക്കുന്നു. അവരും ജ്ഞാനസ്‌നാനത്തിലൂടെ ക്രിസ്തുവിന്റെ സഭയുടെ ഭാഗമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കത്തോലിക്ക സഭയുടെ അജപാലന ദൗത്യത്തില്‍ അവരും പങ്കാളികള്‍ ആകപ്പെടണം എന്ന് ക്രിസ്തുവിന്റെ ഹൃദയത്തിന്റെ വായനയാണ് സഭ ഈ പ്രഖ്യാപനത്തിലൂടെ നടത്തുന്നത്. സഭയില്‍ ആരും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗല്‍ യുവജനങ്ങളോടു പറഞ്ഞ വാക്ക് ഇതാണ് സഭയില്‍ എല്ലാവരും ഉണ്ടാകും. 'തോദോസ് തോദോസ്' എന്ന ആര്‍പ്പുവിളിയോടെ അദ്ദേഹം യുവജനങ്ങളെ തന്റെ കയ്യിലേക്ക് എടുക്കുകയും എല്ലാവരും സഭയുടെ ഭാഗമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആശീര്‍വാദം ഈ ദമ്പതികള്‍ക്കു കൊടുക്കുന്നതു മൂലം കലുഷിതമായ അവരുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കുകയും അവരെ ഞങ്ങളുടെ സഭയുടെ ഭാഗമാണെന്ന് ഉറപ്പിക്കുകയും അതുവഴിയായി അവര്‍ക്ക് ജീവിതത്തില്‍ ക്രിസ്തുവിന്റെ ഹിതമനുസരിച്ച് മുന്നേറുവാനുള്ള അനുഗ്രഹം സഭ നല്‍കുകയും ചെയ്യുകയാണ്. ആഗോള സഭയിലെ ആരും തങ്ങള്‍ക്ക് എതിരല്ലെന്ന് പ്രഖ്യപിക്കുകയും ഓരോ സംസ്‌കാരത്തിന്റെയും സാഹചര്യങ്ങള്‍ അനുസരിച്ച് അജപാലന വിവേകം കാണിക്കേണ്ടതിന്റെ ആവശ്യകതയും പരിശുദ്ധ പിതാവ് ഊന്നി പറയുന്നു.

ഈ പ്രഖ്യാപനം പരമ്പരാഗതമായ പല തെറ്റിധാരണകളും വിപുലീകരിക്കേണ്ടതിന്റെയും കാലത്തിനനുസരിച്ചു സഭയെ സമ്പന്നമാക്കേണ്ടതിന്റെയും ആവശ്യകത ഊന്നി പറയുന്നു. ഇവ ദൈവശാസ്ത്രപരവും അജപാലനപരവുമായ സഭയുടെ വിചിന്തനങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും, അതുവഴി ദൈവത്തിന്റെ കൃപ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇവ അജപാലന ആശീര്‍വാദത്തിന്റെ ആവശ്യകതയെ വരച്ചുകാട്ടുകയും, സഭ എപ്പോഴും ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ പ്രതിഫലനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അവളുടെ മുന്നില്‍വരുന്ന ഏതൊരു വ്യക്തിയെയും സ്‌നേഹത്തോടും വാത്സല്യത്തോടെയും സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ പ്രഖ്യാപനത്തിലൂടെ പരിശുദ്ധ പിതാവ് ഊന്നി പറയുകയാണ്. ക്രിസ്തുവാണ് നമ്മുടെ ലക്ഷ്യം; ക്രിസ്തുവിന്റെ കാരുണ്യവും സ്‌നേഹവും ലോകത്തിന് കൊടുക്കുക എന്നുള്ളത് സഭയുടെ ലക്ഷ്യവും അവളുടെ കടമയുമാണ്. സഭയുടെ ഈ ഔദ്യോഗിക ആശീര്‍വാദ അംഗീകാരം മുന്‍ ധാര്‍മ്മികപ്രബോധനപരമായ നിലപാടിലുള്ള വ്യതിചലനമല്ല, മറിച്ച്, നിലപാടുകളില്‍ നിന്നുള്ള സഭയുടെ തുറവിയെ സൂചിപ്പിക്കുന്നു. ഈ പ്രഖ്യാപനം തീര്‍ച്ചയായും ആശയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആശയ കുഴപ്പങ്ങള്‍ ക്രിസ്തുവിന്റെ ഹൃദയത്തിലാണ് സഭ എന്നതിന്റെ തെളിവാണ്. കത്തോലിക്ക സഭയ്ക്കുള്ളില്‍ തന്നെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളുടെയും വളര്‍ച്ചയുടെയും ഒരു വലിയ തെളിവായി ഈ പ്രഖ്യാപനം നമുക്ക് മുന്നില്‍ അവതരിക്കപ്പെടുകയും ചെയ്യുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org